ജ്‌ഞാനപീഠം കയറിയ മലയാളികള്‍

Share it:
ഭാരതീയ ജ്‌ഞാനപീഠട്രസ്‌റ്റിന്റെ വകയായി ഇന്ത്യന്‍ സാഹിത്യകൃതികള്‍ക്ക്‌ നല്‍കിവരുന്ന മഹത്തായ പുരസ്‌കാരം. അംഗീകൃത ഇന്ത്യന്‍ ഭാഷകളില്‍ നിശ്‌ചിത കാലയളവിലുണ്ടാകുന്ന സാഹിത്യ കൃതികളില്‍ ഏറ്റവും മികച്ചതെന്ന്‌ നിര്‍ണ്ണയിക്കപ്പെടുന്ന കൃതിക്കാണ്‌ നേരത്തെ സമ്മാനം നല്‍കിവന്നത്‌. 1944ല്‍ ശാന്തിപ്രസാദ്‌ ജയിനിന്റെയും രമാ ജയിനിന്റെയും നേതൃത്വത്തില്‍ കല്‍ക്കത്തയിലാണ്‌ ജ്‌ഞാനപീഠം ട്രസ്‌റ്റ് നിലവില്‍ വന്നത്‌. 1982 മുതല്‍ സമ്മാനത്തിന്‌ കര്‍ത്താവിന്റെ മൊത്തം സാഹിത്യസംഭാവനകള്‍ പരിഗണിക്കപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും മഹത്തായ ഈ സാഹിത്യ പുരസ്‌കാരം നേടിയ മലയാളികളെ പരിചയപ്പെടാം; കൂടാതെ കഴിഞ്ഞവര്‍ഷം വരെ ജ്‌ഞാനപീഠ സമ്മാനിതരായ എഴുത്തുകാരെയും .

ജി. ശങ്കരക്കുറുപ്പ്‌ (1901 - 1978)


കവിത്രയത്തിനുശേഷം മലയാളകാവ്യരംഗത്ത്‌ തല ഉയര്‍ത്തിനിന്ന കവിയാണ്‌ ജി. ശങ്കരക്കുറുപ്പ്‌. എറണാകുളം ജില്ലയില്‍ കാലടിക്കടുത്ത്‌ നായത്തോട്‌ എന്ന സ്‌ഥലത്ത്‌ 1901 ജൂണ്‍ 3ന്‌ ജനിച്ചു. മലയാളം വിദ്വാന്‍ പരീക്ഷ ജയിച്ചശേഷം സ്‌കൂളധ്യാപകനായി. പിന്നീട്‌ എറണാകുളം മഹാരാജാസ്‌ കോളജില്‍ മലയാളം പ്രൊഫസര്‍, ആകാശവാണി ഉപദേഷ്‌ടാവ്‌, കേരള സാഹിത്യ പരിഷത്‌ അധ്യക്ഷന്‍, തിലകം പത്രാധിപര്‍ എന്നീ നിലകളിലും സേവനമനുഷ്‌ഠി

