ശാസ്‌ത്രലോകത്തെ ഇന്ത്യന്‍ തിളക്കം

Share it:
ജെ.സി. ബോസ്‌ (1858 - 1937)


ഇന്ത്യയില്‍ ആധുനികശാസ്‌ത്രത്തിന്റെ വികാസത്തിന്‌ വഴിതെളിച്ച ശാസ്‌ത്രജ്‌ഞരില്‍ പ്രധാനി. ഇന്നത്തെ ബംഗ്ലാദേശില്‍ ജനിച്ചു. ജഗദീഷ്‌ ചന്ദ്ര ബോസ്‌ എന്നാണ്‌ മുഴുവന്‍ പേര്‌. കൊല്‍ക്കത്തയിലും കേംബ്രിഡ്‌ജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1885 ല്‍ കൊല്‍ക്കത്തയിലെ പ്രസിഡന്‍സി കോളേജില്‍ ഫിസിക്‌സ് അധ്യാപകനായി. റേഡിയോ തരംഗങ്ങളെ കണ്ടുപിടിക്കാന്‍, സൂക്ഷ്‌മ സംവേദനക്ഷമതയുള്ള കൊഹെറര്‍ (ങ്കഗ്നനുത്സനുത്സ) എന്ന ഉപകരണം ഉണ്ടാക്കിയെടുത്തു. തുടര്‍ന്ന്‌ ജൈവശാസ്‌ത്രത്തിലേക്കു തിരിഞ്ഞ ഇദ്ദേഹം ക്രെസ്‌കോ ഗ്രാഫ്‌ എന്നൊരു ഉപകരണം സംവിധാനം ചെയ്‌തു. സസ്യത്തിന്റെ ചെറിയ തോതിലുള്ള വളര്‍ച്ചപോലും പതിനായിരം മടങ്ങ്‌ വലുതാക്കി കാണിക്കാന്‍ ഈ ഉപകരണത്തിന്‌ കഴിയും. കൊല്‍ക്കത്തയില്‍ ബോസ്‌ റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ സ്‌ഥാപിക്കുകയും അതിന്റെ ഡയറക്‌ടര്‍ പദവി വഹിക്കുകയും ചെയ്‌തു. പ്രധാന ബഹുമതികള്‍: 1920 ല്‍ റോയല്‍ സൊസൈറ്റി ഫെല്ലോഷിപ്പ്‌.

എസ്‌. രാമാനുജന്‍ (1887 - 1920)

ഭാരതീയ ഗണിതശാസ്‌ത്രജ്‌ഞരില്‍ പ്രധാനി. തമിഴ്‌നാട്ടിലെ ഈറോഡില്‍ ജനിച്ചു. ശ്രീനിവാസ രാമാനുജന്‍ എന്നാണ്‌ മുഴുവന്‍ പേര്‌. തന്റെ ബിരുദപഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഗണിതത്തില്‍ ഗവേഷണം നടത്താനും പല പുതിയ സമവാക്യങ്ങളും സിദ്ധാന്തങ്ങളും ആവിഷ്‌ക്കരിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. പ്രൊഫ. ജി.എച്ച്‌്.ഹാര്‍ഡിയുടെ ശ്രമഫലമായി, 1913 ല്‍ അദ്ദേഹത്തിന്‌ മദ്രാസ്‌ യൂണിവേഴ്‌സിറ്റിയുടെ ഫെല്ലോഷിപ്പ്‌ ലഭിച്ചു. 1914 ല്‍ കേംബ്രിഡ്‌ജില്‍വച്ച്‌ പ്രശസ്‌തരായ ഹാര്‍ഡിക്കും ലിറ്റില്‍ വുഡിനുമൊപ്പം ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടു. നൂറ്റാണ്ടുകളായി ഗണിതശാസ്‌ത്രജ്‌ഞര്‍ക്കജ്‌ഞാതമായിരുന്ന ചില പൊതു നിയമങ്ങള്‍ ആവിഷ്‌ക്കരിച്ചു. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളുടെ വ്യാഖ്യാനം ഇന്നും പൂര്‍ത്തിയായിട്ടില്ല. നിരവധി ശാസ്‌ത്രജര്‍ അതില്‍ ഗവേഷണങ്ങള്‍ നടത്തുന്നുണ്ട്‌. വിശദീകരിക്കപ്പെട്ട സിദ്ധാന്തങ്ങള്‍ പല മേഖലകളിലും പ്രായോഗികമാക്കിയിട്ടുണ്ട്‌. 1729 എന്ന സംഖ്യ രാമാനുജന്‍ സംഖ്യ എന്നാണറിയപ്പെടുന്നത്‌. പ്രധാന ബഹുമതികള്‍: 1918 ല്‍ റോയല്‍ സൊസൈറ്റി ഫെല്ലോഷിപ്പ്‌, 1918 ല്‍ കേംബ്രിഡ്‌ജിലെ ട്രിനിറ്റി കോളേജിന്റെ ഫെല്ലോഷിപ്പ്‌.

