ശാസ്ത്രം 2009

Share it:


ശാസ്ത്രത്തിന്റെ മുന്നോട്ടുള്ള പ്രയാണം എന്നത് മനുഷ്യവിജ്ഞാനത്തിന്റെ വളര്‍ച്ചയെയാണ് കുറിക്കുന്നത്. ഓരോ കാലയളവും പുതിയ കുതിപ്പുകള്‍ക്ക് സാക്ഷ്യം വഹിക്കുന്നു. അറിഞ്ഞതിനെക്കാള്‍ അറിയാനിരിക്കുന്നതേയുള്ളു എന്നതിന്റെ വിനയം മനുഷ്യരില്‍ നിറയ്ക്കുന്നു. പോയ വര്‍ഷവും വ്യത്യസ്തമായിരുന്നില്ല. ഇന്ത്യക്കാരെ സംബന്ധിച്ച് അഭിമാനാര്‍ഹമായ ചില സുപ്രധാന ചരിത്രമുഹൂര്‍ത്തങ്ങള്‍ 2009 സമ്മാനിച്ചു. ഇന്ത്യയുടെ പ്രഥമ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-ഒന്ന് ചന്ദ്രനിലെ ജലസാന്നിധ്യം കണ്ടെത്തിയതും ഇന്ത്യയില്‍ പിറന്ന വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍ രസതന്ത്രത്തിനുള്ള നൊേബല്‍ പുരസ്‌കാരം നേടിയതും അതില്‍പെടുന്നു.

ഗലീലിയോ ടെലിസ്‌കോപ്പ് ഉപയോഗിച്ച് വാനനിരീക്ഷണം ആരംഭിച്ചതിലൂടെ ആധുനിക ജ്യോതിശ്ശാസ്ത്രം പിറവി കൊണ്ടിട്ട് 400 വര്‍ഷം തികഞ്ഞത് 2009-ലായിരുന്നു (ഈ പശ്ചാത്തലത്തില്‍ 2009-നെ അന്താരാഷ്ട്ര ജ്യോതിശ്ശാസ്ത്രവര്‍ഷമായി ലോകം ആചരിച്ചു). മാത്രവുമല്ല, മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ വൈജ്ഞാനിക വിപ്ലവം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പരിണാമസിദ്ധാന്തം പുറത്തു വന്നിട്ട് 150 വര്‍ഷം തികഞ്ഞതും ആ സിദ്ധാന്തം ആവിഷ്‌കരിച്ച ചാള്‍സ് ഡാര്‍വിന്റെ രണ്ടാം ജന്മശതാബ്ദിയും 2009-ല്‍ ആയിരുന്നു.

എന്തൊക്കയാവും ശാസ്ത്രരംഗത്ത് 2009-ന്റെ നീക്കിയിരിപ്പ് എന്ന് പരിശോധിച്ചാല്‍ ചന്ദ്രനിലെ ജലസാന്നിധ്യത്തിന്റെ കണ്ടെത്തലാകും അതില്‍ മുഖ്യം. 'ആര്‍ഡി'യെന്ന ഫോസിലിലൂടെ നരംവംശശാസ്ത്രത്തിന് ലക്ഷക്കണക്കിന് വര്‍ഷം പിന്നോട്ട് പോകാന്‍ കഴിഞ്ഞതും ചരിത്രത്തിലെ ഏറ്റവും വലിയ കണികാപരീക്ഷണം പുനരാരംഭിച്ചതും ശ്രദ്ധേയമാണ്. ഏതാണ്ട് രണ്ട് പതിറ്റാണ്ടായി പ്രപഞ്ചരഹസ്യങ്ങളിലേക്ക് മിഴി തുറന്നിരിക്കുന്ന ഹബ്ബിള്‍ സ്‌പേസ് ടെലസ്‌കോപ്പിന് ലഭിച്ച പുനര്‍ജന്മവും ഇന്റര്‍നെറ്റിന് 40 തികഞ്ഞതും പന്നിപ്പനി (എച്ച്1എന്‍1 പനി) എന്ന പേരില്‍ പുതിയൊരു മഹാമാരി പ്രത്യക്ഷപ്പെട്ടതും 2009-ല്‍ തന്നെ. ഭൂമിയില്‍ 'നക്ഷത്രം സൃഷ്ടിക്കാന്‍' നടക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ലേസര്‍ പരീക്ഷണം ആരംഭിച്ചതാണ് മറ്റൊരു ശ്രദ്ധേയ മുന്നേറ്റം.

ചന്ദ്രനിലെ ജലസാന്നിധ്യം

ചന്ദ്രന്‍ ഊഷരമായ നിര്‍ജലപ്രകൃതിയെന്നായിരുന്നു ഇതുവരെയുള്ള നിഗമനം. 1969-ല്‍ മനുഷ്യന്‍ ഭൂമിയുടെ ഉപഗ്രഹത്തില്‍ കാല്‍കുത്തിയി ട്ടും അസംഖ്യ ദൗത്യങ്ങള്‍ ചന്ദ്രനെക്കുറിച്ച് പഠിച്ചിട്ടും അവിടെ ജലത്തിന്റെ സാന്നിധ്യമുണ്ടോ എന്നതിന് തെളിവ് ലഭിച്ചില്ല. എന്നാല്‍, അന്താരാഷ്ട്ര ജ്യോതിശാസ്ത്രവര്‍ഷമായ 2009-ല്‍ ഇന്ത്യയുടെ ചന്ദ്രയാന്‍-ഒന്ന് പേടകം, സുപ്രധാനമായ ആ പ്രഹേളികയ്ക്ക് ഉത്തരം കണ്ടെത്തി. ചന്ദ്രപ്രതലത്തിലുടനീളം ജലത്തിന്റെ നേരിയ സാന്നിധ്യം തിരിച്ചറിയാന്‍ ഇന്ത്യന്‍ പേടകത്തിലെ 11 പേലോഡുകളില്‍ (പരീക്ഷണോപകരണങ്ങളില്‍) ഒന്നായ നാസയുടെ മൂണ്‍ മിനറോളജി മാപ്പറിന് (എം ക്യുബിക്) സാധിച്ചു. നാസയുടെതന്നെ രണ്ട് വ്യത്യസ്ത ദൗത്യങ്ങളില്‍ നിന്നുള്ള ഡാറ്റ, ചന്ദ്രയാന്റെ കണ്ടെത്തല്‍ സ്ഥിരീകരിക്കുകയും ചെയ്തു.

2008 ഒക്ടോബര്‍ 22ന് വിക്ഷേപിച്ച ചന്ദ്രയാന്‍, ദൗത്യകാലാവധി പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷവും 55 ദിവസവും ബാക്കി നില്‍ക്കവെയാണ് അവസാനിച്ചത്. 2009 ആഗസ്ത് 28-ന് ചന്ദ്രയാനുമായുള്ള ബന്ധം ഐ.എസ്.ആര്‍.ഒ.യ്ക്ക് നഷ്ടമായി. ദൗത്യം അവസാനിച്ചതായി ആഗസ്ത് 30-ന് പ്രഖ്യാപിക്കപ്പെട്ടു. പക്ഷേ, പ്രതീക്ഷിക്കാത്തത്ര വലിയൊരു വിജയക്കുതിപ്പ് നടത്തിയിട്ടാണ് ചന്ദ്രയാന്‍ വിടവാങ്ങിയതെന്ന് പിന്നീടാണ് വ്യക്തമായത്. സപ്തംബര്‍ അവസാനം 'സയന്‍സ്' ഗവേഷണവാരികയിലൂടെ അക്കാര്യം ലോകമറിഞ്ഞു. ഇന്ത്യന്‍ പേടകം ചന്ദ്രനിലെ ജലസാന്നിധ്യം കണ്ടെത്തിയിരിക്കുന്നു. ചന്ദ്രപ്രതലത്തില്‍ ഇടിച്ചിറങ്ങിയ 'മൂണ്‍ ഇംപാക്ട് പ്രോബ്' (എം.ഐ.പി) എന്ന ചന്ദ്രയാനിലെ പേലോഡും അവിടെ ജലത്തിന്റെ രാസമുദ്ര ദര്‍ശിച്ചിരുന്നതായി ഐ.എസ്.ആര്‍.ഒ.അധികൃതര്‍ പിന്നീട് വെളിപ്പെടുത്തി.

ഇന്ത്യന്‍ പേടകം മാത്രമല്ല, നാസ അയച്ച 'എല്‍ക്രോസ്' ദൗത്യവും 2009-ല്‍ ചന്ദ്രനില്‍ ജലസാന്നിധ്യത്തിന് തെളിവ് കണ്ടെത്തി. ചന്ദ്രപ്രതലത്തില്‍ നേരിയ തോതില്‍ ജലാംശം ഉണ്ടെന്നാണ് ചന്ദ്രയാന്‍ തിരിച്ചറിഞ്ഞതെങ്കില്‍, ചന്ദ്രന്റെ ധ്രുവങ്ങളില്‍ ഹിമപാളികളുടെ രൂപത്തില്‍ വലിയ അളവില്‍ ജലമുണ്ടെന്നാണ് 'എല്‍ക്രോസ്' ദൗത്യം നല്‍കിയ വിവരം. 2009 ഒക്ടോബര്‍ ഒന്‍പതിന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ഇരുള്‍മൂടിയ കേബിയസ് ഗര്‍ത്തത്തില്‍ ഇടിച്ചിറങ്ങിയാണ് എല്‍ക്രോസ് അവിടുത്തെ ജലസാന്നിധ്യം തേടിയത്. എല്‍ക്രോസ് ദൗത്യത്തിന്റെ ഭാഗമായ സെന്‍േറാര്‍ റോക്കറ്റ് ഗര്‍ത്തത്തില്‍ ഇടിച്ചിറങ്ങിയപ്പോള്‍ ഉയര്‍ന്നു പൊങ്ങിയ ധൂളീപടലങ്ങളില്‍ ഹിമധൂളികളുമുണ്ടായിരുന്നു.

