ഹോബി

Share it:
വിശ്രമവേളകളില്‍ മാനസിക ഉല്ലാസത്തിനുവേണ്ടി ചെയ്യുന്ന പ്രവൃത്തിയാണ്‌ ഹോബി. ജന്മവാസനയാണ്‌ ഹോബിയെ സ്വാധീനിക്കുന്നത്‌. എങ്കിലും, കുട്ടികള്‍ക്ക്‌ ചിട്ടയായി ജോലിചെയ്‌തു പരിചയിക്കാന്‍ ഇതു സൗകര്യം നല്‍കുന്നു; ഒപ്പം തന്റെ കഴിവുകളെ പരിപോഷിപ്പിക്കാനും സൗകര്യമൊരുക്കുന്നു. ഒരു കൗതുകത്തിനായി തുടങ്ങുന്ന ഹോബി ഭാവിജീവിതത്തിലേക്കുള്ള അമൂല്യസമ്പത്തായിമാറുന്നു. ഉന്നതസ്‌ഥാപനങ്ങളില്‍ പഠനത്തിനോ ജോലിക്കോ അപേക്ഷിക്കുമ്പോള്‍ നിങ്ങളുടെ ഹോബിയെക്കുറിച്ചുള്ള അറിവുകളും അവര്‍ ശേഖരിക്കുന്നു. ഒരാളുടെ വ്യക്‌തിത്വം അളക്കാനുള്ള മാനദണ്ഡം കൂടിയാണ്‌ അയാളുടെ ഹോബികള്‍. അതുകൊണ്ട്‌ നിങ്ങള്‍ക്കിഷ്‌ടപ്പെട്ട ഹോബികളെന്തെന്ന്‌ ഉറപ്പിക്കാനും ചിട്ടയായി ചെയ്‌തുതുടങ്ങാനുമുള്ള അവസരമാണ്‌ ഈ വേനലവധ ിക്കാലം.
ഹോബികള്‍ പലവിധം

കൗതുകവസ്‌തുക്കള്‍ ശേഖരിക്കുക, സ്വയം നിര്‍മ്മിക്കുക, ശാരീരികവും മാനസികവുമായ ഉല്ലാസങ്ങളില്‍ ഏര്‍പ്പെടുക, സ്‌റ്റാമ്പ്‌, നാണയം, പേന, പുരാവസ്‌തുക്കള്‍, കല്ലുകള്‍, തൂവല്‍, വാച്ച്‌, പാവകള്‍, ചിത്രങ്ങള്‍, ചിപ്പി, ആട്ടോഗ്രാഫ്‌ എന്നിവ ശേഖരിക്കുക. ചിത്രരചന, ശില്‌പ നിര്‍മാണം, ഹെര്‍ബേറിയം തുടങ്ങി ഓരോര്‍ത്തര്‍ക്കും താല്‌പര്യമനുസരിച്ച്‌ തിരഞ്ഞെടുക്കാനുള്ള ഒരുപാട്‌ ഹോബികളുണ്ട്‌.
ചിത്രരചന

ഭാവിജീവിതത്തില്‍ നിങ്ങളെ സഹായിക്കുന്ന ഒരു നല്ല ഹോബിയാണ്‌ ചിത്രരചന. നിരീക്ഷണശേഷി, ഓര്‍മ്മശക്‌തി വര്‍ണ്ണബോധം, ആസ്വാദനനിലവാരം എന്നിവ ഉയര്‍ത്തി ഒരു നല്ല മനുഷ്യനായിത്തീരാന്‍ ഈ ഹോബി നിങ്ങളെ സഹായിക്കുന്നു. ഭാവിയില്‍ നല്ലൊരു എഞ്ചിനീയറാകാനോ ഡോക്‌ടറാകാനോ ഫാഷന്‍ ഡിസൈനറാകാനോ വാസ്‌തുശില്‌പിയാകാനോ എന്നുവേണ്ട ഏതുമേഖലയിലും നിങ്ങളെ സഹായിക്കുന്ന കൂട്ടുകാരനാണ്‌ ചിത്രരചന. ഒരു ചിത്രകാരന്റെ ഏറ്റവും വലിയ ഗുരു പ്രകൃതിതന്നെയാണ്‌. വീട്ടുമുറ്റത്തെ ഒരു കല്ലുമുതല്‍ അടുക്കള പാത്രങ്ങളും മേശയും കസേരയുമെല്ലാം ഒരു ചിത്രകാരന്റെ മോഡലുകളാണ്‌. നിങ്ങളുടെ കണ്ണില്‍പ്പെടുന്ന എല്ലാദൃശ്യങ്ങളും പകര്‍ത്തി പരിശീലിക്കുക. ഇതിന്‌ വിലകൂടിയ പേപ്പറോ, നിറങ്ങളോ ഒന്നും വേണമെന്നില്ല. ന്യൂസ്‌ പ്രിന്റ്‌ വേസ്‌റ്റുമുതല്‍ കരിക്കട്ട, കല്ലുപൊടികള്‍, ഇലച്ചാറുകള്‍ എന്നിവയെല്ലാം നിറങ്ങളായി ഉപയോഗിക്കാം. അതുപോലെ വരയ്‌ക്കാന്‍ വിലകൂടിയ ബ്രഷോ, പേനയോ ഒന്നും ആവശ്യമില്ല. കരിക്കട്ടകൊണ്ടോ അനുയോജ്യമായ വടിക്കഷണം മഷിയില്‍ മുക്കിയോ വലുതായി വരച്ചു ശീലിക്കുക. പെന്‍സിലും റബ്ബറും ഉപയോഗിച്ച്‌ വരച്ച്‌, മായ്‌ച് സമയം കളയേണ്ടതില്ല. തെറ്റിപ്പോകുന്ന വരകള്‍ മായ്‌ചുകളയേണ്ട. നിരന്തരമായി വരയ്‌ക്കുമ്പോള്‍ നിങ്ങളുടെ മനസ്‌ പറയുന്നതനുസരിച്ച്‌ രേഖകളെ നിയന്ത്രിക്കാനുള്ള ശേഷി നിങ്ങള്‍ക്കു കൈവരും. ശക്‌തമായ രേഖകളാണ്‌ നല്ല ചിത്രകാരന്റെ കൈമുതല്‍. നിരന്തരപരിശീലനത്തിലൂടെയാണ്‌ അത്‌ കൈവരുന്നത്‌.
സ്‌കെച്ച്‌ ബുക്ക്‌

സ്‌കെച്ച്‌ ബുക്ക്‌ ഒരു ചിത്രകാരന്റെ ഏറ്റവും പ്രധാന ഉപകരണമാണ്‌. യാത്രവേളകളിലെല്ലാം അത്‌ കൈയില്‍ കരുതുക. ഒപ്പം കറുത്ത മഷിനിറച്ച ഒരു പേനയും. മുന്‍വര്‍ഷത്തെ നോട്ടുബുക്കിലെ ഒഴിവുവന്ന പേജുകള്‍ തുന്നിക്കെട്ടി അല്‌പം കട്ടിയുള്ള ഒരു ചട്ടയും ഫിറ്റ്‌ ചെയ്‌താല്‍ സ്‌കെച്ചു ബുക്കായി. പ്രകൃതിദൃശ്യങ്ങളോ, ബസ്സ്റ്റാന്റോ ചന്തയോ, ചില പ്രത്യേകവ്യക്‌തികളോ എന്നുവേണ്ട കാണുന്നതെല്ലാം ഞൊടിയിടകൊണ്ട്‌ പകര്‍ത്തി ശീലിക്കുക. മറ്റുള്ളവര്‍ ശ്രദ്ധിക്കുമോ എന്നു കരുതി ചമ്മേണ്ട കാര്യമില്ല. പിന്നീട്‌ സമയം കിട്ടുമ്പോള്‍ നല്ല രീതിയില്‍ പകര്‍ത്തി വരച്ച്‌ നിറംകൊടുത്ത്‌ നല്ല പെയിന്റിങുകളാക്കാം.
നാണയശേഖരണം

ഹോബിയിലൂടെ ചരിത്രം പഠിക്കാനുള്ള ഒരു മാര്‍ഗമാണ്‌ നാണയ ശേഖരണം. വിവിധ രാജ്യങ്ങളിലെ നാണയങ്ങളും പഴയകാലത്തെ നാണയങ്ങളുമെല്ലാം നാണയശേഖരത്തില്‍ ഉള്‍പ്പെടുത്താം. കലാബോധവും സമ്പാദ്യശീലവും കോര്‍ത്തിണക്കിക്കൊണ്ടു പോകുന്നതോടൊപ്പം വിവിധ രാജ്യങ്ങളുടെ ചരിത്രം, സംസ്‌കാരം എന്നിവയെക്കുറിച്ചുള്ള പഠനവും നാണയശേഖരണത്തിലൂടെ സാദ്ധ്യമാകുന്നു. നാണയങ്ങളെക്കുറിച്ചുള്ള പഠനം ന്യൂമാറ്റിക്‌സ് എന്നാണറിയപ്പെടുന്നത്‌. നാണയങ്ങള്‍ ശേഖരിക്കുന്ന വ്യക്‌തിയെ ന്യൂമിസ്‌മാറ്റിസ്‌റ്റ് എന്നും.

നാണയശേഖരണമാരംഭിക്കുന്നത്‌ കിട്ടാവുന്നിടത്തോളം നാണയങ്ങള്‍ സ്വരൂപിച്ചുകൊണ്ടായിരിക്കണം. അടുത്ത ബന്ധുക്കളോടും കൂട്ടുകാരോടും ചോദിച്ചുവാങ്ങുന്നതിനു പുറമേ ഒരേ ഇനത്തില്‍ കൂടുതലുള്ള നാണയങ്ങള്‍ പരസ്‌പരം മാറി വാങ്ങിയും ശേഖരിക്കാം. ശേഖരിച്ചുവച്ചിട്ടുള്ള നാണയങ്ങള്‍ കാര്‍ഡ്‌ബോര്‍ഡ്‌ നിര്‍മ്മിത അറകള്‍ ഉള്ള ഒരു പെട്ടിയില്‍ സൂക്ഷിക്കണം. ഒരേ തരം നാണയങ്ങള്‍ പ്രത്യേകകവറുകളിലാക്കി പെട്ടിയില്‍ സൂക്ഷിക്കണം. പഴക്കം ചെന്ന നാണയങ്ങള്‍ സോപ്പുവെള്ളത്തില്‍ ഇട്ടുവെച്ച്‌ പല്ലുതേക്കുന്ന ബ്രഷ്‌ ഉപയോഗിച്ച്‌ മൃദുവായി ബ്രഷ്‌ചെയ്‌ത് കഴുകിയെടുക്കുക. സൂക്ഷിക്കുന്ന കവറിനുപുറത്ത്‌ നാണയങ്ങളുടെ വിശദവിവരങ്ങള്‍ രേഖപ്പെടുത്തുക.
ഹെര്‍ബേറിയം ഉണ്ടാക്കാം

എന്താണ്‌ ഹെര്‍ബേറിയം? വൈവിധ്യമാര്‍ന്ന സസ്യലോകത്തിലെ പ്രത്യേകതകള്‍ മനസ്സിലാക്കാനുള്ള ഒരു എളുപ്പവഴിയാണ്‌ ഹെര്‍ബേറിയം ഉണ്ടാക്കല്‍. ഇലയോ പൂവോ കായോ വേരോ എന്നുവേണ്ട ഓരോ സസ്യത്തിന്റെയും ഭാഗങ്ങളെല്ലാം ഉണക്കി ഒട്ടിച്ചു സൂക്ഷിക്കുന്നതിനെയാണ്‌ ഹെര്‍ബേറിയം എന്നു പറയുക. പറിച്ചെടുത്ത ഇലകളോ പൂവുകളോ ഉപയോഗശൂന്യമായ പുസ്‌തകത്താളുകള്‍ക്കിടയില്‍ വെച്ച്‌ ഉണക്കിയെടുക്കുക. അല്‌പം വലിയൊരു പുസ്‌തകമുണ്ടാക്കി അതില്‍ സെലോടേപ്പ്‌ ഉപയോഗിച്ച്‌ ഭംഗിയായി ഒരുപേജില്‍ കൊള്ളുന്ന വിധത്തില്‍ ഒട്ടിച്ചുവയ്‌ക്കുക. പൂവും കായും ഇലയും ഒരുമിച്ചുള്ള ചെറിയശാഖകളാണെങ്കില്‍ നല്ലത്‌. ചെടിയുടെ പേര്‌, ശാസ്‌ത്രനാമം, കുടുംബം, മറ്റ്‌ പ്രത്യേകതകള്‍, ഉപയോഗങ്ങള്‍, കണ്ടുവരുന്ന പ്രദേശം എന്നിവയും അടിക്കുറിപ്പായി നല്‍കാം.
ലാഭകരമാവുന്ന ഹോബികള്‍

തയ്യല്‍, എംബ്രോയ്‌ഡറി, കളിമണ്‍ശില്‌പനിര്‍മ്മാണം, പൂന്തോട്ട നിര്‍മ്മാണം, കൂടനിര്‍മ്മാണം, മുത്തുകള്‍കൊണ്ട്‌ രൂപങ്ങള്‍ ഉണ്ടാക്കല്‍, ലെയ്‌സുകൊണ്ടുള്ള തുന്നല്‍പ്പണി മുതലായവ സന്തോഷം പ്രദാനം ചെയ്യുന്നതിനു പുറമേ സ്വന്തം കരവിരുത്‌ പ്രകടമാക്കാനുള്ള അവസരംകൂടി നല്‍കുന്നു. തുകല്‍, പായ്‌ എന്നിവ ഉപയോഗിച്ചുള്ള ബാഗ്‌, പഞ്ഞിയും തുണിയും ഉപയോഗിച്ചുള്ള പാവനിര്‍മ്മാണം തുടങ്ങിയവയെല്ലാം ക്രമേണ വാണിജ്യാടിസ്‌ഥാനത്തില്‍ വിപുലീകരിച്ച്‌ ചെറിയൊരു ധനാഗമമാര്‍ഗമായി വളര്‍ത്താവുന്നതാണ്‌.
സ്‌റ്റാമ്പുശേഖരണം

വിജ്‌ഞാനംനല്‍കുന്ന ഹോബികളില്‍ പ്രമുഖമാണ്‌ സ്‌റ്റാമ്പുശേഖരണം. സ്‌റ്റാമ്പുശേഖരണത്തിനും അവയെക്കുറിച്ചുള്ള പഠനത്തിനും പൊതുവെ ഹിലാറ്റിലി എന്നാണ്‌ പറയാറ്‌. തപാല്‍ ഉരുപ്പടികളില്‍ നിന്ന്‌ ലഭിക്കുന്ന സ്‌റ്റാമ്പുകള്‍ ഇളക്കിയെടുത്ത്‌ ശേഖരിക്കാം. സ്‌റ്റാമ്പുഖേരണത്തിന്‌ ഏറ്റവും പ്രധാനമായി വേണ്ടത്‌ സ്‌റ്റാമ്പ്‌ ആല്‍ബം ആണ്‌. ഇത്‌ കുറഞ്ഞ വിലയ്‌ക്ക് കടകളില്‍ നിന്നു ലഭിക്കും. ആല്‍ബത്തില്‍ സ്‌റ്റാമ്പുകള്‍ ക്രമത്തില്‍ ഒട്ടിക്കണം. അച്ചടിച്ച കോളങ്ങളില്‍ ഓരോസ്‌റ്റാമ്പും ഒട്ടിച്ചശേഷം സ്‌റ്റാമ്പുകളുടെ ക്രമനമ്പര്‍ എഴുതിവയ്‌ക്കണം. ഏതെങ്കിലും വിഷയം തിരഞ്ഞെടുത്ത്‌, ഉദാഹരണത്തിന്‌ - പക്ഷികള്‍, മൃഗങ്ങള്‍, പുഷ്‌പങ്ങള്‍, ലോകനേതാക്കള്‍, സ്വാതന്ത്ര്യസമരസേനാനികള്‍ - തുടങ്ങിയവ തിരഞ്ഞെടുത്ത്‌ ഓരോപേജിലും തുടര്‍ച്ചയായി ഒട്ടിച്ചു ചേര്‍ക്കുക. ഇങ്ങനെ വിഷയസമ്പന്നമായ സ്‌റ്റാമ്പുകള്‍ ശേഖരിക്കുന്നതിനെ തീമാറ്റിക്ക്‌ കളക്ഷന്‍ എന്നാണ്‌ പറയുക.
സ്‌റ്റാമ്പ്‌ ശേഖരണം എങ്ങനെ?

സ്‌റ്റാമ്പുകള്‍ പതിച്ച കവറില്‍നിന്നും സ്‌റ്റാമ്പുള്ള ഭാഗം കത്രികകൊണ്ട്‌ മുറിച്ചെടുക്കുക. ഇത്‌ വെള്ളത്തില്‍ മുങ്ങിപ്പോകാത്ത വിധം - വെള്ളത്തില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ കുതിരാനായി ഇട്ടുവയ്‌ക്കണം. അല്‌പസമയത്തിനുശേഷം സ്‌റ്റാമ്പിന്റെ അടിയിലുള്ള പേപ്പര്‍ താനെ ഇളകിക്കൊള്ളും. ഇത്‌ പ്രത്യേകം കവറുകളില്‍ ആക്കി ഉണങ്ങാനായി വെക്കുക. ഉണങ്ങിയതിനുശേഷം മാത്രം ആല്‍ബത്തില്‍ ഒട്ടിക്കുക. ക്ഷമയും ശ്രദ്ധയും ശുചിത്വബോധവും വേണ്ട ഒരു ഹോബിയാണ്‌ സ്‌റ്റാമ്പ്‌ ശേഖരണം.
Share it:

അവധിക്കാലം

Post A Comment:

0 comments: