മരുഭൂമിയിലെ സസ്യങ്ങള്‍

Share it:
മരുരൂഹങ്ങള്‍ എന്നാണ്‌ പൊതുവെ മരുഭൂമിയിലെ സസ്യങ്ങള്‍ അറിയപ്പെടുന്നത്‌. കൊടിയ വരള്‍ച്ചയെ അതിജീവിക്കാന്‍ പറ്റിയ ഘടനയോടുകൂടിയ ഇവയെല്ലാം പ്രതികൂല കാലാവസ്‌ഥയെ അതിജീവിക്കുന്നത്‌ വ്യത്യസ്‌ത രീതികളിലാണ്‌. വിവിധയിനം കള്ളിച്ചെടികള്‍, കോക്കര്‍ബൂം, ക്രിയോസോട്ട്‌, യുക്കാ, മെസ്‌ക്വിറ്റ്‌, ബുജം മരം, ഒക്കോട്ടില്ലോ, വെല്‍വിറ്റ്‌സ്ചിയ, ഈന്തപ്പന എന്നിവയെല്ലാം മരുരൂഹങ്ങള്‍ക്കുദാഹരണങ്ങളാണ്‌.

കള്ളിച്ചെടികള്‍

ഇലകളില്ലാത്ത ചെടികളാണ്‌ കള്ളിച്ചെടികള്‍. ഇലകള്‍ മുഖേനയുള്ള സസ്യസ്വേദനംവഴി ജലനഷ്‌ടം കുറയാന്‍ ഇത്‌ സഹായകരമാകുന്നു. വളരെ വിശാലമായ വേരുപടലവും മാംസളമായ തണ്ടുകളും മഴവെള്ളം സംഭരിച്ചുവയ്‌ക്കാന്‍ കള്ളിച്ചെടിക്ക്‌ സഹായകരമാവുന്നു. തണ്ടിന്റെ ഉപരിതല കലകളിലൂടെയാണ്‌ ഇവ പ്രകാശസംശ്ലേഷണം നടത്തുന്നത്‌.

കള്ളിച്ചെടിയുടെ തണ്ടുകളിലുള്ള മുള്ളുകള്‍ ഇവയെ ശത്രുക്കളില്‍ നിന്ന്‌ രക്ഷപ്പെടുത്തുന്നു. 20 മീറ്ററോളം ഉയരത്തില്‍ വളരുന്ന സീറിയ ജൈജാന്‍ഷ്യ മുതല്‍ സുഗന്ധം പരത്തുന്ന പൂക്കള്‍ വിടരുന്നവയും രുചികരമായ ഭക്ഷ്യവിഭവങ്ങളായുപകരിക്കുന്നവവരെ ആയിരക്കണക്കിന്‌ കള്ളിച്ചെടിയിനങ്ങള്‍ മരുഭൂമികളില്‍ വളരുന്നു.

വെല്‍വിറ്റ്‌സിയ - മരുഭൂമിയിലെ നീരാളി

വെല്‍വിറ്റ്‌സിയ ചെടിയുടെ പ്രധാനഭാഗം നീണ്ട രണ്ടിലകളാണ്‌. ഒമ്പത്‌ മീറ്ററോളം നീളവും രണ്ടു മീറ്ററോളം വീതിയുമുള്ള ഭീമന്‍ ഇലകളാണ്‌ ഇവ. മണലില്‍ പടര്‍ന്നുകിടക്കുന്ന ഇലകളുടെ അഗ്രം കാലക്രമേണ വിഭജിച്ച്‌ നീരാളിയുടെ കൈകള്‍പോലെ ചെടിക്കുചുറ്റും വ്യാപിക്കുന്നു. അതുകൊണ്ടുതന്നെ മരുഭൂമിയിലെ നീരാളി എന്നാണ്‌ ഇത്‌ അറിയപ്പെടുന്നത്‌. വെല്‍വിറ്റ്‌സിയ ആയിരത്തോളം വര്‍ഷം ജീവിച്ചിരിക്കുന്നതായി കരുതപ്പെടുന്നു. നമീബിയന്‍ മരുഭൂമികളിലാണ്‌ ഇവ കാണപ്പെടുന്നത്‌.

ക്രിയോസോട്ട്‌

ഇതൊരുതരം കുറ്റിച്ചെടിയാണ്‌. കടുത്ത വരള്‍ച്ചയില്‍ ഉണങ്ങിപ്പോകുമെങ്കിലും ഇവയുടെ വേരുകള്‍ മണ്ണിനടിയില്‍ ജീവനോടെ അവശേഷിക്കുന്നു. ഏതെങ്കിലും കാലത്ത്‌ മഴപെയ്യുന്നതോടെ ക്രിയോസോട്ട്‌ തളിര്‍ത്ത്‌ വളരുകയായി.

ബുജംമരം

കോണാകൃതിയിലുള്ള ബുജംമരത്തിന്റെ കാണ്ഡം ഒരു ജലസംഭരണിയായും വര്‍ത്തിക്കുന്നു. മഴപെയ്‌താലുടന്‍ ബുജംമരത്തിന്‌ ഇലകള്‍ വിടരുകയായി.

ഈന്തപ്പന

പോഷകസമൃദ്ധമായ ഈന്തപ്പഴം തരുന്ന ഈന്തപ്പന മരുപ്പച്ചകളില്‍ ധാരാളമായി വളരുന്നു. മുപ്പതുമീറ്ററോളം ആഴത്തില്‍ വെള്ളംതേടി ഇറങ്ങിച്ചെല്ലാന്‍ ഇവയുടെ വേരുകള്‍ക്കു കഴിയും.
Share it:

Post A Comment:

1 comments:

  1. KURACHU PHOTO ATTACH CHEYTHAL NANNAYIRUNNENE. THANKS

    ReplyDelete