അഴകളവുകള്‍ മാറുന്ന ക്ഷീരപഥം

നമ്മുടെ മാതൃഗാലക്‌സിയാണ് ക്ഷീരപഥം (ആകാശഗംഗ). അതിന്റെ ഭ്രമണവേഗമോ പിണ്ഡമോ മനുഷ്യന്‍ ഇതുവരെ കണക്കാക്കിയിരുന്നതുപോലെ അല്ലെന്ന് തെളിഞ്ഞത് 2009-ലാണ്. ഗാലക്‌സിയുടെ കേന്ദ്രത്തില്‍നിന്ന് 28,000 പ്രകാശവര്‍ഷം അകലെയാണ് സൂര്യനും ഭൂമിയും ഉള്‍പ്പെടുന്ന സൗരയൂഥം സ്ഥിതിചെയ്യുന്നത്. മണിക്കൂറില്‍ എട്ടുലക്ഷം കിലോമീറ്റര്‍ എന്ന കണക്കിന് സൂര്യന്‍ ഗാലക്‌സികേന്ദ്രത്തെ പരിക്രമണം ചെയ്യുന്നു എന്നാണ് ഇതുവരെ ധരിച്ചിരുന്നത്. എന്നാല്‍, അത് ശരിയല്ലത്രേ. പുതിയ കണക്കുകൂട്ടലുകള്‍ പ്രകാരം സൂര്യന്റെ യഥാര്‍ഥ വേഗം മണിക്കൂറില്‍ 9.6 ലക്ഷം കിലോമീറ്റര്‍ (സെക്കന്‍ഡില്‍ 254 കിലോമീറ്റര്‍) ആണ്. മുമ്പ് കരുതിയിരുന്നതിലും 15 ശതമാനം കൂടുതല്‍.

ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണ നിയമം വെച്ച് ഈ വേഗത്തെ താരതമ്യം ചെയ്യുമ്പോള്‍, ക്ഷീരപഥത്തിന്റെ പിണ്ഡം കരുതിയിരുന്നതിലും 50 ശതമാനമെങ്കിലും കൂടുതലാണ്. മൂന്ന് ലക്ഷം കോടി സൂര്യന്മാരുടെ പിണ്ഡത്തിന് തുല്യമാണ് ക്ഷീരപഥം എന്ന് പുതിയ കണക്കുകള്‍ പറയുന്നു. അമേരിക്കയില്‍ നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്റെ വക 'വെരി ലോങ് ബേസ്‌ലൈന്‍ അരേയ്' റേഡിയോ ടെലിസ്‌കോപ്പ് സംവിധാനത്തിന്റെ സഹായത്തോടെ ക്ഷീരപഥം സര്‍വേ ചെയ്തപ്പോഴാണ്, പഴയ അളവുകള്‍ പുതുക്കേണ്ടതുണ്ടെന്ന് ഗവേഷകര്‍ക്ക് ബോധ്യമായത്.

ഏറ്റവും ശക്തിയേറിയ ലേസര്‍ പരീക്ഷണം

സൂര്യനുള്‍െപടെയുള്ള കോടാനുകോടി നക്ഷത്രങ്ങളുടെ ഊര്‍ജരഹസ്യം അണുസംയോജനം (ന്യൂക്ലിയര്‍ ഫ്യൂഷന്‍) ആണ്. അത്യുന്നത
താപനിലയിലും മര്‍ദത്തിലും സംഭവിക്കുന്ന ആ പ്രക്രിയ നിയന്ത്രിതമായ രീതിയില്‍ നടത്താന്‍ ഇതുവരെ മനുഷ്യര്‍ക്കായിട്ടില്ല. അത് സാധിച്ചാല്‍ ഭൂമിയില്‍ ഒരു നക്ഷത്രത്തെ സൃഷ്ടിക്കുന്നതിന് തുല്യമാകും. മാത്രമല്ല, ലോകത്തെ ഊര്‍ജാവശ്യവും അതുവഴി സാക്ഷാത്കരിക്കാന്‍ കഴിയും, പരിസ്ഥിതിക്ക് പോറലേല്‍പ്പിക്കാതെതന്നെ. ഇക്കാര്യം ലക്ഷ്യംവെച്ചാണ് ചരിത്രത്തിലെ ഏറ്റവും ശക്തിയേറിയ ലേസര്‍ പരീക്ഷണം അമേരിക്കയില്‍ ആരംഭിച്ചിരിക്കുന്നത്. ലിവര്‍മോറില്‍ പന്ത്രണ്ട് വര്‍ഷംകൊണ്ട് 350 കോടി ഡോളര്‍ ചെലവിട്ട് പൂര്‍ത്തിയാക്കിയ 'നാഷണല്‍ ഇഗൈ്‌നറ്റേഷന്‍ ഫെസിലിറ്റി' (എന്‍.ഐ.എഫ്.) യില്‍ 2009 മെയ് അവസാനമാണ് ലേസര്‍പരീക്ഷണം ആരംഭിച്ചത്.

നക്ഷത്രങ്ങളിലെ സാഹചര്യം ഭൂമിയില്‍ സൃഷ്ടിക്കുക എന്ന അസാധാരണ ദൗത്യമാണ് എന്‍.ഐ.എഫ്. ഏറ്റെടുത്തിരിക്കുന്നത്. തീപ്പെട്ടിക്കൊളളിയുടെ മൊട്ടിന്റെ അല്ലെങ്കില്‍ പയര്‍മണിയുടെ വലുപ്പമുള്ള ഹൈഡ്രജന്‍ ഇന്ധനഭാഗത്തേക്ക് 192 ലേസറുകളെ ഒറ്റയടിക്ക് ഫോക്കസ് ചെയ്യുകയാണ് പരീക്ഷണത്തില്‍ ചെയ്യുക. സെക്കന്‍ഡിന്റെ 2000 കോടിയിലൊരംശം സമയത്തേക്ക് 500 ലക്ഷംകോടി വാട്ടിന് തുല്യമായ ഊര്‍ജം ഇതുവഴി പ്രയോഗിക്കപ്പെടും. ഇത്ര ഭീമമായ ഊര്‍ജം കേന്ദ്രീകരിക്കുന്നിടത്ത് സൂര്യനുള്ളിലേതിന് സമാനമായ സാഹചര്യം സൃഷ്ടിക്കപ്പെടുകയും അണുസംയോജനം നടക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. ഭൂമിയിലെ ആ സൂക്ഷ്മപരിധിയില്‍ ഒരു നക്ഷത്രം തന്നെയാകും ചെറിയൊരു സമയത്ത് രൂപപ്പെടുക. പ്രാഥമിക പരീക്ഷണമാണ് ആരംഭിക്കുന്നത്. 500 ലക്ഷംകോടി വാട്ട് എന്ന ഊര്‍ജപരിധി ആര്‍ജിക്കാന്‍ ഒരുവര്‍ഷമെടുക്കുമെന്നാണ് പ്രതീക്ഷ. പരീക്ഷണം 30 വര്‍ഷം നീളും.

പുതിയ മൂലകം - കോപ്പര്‍നിഷ്യം

ആവര്‍ത്തനപട്ടികയില്‍ പുതിയതായി ഇടം നേടിയ മൂലകത്തിന് പോയ വര്‍ഷം പേര് ലഭിച്ചു - കോപ്പര്‍നിഷ്യം, *ജ എന്ന് ചുരുക്കപ്പേര്. പതിമൂന്ന് വര്‍ഷംമുമ്പ് കണ്ടുപിടിക്കപ്പെട്ട മൂലകം-112 ന് ആവര്‍ത്തന പട്ടികയില്‍ ഇടം നല്‍കാന്‍, 'ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് പ്യുവര്‍ ആന്‍ഡ് അപ്ലൈഡ് കെമിസ്ട്രി' തീരുമാനിച്ചിരുന്നു. ആധുനിക ശാസ്ത്രവിപ്ലവത്തിന് തുടക്കമിട്ട നിക്കോളാസ് കോപ്പര്‍നിക്കസിന്റെ പേരാണ് മൂലകത്തിന് നല്‍കിയിരിക്കുന്നത്.

ജര്‍മനിയില്‍ 'സെന്റര്‍ ഫോര്‍ ഹെവി അയോണ്‍ റിസര്‍ച്ചി'ല്‍ പ്രൊഫ. സിഗുര്‍ഡ് ഹോഫ്മാന്റെ നേതൃത്വത്തിലുള്ള സംഘം 1996-ല്‍ നടത്തിയ അണുസംയോജന പരീക്ഷണങ്ങളിലാണ് 112-ാം മൂലകത്തെ കണ്ടെത്തിയത്. ആ കണ്ടെത്തല്‍ ഔദ്യോഗികമായി അംഗീകരിച്ച ശേഷം, മൂലകത്തിന് പേര് നിര്‍ദേശിക്കാന്‍ ഐ.യു.പി.എ.സി. തന്നെയാണ് ഗവേഷകരോട് ആവശ്യപ്പെട്ടത്.

2800 ജീവിവര്‍ഗങ്ങള്‍കൂടി ചുവപ്പ് പട്ടികയില്‍

ഭൂമുഖത്ത് വംശനാശത്തിന്റെ തോത് ഏറുകയാണ്. അന്താരാഷ്ട്ര പ്രകൃതിസംരക്ഷണ യൂണിയ (ഐ.യു.സി.എന്‍)ന്റെ മേല്‍നോട്ടത്തിലുള്ള ചുവപ്പ് പട്ടിക 2009-ല്‍ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ഒരു വര്‍ഷത്തിനിടെ 2800 ജീവിവര്‍ഗങ്ങള്‍ക്കൂടി വംശനാശ ഭീഷണി നേരിടുന്നവയുടെ പട്ടികയില്‍ ഇടംനേടിയിരിക്കുന്നു. 2010-നെ 'അന്താരാഷ്ട്ര ജൈവവൈവിധ്യവര്‍ഷ'മായി യു.എന്‍.പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ് ഈ വിവരം.

47,677 ജീവിവര്‍ഗങ്ങളുടെ അവസ്ഥ പരിശോധിച്ചതില്‍ 17,291 എണ്ണം വംശനാശ ഭീഷണിയിലാണെന്ന് ചുവപ്പ് പട്ടിക പറയുന്നു. അവയില്‍ സസ്തനികളും (21 ശതമാനം) ഉഭയജീവികളും (30 ശതമാനം), സസ്യയിനങ്ങളും (70 ശതമാനം) അകശേരുക്കളും (35 ശതമാനം) ഉള്‍പ്പെടുന്നു. ഗുരുതരമായ ഭീഷണി നേരിടുന്ന 16,928 ജീവികളാണ് 2008-ലെ ചുവപ്പ് പട്ടികയിലുണ്ടായിരുന്നത്. പുതിയതായി 2800 ഇനങ്ങള്‍ പട്ടികയില്‍ സ്ഥാനം നേടി. മഡഗാസ്‌കറിലെ മല എലി (പുതിയതായി പട്ടികയില്‍ ഉള്‍പ്പെട്ട ഏക സസ്തനി)യും ഫിലിപ്പീന്‍സില്‍ വെള്ളത്തില്‍ സഞ്ചരിക്കുന്ന പല്ലിയും പനാമയിലെ മരത്തവളയും പുതിയതായി ചുവപ്പ് പട്ടികയില്‍ പെട്ടവയില്‍ ഉള്‍പ്പെടുന്നു.