ച്ചു. പ്രധാന കൃതികള്‍: സാഹിത്യകൗതുകം (4 ഭാഗങ്ങള്‍), സൂര്യകാന്തി, നവാതിഥി, നിമിഷം, ഇതളുകള്‍, ഓടക്കുഴല്‍ തുടങ്ങിയ കാവ്യസമാഹാരങ്ങളും സന്ധ്യ, ഇരുട്ടിനുമുമ്പ്‌ എന്നീ നാടകങ്ങളും രാജനന്ദിനി, ഹരിശ്‌ചന്ദ്രന്‍ എന്നീ കഥകളും ടിപ്പു, ഹൈദരാലി തുടങ്ങിയ ജീവചരിത്രങ്ങളും പ്രധാന കൃതികളില്‍ ഉള്‍പ്പെടുന്നു. ഇളംചുണ്ടുകള്‍, ഓലപ്പീപ്പി, കാറ്റേവാ കടലേവാ എന്നീ ബാലകവിതാസമാഹാരങ്ങളും ഇദ്ദേഹത്തിന്റെ സംഭാവനകളാണ്‌. ഗദ്യോപഹാരം, ജിയുടെ ഗദ്യലേഖനങ്ങള്‍ എന്നിവ മലയാളത്തിലെ ഇരുത്തംവന്ന ഗദ്യശൈലിക്കുദാഹരണങ്ങളാണ്‌. ജി.യുടെ ആത്മകഥയാണ്‌ ഓര്‍മയുടെ ഓളങ്ങളില്‍.വിശ്വദര്‍ശനത്തിന്‌ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും (1963) കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. ഓടക്കുഴല്‍ എന്ന കാവ്യസമാഹാരത്തിന്‌ ആദ്യത്തെ ജ്‌ഞാനപീഠ സമ്മാനം (1966) ലഭിച്ചു. ജാനപീഠ സമ്മാനമായി ലഭിച്ച തുകയില്‍ ഒരു ഭാഗംകൊണ്ട്‌ ഓടക്കുഴല്‍ അവാര്‍ഡ്‌ എന്ന സാഹിത്യ സമ്മാന പദ്ധതി ഏര്‍പ്പെടുത്തി. 1967-ല്‍ സോവിയറ്റ്‌ ലാന്‍ഡ്‌ നെഹ്‌റു അവാര്‍ഡ്‌ ലഭിച്ചു. കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ്‌ ലഭിച്ചിട്ടുണ്ട്‌. പത്മഭൂഷണ്‍ ബഹുമതിക്കും അര്‍ഹനായി. 1968ല്‍ രാജ്യസഭയിലേക്ക്‌ നോമിനേറ്റ്‌ ചെയ്യപ്പെട്ടു. 1978 ഫെബ്രുവരി 2ന്‌ അന്തരിച്ചു.

എസ്‌.കെ. പൊറ്റെക്കാട്ട്‌ (1913 - 1982)


ശങ്കരന്‍കുട്ടി കുഞ്ഞിരാമന്‍ നായര്‍ പൊറ്റെക്കാട്ട്‌ എന്നാണ്‌ ശരിയായ പേര്‌. കോഴിക്കോട്ട്‌ പൊറ്റെക്കാട്ടു വീട്ടില്‍ 1913 മാര്‍ച്ച്‌ 14ന്‌ ജനിച്ചു. ഇന്റര്‍മീഡിയറ്റ്‌ കഴിഞ്ഞപ്പോഴേക്കും ഒരു സാഹിത്യകാരനെന്ന നിലയില്‍ അദ്ദേഹം പേരെടുത്ത്‌ കഴിഞ്ഞിരുന്നു. 1936-ല്‍ കോഴിക്കോട്‌ നാഷണല്‍ ഗുജറാത്തി സ്‌കൂളില്‍ അധ്യാപകനായി. ആ വര്‍ഷംതന്നെ ആദ്യത്തെ കവിതാസമാഹാരമായ പ്രഭാതകാന്തി പ്രസിദ്ധീകരിച്ചു. 1939-ല്‍ ബോംബെയിലേക്കു പോയി. 1944 വരെ അവിടെ പല ജോലികളിലും ഏര്‍പ്പെട്ടു. അതിനിടയില്‍ ഇന്ത്യ മുഴുവന്‍ ചുറ്റിക്കറങ്ങി. 1949 ല്‍ വിപുലമായ ലോകസഞ്ചാരം ആരംഭിച്ചു. ആദ്യകാല നോവലുകളായ നാടന്‍ പ്രേമം, മൂടുപടം തുടങ്ങിയവ മനംകവരുന്ന പ്രേമകഥകളാണ്‌. വിഷകന്യക, ഒരു തെരുവിന്റെ കഥ എന്നിവയും പ്രധാനപ്പെട്ട കൃതികളില്‍പ്പെടുന്നു. അതിരാണിപ്പാടത്തു ജീവിച്ചു മരിച്ചവരുടെ കഥപറയുന്ന ഒരു ദേശത്തിന്റെ കഥ ആത്മകഥാപരമായ ഒരു രചനയാണ്‌. 1945-ല്‍ നടത്തിയ കാശ്‌മീര്‍ പര്യടനത്തെ തുടര്‍ന്ന്‌ രചിച്ച കാശ്‌മീര്‍ എന്ന യാത്രാവിവരണഗ്രന്ഥത്തോടെ ഇദ്ദേഹം ഒരു സഞ്ചാര സാഹിത്യകാരനായി അറിയപ്പെട്ടുതുടങ്ങി. കാപ്പിരികളുടെ നാട്ടില്‍, ബാലിദ്വീപ്‌, നൈല്‍ ഡയറി, സിംഹഭൂമി തുടങ്ങി പതിനേഴോളം യാത്രാവിവരണഗ്രനങ്ങള്‍ രച്ചിച്ചു. യവനികയ്‌ക്കു പിന്നില്‍ എന്ന കഥാസമാഹാരത്തിനും വിഷകന്യക എന്ന നോവലിനും മദ്രാസ്‌ ഗവണ്‍മെന്റിന്റെ അവാര്‍ഡ്‌ ലഭിച്ചു. ഒരു തെരുവിന്റെ കഥയ്‌ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും ഒരു ദേശത്തിന്റെ കഥയ്‌ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും ജ്‌ഞാനപീഠ സമ്മാനവും ലഭിച്ചു. കാലിക്കട്ട്‌ സര്‍വകലാശാല ഡിലിറ്റ്‌ ബിരുദം നല്‍കി ഇദ്ദേഹത്തെ ബഹുമാനിച്ചു. കേരള സാഹിത്യ അക്കാദമിയുടെ അംഗമായി 25 വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. 1962 മുതല്‍ 67 വരെ ലോക്‌സഭാംഗമായിരുന്നു. 1982 ആഗസ്‌റ്റ് 6ന്‌ നിര്യാതനായി.

തകഴി ശിവശങ്കരപ്പിള്ള (1912 - 1999)


അന്താരാഷ്‌ട്ര പ്രശസ്‌തനായ മലയാള നോവലിസ്‌റ്റ്. തോട്ടിയുടെ മകന്‍, രണ്ടിടങ്ങഴി, ചെമ്മീന്‍, ഏണിപ്പടികള്‍, അനുഭവങ്ങള്‍ പാളിച്ചകള്‍, കയര്‍ തുടങ്ങിയ ഇരുപത്തഞ്ചിലധികം നോവലുകളും എണ്ണൂറില്‍പ്പരം ചെറുകഥകളും ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. 1912 ഏപ്രില്‍-17ന്‌ തകഴി പടഹാരംമുറിയില്‍ അരീപ്പുറത്തു വീട്ടില്‍ ജനിച്ചു. തിരുവനന്തപുരം ലോ കോളജില്‍ നിന്ന്‌ പ്‌ളീഡര്‍ഷിപ്പ്‌ കോഴ്‌സ് പൂര്‍ത്തിയാക്കി. അമ്പലപ്പുഴയില്‍ പ്‌ളീഡറായി പ്രാക്‌ടീസ്‌ തുടങ്ങി. വെള്ളപ്പൊക്കത്തില്‍ എന്ന കഥയിലൂടെയാണ്‌ കഥാകൃത്ത്‌ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്‌. സാധാരണ ഭാഷയും സാധാരണ ശൈലിയും സാധാരണക്കാരായ കഥാപാത്രങ്ങളും തകഴിക്കഥകളുടെ പ്രത്യേകതകളാണ്‌. തകഴി പുരോഗമന സാഹിത്യ പ്രസ്‌ഥാനത്തിന്റെ പ്രധാന പ്രവര്‍ത്തകനായിരുന്നു. ചെമ്മീന്‍ എന്ന നോവലിന്‌ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും ഏണിപ്പടികള്‍ക്ക്‌ 1964ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും കയറിന്‌ 1979ലെ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം അവാര്‍ഡ്‌, 1983ലെ വയലാര്‍ അവാര്‍ഡ്‌ എന്നിവയും ലഭിച്ചു. മൊത്തത്തിലുള്ള സാഹിത്യ സംഭാവനകളെ അടിസ്‌ഥാനപ്പെടുത്തി 1984ലെ ജ്‌ഞാനപീഠം അവാര്‍ഡിന്‌ അര്‍ഹനായി. 1985-ല്‍ പത്മഭൂഷണ്‍ ബഹുമതി നല്‍കി ഇദ്ദേഹത്തെ ആദരിച്ചു. പതിതപങ്കജം, ജീവിതം സുന്ദരമാണ്‌ - പക്ഷേ, നുരയും പതയും, മക്കള്‍, അടിയൊഴുക്കുകള്‍ തുടങ്ങിയ നോവലുകള്‍; ഞാന്‍ പിറന്ന നാട്‌, മാഞ്ചുവട്ടില്‍, മകളുടെ മകള്‍, തെരഞ്ഞെടുത്ത കഥകള്‍ എന്നീ കഥാസമാഹാരങ്ങള്‍; എന്റെ വക്കീല്‍ ജീവിതം, എന്റെ ബാല്യകാലം എന്നീ ആത്മകഥകള്‍, തോറ്റില്ല എന്ന നാടകം എന്നിവയാണ്‌ മറ്റു കൃതികള്‍. 1999 ഏപ്രില്‍ 10ന്‌ അന്തരിച്ചു.

എം.ടി. വാസുദേവന്‍ നായര്‍


പാലക്കാട്‌ ജില്ലയിലെ കൂടല്ലൂരില്‍ 1933 ജൂലൈ 15ന്‌ ജനനം. കുമരനല്ലൂര്‍ ഹൈസ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. പാലക്കാട്‌ വിക്‌ടോറിയ കോളജില്‍ നിന്ന്‌ 1953-ല്‍ ബി.എസ്സി (കെമിസ്‌ട്രി) ബിരുദം. അദ്ധ്യാപകന്‍, പത്രാധിപര്‍, കഥാകൃത്ത്‌, നോവലിസ്‌റ്റ്, തിരക്കഥാകൃത്ത്‌, സിനിമാ സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്‌തനായി. നിര്‍മ്മാല്യം, കടവ്‌, ഒരു വടക്കന്‍ വീരഗാഥ, സദയം, പരിണയം തുടങ്ങിയ ചലച്ചിത്രങ്ങള്‍ക്ക്‌ ദേശീയ അവാര്‍ഡും ഓളവും തീരവും, ബന്ധനം, ഓപ്പോള്‍, ആരൂഢം, വളര്‍ത്തുമൃഗങ്ങള്‍, അനുബന്ധം, തൃഷ്‌ണ, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, അമൃതംഗമയ, പെരുന്തച്ചന്‍, സുകൃതം എന്നിവയ്‌ക്ക് സംസ്‌ഥാന ബഹുമതികളും ലഭിച്ചു. രണ്ടാമൂഴം എന്ന നോവലിന്‌ വയലാര്‍ അവാര്‍ഡും മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍ അവാര്‍ഡും ലഭിച്ചു. നാലുകെട്ട്‌, സ്വര്‍ഗം തുറക്കുന്ന സമയം, ഗോപുരനടയില്‍ എന്നീ കൃതികള്‍ക്ക്‌ കേരള സാഹിത്യ അക്കാദമി അവാര്‍ഡും കാലം നോവലിന്‌ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും വാനപ്രസ്‌ഥത്തിന്‌ ഓടക്കുഴല്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്‌. 1996-ല്‍ ജാനപീഠം പുരസ്‌കാരത്തിനര്‍ഹനായി. 1996 ജൂണ്‍ 22ന്‌ കാലിക്കറ്റ്‌ സര്‍വകലാശാല ഡി.ലിറ്റ്‌ ബിരുദം നല്‍കി ആദരിച്ചു. മാതൃഭൂമി പീരിയോഡിക്കല്‍സ്‌ പത്രാധിപരായിരുന്നു. കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടായിരുന്നു. തുഞ്ചന്‍ സ്‌മാരക സമിതി അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. പ്രധാന കൃതികള്‍: മഞ്ഞ്‌, കാലം, നാലുകെട്ട്‌, അസുരവിത്ത്‌, വിലാപയാത്ര, പാതിരാവും പകല്‍വെളിച്ചവും, അറബിപ്പൊന്ന്‌, രണ്ടാമൂഴം (നോവലുകള്‍). ഇരുട്ടിന്റെ ആത്മാവ്‌, ഓളവും തീരവും, കുട്ട്യേടത്തി, വാരിക്കുഴി, പതനം, ബന്ധനം, സ്വര്‍ഗ ം തുറക്കുന്ന സമയം, നിന്റെ ഓര്‍മ്മയ്‌ക്ക്, വാനപ്രസ്‌ഥം, എം.ടി. യുടെ തെരഞ്ഞെടുത്ത കഥകള്‍, രക്‌തംപുരണ്ട മണ്‍തരികള്‍, വെയിലും നിലാവും, കളിവീട്‌, വേദനയുടെ പൂക്കള്‍, ഷെര്‍ലക്ക്‌ (കഥകള്‍), ഗോപുരനടയില്‍ (നാടകം), കാഥികന്റെ കല, കാഥികന്റെ പണിപ്പുര, ഹെമിംഗ്‌വേ ഒരു മുഖവുര (പ്രബന്ധം), ആള്‍ക്കൂട്ടത്തില്‍ തനിയെ (യാത്രാവിവരണം), എം.ടിയുടെ തിരക്കഥകള്‍, പഞ്ചാഗ്നി, നഖക്ഷതങ്ങള്‍, വൈശാലി, പെരുന്തച്ചന്‍, ഒരു വടക്കന്‍ വീരഗാഥ, നഗരമേ നന്ദി, നിഴലാട്ടം, പഴശ്ശിരാജ (തിരക്കഥകള്‍). ഇംഗ്ലീഷിലേക്കും ഇതര ഭാഷകളിലേക്കും കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌.

ജ്‌ഞാനപീഠം (സാഹിത്യം) (1965-2006)

1. 1965.......... ജി. ശങ്കരക്കുറുപ്പ്‌ ............................................ മലയാളം

2. 1966.......... താരാശങ്കര്‍ ബന്ദോപാധ്യായ.........................ബംഗാളി

3. 1967.......... കെ.വി. പുട്ടപ്പ..........................................................കന്നട

4...1967......... ഉമാശങ്കര്‍ ജോഷി...........................................ഗുജറാത്തി

5. 1968.......... സുമ്രിതാനന്ദന്‍ പന്ത്‌ ............................................ഹിന്ദി

6. 1969.......... ഫിറക്‌ഗോരഖ്‌പുരി.................................................ഉറുദു

7. 1970.......... ഡോ. വി. സത്യനാരായണ..............................തെലുങ്ക്‌

8. 1971.......... ബിഷ്‌ണു ഡേ....................................................ബംഗാളി

9. 1972.......... രാംധാരി സിംഗ്‌ ദിന്‍കര്‍........................................ഹിന്ദി

10.1973......... ഡി.ആര്‍. ബേന്ദ്രെ...................................................കന്നട

11.1973......... ഗോപിനാഥ്‌ മൊഹന്തി............................................ഒറിയ

12.1974......... വി.എസ്‌. ഖണ്‌ഡേക്കര്‍.........................................മറാഠി

13.1975......... പി.വി. അഖിലാണ്ഡം (അഖിലന്‍).....................തമിഴ്‌

14.1976......... ആശാപൂര്‍ണ്ണാദേവി.......................................... ബംഗാളി

15.1977......... കെ. ശിവരാമകാരന്ത്‌............................................ കന്നട

16.1978........ എസ്‌. എച്ച്‌. വാത്സ്യായന്‍ (അജ്‌ഞേയ്‌)........ ഹിന്ദി

17.1979......... ബി. കെ. ഭട്ടാചാര്യ...........................................അസമിയ

18.1980......... എസ്‌.കെ. പൊറ്റെക്കാട്ട്‌...................................മലയാളം

19.1981......... അമൃതാപ്രീതം...................................................പഞ്ചാബി

20.1982......... മഹാദേവി വര്‍മ്മ......................................................ഹിന്ദി

21.1983......... ഡോ. മാസ്‌തിവെങ്കിടേശ അയ്യങ്കാര്‍..................കന്നട

22.1984......... തകഴി ശിവശങ്കരപ്പിള്ള.....................................മലയാളം

23.1985......... പന്നലാല്‍ പട്ടേല്‍..........................................ഗുജറാത്തി

24.1986......... സച്ചിദാനന്ദ റൗത്‌റോയി........................................ഒറിയ

25.1987......... വി. വി. ശിര്‍വാദ്‌കര്‍................................................മറാഠി

26.1988......... ഡോ. സി. നാരായണ റെഡ്‌ഡി......................തെലുങ്ക്‌

27.1989......... ഖുറാത്തുല്‍ ഐന്‍ ഹൈദര്‍.................................ഉറുദു

28.1990......... വിനായ്‌ക് കൃഷ്‌ണഗോകക്‌.................................കന്നട

29.1991......... സുഭാഷ്‌ മുഖോപാധ്യായ................................ബംഗാളി

30.1992......... നരേഷ്‌മേത്ത............................................................ഹിന്ദി

31.1993......... സീതാകാന്ത്‌ മഹാപത്ര..........................................ഒറിയ

32.1994......... ഡോ. യു. ആര്‍. അനന്തമൂര്‍ത്തി.........................കന്നട

33.1995......... എം.ടി. വാസുദേവന്‍ നായര്‍...........................മലയാളം

34.1996......... മഹാശ്വേതാദേവി...............................................ബംഗാളി

35.1997......... അലിസര്‍ദാര്‍ ജഫ്രി.................................................ഉറുദു

36.1998......... ഗിരീഷ്‌ കര്‍ണാഡ്‌..................................................കന്നട

37.1999......... നിര്‍മ്മല്‍ വര്‍മ്മ .......................................................ഹിന്ദി

38.1999......... ഗുര്‍ദയാല്‍ സിംഗ്‌.............................................പഞ്ചാബി

39.2000......... ഇന്ദിരാഗോസ്വാമി............................................അസമിയ

40.2001......... രാജേന്ദ്രകേശലാല്‍ ഷാ...............................ഗുജറാത്തി

41.2002......... ഡി. ജയകാന്തന്‍.......................................................തമിഴ്‌

42.2003......... വിന്ദകരന്ദിക്കര്‍.........................................................മറാഠി

43.2004......... റഹ്‌മാന്‍ റാഹി....................................................കശ്‌മീരി

44.2005......... കുന്‍വര്‍ നാരായണന്‍............................................ഹിന്ദി

45.2006......... രവീന്ദ്ര കോല്‍ക്കര്‍..........................................കൊങ്കണി

46.2006......... സത്യവ്രത ശാസ്‌ത്രി....................................സംസ്‌കൃതം
Share it:

വ്യക്തികള്‍

Post A Comment:

1 comments: