ഭോപ്പാല്‍ ദുരന്തം

ലോകത്ത്‌ ഉണ്ടായിട്ടുള്ളതില്‍വച്ച്‌ ഏറ്റവും ഭീകരമായ വ്യാവസായിക പാരിസ്‌ഥിതിക ദുരന്തത്തിന്‌ ഡിസംബര്‍ 3ന്‌ കാല്‍ നൂറ്റാണ്ട്‌ തികയുകയാണ്‌. മധ്യപ്രദേശിന്റെ തലസ്‌ഥാനമായ ഭോപ്പാലില്‍ പ്രവര്‍ത്തിച്ചിരുന്ന യൂണിയന്‍ കാര്‍ബൈഡ്‌ കീടനാശിനി നിര്‍മ്മാണശാലയില്‍ നിന്ന്‌ 1984 ഡിസംബര്‍ 3ന്‌ പുലര്‍ച്ചെയ്‌ക്ക് ചോര്‍ന്ന മീഥൈല്‍ ഐസോസയനേറ്റ്‌ എന്ന വിഷവാതകമാണ്‌ ദുരന്തം വിതച്ചത്‌.

എട്ടുലക്ഷത്തിലധികം പേര്‍ തിങ്ങിപ്പാര്‍ക്കുന്ന ഭോപ്പാല്‍ നഗരത്തിലെ രണ്ടു ലക്ഷത്തോളംപേരെ ഈ അപകടം ദുരിതത്തിലാഴ്‌ത്തി. ഔദ്യോഗിക കണക്കനുസരിച്ച്‌ തിരിച്ചറിഞ്ഞ മുതദേഹങ്ങള്‍ 3,410 ആണ്‌. അനൗദ്യോഗിക കണക്കനുസരിച്ച്‌ പതിനായിരത്തിലധികം പേര്‍ മരിച്ചിട്ടുണ്ടാകും എന്ന്‌ വിശ്വസിക്കപ്പെടുന്നു. 3000 ത്തിലധികം പേര്‍ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്‌ഥയിലായി. ജനിതക മ്യൂട്ടേഷന്‍ സംഭവിച്ച്‌ അംഗവൈകല്യത്തോടെ പിറന്നുവീഴുന്ന കുഞ്ഞുങ്ങളിലൂടെ ഇന്നും ദുരന്തം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഹരിതവിപ്ലവത്തിന്‌ ആക്കം കൂട്ടാനും തൊഴിലും വികസനവും മധ്യപദേശിലെത്തിക്കാനുമായി ബഹുരാഷ്‌ട്ര കുത്തക കമ്പനിയായ യൂണിയന്‍ കാര്‍ബൈഡ്‌, 25 കോടി രൂപ മുതല്‍ മുടക്കി, 1977 ലാണ്‌ പ്രവര്‍ത്തനമാരംഭിക്കുന്നത്‌. തുടക്കത്തില്‍ ഭാഗികമായി മാത്രം ഉല്‍പ്പാദനമാരംഭിച്ച യൂണിയന്‍ കാര്‍ബൈഡ്‌ ഫാക്‌ടറി 1979 ഓടുകൂടി പൂര്‍ണമായും പ്രവര്‍ത്തനസജ്‌ജമായി. ഭോപ്പാലിലെ കീടനാശിനി ഫാക്‌ടറി മുഖ്യമായും ഉത്‌പാദിപ്പിച്ചിരുന്നത്‌ മീഥൈല്‍ ഐസോസയനേറ്റ്‌ അടിസ്‌ഥാനമാക്കിയുള്ള സെവിന്‍ എന്ന കീടനാശിനിയാണ്‌. (മീഥൈല്‍ ഐസോസയനേറ്റും ആല്‍ഫാ നാഫ്‌തോളും തമ്മില്‍ പ്രതിപ്രവര്‍ത്തിപ്പിച്ച്‌ ഈ കീടനാശിനി നിര്‍മ്മിക്കാമെന്ന്‌ കണ്ടെത്തിയത്‌ ജോസഫ്‌ ലാംബ്രെഡ്‌ എന്ന രസതന്ത്രജ്‌ഞനാണ്‌.) അത്യന്തം അപകടകരമായതും സൂക്ഷിച്ചുവയ്‌ക്കാന്‍ കൊള്ളാത്തതുമായ ഒരു വാതകമാണ്‌ മിക്ക്‌. അതുകൊണ്ട്‌ ഇന്ത്യയിലൊഴിച്ച്‌ കാര്‍ബൈഡിന്റെ മറ്റു രാജ്യങ്ങളിലുള്ള ഫാക്‌ടറികളിലെല്ലാം ഈ വാതകം സൂക്ഷിച്ചുവയ്‌ക്കാതെതന്നെ തുടര്‍ച്ചയായ ഉത്‌പാദനവും ഉപയോഗവുമാണ്‌ നടക്കുന്നത്‌. ഭരണകൂടങ്ങളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരുടെയും ജാഗ്രതക്കുറവും ഉത്തരവാദിത്വമില്ലായ്‌മയും അവബോധമില്ലായ്‌മയുമെല്ലാം ഈ ദുരന്തത്തിന്‌ കാരണമായിട്ടുണ്ട്‌. ലക്ഷക്കണക്കിന്‌ അളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരത്തില്‍ ഇത്തരം ഫാക്‌ടറികള്‍ തുടങ്ങുമ്പോള്‍ അനുവര്‍ത്തിക്കേണ്ട നടപടിക്രമങ്ങളൊന്നും കാര്‍ബൈഡിനെ സംബന്ധിച്ച്‌ ഭോപ്പാലില്‍ പാലിച്ചിരുന്നില്ല.

അപകടം വിതച്ച ടാങ്ക്‌ 610യൂണിയന്‍ കാര്‍ബൈഡ്‌ ഫാക്‌ടറിയില്‍ മിക്‌ സൂക്ഷിച്ചുവയ്‌ക്കാനായി 60 ടണ്‍ വീതം ശേഷിയുള്ള മൂന്ന്‌ ടാങ്കുകളാണ്‌ ഉണ്ടായിരുന്നത്‌. 610, 611, 619 എന്നിങ്ങന നമ്പരുകള്‍ കൊടുത്തിരുന്ന ഈ ടാങ്കുകളില്‍ ഒരെണ്ണം എപ്പോഴും കാലിയായിരിക്കും. ഉപയോഗത്തിലിരിക്കുന്ന ടാങ്കുകളില്‍ മര്‍ദ്ദം ഉയരുകയാണെങ്കില്‍ ഉടന്‍തന്നെ കാലി ടാങ്കിലേക്ക്‌ കുറെ വാതകം മാറ്റി മര്‍ദ്ദം നിയന്ത്രിക്കാനായിരുന്നു ഇത്‌.

ടാങ്ക്‌ 610 ലെ മര്‍ദ്ദം ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്നതായി രാത്രി 11 മണിയോടുകൂടിത്തന്നെ ഈ ഷിഫ്‌റ്റില്‍ ജോലിചെയ്‌തിരുന്നവരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. കീടനാശിനി നിര്‍മ്മാണത്തിന്‌ ടാങ്കിലെ മര്‍ദ്ദം വര്‍ദ്ധിപ്പിച്ച്‌ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണെന്നാണ്‌ അവര്‍ ധരിച്ചത്‌. ടാങ്കിന്റെ സുരക്ഷാ വാല്‍വ്‌ തെറിച്ചുപോയതായി രാത്രി പന്ത്രണ്ടുമണിയോടുകൂടി ഇബ്രാഹിം ഖുറേഷി എന്ന പ്രൊഡക്ഷന്‍ അസിസ്‌റ്റന്റ്‌ കണ്ടുപിടിച്ചുവെങ്കിലും വൈ

കിപ്പോയിരുന്നു. രാത്രി ഒരു മണിയോടുകൂടി 33 മീറ്റര്‍ ഉയരമുള്ള പുകക്കുഴലിലൂടെ ദുരന്തവാതകം പുറത്തേക്ക്‌ പ്രവഹിക്കാന്‍ തുടങ്ങി.

ദുരന്തം വന്ന വഴിഈ വാതകത്തെ നിര്‍വീര്യമാക്കാനുള്ള സാങ്കേതികവിദ്യകളുണ്ടായിരുന്നെങ്കിലും ഇവയൊന്നും തന്നെ കാര്‍ബൈഡ്‌ ഫാക്‌ടറിയില്‍ പ്രവര്‍ത്തനക്ഷമമായിരുന്നില്ല. പുക ദ്വാരത്തിലൂടെ കടക്കുന്ന വാതകത്തെ കാസ്‌റ്റിക്‌ സോഡാ ലായനി ഉപയോഗിച്ച്‌ കഴുകി നിര്‍വീര്യമാക്കാനുള്ള സംവിധാനം, ഇതില്‍നിന്നും ചെറിയതോതില്‍ രക്ഷപ്പെട്ടേക്കാവുന്ന വാതകത്തെ കത്തിച്ചുകളയാനുള്ള എപ്പോഴും ഒരു തീനാളം നിലനിര്‍ത്തുന്ന ജ്വാലാടവര്‍, മിക്‌ വെള്ളത്തിന്റെ സാന്നിധ്യത്തില്‍ വിഘടിക്കുന്നതിനാല്‍ ഫാക്‌ടറി പരിസരത്ത്‌ മിക്‌ പരക്കാനിടയായാല്‍ തുറന്നുവിടാനുള്ള ജലകര്‍ട്ടന്‍ (15 മീറ്ററോളം ഉയരത്തില്‍ വെള്ളം സ്‌പ്ര ചെയ്‌ത് ഒരു ജല കര്‍ട്ടന്‍ സൃഷ്‌ടിക്കാന്‍ ഈ സംവിധാനത്തിനു കഴിയും.) എന്നീ സുരക്ഷാ സവിധാനങ്ങളൊന്നുംതന്നെ യഥാസമയത്ത്‌ പ്രവര്‍ത്തന സജ്‌ജമായിരുന്നില്ല. ഡിസംബറിലെ തണുപ്പാണെങ്കിലും തകരപ്പാട്ടകൊണ്ടും മറ്റും തട്ടിപ്പടച്ച കുടിലുകളില്‍ തണുപ്പിനെ പ്രതിരോധിക്കാനാകാതെ കിടന്നുറങ്ങുന്നവരെയും റെയില്‍വേ സ്‌റ്റേഷനിലും ബസ്‌ സ്‌റ്റാന്‍ഡിലും കടത്തിണ്ണങ്ങളിലും മറ്റും രാത്രി കഴിച്ചുകൂട്ടുന്നവരെയുമാണ്‌ കൊലയാളിപ്പുക ആദ്യം ആക്രമിക്കുന്നത്‌. ജനലും വാതിലുമടച്ചിട്ട്‌ സുരക്ഷിതമായ വീടിനകത്തു കിടന്നുറങ്ങിയവര്‍ വിവരമറിയാന്‍ പിന്നെയും സമയമെടുത്തു. രാത്രി 12 1/2 യോടുകൂടിത്തന്നെ പലരും ചുമച്ചുകൊണ്ട്‌ ഞെട്ടിയുണര്‍ന്നു. പലര്‍ക്കും കണ്ണില്‍ മുളകുപൊടി കയറിയതുപോലുള്ള അസ്വസ്‌ഥതയനുഭവപ്പെട്ടു. പലരെയും പലവിധത്തിലാണ്‌ മീഥൈല്‍ ഐസോസയനേറ്റ്‌ ആക്രമിച്ചത്‌. കഠിനമായ നെഞ്ചടപ്പ്‌, കാഴ്‌ചക്കുറവ്‌, കണ്ണെരിച്ചില്‍, വായില്‍ നുരയും പതയും തലവേദന, തലചുറ്റല്‍, നെഞ്ചെരിച്ചില്‍, ശ്വാസംമുട്ടല്‍, ഛര്‍ദ്ദി എന്നീ അസ്വസ്‌തതകളുമായി കാര്യം എന്തെന്നറിയാതെ ആയിരങ്ങള്‍ തെരുവില്‍ ഉഴറിനടന്നു. ഭോപ്പാല്‍ നഗരത്തിലുള്ള ഹമീദിയ ആശുപത്രി ആയിരക്കണക്കിന്‌ രോഗികളെക്കൊണ്ട്‌ നിറഞ്ഞു. അശുപത്രിയിലേക്കുള്ള ഓട്ടത്തിനിടയില്‍ പലരും മരിച്ചുവീണു. കാര്‍ബൈഡു ഫാക്‌ടറിയില്‍നിന്ന്‌ എന്തോ വിഷവാതകം ചോര്‍ന്നു എന്നു മനസിലാക്കിയവരില്‍ വാഹനസൗകര്യമുള്ളവര്‍ ജീവനുംകൊണ്ട്‌ അതില്‍ കയറി രക്ഷപ്പെട്ടു. വാഹനസൗകര്യമില്ലാത്ത ദരിദ്രരും കന്നുകാലികളും തെരുവില്‍ പിടഞ്ഞുവീണു മരിച്ചു. മരിച്ചവരില്‍ 80 ശതമാനം കുട്ടികളും (15 വയസ്സിനു താഴെയുള്ളവര്‍) 20 ശതമാനം സ്‌ത്രീകളും 10% വൃദ്ധരുമായിരുന്നു. ദുരന്തത്തിന്റെ 25-ാം വാര്‍ഷികമാചരിക്കുന്ന ഈ സമയത്തും ദുരന്തബാധിതര്‍ക്ക്‌ അര്‍ഹിക്കുന്ന നീതിയോ നഷ്‌ടപരിഹാരമോ നല്‌കിയിട്ടില്ല. മരിച്ചവരുടെയും ദുരന്തബാധിതരുടെയും കൃത്യമായ എണ്ണം കോടതിയില്‍ സ്‌ഥാപിച്ചെടുക്കാന്‍ ഗവണ്‍മെന്റിനു കഴിയാതിരുന്നതിനാല്‍ ഇന്ത്യ ആവശ്യപ്പെട്ട 3000 ദശലക്ഷം ഡോളര്‍ നഷ്‌ടപരിഹാരം 470 ദശലക്ഷം ഡോളറായി കുറഞ്ഞു. 2001 ല്‍ ഡൗ കെമിക്കല്‍സ്‌ യൂണിയന്‍ കാര്‍ബൈഡിനെ വിലയ്‌ക്കുവാങ്ങി. വിഷവാതകദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഈ കമ്പനി തയാറാവാത്തതിനാല്‍ ഭോപ്പാല്‍ ദുരന്തത്തിന്റെ ഉത്തരവാദികളെല്ലാം ഫലത്തില്‍ രക്ഷപ്പെട്ടിരിക്കുന്നു.
Get Free Updates:
*Please click on the confirmation link sent in your Spam folder of Email*
Share :
+
Previous
Next Post »
0 Comments for "ഭോപ്പാല്‍ ദുരന്തം"

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.

 
Thanks for Your Visit, Visit Again. DISCLAIMER :- If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. All the content avilable on this blog is informational purpose only.Reproduction and republishing of contents from here to any other websites or blogs is strictly prohibited.
Template By Kunci Dunia
Back To Top