മണ്ണിനും മാനത്തിനും വേണ്ടി കേരളത്തിലെ കര്‍ഷകര്‍ നടത്തിയ ചെറുത്തുനില്‍പ്പു

അയ്യങ്കാളി കൊളുത്തിയ പന്തം

കേരളത്തിലെ ആദ്യത്തെ കര്‍ഷകത്തൊഴിലാളി സമരം നടന്നത് 1909-ലാണ്. തിരുവനന്തപുരത്തെ വെങ്ങാനൂരില്‍ അധഃസ്ഥിത വിഭാഗത്തിന്റെ പടത്തലവനായ അയ്യങ്കാളിയാണ് ഇതിന് നേതൃത്വം നല്‍കിയത്. അധഃസ്ഥിതര്‍ക്ക് വിദ്യാലയ പ്രവേശനം അനുവദിക്കണമെന്ന ആവശ്യം 1907-ല്‍ തന്നെ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഈ ഉത്തരവ് ഉയര്‍ന്ന ജാതിക്കാരായ ഉദ്യോഗസ്ഥര്‍ പൂഴ്ത്തിവെച്ചു. ഇതു മനസ്സിലാക്കിയ അയ്യങ്കാളിയും കൂട്ടരും അധികൃതരെ സമീപിച്ച് വിദ്യാലയ പ്രവേശനം ആവശ്യപ്പെട്ടു. കര്‍ഷകത്തൊഴിലാളികള്‍ അയ്യങ്കാളിയുടെ പിന്നില്‍ അണിനിരന്നു. ജന്മികള്‍ മര്‍ദ്ദനമുറകള്‍ ആരംഭിച്ചു. സമരം കൂടുതല്‍ ശക്തിയായി. സമരം ശക്തമായത് നെല്‍കൃഷിയെ ബാധിച്ചു. പുരയിടങ്ങളില്‍ കാടുകയറി. കര്‍ഷകത്തൊഴിലാളികള്‍ പട്ടിണിമാറ്റാന്‍ മറ്റുതൊഴിലുകള്‍ ചെയ്ത് പിടിച്ചുനിന്നു. ഒരുവര്‍ഷം നീണ്ട സമരം ഒടുവില്‍ തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന വ്യവസ്ഥയില്‍ ഒത്തുതീര്‍ന്നു.

സമരപുളകങ്ങളുടെ വയലാര്‍

ദിവാന്‍ ഭരണത്തിനും ജന്മിമാരുടെ പീഡനങ്ങള്‍ക്കുമെതിരെ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ- ചേര്‍ത്തല താലൂക്കുകളില്‍ കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വത്തില്‍ 1946-ല്‍ നടന്ന ഉജ്വല സമരമാണ് പുന്നപ്ര- വയലാര്‍ സമരം. കൂലിവര്‍ദ്ധനയോടൊപ്പം ദേശീയനേതാക്കളെ മോചിപ്പിക്കുക, ഉത്തരവാദഭഭരണം അനുവദിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു സമരം. 1946-ലാണ് ദിവാന്‍ സര്‍ സി പി രാമസ്വാമി അയ്യര്‍ അമേരിക്കന്‍ മോഡല്‍ പ്രഖ്യാപിച്ചത്. ഇതിനെതിരെ സ്റ്റേറ്റ് കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ടിയും സമരരംഗത്തിറങ്ങി. കയര്‍ തൊഴിലാളി സംഘടനകളും ഒപ്പം ചേര്‍ന്നു. 1946 ഒക്ടോബര്‍ 24ന് പുന്നപ്ര കടപ്പുറത്ത് സായുധ പൊലീസുകാരും തൊഴിലാളികളും ഏറ്റുമുട്ടി. പിന്നീട് മാരാരിക്കുളം, മേനാശേരി, ഒളാതല, വയലാര്‍ എന്നിവിടങ്ങളിലും പൊലീസ് വെടിവെപ്പുണ്ടായി. നൂറിലേറെ സമര വളണ്ടിയര്‍മാര്‍ വെടിയേറ്റു മരിച്ചു.

ആളിപ്പടര്‍ന്ന മലബാര്‍ കലാപം

ഭൂനികുതി പരിഷ്കരണത്തിലൂടെ ഭൂരഹിതരും ചൂഷിതരുമായ കുടിയാന്മാര്‍ സംഘടിച്ച് ബ്രിട്ടീഷുകാര്‍ക്കും ജന്മിമേധാവിത്വത്തിനുമെതിരെ നടത്തിയ കലാപമാണ് മലബാര്‍ കലാപം. ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാന കാലത്ത് 1921 ആഗസ്തില്‍ ആരംഭിച്ച കലാപം 1922 ഫെബ്രുവരി വരെ നീണ്ടു. ബ്രിട്ടീഷ് മലബാറിലെ ഏറനാട്, വള്ളുവനാട് താലൂക്കുകളിലും പൊന്നാനി, കോഴിക്കോട്, പാലക്കാട് താലൂക്കുകളിലുമായിരുന്നു മാപ്പിളമാരായ കുടിയാന്മാരുടെ നേതൃത്വത്തില്‍ കലാപം നടന്നത്. കലാപത്തിന് നേതൃത്വം നല്‍കിയ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വെടിവെച്ചുകൊന്നു. ആലി മുസ്ലിയാര്‍ ഉള്‍പ്പെടെയുള്ളവരെ തൂക്കിക്കൊന്നു. പിടിയിലായവരെ അടച്ചിട്ട ഗുഡ്സ് വാഗണില്‍ കയറ്റി കോയമ്പത്തൂരിലേക്ക് കൊണ്ടുപോകും വഴി 64 പേര്‍ ശ്വാസം മുട്ടി മരിച്ചു. ഈ സംഭവമാണ് വാഗണ്‍ ട്രാജഡി.

മോറാഴയുടെ ഗര്‍ജ്ജനം

ഇന്ത്യക്കാരുടെ പ്രതിഷേധം അവഗണിച്ചാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യയെയും രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കാളിയായി പ്രഖ്യാപിച്ചത്. ഇതില്‍ പ്രതിഷേധിക്കാന്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കേരളത്തില്‍ ഇടതുപക്ഷത്തിന്റെ നിയന്ത്രണത്തിലായിരുന്ന കെപിസിസിയും പ്രതിഷേധത്തിന് ആഹ്വാനം നല്‍കി. കര്‍ഷകസംഘവും പ്രതിഷേധദിനാചരണത്തിന്റെ ഭാഗമായി കണ്ണൂരില്‍ ചിറയ്ക്കല്‍ താലൂക്കിലെ കീച്ചേരിയില്‍ സമ്മേളനം നിശ്ചയിച്ചു. സമ്മേളനത്തിന് 1940 സെപ്തംബര്‍ 15 ന് കര്‍ഷകജാഥകള്‍ കീച്ചേരിയിലെത്തി. എന്നാല്‍ പൊലീസെത്തി നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിരോധനമില്ലാത്ത അഞ്ചാംപീടികയിലേക്ക് സംഘാടകര്‍ സമ്മേളനം മാറ്റി. അവിടെയും പൊലീസെത്തി നിരോധനാജ്ഞ ഏര്‍പ്പെടുത്തി. പൊലീസുകാര്‍ ലാത്തിച്ചാര്‍ജ്ജ് ആരംഭിച്ചപ്പോള്‍ ജനക്കൂട്ടവും കൈയില്‍ കിട്ടിയതൊക്കെ ഉപയോഗിച്ച് തിരിച്ചടിച്ചു. പൊലീസ് ഇന്‍സ്പെക്ടര്‍ കുട്ടികൃഷ്ണമേനോന്‍ സംഭവസ്ഥലത്തും ഹെഡ്കോണ്‍സ്റ്റബിള്‍ ഗോപാലന്‍ നമ്പ്യാര്‍ ആശുപത്രിയിലും മരിച്ചു. കേസില്‍ കെ പി ആര്‍ ഗോപാലനെ വധശിക്ഷക്ക് വിധിച്ചു. ബഹുജന പ്രക്ഷോഭത്തെ തുടര്‍ന്ന് ശിക്ഷ ഇളവുചെയ്തു. തലശേരിയില്‍ അബു, ചാത്തുക്കുട്ടി എന്നിവര്‍ പൊലീസ് വെടിയേറ്റ് മരിച്ചു.

സഹനസമരത്തിന്റെ അമരാവതി


കര്‍ഷകരെ കുടിയൊഴിപ്പിക്കുന്നതിനെതിരെ 1961-ല്‍ എ കെ ജിയുടെ നേതൃത്വത്തില്‍ അമരാവതിയില്‍ നടത്തിയ നിരാഹാര സമരവും ചരിത്രമാണ്. ഇടുക്കി ജില്ലയിലെ അയ്യപ്പന്‍കോവില്‍ പ്രദേശത്തുനിന്നും കര്‍ഷകരെ കുടിയിറക്കിയതിനെതിരെയായിരുന്നു സമരം. പതിനായിരത്തോളം കര്‍ഷകരെ ബലംപ്രയോഗിച്ച് കുമളിയില്‍നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള അമരാവതിയിലേക്ക് മാറ്റുകയായിരുന്നു. ജൂണ്‍ ആറിന് ആരംഭിച്ച സത്യഗ്രഹം 12 ദിവസം നീണ്ടു. കുടിയിറക്കപ്പെട്ട ഓരോ കര്‍ഷകനും മൂന്നേക്കര്‍ ഭൂമി വീതം നല്‍കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.

ചുവന്ന ഗ്രാമങ്ങള്‍

ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച ചെറുതും വലുതുമായ എണ്ണമറ്റ പോരാട്ടങ്ങള്‍ക്ക് നമ്മുടെ നാട് സാക്ഷിയായിട്ടുണ്ട്. പഴശി, തില്ലങ്കേരി, പാടിക്കുന്ന്, കോറോം, മുനയന്‍കുന്ന്, കൂത്താളി തുടങ്ങി നിരവധി ഏറ്റുമുട്ടലുകളും സമരങ്ങളും രക്തസാക്ഷിത്വങ്ങളും ഉണ്ടായിട്ടുണ്ട്.

നെഞ്ചൂക്കില്‍ ചുവന്ന ഒഞ്ചിയം

കോഴിക്കോട് ജില്ലയിലെ ഒഞ്ചിയത്ത് കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വത്തില്‍ നടത്തിയ ധീരമായ പോരാട്ടം. പൊലീസ് വെടിവെപ്പില്‍ എട്ട് പേര്‍ മരിച്ചു. രണ്ടുപേര്‍ പൊലീസ് മര്‍ദ്ദനത്തിലും മരിച്ചു. ഭക്ഷ്യക്ഷാമം രൂക്ഷമായ 1948ല്‍ പട്ടിണിയും ദുരിതവും ഏറ്റുവാങ്ങിയ കര്‍ഷക ജനത വിമോചനത്തിനായി നടത്തിയ പോരാട്ടമാണ് ഒഞ്ചിയത്തേത്. മണ്ടോടി കണ്ണനെ പോലുള്ള നേതാക്കളാണ് ജന്മിമാരുടെ ചൂഷണത്തിനെതിരെ ജനങ്ങളെ സംഘടിപ്പിച്ചത്. ഒഞ്ചിയത്തു നടന്ന കമ്യൂണിസ്റ്റ് പാര്‍ടിയുടെ കുറുമ്പ്രനാട് താലൂക്ക് കമ്മിറ്റി യോഗത്തിനെത്തിയ നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ 1948 ഏപ്രില്‍ 30-ന് പൊലീസ് വീടുകള്‍ കയറിയിറങ്ങി. മണ്ടോടി കണ്ണന്റെ വീട്ടിലെത്തിയെങ്കിലും അദ്ദേഹത്തെ കിട്ടിയില്ല. കര്‍ഷക കാരണവരായ ചോയിക്കാരണവരെയും മകന്‍ കണാരനെയും പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയി. ഇവരെ വിട്ടുകിട്ടാന്‍ ജനക്കൂട്ടവും പിറകെ അനുഗമിച്ചു. ജനക്കൂട്ടത്തിനു നേരെ പൊലീസ് നടത്തിയ വെടിവെപ്പിലാണ് എട്ടുപേര്‍ കൊല്ലപ്പെട്ടത്. മണ്ടോടി കണ്ണനും കൊല്ലാച്ചേരി കുമാരനും പൊലീസ് മര്‍ദ്ദനത്തിലും മരിച്ചു.

 കാവുമ്പായിക്കുന്നിലെ വെടിമുഴക്കം


ഭക്ഷ്യക്ഷാമത്തിന്റെ പിടിയില്‍ അകപ്പെട്ട ജനങ്ങള്‍ കരക്കാട്ടിടം ജന്മിയോട് പുനം കൊത്താന്‍ അനുമതി ചോദിച്ചു. എന്നാല്‍ ജന്മി ഇത് നിരസിച്ചു. ഇതില്‍ പ്രതിഷേധിച്ച് പുനം കയ്യേറി കൃഷി ചെയ്യാന്‍ കര്‍ഷകര്‍ തീരുമാനിച്ചു. വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള കര്‍ഷക വളണ്ടിയര്‍മാരും കാവുമ്പായിയില്‍ കേന്ദ്രീകരിച്ചു. കാവുമ്പായിക്കുന്നില്‍ ക്യാമ്പ്ചെയ്ത കര്‍ഷകര്‍ക്കുനേരെ 1946 ഡിസംബര്‍ 30ന് പുലര്‍ച്ചെ പൊലീസ് വെടിയുതിര്‍ത്തു. വെടിവെപ്പില്‍ അഞ്ചുപേര്‍ മരിച്ചു.


തോല്‍ക്കാത്ത കരിവെള്ളൂര്‍

ജന്മിമാരുടെ ദുഷ്ചെയ്തികള്‍ക്കെതിരെ 1946 ഡിസംബര്‍ 20-ന് കണ്ണൂര്‍ ജില്ലയിലെ കരിവെള്ളൂര്‍ കുണിയന്‍ പുഴക്കരയില്‍ നടന്ന സമരം. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനുമെതിരെ നടന്ന പോരാട്ടത്തില്‍ രണ്ടുപേര്‍ പൊലീസ് വെടിയേറ്റ് മരിച്ചു.

ശൂരനാടിന്റെ വീരഗാഥ

ജന്മിമാരുടെ കീഴില്‍ അടിമകളെപ്പോലെ പണിയെടുക്കാന്‍ വിധിക്കപ്പെട്ട കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ജീവിക്കാന്‍ വേണ്ടി നടത്തിയ പോരാട്ടമാണ് ശൂരനാട് സമരം. കമ്മ്യൂണിസ്റ്റ്പാര്‍ടിയുടെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ പൊലീസ് മര്‍ദ്ദനമേറ്റ് നിരവധി പേര്‍ മരിച്ചു. 1950-ലായിരുന്നു സമരം.

തീത്തലപ്പുകൊണ്ടെഴുതിയ ചരിത്രം

ബ്രിട്ടീഷ് ഭരണത്തിനും ജന്മിത്തത്തിന്റെ ക്രൂരതകള്‍ക്കുമെതിരെ കാസര്‍കോട് ജില്ലയിലെ കയ്യൂരില്‍ കര്‍ഷക ജനത നടത്തിയ ഉജ്വലപോരാട്ടമാണ് കയ്യൂര്‍ സമരം. കര്‍ഷകസംഘത്തിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെയും നേതൃത്വത്തില്‍ നടന്ന പോരാട്ടം ജന്മിമാരെയും ബ്രിട്ടീഷ് ഭരണാധികാരികളെയും പ്രകോപിപ്പിച്ചു.മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തിയ ജാഥയുടെ മുമ്പില്‍ മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ സുബ്ബരായന്‍ എന്ന പൊലീസുകാരന്‍ ചെന്നുപെട്ടു. ജനരോഷത്തില്‍നിന്ന് രക്ഷപ്പെടാനായി സമീപത്ത് കാര്യങ്കോട് പുഴയിലേക്ക് ചാടിയ അയാള്‍ മുങ്ങി മരിക്കുകയായിരുന്നു. കേസില്‍ 61 പേര്‍ പ്രതികളായി. 1943 മാര്‍ച്ച് 29 ന് മഠത്തില്‍ അപ്പു, കോയിത്താറ്റില്‍ ചിരുകണ്ഠന്‍ , പൊടോര കുഞ്ഞമ്പു നായര്‍ , പള്ളിക്കാല്‍ അബൂബക്കര്‍ എന്നിവരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിക്കൊന്നു.

വാക്കും പൊരുളും

ജന്മിത്തമെന്നാല്‍

കേരളത്തില്‍ പ്രാചീന കാലത്ത് രൂപപ്പെട്ട ഒരു ഭൂവുടമാ സമ്പ്രദായമാണ് ജന്മിത്തം. "ജന്മം" എന്ന വാക്കിന് ജനനം എന്നാണര്‍ത്ഥം. പാരമ്പര്യമായി ബ്രാഹ്മണര്‍ക്ക് ഭൂമിയില്‍ അവകാശമുണ്ടെന്ന സ്ഥിതി കേരളത്തില്‍ നിലവില്‍ വന്നത് ജാതിസമ്പ്രദായത്തിന്റെ ആവിര്‍ഭാവത്തോടെയാണ്. ഓരോ ജാതിയും ഓരോ തൊഴിലിന്റെ അടിസ്ഥാനത്തിലാണ് രൂപം കൊണ്ടത്. കൃഷിയല്ലാത്ത തൊഴില്‍ ചെയ്യുന്നവര്‍ക്ക് അവര്‍ സമുദായത്തിന് വേണ്ടി ചെയ്യുന്ന തൊഴിലിന് പ്രതിഫലമായി എന്തെങ്കിലും ആദായമാര്‍ഗമുണ്ടാക്കിക്കൊടുക്കുന്നതാവശ്യമായി വന്നു. കൃഷി ചെയ്യാത്തവരും സമുദായത്തില്‍ മേധാവിത്വമുള്ളവരുമായ ഒരു ചെറുവിഭാഗം ജനങ്ങള്‍ക്ക് വിളവിലൊരംശം ക്രമമായി കൊടുക്കുകയെന്ന പതിവു വന്നതോടുകൂടി, വിളവില്‍ നിന്ന് ആ അംശം ആദ്യം തന്നെ നീക്കിവയ്ക്കാന്‍ തുടങ്ങിയതോടുകൂടി ഓരോ നിലത്തിനും കൃഷി ചെയ്യുന്നവരും ചെയ്യാത്തവരുമെന്ന രണ്ടുതരം ഉടമസ്ഥരുമുണ്ടായി. ക്രമേണ നമ്പൂതിരിക്കും നാടുവാഴിക്കും സമൂഹത്തിലുള്ള സ്ഥാനം വലുതാവാന്‍ തുടങ്ങി.അവര്‍ക്കു കിട്ടുന്ന വിളവിന്റെ ഒരു ചെറിയ അംശമേ അവര്‍ക്കു കിട്ടുന്നുള്ളൂവെങ്കിലും അതു കൊടുക്കാതെ കൃഷി ചെയ്യാനോ ജീവിക്കാനോ കൃഷിക്കാര്‍ക്ക് സാധ്യമല്ലായിരുന്നതിനാല്‍ , കൃഷിഭൂമിയുടെയെല്ലാം ഒരു മേല്‍ക്കോയ്മാധികാരം അവര്‍ക്കുണ്ടെന്നുവന്നു. അങ്ങനെ വിളവിന്റെ പ്രധാന അംശം അനുഭവിക്കുന്നവരെങ്കിലും ഭൂമിയുടെ മേല്‍ താണതരം അവകാശമുള്ള ഒരു ഭൂരിപക്ഷവും (കുടിയാന്മാര്‍) വിളവിന്റെ ഒരു ചെറിയ അംശം മാത്രം അനുഭവിക്കുന്നവരെങ്കിലും ഭൂമിയുടെ മേല്‍ കോയ്മാധികാരമുള്ള ന്യൂനപക്ഷവും (ജന്മിമാര്‍) വളര്‍ന്നുവന്നു. (കേരളം മലയാളികളുടെ മാതൃഭൂമി- ഇ എം എസ്/ "ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം" എന്ന അദ്ധ്യായത്തില്‍ നിന്ന്.) 1895-ലാണ് ജന്മിത്തത്തിനെതിരെ നിയമങ്ങള്‍ രൂപപ്പെട്ടു തുടങ്ങിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് "കൃഷി ഭൂമി കൃഷിക്കാരന് എന്ന മുദ്രാവാക്യമുയര്‍ത്തിയത്. 1957ല്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് ഗവണ്‍മെന്റ് അവതരിപ്പിച്ച കാര്‍ഷിക ബന്ധ ബില്‍ ജന്മിത്തത്തിന്റെ അവസാനം കുറിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു. ഈ ബില്‍ രാഷ്ട്രപതി നിര്‍ദ്ദേശിച്ച ഭേദഗതിയോടെ 1960-ല്‍ നിയമസഭ പാസ്സാക്കി. 1961-ല്‍ കേരള കാര്‍ഷിക ബന്ധ നിയമം പ്രാബല്യത്തിലായി. 1963-ല്‍ പുതിയ കേരള ഭൂപരിഷ്കരണ നിയമം കേരള നിയമസഭ പാസ്സാക്കി. ഇതിന് പിന്നീട് നിരവധി ഭേദഗതികളുണ്ടായി.

മരമടി മഹോത്സവം

കര്‍ഷകരുടെ വാശിയേറിയ മത്സരമാണിത്. രണ്ടാം വിളയിറക്കുമ്പോള്‍ വിശാലമായ പാടത്ത് നടത്തുന്ന കാളയോട്ട മത്സരം. ഇതിനായി പ്രത്യേകം കാളകളെയും പോത്തുകളെയും വളര്‍ത്തി പരിശീലിപ്പിക്കും. മരവും നുകവും കൂട്ടിക്കെട്ടിയ ശേഷം അതിവേഗത്തില്‍ ഓടിക്കും. ഓട്ടത്തിന് പ്രത്യേക നിയമങ്ങളുണ്ട്. മറുകണ്ടം ചാടരുത് (ട്രാക്ക് മാറരുത് എന്നര്‍ത്ഥം). ലക്ഷ്യസ്ഥാനത്തെത്തിയിരിക്കണം. എറണാകുളം തിരുമാറാടി കാക്കൂര്‍ കാളവയലിലെ മരമടിയുത്സവം ഇപ്പോള്‍ എറെ പ്രശസ്തമാണ്. മലബാറില്‍ ഇത്തരത്തിലുള്ള ഉത്സവത്തിന് പോത്തോട്ടം എന്നാണ് പറയുക. മഞ്ചേശ്വരം പോത്തോട്ടം പ്രസിദ്ധമാണ്.

കര്‍ക്കടക സംക്രാന്തി

മിഥുനം അവസാനിക്കുമ്പോഴേക്കും വീടും പരിസരവും തേച്ചുകഴുകും. വഴികള്‍ ചെത്തിയൊരുക്കി വൃത്തിയാക്കാന്‍ തുടങ്ങും. സംക്രാന്തി ദിവസം സന്ധ്യയ്ക്ക് ചേട്ടയെ കളയുന്ന ചടങ്ങുണ്ട്. "പൊട്ടിയെ കളയുക" എന്നും പറയും. കേരളീയര്‍ക്ക് ഐശ്വര്യദേവത ശ്രീഭഗവതിയായിരുന്നു. അതുപോലെ ദരിദ്ര ഭഗവതിയായ "ചേട്ടാഭഗവതി"(ജ്യേഷ്ഠാഭഗവതി)യും ഉണ്ട്. ദാരിദ്ര്യവും അശുദ്ധിയുമുള്ളിടത്താണ് "ചേട്ട"യുടെ വാസം. എല്ലായിടവും വൃത്തിയായാല്‍ പിന്നെ ചേട്ടയ്ക്ക് വസിക്കാന്‍ ഇടമില്ല. കര്‍ക്കടകത്തിന്റെ അവസാന ദിവസം സന്ധ്യയ്ക്ക് ഒരു പഴയ കുട്ടയോ ചട്ടിയോ പഴയ മുറമോ അതില്‍ കീറത്തുണിയും കുറ്റിച്ചൂലും ഉടഞ്ഞ കലത്തിന്റെ കഷണങ്ങളും മഞ്ഞളും കൂവവും താളും കറുപ്പും വെളുപ്പും ചുവപ്പും നിറത്തിലുള്ള ഓരോ ഉരുളചോറും എണ്ണയില്‍ കത്തിച്ച മെഴുകുതിരികളുമായി എല്ലാമുറികളിലും മുറ്റത്തും കൊണ്ടുപോകും. മുമ്മൂന്ന് തവണ ഉഴിഞ്ഞ് "അഞ്ചും പിഞ്ചും പുറത്തേപോ, ആവണി അവിട്ടം അകത്തേവാ" എന്നോ "ഫൂ ഫൂ ചേട്ടാ ഭഗവതി പുറത്ത്, ശ്രീഭഗവതി അകത്ത്" എന്നോ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞ് പറമ്പിന്റെ പുറത്തേ മൂലയ്ക്ക് കളയും. കര്‍ക്കടകം ഒന്ന് മുതല്‍ "ശീപോതിക്കുവെക്കുക" എന്ന ചടങ്ങുണ്ട്..

 വെള്ളരിനാടകം

ഉത്തരകേരളത്തില്‍ രണ്ടാം വിളവെടുപ്പ് കഴിഞ്ഞാല്‍ വയലുകളില്‍ ഇടവിളയായി വെള്ളരി നടുക പതിവാണ്. വെള്ളരി, കുറുക്കന്മാരും മറ്റും നശിപ്പിക്കാതിരിക്കാന്‍ ചെറുപ്പക്കാര്‍ കാവലിരിക്കും. നേരം പോകാനായി അവര്‍ നാടക പരിശീലനം നടത്തും. ഒടുവില്‍ വെള്ളരിക്ക പാകമാവുമ്പോഴേക്കും നാടകവും അവതരണത്തിന് പാകമാവും. ഈ നാടകങ്ങള്‍ അത്ര മെച്ചപ്പെട്ടവയാകാറില്ല. ഇത്തരം നാടകങ്ങള്‍ക്ക് വീണ പേരാണ് വെള്ളരി നാടകം. ഇന്ന് ഇതൊരു ശൈലിയായി.

ഇല്ലംനിറ വല്ലംനിറ

ആദ്യത്തെ കതിര്‍ക്കറ്റ കുടുംബനാഥന്‍ തലയിലേറ്റി വീട്ടില്‍ കൊണ്ടുവന്ന് ദശപുഷ്പങ്ങള്‍ വച്ചാരാധിക്കുന്നത് ഒരു കാര്‍ഷികാനുഷ്ഠാനമായിരുന്നു. കുടുംബത്തിലെ കുട്ടികള്‍ "വട്ടിനിറ", "കൊട്ടനിറ", "പത്തായംനിറ" എന്നൊക്കെ വിളിച്ചുപറയും. ചിലയിടങ്ങളില്‍ "ഇല്ലംനിറ"(വീടു നിറയട്ടെ), "വല്ലംനിറ"(കൊട്ട നിറയട്ടെ), "കൊല്ലം നിറ" (വര്‍ഷം മുഴുവന്‍ നിറയട്ടെ) എന്നാണ് പറയുക.

വിഷുക്കണി കണികാണല്‍

മലയാളികള്‍ക്ക് പ്രധാനമാണ്. ദിവസക്കണിയും ആണ്ടുകണിയുമുണ്ട്. മേടം ഒന്നിനുള്ള ആണ്ടുകണിയാണ് വിഷുക്കണി. ഓട്ടുരുളിയില്‍ വെള്ളരിക്ക, നാളികേരം, അഷ്ടമംഗല്യം, വാല്‍ക്കണ്ണാടി, സ്വര്‍ണ്ണം മറ്റ് കൃഷി വിഭവങ്ങള്‍ എന്നിവ വച്ച് വിളക്കുകൊളുത്തി കണി കാണും. ഉറക്കമുണരുമ്പോള്‍ ആദ്യം നല്ല പദാര്‍ത്ഥത്തെയോ വ്യക്തിയെയോ പശു തുടങ്ങിയ ഉത്തമജീവികളെയോ കണികാണുന്നത് ശുഭമാണെന്നാണ് വിശ്വാസം. കാരണവര്‍ കുടുംബാംഗങ്ങള്‍ക്കും കര്‍ഷകതൊഴിലാളികള്‍ക്കും വിഷുക്കൈനീട്ടം നല്‍കും. വിഷുസദ്യയുമുണ്ടാവും. വിഷു, കൃഷിയെ സംബന്ധിച്ച് വളരെ പ്രധാനമാണ്.

ഞാറ്റുവേല കൃഷിയും

കാലാവസ്ഥയും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള ധാരണ പ്രാചീനകാലം മുതല്‍ കേരളീയര്‍ക്കുണ്ടായിരുന്നു. സൂര്യന്‍ ഉച്ചത്തില്‍ വരുന്ന മേടമാസത്തിലാണ് നമ്മുടെ കാര്‍ഷിക വര്‍ഷത്തിന്റെ പിറവി. ഇക്കാലത്ത് ചക്കയ്ക്കുപ്പുണ്ടോ കുയില്‍ വിത്തും കൈക്കോട്ടുമെന്ന് പാടി കര്‍ഷകരെ ഉണര്‍ത്തുമെന്നാണ് വിശ്വാസം. സൂര്യന്‍ ഓരോ നക്ഷത്രത്തിലും സ്ഥിതിചെയ്യുന്ന സമയത്തിനാണ് ഞാറ്റുവേല എന്നുപറയുന്നത്. ഞായര്‍ എന്നാല്‍ സൂര്യന്‍ , വേല എന്നാല്‍ വേള അല്ലെങ്കില്‍ സമയം. മിഥുനമാസത്തിലെ തിരുവാതിര ഞാറ്റുവേല കൃഷിയില്‍ പ്രധാനമാണ്. ഓരോ ഞാറ്റുവേലയിലും ചെയ്യേണ്ട കൃഷിപ്പണികളെപ്പറ്റി കര്‍ഷകര്‍ക്ക് വ്യക്തമായ അറിവുണ്ടായിരുന്നു. ഞാറ്റുവേല പഞ്ചാംഗം (കലണ്ടര്‍) നോക്കുക.


ഉച്ചാര

ഉച്ചാരല്‍ , ഉച്ചേര, ഉച്ചാറല്‍ എന്നിങ്ങനെയുള്ള പേരുകളില്‍ അറിയപ്പെടുന്ന കാര്‍ഷിക ഉത്സവം. ഭൂമിദേവി പുഷ്പിണിയായി എന്നുകരുതിയുള്ള ആഘോഷമാണിത്. മകരം 28ാംനാണ് സാധാരണ ഉച്ചാര ആഘോഷിക്കുക. രണ്ടാം വിളവെടുപ്പ് കഴിഞ്ഞ് ചൂടുകാലം ആരംഭിക്കുന്നതിനാല്‍ ഭൂമീദേവി വിശ്രമിക്കുന്നതായും സങ്കല്‍പ്പിക്കുന്നു. ചൊവ്വ ഉച്ചത്തില്‍ വരുന്നത് മകരം 28 മുതലാണ്. ഈ ആചാരത്തിന്റെ മൂന്ന് ദിവസങ്ങളില്‍ നെല്ലെടുക്കാനോ വില്‍ക്കാനോ പാടില്ല. കൃഷിപ്പണിയും പതിവില്ല. വള്ളുവനാട്ടിലെ ചെര്‍പ്പുളശേരിയിലും ഓണാട്ടുകരയിലും ഉച്ചാര മഹോത്സവം പ്രസിദ്ധമാണ്.


--
എല്ലാ ഭാവുകങ്ങളും നേരുന്നു
Get Free Updates:
*Please click on the confirmation link sent in your Spam folder of Email*
Share :
+
Previous
Next Post »
0 Comments for "മണ്ണിനും മാനത്തിനും വേണ്ടി കേരളത്തിലെ കര്‍ഷകര്‍ നടത്തിയ ചെറുത്തുനില്‍പ്പു"

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.

 
Thanks for Your Visit, Visit Again. DISCLAIMER :- If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. All the content avilable on this blog is informational purpose only.Reproduction and republishing of contents from here to any other websites or blogs is strictly prohibited.
Template By Kunci Dunia
Back To Top