ലോകകപ്പ്‌ ഫുട്ബോള്‍ ടീമുകള്‍- ഗ്രൂപ്പ്‌ B

Share it:
അര്‍ജന്റീന



വിളിപ്പേര്: ആല്‍ബി സെലെസ്റ്റെ
കോച്ച്: ഡീഗോ മാറഡോണ
ക്യാപ്റ്റന്‍: ഹാവിയര്‍ മഷെറാനോ
ഫിഫ റാങ്കിങ്: 7

ലോകത്തേറ്റവും ആരാധകരുള്ള ടീമുകളിലൊന്നാണ് അര്‍ജന്റീന. രണ്ടു തവണ കിരീടം നേടി.

ടീം വിശകലനം

സമീപകാലത്ത് ഏറ്റവുമധികം പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ള ടീമാണ് അര്‍ജന്റീന. പരിശീലകനായി ചുമതലയേറ്റശേഷം നൂറിലേറെ താരങ്ങളെ മാറഡോണ പരീക്ഷിച്ചു. തന്റെ അന്തിമ ഇലവനെ മാറഡോണ പ്രഖ്യാപിക്കുമ്പോള്‍, അതില്‍ ഇന്നത്തെ ഏറ്റവും മികച്ച താരങ്ങളാകും ഉണ്ടാവുകയെന്നതില്‍ സംശയമില്ല. യൂറോപ്യന്‍ ലീഗുകളില്‍ തിളങ്ങുന്ന ഒട്ടേറെ താരങ്ങള്‍ അര്‍ജന്റീനയ്ക്കുണ്ട്. ലയണല്‍ മെസി, കാര്‍ലോസ് ടെവസ്, ഹാവിയര്‍ മഷെറാനോ, ഗോണ്‍സാലോ ഹിഗ്വയ്ന്‍, സെര്‍ജിയോ അഗ്യൂറോ, ഡീഗോ മിലിറ്റോ, മാര്‍ട്ടിന്‍ ഡെമിഷെലിസ്, ഗബ്രിയേല്‍ ഹെയ്ന്‍സി, നിക്കോളാസ് ബുര്‍ഡീസോ...നീണ്ട പട്ടികയാണിത്. ഇതിനൊപ്പം അര്‍ജന്റീനാ ലീഗിലെ തിളക്കമേറിയ താരങ്ങളായ മാര്‍ട്ടിന്‍ പാലര്‍മോയും പരിചയസമ്പന്നനായ യുവാന്‍ സെബാസ്റ്റ്യന്‍ വെറോണും അണിചേരുമ്പോള്‍ അതിശക്തമായ ടീമായി അവര്‍ മാറും. എന്നാല്‍, പരിചയസമ്പന്നരായ ഹാവിയര്‍ സനേട്ടി, യുവാര്‍ റോമന്‍ റിക്വല്‍മി തുടങ്ങിയ താരങ്ങളുടെ അസാന്നിധ്യം അവരുടെ ടീമില്‍ നിഴലിക്കുന്നുണ്ട്. യൂറോപ്യന്‍ ലീഗുകളില്‍ ഉജ്വല ഫോമില്‍ കളിക്കുന്ന താരങ്ങള്‍, ക്ലബ് സീസണോടെ തളരുമെന്ന ആശങ്കയും ആരാധകര്‍ വെച്ചുപുലര്‍ത്തുന്നു. 

ലോകകപ്പിലേക്കുള്ള വഴി

ലാറ്റിനമേരിക്കയില്‍നിന്ന് ഏറെ കഷ്ടപ്പെട്ടാണ് അര്‍ജന്റീന ഇക്കുറി ലോകകപ്പിനെത്തിയത്. ബൊളീവിയയോട് 6-1ന് തോറ്റു. യോഗ്യതാ റൗണ്ടിന്റെ അവസാന മത്സരങ്ങളിലാണ് സ്ഥാനം ഉറപ്പിച്ചത്. 18 കളികളില്‍ വെറും എട്ട് ജയവുമായി 28 പോയന്റ് നേടിയ അവര്‍ നേരിട്ട് യോഗ്യത നേടുന്ന അവസാന ടീമായാണ് ദക്ഷിണാഫ്രിക്കയിലെത്തിയത്.


ലോകകപ്പില്‍

പങ്കെടുക്കുന്നത് 15-ാം തവണ
ഒരു തവണ ആതിഥേയരായി. 1978-ല്‍ ചാമ്പ്യന്മാരായി. 1986ലും കിരീടം നേടി.
1930-ലും 1990ലും രണ്ടാം സ്ഥാനക്കാര്‍.
1966, 1998, 2006 ലോകകപ്പുകളില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍.
ഇതുവരെ: 65 കളി 33 ജയം, 13 സമനില, 19 തോല്‍വി

കോച്ച്

ഡീഗോ മാറഡോണ
ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിലെത്തുന്ന ഏറ്റവും പ്രശസ്തനായ പരിശീലകന്‍. ലോകഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാള്‍. ടീമിന് ഒരു ലോകകത് നേടിക്കൊടുത്ത ക്യാപ്റ്റന്‍. 1994-ല്‍ ടെക്സ്റ്റില്‍ മാന്‍ഡിയുവിനെയും പിറ്റേക്കൊല്ലം റേസിങ് ക്ലബ്ബിനെയും പരിശീലിപ്പിച്ചിട്ടുള്ള മാറഡോണ 2008-ല്‍ ബാസില്‍ സ്ഥാനമൊഴിഞ്ഞതോടെയാണ് ദേശീയ ടീമിന്റെ പരിശീലകനായി രംഗത്തെത്തിയത്.


നൈജീരിയ
വിളിപ്പേര്: സൂപ്പര്‍ ഈഗിള്‍സ്
കോച്ച്: ലാര്‍സ് ലാഗര്‍ബാക്ക്
ക്യാപ്റ്റന്‍ നുവാന്‍കോ കാനു
ഫിഫ റാങ്കിങ്: 20

1994ല്‍ ബള്‍ഗേറിയയെയും 1998-ല്‍ സ്‌പെയിനെയും വീഴ്ത്തിയ ചരിത്രമുണ്ട്. 



ടീം വിശകലനം

യൂറോപ്പിലെ പ്രശസ്ത ടീമുകള്‍ക്ക് കളിക്കുന്ന ഒരു പിടി താരങ്ങള്‍ നൈജീരിയക്കുണ്ട്. പോര്‍ട്‌സ്മത്തില്‍ കളിക്കുന്ന നുവാന്‍കോ കാനു, എവര്‍ട്ടന്‍ താരമായ യാക്കൂബു അയിഗ്‌ബെനി, വോള്‍ഫ്‌സ്ബര്‍ഗില്‍ കളിക്കുന്ന ഒബാഫെമി മാര്‍ട്ടിന്‍സ് തുടങ്ങിയ സ്‌ട്രൈക്കര്‍മാരും ചെല്‍സി താരമായ ജോണ്‍ ഒബി മൈക്കല്‍ എന്ന മിഡ്ഫീല്‍ഡറും നൈജീരിയന്‍ ടീമിലെ അന്താരാഷ്ട്ര പ്രശസ്തരായവരില്‍ ചിലരാണ്. പ്രതിരോധനിരയില്‍ ടീം ക്യാപ്റ്റന്‍ ജോസഫ് യോബോയും പരിചയസമ്പന്നനാണ്. നിര്‍മായക ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങുകയും ഇരട്ട ഗോളോടെ ടീമിന്റെ രക്ഷകനാവുകയും ചെയ്ത മാര്‍ട്ടിന്‍സിലാണ് ടീമിന്റെ പ്രതീക്ഷ. എന്നാല്‍, ആഫ്രിക്കയില്‍നിന്നുള്ള മറ്റ് പ്രധാന ടീമുകളെ അപേക്ഷിച്ച് മികവുറ്റ താരങ്ങള്‍ ഇല്ലെന്നതാണ് നൈജീരിയ ഇക്കുറി നേരിടുന്ന പ്രധാന വെല്ലുവിളി. 1994-നുശേഷം ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ കിരീടം നേടാന്‍ സാധിച്ചിട്ടില്ലെന്നതു തന്നെ നൈജീരിയന്‍ ഫുട്‌ബോളിന് നേരിട്ട ക്ഷീണം പ്രകടമാക്കുന്നതാണ്. 

ലോകകപ്പിലേക്കുള്ള വഴി

ടുണീഷ്യ അവസാന മത്സരത്തില്‍ അപ്രതീക്ഷിതമായി മൊസാംബിക്കിനോട് പരാജയപ്പെട്ടതാണ് നൈജീരിയക്ക് വഴിതുറന്നത്. കെനിയക്കെതിരെയുള്ള അവസാന മത്സരത്തില്‍ വിജയിച്ചതോടെ, ഒരു പോയന്റിന് ടുണീഷ്യയെ പിന്തള്ളി നൈജീരിയ യോഗ്യരായി. 

ലോകകപ്പില്‍

പങ്കെടുക്കുന്നത് നാലാം തവണ.
1994ലും 1998ലും പ്രീ ക്വാര്‍ട്ടറില്‍, 2002-ല്‍ ആദ്യ റൗണ്ടില്‍ പുറത്ത്.
ഇതേവരെ: 11 കളി, നാല് ജയം, ഒരു സമനില, ആറ് തോല്‍വി


കോച്ച്

ലാര്‍സ് ലാജര്‍ബാക്ക്
ലോകകപ്പിന് യോഗ്യത നേടിക്കൊടുത്തെങ്കിലും നേഷന്‍സ് കപ്പില്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടതോടെ ജോലി നഷ്ടപ്പെട്ട ഷായിബു അമൗദുവിന് പകരം ടീമിന്റെ ചുമതലക്കാരനായി. സ്വീഡന്റെ പ്രശസ്തനായ പരിശീലകനാണ്. ഇക്കൊല്ലം ഫിബ്രവരിയിലാണ് ചുമതലയേറ്റെടുക്കുന്നത്. 2002ലും 2006ലും സ്വീഡനെ നോക്കൗട്ട് ഘട്ടത്തിലെത്തിച്ച പരിചയസമ്പത്തും ലാജര്‍ബാക്കിനുണ്ട്.

ഉത്തര കൊറിയ




വിളിപ്പേര്:ചോളിമ
കോച്ച്: കിം ജോങ് ഹുണ്‍
ക്യാപ്റ്റന്‍ ഹോങ് ജോങ് ജോ
ഫിഫ റാങ്കിങ്: 105

1966 ലോകകപ്പില്‍ ഇറ്റലിയെ പരാജയപ്പെടുത്തുകയും നോക്കൗട്ട് റൗണ്ടില്‍ യൂസേബിയോയുടെ പോര്‍ച്ചുഗലിനെതിരെ ഒരു ഘട്ടത്തില്‍ 3-0ന് മുന്നിട്ടുനില്‍ക്കുകയും ചെയ്ത ഓര്‍മകളാണ് അവരുടെ ഫുട്‌ബോളിനെ സമ്പന്നമാക്കുന്നത്. യൂസേബിയോയുടെ മാജിക്കില്‍ അന്ന് പോര്‍ച്ചുഗല്‍ 5-3ന് വിജയിക്കുകയായിരുന്നു. ബ്രസീല്‍, പോര്‍ച്ചുഗല്‍, ഐവറി കോസ്റ്റ് എന്നീ കരുത്തുറ്റ എതിരാളികളടങ്ങിയ ഗ്രൂപ്പ് ജിയില്‍നിന്ന് ഉത്തര കൊറിയയുടെ മുന്നേറ്റം പഴയ ഓര്‍മകളില്‍ ജീവിക്കുന്നവര്‍ പോലും പ്രതീക്ഷിക്കുന്നുണ്ടാവില്ലെന്നത് യാഥാര്‍ഥ്യം. 

ടീം വിശകലനം

യോഗ്യതാ റൗണ്ടില്‍ സൗദി അറേബ്യയെയും ഇറാനെയും പോലുള്ള ഏഷ്യന്‍ ശക്തികളെ മറികടന്നാണ് ഉത്തര കൊറിയയുടെ വരവ്. എന്നാല്‍, ഏഷ്യയില്‍ത്തന്നെ പരിമിതമായ മത്സരപരിചയമാണ് ഉത്തര കൊറിയക്കുള്ളത്. രാജ്യത്തിന്റെ രാഷ്ട്രീയ സ്വഭാവം ഒരുക്കിയ പരിമിതികള്‍ വലിയ ടീമുകളുമായുള്ള മത്സരങ്ങള്‍ അസാധ്യമാക്കുന്നു. പുറംലോകത്തിന് അധികമൊന്നും അറിയാത്ത കേളീശൈലിയും താരങ്ങളുമാണ് ഉള്ളതെന്നത് ഒരേ സമയം ഗുണവും ദോഷവുമായി മാറുന്നു. യോഗ്യതാ റൗണ്ടില്‍ നാല് ഗോളുകള്‍ വീതം നേടിയ ഹോങ് യോങ് ജോ, ജോങ് ചോള്‍ മിന്‍ എന്നിവര്‍ ടീമിന്റെ മുന്നേറ്റത്തിന്‍ നിര്‍ണായകമാകുന്നു. ജപ്പാന്‍ വംശജരായ ആന്‍ യോങ് ഹാക്ക്, ജോങ് തായെ സെ എന്നിവരും ഗോള്‍ കീപ്പര്‍ റി മിങ് ഗ്യുക്കും ശ്രദ്ധിക്കപ്പെടേണ്ടവര്‍.

ലോകകപ്പിലേക്കുള്ള വഴി

ഇരുപാദങ്ങളിലും മംഗോളിയയെ വന്‍മാര്‍ജിനില്‍ തോല്പിച്ച് പ്രാഥമിക റൗണ്ട് പിന്നിട്ടു. ഫൈനല്‍ റൗണ്ടില്‍ മൂന്ന് വിജയങ്ങളേ നേടാനായുള്ളൂവെങ്കിലും ദക്ഷിണ കൊറിയയെയും ഇറാനെയും സൗദിയെയും ഓരോ മത്സരങ്ങളില്‍ സമനിലയില്‍ കുരുക്കാനായി. ഇറാനും സൗദിയും വഴങ്ങിയ സമനിലകള്‍ ആ ടീമുകളുടെ ലോകകപ്പ് സാധ്യതകള്‍ ഇല്ലാതാക്കി. അവസാന യോഗ്യതാ മത്സരത്തില്‍ റിയാദില്‍ സൗദിയെ ഗോള്‍രഹിതമായി പിടിച്ചുകെട്ടിയാണ് ഉത്തര കൊറിയ യോഗ്യത നേടിയത്.


ലോകകപ്പില്‍

പങ്കെടുക്കുന്നത് രണ്ടാം തവണ
1966-ല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍
ഇതുവരെ: ഒരു കളി, ഒരു ജയം, ഒരു സമനില, രണ്ടു തോല്‍വി

കോച്ച്

കിം ജോങ് ഹുണ്‍
44 വര്‍ഷത്തിനുശേഷം ടീമിനെ ലോകകപ്പിന് യോഗ്യരാക്കിയതോടെ ദേശീയ ഹീറോയായി വാഴ്ത്തപ്പെട്ടെങ്കിലും കിമ്മിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്. ലോകകപ്പിന് മുമ്പെ, ഗസ് ഹിഡിങ്കിനെയും ബോറ മിലൂട്ടിനോവിച്ചിനെയും പോലെ വമ്പന്‍ പരിശീലകര്‍ക്കായി വഴിമാറിക്കൊടുക്കേണ്ടി വന്നേക്കുമോ എന്ന സംശയം നിലനില്‍ക്കുന്നു. കഴിഞ്ഞ ഫിബ്രവരിയില്‍ ടീമിനെ എ.എഫ്.സി ചാലഞ്ച് കപ്പില്‍ ജേതാക്കളാക്കിയത് കിമ്മിന്റെ ഭാവി തല്‍ക്കാലത്തേയ്‌ക്കെങ്കിലും സുരക്ഷിതമാക്കുന്നുണ്ട്. പ്രതിരോധത്തിലൂന്നിയ 5-3-2 ശൈലിയുടെ വക്താവ്.

ഗ്രീസ്‌

ആറുവര്‍ഷം മുമ്പ് യൂറോപ്യന്‍ ചാമ്പ്യന്മാരായി. മറ്റ് വലിയ നേട്ടങ്ങളൊന്നുമില്ല. ലോകറാങ്കിങ്ങില്‍ ഒരു ഘട്ടത്തില്‍ എട്ടാം സ്ഥാനത്തുവരെയെത്തി. ഇപ്പോള്‍ 11-ാം സ്ഥാനത്താണ്.

ടീം വിശകലനം

മറ്റ് യൂറോപ്യന്‍ ടീമുകളെ അപേക്ഷിച്ച്, സ്വന്തം നാട്ടിലെ ലീഗില്‍ കളിക്കുന്ന താരങ്ങളാണ് ഗ്രീക്ക് ടീമിലേറെയും. യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകളില്‍ കളിക്കുന്ന ഗ്രീക്ക് താരങ്ങളുടെ എണ്ണം വിരളമാണ്. എന്നാല്‍, പരിചയസമ്പന്നരായ താരങ്ങളുടെ സാന്നിധ്യം ഗ്രീസിനെ എതിരാളികളുടെ പേടിസ്വപ്‌നമാക്കുന്നു. ക്യാപ്റ്റന്‍ ഗ്യോര്‍ഗോസ് കാരഗുണീസ്, കോസ്റ്റാസ് കാറ്റ്‌സൊരാനിസ് എന്നിവര്‍ മധ്യനിരയിലും എയ്ഞ്ചലോസ് ഹരിസ്റ്റിയസ്, തിയോഫാനിസ് ഗീക്കാസ് എന്നിവര്‍ മുന്നേറ്റനിരയിലും ടീമിന്റെ പ്രതീക്ഷകളാണ്. എന്നാല്‍, യൂറോ വിജയത്തിനുശേഷം പ്രതിരോധനിരയിലെ പ്രമുഖരുടെ ഒഴിവ് നികത്താതെ കിടക്കുന്നത് ടീമിനെ ദുര്‍ബലപ്പെടുത്തുന്നു. ഗ്യോര്‍ക്കാസ് സെയ്റ്റാറിഡിസിനെപ്പോലുള്ള താരങ്ങളെ തിരിച്ചുവിളിക്കേണ്ടിവന്നത് ഈ സാഹചര്യത്തിലാണ്. എങ്കിലും യോഗ്യതാ റൗണ്ടില്‍ വലിയ എതിരാളികള്‍ക്കുമുന്നില്‍ പതറാതെ നില്‍ക്കാനും 1994-നുശേഷം ടീമിന് യോഗ്യത നേടിക്കൊടുക്കാനും യുവതാരങ്ങളടങ്ങിയ ടീമിന് സാധിച്ചുവെന്നത് ചെറിയ കാര്യമല്ല. പത്തു ഗോളുകളാണ് ഗീക്കാസ് യോഗ്യതാ റൗണ്ടില്‍ നേടിയത്. 

ലോകകപ്പിലേക്കുള്ള വഴി

യോഗ്യതാ റൗണ്ടില്‍ സ്വിറ്റ്‌സര്‍ലന്‍ഡും ലാത്വിയയും അടങ്ങുന്ന ഗ്രൂപ്പില്‍നിന്ന് ഗ്രീസിന് മുന്നേറാനാകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. എന്നാല്‍, ആദ്യപാദമത്സരങ്ങളില്‍ ലാത്വിയയോടും മാള്‍ഡോവയോടും സമനില വഴങ്ങിയതും സ്വിറ്റ്‌സര്‍ലന്‍ഡിനോട് പരാജയപ്പെട്ടതും അവരെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളി. പ്ലേ ഓഫില്‍ യുക്രൈനായിരുന്നു എതിരാളി. നാട്ടില്‍ നടന്ന ആദ്യപാദത്തില്‍ ഗോള്‍ നേടാനായില്ലെങ്കിലും ഡൊണെറ്റ്‌സ്‌കില്‍നടന്ന രണ്ടാം പാദത്തില്‍ സാല്‍പിഗിഡിസ് നേടിയ ഏക ഗോളിന് യോഗ്യത കരസ്ഥമാക്കാന്‍ അവര്‍ക്കായി. 

ലോകകപ്പില്‍

പങ്കെടുക്കുന്നത് രണ്ടാം തവണ
1994-ല്‍ ഒന്നാം റൗണ്ട്.
ഇതേവരെ മൂന്ന് കളി, മൂന്ന് തോല്‍വി

കോച്ച്

ഓട്ടോ റെഹാഗല്‍
2001 മുതല്‍ ടീമിനെ പരിശീലിപ്പിക്കുന്നു. ജര്‍മന്‍ ലീഗിലെ ഒട്ടുമിക്ക പ്രമുഖ ടീമുകളെയും പരിശീലിപ്പിച്ചിട്ടുള്ള റെഹാഗല്‍ ആദ്യമായാണ് ലോകകപ്പിനെത്തുന്നത്. 72 വയസ്സുള്ള റെഹാഗലായിരിക്കും ലോകകപ്പിലെത്തുന്ന ഏറ്റവും പ്രായം കൂടിയ പരിശീലകന്‍.

ടീം:

ഗോള്‍കീപ്പര്‍മാര്‍: കോസ്റ്റാസ് ചാല്‍കിയാസ്, മിക്കാലിസ് സിഫാക്കിസ്, അലെക്‌സാണ്ട്രോസ് സോര്‍വാസ്.ഡിഫന്‍ഡര്‍മാര്‍: ഇയോണിസ് മാനിയാറ്റിസ്, ഗ്യോര്‍ഗസ് സവേലസ്, നിക്കോസ് സ്​പിറോപൗലോസ്, വാഞ്‌ജെലിസ് മോറാസ്, അവ്‌റാം പാപ്പഡോപ്പൗലോസ്, ലൂക്കാസ് വിന്‍ട്ര, സോറ്റിറിയോസ് കിര്‍ഗിയാക്കോസ്, ഗ്യോര്‍ഗസ് ഗാലിസ്റ്റ്‌സിയോസ്, സെ്റ്റലിേേയാസ് മലേസാസ്, ഗ്യോര്‍ഗസ് സെയ്റ്റാറിഡിസ്. മിഡ്ഫീല്‍ഡര്‍മാര്‍: അലക്‌സാണ്ട്രോസ് സിയോലിസ്, ഗ്യോര്‍ഗസ് കാരഗൗണിസ്, കോസ്റ്റാസ് കാറ്റ്‌സൗരാനിസ്, ഗ്രിഗോറിസ് മാക്കോസ്. സ്‌ട്രൈക്കര്‍മാര്‍: ഗ്യോര്‍ഗസ് സമാറസ്, എയ്ഞ്ചലോസ് ഹരിസ്റ്റിയസ്, ദിമിത്രിസ് സാല്‍പിഗിഡിസ്, തിയാഫാനിസ് ഗീക്കാസ്, പന്റേലിസ് കാപ്പറ്റനോസ്, ലാസറസ് ക്രിസ്റ്റഡൗലോപൗലോസ്
Subscribe to കിളിചെപ്പ് by Email
Share it:

ലോകകപ്പ്‌ ഫുട്ബോള്‍

Post A Comment:

0 comments: