ദുഷ്ടനായ അബ്ദുള്ളയും നീതിയില്ലാത്ത ന്യായാധിപനും

Share it:
പണ്ട് പേര്‍ഷ്യയില്‍ അന്ധനായ ഒരു ഭിക്ഷക്കാരന്‍ ഉണ്ടായിരുന്നു. ബക്ബാക് എന്നായിരുന്നു അവന്റെ പേര്. നഗരത്തിലെ ഭിക്ഷക്കാരുടെ തലവനായിരുന്ന അയാള്‍, ബുദ്ധിമാനായിരുന്നു.
ഒരു ദിവസം ബക്ബാക് ഒരു കൂറ്റന്‍ ബംഗ്ലാവിന്റെ പടിവാതില്‍ക്കല്‍ ഊന്നുവടികൊണ്ട് തട്ടി ഭിക്ഷ യാചിച്ചു. ദുഷ്ടനായ അബ്ദുള്ളയുടെ വീടായിരുന്നു അത്.
''തനിക്കെന്തു വേണം?'', അബ്ദുള്ള വാതില്‍ തുറന്നിട്ട് ചോദിച്ചു.
''അള്ളാഹുവിന്റെ നാമത്തില്‍ എന്തെങ്കിലും തരണേ!'', അന്ധനായ ബക്ബാക് അപേക്ഷിച്ചു.
''നിനക്ക് കണ്ണ് കാണാന്‍ മേലേ?'', അബ്ദുള്ള ചോദിച്ചു.
''ഇല്ല യജമാനനേ!''
''ഞാന്‍ നിന്നെ സഹായിക്കാം!'' എന്നു പറഞ്ഞ് അബ്ദുള്ള ബക്ബാക്കിന്റെ കൈക്കു പിടിച്ച് കോണിപ്പടികള്‍ കയറി മട്ടുപ്പാവിലെത്തിച്ചു. കാര്യമായിട്ടെന്തെങ്കിലും കിട്ടുമെന്ന് അന്ധനായ പാവം ബക്ബാക് പ്രതീക്ഷിച്ചു.
''ഹി! ഹി! അള്ളാഹുവിനോടു ചോദിച്ചോ! നിനക്ക് ധര്‍മം കിട്ടും!'' അബ്ദുളള കളിയാക്കിക്കൊണ്ടു പറഞ്ഞു.
''നിങ്ങള്‍ക്കിത് നേരത്തെ പറയാമായിരുന്നില്ലേ?'', സങ്കടത്തോടെ ബക്ബാക് ചോദിച്ചു.
''വേഗം പടിയിറങ്ങി പൊയ്‌ക്കോ! ഇല്ലെങ്കില്‍ ചവിട്ടി താഴെയിട്ടു കളയും!'', കോപത്തോടെ അബ്ദുള്ള പറഞ്ഞു.
അതുകേട്ട് ബക്ബാക് തപ്പിത്തടഞ്ഞ് പടികളിറങ്ങി. പക്ഷേ, അതിനിടയില്‍ അയാള്‍ മറിഞ്ഞു വീണു. തലപൊട്ടി, കരഞ്ഞുകൊണ്ടിരുന്ന അയാളുടെ അടുത്തേക്ക് അന്ധന്മാരായ മറ്റു രണ്ടു ഭിക്ഷക്കാര്‍ വന്നു.
''ചങ്ങാതിമാരേ, വീണ്
തല പൊട്ടിയെന്നു മാത്രമല്ല ഒരു ദിനാറുപോലും കിട്ടിയതുമില്ല. ഇന്നത്തെ ആഹാരത്തിന് നമ്മുടെ കൈയിലുള്ള പണത്തില്‍ നിന്നും എടുത്തേ മതിയാകൂ!'', കൂട്ടുകാരെ തിരിച്ചറിഞ്ഞപ്പോള്‍ സങ്കടത്തോടെ ബക്ബാക് പറഞ്ഞു!
ഭിക്ഷക്കാര്‍ പറയുന്നത് മുകളിലിരുന്ന് ദുഷ്ടനായ അബ്ദുളള കേള്‍ക്കുന്നുണ്ടായിരുന്നു. അയാള്‍ അവരുടെ പിന്നാലെ പതുങ്ങിപ്പതുങ്ങി നടന്നു. ബക്ബാക്കും കൂട്ടുകാരും ബക്ബാക്കിന്റെ വീട്ടിലേക്കു കയറിയപ്പോള്‍ അബ്ദുള്ളയും പമ്മിപ്പമ്മി അവിടെ കടന്നുകൂടി!
''ചങ്ങാതിമാരേ, നമ്മുടെ വീട്ടില്‍ മറ്റൊരാള്‍കൂടിയുണ്ടെന്ന് എനിക്കൊരു സംശയം.'' ,ബക്ബാക് തന്റെ കൂട്ടുകാരോടു പറഞ്ഞു. ഉടനെ അബ്ദുള്ള എന്തു ചെയ്‌തെന്നോ? വീടിന്റെ മുകളില്‍ നിന്നും തൂങ്ങിക്കിടന്ന ഒരു കയറില്‍ പിടിച്ചു തൂങ്ങി ഒച്ചയുണ്ടാക്കാതെ ഉത്തരത്തില്‍ കയറി ഇരിപ്പുറപ്പിച്ചു!~
ബ്ക്ബാക്കും കൂട്ടരും വടികൊണ്ട് തട്ടിനോക്കി മുറിയില്‍ മറ്റാരുമില്ലെന്ന് ഉറപ്പു വരുത്തി. എന്നിട്ട് മുറിയില്‍ കുഴിച്ചിട്ടിരുന്ന പണസഞ്ചിയെടുത്ത് എണ്ണിനോക്കി. അത് പതിനായിരം ദിര്‍ഹമുണ്ടായിരുന്നു. ബക്ബാക് അതില്‍ നിന്ന് രണ്ടു മൂന്ന് നാണയങ്ങളെടുത്തിട്ട് ബാക്കിയുള്ളത് സഞ്ചിയിലാക്കി മണ്ണിനടിയില്‍ ഒളിപ്പിച്ചു. അവരിലൊരാള്‍ പുറത്ത് പോയി കുറച്ച് റൊട്ടിയും ഈന്തപ്പഴവും വാങ്ങിക്കൊണ്ടു വന്നു. അവര്‍ ഭക്ഷണത്തിനിരുന്നപ്പോള്‍ അബ്ദുള്ള പതുക്കെ താഴെയിറങ്ങി, അവരുടെ സമീപത്തിരുന്ന് അതിന്റെ പങ്കു പറ്റി!
ബക്ബാക്കിന് കാഴ്ചയില്ലെങ്കിലും കേള്‍വിശക്തി കൂടുതലുണ്ടായിരുന്നു. നാലാമതൊരാള്‍ കൂടി അവിടെയിരുന്ന് ആഹാരം ചവച്ചിറക്കുന്ന ശബ്ദം അവന്‍ കേട്ടു. ബക്ബാക് വേഗം ശബ്ദം കേട്ട ദിക്കിലേക്ക് കൈ നീട്ടി അബ്ദുള്ളയെ പിടികൂടി.
''കള്ളന്‍... കള്ളന്‍...രക്ഷിക്കണേ..!''
മൂന്നു പേരുംകൂടി അബ്ദുള്ളയെ പിടിച്ച് വടികൊണ്ട് തല്ലിക്കൊണ്ട് ഉറക്കെ വിളിച്ചു കൂവി.
ബഹളം കേട്ട് അയല്‍ക്കാരും നാട്ടുകാരും ഓടിക്കൂടി. അപ്പോള്‍ ദുഷ്ടനായ അബ്ദുള്ള കുരുടനെപ്പോലെ അഭിനയിച്ചുകൊണ്ട് പറഞ്ഞു: ''ഞങ്ങള്‍ നാലുപേരും ഒന്നിച്ചു പിച്ച തെണ്ടുന്ന കുരുടന്മാരാണേ!പതിനായിരം ദിര്‍ഹമാണ് ഞങ്ങളുടെ ആകെയുള്ള സമ്പാദ്യം. എന്നെ തല്ലിക്കൊന്ന് എന്റെ വീതം തട്ടിയെടുക്കാന്‍ ഇവര്‍ ശ്രമിക്കുകയായിരുന്നു. ഈ കള്ളന്മാരില്‍ നിന്ന് എന്നെ രക്ഷിച്ച് ന്യായാധിപന്റെ അടുത്ത് കൊണ്ടുപോകണേ..!''
നാട്ടുകാരും അയല്‍ക്കാരും ചേര്‍ന്ന് നാലുപേരെയും ന്യായാധിപന്റെ മുന്നിലെത്തിച്ചു.
''നടന്നതൊക്കെ ഞാന്‍ പറയാം. അങ്ങ് വിധി കല്‍പിക്കണം. ഒരപേക്ഷ കൂടിയുണ്ട്. ഞാന്‍ പറയുന്നതു കള്ളമാണെന്നും അടികൊണ്ടാലേ സത്യം പറയൂ എന്നും അങ്ങേക്ക് തോന്നാം. അതുകൊണ്ട് ആദ്യം എനിക്കും അതു കഴിഞ്ഞ് എന്റെ കൂട്ടുകാര്‍ക്കും ചുട്ട അടി തരാനുള്ള ഏര്‍പ്പാടു ചെയ്യണം!'' ന്യായാധിപന്റെ മുന്നിലെത്തിയ ഉടനെ ദുഷ്ടനായ അബ്ദുള്ള പറഞ്ഞു.
''ഇവന്‍ അടി ചോദിച്ചു വാങ്ങുകയാണല്ലോ! ആരവിടെ? ഇവനെ പിടിച്ചുകെട്ടി ചമ്മട്ടികൊണ്ട് നാല്‍പ്പതടി കൊടുക്കുവിന്‍!'', ന്യായാധിപന്‍ ഭടന്മാരോടു കല്‍പിച്ചു.
ഭടന്മാര്‍ യാതൊരു ദയയും കാണിക്കാതെ അടി തുടങ്ങി. പത്തു തവണ ചാട്ടവാര്‍ ഉയര്‍ന്നു താണപ്പോള്‍ അബ്ദുള്ള അതുവരെ അടച്ചുപിടിച്ച ഒരു കണ്ണ് തുറന്നു. വീണ്ടും കുറെ പ്രഹരമേറ്റപ്പോള്‍ രണ്ടാമത്തെ കണ്ണും തുറന്നു.
''നീയൊരു പഠിച്ച കള്ളനാണ്. നീ കുരുടനായി അഭിനയിക്കുകയായിരുന്നു അല്ലേ?'', ന്യായാധിപന്‍ ചോദിച്ചു.
''അങ്ങുന്നേ, ..അടി നിര്‍ത്താന്‍ ഉത്തരവാകണം. ഞാനെല്ലാ സത്യവും തുറന്നു പറയാം! '', അബ്ദുള്ള പറഞ്ഞു.
ന്യായാധിപന്റെ നിര്‍ദേശപ്രകാരം അടി നിറുത്തിയപ്പോള്‍ അവന്‍ പറഞ്ഞു: ''യജമാനനേ... ഞങ്ങള്‍ നാലുപേരും കണ്ണിനു കാഴ്ചയുള്ളവര്‍തന്നെ. ഞങ്ങള്‍ കുരുടന്മാരായി അഭിനയിച്ച് ഭിക്ഷ തെണ്ടും. തരംകിട്ടിയാല്‍ ഏതെങ്കിലും വീട്ടില്‍ കയറി മോഷ്ടിക്കാനും ഞങ്ങള്‍ മടികാണിക്കാറില്ല. ഞങ്ങളുടെ മൊത്തം സമ്പാദ്യം പതിനായിരം ദിര്‍ഹം വരും. ഇന്ന് എന്റെ പങ്ക് ചോദിച്ചപ്പോള്‍ മൂന്നു പേരും കൂടി എന്നെ തല്ലിക്കൊല്ലാന്‍ തുടങ്ങി. അപ്പോഴാണ് നാട്ടുകാര്‍ രക്ഷയ്‌ക്കെത്തിയതും ഞങ്ങളെ ഇവിടെ കൊണ്ടുവന്നതും. ഇതൊക്കെ സത്യമാണെന്ന് നല്ല ചുട്ട അടി കിട്ടുമ്പോള്‍ ഇവരും സമ്മതിക്കും. പക്ഷേ പ്രഭോ ഇവര്‍ മൂന്നുപേരും എന്നെക്കാള്‍ പഠിച്ച കള്ളന്മാരാണ്. അതുകൊണ്ട് കൂടുതല്‍ തല്ല് കിട്ടിയാലേ ഇവര്‍ കണ്ണുകള്‍ തുറക്കൂ!''
വഞ്ചകനും ദുഷ്ടനുമായ അബ്ദുള്ള പറഞ്ഞതു വിശ്വസിച്ച ന്യായാധിപന്‍ ബക്ബാക്കിനും കൂട്ടുകാര്‍ക്കും മുന്നൂറടി വീതമാണ് ശിക്ഷ വിധിച്ചത്.
''അയ്യോ ഞങ്ങള്‍ ജന്മനാ കുരുടന്മാരാണേ! ഞങ്ങളെ തല്ലല്ലേ...''തല്ല് കൊണ്ടപ്പോള്‍ ബക്ബാകും കൂട്ടുകാരും കരഞ്ഞുവിളിച്ചു. പക്ഷേ, യാതൊരു പ്രയോജനവുമുണ്ടായില്ല. കണ്ണ് തുറക്കാത്തതിനു വീണ്ടും കുറെ തല്ല് കൂടി കിട്ടിയതു മിച്ചം!
ന്യായാധിപന്‍ ബക്ബാകിന്റെ വീട്ടിലേക്ക് കുറെ ഭടന്മാരെ അയച്ച് അവര്‍ തറയില്‍ കുഴിച്ചിട്ടിരിക്കുന്ന പണസഞ്ചി എടുപ്പിച്ചു. അതില്‍ നാലിലൊന്ന് പണം ദുഷ്ടനും അത്യാഗ്രഹിയുമായി അബ്ദുളളയ്ക്ക് കൊടുത്തു. ബാക്കിയുള്ള പണം ന്യായാധിപന്‍ സ്വന്തമാക്കി. അതു പോരാഞ്ഞ് ബക്ബാക്കിനെയും മറ്റു രണ്ടുപേരെയും നോക്കിയിട്ട് പറഞ്ഞു: ''നാണമില്ലാത്ത വര്‍ഗം. ദൈവം കാഴ്ച തന്നിട്ടും കുരുടന്മാരാണെന്ന് പറഞ്ഞ് ഭിക്ഷ തെണ്ടി നടക്കുന്നു! ഇനി മേലില്‍ ഇവിടെങ്ങും കണ്ടുപോകരുത്!''
പാവം ബക്ബാക്കും കൂട്ടുകാരും ചോരയൊലിക്കുന്ന ശരീരവുമായി എങ്ങോട്ടെന്നില്ലാതെ നടന്നകന്നപ്പോള്‍, പണം കിട്ടിയ ദുഷ്ടനായ അബ്ദുള്ള സന്തോഷത്തോടെ തന്റെ വീട്ടിലേക്കു നടന്നു!
Share it:

കഥകള്‍

Post A Comment:

0 comments: