ലോകകപ്പ്‌ ഫുട്ബോള്‍ ടീമുകള്‍- ഗ്രൂപ്പ്‌ A

Share it:
ദക്ഷിണാഫ്രിക്ക


വിളിപ്പേര്: ബഫാന ബഫാന
കോച്ച്:കാര്‍ലോസ് ആല്‍ബര്‍ട്ടോ പെരേര
ക്യാപ്റ്റന്‍: ആരോണ്‍ മൊക്കേന
ഫിഫ റാങ്കിങ്: 90

ലോകകപ്പിന്റെ ആതിഥേയര്‍. വര്‍ണവിവേചനത്തിന്റെ ഇരുണ്ട കാലത്തിനുശേഷം 1992-ലാണ് അന്താരാഷ്ട്ര മത്സരരംഗത്തേയ്ക്ക് പ്രവേശനം കിട്ടിയത്. നാലുവര്‍ഷത്തിനുശേഷം ആഫ്രിക്കന്‍ നേഷന്‍സ് കപ്പിന് ആതിഥേയത്വം വഹിച്ചു. ടുണീഷ്യയെ പരാജയപ്പെടുത്തി ടൂര്‍ണമെന്റില്‍ ജേതാക്കളാവുകയും ചെയ്തു.

ടീം വിശകലനം

കഴിഞ്ഞവര്‍ഷം നടന്ന കോണ്‍ഫെഡറേഷന്‍സ് കപ്പിലെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് ദക്ഷിണാഫ്രിക്കയുടെ വരവ്. സെമിയില്‍ ബ്രസീലിനോട് ഒരു ഗോളിനാണ് പരാജയപ്പെട്ടത്. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ സ്‌പെയിനെ നിശ്ചിത സമയത്ത് 2-2 സമനിലയില്‍ തളച്ച് എക്‌സ്ട്രാ ടൈമിലെ ഗോളിലാണ് തോല്‍വി വഴങ്ങിയത്.

ലോകകപ്പിലേക്കുള്ള വഴി

ആതിഥേയരെന്ന നിലയ്ക്ക് യോഗ്യത

ലോകകപ്പില്‍

പങ്കെടുക്കുന്നത് മൂന്നാം തവണ
1998ലും 2002ലും ആദ്യ റൗണ്ടില്‍ പുറത്തായി.
ഇതുവരെ: ആറ് കളി, ഒരു ജയം, മൂന്ന് സമനില, രണ്ട് തോല്‍വി

കോച്ച്

കാര്‍ലോസ് ആല്‍ബര്‍ട്ടോ പെരേര
ബ്രസീലിനെ 1994-ല്‍ ലോകജേതാക്കളാക്കിയ കാര്‍ലോസ് ആല്‍ബര്‍ട്ടോ പെരേരയ്ക്ക് ദക്ഷിണാഫ്രിക്കയുമൊത്ത് ഇത് രണ്ടമൂഴമാണ്. 2007 മുതല്‍ ഒരുവര്‍ഷം ദക്ഷിണാഫ്രിക്കയെ പരിശീലിപ്പിച്ച പെരേര ലോകകപ്പിന് മുന്നോടിയായി കഴിഞ്ഞവര്‍ഷം വീണ്ടും ചുമതലയേല്‍ക്കുകയായിരുന്നു. 1982-ല്‍ കുവൈത്തിനെയും 1990-ല്‍ യു.എ.ഇയെയും 1994-ല്‍ ബ്രസീലിനെയും 1998-ല്‍ സൗദി അറേബ്യയെയും 2006-ല്‍ വീണ്ടും ബ്രസീലിനെയും അദ്ദേഹം ലോകകപ്പിലെത്തിച്ചു.

ടീം:
ഇറ്റുമെലംഗ്ഖൂനെ (ഗോളി). ആരോണ്‍ മൊക്കേന, ഷിബോനിസോ ഗാക്‌സ, ബോര്‍ഗാനി കുമാലോ, സെപോ മാസിലേല, സ്റ്റീഫന്‍പീനാര്‍, ടെക്കോ മോഡിസ്, ഷിഫ്‌വി സബാലാല, കാറ്റിലെഗോ എംഫേല, ബെന്നിമക്കാര്‍ത്തി, സര്‍പ്രൈസ്‌മോറി.



മെക്‌സിക്കോ



വിളിപ്പേര്: എല്‍ ട്രി
കോച്ച്: ഹാവിയര്‍ അഗ്യൂര്‍
ക്യാപ്റ്റന്‍: റാഫേല്‍ മാര്‍ക്കേസ്
ഫിഫ റാങ്കിങ്: 17

1930-ലെ ആദ്യ ലോകകപ്പുമുതല്‍ അവരുടെ സാന്നിധ്യമുണ്ട്. പതിനാലാം തവണയാണ് ലോകകപ്പിനിറങ്ങുന്നത്. 


ടീം വിശകലനം

ടീമിന്റെ എക്കാലത്തെയും ടോപ്‌സ്‌കോററായ യാരെദ് ബോര്‍ഗെറ്റിയുടെ അസാന്നിധ്യമാണ് മെക്‌സിക്കോയുടെ ഏറ്റവും വലിയ ക്ഷീണം. 2008-ല്‍ അന്താരാഷ്ട്ര കരിയറില്‍നിന്ന് ബോര്‍ഗെറ്റി വിരമിച്ചതോടെ, വെറ്ററന്‍ സ്‌ട്രൈക്കര്‍ കോത്തമാക്ക് ബ്ലാങ്കോയിലാണ് ടീമിന്റെ പ്രതീക്ഷ. യോഗ്യതാ റൗണ്ടിലും അടുത്തിടെ നടന്ന സൗഹൃദ മത്സരങ്ങളിലുമായി അറുപതിലേറെ താരങ്ങളെ പരീക്ഷിച്ചത് ടീമിന്റെ കെട്ടുറപ്പിനെ ബാധിച്ചിട്ടുണ്ടെന്നത് മറ്റൊരു വെല്ലുവിളി. ഉന്നത നിലവാരത്തിലുള്ള സ്‌ട്രൈക്കറുടെ കുറവ് യോഗ്യതാ റൗണ്ടില്‍ മെക്‌സിക്കോ തിരിച്ചറിഞ്ഞതാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സനല്‍ താരമായ കാര്‍ലോസ് വെല, വെസ്റ്റാം യുണൈറ്റഡിന്റെ ഗില്ലര്‍മോ ഫ്രാങ്കോ എന്നിവരും പരിചയ സമ്പന്നരായ ഒമര്‍ ബ്രാവോ, ആല്‍ബര്‍ട്ടോ മെഡിന തുടങ്ങിയ സ്‌ട്രൈക്കര്‍മാരും ജെറാര്‍ഡോ ടെറാര്‍ഡോയെപ്പോലുള്ള മിഡ്ഫീല്‍ഡര്‍മാരും ബാഴ്‌സലോണയുടെ റാഫേല്‍ മാര്‍ക്കേസിനെപ്പോലുള്ള ഡിഫന്‍ഡര്‍മാരും പോരാടാനുള്ള കരുത്ത് മെക്‌സിക്കോയ്ക്ക് നല്‍കുന്നുണ്ട്. 

ലോകകപ്പിലേക്കുള്ള വഴി

കരീബിയന്‍-മധ്യ അമേരിക്കന്‍ മേഖലയില്‍നിന്ന് രണ്ടാം സ്ഥാനക്കാരായി യോഗ്യത നേടി. നാലാം റൗണ്ടില്‍, രണ്ടാം സ്ഥാനക്കാരാകാന്‍ സാധിച്ചെങ്കിലും മൂന്നാം റൗണ്ടില്‍ ഹോണ്ടുറാസിനോടും ജമൈക്കയോടും പരാജയപ്പെട്ട അവര്‍ നാലാം റൗണ്ടിലേക്ക് യോഗ്യത നേടിയത് ജമൈക്കയെ ഗോള്‍ശരാശരിയില്‍ പിന്തള്ളിയാണ്. നാലാം റൗണ്ടില്‍ കോസ്റ്റാറിക്കയോടും എല്‍ സാല്‍വഡോറിനോടും അമേരിക്കയോടും പരാജയപ്പെട്ടു.

ലോകകപ്പില്‍

പങ്കെടുക്കുന്നത് 14-ാം തവണ.
രണ്ടുവട്ടം ആതിഥേയരായി.
1970-ലും 1986-ലും. രണ്ടു തവണയും ക്വാര്‍ട്ടര്‍ ഫൈനലിലെത്തി.
1994 മുതല്‍ 2006 വരെ തുടര്‍ച്ചയായി നാലു തവണ പ്രീ ക്വാര്‍ട്ടറില്‍.
ഇതുവരെ: 45 കളികള്‍, 11 ജയം, 12 സമനില, 22 തോല്‍വി.

കോച്ച്

ഹാവിയര്‍ അഗ്യൂര്‍
കഴിഞ്ഞ ലോകകപ്പിനുശേഷം നാല് പരിശീലകര്‍ മെക്‌സിക്കോയെ പരിശീലിക്കാനെത്തി. ഹ്യൂഗോ സാഞ്ചസ്, ജീസസ് റാമിറസ്, സ്വെന്‍ ഗൊരാന്‍ എറിക്‌സണ്‍, ഹാവിയര്‍ അഗ്യൂര്‍. എറിക്‌സണ്‍ കൈവിട്ട ടീമിനെ ലോകകപ്പിലെത്തിച്ചത് അഗ്യൂറിന്റെ മികവാണ്. 2001 മുതല്‍ ഒരുവര്‍ഷം ടീമിനെ പരിശീലിപ്പിച്ച് പരിചയമുള്ള അഗ്യൂറിന്റെ മികവാണ് ടീമിന് ഇക്കുറി യോഗ്യത നേടിക്കൊടുത്തത്. 1986 ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ മെക്‌സിക്കോ ടീമിലംഗമായിരുന്നു എല്‍ വാസ്‌കോ എന്ന് വിളിപ്പേരുള്ള ഈ മുന്‍ മിഡ്ഫീല്‍ഡര്‍. സ്​പാനിഷ് ടീം അത്‌ലറ്റികോ മാഡ്രിഡിന്റെ പരിശീലക സ്ഥാനത്തുനിന്നാണ് അഗ്യൂര്‍ ജന്മനാടിനെ ലോകകപ്പിലെത്തിക്കാനുള്ള ദൗത്യമേറ്റെടുത്തത്.

ടീം:
ഗ്വില്ലര്‍മോ ഒച്ചോവ (ഗോളി). ജൊനാതന്‍ സോസ് സാന്‍േറാസ്, ഗ്വില്ലര്‍മോ ഫ്രാങ്കോ, അന്ദ്രിയാസ് ഗൊര്‍ഡാഡോ, റാഫേല്‍ മാര്‍ക്കസ്, ഹെക്ടര്‍ മൊറീറോ, ജിയോവനിസോസ് സാന്‍േറാസ്, ആല്‍ബര്‍ട്ടോ മെഡീന, കാര്‍ലോസ് സാല്‍വിസോ, കാര്‍ലോസ്‌വെല, ഫ്രാന്‍സിസ്‌കോ റോഡ്രിഗ്‌സ്.

ഉറുഗ്വായ്‌



വിളിപ്പേര്: ദ സ്‌കൈ ബ്ലൂ
കോച്ച്: ഒസ്‌കാര്‍ തബാരെസ്
ക്യാപ്റ്റന്‍: ഡിഗോ ലുഗാനോ
ഫിഫ റാങ്കിങ്: 18

രണ്ടുവട്ടം ലോകകപ്പ് കിരീടം നേടിയിട്ടുണ്ട്. അര്‍ജന്റീനയെയും ബ്രസീലിനെയും തോല്പിച്ച് ലോക കിരീടം നേടിയ അവര്‍ക്ക് പിന്നീട് ഈ അയല്‍ക്കാര്‍ ലോകം വെട്ടിപ്പിടിക്കുന്നത് കണ്ടുനില്‍ക്കേണ്ടിവന്നു. രണ്ടു ലോകകപ്പുകളും രണ്ട് ഒളിമ്പിക്‌സുകളും 11 തവണ ലാറ്റിനമേരിക്കന്‍ കിരീടങ്ങളും നേടിയിട്ടുണ്ട്. ലോകകപ്പില്‍ 1990-നു ശേഷം ആദ്യറൗണ്ടിനപ്പുറത്തേയ്ക്ക് മുന്നേറിയിട്ടില്ല.

ടീം വിശകലനം

കഴിഞ്ഞ ലോകകപ്പിനുശേഷം രണ്ട് സുപ്രധാന താരങ്ങളാണ് വിരമിച്ചത്. മിഡ്ഫീല്‍ഡര്‍മാരായ അല്‍വാരോ റെക്കോബയും പാബ്ലോ ഗബ്രിയേല്‍ ഗാര്‍ഷ്യയും.പരിചയസമ്പന്നായ ഡീഗോ ഫോര്‍ലാനാണ് മുന്‍നിരയില്‍ ടീമിന്റെ ശക്തി. യോഗ്യതാ റൗണ്ടില്‍ ഏഴു ഗോള്‍ നേടിയ ഫോര്‍ലാന്‍ മികച്ച ഫോമിലാണ്. ലൂയി സോറസ്-ഫോര്‍ലന്‍ സഖ്യം യോഗ്യതാ റൗണ്ടില്‍ 12 ഗോള്‍ നേടി. ഡീഗോ പെരസ്, നിക്കോളാസ് ലൊദേരിയോ, ഡീഗോ ലുഗാനോ തുടങ്ങിയവരും എതിരാളികളെ വെല്ലുവിളിക്കാന്‍പോന്ന താരങ്ങളാണ്. 

ലോകകപ്പിലേക്കുള്ള വഴി

ലാറ്റിനമേരിക്കയില്‍ അഞ്ചാം സ്ഥാനം. പ്ലേ ഓഫില്‍ കോസ്റ്റാറിക്കയെ പരാജയപ്പെടുത്തി യോഗ്യത. ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ഇക്വഡോറിന്റെ ചെലവിലാണ് ഉറുഗ്വായ് പ്ലേ ഓഫ് യോഗ്യത നേടിയെടുത്തത്. അവസാന മത്സരത്തില്‍ അര്‍ജന്റീനയോട് പരാജയപ്പെട്ടപ്പോള്‍, ഇക്വഡോര്‍ ചിലിയോട് തോറ്റു. ഈ തോല്‍വിയോടെ ഇക്വഡോര്‍ ആറാം സ്ഥാനത്തേയ്ക്ക് വീഴുകയും ഉറുഗ്വായ് പ്ലേ ഓഫിന് യോഗ്യരാവുകയും ചെയ്തു.


ലോകകപ്പില്‍

പങ്കെടുക്കുന്നത് 11-ാം തവണ.
1930-ലും 1950ലും ചാമ്പ്യന്മാര്‍.
1954-ലും 1970ലും സെമി ഫൈനലില്‍.
1966-ല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍.
1986-ലും 1990ലും പ്രീ ക്വാര്‍ട്ടറില്‍.
ഇതുവരെ: 40 കളികള്‍, 15 ജയം, 10 സമനില, 15 തോല്‍വി


കോച്ച്

ഓസ്‌കര്‍ തബാരെസ്
ടീമിനെ പരിശീലിപ്പിക്കുന്നത് രണ്ടാം തവണ. 1990-ല്‍ ഇറ്റലിയില്‍ നടന്ന ലോകകപ്പില്‍ ഉറുഗ്വായെ പ്രീ ക്വാര്‍ട്ടറിലെത്തിച്ചു. അര്‍ജന്റീനാ ടീം ബൊക്ക ജൂനിയേഴ്‌സ്, ഇറ്റാലിയന്‍ ടീം എ.സി.മിലാന്‍, തുടങ്ങിയ വലിയ ടീമുകളെ പരിശീലിപ്പിച്ച അനുഭവ സമ്പത്തും തബാരെസിനുണ്ട്. 

ടീം:
കാസ്റ്റില്ലോ (ഗോളി). ആന്ദ്രിയ സ്‌കോട്ടി, ലുഗാനോ, ഡീഗോ ഗോഡിന്‍, മാക്‌സ്മിലിയാനോ പെരേര, ഡീഗോപേരസ്, ഇഗ്വാരന്‍, അല്‍വാരോ പെരേര, നിക്കോളാവ് ലൊസീറോ, സോറസ്, ഫോര്‍ലാന്‍.


ഫ്രാന്‍സ്‌

വിളിപ്പേര്: ദ ബ്ലൂസ്
കോച്ച്: റെയ്മണ്ട് ഡൊമനെക്
ക്യാപ്റ്റന്‍: തിയറി ഹെന്റി
ഫിഫ റാങ്കിങ്: 10

1998-ല്‍ ലോകകപ്പും 2000-ല്‍ യൂറോ കപ്പും 2001-ലും 2003-ലും കോണ്‍ഫെഡറേഷന്‍സ് കപ്പും നേടിയ ഫ്രഞ്ച് ടീം നിലവില്‍ ലോകകപ്പിലെ റണ്ണറപ്പുകളാണ്.

ടീം വിശകലനം

സിനദിന്‍ സിദാന്‍, ക്ലോഡ് മെക്കലേലെ, ഫാബിയന്‍ ബാര്‍ത്തേസ്, ലിലിയന്‍ തുറാം, പാട്രിക് വിയേര, ഡേവിഡ് ട്രെസഗെ തുടങ്ങിയ വന്‍തോക്കുകളില്ലാതെയാണ് ഫ്രാന്‍സ് ഇക്കുറി ലോക പോരാട്ടത്തിനിറങ്ങുന്നത്. വെറ്ററന്‍ ടീം എന്ന് അധിക്ഷേപിക്കപ്പെട്ട സംഘം കഴിഞ്ഞ തവണ ഫൈനല്‍വരെയെത്തി ലോകത്തെ അമ്പരപ്പിച്ചിരുന്നു. ലോകകപ്പോടെ ഫ്രഞ്ച് സുവര്‍ണ നിര പടിയിറങ്ങിയപ്പോള്‍ തിയറി ഹെന്റി മാത്രമായി പഴയ സംഘത്തില്‍ ടീമില്‍ അവശേഷിക്കുന്നയാള്‍. എന്നാല്‍, പ്രതിഭയ്ക്ക് തെല്ലും കുറവില്ലാത്ത ഒരുപിടി താരങ്ങള്‍ ഇപ്പോഴും ഫ്രഞ്ച് നിരയിലുണ്ട്. മുന്നേറ്റനിരയില്‍, കാരിം ബെന്‍സിമ, സിഡ്‌നി ഗോവൗ, നിക്കോളാസ് അനല്‍ക്ക, ലൂയി സാഹ, ബാഫെറ്റെംബി ഗോമിസ് തുടങ്ങിയവര്‍. മധ്യനിരയില്‍, ഫ്രാങ്ക് റിബേറി, സമീര്‍ നസ്‌റി, യോഹാന്‍ ഗൗര്‍ക്കഫ്, ജെറമി ടുളാലന്‍, ഫ്‌ളോറന്റ് മലൗദ ലാസന്ന ദിയാര എന്നിവര്‍. പ്രതിരോധത്തില്‍ ബാക്കരി സാന്യ, ഴാങ് അലൈന്‍ ബൗംസാങ്, പാട്രിസ് എവ്‌ര, എറിക് അബിദാല്‍, വില്യം ഗാലസ്, ഗായെല്‍ ക്ലിഷി....അങ്ങനെ ഒട്ടനവധി പേര്‍ 

ലോകകപ്പിലേക്കുള്ള വഴി

യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ സെര്‍ബിയക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫിന് ഇറങ്ങേണ്ടിവന്ന മുന്‍ ചാമ്പ്യന്മാര്‍, അയര്‍ലന്‍ഡ് റിപ്പബ്ലിക്കിനെ മറികടന്നാണ് യോഗ്യത നേടിയത്. ക്യാപ്റ്റന്‍ തിയറി ഹെന്റി കൈ കൊണ്ട് തട്ടി വലയിലിട്ട ഗോളാണ് ഫ്രാന്‍സിന് യോഗ്യത നേടിക്കൊടുത്തത്. മത്സരം വീണ്ടും നടത്തണമെന്ന് അയര്‍ലന്‍ഡ് ആവവശ്യപ്പെട്ടെങ്കിലും ഫിഫ അത് നിഷേധിച്ചു.

ലോകകപ്പില്‍

പങ്കെടുക്കുന്നത് 13-ാം തവണ.
1998-ല്‍ ചാമ്പ്യന്മാര്‍.
2006-ല്‍ രണ്ടാം സ്ഥാനം
1958-ലും 1986-ലും മൂന്നാം സ്ഥാനം
1982-ല്‍ നാലാം സ്ഥാനം.
1938-ല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍
ഇതുവരെ: 51 കളികള്‍, 25 ജയം, 10 സമനില, 16 തോല്‍വി.

കോച്ച്

റെയ്മണ്ട് ഡൊമനെക്ക്
2004 മുതല്‍ പരിശീലകസ്ഥാനത്തുണ്ട്. ലിയോണിന്റെ പരിശീലകനായിരുന്ന ഡൊമനെക്ക് പതിനൊന്ന് വര്‍ഷക്കാലം ഫ്രഞ്ച് യൂത്ത് ടീമിനെ പരിശീലിപ്പിച്ച ശേഷമാണ് 2004-ല്‍ ദേശീയ ടീമിന്റെ പരിശീലകനായത്. സ്ട്രാസ്ബര്‍ഗെ, ബോര്‍ഡോ എന്നീ ക്ലബ്ബുകളുടെയും ഫ്രാന്‍സിന്റെയും പ്രതിരോധ നിര താരമായിരുന്നു.

ടീം: ലോറിസ് (ഗോളി), സാഗ്‌ന, ഗാലാസ്, അബിദാല്‍, പാട്രീസ് എവ്ദ, ടൂളാളന്‍, റിബെറി ഗോര്‍ക്കഫ്, മലൂദ, ഗിഗ്‌നാക്ക്, ഹെന്റി


Subscribe to കിളിചെപ്പ് by Email
Share it:

ലോകകപ്പ്‌ ഫുട്ബോള്‍

Post A Comment:

0 comments: