ചീറ്റപ്പുലികള്‍ മടങ്ങിവരുമ്പോള്‍ചീറ്റപ്പുലികള്‍ ഇന്ത്യയില്‍ വംശനാശം സംഭവിച്ച ജന്തുക്കളാണ്. ഇന്ത്യയിലെ കാടുകളിലേക്ക് ഇവയെ മടക്കിക്കൊണ്ടുവരാനുള്ള പദ്ധതിക്ക് ഇപ്പോള്‍ രൂപം നല്‍കിയിരിക്കുന്നു. ഈ പദ്ധതി വിജയിക്കണമെങ്കില്‍ നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്.

ഒരുകാലത്ത് ഭാരതത്തിലെ പുല്‍മേടുകളും കുറ്റിക്കാടുകളും നിറഞ്ഞ ആവാസവ്യവസ്ഥകളുടെ പതാകവാഹകരായ ജന്തുക്കളായിരുന്നു വേഗത്തിന്റെയും കരുത്തിന്റെയും പര്യായമായ ചീറ്റപ്പുലികള്‍. നമ്മുടെ ആവാസ വ്യവസ്ഥകളുടെ കരുത്തും വന്യജീവി പൈതൃകത്തിന്റെ അടയാളങ്ങളുമായിരുന്ന ഈ സസ്തനികളെ വേട്ടയാടി രാജാക്കന്മാര്‍ തങ്ങളുടെ കരുത്തുതെളിയിക്കുകയും പിന്നീട് ഇവയെ ഇണക്കി വളര്‍ത്തി വേട്ടയ്ക്ക് സഹായികളായി മാറ്റുകയും ചെയ്തു. തങ്ങള്‍ക്ക് ജീവിക്കാനുള്ള ഇടങ്ങളിലേക്ക് മനുഷ്യന്‍ കടന്നുകയറുകയും നിരന്തരമായി വേട്ടയാടപ്പെടുകയും ചെയ്തപ്പോള്‍ ചീറ്റപ്പുലികളുടെ വംശംതന്നെ കുറ്റിയറ്റുപോയി. കിഴക്കന്‍ മധ്യപ്രദേശില്‍ സുഗുജയിലെ മഹാരാജാവ് വെടിവെച്ചുകൊന്ന മൂന്ന് ചീറ്റപ്പുലികളിലൂടെയാണ് ഇവയുടെ സാന്നിധ്യം രാജ്യത്ത് അവസാനമായി രേഖപ്പെടുത്തപ്പെട്ടത്. ഇത് ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ച വര്‍ഷം തന്നെയായിരുന്നുവെന്നത് തികച്ചും യാദൃച്ഛികമാവാം.

ചീറ്റപ്പുലികള്‍ മണ്‍മറഞ്ഞ് ആറ് ദശകങ്ങള്‍ കഴിയുമ്പോള്‍ അവയെ ആഫ്രിക്കയില്‍ നിന്ന് തിരിച്ച് നാട്ടിലെത്തിക്കാനുള്ള 300 കോടി രൂപയുടെ ബൃഹത്തായ ഒരു പ്രോജക്ടിന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നു. ഇതനുസരിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലുമായി തിരഞ്ഞെടുക്കപ്പെട്ട മൂന്ന് സ്ഥാനങ്ങളില്‍, ഓരോന്നിലും ആറെണ്ണം വെച്ച് മൊത്തം 18 ചീറ്റപ്പുലികളെ നാട്ടിലെത്തിക്കാനുള്ള പദ്ധതിക്കാണ് അംഗീകാരമായിരിക്കുന്നത്. മധ്യപ്രദേശിലെ കുനോ - പാല്‍പുര്‍, നൗറാദേഹി വന്യജീവി സങ്കേതങ്ങളിലും രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍ മേഖലയിലുമാണ് ചീറ്റപ്പുലികളെ വളര്‍ത്താന്‍ ഉദ്ദേശിക്കുന്നത്.വൈവിധ്യമാര്‍ന്ന നിറത്തോടുകൂടിയ ശരീരം എന്ന് അര്‍ഥംവരുന്ന 'ചിത്രകായ' എന്ന സംസ്‌കൃതവാക്കില്‍ നിന്നാണത്രെ 'ചീറ്റ'യുടെ ഉത്ഭവം. മെലിഞ്ഞ് ദൃഢമായ ശരീരവും മഞ്ഞകലര്‍ന്ന ഇളം തവിട്ടുനിറവും അതില്‍ വട്ടത്തിലുള്ള കറുത്ത പൊട്ടുകളുള്ള ചെറിയ രോമങ്ങള്‍ ഉള്ള ചര്‍മവും ചെറിയ തലയും അവയ്ക്കു മുകളിലായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന കണ്ണുകളും ചെറിയ ചെവികളും കണ്ണിന്റെ മൂലയില്‍ നിന്ന് മൂക്കിന്റെ വശങ്ങളിലൂടെ വായ വരെയെത്തുന്ന 'കണ്ണീര്‍ ചാലുകള്‍ പോലുള്ള കറുത്ത അടയാളവും മാര്‍ജാരവംശത്തിലെ മറ്റു ജന്തുക്കളില്‍ നിന്ന് ഇവയെ വ്യതിരിക്തമാക്കുന്നു.

ആധുനിക തന്മാത്രാവര്‍ഗീകരണ പഠനങ്ങള്‍ ചീറ്റകളുടെപൊതുവായ മുന്‍ഗാമി ഏഷ്യയില്‍ 11 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നു. പിന്നീട് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലേക്ക് വ്യാപിച്ച ഇവ ഇപ്പോള്‍ കിഴക്കന്‍, മധ്യ, തെക്കുകിഴക്കന്‍ ആഫ്രിക്കയുടെ ചില പ്രത്യേകഭാഗങ്ങളിലും ഏഷ്യയില്‍ ഇറാനിലെ ചുരുക്കം ചില പ്രവിശ്യകളിലുമായി ചുരുങ്ങിയിരിക്കുന്നു. ആഗോളതലത്തില്‍ നിലവില്‍ ഇവയുടെ അംഗസംഖ്യ പതിനായിരത്തിനു താഴെയാണ്. പല ഭൂഭാഗങ്ങളിലായി ചീറ്റപ്പുലികളുടെ അഞ്ചോളം ഉപജാതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇതില്‍ ഏറ്റവും ഗുരുതരമായി വംശനാശഭീഷണിയിലായിരിക്കുന്നത് ഏഷ്യന്‍ ചീറ്റപ്പുലികളാണ്. ഇറാനിലെ ജീവശാസ്ത്രജ്ഞനായ ഫോര്‍മോസ് ആസാദിയുടെ നിരീക്ഷണങ്ങള്‍ അറുപതോളം ഏഷ്യന്‍ ചീറ്റകളേ ലോകത്ത് അവശേഷിക്കുന്നുള്ളൂ എന്ന് വ്യക്തമാക്കുന്നു. ഇവയില്‍ മിക്കവയും ഇറാനിലെ കവിര്‍ മരുഭൂമിയിലാണ്. അവശേഷിക്കുന്നവ ഇറാന്‍ - പാകിസ്താന്‍ അതിര്‍ത്തിയിലെ വരണ്ട ഭൂഭാഗങ്ങളിലും. യുദ്ധങ്ങള്‍ വ്യാപകമായ ഈ പ്രദേശങ്ങളില്‍ ഇവയുടെ തുടര്‍ച്ച ചോദ്യചിഹ്നമായി നില്‍ക്കുന്നു. (ഒരു കാലത്ത് ഇന്ത്യന്‍ ചീറ്റ എന്നറിയപ്പെട്ടിരുന്ന ഇവ ഇപ്പോള്‍ ഇറാനിയന്‍ ചീറ്റ എന്ന് അറിയപ്പെടുന്നു!)

ചീറ്റപ്പുലികള്‍ വംശനാശത്തിന്റെ വക്കിലെത്താന്‍ നിരവധികാരണങ്ങള്‍ ഉണ്ടെങ്കിലും ആവാസവ്യവസ്ഥ നാശമാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഭാരതത്തില്‍ നിരന്തരമായ വേട്ടയാടലും കന്നുകാലികളുടെ സംരക്ഷണത്തിനായി ആട്ടിടയന്മാര്‍ വ്യാപകമായി കൊലചെയ്തതും ഇവയുടെ നാശത്തിന് ആക്കം കൂട്ടി. ഒപ്പം, എണ്ണത്തില്‍ കുറവായ ചീറ്റകളില്‍ തുടര്‍ന്നുവരുന്ന അന്തഃപ്രജനനം (inbreeding) നിരവധി ജനിതകവൈകല്യങ്ങള്‍ക്കും പ്രതിരോധശേഷിക്കുറവിനും പ്രത്യുത്പാദന വൈകല്യങ്ങള്‍ക്കും കാരണമായി. ജനസംഖ്യയില്‍ വളരെ ചെറിയ ജനിതക വൈവിധ്യശേഖരവുമായി ജീവിക്കുന്ന ചീറ്റപ്പുലികള്‍ ഒരു ജൈവജാതിയായി നിലനില്ക്കുന്ന കാര്യംതന്നെ സംശയമാണെന്ന് ചില ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.ചീറ്റപ്പുലിയെ രാജ്യത്ത് പുനഃപ്രവേശിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നത് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജി (സി.സി.എം.ബി.) ഇവയുടെ ക്ലോണിങ് നടത്താന്‍ ആരംഭിച്ച പ്രോജക്ടിലൂടെയാണ്. ഇറാനില്‍നിന്നു ചീറ്റയെ നല്കാന്‍ അവര്‍ വിസമ്മതിക്കുകയും വിദഗ്ധ അഭിപ്രായം അവശേഷിക്കുന്ന ഏഷ്യന്‍ ചീറ്റകളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥകളില്‍നിന്നും മാറ്റുന്നതിന് എതിരാവുകയും ചെയ്തപ്പോള്‍ പ്രസ്തുത പ്രോജക്ട് ഉപേക്ഷിക്കേണ്ടതായി വന്നു. തുടര്‍ന്ന് വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ, വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായി ചീറ്റപ്പുലിയെ വീണ്ടും ഇന്ത്യയില്‍ എത്തിക്കുന്നതിന് ഒരു പദ്ധതി വിഭാവനം ചെയ്തു.

ഇതിനായി ഇവര്‍ ലോകത്ത് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരുടെ സമ്മേളനം 2009 സപ്തംബറില്‍ രാജസ്ഥാനിലെ ഗജ്‌നറില്‍ സംഘടിപ്പിക്കുകയുണ്ടായി. വളരെയധികം വംശനാശഭീഷണി നേരിടുന്ന ഏഷ്യന്‍ ചീറ്റകള്‍ക്കു പകരമായി എണ്ണത്തില്‍ കൂടുതലുള്ള ആഫ്രിക്കന്‍ ചീറ്റകളെ നാട്ടിലെത്തിക്കാന്‍ സമ്മേളനത്തില്‍ തീരുമാനമായി. ഏഷ്യന്‍ ചീറ്റകളും ആഫ്രിക്കന്‍ ചീറ്റകളും തമ്മില്‍ കാര്യമായ ജനിതകവ്യതിയാനങ്ങള്‍ ഇല്ലെന്നും അവ തമ്മില്‍ ഉപജാതികളായി വേര്‍പെട്ടിട്ട് കേവലം 500 വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ എന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ചീറ്റകളെ രാജ്യത്ത് പുനഃപ്രവേശിപ്പിക്കാന്‍ അനുയോജ്യമായ മേഖലകള്‍ കണ്ടെത്താന്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ വിശദമായ സര്‍വേ നടത്താന്‍ അനുമതി നല്കുകയും ചെയ്തു. ഇപ്രകാരം തയ്യാറാക്കിയ വിശദമായ റിപ്പോര്‍ട്ട് 2010 ജൂലായ് മാസത്തില്‍ കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിക്കുകയും കേന്ദ്ര സര്‍ക്കാര്‍ 300 കോടിയുടെ പ്രോജക്ടിന് അനുമതി നല്കുകയും ചെയ്തു.

എന്നാല്‍ ഇത്തരം ബൃഹത്തായ പ്രോജക്ടിന്റെ പ്രായോഗികതയെ പല പരിസ്ഥിതിവാദികളും ഇപ്പോള്‍ ചോദ്യം ചെയ്യുന്നു. കിഴക്കന്‍ ആഫ്രിക്കന്‍ ചീറ്റകളെ കൃത്രിമമായി പ്രജനനം നടത്തുന്ന മധ്യപൗരസ്ത്യ പ്രദേശത്തുനിന്നും ചീറ്റകളെ ഇവിടെ എത്തിച്ചാലും തുടക്കത്തില്‍ തുറന്ന മൃഗശാലകളില്‍തന്നെ അവയെ സംരക്ഷിക്കേണ്ടിവരും. ആവാസവ്യവസ്ഥ നിലനിര്‍ത്താതെയും ഇരയുടെ സുസ്ഥിരമായ ലഭ്യത ഉറപ്പുവരുത്താതെയും മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ ഒഴിവാക്കാതെയും പരിപാലിക്കാന്‍ കഴിയില്ലെന്ന് ഒരുകൂട്ടം പരിസ്ഥിതി ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.

സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ആഫ്രിക്കയില്‍ നിന്ന് കുറേ ചീറ്റപ്പുലികളെ നമ്മുടെ വനാന്തരങ്ങളില്‍ എത്തിച്ച് കൃത്രിമമായ ആഹാരങ്ങള്‍ നല്കി വളര്‍ത്തുന്നത് കുതിരയ്ക്കു മുമ്പില്‍ വണ്ടിയിടുന്നതിന് സമാനമാണെന്ന് പ്രശസ്ത വന്യജീവി വിദഗ്ധനായ ഡോ ഇല്ലാസ് കാരന്ത് അഭിപ്രായപ്പെടുന്നു. ചീറ്റകളുടെ സ്വതന്ത്രവിഹാരത്തിന് അനുയോജ്യമായ ആയിരക്കണക്കിന് ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള കന്നുകാലികളും മനുഷ്യരും ഇല്ലാത്ത, എന്നാല്‍ ചീറ്റപ്പുലിയുടെ ഇരകള്‍ നിറഞ്ഞ ഭൂപ്രദേശം ഇന്ത്യയില്‍ എവിടെയാണ് നിലനില്ക്കുന്നത് എന്നും വ്യക്തമല്ല. കൂടാതെ, ചീറ്റപ്പുലികളെ ഒരു പ്രത്യേക പ്രദേശത്ത് വളര്‍ത്തുകയാണെങ്കില്‍ അവിടെ മനുഷ്യവാസം ഒഴിവാക്കേണ്ടിവരും. പ്രോജക്ട് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന സംസ്ഥാനങ്ങളില്‍ നിലവിലുള്ള വന്യജീവികളും ചിറ്റപ്പുലികളും തമ്മില്‍ ആഹാരത്തിനുവേണ്ടിയുള്ള മത്സരം എങ്ങനെ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നും വ്യക്തമല്ല. ആഗോളതലത്തില്‍ ചീറ്റപ്പുലി സംരക്ഷണ പദ്ധതികള്‍ നേരിടുന്ന പ്രധാന വെല്ലുവിളി അവയുടെ അന്തഃപ്രജനനവും അതുകൊണ്ടുണ്ടാകുന്ന ജനിതകവൈവിധ്യശോഷണവുമാണ്. കേവലം 18 ചീറ്റപ്പുലികളെ വെച്ച് നമ്മുടെ ആവാസവ്യവസ്ഥയില്‍ പുനര്‍വിന്യസിക്കാന്‍ തക്ക എണ്ണത്തില്‍ ചീറ്റകളെ ലഭ്യമാക്കാന്‍ സാധിക്കുമോ എന്ന കാര്യവും സംശയമാണ്.

ഇനി ഭാരതത്തില്‍ ഇതുവരെ നടത്തിയ വന്യജീവി പുനര്‍വിന്യാസത്തിന്റെ ഫലങ്ങള്‍ പരിശോധിക്കാം. 1950-ല്‍ ചന്ദ്രപ്രഭ വന്യജീവി സങ്കേതത്തില്‍ പുനര്‍വിന്യസിക്കപ്പെട്ട സിംഹങ്ങള്‍ വേട്ടയാടപ്പെട്ടു. 1920-കളില്‍ ദുര്‍ഗാപുറില്‍ പുനര്‍വിന്യസിക്കപ്പെട്ട കടുവകളെ 1950-ല്‍വെടിവെച്ചു കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. ഏഷ്യന്‍ സിംഹങ്ങള്‍ വന്യ-ആവാസവ്യവസ്ഥയില്‍ അവശേഷിക്കുന്ന ഗീര്‍വനങ്ങളില്‍നിന്ന് കുറച്ച് സിംഹങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള പദ്ധതി ജലരേഖയായി തുടരുന്നു.

ഭാരതത്തിന്റെ ദേശീയ മൃഗമായ ബംഗാള്‍ കടുവകളെ സംരക്ഷിക്കാന്‍ നാം എന്തൊക്കെ ചെയ്തുവെന്നതും വിലയിരുത്തേണ്ടതാണ്. 1970-കളില്‍ രാജ്യത്ത് കടുവകളുടെ എണ്ണം ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ ഇന്ദിരാഗാന്ധി മുന്‍കൈയെടുത്ത് സമര്‍ഥരായ ഉദ്യോഗസ്ഥരെയും ദീര്‍ഘദൃഷ്ടിയുള്ള ശാസ്ത്രജ്ഞരെയും ഉള്‍പ്പെടുത്തിയാണ് 'പ്രോജക്ട് ടൈഗര്‍' പദ്ധതി നടപ്പാക്കിയത്. ഇതിന്റെ ഫലം പ്രകടമായിരുന്നു. ഭാരതത്തില്‍ കടുവകളുടെ എണ്ണം കാര്യമായി വര്‍ധിച്ചു. എന്നാല്‍ പിന്നീട് കാര്യക്ഷമതയില്ലാത്ത നേതൃത്വവും സംരക്ഷണ പ്രവര്‍ത്തനങ്ങളിലെ പാളിച്ചകളും കൂടിയായപ്പോള്‍ ഔദ്യോഗിക രേഖകള്‍ അനുസരിച്ച് രാജ്യത്ത് മൊത്തം കടുവകളുടെ എണ്ണം ഇപ്പോള്‍ 1500-ല്‍ താഴെയാണ്. രാജസ്ഥാനിലെ സരിസ്‌കാ കടുവസങ്കേതത്തില്‍ കടുവകള്‍ ഒന്നുംതന്നെയില്ലാത്ത അവസ്ഥയും വന്നു.

ഭാരതത്തില്‍നിന്ന് ചീറ്റപ്പുലികള്‍ തിരോധാനം ചെയ്യാനുണ്ടായ സാഹചര്യങ്ങള്‍ കുറച്ചുകൂടി രൂക്ഷമായ രീതിയില്‍ നിലനില്ക്കുമ്പോള്‍ അവയെ വിജയകരമായി നമ്മുടെ ആവാസവ്യവസ്ഥകളില്‍ പുനഃസ്ഥാപിക്കാനാവുമോ? ഇത്തരം ശ്രമങ്ങള്‍ക്കു മുമ്പ് ചീറ്റകളെ പാര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്ന ആവാസവ്യവസ്ഥ, ഇരകള്‍, മനുഷ്യ-വന്യജീവി സംഘര്‍ഷം ഇവയെക്കുറിച്ചള്ള വ്യക്തമായ അറിവുശേഖരണം അനിവാര്യമാണ്.

രാജ്യത്ത് നിലവില്‍ വംശനാശഭീഷണി നേരിടുന്ന എല്ലാ ജീവികളുടെയും സംരക്ഷണം ഉറപ്പുവരുത്താന്‍ ഭാവനാപൂര്‍ണവും പ്രായോഗികവുമായ കര്‍മപദ്ധതികള്‍ ഏറ്റെടുക്കാന്‍ നമുക്കു കഴിയണം. ലോകത്ത് ഏറ്റവും വേഗം ജനസംഖ്യാവര്‍ധന ഉണ്ടാകുന്ന രാജ്യമെന്ന നിലയില്‍ ഭാരതത്തില്‍ വന്യജീവികള്‍ നേരിടുന്ന പ്രധാന വെല്ലുവിളി ആവാസവ്യവസ്ഥാ നാശവും വേട്ടയുമാണ്. അതുകൊണ്ടുതന്നെ ചില സാഹചര്യങ്ങളില്‍ ജനപങ്കാളിത്തത്തോടുകൂടിയും ചിലപ്രത്യേക സാഹചര്യങ്ങളില്‍ വന്യജീവി സംരക്ഷണ പ്രദേശങ്ങളില്‍ മനുഷ്യവാസം പൂര്‍ണമായും ഒഴിവാക്കി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കേണ്ടിവരും.Subscribe to കിളിചെപ്പ് by Email
Get Free Updates:
*Please click on the confirmation link sent in your Spam folder of Email*
Share :
+
Previous
Next Post »
1 Comments for "ചീറ്റപ്പുലികള്‍ മടങ്ങിവരുമ്പോള്‍"

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.

 
Thanks for Your Visit, Visit Again. DISCLAIMER :- If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. All the content avilable on this blog is informational purpose only.Reproduction and republishing of contents from here to any other websites or blogs is strictly prohibited.
Template By Kunci Dunia
Back To Top