അദ്ഭുതമായി 'ആറാമിന്ദ്രിയം'

ലാപ്‌ടോപ്പുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ഇ-റീഡറുകള്‍ -ഭൗതികലോകത്തുനിന്ന് ഡിജിറ്റല്‍ ഭൂമികയിലേക്ക് പ്രവേശിക്കാന്‍ നമ്മളെ സഹായിക്കുന്ന വാതായനങ്ങളാണ് ഇവയൊക്കെ. ഭൗതികലോകത്തിന്റെ അതിരില്‍നിന്ന് ഡിജിറ്റല്‍ലോകത്തിന്റെ അതിര്‍ത്തിക്കുള്ളിലേക്ക് ഇത്തരം ഉപകരണങ്ങള്‍ വഴി ഒരാള്‍ക്ക് കടന്നുചെല്ലാം. ഇവിടുള്ള ഒരു പ്രശ്‌നം, ഭൗതികലോകവും ഡിജിറ്റല്‍ലോകവും അതതിന്റെ അതിര്‍ത്തിക്കുള്ളില്‍ വെവ്വേറെയായി നിലനില്‍ക്കുന്നു എന്നതാണ്. ഒരുകണക്കിന് ഇതൊരു പരിമിതിയാണ്. ഈ പരിമിതി മറികടക്കണമെങ്കില്‍, ഭൗതികലോകത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ ഡിജിറ്റല്‍ലോകത്തെ കുടിയിരുത്തിയാല്‍ മതി. അതിന് നമ്മുക്ക് ചുറ്റുമുള്ള ലോകത്തെ തന്നെ കമ്പ്യൂട്ടറായി പരിവര്‍ത്തനം ചെയ്യണം. അതിന് സാധിച്ചാല്‍ ഭൗതിലോകവും ഡിജിറ്റല്‍ലോകവും തമ്മില്‍ അന്തരമേ ഉണ്ടാവില്ല.

അസാധ്യമെന്നോ അസംഭാവ്യമെന്നോ തോന്നാം ഇക്കാര്യം. അസാധ്യമെന്ന് കരുതുന്നത് യാഥാര്‍ഥ്യമാക്കാനുള്ളതാണ് സാങ്കേതികവിദ്യ. ഇവിടെയും സാങ്കേതികവിദ്യ തുണയ്‌ക്കെത്തുകയാണ്. മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി) ക്ക് കീഴിലുള്ള മീഡിയ ലാബിലെ 'ഫ്‌ളൂയിഡ് ഇന്റര്‍ഫേസസ് ഗ്രൂപ്പ്' വികസിപ്പിക്കുന്ന 'സിക്‌സ്ത്‌സെന്‍സ്' (ആറാമിന്ദ്രിയം) എന്ന സംവിധാനം, ഡിജിറ്റല്‍ അതിരുകള്‍ മായ്ച്ച് നമുക്ക് ചുറ്റുമുള്ള ലോകംതന്നെ കമ്പ്യൂട്ടറാക്കാന്‍ ഉദ്ദേശിച്ചുള്ള ആ സങ്കേതത്തെക്കുറിച്ച് ലോകമറിയുന്നത് 2009-ലാണ്. ശരീരത്തില്‍ ധരിക്കാവുന്ന, ധരിക്കുന്നയാളുടെ അംഗവിക്ഷേപങ്ങളെ പിന്തുടര്‍ന്ന് അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടിങ് പ്ലാറ്റ്‌ഫോമാണ് സിക്‌സ്ത്‌സെന്‍സ്. ചുറ്റുമുള്ള സംഗതികള്‍ ഡിജിറ്റല്‍വിവരങ്ങളായി തുടര്‍ച്ചയായി പരിവര്‍ത്തനം ചെയ്തുകൊണ്ടാണ് അതിന്റെ പ്രവര്‍ത്തനം.

വെറുമൊരു ഋചിഹ്നം വിരല്‍കൊണ്ട് വായുവില്‍ വരയ്ക്കുക, അതോടെ യാത്രചെയ്യുന്ന തീവണ്ടിയുടെ വശത്തോ, അല്ലെങ്കില്‍ ഇരിക്കുന്ന മുറിയുടെ ഭിത്തിയിലോ ഇമെയില്‍ പരിശോധിക്കാന്‍ കഴിയും. വിരല്‍കൊണ്ട് കൈത്തണ്ടിയില്‍ വെറുമൊരു വൃത്തം വരയ്ക്കുക വഴി, അവിടെ സമയം നോക്കാവുന്ന വിര്‍ച്വല്‍ വാച്ച് തെളിയും. ചൂണ്ടുവിരലുകളും തള്ളവിരലുകളും ചേര്‍ത്ത് കണ്ണിന് മുന്നില്‍ വെറുമൊരു ചതുരപഫ്രെയിം ഉണ്ടാക്കിയാല്‍ മതി, മുന്നിലുള്ള ദൃശ്യത്തിന്റെ ഡിജിറ്റല്‍ ഫോട്ടോ പകര്‍ത്താം. അദ്ഭുതങ്ങളുടെ തീരാലോകമാണ് 'സിക്‌സ്ത്് സെന്‍സ്' ഒരുക്കുന്നത്. ഭാവിയുടെ സാങ്കേതികവിദ്യ എന്ന് വിശേപ്പിക്കപ്പെടുന്ന 'ആറാമിന്ദ്രിയം' രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് ഇന്ത്യക്കാരനായ പ്രണവ് മിസ്ട്രിയെന്ന വിദ്യാര്‍ഥിക്കുമുണ്ടെന്നതും ശ്രദ്ധേയമാണ്.

ഹബ്ബിളിന് പുനര്‍ജന്‍മം

മനുഷ്യന്റെ പ്രപഞ്ചസങ്കല്‍പ്പത്തെയാകെ മാറ്റി മറിച്ച ഉപകരണമാണ് ഏതാണ്ട് രണ്ട് പതിറ്റാണ്ട് മുമ്പ് വിക്ഷേപിച്ച ഹബ്ബിള്‍ സ്‌പേസ് ടെലി സ്‌കോപ്പ്. ഒരുവേള ഉപേക്ഷിക്കാന്‍ തന്നെ നാസ തീരുമാനിച്ച ആ ടെലിസ്‌കോപ്പിന് പുതുജീവന്‍ ലഭിച്ചത് പോയ വര്‍ഷമാണ്. അഞ്ചുവര്‍ഷം കൂടി പ്രവര്‍ത്തിക്കാന്‍ പാകത്തില്‍ അതിനെ അടിമുടി നവീകരിക്കാന്‍ നാസയ്ക്ക് കഴിഞ്ഞു. 2009 മെയ് 11ന് അറ്റ്‌ലാന്റിസ് ബഹിരാകാശ പേടകത്തില്‍ യാത്ര തിരിച്ചവരാണ് ഹബ്ബിള്‍ ടെലിസ്‌കോപ്പിന്റെ നവീകരണം വിജയകരമായി പൂര്‍ത്തിയാക്കിയത്. 19 വര്‍ഷംമുമ്പ് ഹബ്ബിള്‍ വിക്ഷേപിച്ച ശേഷം അതിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍ നടക്കുന്ന അഞ്ചാമത്തെ ദൗത്യമായിരുന്നു അറ്റ്‌ലാന്റിസിന്‍േറത്.
വെറും കേടുതീര്‍ക്കല്‍ ആയിരുന്നില്ല ആ അഞ്ചാംദൗത്യം. ഹബ്ബിളിലെ സുപ്രധാന ഭാഗങ്ങളെല്ലാം മാറ്റി പുതിയവ സ്ഥാപിക്കുകയാണ് ചെയ്തത്. പഴയ ക്യാമറയ്ക്ക് പകരം പുതിയ 'വൈഡ് ഫീല്‍ഡ് ക്യാമറ' സ്ഥാപിച്ചു. സ്‌പേസ് ടെലിസ്‌കോപ്പിന്റെ ബാലന്‍സ് നിലനിര്‍ത്തുന്ന ആറ് ഗൈറോസ്‌കോപ്പുകളും (മൂന്നെണ്ണം പ്രവര്‍ത്തന രഹിതമായിരുന്നു) മാറ്റി. വിദൂരലക്ഷ്യങ്ങളില്‍ ദൃഷ്ടി ഉറപ്പിച്ചു നിര്‍ത്താന്‍ ഹബ്ബിളിനെ സഹായിക്കുന്ന 'ഫൈന്‍ഗൈഡന്‍സ് സെന്‍സറും' പുതുക്കി. ഭൂമിയുടെ നിഴലിലാകുന്ന വേളയില്‍ (ദിവസം ഏഴര മണിക്കൂര്‍ ഹബ്ബിള്‍ നിഴലിലായിരിക്കും) പ്രവര്‍ത്തിക്കനായി പുതിയ ബാറ്ററികളും സജ്ജമാക്കി. അതോടെ അഞ്ചുവര്‍ഷം കൂടി പ്രവര്‍ത്തിക്കാന്‍ പാകത്തില്‍ ഹബ്ബിളിന് പുതുജീവന്‍ ലഭിച്ചു. അധികം വൈകാതെ ഹബ്ബളില്‍ നിന്ന് അമൂല്യമായ പ്രപഞ്ചദൃശ്യങ്ങള്‍ വീണ്ടും ലഭിച്ചു തുടങ്ങി. *

പ്രാചീന പൂര്‍വികന്റെ പാദമുദ്ര

മനുഷ്യന്റെ പ്രാചീന പൂര്‍വികന്റെ 15 ലക്ഷം വര്‍ഷം പഴക്കമുള്ള പാദമുദ്ര പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയതും പോയ വര്‍ഷമാണ്. മനുഷ്യന്റെ പൂര്‍വികനായ 'ഹോമോ ഇറക്ടസി'ന്റെയാണെന്ന് കരുതുന്ന പാദമുദ്ര, ആ വര്‍ഗത്തെക്കുറിച്ച് വിലപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതായി ഗവേഷകര്‍ പറയുന്നു. ആധുനിക മനുഷ്യനെപ്പോലെ നിവര്‍ന്ന് നടക്കാന്‍ കഴിഞ്ഞിരുന്ന ആ പൂര്‍വികരെക്കുറിച്ച് ഫോസില്‍ അസ്ഥികള്‍ വഴിയുള്ള അറിവേ ഇതുവരെ ഉണ്ടായിരുന്നുള്ളു. ബ്രിട്ടനില്‍ ബൗണെമൗത്ത് സര്‍വകലാശാലയിലെ മാത്യു ബെന്നറ്റും സംഘവുമാണ്, വടക്കന്‍ കെനിയയിലെ ഇലെരെറ്റില്‍ എക്കല്‍ അടിഞ്ഞുറച്ചുണ്ടായ പ്രദേശത്തുനിന്ന് പ്രാചീന കാല്‍പാട് കണ്ടെത്തിയത്. 'സയന്‍സ്' ഗവേഷണവാരികയാണ് ഈ കണ്ടെത്തലിന്റെ വിവരം പ്രസിദ്ധീകരിച്ചത്.


മനുഷ്യപരിണാമത്തില്‍ പുതിയ നായിക-ആര്‍ഡി


നരവംശത്തില്‍ ഏറ്റവും പഴക്കമേറിയ ഫോസില്‍ ആഫ്രിക്കയില്‍ എത്യോപ്യയിലെ അഫാര്‍ മേഖലയില്‍ നിന്ന് കണ്ടെത്തിയ വിവരം പുറത്തു വന്നത് 2009-ലാണ്. 44 ലക്ഷം വര്‍ഷം മുമ്പ് ആഫ്രിക്കയില്‍ ജീവിച്ചിരുന്ന സ്ത്രീയുടെ ഫോസില്‍ മനുഷ്യപരിണാമചരിത്രത്തില്‍ പുതിയ അധ്യായമായി. മനുഷ്യന്റെ പ്രാചീനപൂര്‍വികരില്‍ ഇതുവരെ ശരിക്കു വിവരിക്കപ്പെടാത്ത 'ആര്‍ഡിപിത്തക്കസ് റമിഡസ്' എന്ന വര്‍ഗത്തെ 'സയന്‍സ്' ഗവേഷണ വാരികയാണ് ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്. വിവിധ രാജ്യങ്ങളിലെ 47 ഗവേഷകരുടെ ഒന്നര പതിറ്റാണ്ട് നീണ്ട ശ്രമഫലമായാണ് 'ആര്‍ഡി'യെന്ന് ചുരുക്കപ്പേര് നല്‍കിയിട്ടുള്ള ഈ വര്‍ഗത്തെ അടുത്തറിയാന്‍ കഴിഞ്ഞത്.

നരവംശശാസ്ത്രത്തില്‍ സുപ്രധാനമായ ഒരു കണ്ടെത്തല്‍ നടന്നത് 1974-ലാണ്. 32 ലക്ഷം വര്‍ഷം പഴക്കമുള്ള ഒരു സ്ത്രീയുടെ ഭാഗിക ഫോസിലായിരുന്നു ആ കണ്ടെത്തല്‍. 'ലൂസി'യെന്ന് പേര് വിളിക്കപ്പെട്ട 'ഓസ്ട്രിലോപിത്തക്കസ് അഫാറന്‍സിസ്' എന്ന ആ വര്‍ഗം, മനുഷ്യപരിണാമ ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ചു. മസ്തിഷ്‌കം വലുതാകുന്നതിനും മുമ്പു തന്നെ മനുഷ്യന്റെ പൂര്‍വികര്‍ ഇരുകാലുകളില്‍ സഞ്ചരിച്ചു തുടങ്ങി എന്ന് 'ലൂസി'യാണ് ലോകത്തെ ബോധ്യപ്പെടുത്തിയത്.

ലൂസിക്ക് മുമ്പ് ആരായിരുന്നു എന്ന ചോദ്യത്തിനാണ് ആര്‍ഡിയിലൂടെ ഉത്തരം ലഭിച്ചിരിക്കുന്നത്. ലൂസിക്കും പത്തുലക്ഷം വര്‍ഷം മുമ്പ് ആഫ്രിക്കയില്‍ കഴിഞ്ഞിരുന്ന വര്‍ഗമാണത്. ചിമ്പാന്‍സിയോ മനുഷ്യനോ അല്ലാത്ത ജീവി. ഇരുകാലില്‍ സഞ്ചരിക്കാന്‍ പാകത്തിലാണ് രൂപഘടന. 120 സെന്റിമീറ്റര്‍ ഉയരം 50 കിലോഗ്രാം ശരീരഭാരം. മസ്തിഷ്‌കം ചെറുത്. കായ്കളും കനികളും ചെറുജീവികളുമൊക്കെയായിരുന്നു അവയുടെ ഭക്ഷണം എന്നാണ് അനുമാനം.

ആര്‍ഡിയുടെ ഭൂരിഭാഗം സവിശേഷതകളും ആഫ്രിക്കയിലെ ആള്‍ക്കുരങ്ങുകളില്‍ കാണപ്പെടുന്നില്ല എന്നതാണ് പഠനത്തില്‍ വ്യക്തമായ ശ്രദ്ധേയമായ വസ്തുത. അതിനര്‍ഥം പൊതുപൂര്‍വികരില്‍ നിന്ന് ഹോമിനിഡുകളും (നരവംശം) കുരങ്ങുകളും വേര്‍പിരിഞ്ഞ ശേഷം, കുരങ്ങുകള്‍ക്ക് കാര്യമായ പരിണാമം സംഭവിച്ചിട്ടുണ്ട് എന്നാണ്. അതിനാല്‍, മനുഷ്യന്‍ അവന്റെ പൊതുപൂര്‍വികനെ ചിമ്പാസികളിലും ഗൊറില്ലകളിലും തിരയുന്നത് നിരര്‍ഥകമാണെന്ന് ആര്‍ഡിയുടെ കണ്ടെത്തല്‍ വ്യക്തമാക്കുന്നു.


വീണ്ടും കണികാപരീക്ഷണം 


ലോകമെങ്ങും ആകാംക്ഷയും ആശങ്കയും ഉയര്‍ത്തിക്കൊണ്ടാണ് ചരിത്രത്തിലെ ഏറ്റവും വലിയ കണികാപരീക്ഷണം 2008 സപ്തംബര്‍ പത്തിന് ജനീവയ്ക്ക് സമീപം ആരംഭിച്ചത്. മനുഷ്യന്‍ നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവും സങ്കീര്‍ണവും ശക്തവുമായ 'ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറി' (എല്‍.എച്ച്.സി)ലാണ് പരീക്ഷണം നടക്കുന്നത്. എന്നാല്‍, എല്‍.എച്ച്.സി.ക്ക് സംഭവിച്ച തകരാര്‍ മൂലം തുടങ്ങി ഏതാനും ദിവസത്തിനകം പരീക്ഷണം നിര്‍ത്തിവെക്കേണ്ടി വന്നു. ഏതാണ്ട് 14 മാസത്തെ അറ്റകുറ്റ പണികള്‍ക്ക് ശേഷം കണികാപരീക്ഷണം പുനരാരംഭിച്ചു എന്നതാണ് 2009-ലെ വാര്‍ത്ത. കഴിഞ്ഞ നവംബര്‍ 20-ന് പരീക്ഷണം പുനരാരംഭിച്ചതായി, അതിന് മേല്‍നോട്ടം വഹിക്കുന്ന യൂറോപ്യന്‍ കണികാപരീക്ഷണശാലയായ 'സേണ്‍' അറിയിച്ചു.

നവംബര്‍ 23-ന് എല്‍.എച്ച്.സി.യില്‍ കണകകളുടെ ആദ്യ കൂട്ടിയിടി നടന്നു. നവംബര്‍ 30 ന് ലോകത്തെ ഏറ്റവും ശക്തമായ കണികാത്വരകമായി എല്‍.എച്ച്.സി. റിക്കോര്‍ഡിട്ടു. എന്നുവെച്ചാല്‍, എല്‍.എച്ച്.സിയിലെ കണികാധാരകള്‍ക്ക് ഇന്നുവരെ ഒരു ത്വരകത്തിലും സാധിക്കാത്തത്ര ഉയര്‍ന്ന ഊര്‍ജനില (1.18 ട്രില്യണ്‍ ഇലനേക്ട്രാണ്‍ വോള്‍ട്ട്) കൈവരിക്കാനായി എന്ന് സാരം. എല്‍.എച്ച്.സി.യിലെ കണികാധാരകളുടെ ഊര്‍ജനില 2010 പകുതിയാകുമ്പോഴേക്കും നിശ്ചിത 3.5 ട്രില്യണ്‍ വോള്‍ട്ട് (കണികാകൂട്ടിയിടി നടക്കുമ്പോള്‍ ആകെ ഊര്‍ജനില ഏഴ് ട്രില്യണ്‍ വോള്‍ട്ട്) ആയി ഉയര്‍ത്താനാകും എന്ന് കരുതുന്നു. അതോടെ എല്‍.എച്ച്.സി.യില്‍ നിന്ന് പ്രപഞ്ചരഹസ്യങ്ങള്‍ ലഭിച്ചു തുടങ്ങും എന്നാണ് കണക്കുകൂട്ടല്‍.

ജനീവയ്ക്ക് സമീപം സ്വിസ്സ്ഫ്രാന്‍സ് അതിര്‍ത്തിയില്‍ ഭൂമിക്കടിയിലാണ് 27 കിലോമീറ്റര്‍ ചുറ്റളവുള്ള എല്‍.എച്ച്.സി. സ്ഥാപിച്ചിട്ടുള്ളത്. ഉന്നത ഊര്‍ജനില കൈവരിക്കുന്ന പ്രോട്ടോണ്‍കണികകളെ ഏതാണ്ട് പ്രകാശവേഗത്തില്‍ എതിര്‍ദിശയില്‍ കടത്തിവിട്ട് കൊളൈഡറിലെ നാല് സ്ഥാനങ്ങളില്‍ വെച്ച് കൂട്ടിയിടിപ്പിക്കുകയാണ് കണികാപരീക്ഷണത്തില്‍ ചെയ്യുക. എല്‍.എച്ച്.സി.യുടെ ഭാഗമായ ആയിരക്കണക്കിന് അതിചാലക കാന്തങ്ങളാണ്, പ്രോട്ടോണ്‍ ധാരകളെ വൃത്താകൃതിയില്‍ ചലിപ്പിക്കുന്നതും ത്വരിപ്പിച്ച് പ്രകാശവേഗത്തിനടുത്ത് എത്തിക്കുന്നതും. മനുഷ്യന് ഇന്നുവരെ സാധ്യമായിട്ടില്ലാത്തത്ര ഉയര്‍ന്ന ഊര്‍ജനിലയില്‍ നടക്കുന്ന കണികാകൂട്ടിയുടെ ഫലമായി പ്രപഞ്ചാരംഭത്തിലെ അവസ്ഥ പരീക്ഷണശാലയില്‍ കൃത്രിമമായി സൃഷ്ടിക്കാനാകും എന്നാണ് പ്രതീക്ഷ. പ്രപഞ്ചസാരം സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ കണികാപരീക്ഷണം നല്‍കുമെന്ന് ഗവേഷകലോകം പ്രതീക്ഷിക്കുന്നു. ഒപ്പം പിണ്ഡത്തിന് നിദാനമെന്ന് കരുതുന്ന ഹിഗ്ഗ്‌സ് ബോസോണുകളുടെ ('ദൈവകണം') അസ്തിത്വം തെളിയിക്കാനും സാധിച്ചേക്കും.
Share it:

ശാസ്ത്രം 2009

Post A Comment:

0 comments: