ടൂറിസ്‌റ്റ് ഇന്ത്യ-2

Share it:
ഹൈദരാബാദ്‌

ആന്ധ്രാപ്രദേശിന്റെ തലസ്‌ഥാനം. ചാര്‍മിനാര്‍, ഗോല്‍ക്കൊണ്ട കോട്ട, സാലാര്‍ ജംഗ്‌ മ്യൂസിയം, മെക്ക മസ്‌ജിദ്‌, ഹുസൈന്‍ സാഗര്‍ തടാകം, നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്ക്‌ എന്നിവ നഗരത്തിലും പരിസരങ്ങളിലുമുള്ള പ്രധാന കാഴ്‌ചകളാണ്‌.

മുംബൈ

മഹാരാഷ്‌ട്ര സംസ്‌ഥാനത്തിന്റെ തലസ്‌ഥാനം. ഇന്ത്യയുടെ സാമ്പത്തിക- വാണിജ്യ തലസ്‌ഥാനമായും അറിയപ്പെടുന്നു. റിസര്‍വ്‌ ബാങ്ക്‌ ഒഫ്‌ ഇന്ത്യയുടെ ആസ്‌ഥാനം മുംബൈയിലാണ്‌. പഴമയുടെ പ്രൗഢിയും ആധുനികതയുടെ സൗന്ദര്യവും കൈകോര്‍ക്കുന്നു. ഗേറ്റ്‌വേ ഒഫ്‌ ഇന്ത്യ, പ്ലാനറ്റോറിയം, ബീച്ചുകള്‍, പാര്‍ക്കുകള്‍, ആര്‍ട്ട്‌ ഗാലറികള്‍, ആരാധനാലയങ്ങള്‍, ബിസിനസ്‌ കേന്ദ്രങ്ങള്‍ തുടങ്ങി ഒട്ടേറെ കാഴ്‌ചകള്‍ ടൂറിസറ്റുകളെ ഈ നഗരത്തിലേക്കാര്‍ഷിക്കുന്നു.

അജന്ത

എല്ലോറ

ലോകപ്രസിദ്ധമായ ഗുഹാക്ഷേത്രങ്ങള്‍. മഹാരാഷ്‌ട്രയിലെ ഔറംഗബാദ്‌ ജില്ലയില്‍ സ്‌ഥിതിചെയ്യുന്നു. എല്ലോറയില്‍ നിന്ന്‌ അജന്തയിലേക്ക്‌ 40 കി.മീ. ദൂരം. അജന്ത ക്ഷേത്രത്തിലെ ചുമര്‍ചിത്രങ്ങളും എല്ലോറയിലെ കൊത്തുപണികളും കലാഭംഗിയുടെ മകുടോദാഹരണങ്ങളായി വാഴ്‌ത്തപ്പെടുന്നു.

എലഫെന്റാ ദ്വീപ്‌

മുംബൈ നഗരത്തില്‍ നിന്ന്‌ 8 കി.മീ. അകലെ അറബിക്കടലില്‍ സ്‌ഥിതിചെയ്യുന്ന ദ്വീപ്‌. ആറാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഗുഹാക്ഷേത്രങ്ങളാണ്‌ ദ്വീപിനെ ടൂറിസം ഭൂപടത്തില്‍ ശ്രദ്ധേയമാക്കുന്നത്‌.

ചില്‍ക്ക തടാകം

ഒറീസയിലെ ഈ തടാകമാണ്‌ ഇന്ത്യയിലെ ഏറ്റവും വലിയ ലവണജല തടാകം. ഏകദേശം 1,100 ച.കി.മീ. സ്‌ഥലത്ത്‌ വ്യാപിച്ചു കിടക്കുന്ന ഈ തടാകത്തില്‍ ചില ചെറുദ്വീപുകളുമുണ്ട്‌. ഒരു പക്ഷിസങ്കേതം കൂടിയാണ്‌ ഈ പ്രദേശം. സൈബീരിയയില്‍ നിന്നു വരെ പക്ഷികള്‍ ഇവിടേക്ക്‌ ദേശാടനം നടത്താറുണ്ട്‌.

കൊണാര്‍ക്ക്‌

കരിങ്കല്ലില്‍ കൊത്തിയ സൂര്യക്ഷേത്രമാണ്‌ ഇവിടത്തെ പ്രധാന ആകര്‍ഷണം. ഒറീസയില്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്ത്‌ സ്‌ഥിതി ചെയ്യുന്നു. ഇവിടത്തെ കൊത്തുപണികള്‍ വളരെ ശ്രദ്ധേയമാണ്‌. പ്രസിദ്ധമായ പുരി ജഗന്നാഥക്ഷേത്രത്തില്‍ നിന്ന്‌ 35 കി.മീറ്ററും ഒറീസയുടെ തലസ്‌ഥാനമായ ഭുവനേശ്വറില്‍ നിന്ന്‌ 65 കി.മീറ്ററുമാണ്‌ ഇവിടേക്കുള്ള ദൂരം.

സാഞ്ചി

ഇന്ത്യയിലെ ഏറ്റവും പ്രശസ്‌തമായ ബുദ്ധമത ചരിത്ര സ്‌മാരകം മധ്യപ്രദേശിലെ സാഞ്ചിയിലാണ്‌. മൂന്ന്‌ സ്‌തൂപങ്ങളാണ്‌ ഇവിടെ പ്രധാനമായും ഉള്ളത്‌. ഭോപ്പാലില്‍ നിന്ന്‌ 68 കി.മീ.യാണ്‌ ഇവിടേക്കുള്ള ദൂരം.

ഖജുരാഹൊ

മധ്യപ്രദേശിലെ ഏറ്റവും പ്രമുഖമായ വിനോദസഞ്ചാര - പുരാവസ്‌തു സംരക്ഷിതകേന്ദ്രം. ഹിന്ദു- ജൈന കലയുടെ ഉത്തമ മാതൃകകളായ 25 ക്ഷേത്രങ്ങളും 3 മ്യൂസിയങ്ങളും ഇവിടെയുണ്ട്‌. 1986ല്‍ ഇതിനെ ലോക പൈതൃക കേന്ദ്രമായി അംഗീകരിച്ചു. വാസ്‌തുവിദ്യയുടെയും ശില്‌പകലയുടെയും അത്ഭുതങ്ങളാണ്‌ ഈ ക്ഷേത്രങ്ങളോരോന്നും.

ഗ്വാളിയര്‍

മധ്യപ്രദേശിലെ ഒരു പ്രമുഖ ചരിത്ര നഗരം. ഇവിടത്തെ ഗ്വാളിയോര്‍ കോട്ട വളരെ പ്രസിദ്ധമാണ്‌. ഹിന്ദു വാസ്‌തുവിദ്യയുടെ മകുടോദാഹരണങ്ങളായ ക്ഷേത്രങ്ങള്‍, കൊട്ടാരങ്ങള്‍ എന്നിവയും ഇവിടെയുണ്ട്‌.

ഉജ്‌ജയിന്‍

മധ്യപ്രദേശിലെ ഈ സ്‌ഥലം വളരെ ചരിത്രപ്രാധാന്യമുള്ളതും ഒരു പ്രമുഖ ഹൈന്ദവ ആരാധനാകേന്ദ്രവുമാണ്‌. 12 വര്‍ഷത്തിലൊരിക്കല്‍ ഇവിടെ നടക്കുന്ന കുംഭമേള ഒട്ടേറെ ആളുകളെ ആകര്‍ഷിക്കുന്നു. കൊട്ടാരങ്ങളും, ക്ഷേത്രങ്ങളും വാനനിരീക്ഷണകേന്ദ്രവും എല്ലാമുള്ള ഒരു ടൂറിസ്‌റ്റ് കേന്ദ്രമാണിവിടം.

ബുദ്ധഗയ

ബുദ്ധമതക്കാരുടെ ഏറ്റവും പ്രശസ്‌തമായ തീര്‍ത്ഥാടനകേന്ദ്രമാണിത്‌. ഇവിടെയുള്ള ബോധി മരച്ചുവട്ടില്‍ ധ്യാനനിരതനായിരുന്നപ്പോഴാണ്‌ ശ്രീബുദ്ധന്‌ ബോധോദയം ലഭിച്ചത്‌. ഇവിടെ ഒരു ബുദ്ധിസ്‌റ്റ് മ്യൂസിയവുമുണ്ട്‌. പ്രമുഖ ഹിന്ദു - ബുദ്ധമതതീര്‍ത്ഥാടനകേന്ദ്രവും ബീഹാറിലെ ഒരു പ്രമുഖ പട്ടണവുമായ ഗയയില്‍നിന്ന്‌ 10 കി.മീ. അകലെയാണ്‌ ബുദ്ധഗയ.

നളന്ദ

പുരാതനബുദ്ധമത സര്‍വകലാശാല സ്‌ഥി തിചെയ്‌തിരുന്ന സ്‌ഥലം. ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഒഫ്‌ ഇന്ത്യ നടത്തിയ ഉല്‍ഖനനപ്രവര്‍ത്തനങ്ങളിലൂടെയാണ്‌ ബീഹാറിലെ നളന്ദയില്‍ ഈ സര്‍വകലാശാലയുടെ അവശിഷ്‌ടങ്ങള്‍ കണ്ടെത്തിയത്‌. ഉല്‍ഖനന പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കണ്ടെത്തിയ ഒട്ടേറെ വസ്‌തുക്കള്‍ നളന്ദയിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു.

ആഗ്ര

ഉത്തര്‍പ്രദേശില്‍ യമുനാതീരത്തുള്ള പ്രസിദ്ധ നഗരം. ലോകമഹാത്ഭുതങ്ങളിലൊന്നായ താജ്‌മഹല്‍ സ്‌ഥിതിചെയ്യുന്നത്‌ ഇവിടെയാണ്‌. ആഗ്രാ കോട്ട, മോത്തി മസ്‌ജിദ്‌, ജഹാംഗിരി കൊട്ടാരം, അക്‌ബറിന്റെശവകുടീരം എന്നിവ ആഗ്രയിലെ മറ്റ്‌ കാഴ്‌ചകളാണ്‌.

സാരനാഥ്‌

ശ്രീബുദ്ധന്‍ ആദ്യമായി ശിഷ്യരോട്‌ സംസാരിച്ചു എന്ന്‌ കരുതപ്പെടുന്ന സ്‌ഥലം. ഉത്തര്‍പ്രദേശിലെ ഈ സ്‌ഥലത്താണ്‌ ക്രിസ്‌തുവിന്‌ മുമ്പ്‌ മൂന്നാം നൂറ്റാണ്ടില്‍ മൗര്യരാജാവായ അശോകന്‍ സിംഹസ്‌തൂപം സ്‌ഥാപിച്ചത്‌. ഇതാണ്‌ പിന്നീട്‌ ഇന്ത്യയുടെ ദേശീയചിഹ്നമായി മാറിയത്‌.
Share it:

India

Post A Comment:

0 comments: