സൈലന്റ് വാലിയിലുടെ ഒരു യാത്ര

Share it:

സൈലന്റ് വാലി ജലവൈദ്യുത പദ്ധതി സംബന്ധിച്ച വാദപ്രതിവാദങ്ങള്‍ തുടങ്ങിയ 1976-ല്‍ കേരള വനം ഗവേഷണ സ്ഥാപന (കെ.എഫ്.ആര്‍.ഐ) ത്തില്‍ രൂപീകൃതമായ വന്യജീവി വിഭാഗം അതിന്റെ അതിന്റെ ആദ്യപ്രവര്‍ത്തനം സൈലന്റ് വാലിയില്‍ തന്നെ തുടങ്ങി. ആ വിഭാഗത്തില്‍ നിയമിതരായ രണ്ട് യുവശാസ്ത്രജ്ഞരായിരുന്ന ഡോ.വി.എസ്.വിജയനും (അദ്ദേഹം ഇന്ന് സംസ്ഥാന ജൈവവൈവിദ്ധ്യ ബോര്‍ഡിന്റെ അദ്ധ്യക്ഷനാണ്) ഞാനും ഞങ്ങളുടെ പ്രവര്‍ത്തനം അവിടെ കേന്ദ്രീകരിച്ചു.


പ്രാരംഭ പഠനത്തിന് സൈലന്റ് വാലിയില്‍ ഡോ. വിജയന്‍ നടത്തിയ ഹൃസ്വസന്ദര്‍ശനത്തിനു ശേഷം ഞങ്ങളിരുവരും '77 ജനവരി 4-ന് വിശദപഠനങ്ങള്‍ക്കായി മുക്കാലിയിലെത്തി. മുക്കാലിക്കരികിലെ കാട്ടിലുണ്ടായിരുന്ന 'ചിന്തകി' വിശ്രമകേന്ദ്രത്തില്‍ (ആ കേന്ദ്രം ഇന്നില്ല.) താമസിച്ചായിരുന്നു പഠനങ്ങള്‍ക്ക് തുടക്കം. സമീപ വനപ്രദേശങ്ങളുമായി ലയിച്ചുകിടക്കുന്നതിനാല്‍ സൈലന്റ് വാലിക്ക് വ്യക്തമായ അതിരുകളില്ല. പശ്ചിമഘട്ട പര്‍വതനിരകളിലെ വനപ്രദേശങ്ങളായ അട്ടപ്പാടി, നിലമ്പൂര്‍, നീലഗിരി തുടങ്ങിയവയുമായി ചേര്‍ന്നാണ് 'നിശ്ശബ്ദ താഴ്‌വര' നിലനില്‍ക്കുന്നത്.

വനവാസകേന്ദ്രമോ വിശ്രമസ്ഥാനമോ ഉള്ള മുക്കാലി, ചിന്തകി, ആനവായ്, തുടുക്കി, ഹാവ്‌ലോക്ക്, സൈലന്റ് വാലി, കോരക്കുന്ന്, ആവലാഞ്ചി, അപ്പര്‍ ഭവാനി, നിലമ്പൂര്‍, കുഞ്ഞാലി കോളനി, കാളികാവ് തുടങ്ങിയ സ്ഥങ്ങളില്‍ തങ്ങിയായിരുന്നു സമീപപ്രദേശങ്ങളെപ്പറ്റിയുള്ള ഞങ്ങളുടെ പഠനം. ചിലയിടങ്ങളില്‍ ടെന്റടിച്ച് താമസിച്ചും പഠനങ്ങള്‍ നടത്തി. കുന്തിപ്പുഴയുടെ തീരത്ത് പാറപ്പുറത്തായിരുന്നു ടെന്റ്. പകലന്തിയോളം കാട്ടിലൂടെയുള്ള നടപ്പും രാത്രി പാറപ്പുറത്തുള്ള കിടപ്പും പോരെങ്കില്‍ കൊടും കണുപ്പും...എല്ലാം വളരെ സാഹസികമായിത്തോന്നി. വഴികാട്ടികള്‍ കൂടെക്കൂടെ വന്യമൃഗങ്ങളില്‍ നിന്നുള്ള അനുഭവങ്ങള്‍ വിവരിക്കുന്നത് ഭീതിതവുമായിരുന്നു.

ഓരോ താവളത്തിലും ആവശ്യത്തിന് ഭക്ഷണം കരുതും. സഹായത്തിന് മുക്കാലിയില്‍ നിന്നോ മണ്ണാര്‍ക്കാട്ട് നിന്നോ അടുത്തുള്ള ഗിരിവര്‍ഗ കോളനികളില്‍ നിന്നോ ആളെ കൂട്ടും. നിത്യവും ഒരു വഴികാട്ടിയുടെ സഹായത്തോടെയാണ് നിശ്ചിത വഴികളിലൂടെ ഞങ്ങളുടെ അന്വേഷണയാത്ര. അട്ടപ്പാടി വനം, സൈലന്റ് വാലി, നിലമ്പൂര്‍, ഊട്ടിയിലെ പുല്‍മേടുകള്‍ എന്നിവിടങ്ങളെല്ലാം നടന്നുകണ്ടു.


അട്ടപ്പാടിയില്‍ ആദ്യം പോയത് മല്ലേശ്വരം മുടി മലയിലേക്കാണ്. ഏതാണ്ട് 500 അടി ഉയര്‍ന്നുനില്‍ക്കുന്ന മലയുടെ മദ്ധ്യം വരെ മാത്രമേ വനമുള്ളു, പിന്നെ മുകളിലേക്ക് എട്ട് പത്തടി ഉയരത്തില്‍ ആനപ്പുല്ല് വളരുന്ന പുല്‍മേടാണ്. മൂര്‍ച്ചയുള്ള പുല്ലിന്‍ ഇലകള്‍ക്കിടയിലൂടെയുള്ള നടത്തം ആയാസകരമായിരുന്നു. നനഞ്ഞ മണ്ണില്‍ പതിഞ്ഞ കാട്ടുപന്നികളുടെ കുളമ്പടികള്‍. അതിനിടയിലൂടെ കലമാന്‍ കുളമ്പടിപ്പാടുകളുമുണ്ടായിരുന്നു. പിന്നെയൊരിടത്ത് കാട്ടുകുരങ്ങുകള്‍ കൂട്ടത്തോടെ ശബ്ദമുണ്ടാക്കുന്നത് കേട്ടു. കാട്ടുപോത്തിന്‍കൂട്ടത്തിന്റെ കുളമ്പ് പാടുകളും ചാണകവും കരടി വിസര്‍ജിച്ചിരുന്നതുമെല്ലാം കണ്ണില്‍പ്പെട്ടു. അവിടെ കണ്ട മാളങ്ങള്‍ അളുങ്കുകള്‍ (ഈനാമ്പേച്ചികള്‍) ധാരാളമുണ്ടെന്നതിന് തെളിവായിരുന്നു. അവിടിവിടെ കണ്ട ആനപ്പിണ്ഡം ആനക്കൂട്ടം അവിടെയുമെത്തുന്നുണ്ടെന്ന് തെളിയിച്ചു. മലയണ്ണാന്‍, കരിങ്കുരങ്ങ്, ആന, കലമാന്‍, കാട്ടുപന്നി തുടങ്ങിയ സസ്തനികളും വേഴാമ്പല്‍, കാട്ടുകോഴി തുടങ്ങിയ പക്ഷികളും ഇടക്കിടെ ഞങ്ങളുടെ കണ്ണില്‍പ്പെട്ടു.

മല്ലേശ്വരംമുടി മലയിലേക്കുള്ള യാത്രയില്‍ സസ്യലതാദികളെയും വൃക്ഷങ്ങളെയും പറ്റിയുള്ള വിവരങ്ങളും ഞങ്ങള്‍ ശേഖരിച്ചു. ഇലപൊഴിയും വനങ്ങളില്‍ സാധാരണമായ അയനി, ആല്‍, എടല, മരുത്, പാതിരി തുടങ്ങിയ വൃക്ഷങ്ങള്‍ അവിടെയുണ്ടായിരുന്നു. വൃക്ഷങ്ങളില്ലൊം വിവിധ തരം പക്ഷികളുമുണ്ട്. ഉയരം കൂടുംതോറും മണ്ണിന്റെയും അതില്‍ വളരുന്ന സസ്യങ്ങളുടെയും പ്രകൃതി മാറുന്നത് വ്യക്തമായിരുന്നു. ഉച്ചയായപ്പോള്‍ ഞങ്ങള്‍ മല്ലേശ്വരം മുടിയിലെത്തി ഉച്ചഭക്ഷണം കഴിച്ചു. ഇവിടെ ഗിരിവര്‍ഗക്കാരുടെ മല്ലേശ്വരം ദേവീക്ഷേത്രവുമുണ്ട്. വര്‍ഷത്തിലൊരിക്കല്‍ ഇവിടെ ഗിരിവര്‍ഗക്കാരുടെ ഉത്സവമാണ്.

വിശദമായ നിരീക്ഷണങ്ങള്‍ക്കായി ഞങ്ങള്‍ ഒരു മാസം അട്ടപ്പാടിയില്‍ ചിലവിട്ടു. അ വിടെ തുടുക്കിു വനത്തില്‍ സിംഹവാലന്‍ കുരങ്ങുൂകളുടെ മൂന്ന് കൂട്ടങ്ങളെ കണ്ടു. പിന്നീട് ആനവായിലെന്നപോലെ, തുടുക്കിയിലും ഞങ്ങള്‍ ഗിരിവര്‍ഗക്കാരുടെ കോളനിയിലാണ് താമസിച്ചത്. അട്ടപ്പാടിക്കുശേഷം സൈലന്റ് വാലിയിലേക്കായിരുന്നു യാത്ര.സൈരന്ധ്രിയിലായിരുന്നു ആദ്യ വാസസ്ഥലം. അവിടെ കെ.എസ്.ഇ.ബി. ജീവനക്കാരുടെ ഷെഡ്ഡിന്റെ മുറ്റത്ത് താമസിക്കാന്‍ അനുവാദം കിട്ടി. ടെന്റടിച്ച് ഒരു മാസത്തോളം അവിടെ താമസിച്ചാണ് സമീപപ്രദേശങ്ങള്‍ പഠിച്ചത്. അവിടെ അട്ടപ്പാടിയിലെ ഭവാനിപ്പുഴയുടെയും സൈലന്റ് വാലിയിലെ കുന്തിപ്പുഴയുടെയും പോഷക അരുവികളുടെ കരകളിലും ചരുവുകളിലുമെല്ലാം നിബിഡവനങ്ങളായിരുന്നു. അത് വന്യമൃഗസമ്പന്നവുമായിരുന്നു. കുറ്റിക്കാട്, പടര്‍ന്നു പന്തലിച്ച കാട്, സൂര്യപ്രകാശം തെല്ലും ഭൂമിയില്‍ പതിക്കാത്ത വിധം നിബിഡമായ നിത്യഹരിതവനം, പുല്‍മേട് എന്നിവയെല്ലാം അട്ടപ്പാടിയിലും സൈലന്റ്വാലിയിലും ഞങ്ങള്‍ പരക്കെ കണ്ടു.

അട്ടപ്പാടി വനത്തിന്റെ വലിയൊരു പങ്ക് ഗിരിവര്‍ഗക്കാരുടെ പാര്‍പ്പിടങ്ങളും കൃഷിയിടങ്ങളുമായി മാറിയിരുന്നു. പിന്നെ വനം വകുപ്പ് വൃക്ഷത്തോട്ടങ്ങള്‍ക്കായും കുറേ വനം വെട്ടിമാറ്റിയിതും. പക്ഷേ സൈലന്റ് വാലി മാത്രം നല്ല വനമേഖലയായി നിലനിന്നു. കെ.എസ്.ഇ.ബി.യുടെ പ്രാരംഭപ്രവര്‍ത്തങ്ങളും റെയില്‍വേ സ്ലീപ്പര്‍ നിര്‍മാണത്തിനുവേണ്ടി തടി തുടങ്ങിയ വനവിഭവശേഖരണവും മാത്രമാണ് അന്ന് അവിടെ അനുവദിച്ചിരുന്നത്.

സൈലന്റ് വാലിയില്‍പ്പെട്ട ചെറിയ വാളക്കാട് താമസിക്കുമ്പോള്‍ അതിനടുത്തുള്ള പുല്‍മേടുകള്‍ നിറഞ്ഞ ഏതാനും മലകളിലും ഞങ്ങള്‍ സഞ്ചരിച്ചു. ഓരോ മലയിലും പണ്ടുണ്ടായിരുന്ന റോഡിന്റേയും പാതകളുടേയും അവശിഷ്ടങ്ങള്‍ കാണാം. പണ്ട് ബ്രിട്ടീഷ് ഫോറസ്റ്റ് ഉദ്യോഗസ്ഥരോടൊപ്പം അകമ്പടി പോയിരുന്ന, 70-ലും അരോഗദൃഢഗാത്രനായ ഹംസയും മുക്കാലിയിലെ യച്ചി എന്ന ആദിവാസിയുമായിരുന്നു ഞങ്ങളുടെ വഴികാട്ടികള്‍. ബ്രിട്ടീഷ് ഭരണകാലത്ത് അവിടെ കാപ്പിത്തോട്ടങ്ങളുണ്ടായിരുന്ന കാര്യം അവരാണ് പറഞ്ഞത്. പിന്നീടവ ഉപേക്ഷിക്കപ്പെട്ടു. അക്കാലത്ത് മണ്ണാര്‍ക്കാട് നിന്നും ഊട്ടിയിലേക്ക് സൈലന്റ് വാലി വഴി ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ കൂടെക്കൂടെ പോകാറുണ്ടായിരുന്നത്രെ. വനസംരക്ഷണത്തിന്റെ കാര്യക്ഷമത പരിശോധിക്കാന്‍. അടിക്കടിയുള്ള ഈ യാത്രകള്‍ വനപാലനത്തില്‍ ഗുണമേന്മ ഉണ്ടാക്കിയിരുന്നതായി ഹംസ ഓര്‍ത്ത. പിന്നീട് പതുക്കെ ഈ പ്രവര്‍ത്തനം തന്നെ ഇല്ലാതായി.

ഗോട്ടിയാര്‍ മല, ഗോട്ടിയാര്‍ താഴ്‌വര, ആട്ടുംമുടി, വരയാട്ടുമുടി, തടിക്കണ്ടി, ഇടവാതി, ആനവായ്, ദുര്‍ഗമല, പാണച്ചോല, പൊട്ടിക്കല്‍, ശീങ്കവരൈ, മാരമല, തിമ്പിരമല, കുറുക്കത്തിക്കല്‍, ചെറുനാലിത്തോട് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഞങ്ങള്‍ സഞ്ചരിച്ചു. സ്ഥലനാമ പഠനത്തില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് വേണ്ടത്ര പേരുകള്‍ ഇവിടെയുണ്ട്. കുന്തിപ്പുഴയ്ക്ക് ആ പേരുണ്ടായത് പാണ്ഡവര്‍ വനവാസമനുഷ്ടിച്ചതിനാലാണെന്ന് ഐതിഹ്യവുമുണ്ട്.

ആ പഠനത്തിന് ഞങ്ങള്‍ക്ക് ആകെ ആറ് മാസമേ ലഭിച്ചുള്ളു. അക്കാലത്തിനിടയില്‍ താരതമ്യേന വലുപ്പനുള്ള 21 സസ്തനികളെയാണ് കണ്ടത്. പിന്നീട് നടന്ന പഠനങ്ങള്‍ ഇതിലുമെത്രയോ ഏറെ ജീവികളെ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. വെള്ളക്കുരങ്ങ്, കരിങ്കുരങ്ങ്, സിംഹവാലന്‍ കുരങ്ങ്, ഹനുമാന്‍ കുരങ്ങ്, കുട്ടിത്തേവാങ്ക്, കടുവ, പുള്ളിപ്പുലി, കാട്ടുപൂച്ച, വെരുക്, മലബാര്‍ വെരുക്, മരപ്പട്ടി, തവിട്ട് മരപ്പട്ടി, കുറുക്കന്‍, ചെന്നായ, കരടി, മലയണ്ണാന്‍, മുള്ളന്‍ പന്നി, ആന, കാട്ടുപോത്ത്, വരയാട്, കലമാന്‍, കാട്ടാട്, കൂരന്‍, കാട്ടു പന്നി, അളുങ്ക്, പറക്കും കുറുക്കന്‍, കീരി, ചെങ്കീരി, നീര്‍നായ,എലിവര്‍ഗങ്ങള്‍, പ്രാണിതീനികള്‍, തുടങ്ങിയ സസ്തനികളും മലമുഴക്കി വേഴാമ്പലുള്‍പ്പടെ 200-ലധികം പക്ഷികളും ഉടുമ്പ് മുതല്‍ രാജവെമ്പാല വരെയുള്ള ഉരഗങ്ങളും പലതരം ഉഭയജീവികളും മത്സ്യങ്ങളും ശലഭങ്ങളും ഈ നിശ്ശബ്ദ താഴ്‌വരയിലെ ജീവി സമൂഹത്തില്‍പ്പെടുന്നു. പ്രകൃതിയുടെ വരദാനം പോലെ ജനിതകവൈവിദ്ധ്യം നിറഞ്ഞ ജൈവസമ്പത്തായിരുന്നു സൈലന്റ് വാലിയില്‍.

(2009 നവംബര്‍ 15-ന് 'മാതൃഭൂമി വാരാന്തപ്പതിപ്പ്' പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂര്‍ണരൂപം. ലേഖകന്‍ ഇപ്പോള്‍ എത്യോപ്പിയയിലെ ആഡിസ് അബാബ സര്‍വകലാശാലയില്‍ ജീവശാസ്ത്രവിഭാഗം പ്രൊഫസ്സറാണ്).
Share it:

പരിസ്ഥിതി

സൈലന്റ് വാലി

Post A Comment:

0 comments: