യഥാര്‍ത്ഥ യോഗ്യത[Story]

Share it:
ന്ദ്രദത്തന്‍ രാജാവിന് സമര്‍ത്ഥനായ ഒരു മന്ത്രിയെ വേണം! അതിനായി തകര്‍പ്പന്‍ മത്സരങ്ങളും പരീക്ഷകളുമൊക്കെ നടക്കുകയാണ്. എല്ലാത്തിനും ചുക്കാന്‍ പിടിക്കുന്നത് രാജഗുരുവായ
ജഗന്നാഥന്‍ തന്നെ!
ഒടുവില്‍ മത്സരങ്ങളുടെ അവസാനഘട്ടമെത്തി. മിടുമിടുക്കന്മാരായ
മൂന്നു യുവാക്കളാണ് ഇനി ബാക്കിയുള്ളത്- രാമദാസന്‍, ശിവാനന്ദന്‍, നന്ദ
കിശോരന്‍.
ആ മൂന്നുപേരില്‍ ഒരാളെ കണ്ടെത്താന്‍ എന്തു പരീക്ഷയാകും രാജഗുരു ഒരുക്കുക? എല്ലാവര്‍ക്കും അതറിയാനുള്ള ആകാംക്ഷയായി.
വളരെ വിചിത്രമായ ഒരു കാര്യമാണ് ഇത്തവണ ഗുരു ചെയ്തത്. മൂന്നു പേരേയും അദ്ദേഹം ഒരു ക്ഷേത്രം നിര്‍മ്മിക്കുന്ന സ്ഥലത്തേക്ക് കൊണ്ടു പോയി. എന്നിട്ട് ക്ഷേത്രം പണിയുന്നവരോടൊപ്പം ജോലി ചെയ്യാന്‍ അവരെ നിയോഗിച്ചു!
രണ്ടു ദിവസം കഴിഞ്ഞ് രാജാവിനേയും കൂട്ടി രാജഗുരു അവരുടെ അടുത്ത് മടങ്ങി എത്തി.
രാജഗുരു ആദ്യം രാമദാസന്‍ എന്ന
യുവാവിന്റെ അടുത്തു ചെന്നു. അവന്‍ കഠിനാധ്വാനം ചെയ്യുന്നത് കുറച്ചു നേരം നോക്കിനിന്നിട്ട് രാജഗുരു ചോദിച്ചു:
''നീ എന്താണിപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്?''
''ഞാന്‍ കല്ലുകള്‍ അളവൊപ്പിച്ച് വെട്ടിയെടുക്കുകയാണ് ഗുരോ!'', രാമദാസന്‍ പറഞ്ഞു.
രാജഗുരു രാജാവിനേയും കൊണ്ട് വീണ്ടും മുന്നോട്ടു നടന്നു. കുറച്ചപ്പുറം ശിവാനന്ദനെ കണ്ടപ്പോള്‍ അദ്ദേഹം നിന്നു.
''നീ എന്താണ് ചെയ്തുകൊണ്ടി
രിക്കുന്നത്?'', രാജഗുരു അവനോടും ചോദിച്ചു.
''ഗുരോ, ഞാന്‍ കല്ലുകള്‍ അടുക്കി വയ്ക്കുകയാണ്!'', ശിവാനന്ദന്‍ പറഞ്ഞു.
ഗുരു വീണ്ടും മുന്നോട്ടു നടന്നു.
അവിടെയൊരിടത്ത് നന്ദകിശോരനും അതേ പണി ചെയ്തു കൊണ്ടു നില്‍ക്കുകയായിരുന്നു.
''നീ എന്താണു ചെയ്യുന്നത്?'', ഗുരു ചോദ്യം ആവര്‍ത്തിച്ചു.
''ഞാന്‍ ക്ഷേത്രം പണിയുകയാണ് ഗുരോ!'', നന്ദകിശോരന്‍ പറഞ്ഞു.
ഗുരുവിന്റെ മുഖം വിടര്‍ന്നു. അദ്ദേഹം രാജാവിനോടു പറഞ്ഞു:
''മഹാരാജന്‍, ഇതാ ഈ നന്ദകിശോരന്‍ തന്നെയാണ് അടുത്ത മന്ത്രിയാകാന്‍ യോഗ്യന്‍. ഇവര്‍ മൂന്നുപേരും പറഞ്ഞ ഉത്തരങ്ങള്‍ ശരി തന്നെ. എന്നാല്‍ ഒരു യഥാര്‍ത്ഥ മന്ത്രിയുടെ ഉത്തരം കിട്ടിയത് നന്ദകിശോരനില്‍ നിന്നാണ്. നമ്മള്‍ എന്തു ചെയ്യുന്നതിനും മൂല്യമുണ്ടാകുന്നത്, അത് എന്തിനു വേണ്ടി ചെയ്യുന്നു എന്ന് നമുക്ക് പൂര്‍ണബോധ്യമുണ്ടാകുമ്പോഴാണ്. ആ കഴിവ് എനിക്കു കാണാന്‍ കഴിഞ്ഞത് നന്ദകിശോരനില്‍ മാത്രമാണ്. അതു കൊണ്ട് നമ്മുടെ രാജ്യത്തിന്റെ അടുത്ത മന്ത്രിയാകുവാന്‍ നന്ദകിശോരന്‍ തന്നെയാണ് യോഗ്യന്‍!''
വൈകാതെ നന്ദകിശോരനെ ചന്ദ്രദത്തന്‍ രാജാവ് അടുത്ത മന്ത്രിയായി തിരഞ്ഞെടുത്തു.

Share it:

കഥകള്‍

Post A Comment:

0 comments: