പെണ്‍കുട്ടികള്‍ക്ക് ഉച്ചഭക്ഷണ പദ്ധതി

Share it:

ന്യൂഡല്‍ഹി: കേരളത്തില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി സ്‌കൂളുകളില്‍ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഈ നിര്‍ദേശത്തിന് കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രാലയത്തിന്റെ പ്രാഥമികാംഗീകാരം ലഭിച്ചു.

കൗമാരപ്രായക്കാരായ പെണ്‍കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന 'രാജീവ്ഗാന്ധി സ്‌കീം ഫോര്‍ എംപവര്‍മെന്റ് ഓഫ് അഡോളസെന്റ് ഗേള്‍സ് (ശബ്ല) പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. 11 മുതല്‍ 18 വരെ പ്രായമുള്ള പെണ്‍കുട്ടികളാണ് പദ്ധതിക്കുകീഴില്‍വരിക. ഇതിന്റെ തയ്യാറെടുപ്പുകള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കിക്കഴിഞ്ഞതായി കേന്ദ്രമന്ത്രി കൃഷ്ണ തിരാത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 

പദ്ധതി കേരളത്തിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടപ്പാക്കാന്‍ അനുവദിക്കണമെന്ന് ബുധനാഴ്ച സംസ്ഥാന വനിതാ-ശിശുക്ഷേമ മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും സമ്മേളനത്തില്‍ ആരോഗ്യമന്ത്രി പി.കെ. ശ്രീമതി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് കൗമാരക്കാരായ പെണ്‍കുട്ടികളെല്ലാം സ്‌കൂളില്‍ പോകുന്നവരാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ശബ്ല പദ്ധതി സ്‌കൂളുകള്‍വഴി കാര്യക്ഷമമായി നടപ്പാക്കാനാവും. ഒമ്പതു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പെണ്‍കുട്ടികള്‍ക്ക് ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കി പോഷകാഹാരം കൂടുതല്‍ നല്കാനാവും. കൂടാതെ പരിശീലനം, കൗണ്‍സലിങ് തുടങ്ങിയ സൗകര്യങ്ങളും പെണ്‍കുട്ടികള്‍ക്കായി നടപ്പാക്കാനാകും- മന്ത്രി അറിയിച്ചു. കേരളം നിര്‍ദേശിച്ച മാതൃകയില്‍ പദ്ധതി നടപ്പാക്കാവുന്നതാണെന്ന് കേന്ദ്രമന്ത്രി കൃഷ്ണ തിരാത്ത് വ്യക്തമാക്കി.

നിലവില്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലാണ് സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്നത്. 12 വരെയുള്ള ക്ലാസുകളില്‍ 'ശബ്ല' പദ്ധതി നടപ്പാക്കിയാല്‍ ഉയര്‍ന്ന ക്ലാസുകളിലെ പെണ്‍കുട്ടികള്‍ക്കും ഉച്ചഭക്ഷണം ലഭിക്കും. പദ്ധതിയുടെ പ്രായോഗികവിജയത്തിന് സ്‌കൂളുകളിലൂടെ പോഷകാഹാരം നല്കുകയാണ് ഉത്തമമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. സംസ്ഥാനത്ത് അങ്കണവാടി കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ കൂടുതല്‍ സാമ്പത്തിക സഹായം നല്കുക, വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ശിശുസൗഹൃദ ടോയ്‌ലറ്റുകള്‍ നിര്‍മിക്കാന്‍ 5,000 രൂപ വീതം സഹായധനം നല്കുക, മാനസിക വൈകല്യമുള്ള കുട്ടികള്‍ക്കായി പ്രത്യേക അങ്കണവാടികള്‍ രൂപവത്കരിക്കാന്‍ സഹായിക്കുക, ഡേ കെയര്‍ സെന്ററുകളിലെ കുട്ടികള്‍ക്ക് നല്കുന്ന തുക 2.8 രൂപയില്‍നിന്ന് കുറഞ്ഞത് നാലു രൂപയാക്കി വര്‍ധിപ്പിക്കുക, ക്രഷെ അധ്യാപകരുടെ വേതനം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനത്തില്‍ കേരളം ഉന്നയിച്ചു. 

പോഷകാഹാരക്കുറവാണ് രാജ്യം ഇന്നു നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. ഈ പ്രശ്‌നം പരിഹരിക്കാന്‍ 
ഗര്‍ഭാവസ്ഥയില്‍തന്നെ കുഞ്ഞിന് പോഷകാഹാരം ലഭ്യമാക്കാനുള്ള പദ്ധതി നടപ്പാക്കണമെന്നും അവര്‍ നിര്‍ദേശിച്ചു.

സമ്മേളനത്തില്‍ ആരോഗ്യ മന്ത്രി ക്കു പുറമെ ആരോഗ്യ സെക്രട്ടറി ഉഷ ടൈറ്റസ്, സാമൂഹികക്ഷേമ ഡയറക്ടര്‍ പി.പി. ഗോപി എന്നിവര്‍ കേരളത്തെ പ്രതിനിധാനം ചെയ്തു.
Subscribe to കിളിചെപ്പ് by Email
Share it:

Post A Comment:

0 comments: