പൂമ്പാറ്റ[Butterflyes]

പറക്കും രത്നങ്ങള്‍
വര്‍ണ്ണക്കുപ്പായം

ഈ വല്ലിയില്‍നിന്നു ചെമ്മേ-പൂക്കള്‍

പോകുന്നിതാ പറന്നമ്മേ!

എന്ന്‌ കുമാരനാശാനെ അത്ഭുതംകൊള്ളിച്ചത്‌ പൂമ്പാറ്റയുടെ വര്‍ണ്ണക്കുപ്പായമിട്ട ചിറകുകളാണ്‌. ചിറകുകളിലെ രോമങ്ങളിലും ശല്‌ക്കങ്ങളിലും ഉള്ള വര്‍ണവസ്‌തുക്ക (Pigments) ളാണ്‌. ശലഭങ്ങള്‍ക്കു നിറപ്പകിട്ടു നല്‍കുന്നത്‌. വ്യത്യസ്‌ത അളവിലും അനുപാതത്തിലുമുള്ള വര്‍ണ്ണരേണുക്കളാണ്‌ ചിത്രശലഭങ്ങള്‍ക്ക്‌ വ്യത്യസ്‌തരീതിയിലുള്ള വര്‍ണ്ണക്കുപ്പായം നല്‍കുന്നത്‌.

ചിത്രശലഭത്തിന്‌ രണ്ടു ജോഡി ചിറകുകളാണുള്ളത്‌. മു ന്‍ചിറകുകളും (Forewing), പിന്‍ചിറകുകളും (Hind wings). ചിറകുകളില്‍ പന്ത്രണ്ടു ഞരമ്പുകളുണ്ട്‌. ഞരമ്പുകളിലെ അടയാളങ്ങള്‍ നോക്കിയാണ്‌ ചിത്രശലഭങ്ങളെ വേര്‍തിരിച്ചറിയുന്നത്‌. ശലഭപ്പുഴുവിന്റെ തൊലിക്കുള്ളില്‍ ചെറിയ അടപ്പുകള്‍പോലെ ഉണ്ടായിരുന്ന അവയവമാണ്‌ സമാധിയവസ്‌ഥയില്‍ ചിറകുകളായി രൂപാന്തരംപ്രാപിക്കുന്നത്‌.

വെയിലുണ്ടെങ്കില്‍ പറക്കാം

ചിത്രശലഭങ്ങള്‍ ശീതരക്‌ത ജീവികളാണ്‌. അവയ്‌ക്ക് മനുഷ്യരെപ്പോലെ ജീവല്‍പ്രവര്‍ത്തനങ്ങളിലൂടെ ശരീരത്തില്‍ ചൂടുനിലനിര്‍ത്താന്‍ കഴിയില്ല. രക്‌തം ചുടുപിടിപ്പിച്ച്‌ രക്‌തയോട്ടം കൂട്ടിയാലേ പൂമ്പാറ്റച്ചിറകുകള്‍ക്ക്‌ പറക്കാനുള്ള ശക്‌തി ലഭിക്കൂ. ഏതെങ്കിലും പൂമരത്തിലിരുന്ന്‌ വെയില്‍ കായുന്ന ചിത്രശലഭങ്ങളെ നിങ്ങള്‍ കണ്ടിട്ടില്ലേ? ശരീരം ചൂടുപിടിപ്പിക്കാതെ ഇവയ്‌ക്ക് പറക്കാന്‍ കഴിയില്ല. ചിറകുകള്‍ പൂട്ടിയും വിടര്‍ത്തിയുമാണ്‌ ചിത്രശലഭങ്ങള്‍ വെയില്‍ കായുന്നത്‌.

പലവേഷങ്ങള്‍

മുട്ട, ശലഭപ്പുഴു, സമാധി എന്നീ പല വേഷങ്ങള്‍ക്കുശേഷമാണ്‌ പുള്ളിയുടുപ്പിട്ട ചിത്രശലഭം പുറത്തുവരുന്നത്‌. ചിത്രശലഭത്തിന്റെ രൂപാന്തരണത്തിലെ ആദ്യഘടകമാണ്‌ മുട്ട. ഓരോ ചിത്രശലഭത്തിനും ഓരോ ആഹാരച്ചെടിയുണ്ട്‌. (Food plant) ഈ ആഹാരച്ചെടിയില്‍ മാത്രമേ അവ മുട്ടയിടൂ. മുട്ട വിരിഞ്ഞുണ്ടാകുന്ന ശലഭപ്പുഴുവിന്‌ സ്വന്തം ആഹാരച്ചെടിയിലെ ഇലകള്‍ മാത്രമേ ഭക്ഷിക്കാനാവൂ.

ആകൃതിയിലും വലിപ്പത്തിലും നിറത്തിലും വൈവിധ്യമുള്ളതാണ്‌ ശലഭമുട്ടകള്‍. ചിലതു നാണയങ്ങള്‍പോലെ പരന്നിരിക്കും. ഉരുണ്ടതും നീണ്ടുരുണ്ടതും രത്നക്കമ്മലിന്റെ ആകൃതിയിലുമൊക്കെയുള്ള മുട്ടകള്‍ ഉണ്ട്‌. ഒറ്റയ്‌ക്കൊറ്റയ്‌ക്കും കൂട്ടമായും ഒന്നിനുമേല്‍ ഒന്നായി അടുക്കിവെച്ചതുപോലെയും മുട്ടയിടുന്ന ചിത്രശലഭങ്ങളുണ്ട്‌. മുട്ടയ്‌ക്ക് സാധാരണയായി വെള്ള, പച്ച, ഓറഞ്ച്‌ എന്നീ നിറങ്ങളാണുണ്ടാവുക. ചില ശലഭമുട്ടകളുടെ പുറത്തിനു മാര്‍ദ്ദവമുണ്ടെങ്കില്‍ മറ്റു ചിലവ കട്ടിയുള്ളതായിരിക്കും. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മുട്ട വിരിഞ്ഞു പുഴുവായി മാറുന്നു. വേനല്‍ക്കാലത്തു മുട്ടകള്‍ വിരിയാതെ ദീര്‍ഘനിദ്രയില്‍ കഴിയാറുണ്ട്‌. ഒറ്റപ്രാവശ്യം 50 മുതല്‍ 1000 വരെ മുട്ടയിടുന്ന ചിത്രശലഭങ്ങളുണ്ട്‌.

ശലഭപ്പുഴു

മുട്ടവിരിഞ്ഞ്‌ അടുത്തഘട്ടം ശലഭപ്പുഴുവാണ്‌. മിക്ക ശലഭങ്ങളുടെയും പുഴുക്കള്‍ ഉരുണ്ടുനീണ്ടവയായിരിക്കും. ശത്രുക്കളെ ഭയപ്പെടുത്തുന്ന ബഹുവര്‍ണ്ണത്തോടുകൂടിയവര്‍, ദേഹമാസകലം മുള്ളണിഞ്ഞവര്‍, പച്ച, കാവി, വെള്ള, കറുപ്പ്‌, നീല, തവിട്ട്‌, ചുവപ്പ്‌ തുടങ്ങിയ നിറത്തോടുകൂടിയവര്‍ തുടങ്ങി അതത്‌ പരിസ്‌ഥിതിക്കിണങ്ങുന്ന നിറവും രൂപവുമായിരിക്കും ശലഭപ്പുഴുവിനുണ്ടാവുക.

ശലഭപ്പുഴുവിന്‌ ഉടലിനുള്ളി ല്‍ നീണ്ട ആമാശയവും പട്ടുനൂല്‍ ഗ്രന്ഥികളുമുണ്ട്‌. ആഹാരസസ്യത്തിലെ ഇലകളെ തിന്നു തിന്നു വളരുക എന്നതാണ്‌ പുഴുവിന്റെ പ്രധാനജോലി. വളരുന്നതോടൊപ്പം സാധാരണ നിലയില്‍ അഞ്ചുപ്രാവശ്യമെങ്കിലും ഇവ തൊലി ഉരിയുന്നു. തലച്ചോറിനു പിന്നിലെ അന്തഃസ്രാവിഗ്രന്ഥികള്‍ പുറപ്പെടുവിക്കുന്ന ഹോര്‍മോണുകളാണ്‌ പുഴുവിന്റെ വളര്‍ച്ച, ചട്ടയഴിക്കല്‍ പ്യൂപ്പയിലേക്കും ശലഭത്തിലേയ്‌ക്കുമുള്ള രൂപാന്തരണം എന്നിവയെല്ലാം നിയന്ത്രിക്കുന്നത്‌. സ്വന്തം ആഹാരച്ചെടിയിലെ ഇലകള്‍ മാത്രമേ ശലഭപ്പുഴു ആഹാരമാക്കൂ. കുറ്റിക്കാടുകളും സസ്യജാലങ്ങളും വെട്ടിക്കളയുന്നത്‌ ചിത്രശലഭങ്ങളുടെ വംശനാശത്തിന്‌ വഴിയൊരുക്കും എന്നകാര്യം മറക്കാതിരിക്കുക.

സമാധി

ഏതാനും ദിവസംകൊണ്ട്‌ വളര്‍ച്ച പൂര്‍ത്തിയാക്കിയ പുഴു തീറ്റ മതിയാക്കി അന്നനാളത്തിലെ വസ്‌തുക്കള്‍ മുഴുവന്‍ ഒഴിച്ചശേഷം സമാധിക്കു തയാറെടുക്കുന്നു. ഭൂമിക്കടിയിലോ മരക്കൊമ്പുകളിലോ പോടുകളിലോ ആണ്‌ സമാധി. സ്വന്തം ശരീരത്തില്‍ നിന്നുത്‌പാദിപ്പിക്കുന്ന നാരുകളുടെയും ദ്രാവകങ്ങളുടെയും സഹായത്തോടെയാണ്‌ സമാധിക്കൂട്‌ (പ്യൂപ്പ) നിര്‍മ്മിച്ച്‌ ഇതിനുള്ളില്‍ ശലഭപ്പുഴു സുഷുപ്‌തിയിലാകുന്നു.

വിശ്രമഘട്ടമെന്നു വിശേഷിപ്പിക്കുന്ന സമാധിദശയിലാണ്‌ ശലഭജീവിതചക്രത്തിലെ സങ്കീര്‍ണവും വിപുലവുമായ മാറ്റങ്ങള്‍ ഉണ്ടാകുന്നത്‌. സസ്യഭാഗങ്ങള്‍ തിന്നുകൊണ്ട്‌ ഇഴഞ്ഞുനടന്നിരുന്ന പുഴു തേന്‍കുടിച്ചു പറന്നുനടക്കുന്ന ചിത്രപതംഗമായി മാറുന്ന അത്ഭുതവിദ്യ പ്യൂപ്പയ്‌ക്കുള്ളില്‍ നടക്കുന്നു. ശലഭത്തിന്റെ ശരീരാവയവങ്ങള്‍ പ്യൂപ്പയുടെ പുറന്തോടിലൂടെ കാണാന്‍ കഴിയും. നെഞ്ചുവികസിപ്പിച്ചാണ്‌ ശലഭം കൊക്കൂണ്‍ തോടു പൊട്ടിക്കുന്നത്‌. പറന്നുതുടങ്ങുന്നതിനുമുമ്പ്‌ കൈകാല്‍ തുഴഞ്ഞും തൂങ്ങിക്കിടന്നും ഉടലും ചിറകും ബലപ്പെടുത്തിയശേഷമേ ശലഭം പറക്കന്‍ തുടങ്ങൂ.

ചിത്രശലഭം

വളര്‍ച്ച പൂര്‍ത്തിയായ ചിത്രശലഭത്തിനു തല, ഉരസ്സ്‌, ഉദരം, ചിറക്‌ എന്നീ ഭാഗങ്ങളുണ്ട്‌. മറ്റു ഷഡ്‌പദങ്ങള്‍ക്കെന്നപോലെ ആറു കാലുകള്‍, ഒരു ജോഡി സ്‌പര്‍ശിനി, ഒ

രു ജോഡി കണ്ണ്‌, തുമ്പികൈയുടെ ആകൃതിയില്‍ ചുരുണ്ട വദനഭാഗം (Proboscis) എന്നീ അവയവങ്ങളുണ്ട്‌. ആവശ്യമില്ലാത്തപ്പോള്‍ വദനഭാഗം ചുരുട്ടി തലയുടെ കീഴെ വയ്‌ക്കുന്നു.

ഏറ്റവും വലിയ ചിത്രശലഭം

പാപ്പുവ ന്യുഗിനി ദീപ സമൂഹങ്ങളില്‍ കാണപ്പെടുന്ന ക്യൂന്‍ അലക്‌സാന്‍ട്രാസ്‌ ബേര്‍ഡ്‌ വിങ്‌ (Queen Alexandra's Birdwing Orinthoptera alaxandraae) ആണ്‌ ലോകത്തെ ഏറ്റവും വലിയ ചിത്രശലഭം. ഈ ഭീമന്‍ ചിറകുവിരിച്ചാ ല്‍ 280 മില്ലിമീറ്റര്‍ വരെ വിസ്‌താരം ഉണ്ട്‌. വടക്കേ അമേരിക്കയിലും മധ്യ അമേരിക്കയിലും കാണപ്പെടുന്ന ഹോമറസ്‌ സ്വാളോടെയിലിന്‌ 150 മില്ലിമീറ്റര്‍ വരെ ചിറകു വിസ്‌ താരമുണ്ട്‌. ആഫ്രിക്കയിലെ ഏറ്റവും വലിയ ചിത്രശലഭം ആഫ്രിക്ക ന്‍ ജയന്റ്‌ സ്വാളോടെയില്‍ ആണ്‌. ഇവന്‍ ചിറകുവിടര്‍ത്തി പറക്കുമ്പോള്‍ 23 മില്ലിമീറ്റര്‍ വരെ വിസ്‌താരം വരും. ഗരുഡശലഭമാണ്‌ (Southern Bird wing) ഭാരതത്തില്‍ കണ്ടുവരുന്ന ഏറ്റവും വലിയ ചിത്രശലഭം. ഇതിന്റെ ചിറകളവ്‌ 140- 190 മില്ലി മീറ്റര്‍ ആണ്‌.

ഇത്തിരിക്കുഞ്ഞന്‍

അഫ്‌ഗാനിസ്‌ഥാനില്‍ കാണപ്പെടുന്ന മൈക്രോസൈക്കി അരിയാന (Micropsyche araina)ആണ്‌ ലോകത്തിലെ ഏറ്റവും ചെറിയ ചിത്രശലഭം. വെറും 7.1 മില്ലിമീറ്ററാണ്‌ ഇതിന്റെ വലിപ്പം. അഫ്‌ഗാനിസ്‌ഥാനിലെ തണുപ്പേറിയതും വരണ്ടതുമായ ക്വാജാഗര്‍ മലനിരകളിലാണ്‌ ഈ ഇത്തിരിക്കുഞ്ഞന്‍മാരെ കാണപ്പെടുന്നത്‌.

ചിത്രശലഭ നിരീക്ഷണം

നമ്മുടെ വീട്ടുമുറ്റത്തുനിന്നുതന്നെ ഇതു തുടങ്ങാം. വീട്ടിലെ പൂന്തോട്ടത്തില്‍ എന്നും വിരുന്നുവരാറുള്ള പൂമ്പാറ്റകളുടെ പ്രത്യേകതകള്‍ ഒരു നോട്ടുബുക്കില്‍ കുറച്ചുവയ്‌ക്കൂ. നിങ്ങള്‍ക്കറിയാവുന്നപോലെ അവയുടെ ചിത്രവും വരയ്‌ക്കണേ.

ചിറകുകള്‍ തുറന്നിരിക്കുമ്പോഴും അടച്ചിരിക്കുമ്പോഴുമുള്ള നിറങ്ങള്‍ ചിത്രശലഭത്തെ കണ്ട സ്‌ഥലം, സമയം, തീയതി, കാലാവസ്‌ഥ, ഏത്‌ പൂവില്‍നിന്നാണ്‌ തേന്‍കുടിക്കുന്നത്‌ എന്നീ കാര്യങ്ങളെല്ലാം എഴുതിവയ്‌ക്കണം. ഇവയെ തിരിച്ചറിയാനായി ചിത്രശലഭങ്ങളെക്കുറിച്ചുള്ള പുസ്‌തകങ്ങള്‍ ഉപയോഗിക്കാം. സുരേഷ്‌ ഉമ്മന്‍ രചിച്ച്‌ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ പുറത്തിറക്കിയ കേരളത്തിലെ ചിത്രശലഭങ്ങള്‍ ഇതിന്‌ സഹായകരമാവും. കൂടാതെ ഇന്റര്‍നെറ്റിലും ചിത്രശലഭങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കൂം.

http://en.wikipedia.org/wiki/Butterfly

http://butterflywebsite.com/

http://www.nerdybirders.com/

http://www.butterflieskerala.com/

എന്നീ സൈറ്റുകളില്‍ വിശദവിവരങ്ങളുണ്ട്‌. ചില പൂച്ചെടികള്‍ വളരെയേറെ പൂമ്പാറ്റകളെ ആകര്‍ഷിക്കാറുണ്ട്‌. ബന്തി, തെച്ചി, അരിപ്പൂ, കൃഷ്‌ണകിരീടം എന്നീ പൂച്ചെടികള്‍ പൂന്തോട്ടത്തില്‍ വച്ചുപിടിപ്പിച്ചാല്‍ പൂമ്പാറ്റകളെ തേടി നടക്കേണ്ട അവസ്‌ഥ ഒഴിവാക്കാം. നിങ്ങളെത്തേടി പൂമ്പാറ്റകള്‍ വീട്ടിലേക്ക്‌ വരും. ചിത്രശലഭങ്ങള്‍ മുട്ടയിടുന്നതും ചിത്രശലഭപ്പുഴു ആഹാരമാക്കുന്നതുമായ ഏതാനും ചെടികളെ പരിചയപ്പെടാം. ഇവകൂടി പൂന്തോട്ടത്തി ല്‍ വെച്ചുപിടിപ്പിച്ചാല്‍ നിങ്ങളുടെ പൂന്തോട്ടം ഒരു പൂമ്പാറ്റപ്പാര്‍ക്കായി മാറ്റാം. കനകാമ്പരം, പാര്‍വതിച്ചെടി, കണിക്കൊന്ന, കറിവേപ്പ്‌, വെള്ളില, പാല്‍വള്ളി, ഈശ്വരമുല്ല, ഇലമുളച്ചി, പൊന്നരളി, വള്ളിപ്പാല, കാട്ടുവെണ്ട, പാഷന്‍ഫ്രൂട്ട്‌, വിവിധയിനം സൂര്യകാന്തികള്‍, ശംഖുപുഷ്‌പം, രാജമല്ലി, കോസ്‌മോസ്‌.

പറക്കുന്ന വെണ്ണ

വസന്തകാലത്തിന്റെ വരവോടെ തെക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ വെണ്ണയുടെ നിറമുള്ള കുഞ്ഞുശലഭങ്ങള്‍ (Brimstone) കൂട്ടം കൂട്ടമായി പറന്നുനടക്കാറുണ്ട്‌. ഇതുകാണുമ്പോള്‍ വെണ്ണ പറക്കുന്നതുപോലെ തോന്നിക്കുന്നു. ഇതില്‍ നിന്നുമാണ്‌ ഇംഗ്ലീഷില്‍ ബട്ടര്‍ഫ്‌ളൈ എന്ന പേരുണ്ടായത്‌.

നിശാശലഭങ്ങള്‍

ചിത്രശലഭങ്ങളും നിശാശലഭങ്ങളും സാമ്യതയുള്ള ഷഡ്‌പദങ്ങളാണെങ്കിലും അവയുടെ രൂപവും ജീവിതരീതിയും വളരെ വ്യത്യസ്‌തമാണ്‌. പേരു സൂചിപ്പിക്കുന്നതുപോലെതന്നെ നിശാശലഭങ്ങള്‍ രാത്രീഞ്ചരന്‍മാരാണ്‌. ചിത്രശലഭങ്ങളും നിശാശലഭങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍ നിങ്ങള്‍ നിരീക്ഷിച്ചിട്ടുണ്ടോ?. ചിത്രശലഭങ്ങളുടെ ചിറകുകള്‍ വ്യക്‌തമായ ആകൃതിയുള്ളതും മടക്കാവുന്നതുമാണ്‌. നിശാശലഭങ്ങള്‍ ഉദിക്കുമ്പോള്‍ അവയുടെ ചിറകുകള്‍ കൂടാരംപോലെ മുകളില്‍നിന്ന്‌ താഴേക്ക്‌ പരത്തിവെച്ചാണിരിക്കുന്നത്‌. മറ്റെന്തെല്ലാം വ്യത്യാസങ്ങളുണ്ടെന്ന്‌ നിരീക്ഷിച്ചെഴുതൂ.

ആഹാരം

ചിത്രശലഭങ്ങളുടെ ആഹാരം തേന്‍മാത്രമാണെന്നാണ്‌ പൊതുവെയുള്ള ധാരണ. അവയുടെ ജീവല്‍പ്രവര്‍ത്തനങ്ങള്‍ക്കായി ധാരാളം ധാതുലവണങ്ങളും ആവശ്യമുണ്ട്‌. നനഞ്ഞമണ്ണില്‍ വന്നിരിക്കുന്ന ചിത്രശലഭങ്ങളെ കണ്ടിട്ടില്ലേ. നനഞ്ഞ മണ്ണിലെ ഈര്‍പ്പത്തോടൊപ്പം അവ ധാതുലവണങ്ങളും വലിച്ചെടുക്കുന്നു. ഇതുകൂടാതെ പക്ഷി-ജന്തുകാഷ്‌ഠങ്ങള്‍, മറ്റ്‌ ജീര്‍ണ്ണിച്ച അവശിഷ്‌ടങ്ങള്‍ സസ്യങ്ങളുടെ കറ എന്നിവയില്‍ നിന്നൊക്കെ ഇവ നിരൂറ്റിക്കുടിക്കാറുണ്ട്‌. കുഞ്ഞന്‍ശലഭങ്ങളായ നീലിശലഭങ്ങള്‍ക്ക്‌ മനുഷ്യശരീരത്തിലെ വിയര്‍പ്പുകണങ്ങളിലെ ഉപ്പുരസം നുകരാന്‍ വലിയ ഇഷ്‌ടമാണ്‌. വിയര്‍ത്തിരിക്കുന്ന നമ്മുടെ വിരലുകള്‍ ഇവരുടെ നേരെ നീട്ടിയാല്‍ അവ ശാന്തയായി കൈയില്‍ വന്നിരുന്ന്‌ വിയര്‍പ്പുകണങ്ങള്‍ വലിച്ചെടുക്കും. നീലിശലഭങ്ങളെ നിരീക്ഷിക്കാനുള്ള ഒരു നല്ല മാര്‍ഗമാണ്‌ ഇത്‌.
Get Free Updates:
*Please click on the confirmation link sent in your Spam folder of Email*
Share :
+
Previous
Next Post »
0 Comments for "പൂമ്പാറ്റ[Butterflyes]"

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.

 
Thanks for Your Visit, Visit Again. DISCLAIMER :- If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. All the content avilable on this blog is informational purpose only.Reproduction and republishing of contents from here to any other websites or blogs is strictly prohibited.
Template By Kunci Dunia
Back To Top