ടൂറിസ്‌റ്റ് ഇന്ത്യ

Share it:

കന്യാകുമാരി

ഇന്ത്യയുടെ തെക്കെ മുനമ്പാണ്‌ കന്യാകുമാരി. ഇന്ത്യന്‍ മഹാസമുദ്രം, അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവയുടെ സംഗമതീരമാണിത്‌. പൂര്‍ണ്ണചന്ദ്രനുദിക്കുന്ന ദിവസങ്ങളില്‍, ഒരേ സമയംതന്നെ സൂര്യാസ്‌തമയവും ചന്ദ്രോദയവും കാണാവുന്ന ഒരു സ്‌ഥലമാണിത്‌. തിരുവനന്തപുരത്തുനിന്ന്‌ 86 കി.മീ. തെക്കാണ്‌ കന്യാകുമാരി.

കോവളം

കേരളത്തിലെ ഏറ്റവും പ്രമുഖമായ കടല്‍ത്തീരവിനോദസഞ്ചാരകേന്ദ്രമാണിത്‌. വിദേശികളും സ്വദേശികളും ഒരുപോലെ ഇഷ്‌ടപ്പെടുന്ന ബീച്ച്‌്. തിരുവനന്തപുരത്തുനിന്ന്‌ 14 കി.മീ. തെക്കാണ്‌ കോവളം.

കൊഡൈക്കനാല്‍

തമിഴ്‌നാട്ടിലെ പ്രമുഖമായ ഒരു ഹില്‍സ്‌റ്റേഷന്‍. 7000 അടി ഉയരത്തിലാണിത്‌ സ്‌ഥിതിചെയ്യുന്നത്‌. കൊഡൈക്കനാല്‍ തടാകം, ബ്രയാന്റ്‌ പാര്‍ക്ക്‌, സൂയിസൈഡ്‌ പോയിന്റ തുടങ്ങിയവ കൊഡൈക്കനാലിന്റെ മുഖ്യ ആകര്‍ഷണങ്ങളാണ്‌. നീലക്കുറിഞ്ഞി പൂക്കുന്ന കാലം ഇവിടെ പ്രധാന സീസണാണ്‌.

മൂന്നാര്‍

തെക്കെ ഇന്ത്യയിലെ വളരെ പ്രശസ്‌തമായ ഒരു ഹില്‍സ്‌റ്റേഷന്‍. കേരളത്തിലെ പ്രധാനപ്പെട്ട തേയില ഉല്‌പാദനകേന്ദ്രം കൂടിയാണിത്‌. ഇരവികുളം നാഷണല്‍ പാര്‍ക്ക്‌, ആനമുടി, മാട്ടുപ്പെട്ടി ഡാം, മറയൂര്‍ ചന്ദനക്കാടുകള്‍ തുടങ്ങിയ ടൂറിസ്‌റ്റ് സങ്കേതങ്ങളും മൂന്നാറിന്റെ പരിസരപ്രദേശങ്ങളിലാണ്‌. നീലക്കുറിഞ്ഞി പൂക്കുന്ന കാലത്ത്‌ (12 വര്‍ഷത്തിലൊരിക്കല്‍) മൂന്നാര്‍ വളരെ മനോഹരമാണ്‌. എറണാകുളത്തുനിന്ന്‌ മൂന്നാറിലേക്കുള്ള ദൂരം 135 കി.മീ.

ഊട്ടി

ഹില്‍ സ്‌റ്റേഷനുകളുടെ റാണി എന്നറിയപ്പെടുന്ന തമിഴ്‌നാട്ടിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രം. 2,240 മീറ്റര്‍ ഉയരത്തിലാണ്‌ ഊട്ടി (ഉദകമണ്ഡലം) സ്‌ഥിതിചെയ്യുന്നത്‌. നീലഗിരിക്കുന്നുകളിലെ ഏറ്റവും മനോഹരമായ സ്‌ഥലമാണിത്‌. മേട്ടുപാളയത്തുനിന്ന്‌ കുന്നൂര്‍ വഴി ഊട്ടിയിലേക്കുള്ള മീറ്റര്‍ ഗേജ്‌ റെയില്‍പ്പാത ലോക പൈതൃകഭൂപടത്തില്‍ സ്‌ഥാനം നേടിയിട്ടുണ്ട്‌. വളരെ രസകരമാണ്‌ ഈ ട്രെയിന്‍ യാത്ര. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, ഊട്ടി തടാകം, ആര്‍ട്ട്‌ ഗാലറി, മ്യൂസിയം തുടങ്ങിയവ പ്രധാന സന്ദര്‍ശന കേന്ദ്രങ്ങളാണ്‌. മെയ്‌ മാസത്തില്‍ നടക്കുന്ന ഫ്‌ളവര്‍ ഷോ പ്രസിദ്ധമാണ്‌. കൊച്ചിയില്‍നിന്ന്‌ 250 കിലോമീറ്ററും കോയമ്പത്തൂരുനിന്ന്‌ 98 കിലോമീറ്ററുമാണ്‌ ദൂരം.

മാമല്ലപുരം

മഹാബലിപുരം എന്നും അറിയപ്പെടുന്ന ഈ പ്രദേശം പല്ലവകാല കലാഭംഗിയുടെ ഒരു ഉത്തമമാതൃകയാണ്‌. ചെന്നൈ നഗരത്തില്‍ നിന്ന്‌ 60 കി.മീ. തെക്ക്‌ മാറി ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്താണ്‌ ഈ പ്രദേശം. കടല്‍ത്തീര ക്ഷേത്രം , പാണ്ഡവരഥങ്ങള്‍, കൃഷ്‌ണമണ്ഡപം തുടങ്ങി പുരാവസ്‌തു ഗവേഷകര്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ ആസ്വാദ്യകരമായ ഒട്ടേറെ കാഴ്‌ചകളുടെ കേന്ദ്രമാണിവിടം.

ഗോവ

ഇന്ത്യയിലെ പ്രധാന ടൂറിസ്‌റ്റ് കേന്ദ്രങ്ങളിലൊന്നാണ്‌ ഗോവ. പോര്‍ച്ചുഗീസ്‌അധീനതയിലായിരുന്ന ഒരു പ്രദേശമാണിത്‌. സുന്ദരമായ കടല്‍ത്തീരങ്ങളും, കലാഭംഗി നിറഞ്ഞ ആരാധനാലയങ്ങളുംകൊണ്ട്‌ ശ്രദ്ധേയമാണ്‌ ഈ പ്രദേശം.

ഹംപി

ബാംഗ്‌ളൂരില്‍ നിന്ന്‌ 350 കി.മീ. വടക്ക്‌ ഭാഗത്തായി കര്‍ണാടകയില്‍ സ്‌ഥിതിചെയ്യുന്നു. പഴയ വിജയനഗരസാമ്രാജ്യത്തിന്റെ തലസ്‌ഥാനമായിരുന്ന ഇവിടെ ധാരാളം അമ്പലങ്ങളും കോട്ടകളും കൊട്ടാരങ്ങളുമുണ്ട്‌.

ബേളൂര്‍ - ഹളേബിഡ്‌

മംഗലാപുരത്തുനിന്ന്‌ ഏകദേശം 200 കി.മീ. കിഴക്കാണ്‌ ബേളൂര്‍. അവിടെനിന്ന്‌ ഹളേബിഡിലേക്ക്‌ 16 കിലോമീറ്റര്‍. എണ്ണൂറിലധികം വര്‍ഷം മുമ്പുള്ള ഹോയ്‌സാല രാജവംശത്തിന്റെ ആസ്‌ഥാനമായിരുന്നു ഇവിടം. ഹോയ്‌സാല കാലത്ത്‌ നിര്‍മ്മിച്ചിട്ടുള്ള അമ്പലങ്ങളാണ്‌ ഇവിടെ ദൃശ്യവിരുന്നൊരുക്കുന്നത്‌. കലാചാതുരിയുടെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്‌ ഇവ.

മൈസൂര്‍

കര്‍ണാടകത്തിലെ ഒരു പ്രധാന നഗരവും ടൂറിസ്‌റ്റ് കേന്ദ്രവും. കൊച്ചിയില്‍ നിന്ന്‌ ഇവിടേക്കുള്ള ദൂരം 388 കിലോമീറ്റര്‍. പഴയ മൈസൂര്‍ സംസ്‌ഥാനത്തിന്റെ തലസ്‌ഥാനമായിരുന്നു. ദൃശ്യവിസ്‌മയമായ മൈസൂര്‍ കൊട്ടാരം, ജഗ്‌മോഹന്‍ ആര്‍ട്‌ ഗാലറി, പൂന്തോട്ടം, മൃഗശാല, ചാമുണ്ഡി ഹില്‍സിലെ അമ്പലം എന്നിവ പ്രധാന കാഴ്‌ചകളാണ്‌. കാവേരി നദിയില്‍ നിര്‍മ്മിച്ച കൃഷ്‌ണരാജസാഗര്‍ അണക്കെട്ടും അതിന്റെ കരയിലുള്ള വൃന്ദാവന്‍ പൂന്തോട്ടവും നഗരത്തിനടുത്താണ്‌. ദസറ ആഘോഷങ്ങള്‍ക്ക്‌ പ്രശസ്‌തമായ നഗരമാണിത്‌.

ബാംഗ്ലൂര്‍

കര്‍ണ്ണാടക സംസ്‌ഥാനത്തിന്റെ തലസ്‌ഥാന നഗരമാണ്‌ ബാംഗ്ലൂര്‍. പൂന്തോട്ടങ്ങളുടെ നഗരം എന്ന്‌ വിശേഷണം. ലാല്‍ബാഗ്‌ പൂ ന്തോട്ടം, വിധാന്‍ സൗധ്‌, ഗവണ്‍മെന്റ്‌ മ്യൂസിയം, ജവഹര്‍ലാല്‍ നെഹ്‌റു പ്ലാനറ്റോറിയം, വിശ്വേശ്വരയ്യ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ആന്‍ഡ്‌ ടെക്‌നോളജിക്കല്‍ മ്യൂസിയം എന്നിവ നഗരത്തിലും പരിസരപ്രദേശങ്ങളിലുമുള്ള ശ്രദ്ധേയ കാഴ്‌ചകളാണ്‌.

ചെന്നൈ

തമിഴ്‌നാടിന്റെ തലസ്‌ഥാനം. ഒരു പ്രധാന വ്യാവസായിക കേന്ദ്രവും പ്രധാന ടൂറിസ്‌റ്റ് കേന്ദ്രവും കൂടിയാണ്‌ ഈ നഗരം. മറീന ബീച്ച്‌, നാഷണല്‍ ആര്‍ട്ട്‌ ഗാലറി, എലിയറ്റ്‌സ് ബീച്ച്‌, ഗിണ്ടി നാഷണല്‍ പാര്‍ക്ക്‌, സ്‌നേക്ക്‌ പാര്‍ക്ക്‌ ആന്‍ഡ്‌ റെപ്‌റ്റീലിയം എന്നിവ പ്രധാന കാഴ്‌ചകള്‍. നിരവധി പള്ളികളും അമ്പലങ്ങളുമുണ്ട്‌.
Share it:

India

Post A Comment:

0 comments: