ചൊവ്വ (Mars)

Share it:
സൂര്യനോടടുത്ത നാലാമത്തെ ഗ്രഹം. ഭൂമിയില്‍നിന്നു നോക്കുമ്പോള്‍ ഉപരിതലം വളരെ വ്യക്‌തമായി കാണാന്‍ കഴിയുന്ന ഏക ഗ്രഹമാണിത്‌. ഗ്രീക്കു യുദ്ധദേവനെ അനുസ്‌മരിച്ചാണ്‌ മാര്‍സ്‌ എന്ന പേരു ലഭിച്ചത്‌. ഭൂമിയോട്‌ ഏറ്റവും കൂടുതല്‍ സാമ്യം പറയാവുന്ന ഗ്രഹമാണ്‌ ചൊവ്വ. അതിനാല്‍ ചൊവ്വയില്‍ ജീവന്‍ ഉണ്ടാകാമെന്നു കരുതപ്പെടുന്നു. ബുധനാണ്‌ ചൊവ്വയേക്കാളും ചെറിയ ഗ്രഹം. സൂര്യനില്‍നിന്നും 227.9 മില്യണ്‍ കി. മീറ്റര്‍ അകലെ സ്‌ഥിതിചെയ്യുന്ന ഈ ഗ്രഹത്തിന്റെ ഒരു വര്‍ഷം ഭൂമിയിലെ 687 ദിവസങ്ങളാണ്‌. ഒരു ദിവസമെന്നു പറയുന്നത്‌ 24 മണിക്കൂര്‍ 37 മിനിട്ട്‌ ആണ്‌. ചൊവ്വയുടെ സാങ്കല്‌പിക അച്ചുതണ്ട്‌ സൂര്യനെ വലംവയ്‌ക്കുന്ന പാതയ്‌ക്ക് ലംബമല്ല. ലംബസ്‌ഥാനത്തുനിന്ന്‌ 24oC ചരിഞ്ഞാണ്‌. ഈ ചരിവ്‌ ചൊവ്വയില്‍ ഋതുഭേദങ്ങള്‍ക്ക്‌ കാരണമാകുന്നു. വളരെ അപൂര്‍വമായി മാത്രമേ ചൊവ്വയുടെ ഉപരിതലോഷ്‌മാവ്‌ 0oC യില്‍നിന്നും ഉയരാറുള്ളൂ. ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ചൊവ്വയുടെ ഉപരിതലത്തില്‍ ധാരാളം ജലമുണ്ടായിരുന്നതായി കരുതപ്പെടുന്നു.

ചൊവ്വയുടെ അന്തരീക്ഷം

ചൊവ്വയുടെ അന്തരീക്ഷം ഭൂമിയുടെ അന്തരീക്ഷത്തേക്കാള്‍ കനം കുറഞ്ഞതാണ്‌. അന്തരീക്ഷത്തിലെ മുഖ്യഘടകം കാര്‍ബണ്‍ ഡയോക്‌സൈഡാണ്‌. ചെറിയ അളവില്‍ നൈട്രജന്‍, ആര്‍ഗണ്‍, ഓക്‌സിജന്‍, കാര്‍ബണ്‍ മോണോക്‌സൈഡ്‌, നിയോണ്‍, ക്രിപ്‌ടന്‍, സെനോണ്‍ എന്നീ വാതകങ്ങള്‍ അന്തരീക്ഷത്തില്‍ കാണപ്പെടുന്നു. വളരെ കുറഞ്ഞ അളവില്‍ ജലബാഷ്‌പവും ഉണ്ട്‌. ചൊവ്വയുടെ ഉപരിതലത്തില്‍ കുന്നുകളും കുഴികളും താഴ്‌വാരങ്ങളുമൊക്കെ ധാരാളമായി കാണാം. ജലം, ഓക്‌സിജന്‍ എന്നിവയുടെ ദൗര്‍ ലഭ്യമുണ്ടെങ്കിലും ജീവന്റെ നേര്‍ത്ത കണികയെങ്കിലും ചൊവ്വയില്‍ ഉണ്ടയേക്കാമെന്ന്‌ കരുതുന്നു.

ഗര്‍ത്തങ്ങളും അഗ്നിപര്‍വതങ്ങളും

നിരവധി പര്യവേഷണപേടകങ്ങള്‍ ചൊവ്വയെക്കുറിച്ച്‌ നടത്തിയ പഠനങ്ങളില്‍ നിന്നും ഈ ഗ്രഹത്തിന്റെ പല സവിശേഷതകളും കണ്ടെത്തിയിട്ടുണ്ട്‌. ചൊവ്വയിലെ ശ്രദ്ധേയമായ സവിശേഷതകള്‍ അവിടെ കാണുന്ന അഗ്നിപര്‍വതങ്ങളും ഗര്‍ത്തങ്ങളുമാണ്‌. ഇവ പൊതുവെ ഉത്തരാര്‍ധഗോളത്തിലാണ്‌. ദക്ഷിണാര്‍ധഗോളം താരതമ്യേന സമനിരപ്പാണ്‌. എവറസ്‌റ്റിന്റെ മൂന്ന്‌ മടങ്ങോളം ഉയരമുള്ള ഒളിമ്പസ്‌ മല എന്ന അഗ്നിപര്‍വതം ഉത്തരാര്‍ധഗോളത്തിലാണ്‌. ഇതിനുചുറ്റും കനാലുകളും വരമ്പുകളും ധാരാളമായി കാണാം. താര്‍സിസ്‌ എന്ന ഇത്തരം ഒരു വരമ്പിനും മുകളില്‍ മൂന്ന്‌ ചെറിയ അഗ്നിപര്‍വതങ്ങളുമുണ്ട്‌. ഈ അഗ്നിപര്‍വ്വതത്തിന്‌ ഏതാണ്ട്‌ 100 കിലോമീറ്റര്‍ ചുറ്റളവില്‍ വീണ്ടും അനേകം കൊച്ചുകൊച്ചു അഗ്നിപര്‍വതങ്ങള്‍ കാണാം.

ചൊവ്വ ഒറ്റനോട്ടത്തില്‍

സൂര്യനില്‍ നിന്നുള്ള ശരാശരി ദൂരം : 227.9 മില്യണ്‍ കി.മീ.

ഭൂമിയെ അപേക്ഷിച്ചുള്ള മാസ്‌ : 0.107

വ്യാസം : 6796 കി.മീ.

ഭ്രമണകാലം: 24 മണിക്കൂര്‍ 37 മിനിട്ട്‌

പരിക്രമണകാലം : 687 ഭൗമദിവസം

ഊഷ്‌മാവ്‌: -143ഗ്നങ്ക മുതല്‍ 17ഗ്നങ്ക വരെ

ഭൂമിയെ അപേക്ഷിച്ചുള്ള ഗ്രാവിറ്റി : 0.38

ഉപഗ്രഹം: 2

ഉപഗ്രഹങ്ങള്‍

ചൊവ്വയ്‌ക്ക് രണ്ട്‌ ഉപഗ്രഹങ്ങളാണുള്ളത്‌. ഡീമോസും (*eimos), ഫോബോസും (Phobos), അമേരിക്കന്‍ ജ്യോതിശാസ്‌ത്രജ്‌ഞനായ അസഫ്‌ ഹാള്‍ (A Hall) ആണ്‌ 1877 ല്‍ ഈ രണ്ട്‌ ഉപഗ്രഹങ്ങളും കണ്ടെത്തിയത്‌.

മാരിനര്‍ താഴ്‌വര

ചൊവ്വയുടെ ഉപരിതലത്തിന്റെ പ്രധാന സവിശേഷതയാണ്‌ മലയിടുക്കു ഗര്‍ത്തങ്ങള്‍ (Canyons). തെക്കന്‍ അര്‍ധഗോളത്തില്‍ ഏതാണ്ട്‌ 45oCഅക്ഷാംശത്തിലുള്ള ഒരു വലിയ കാന്യണ്‍ കൂട്ടമാണ്‌ മാരിനര്‍ താഴ്‌വര. വീതിയുള്ള ഒരു പ്രധാന കാന്യണിന്‌ ചുറ്റും ധാരാളം ചെറു ചെറു കാന്യണുകളും ചേര്‍ന്നതാണ്‌ മാരിനര്‍ താഴ്‌വര.

ചൊവ്വയിലേക്കുള്ള പറക്കല്‍

1965 ല്‍ അമേരിക്കന്‍ ബഹിരാകാശപേടകമായ മാരിനര്‍ 4 ചൊവ്വയ്‌ക്ക് അടുത്തെത്തുകയും ഉപരിതലത്തിന്റെ ചിത്രങ്ങള്‍ ഭൂമിയിലേക്ക്‌ അയയ്‌ക്കുകയും ചെയ്‌തു. അമേരിക്ക മാരിനര്‍ പരമ്പര തുടര്‍ന്നപ്പോള്‍ സോവിയറ്റ്‌ യൂണിയന്‍ മാര്‍സ്‌ പരമ്പര ആരംഭിച്ചു. മാരിനര്‍ 4, മാരിനര്‍ 9 തുടങ്ങിയവ അയച്ച ചിത്രങ്ങള്‍ ചൊവ്വയുടെ ഉപരിതലത്തില്‍ ഉല്‍ക്കകള്‍ പതിച്ചതിന്റെ ഫലമായുണ്ടായ ഗര്‍ത്തങ്ങളുടെ സാന്നിധ്യം വെളിപ്പെടുത്തി.

വൈക്കിംഗ്‌: 1976 ജൂലൈ 20ന്‌ അമേരിക്കയുടെ വൈക്കിംഗ്‌ 1

ചൊവ്വാഗ്രഹത്തിന്റെ മധ്യരേഖയ്‌ക്കടുത്തുള്ള മരുഭൂമി പോലുള്ള പ്രദേശത്ത്‌ ഇറങ്ങി. ഇതേവര്‍ഷംതന്നെ സെപ്‌റ്റംബര്‍ 3ന്‌ വൈക്കിംഗ്‌ 2 ഉത്തരമേഖലയില്‍ ഇറങ്ങി. ഇവ രണ്ടും ചൊവ്വായുടെ ഉപരിതല പ്രത്യേകതകള്‍ എടുത്തുകാട്ടുന്ന വ്യക്‌തമായ ചിത്രങ്ങള്‍ ഭൂമിയിലേക്കയച്ചു. 1988 ല്‍ സോവിയറ്റ്‌ യൂണിയന്‍ രണ്ട്‌ ബഹിരാകാശ പേടകങ്ങള്‍ ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസിലേക്കയച്ചു.

വിജയകരമായ ദൗത്യങ്ങള്‍

1964, നവംബര്‍ 28: മാരിനര്‍ 4

1965 ജൂലൈ 14ന്‌ ആദ്യത്തെ വിജയകരമായ പറക്കല്‍ പൂര്‍ത്തിയാക്കി. ചൊവ്വയുടെ 21 ഛായാചിത്രങ്ങള്‍ അയച്ചു.

1969 ഫെബ്രുവരി 24: മാരിനര്‍ 6

1969 ജൂലൈ 31ന്‌ പറന്നു. 75 ഛായാചിത്രങ്ങള്‍ ഭൂമിയിലേക്കയച്ചു.

1969 മാര്‍ച്ച്‌ 27: മാരിനര്‍ 7

1969 ആഗസ്‌റ്റ് 5ന്‌ പറന്നു. 126 ഛായാചിത്രങ്ങള്‍ ഭൂമിയിലേക്കയച്ചു.

1971, മെയ്‌ 30: മാരിനര്‍ 9, മാര്‍സ്‌ ഓര്‍ബിറ്റര്‍.

1971 നവംബര്‍ 13 മുതല്‍ 1972 ഒക്‌ടോബര്‍ 27 വരെ ചൊവ്വയുടെ സഞ്ചാരപഥത്തില്‍. 7,329 ഛായാചിത്രങ്ങള്‍ അയച്ചു.

1976, ജൂലൈ 20: വൈക്കിംഗ്‌ 1, മാര്‍സ്‌ ഓര്‍ബിറ്റര്‍/ലാന്‍ഡര്‍.

യഥാക്രമം 1976 - 1980, 1976 - 1982 കാലയളവില്‍ ചൊവ്വയെ ചുറ്റി സഞ്ചരിച്ചു. രണ്ടുംകൂടി 50,000 ല്‍ കൂടുതല്‍ ചിത്രങ്ങള്‍ അയച്ചു.

1976, സെപ്‌റ്റംബര്‍ 3: വൈക്കിംഗ്‌ 2, മാര്‍സ്‌ ഓര്‍ബിറ്റര്‍/ലാന്‍ഡര്‍

യഥാക്രമം 1976 - 1987, 1976 - 1980 ല്‍ ചൊവ്വയെ ചുറ്റി സഞ്ചരിച്ചു. രണ്ടുംകൂടി 50,000 ചിത്രങ്ങള്‍ അയച്ചു.

1996, നവംബര്‍ 11, മാര്‍സ്‌ ഗ്ലോബല്‍ സര്‍വേയര്‍, ഓര്‍ബിറ്റര്‍:

1997 സെപ്‌റ്റംബര്‍ 11 മുതല്‍ പ്രവര്‍ത്തനം തുടരുന്നു.

1996, ഡിസംബര്‍ 4: മാര്‍സ്‌, പാത്ത്‌ ഫൈന്‍ഡര്‍, ലാന്‍ഡറര്‍, റോവര്‍.

1997 ജൂലൈ 4ന്‌ ചൊവ്വയിലെത്തി.

1997 സെപ്‌റ്റംബര്‍ 27നാണ്‌ അവസാനമായി വിവരങ്ങള്‍ ലഭിച്ചത്‌.

2001, ഏപ്രില്‍ 7: മാര്‍സ്‌ ഒഡിസ്സി, ഓര്‍ബിറ്റര്‍.

ചൊവ്വയുടെ ഉപരിതല ചിത്രീകരണങ്ങള്‍ നടത്തിക്കൊണ്ടിരുന്നു.

2003, ജൂണ്‍ 10: ഓപ്പര്‍ച്യൂണിറ്റി, സ്‌പിരിറ്റ്‌

നാസാ വിക്ഷേപിച്ച ഇരട്ടപേടകങ്ങളാണ്‌ ഇവ. ചൊവ്വയിലെ ജലാംശത്തെക്കുറിച്ച്‌ പഠിക്കുകയാണ്‌ ഇവയുടെ പ്രധാന ലക്ഷ്യം.

ചൊവ്വയിലും ജീവനോ!

മീഥെയ്‌ന്‍ ധാരാളമായി കാണുന്ന ഒരു ഗ്രഹമാണ്‌ ചൊവ്വ. ഉള്‍ക്കകളാണ്‌ ഈ മീഥെയ്‌ന്‍ ഉണ്ടാകാന്‍ കാരണം എന്നായിരുന്നു ശാസ്‌ത്രജ്‌ഞരുടെ മുന്‍കാല വിശ്വാസം. ഉള്‍ക്കകള്‍ ചൊവ്വയുടെ അന്തരീക്ഷത്തിലെത്തി ഉയര്‍ന്ന താപനിലയില്‍ ചില രാസപ്രവര്‍ത്തനങ്ങള്‍ നടന്ന്‌ മീഥെയ്‌ന്‍ ഉണ്ടാകുന്നു എന്നായിരുന്നു അവര്‍ കരുതിയിരുന്നത്‌. കുറേ ശതവര്‍ഷങ്ങളുടെ ആയുസ്സുമാത്രമുള്ള മീഥെയ്‌ന്‍ ചില രാസപ്രവര്‍ത്തനങ്ങളിലൂടെ തുടര്‍ച്ചയായി ഉണ്ടായാല്‍ മാത്രമേ ചൊവ്വയില്‍ ഇത്രയധികം കാണാന്‍ സാധ്യമാകൂ. എന്നാല്‍ ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ ഗവേഷകരുടെ കണ്ടെത്തല്‍ മറ്റൊന്നാണ്‌. ഉള്‍ക്കകളുടെ പ്രവര്‍ത്തനത്തിലൂടെ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ മീഥെയ്‌ന്‍ അന്തരീക്ഷത്തില്‍ ഉണ്ടെന്നാണ്‌ ഈ ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്‌. അതായത്‌ മീഥെയ്‌ന്‍ കൂടുതലായി ഉണ്ടാകുന്നത്‌ മറ്റ്‌ സ്രോതസുകളില്‍ നിന്നുമാണ്‌. ചൊവ്വയിലെ മണ്ണില്‍ കാണപ്പെടുന്ന ചില സൂക്ഷ്‌മ ജീവികളില്‍ നടക്കുന്ന ഉപാപചയപ്രവര്‍ത്തനങ്ങളുടെ ഫലമായോ അല്ലെങ്കില്‍ അഗ്നിപര്‍വ്വതജന്യശിലകളും ജലവും തമ്മിലുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായോ, ആണ്‌ മീഥെയ്‌ന്‍ ചൊവ്വയില്‍ രൂപപ്പെടുന്നത്‌ എന്നാണ്‌ ഇവരുടെ നിഗമനം.

ചൊവ്വയിലെ ഹസ്‌ബന്‍ഡ്‌ കുന്നുകള്‍

ചൊവ്വയിലെ പ്രശസ്‌തമായ ഹസ്‌ബന്‍ഡ്‌ കുന്ന്‌ പ്രദേശങ്ങളുടെ സമീപത്തെത്തി നിരീക്ഷണങ്ങള്‍ നടത്തിയ ചൊവ്വാ ഗവേഷണ പേടകമായ സ്‌പിരിറ്റ്‌ പല ചിത്രങ്ങളും അയച്ചിട്ടുണ്ട്‌. ചിത്രങ്ങളെ വിശലകനം ചെയ്‌തപ്പോള്‍ ചൊവ്വാഗ്രഹത്തിന്റെ ഭൂമിശാസ്‌ത്രപരമായ പല സവിശേഷതകളും കാലിഫോര്‍ണിയയിലെ ഡെത്‌വാലിയുടെ സവിശേഷതകളുമായി ബന്ധമുണ്ടെന്ന്‌ കണ്ടെത്താന്‍ കഴിഞ്ഞു. ചുവന്ന ഗ്രഹത്തിലെ അഗ്നിപര്‍വ്വതമായ ഒളിമ്പസ്‌ മോണ്‍സ്‌ പ്രകൃതിയിലെ ഏറ്റവും വലിയ പര്‍വ്വതമാണെന്ന്‌ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. എവറസ്‌റ്റ് കൊടുമുടിയുടെ മൂന്നിരട്ടി പൊക്കവും ഹവായ്‌ ദ്വീപുകളുടെ വീതിയുടെ മൂന്നിരട്ടി വലിപ്പവും ഈ പര്‍വ്വതത്തിന്‌ ഉള്ളതായി കണ്ടെത്തിയിരിക്കുന്നു.
Share it:

mars

Post A Comment:

2 comments:

  1. കൊതുകകരമായ വിവരങ്ങള്‍... നന്ദി

    ReplyDelete
  2. ഉപകാരപ്രദമായ അറിവുകളാണിത്,, ഇനിയും എഴുതാന്‍ കഴിയട്ടെ,,

    ReplyDelete