ടൂറിസ്‌റ്റ് ഇന്ത്യ-3

Share it:
കൊല്‍ക്കത്ത

പശ്‌ചിമബംഗാള്‍ സംസ്‌ഥാനത്തിന്റെ തലസ്‌ഥാനം. വിവിധ ശൈലികളില്‍ നിര്‍മ്മിച്ച ഒട്ടേറെ കെട്ടിടങ്ങള്‍ പഴക്കമേറിയ ഈ നഗരത്തിലുണ്ട്‌. വിക്‌ടോറിയ മെമ്മോറിയല്‍, രാജ്‌ഭവന്‍, ഹൈക്കോടതി, ഹൗറാപാലം, മ്യൂസിയങ്ങള്‍, കലാകേന്ദ്രങ്ങള്‍ ഇവയെല്ലാം ശ്രദ്ധേയമായ കാഴ്‌ചകളാണ്‌.

ഡാര്‍ജിലിങ്‌

പശ്‌ചിമബംഗാളിന്റെ വടക്കേയറ്റത്ത്‌ സ്‌ഥിതിചെയ്യുന്ന ഒരു പ്രമുഖ ഹില്‍സ്‌റ്റേഷന്‍. ലോകത്തിലെ ഉയരം കൂടിയ കൊടുമുടികളിലൊന്നായ കാഞ്ചന്‍ ജംഗയുടെ ദൃശ്യം ഇവിടെ നിന്ന്‌ ലഭിക്കും. ഡാര്‍ജിലിങ്ങിന്റെ അടുത്ത സ്‌ഥലമായ ടൈഗര്‍ ഹില്ലില്‍ നിന്ന്‌ എവറസ്‌റ്റ് കൊടുമുടിയും കാണാം. ഇവിടത്തെ പര്‍വതാരോഹണ ഇന്‍സ്‌റ്റിറ്റ്യൂട്ടും ബൊട്ടാണിക്കല്‍ ഗാര്‍ഡനും പ്രസിദ്ധമാണ്‌.

ശാന്തിനികേതന്‍

രവീന്ദ്രനാഥ ടാഗോര്‍ ബംഗാളില്‍ സ്‌ഥാപിച്ച വിശ്വഭാരതി സര്‍വകലാശാലയുടെ ആസ്‌ഥാനം. ലോകത്തിന്റെവിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു. ഇതിനടുത്തുതന്നെയുള്ള മാന്‍ - പക്ഷി സംരക്ഷണ കേന്ദ്രവും പ്രശസ്‌തമാണ്‌.

ജയ്‌പൂര്‍

രാജസ്‌ഥാന്റെ തലസ്‌ഥാന നഗരം. പിങ്ക്‌സിറ്റി എന്നും ഈ നഗരം അറിയപ്പെടുന്നു. ഇവിടത്തെ കെട്ടിടങ്ങളുടെ നിറമാണ്‌ നഗരത്തിന്‌ ഈ പേര്‌ വരാനുള്ള കാരണം. വാനനിരീക്ഷണകേന്ദ്രമായ ജന്തര്‍മന്ദര്‍, ഹവാമഹല്‍, രാംബാഗ്‌ കൊട്ടാരം, മ്യൂസിയം എന്നിവ ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങളാണ്‌.

ഷിംല

ഹിമാചല്‍പ്രദേശിന്റെ തലസ്‌ഥാനമായ ഈ നഗരം ഇന്ത്യയിലെ ഏറ്റവും പ്രമുഖമായ ഹില്‍ സ്‌റ്റേഷനുകളിലൊന്നാണ്‌. മഞ്ഞ്‌ പുതച്ച പര്‍വതങ്ങളും പൈന്‍- ദേവതാരു വൃക്ഷങ്ങളുടെ മനോഹരമായ പശ്‌ചാത്തലവും കൊളോണിയല്‍ കാലത്തെ വാസ്‌തുവിദ്യാ മാതൃകകളുംകൊണ്ട്‌ ശ്രദ്ധേയമാണീ സ്‌ഥലം. ഇവിടെനിന്നു കൊല്‍ക്കത്തയിലേക്കുള്ള നാരോഗേജ്‌ ട്രെയിന്‍യാത്ര ഒട്ടേറെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

ഡല്‍ഹി

ഇന്ത്യയുടെ തലസ്‌ഥാനവും ഭരണസിരാകേന്ദ്രവുമായ കേന്ദ്രഭരണപ്രദേശം. രാഷ്‌ട്രപതിഭവന്‍, പാര്‍ലമെന്റ്‌, സര്‍ക്കാര്‍ കാര്യാലയങ്ങള്‍ എന്നിവയ്‌ക്കു പുറമേ ഒട്ടനവധി ചരിത്ര സ്‌മാരകങ്ങളും ഡല്‍ഹിയെ വിനോദസഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമാക്കുന്നു. നിരവധി മ്യൂസിയങ്ങള്‍, ആരാധനാലയങ്ങള്‍, പാര്‍ക്കുകളും പൂന്തോട്ടങ്ങളും, ഗാന്ധിജി അടക്കമുള്ള നേതാക്കളുടെ ശവകുടീരങ്ങള്‍, ചെങ്കോട്ട പോലുള്ള കോട്ടകള്‍, കുത്തബ്‌ മിനാര്‍ പോലുള്ള ചരിത്ര സ്‌മാരകങ്ങള്‍, പാര്‍ലമെന്റ്‌ മന്ദിരവും രാഷ്‌ട്രപതിഭവനും, വാസ്‌തുവിദ്യാ അത്ഭുതങ്ങളായ ഒട്ടേറെ കെട്ടിടങ്ങള്‍, ഇന്ത്യാ ഗേറ്റ്‌ എന്നിങ്ങനെ നിരവധി കാഴ്‌ചകളുടെ കേന്ദ്രമാണിവിടം.

അമൃത്സര്‍

പഞ്ചാബിലെ ഒരു പ്രധാന നഗരം. സിക്കുമതക്കാരുടെ പ്രമുഖ ആരാധനാകേന്ദ്രമായ സുവര്‍ണക്ഷേത്രം ഇവിടെയാണ്‌. ഒട്ടേറെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്‌ഥലമാണിത്‌.

ജമ്മു-കാശ്‌മീര്‍

സാംസ്‌കാരികവും ഭൂമിശാസ്‌ത്രപരവുമായ സവിശേഷതകള്‍കൊണ്ട്‌ ഒട്ടേറെപ്പേരെ ആകര്‍ഷിക്കുന്ന സംസ്‌ഥാനം. തലസ്‌ഥാന നഗരമായ ശ്രീനഗറിലെ ദാല്‍ തടാകം, ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജലതടാകമായ വൂളാര്‍, തീര്‍ത്ഥാടനകേന്ദ്രങ്ങളായ അമര്‍നാഥ്‌, വൈഷ്‌ണോ ദേവി, ഏറ്റവും തണുപ്പുള്ള മേഖലയായ ദ്രാസ്‌, ഒട്ടേറെ ഹില്‍ സ്‌റ്റേഷനുകള്‍, ട്രെക്കിങ്‌ നടത്താവുന്ന സ്‌ഥലങ്ങള്‍ എന്നിവ ഉള്‍പ്പെടെ ടൂറിസ്‌റ്റുകളെ ആകര്‍ഷിക്കുന്ന ഒട്ടേറെ കാഴ്‌ചകള്‍ ഇവിടെയുണ്ട്‌.
Share it:

India

Post A Comment:

1 comments:

  1. വളരെ ഉപകാരപ്രദമായ അറിവുകള്‍...
    നന്ദി..

    ReplyDelete