സംഗീതോപകരണങ്ങള്‍

Share it:

സംഗീതത്തിന്റെ ചരിത്രത്തില്‍ ഉപകരണങ്ങള്‍ക്ക്‌ വലിയ സ്‌ഥാനമുണ്ട്‌. പുല്ലാങ്കുഴലും പീപ്പിയും തൊട്ട്‌ ആധുനികകാലത്തെ കമ്പ്യൂട്ടര്‍ സംഗീതം വരെയുള്ള ഉപകരണങ്ങള്‍ സംഗീതത്തെ വികസിപ്പിച്ചു. വായ്‌പ്പാട്ടിനു മനോഹരമായ പശ്‌ചാത്തലമൊരുക്കി അതിനെ ആസ്വാദ്യമാക്കിത്തീര്‍ക്കുന്നതില്‍ ഉപകരണങ്ങള്‍ക്ക്‌ വളരെ വലിയ പങ്കുണ്ട്‌. സംഗീതോപകരണങ്ങളെ അവയുടെ സ്വഭാവം മുന്‍നിര്‍ത്തി തതം, വിതതം, ഘനം, സുഷിരം എന്നിങ്ങനെ തിരിച്ചിരിക്കുന്നു. ചര്‍മം കൊണ്ട്‌ പൊതിഞ്ഞ്‌ വലിച്ചുകെട്ടി ഉപയോഗിക്കുന്ന വാദ്യങ്ങളാണ്‌ തതവാദ്യങ്ങള്‍ വിതതവാദ്യങ്ങളെ തന്ത്രിവാദ്യങ്ങള്‍ എന്നോ കമ്പിവാദ്യങ്ങള്‍ എന്നോ വിളിക്കാം. ലോഹങ്ങള്‍കൊണ്ടു നിര്‍മ്മിക്കുന്ന വാദ്യങ്ങളാണ്‌ ഘനവാദ്യങ്ങള്‍. ഉച്‌ഛ്വാസവായു ഉപയോഗിച്ച്‌ വായിക്കുന്ന ഉപകരണങ്ങളെല്ലാം തന്നെ സുഷിരവാദ്യങ്ങളാണ്‌.

*************************

ഇടയ്‌ക്ക

പഞ്ചവാദ്യത്തിലും, അഷ്‌ടപദി, കൊട്ടിപ്പാടിസേവ എന്നീ ക്ഷേത്രാടിയന്തിരങ്ങളിലെല്ലാം ഇടയ്‌ക്ക പ്രധാനമാണ്‌. കുറ്റിയേക്കാള്‍ വലിപ്പം കൂടിയതാകും ഇതിന്റെ വട്ടങ്ങള്‍. ശബ്‌ദനിയന്ത്രണത്തിനുവേണ്ടി ആകെ 64 പൊടിപ്പുകളുള്ള 4 ഉരുള്‍ മരക്കഷണങ്ങള്‍ ഇതിനുപയോഗിക്കാറുണ്ട്‌. കുറ്റിയുടെ മധ്യത്തിലിട്ടിട്ടുള്ള ചരട്‌ കൂട്ടിപ്പിടിച്ച്‌ കൈയമര്‍ത്തി ചെറിയ വളഞ്ഞ കോല്‍ ഉപയോഗിച്ചാണ്‌ ഇടയ്‌ക്ക വായിക്കുന്നതും ശബ്‌ദം നിയന്ത്രിക്കുന്നതും. ഒരു മേളവാദ്യമെന്ന നിലയ്‌ക്കും സംഗീതവാദ്യമെന്ന നിലയ്‌ക്കും ഇടയ്‌ക്കയ്‌ക്കുള്ള സ്‌ഥാനം പ്രധാനമാണ്‌. സോപാന സംഗീതത്തെ ജനകീയമാക്കിയ ഞരളത്ത്‌ രാമപൊതുവാള്‍ ഇടയ്‌ക്കയേയും ലോകപ്രശസ്‌തമാക്കി.

*************************

തബല

അല്ലാരാഖയുടെ രംഗപ്രവേശത്തോടെയാണ്‌ തബല ലോകപ്രശസ്‌തമായത്‌. സംഗീതക്കച്ചേരികളില്‍ ഒഴിച്ചുകൂടാനാകാത്ത ഒരു വാദ്യമാണ്‌ തബല. അല്ലാരാഖയുടെ പ്രതിഭാശാലിയായ പുത്രന്‍ സക്കീര്‍ ഹുസൈനെക്കൂടാതെ, സ്വപന്‍ ചൗധരി, അനിന്ദോ ചാറ്റര്‍ജി, കുമാര്‍ ബോസ്‌ എന്നിവരാണ്‌ പുതിയ തലമുറയിലെ പ്രശസ്‌തരായ തബലവാദകര്‍

*************************

സിത്താര്‍

ഉത്തരേന്ത്യയില്‍ കൂടുതല്‍ പ്രചാരമുള്ള തന്ത്രിവാദ്യം. പേര്‍ഷ്യയില്‍നിന്ന്‌ അമീര്‍ ഖുസ്രു ഇന്ത്യയിലേക്കു കൊണ്ടുവന്ന സംഗീതോപകരണമാണിത്‌. രവിശങ്കറിന്റെ രംഗപ്രവേശത്തോടെ ഭാരതത്തിലും വിദേശരാജ്യങ്ങളിലും ജനപ്രീതിയുള്ള ഒരു സംഗീതോപകരണമായി സിത്താര്‍ മാറി.

*************************

സരോദ്‌

ഹിന്ദുസ്‌ഥാനി സംഗീതത്തിലെ ഒരു പ്രധാന തന്ത്രിവാദ്യം. സരോദ്‌ വാദനത്തില്‍ ഭാരതം കണ്ട ഏറ്റവും വലിയ വിദ്വാന്‍ ഉസ്‌താദ്‌ അലാവുദ്ദീന്‍ ഖാനായിരുന്നു. ഉസ്‌താദ്‌ അംജത്‌ അലിഖാന്‍, അഭിക്‌ സര്‍ക്കാര്‍, മഖേഷ്‌ സക്‌സേന എന്നിവര്‍ പ്രശസ്‌ത സരോദ്‌ വാദകരാണ്‌.

*************************

തംബുരു

സംഗീതം സാധകം ചെയ്യുമ്പോഴും കച്ചേരികള്‍ക്കും ഉപയോഗിക്കാന്‍ ഏറ്റവും ഉത്തമമായ ഉപകരണം. ശ്രുതിയില്‍ ലയിച്ചു പാടാന്‍ ഗായകര്‍ക്ക്‌ ഏറ്റവും സുഖമേകുന്നതും തംബുരുനാദമാണ്‌. ഏകദേശം വീണയുടേത്‌ തന്നെയാണ്‌ തംബുരുവിന്റെയും രൂപം. നാലു കമ്പികളെ തമ്പുരുവിനുള്ളൂ. നാലു കമ്പികളുടെയും വണ്ണം വ്യത്യസ്‌തമാണ്‌. 

തംബുരു കുത്തനെ നിര്‍ത്തി ഒരു കൈകൊണ്ട്‌ നാലു കമ്പികളെയും ചലിപ്പിച്ചാണ്‌ ശ്രുതി മീട്ടുന്നത്‌.

*************************

വയലിന്‍

പാശ്‌ചാത്യ സംഗീതോപകരണമാണെങ്കിലും കര്‍ണ്ണാടക സംഗീതത്തിനും പക്കമേളമായിപ്പോലും ഇതുപയോഗിക്കുന്നു. നാലു കമ്പികളുള്ള വയലിന്‌ ഏകദേശം പതിന്നാലിഞ്ചു നീളവും ഒന്നര ഇഞ്ച്‌ കനവും ഉണ്ടായിരിക്കും. കുതിരമുടി ഘടിപ്പിച്ച ബോ, കമ്പികളില്‍ ഉരസിയാണ്‌ ശബ്‌ദമുണ്ടാകുന്നത്‌. മൈസൂര്‍ ബി. ചൗഡയ്യ, ടി. എന്‍. കൃഷ്‌ണന്‍, എല്‍. സുബ്രഹ്‌മണ്യം, എല്‍. വൈദ്യനാഥന്‍, ലാല്‍ഗുഡി ജയരാമന്‍, കുന്നക്കുടി വൈദ്യനാഥന്‍, ടി. രുഗ്മിണി, വിജയലക്ഷ്‌മി തുടങ്ങിയവര്‍ വയലിന്‍ കച്ചേരിയില്‍ കഴിവു തെളിയിച്ച പ്രഗത്ഭരില്‍ ചിലരാണ്‌.

*************************

പുല്ലാങ്കുഴല്‍

ഓടക്കുഴല്‍, ഫ്‌ളൂട്ട്‌ എന്നിങ്ങനെയും അറിയപ്പെടുന്ന പുല്ലാങ്കുഴല്‍ ഏറ്റവും പുരാതനമായ ഒരു സംഗീതോപകരണമാണ്‌. ഇത്‌ പല വലിപ്പത്തിലുമുണ്ട്‌. വലിപ്പമനുസരിച്ച്‌ നാദത്തിലും വ്യത്യാസമുണ്ടാകുന്നു. ഓടമുളകൊണ്ടാണ്‌ സാധാരണ പുല്ലാങ്കുഴല്‍ നിര്‍മ്മിക്കാറുള്ളത്‌. പക്കമേളത്തിനും പ്രത്യേക കച്ചേരിക്കും ഓടക്കുഴല്‍ ഉപയോഗിച്ചുവരുന്നു. ടി.ആര്‍. മഹാലിംഗം, ഹരിപ്രസാദ്‌ ചൗരസ്യ (ബാംസുരി), ജെ.എസ്‌. ശ്രീകൃഷ്‌ണന്‍, കെ.എസ്‌. ഗോപാലകൃഷ്‌ണന്‍, എന്‍ രമണ്‍ തുടങ്ങിയവര്‍ പുല്ലാങ്കുഴലില്‍ വളരെ പ്രശസ്‌തരാണ്‌.

*************************

സാരംഗി

കര്‍ണാടക സംഗീതത്തിന്‌ വയലിന്‍ എന്നപോലെ ഹിന്ദുസ്‌ഥാനി കച്ചേരികള്‍ക്ക്‌ പശ്‌ചാത്തല വാദ്യമായി വായിക്കുന്ന സംഗീതോപകരണം. ഇതിന്റെ നാദത്തിനു മനുഷ്യശബ്‌ദവുമായി ഇഴുകിച്ചേരാനുള്ള കഴിവുണ്ട്‌. പണ്ഡിറ്റ്‌ രാം നാരായണ്‍, ബ്രജ്‌ നാരായണ്‍, അരുണകല്ലേ എന്നിവര്‍ സാരംഗി വിദഗ്‌ദ്ധരാണ്‌.

*************************
വീണ

പ്ലാവിന്‍ തടിയാണ്‌ വീണയുണ്ടാക്കാനുപയോഗിക്കുന്നത്‌. തംബുരുവിന്റേതുപോലെ അകം പൊള്ളയായ ഒരു വലിയ കുടം, ഇതില്‍ നിന്നും പുറപ്പെടുന്ന 

അകം പൊള്ളയായ ഒരു ദണ്ഡ്. (ദണ്ഡിന്റെ അഗ്രം വളഞ്ഞ്‌ വ്യാളീമുഖത്തിന്റെ ആകൃതിയിലായിരിക്കും). ദണ്ഡിന്റെ അഗ്രത്തിന്റെ അല്‌പം പിന്നിലായി ചുരയ്‌ക്ക കൊണ്ടുള്ള ഒരു ചെറിയ കുടം എന്നിവയാണ്‌ വീണയുടെ പ്രധാന ഭാഗങ്ങള്‍. എട്ടു കമ്പികളുള്ള വീണ വിരലുകളില്‍ ഒരുതരം ഉറ ധരിച്ച്‌ കമ്പികള്‍ മീട്ടുകയും ഇടംകൈകൊണ്ട്‌ കമ്പികള്‍ നിയന്ത്രിച്ച്‌ വായിക്കുകയും ചെയ്യുന്നു. 

വീണാ കുപ്പയ്യര്‍, വീണാ ശേഷണ്ണ, വീണാ ധനാമ്മാള്‍, വീണാ ഷണ്‍മുഖ വടിവ്‌, വീണാ പത്മനാഭന്‍, ചിട്ടിബാബു, കെ.പി. ശിവാനന്ദം, എ. അനന്തപത്മനാഭന്‍ തുടങ്ങിയവര്‍ വീണ വി

ദ്വാന്മാരില്‍ പ്രശസ്‌തരായ ചിലരാണ്‌.

*************************

ഷെഹനായ്‌

തെക്കേ ഇന്ത്യയിലെ നാഗസ്വരത്തിന്റെ രൂപഭാവങ്ങളുള്ള ഒരു ഉത്തരേന്ത്യന്‍ സുഷിരവാദ്യം. ഉസ്‌താദ്‌ ബിസ്‌മില്ലാഖാന്റെ അമൂല്യമായ പ്രതിഭ ഈ സംഗീതോപകരണത്തെ ലോകപ്രശസ്‌തമാക്കി.

*************************

സന്തൂര്‍

അറുപതു കമ്പികളുള്ള ഈ വാദ്യത്തിന്‌ ലോകപ്രശസ്‌തി നേടിക്കൊടുത്തത്‌ പണ്ഡിറ്റ്‌ ശിവകുമാര്‍ ശര്‍മ്മയാണ്‌. ഭജന്‍ ഡോപുരി, ഹിമാംശു ബിസ്വാസ്‌, തരുണ്‍ ഭട്ടാചാര്യ എന്നിവരാണ്‌ പ്രശസ്‌തരായ മറ്റു സന്തൂര്‍ വാദകര്‍.

*************************

ഘടം

സംഗീതക്കച്ചേരികളില്‍ ഉപയോഗിച്ചുവരുന്ന ഒരു ഉപ താളവാദ്യം. കളിമണ്ണില്‍ ഇരുമ്പുപൊടി കൂട്ടി നിര്‍മ്മിച്ച ഒരു വലിയ കുടമാണ്‌ ഘടം. പഴനി കൃഷ്‌ണയ്യര്‍, ആലങ്കുടി രാമചന്ദ്രന്‍, പാലക്കാട്ടു സുന്ദരം, എന്നിവര്‍ ഘടം വായനയില്‍ പ്രതിഭ തെളിയിച്ചവരാണ്‌.

*************************

മുഖര്‍ശംഖ്‌

ഏഴോ എട്ടോ സെന്റീമീറ്റര്‍ മാത്രം നീളമുള്ള ഒരു സംഗീതോപകരണമാണ്‌ മുഖര്‍ശംഖ്‌. അഥവാ മോര്‍സിംങ്‌. രാജസ്‌ഥാനിലും ഉത്തര്‍ പ്രദേശിലെ ചില സ്‌ഥലങ്ങളിലും നാടോടി ഗാനങ്ങള്‍ക്ക്‌ താളവാദ്യമായി ഉപയോഗിക്കുന്ന മുഖര്‍ശംഖിന്‌ കര്‍ണ്ണാടക സംഗീതക്കച്ചേരികളില്‍ അപ്രധാനമല്ലാത്ത ഒരു സ്‌ഥാനമുണ്ട്‌. ചേര്‍ത്തല ചെല്ലപ്പന്‍പിള്ള, താമരക്കുടി ആര്‍. രാജശേഖരന്‍, ബാംഗ്ലൂര്‍ ബി. രാജശേഖരന്‍, പി. നാഗരത്തിനം എന്നിവര്‍ മുഖര്‍ശംഖു വായനയില്‍ പ്രാവീണ്യമുള്ളവരാണ്‌.
Share it:

Post A Comment:

0 comments: