അക്ഷരം ഒന്ന് അര്‍ത്ഥം മൂന്ന്‌

Share it:
ഒരിക്കല്‍ മനുഷ്യരും അസുരന്മാരും ദേവന്മാരും കൂടി ബ്രഹ്മദേവനെ സന്ദര്‍ശിച്ചു. ജീവിതത്തില്‍ പ്രയോജനപ്പെടുന്ന ഒരുപദേശം തരണമെന്ന് മൂന്നു കൂട്ടരും ബ്രഹ്മാവിനോട് അപേക്ഷിച്ചു.
ബ്രഹ്മാവാകട്ടെ പുഞ്ചിരിയോടുകൂടി ഒരക്ഷരം മാത്രം മൂന്നു കൂട്ടരോടുമായി പറഞ്ഞു. എന്തായിരുന്നു അത് എന്നല്ലേ? 'ദ' എന്ന അക്ഷരം.
ദേവന്മാരും അസുരന്മാരും മനുഷ്യരും കുഴങ്ങി. എന്താണ് 'ദ' എന്ന അക്ഷരം കൊണ്ട് ബ്രഹ്മദേവന്‍ ഉദ്ദേശിച്ചത്? ബ്രഹ്മദേവനാകട്ടെ പിന്നീടൊന്നും പറയുന്നുമില്ല!ഒടുവില്‍ മൂന്നു കൂട്ടരും ഒന്നും മനസ്സിലാവാതെ അവരവരുടെ സ്ഥലങ്ങളിലേക്കു മടങ്ങി.
സ്വര്‍ഗലോകത്തെത്തിയ ദേവന്മാര്‍ കൂട്ടംകൂടി ആലോചനയായി. എന്തായിരിക്കും ബ്രഹ്മാവ് തങ്ങളോട് ഉപദേശിച്ച 'ദ' യുടെ അര്‍ത്ഥം?
ഏറെനേരം തലപുകഞ്ഞതിനു ശേഷം അവര്‍ ഇങ്ങനെയൊരു തീരുമാനത്തിലെത്തി- ദ എന്നതുകൊണ്ട് ബ്രഹ്മാവ് ഉദ്ദേശിച്ചത് 'ദമനം' എന്നായിരിക്കും! എല്ലാം തികഞ്ഞവരാണല്ലോ ദേവന്മാര്‍. അതുകൊണ്ട് കുറച്ചുകൂടി 'ദമനം', അതായത് അഹങ്കാരമെല്ലാം അടക്കിയുള്ള ജീവിതം വേണമെന്നാണ് ബ്രഹ്മദേവന്‍ സൂചിപ്പിച്ചത്!
ഈ സമയത്ത് മറ്റൊരിടത്ത് അസുരന്മാരും ചര്‍ച്ചയിലായിരുന്നു. 'ദ' എന്ന അക്ഷരം കൊണ്ട് ബ്രഹ്മാവ് ഉദ്ദേശിച്ചത് ദയ എന്നായിരിക്കുമെന്നാണ് അവര്‍ക്കു തോന്നിയത്. ക്രൂരതയുടെ കാര്യത്തില്‍ മുമ്പന്മാരാണല്ലോ അസുരന്മാര്‍. ആ സ്വഭാവം മാറ്റിവച്ച് ദയ ശീലിക്കണമെന്നു തന്നെയാവും ബ്രഹ്മാവ് ഉപദേശിച്ചത്!
ഭൂമിയില്‍ മനുഷ്യരും ഈ സമയത്ത്
ഒരു തീരുമാനത്തിലെത്തിയിരുന്നു. തങ്ങളോട് ബ്രഹ്മാവ് 'ദ' എന്നു പറഞ്ഞതി
നര്‍ത്ഥം ദാനം എന്നു തന്നെ! എന്തുകിട്ടിയാലും 'പോരാ പോരാ' എന്ന വിചാരമാണല്ലോ മനുഷ്യര്‍ക്ക്. അതുകൊണ്ട് കിട്ടുന്നതില്‍ തൃപ്തിപ്പെടാനും അതില്‍നിന്ന് കുറച്ച് മറ്റുള്ളവര്‍ക്കു ദാനം ചെയ്യാനുമാവും ബ്രഹ്മാവ് ഉദ്ദേശിച്ചത്!
ഇങ്ങനെ മൂന്നു കൂട്ടരും 'ദ' എന്ന അക്ഷരത്തിന് മൂന്ന് അര്‍ത്ഥം കണ്ടെത്തി. എന്നാല്‍ ബ്രഹ്മാവ് ഇതു വല്ലതും ഉദ്ദേശിച്ചിരുന്നോ ആവോ!
ഏതായാലും ഒരു കാര്യം കൂട്ടുകാര്‍ക്കു മനസ്സിലായല്ലോ? അതെ, സ്വന്തം സ്വഭാവത്തിനനുസരിച്ചാണ് ഒരോരുത്തരും ഒരോ കാര്യങ്ങള്‍ മനസ്സിലാക്കുന്നതും വ്യാഖ്യാനിക്കുന്നതും!


കടപ്പാട്:മാത്രുഭൂമി

Share it:

കഥകള്‍

Post A Comment:

1 comments:

  1. അന്നായത് കൊണ്ട് മനുഷ്യന്‍ ‘ദയ‘ എന്ന് ചിന്തിച്ചു. ഇന്നായിരുന്നെങ്കില്‍ മറ്റുവല്ലതും ചിന്തിച്ചേനെ.........:)

    ReplyDelete