സര്‍. സി.വി. രാമന്‍ (1888 - 1970)

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ കൊ

ച്ചുഗ്രാമത്തില്‍ ജനിച്ചു. ചന്ദ്രശേഖര വെങ്കിട്ട രാമന്‍ എന്നാണ്‌ മുഴുവന്‍ പേര്‌. 11-ാം വയസ്സില്‍ മെട്രിക്കുലേഷനും 13-ാം വയസ്സില്‍ എഫ്‌. എ. (പ്രീഡിഗ്രി)യും പാസായി. മദ്രാസ്‌ പ്രസിഡന്‍സി കോളേജില്‍ നിന്നും ബി.എ., എം.എ. കോഴ്‌സുകള്‍ വിജയിച്ചു. 19-ാം വയസ്സില്‍ ഇന്‍ഡ്യന്‍ അസോസിയേഷന്‍ ഫോര്‍ കള്‍ട്ടിവേഷന്‍ ഓഫ്‌ സയന്‍സില്‍ അംഗമായി. ശാസ്‌ത്രതല്‌പരനായിരുന്ന അദ്ദേഹത്തിന്റെ ഗവേഷണങ്ങളെ മുന്‍നിര്‍ത്തി 1917 ല്‍ കൊല്‍ക്കത്ത സര്‍വകലാശാലയില്‍ ഫിസിക്‌സ് പ്രൊഫസറായി നിയമിച്ചു. ആകാശത്തിന്റെയും സമുദ്രത്തിന്റെയും നീലനിറത്തിനു കാരണം ജലതന്മാത്രകളുടെ പ്രകീര്‍ണനമാണെന്ന്‌ കണ്ടെത്തി. പ്രകാശം പ്രകീര്‍ണനം ചെയ്യപ്പെടുമ്പോള്‍ അതിന്റെ തരംഗദൈര്‍ഘ്യം വ്യത്യാസപ്പെടുമെന്ന രാമന്‍പ്രഭാവത്തിന്റെ ഉപജാതാവ്‌. ശാസ്‌ത്രത്തില്‍, ഏഷ്യയിലെ ആദ്യത്തെ നോബല്‍സമ്മാന ജേതാവ്‌. 1933 ല്‍ ഇന്‍ഡ്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയന്‍സിന്റെ ആദ്യ ഇന്ത്യക്കാരനായ ഡയറക്‌ടര്‍. ബാംഗ്ലൂരില്‍ രാമന്‍ റിസര്‍ച്ച്‌് ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ സ്‌ഥാപിച്ചു. തുടര്‍ന്ന്‌ അതിന്റെ ഡയറക്‌ടറായി മരണംവരെ സേവനം അനുഷ്‌ഠിച്ചു. പ്രധാന ബഹുമതികള്‍: 1924 ല്‍ റോയല്‍ സൊസൈറ്റി ഫെല്ലോഷിപ്പ്‌, 1930 ലെ ഭൗതികശാസ്‌ത്ര നോബല്‍ സമ്മാനം, 1954ല്‍ ഭാരതരത്നം.

എസ്‌.കെ. മിത്ര (1890 - 1963)

കൊല്‍ക്കത്തയില്‍ ജനിച്ചു. സിസിര്‍ കുമാര്‍ മിത്ര എന്നാണ്‌ മുഴുവന്‍ പേര്‌. തന്റെ ഗവേഷണങ്ങളിലൂടെ റേഡിയോ സയന്‍സിന്റെ പ്രാധാന്യം ബോധ്യപ്പെട്ട അദ്ദേഹം ഇന്ത്യയില്‍ ഈ വിഷയത്തിന്‌ അര്‍ഹമായ പ്രാധാന്യം ലഭിക്കാന്‍ അക്ഷീണം പരിശ്രമിച്ചു. ഇന്ത്യന്‍ സര്‍വകലാശാലകളില്‍ റേഡിയോ ഫിസിക്‌സ് ഒരു പഠനവിഷയമായതും രാജ്യത്ത്‌ റേഡിയോ വ്യവസായം തുടങ്ങിയതും ഹരിംഘട്ട-അയണോസ്‌ഫിയര്‍ ഫീല്‍ഡ്‌ സ്‌റ്റേഷന്‍ സ്‌ഥാപിച്ചതും കൊല്‍ക്കത്തയില്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ റേഡിയോ ഫിസിക്‌സ് ആന്റ്‌ ഇലക്‌ട്രോണിക്‌സ് സ്‌ഥാപിച്ചതും അദ്ദേഹത്തിന്റെ ഗവേഷണങ്ങളെത്തുടര്‍ന്നായിരുന്നു. അയണോസ്‌ഫിയറിനെക്കുറിച്ചുള്ള പഠനങ്ങള്‍ അദ്ദേഹത്തെ ലോകത്തില്‍ അറിയപ്പെടുന്ന ഭൗതികശാസ്‌ത്രജ്‌ഞനാക്കി. പ്രധാന ബഹുമതികള്‍: 1958 ല്‍ റോയല്‍ സൊസൈറ്റി ഫെല്ലോഷിപ്പ്‌.

ബീര്‍ബല്‍ സാഹ്നി (1891 - 1949)

ഇന്നത്തെ പാകിസ്‌ഥാനിലുള്ള ഭേര എന്ന സ്ലത്തു ജനിച്ചു. 1911ല്‍ ലാഹോറിലെ പഞ്ചാബ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടി. 1919 ല്‍ ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡി.എസ്‌.സി. പാസായി. പ്രശസ്‌ത ശാസ്‌ത്രജ്‌ഞനായിരുന്ന എ.സി.സിവേര്‍ഡിന്റെ കൂടെ സസ്യഫോസിലുകളെക്കുറിച്ച്‌ ഗവേഷണം നടത്തി. ലക്‌നൗ സര്‍വകലാശാലയില്‍ ബോട്ടണി പ്രൊഫസറായിരുന്നു. പാലിയോബോട്ടണിയായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണവിഷയം. ഇന്ത്യയിലെ സസ്യഫോസിലുകളെക്കുറിച്ച്‌ വിപുലമായ പഠനം നടത്തി. പാലിയോബോട്ടണിക്ക്‌ അര്‍ഹമായ പ്രാധാന്യം നേടിക്കൊടുക്കുന്നതിനായുള്ള അദ്ദേഹത്തിന്റെ ശ്രമ ഫലമായി സ്‌ഥാപിതമായതാണ്‌ ലക്‌നൗവിലെ ബീര്‍ബല്‍ സാഹ്നി ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ പാലിയോബോട്ടണി. പ്രധാന ബഹുമതികള്‍: 1936 ല്‍ റോയല്‍ സൊസൈറ്റി ഫല്ലോഷിപ്പ്‌.

എം.എന്‍.സാഹ (1893 - 1956)

ഇന്ത്യയിലെ ഭൗതികശാസ്രജ്‌ഞരില്‍ അഗ്രഗണനീയന്‍. ഇന്നത്തെ ബംഗ്ലാദേശിലെ ധാക്കയില്‍ ജനിച്ചു. മേഘനാഥ സാഹ എന്നാണ്‌ മുഴുവന്‍ പേര്‌. സ്‌കോളര്‍ഷിപ്പ്‌ സഹായത്തോടെ കൊല്‍ക്കത്ത പ്രസിഡന്‍സി കോളേജില്‍ നിന്നും ഗണിതത്തില്‍ ബി.എസ്‌.സി.യും എം.എസ്‌.സി.യും ഉയര്‍ന്ന നിലയില്‍ പാസായി. 1917 ല്‍ കൊല്‍ക്കത്തയിലെ യൂണിവേഴ്‌സിറ്റി കോളേജ്‌ ഓഫ്‌ സയന്‍സില്‍ അധ്യാപകനായി. ആസ്‌ട്രോഫിസിക്‌സ് എന്ന ശാസ്‌ത്രശാഖയുടെ വളര്‍ച്ചയില്‍ വഴിത്തിരിവായ അയൊണൈസേഷന്‍ ഫോര്‍മുല കണ്ടെത്തി. ഒരു തികഞ്ഞ മനുഷ്യസ്‌നേഹിയും രാജ്യസ്‌നേഹിയുമായിരുന്നു. ശാസ്‌ത്രത്തെയും സാങ്കേതികവിദ്യയെയും ദരിദ്രരുടെ ദുരിതമകറ്റാന്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്നായിരുന്നു അദ്ദേഹത്തിന്റെ അന്വേഷണം. 1948 ല്‍ കൊല്‍ക്കത്തയില്‍ സാഹ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ന്യൂക്ലിയര്‍ ഫിസിക്‌സ്സ്‌ഥാപിച്ചു. 1951 ല്‍ കൊല്‍ക്കത്തയില്‍ നിന്ന്‌ ഒരു സ്വതന്ത്ര സ്‌ഥാനാര്‍ത്ഥിയായി വന്‍ ഭൂരിപക്ഷത്തില്‍ പാര്‍ലമെന്റിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു.

എസ്‌. എന്‍. ബോസ്‌ (1894 - 1974)

കൊല്‍ക്കത്തയില്‍ ജനിച്ചു. സത്യേ്രന്ദ നാഥ്‌ ബോസ്‌ എന്നാണ്‌ മുഴുവന്‍ പേര്‌. കൊല്‍ക്കത്തയിലെ പ്രസിഡന്‍സി കോളേജില്‍ ഉന്നതപഠനം പൂര്‍ത്തിയാക്കി. 1916 ല്‍ എം. എന്‍. സാഹക്കൊപ്പം കൊല്‍ക്കത്തയിലെ യൂണിവേഴ്‌സിറ്റി കോളേജ്‌ ഓഫ്‌ സയന്‍സില്‍ അധ്യാപകനായി. 1920ല്‍ ഐന്‍സ്‌റ്റീന്റെ ആപേക്ഷികതാസിദ്ധാന്തത്തിന്റെ ഇംഗ്ലീഷ്‌ തര്‍ജമ പ്രസിദ്ധീകരിച്ചു. സ്‌റ്റാറ്റിസ്‌റ്റിക്‌സ് എന്ന മേഖലയുടെ വളര്‍ച്ചയ്‌ക്ക് പ്രധാന പങ്കുവഹിച്ചു. ഭൗതികശാസ്‌ത്ര-ഗണിതശാസ്‌ത്ര മേഖലകളില്‍ ഒട്ടേറെ സംഭാവനകള്‍ നല്‍കി. അദ്ദേഹത്തിന്റെ ഗവേഷണങ്ങളെത്തുടര്‍ന്ന്‌ സര്‍വകലാശാലകളില്‍ ബോസ്‌- ഐന്‍സ്‌റ്റൈന്‍ സ്‌റ്റാറ്റിസ്‌റ്റിക്‌സ് ഒരു പാഠ്യവിഷയമാക്കി. ബോസ്‌ സ്‌റ്റാറ്റിസ്‌റ്റിക്‌സ് അനുസരിക്കുന്ന മൗലികകണങ്ങളെ ബോസിന്റെ സ്‌മരണാര്‍ത്ഥം ബോസോണുകള്‍ എന്നു വിളിക്കുന്നു. അദ്ദേഹം രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

പ്രധാന ബഹുമതികള്‍: റോയല്‍ സൊസൈറ്റി ഫെല്ലോഷിപ്പ്‌, ഭാരതസര്‍ക്കാറിന്റെ പദ്‌മവിഭൂഷണ്‍ തുടങ്ങി നിരവധി ബഹുമതികള്‍.

സലിം അലി (1896 - 1987)

ലോകപ്രസിദ്ധ പക്ഷിനിരീക്ഷകന്‍. മുംബൈയില്‍ ജനിച്ചു. പക്ഷികളെ വളരെയധികം സ്‌നേഹിച്ചിരുന്ന അദ്ദേഹം അവയെക്കുറിച്ച്‌ കൂടുതല്‍ പഠിച്ചു. പക്ഷികളെക്കുറിച്ചുള്ള പഠനമായ ഓര്‍ണിത്തോളജിയുടെ ചരിത്രത്തില്‍ മറക്കാനാവാത്ത പേരാണ്‌ അദ്ദേഹത്തിന്റേത്‌. ഇന്ത്യയിലെ വിവിധതരം പക്ഷികളെക്കുറിച്ച്‌ അദ്ദേഹം കണ്ടെത്തിയതും അന്വേഷിച്ചറിഞ്ഞതുമായ വിവരങ്ങള്‍ ചിത്രങ്ങള്‍ സഹിതം ദി ബുക്ക്‌ ഓഫ്‌ ഇന്‍ഡ്യന്‍ ബേഡ്‌സ് എന്ന പേരില്‍, ഒരു പുസ്‌തകമായി പ്രസിദ്ധീകരിച്ചു. മുംബൈ നാചുറല്‍ ഹിസ്‌റ്ററി സൊസൈറ്റിയുടെ സെക്രട്ടറിയായിരുന്നു. പ്രധാന ബഹുമതികള്‍: 1958 - പദ്‌മഭൂഷണ്‍, 1976 - പദ്‌മവിഭൂഷണ്‍, 1976 - പോള്‍ ഗെറ്റി അവാര്‍ഡ്‌.

കെ.എസ്‌.കൃഷ്‌ണന്‍ (1898 - 1961)

കെ.എസ്‌. കൃഷ്‌ണന്‍ (1898-1961): തമിഴ്‌നാട്ടില്‍ ജനിച്ചു. കരിയമാണിക്കം ശ്രീനിവാസ കൃഷ്‌ണന്‍ എന്നാണ്‌ മുഴുവന്‍ പേര്‌. ഭൗതികശാസ്‌ത്രജ്‌ഞനും തത്വജ്‌ഞാനിയും സംസ്‌കൃതം, ഇംഗ്ലീഷ്‌, തമിഴ്‌ ഭാഷകളില്‍ പ്രഗത്ഭനും ആയിരുന്നു. മദ്രാസില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഗവേഷണത്തിനായി കൊല്‍ക്കത്തയിലെത്തി. അവിടെ ഇന്‍ഡ്യന്‍ അസോസിയേഷന്‍ ഫോര്‍ കള്‍ട്ടിവേഷന്‍ ഓഫ്‌ സയന്‍സില്‍ സി.വി. രാമനോടൊപ്പം ഗവേഷണത്തില്‍ ഏര്‍പ്പെട്ടു. രാമന്‍ പ്രഭാവത്തിന്റെ കണ്ടുപിടിത്തത്തിലേക്ക്‌ നയിച്ച ഗവേഷണങ്ങളില്‍ സി.വി.രാമനോടൊപ്പം പ്രവര്‍ത്തിച്ചവരില്‍ പ്രധാനി. വിവിധ ഖരവസ്‌തുക്കളിലെ ആറ്റങ്ങള്‍, തന്മാത്രകള്‍ എന്നിവയുടെ ക്രമീകരണത്തെക്കുറിച്ചും അവയ്‌ക്കിടയിലുള്ള ബലത്തെക്കുറിച്ചും പഠിച്ചു. 1948 ല്‍ ഡല്‍ഹിയിലെ നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറിയുടെ ആദ്യ ഡയറക്‌ടര്‍. അണുശക്‌തി കമ്മീഷന്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. പ്രധാന ബഹുമതികള്‍: 1940 ല്‍ റോയല്‍ സൊസൈറ്റി ഫെല്ലോഷിപ്പ്‌.

ബി.പി. പാല്‍ (1906 - 1989)

പഞ്ചാറ്റിലെ മുകുന്ദപൂരില്‍ ജനിച്ചു. ബഞ്ചമിന്‍ പിയറി പാല്‍ എന്നാണ്‌ മുഴുവന്‍ പേര്‌. ബര്‍മ്മയില്‍ വി ദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം 1929ല്‍ ഉപരിഗവേഷണത്തിനായി കേംബ്രിഡ്‌ജിലെത്തി. അവിടെനിന്നും പി.എച്ച്‌.ഡി. നേടിയ അദ്ദേഹം, 1933 ല്‍ ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ സസ്യശാസ്‌ത്രഗവേഷകനായി. അത്യുല്‌പാദനശേഷിയും രോഗപ്രതിരോധശേഷിയും കൂടിയ ഗോതമ്പിനങ്ങളായ Np (New pusa) 700, Np 800 പരമ്പരകള്‍, Np 809 എന്നിവ വികസിപ്പിച്ചെടുത്തു. പനിനീര്‍ പൂവുകളെക്കുറിച്ച്‌ ഗവേഷണങ്ങള്‍ നടത്തുകയും നാല്‌പതിലധികം ഇനങ്ങള്‍ വികസിപ്പിച്ചെടുക്കുകയും ചെയ്‌തു. അവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പുസ്‌തകമാണ്‌, ദി റോസ്‌ ഇന്‍ ഇന്ത്യ. 1965 ല്‍ ന്യൂഡല്‍ഹിയിലെ ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ്‌ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന്റെ ഡയറക്‌ടര്‍ ജനറല്‍ ആയിരുന്നു.

പ്രധാന ബഹുമതികള്‍ : റാഫി അഹമ്മദ്‌ കിദ്വായ്‌ സമ്മാനം, ബീര്‍ബല്‍ സാഹ്നി മെഡല്‍, എസ്‌. രാമാനുജന്‍ മെഡല്‍, 1972 ല്‍ റോയല്‍ സൊസൈറ്റി ഫെല്ലോഷിപ്പ്‌, പദ്‌മശ്രീ, പദ്‌മഭൂഷണ്‍, പദ്‌മവിഭൂഷണ്‍.

എച്ച്‌.ജെ. ഭാഭ (1909 - 1966)

മുംബൈയില്‍ ജനിച്ചു. ഹോമി ജഹാംഗീര്‍ ഭാഭ എന്നാണ്‌ മുഴുവന്‍ പേര്‌. ഭൗതികശാസ്‌ത്രത്തില്‍ ഉപരിപഠനം നടത്താനായി ഇംഗ്ലണ്ടില്‍ പോയി. 1935 ല്‍ ഡോക്‌ടറേറ്റ്‌ നേടി. തുടര്‍ന്ന്‌ ബാംഗ്ലൂരിലെ ഇന്‍ഡ്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയന്‍സില്‍ ഗവേഷണത്തില്‍ ഏര്‍പ്പെട്ടു. കോസ്‌മിക്‌ രശ്‌മികള്‍, മൗലികകണങ്ങള്‍, ക്വാണ്ടം സിദ്ധാന്തം തുടങ്ങിയ മേഖലകളില്‍ നിരവധി സംഭാവനകള്‍ നല്‍കി. അപ്‌സര, സൈറസ്‌, സെര്‍ലീന എന്നീ അണുറിയാക്‌ടറുകളും സമ്പുഷ്‌ട യുറേനിയം പ്ലാന്റും ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. ഊട്ടിയിലെ റേഡിയോ ടെലസ്‌കോപ്പ്‌ ഇദ്ദേഹത്തിന്റെ സംഭാവനയാണ്‌. ട്രോംബെയിലെ ഭാഭ അറ്റോമിക്‌ റിസര്‍ച്ച്‌് സെന്റര്‍ ഇദ്ദേഹത്തിന്റെ പേരിലറിയപ്പെടുന്നു. അണുശക്‌തി കമ്മീഷന്റെ ആദ്യ ചെയര്‍മാന്‍. ടാറ്റാ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെ ആദ്യ ഡയറക്‌ടര്‍. 1951-ല്‍ ഇന്ത്യന്‍ സയന്‍സ്‌ കോണ്‍ഗ്രസ്‌ പ്രസിഡന്‍്‌. പ്രധാന ബഹുമതികള്‍: റോയല്‍ സൊസൈറ്റി ഫെല്ലോഷിപ്പ്‌, 1954 ല്‍ പദ്‌മഭൂഷണ്‍.

ഡോ. സുബ്രഹ്‌മണ്യ ചന്ദ്രശേഖര്‍ (1910 - 1995)

ഇപ്പോഴത്തെ പാകിസ്‌ഥാനിലെ ലാഹോറില്‍ ജനിച്ചു. നക്ഷത്രങ്ങളുടെ ഘടനയെക്കുറിച്ച്‌ ധാരാളം പഠനങ്ങള്‍ നടത്തി. മദ്രാസിലെ പ്രസിഡന്‍സി കോളേജില്‍ നിന്നും ബി. എ. ഓണേഴ്‌സ് പാസായി. കേംബ്രിഡ്‌ജിലെ ട്രിനിറ്റി കോളേജ്‌ ഫെല്ലോ ആയി തെരഞ്ഞെടുക്കപ്പെട്ടു. അവിടെ വച്ച്‌ ശ്വേതവാമനന്മാരെ കുറിച്ചുള്ള ഗവേഷണങ്ങള്‍ നടത്തി. ശ്വേതവാമനന്‍ (വെള്ളക്കുള്ളന്‍) എന്ന അവസ്‌ഥയിലുള്ള നക്ഷത്രങ്ങള്‍ക്ക്‌ സൂര്യന്റെ ദ്രവ്യമാനത്തിന്‍െ 1.44 ഇരട്ടിയില്‍ താഴെ മാത്രമേ ദ്രവ്യമാനം കാണുകയുള്ളൂ എന്ന്‌ അദ്ദേഹം വാദിച്ചു. ഈ പരമാവധി ദ്രവ്യമാനം ചന്ദ്രശേഖര്‍ ലിമിറ്റ്‌ എന്നറിയപ്പെടുന്നു. തമോഗര്‍ത്തങ്ങളെക്കുറിച്ചും നക്ഷത്രങ്ങളുടെ വിവിധ ജീവിതഘട്ടങ്ങളെക്കുറിച്ചും പഠനങ്ങള്‍ നടത്തി. 1937-ല്‍ യു.എസ്‌.എ.യിലെ ചിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ അദ്ധ്യാപകനായി. പ്രധാന ബഹുമതികള്‍: 1983 ല്‍ ഫിസിക്‌സിനുള്ള നോബല്‍ സമ്മാനം, റോയല്‍ സൊസൈറ്റി ഫെല്ലോഷിപ്പ്‌, പദ്‌മവിഭൂഷണ്‍.

ഡോ. വിക്രം എ. സാരാഭായ്‌ (1919 - 1971)

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിന്‌ അടിത്തറപാകിയ ശാസ്‌ത്രജ്‌ഞന്‍. അഹമ്മദാബാദില്‍ ജനിച്ചു. അഹമ്മദാബാദിലും കേംബ്രിഡ്‌ജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അദ്ദേഹത്തിന്റെ ഗവേഷണം കോസ്‌മിക്‌ രശ്‌മികളെക്കുറിച്ചായിരുന്നു. ഫോട്ടോഫിഷന്‍ സംബന്ധിച്ച ഗവേഷണത്തിന്‌ കേംബ്രിഡ്‌ജില്‍ നിന്നും പി.എച്ച്‌്.ഡി. ലഭിച്ചു. ഇന്‍ഡ്യന്‍ നാഷണല്‍ കമ്മിറ്റി ഫോര്‍ സ്‌പസേ്‌ റിസര്‍ച്ച്‌് (INCOSPAR)ന്റെ സ്‌ഥാപകനും തലവനും ആയിരുന്നു. അഹമ്മദാബാദിലെ നാഷണല്‍ ഫിസിക്കല്‍ റിസര്‍ച്ച്‌ ലബോറട്ടറിയും തുമ്പയിലെ റോക്കറ്റ്‌ ലോഞ്ചിംഗ്‌ സ്‌റ്റേഷനും സ്‌ഥാപിച്ചു. ഇദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥം തുമ്പയിലെ റോക്കറ്റ്‌ ലോഞ്ചിംഗ്‌ സ്‌റ്റേഷന്‍ വിക്രം സാരാഭായ്‌ സ്‌പേസ്‌ സെന്റര്‍ (V S S C) എന്നു പുനര്‍നാമകരണം ചെയ്യപ്പെട്ടു. പ്രധാന ബഹുമതികള്‍: 1962 - ഭട്‌നാഗര്‍ അവാര്‍ഡ്‌, 1966 - പദ്‌മഭൂഷണ്‍.

എം.എസ്‌.സ്വാമിനാഥന്‍ 

ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ പിതാവ്‌. കേരളത്തിലെ കുട്ടനാട്ടില്‍ മങ്കൊമ്പ്‌ ദേശത്ത്‌ ജനിച്ചു. മങ്കൊമ്പ്‌ സാമ്പശിവന്‍ സ്വാമിനാഥന്‍ എന്നാണ്‌ മുഴുവന്‍ പേര്‌. മദ്രാസ്‌ യൂണിവേഴ്‌സിറ്റിയില്‍നിന്ന്‌ സസ്യശാസ്‌ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. കേംബ്രിഡ്‌ജിലെ സ്‌കൂള്‍ ഓഫ്‌ അഗ്രികള്‍ച്ചറില്‍ നിന്ന്‌ പി.എച്ച്‌.ഡി. നേടി. ഗവേഷണങ്ങളിലൂടെ മികച്ചയിനം ഗോതമ്പ്‌, നെല്ല്‌, ഉരുളക്കിഴങ്ങ്‌, ചണം മുതലായവ വികസിപ്പിച്ചെടുത്തു. ബസുമതി നെല്ല്‌ വികസിപ്പിച്ചെടുക്കുന്നതിന്‌ നേതൃത്വം നല്‍കി. ഇപ്പോള്‍ മദ്രാസിലെ എം.എസ്‌. സ്വാമിനാഥന്‍ റിസര്‍ച്ച്‌ ഫൗണ്ടേഷന്‍െ ഡയറക്‌ടറായി സേവനം അനുഷ്‌ഠിക്കുന്നു. പ്രധാന ബഹുമതികള്‍: 1971-ല്‍ രമണ്‍ മാഗ്‌സെസെ അവാര്‍ഡ്‌, 1973 ല്‍ റോയല്‍ സൊസൈറ്റി ഫെല്ലോഷിപ്പ്‌, എസ്‌.എസ്‌. ഭട്‌നാഗര്‍ അവാര്‍ഡ്‌, ബീര്‍ബല്‍ സാഹ്നി മെഡല്‍, മെന്‍ഡല്‍ സ്‌മാരക അവാര്‍ഡ്‌, 1986-ല്‍ ആല്‍ബര്‍ട്ട്‌ ഐന്‍സ്‌റ്റൈന്‍ വേള്‍ഡ്‌ സയന്‍സ്‌ അവാര്‍ഡ്‌, വേള്‍ഡ്‌ ഫുഡ്‌ പ്രൈസ്‌ അവാര്‍ഡ്‌, ഭാരത സര്‍ക്കാറിന്റെപദ്‌മശ്രീ, പദ്‌മഭൂഷണ്‍.
Share it:

India

വ്യക്തികള്‍

Post A Comment:

1 comments:

  1. കൊള്ളാം നല്ല ഒരു ലേഖനം

    ReplyDelete