ഗണിതം എങ്ങനെ പഠിക്കണം?

Share it:
കണക്കിന്റെ കാര്യം കണക്കാണ്‌ എന്ന്‌ പൊതുവെ പറഞ്ഞു കേള്‍ക്കാറുണ്ട്‌. ഭൂരിപക്ഷം കുട്ടികള്‍ക്കും കടിച്ചാ ല്‍ പൊട്ടാത്ത ഒരു വിഷയമാണ്‌ ഗണിതം എന്ന തെറ്റായ ഒരു ധാരണ ചെറുപ്പത്തിലെ മനസ്സില്‍ പതിയുന്നതാണ്‌ ഇത്തരത്തിലുള്ള പ്രതികരണത്തിന്‌ കാരണമാകുന്നത്‌. അല്‌പം ഒന്നു ശ്രദ്ധിച്ചാല്‍ ഗണിതപഠനം രസകരമാക്കാം.

വീട്ടില്‍ തുടങ്ങാം

മറ്റു വിഷയങ്ങളിലെല്ലാം ഉത്സാഹത്തോടെ ഇടപെടുന്ന രക്ഷിതാക്കള്‍ പലരും കണക്കിന്റെ കാര്യം വരുമ്പോള്‍ ഒഴിഞ്ഞുമാറുന്നതുതൊട്ടാണ്‌ കുട്ടികള്‍ക്ക്‌ അതിനോട്‌ താത്‌പര്യം കുറഞ്ഞു തുടങ്ങുന്നത്‌. തങ്ങളുടെ കുട്ടിക്കാലം തൊട്ടേ അരസികന്‍ വിഷയമായാണ്‌ ഗണിതം പഠിച്ചതും പഠിപ്പിച്ചതും. അതാണ്‌ രക്ഷിതാക്കളില്‍ ഈ നിലപാട്‌ വളരാന്‍ കാരണമായത്‌. ഇന്ന്‌ ധാരാളം കളിക്കോപ്പുകളും ഗണിതകളികളുമെല്ലാം ഇതുമായി ബന്ധപ്പെട്ട്‌ നിലവില്‍ വന്നിട്ടുണ്ട്‌. കുട്ടികളോടൊപ്പം ഇത്തരം ഗണിതകളികളിലും മറ്റും ഏര്‍പ്പെട്ട്‌ ചെറുപ്പം മുതലേ അവരുടെ ഗണിതപഠനത്തില്‍ തല്‍പ്പരരാക്കാം. ഇത്‌ ഗണിതത്തെ ആത്മവിശ്വാസത്തോടുകൂടി നേരിടാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്‌തരാക്കും.

പുതിയ പഠനരീതി

ഗണിതപഠനത്തിന്റെ വിരസതയും വിഷമവും മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ്‌ പുതിയ പാഠ്യരീതിയില്‍ പാഠപുസ്‌തകങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്‌. കുട്ടികള്‍ക്കു പരിചിതമായ ചുറ്റുപാടുകളുമായും അനുഭവങ്ങളുമായും ബന്ധപ്പെടുത്തി പഠനാന്തരീക്ഷം ഗണിതസൗഹൃദപരവും രസകരവുമാക്കും വിധമാണ്‌ പാഠപുസ്‌തകങ്ങളുടെ സംവിധാനം. ഇതുമായി ബന്ധപ്പെട്ട രക്ഷിതാക്കളുടെയും അധ്യാപകരുടെയും നല്ല രീതിയിലുള്ള ഇടപെടല്‍കൂടി ഉറപ്പുവരുത്തിയാല്‍ കണക്ക്‌ ഒരു പേടിസ്വപ്‌നമായി മാറുന്ന ഒരു തലമുറ ഇനി ഉണ്ടാവില്ല എന്നുറപ്പുപറയാം. സ്‌കൂളില്‍നിന്നുകൊടുക്കുന്ന ഗണിത പ്രോജക്‌ടുകള്‍, മറ്റ്‌ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ രക്ഷിതാക്കളുടെ ചെറിയൊരു സഹായം കൂടിയുണ്ടെങ്കില്‍ ഇത്‌ എളുപ്പമാകും.

കണക്കു പഠിക്കുമ്പോള്‍

= ഒരിക്കലും മുഷിഞ്ഞിരുന്ന്‌ കണക്ക്‌ പഠിക്കരുത്‌.

= നല്ല ഉന്മേഷവും പ്രസരിപ്പുമുള്ള സമയം ഇതിനായി തിരഞ്ഞെടുക്കുക.

= അടിസ്‌ഥാന ചിഹ്നങ്ങളും ക്രിയകളും സൂത്രവാക്യങ്ങളും കാര്‍ഡുബോര്‍ഡു പേപ്പറുകളില്‍ വലുതായി എഴുതി പഠനമുറിയില്‍ സൂക്ഷിക്കുക. ഇടയ്‌ക്കിടെ അവയിലൂടെ കണ്ണോടിക്കുക. പലപ്രാവശ്യം ഓര്‍ക്കാന്‍ ശ്രമിക്കുക.

= ചെറിയ ക്ലാസുകളില്‍ പഠിച്ച ഗണിതപ്രതീകങ്ങളും സൂത്രവാക്യങ്ങളുമെല്ലാം ഈ ലിസ്‌റ്റില്‍ ഉള്‍പ്പെടുത്താന്‍ മറക്കരുത്‌. താഴ്‌ന്ന ക്ലാസുകളില്‍ പഠിച്ച ആശയങ്ങളോടു ബന്ധപ്പെട്ടവതന്നെയാണ്‌ ഉയര്‍ന്ന ക്ലാസുകളിലും പഠിക്കുന്നത്‌. ഉയര്‍ന്ന ക്ലാസുകളില്‍ എത്തുമ്പോള്‍ പഴയതൊന്നും മറക്കാതിരിക്കാന്‍ ഈ രീതി സഹായകരമാകും.

= മനസ്സിലാവാത്തതോ ഓര്‍മ്മയില്‍ നില്‌ക്കാത്തതോ ആയ കാര്യങ്ങള്‍ അധ്യാപകരോടോ മറ്റു സുഹൃത്തുക്കളോടോ ചോദിച്ചു മനസ്സിലാക്കി നിരന്തരം നിരവധി തവണ ആവര്‍ത്തിച്ചു ചെയ്‌ത് ഉറപ്പിക്കുക.

= ഒരേ രീതിയിലുള്ള നിരവധി ഉദാഹരണങ്ങള്‍ ചെയ്‌തു നോക്കണം.

= ഗണിത പരിശീലനത്തിനായി എന്നും നിശ്‌ചിത സമയം ഉപയോഗപ്പെടുത്തുക.
Subscribe to കിളിചെപ്പ് by Email
Share it:

Post A Comment:

0 comments: