അന്താരാഷ്ട്ര രസവര്‍ഷം-2011

രസതന്ത്രലോകത്തിന് ഓര്‍മ പുതുക്കലിന്‍െറ വര്‍ഷമാണ് 2011. ഐക്യരാഷ്ട്ര സംഘടന അന്താരാഷ്ട്ര രസതന്ത്രവര്‍ഷമായിട്ടാണ് 2011നെ പ്രഖ്യാപിക്കുന്നത്. നൂറ്റാണ്ടുകളിലൂടെ രസതന്ത്രം കൈവരിച്ച നേട്ടങ്ങളെയും മനുഷ്യരാശിക്ക് അതുനല്‍കിയ മഹത്തായ സംഭാവനകളെയും ഓര്‍ക്കാനായി ഒരു വര്‍ഷം. അതാണ് 2011. ഐക്യരാഷ്ട്ര സംഘടനകളുടെ വിദ്യാഭ്യാസ-സാംസ്കാരിക വിഭാഗമായ യുനെസ്കോയും ഇന്‍റര്‍നാഷനല്‍ യൂനിയന്‍ ഓഫ് പ്യൂവര്‍ ആന്‍ഡ് അപൈ്ളഡ് കെമിസ്ട്രിയും ചേര്‍ന്നാണ് രസതന്ത്രവര്‍ഷാചരണത്തിന് നേതൃത്വം നല്‍കുന്നത്. എന്തൊക്കെയാണ് രസതന്ത്രവര്‍ഷത്തിന്‍െറ വിശേഷങ്ങളെന്നു കേട്ടോളൂ...


ജീവിതവും ഭാവിയുമാകുന്ന രസതന്ത്രം


‘രസതന്ത്രം-നമ്മുടെ ജീവിതം, നമ്മുടെ ഭാവി’ ഇതാണ് രസതന്ത്രവര്‍ഷത്തിന്‍െറ സന്ദേശം. പ്രപഞ്ചത്തിലെ സകലകോണുകളിലും എത്തിനോക്കിയ ശാസ്ത്രമാണ് രസതന്ത്രം. ഉറക്കമുണര്‍ന്ന് പല്ലുതേക്കുമ്പോള്‍ മുതല്‍ രാത്രി കിടക്കയിലേക്ക് വീഴുമ്പോള്‍വരെ നാം ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും രസതന്ത്രത്തിന്‍െറ അദൃശ്യ സാന്നിധ്യമുണ്ട്. നിത്യജീവിതത്തില്‍ രസതന്ത്രത്തിന്‍െറ പ്രാധാന്യം തിരിച്ചറിയുന്നതിനും, ഭൂമിയെ വേദനിപ്പിക്കാതെയുള്ള വികസന മാര്‍ഗങ്ങള്‍ നേടുന്നതിനുമുള്ള ഗവേഷണങ്ങളാണ് രസതന്ത്രലോകം ഈ വര്‍ഷം ലക്ഷ്യമിടുന്നത്.യുവജനങ്ങളെ രസതന്ത്രത്തിന്‍െറ അദ്ഭുതലോകത്തേക്ക് ആകര്‍ഷിക്കുക, വനിതകളുടെ ഗവേഷണ താല്‍പര്യത്തെ പ്രോത്സാഹിപ്പിക്കുക തുടങ്ങി ഒട്ടേറെ ലക്ഷ്യങ്ങളാണ് ഈ വര്‍ഷാചരണത്തിനുള്ളത്. രസതന്ത്രത്തിന്‍െറ മായിക ലോകത്തേക്ക് എത്തിനോക്കാനും അതിന്‍െറ മഹത്തായചരിത്രം പഠിക്കാനും നമുക്കും ഈ വര്‍ഷം പ്രയോജനപ്പെടുത്താം.


എന്തുകൊണ്ട് 2011


രസതന്ത്രത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒരു വര്‍ഷമാണ് 2011. രസതന്ത്രചരിത്രത്തിലെ രണ്ടുമഹത്തായ സംഭവങ്ങളുടെ നൂറാം വാര്‍ഷികമാണിത്. മേരിക്യൂറിക്ക് രസതന്ത്ര നൊബേല്‍ സമ്മാനം ലഭിച്ചതാണ് ഇതില്‍ ആദ്യത്തെ സംഭവം. 1911ല്‍ നൊബേല്‍ സമ്മാനം ഏറ്റുവാങ്ങുമ്പോള്‍ രസതന്ത്ര ചരിത്രത്തിലെ ഒരു നാഴികക്കല്ലാവുകയായിരുന്നു ആ സംഭവം.1911ല്‍ പാരിസില്‍ ഇന്‍റര്‍നാഷനല്‍ അസോസിയേഷന്‍ ഓഫ് കെമിക്കല്‍ സൊസൈറ്റീസ് സ്ഥാപിതമായതാണ് രണ്ടാമത്തെ സംഭവം. രസതന്ത്ര ഗവേഷണങ്ങള്‍ക്കുമേല്‍നോട്ടം വഹിക്കുന്നതിനും രസതന്ത്രഗവേഷകര്‍ക്കിടയില്‍ സഹകരണം വളര്‍ത്തുന്നതിനുമൊക്കെ വേണ്ടി സ്ഥാപിച്ചതായിരുന്നു ഈ സൊസൈറ്റി.


ആഘോഷങ്ങള്‍ തീരുന്നില്ല...രസതന്ത്രവര്‍ഷാചരണം വന്‍വിജയമാക്കണമെന്ന ലക്ഷ്യത്തോടെ വന്‍പരിപാടികളാണ് സംഘടനകള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്‍െറ ഭാഗമായി തുറന്ന വെബ്സൈറ്റിലൂടെ താല്‍പര്യമുള്ള ആര്‍ക്കും ഈ മഹത്തായ പരിപാടിയില്‍ പങ്കുചേരാം. വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താല്‍ അന്താരാഷ്ട്ര കെമിസ്ട്രി വര്‍ഷാചരണത്തിന്‍െറ പരിപാടികളെ കുറിച്ച് അറിയിപ്പു ലഭിക്കും. നമുക്കും നമ്മുടെ ആശയങ്ങള്‍ ലോകമെമ്പാടുമുള്ള രസതന്ത്രപ്രേമികളുമായി പങ്കുവെക്കുകയും ചെയ്യാം.
ഒട്ടേറെ വൈവിധ്യമാര്‍ന്ന പരിപാടികളാണ് പല രാജ്യങ്ങളും ആസൂത്രണം ചെയ്തിട്ടുള്ളത്. സമ്മേളനങ്ങള്‍, സെമിനാറുകള്‍, വിവിധ പ്രോജക്ടുകള്‍ എന്നിവയൊക്കെ ഇതിന്‍െറ ഭാഗമായി നടക്കുന്നുണ്ട്. അന്താരാഷ്ട്ര രസതന്ത്രവര്‍ഷത്തിന്‍െറ ഓര്‍മക്കായി കഴിഞ്ഞ ഫെബ്രുവരിയില്‍ രസതന്ത്ര സ്റ്റാമ്പ് പുറത്തിറക്കിയാണ് സ്വിറ്റ്സര്‍ലന്‍ഡ്  ഈ ആഘോഷത്തില്‍ പങ്കുചേരുന്നത്. വിറ്റാമിന്‍ സിയുടെ ഘടന ചിത്രീകരിച്ചിരിക്കുന്ന സ്റ്റാമ്പാണ് അവര്‍ ഇറക്കിയത്. 1933ല്‍ സ്വിറ്റ്സര്‍ലന്‍ഡുകാരനായ ടെഡ്യൂസ് റിച്ച്സ്റ്റീന്‍ (Tadeus Reichstein) ആണ് ആദ്യമായി വിറ്റാമിന്‍ തിരിച്ചറിഞ്ഞത്.


നമുക്കും കെമിസ്ട്രി വര്‍ഷം ആഘോഷിക്കേണ്ടേ... എന്തൊക്കെ പരിപാടികള്‍ വേണമെന്ന് ആലോചിക്കൂ. ഏതായാലും ഇത്തവണ കെമിസ്ട്രിയുടെ അല്‍പം ചരിത്രം കേട്ടോളൂ...
രസമുള്ള രസതന്ത്രത്തിന്‍െറ രസിപ്പിക്കുന്ന ചരിത്രത്തിലേക്ക് ഒരു രസികന്‍ യാത്ര നടത്തിയാലോ? ശരി, തുടങ്ങാം. കാലചക്രം പിന്നോട്ട് കറക്കിക്കോളൂ.
നമ്മളിപ്പോള്‍ നില്‍ക്കുന്നത് ബി.സി 10,000നും 1,00,000നും അപ്പുറത്തുള്ള ഏതോ നൂറ്റാണ്ടിലാണ്. രസതന്ത്രത്തിന്‍െറ ചരിത്രം നമുക്ക് ഇവിടെനിന്നുതുടങ്ങാം. നമ്മുടെ പൂര്‍വികരായ ഇരുകാലികള്‍ കാട്ടില്‍ കഴിയുന്ന കാലം. നമ്മുടെ പൂര്‍വികരിലൊരാള്‍ കല്ലുരച്ച് തീയുണ്ടാക്കാമെന്ന് കണ്ടെത്തിയതോടെ മനുഷ്യന്‍െറ ശാസ്ത്രവളര്‍ച്ച ആരംഭിച്ചു. ഈ ‘തീ സൃഷ്ടിക്കല്‍’ ആയിരുന്നു മനുഷ്യന്‍ ആദ്യം നടത്തിയ വിജയകരമായ പരീക്ഷണം. പിന്നീടവന്‍െറ വളര്‍ച്ച പെട്ടെന്നായിരുന്നു. പ്രകൃതിയില്‍നിന്ന് ഒട്ടേറെ അറിവുകള്‍ നേടി. ഒട്ടേറെ വസ്തുക്കള്‍ ഉണ്ടാക്കാന്‍ അവന്‍ പഠിച്ചു. കാലം കടന്നുപോയി...
ബി.സി 1000: ഇക്കാലമൊക്കെ ആയപ്പോഴേക്കും പലപല സംസ്കാരങ്ങളും രസതന്ത്രത്തിന്‍െറ വഴികള്‍ അറിയാതെ ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു. ചിലര്‍ മണ്ണില്‍നിന്ന് ലോഹങ്ങള്‍ കുഴിച്ചെടുത്തു. മറ്റു ചില സംസ്കാരങ്ങളുടെ ഭാഗമായി കളിമണ്‍പാത്രങ്ങളും സ്ഫടികം കൊണ്ടുള്ള വസ്തുക്കളുമൊക്കെ ഉണ്ടാക്കാന്‍ തുടങ്ങി. ചിലരാകട്ടെ കണ്ടുപിടിത്തങ്ങളുടെയും നേട്ടങ്ങളുടെയുമൊക്കെ കൂടെ ചില ഗവേഷണങ്ങളും തുടങ്ങി. വസ്തുക്കളെ വര്‍ഗീകരിക്കാനുള്ള ശ്രമങ്ങള്‍. അങ്ങനെ.. അങ്ങനെ...
അണുസങ്കല്‍പം വരുന്നു
ബി.സി അഞ്ചാം നൂറ്റാണ്ട്. രസതന്ത്രത്തിനുകൂടുതല്‍ അടുക്കും ചിട്ടയുമൊക്കെ വന്നുതുടങ്ങി. പദാര്‍ഥങ്ങളെ വിഭജിച്ചുകൊണ്ടേയിരുന്നാല്‍ അവസാനം വിഭജിക്കാനാവാത്ത അണു അഥവാ ആറ്റമാണ് കിട്ടുക എന്ന ആശയം ഈ കാലഘട്ടത്തിലാണ് ആദ്യമായി ഉയര്‍ന്നത്. ഇതു പറഞ്ഞതാകട്ടെ, ഭാരതത്തില്‍ ജീവിച്ചിരുന്ന കണാദ മുനിയും. കണാദന്‍െറ ‘വൈശേഷികാസൂത്ര’ത്തില്‍ അണുവിനെക്കുറിച്ച് പരാമര്‍ശമുണ്ട്. ഇതേ കാലഘട്ടത്തില്‍തന്നെ ഗ്രീസിലും റോമിലുമൊക്കെ ആറ്റം എന്ന സങ്കല്‍പം രൂപംകൊണ്ടു. ഡെമോക്രീഷ്യസ്, ലൂസിപ്പസ്, ലൂക്രീഷ്യസ് തുടങ്ങിയവരായിരുന്നു ഇതിനുപിന്നില്‍. തെളിവുകളൊന്നുമില്ലാതെ മുമ്പോട്ടുവന്ന ഈ ആശയത്തെ എതിര്‍ക്കുകയാണ് പ്രശസ്ത തത്ത്വചിന്തകനായ അരിസ്റ്റോട്ടില്‍ ചെയ്തത്.
ഇതേ കാലഘട്ടത്തില്‍തന്നെ പദാര്‍ഥങ്ങളെ ശുദ്ധീകരിക്കാനുള്ള വിവിധ മാര്‍ഗങ്ങള്‍ മനുഷ്യന്‍ കണ്ടെത്തി ധാതുക്കളെക്കുറിച്ചുള്ള സൂക്ഷ്മ പഠനത്തിനും അവന്‍ തയാറായി.
ലോഹങ്ങളുടെ ലോകം
മനുഷ്യരാശിയുടെ പുരോഗതിക്ക് വേഗതകൂട്ടിയ ഒന്നായിരുന്നു ലോഹങ്ങളുടെ കണ്ടെത്തല്‍. പുരാതന ഈജിപ്തുകാര്‍ക്കും ഇന്ത്യക്കാര്‍ക്കുമൊക്കെ ലോഹ ഖനനത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. 2600 ബി.സിയില്‍ ഈജിപ്തുകാര്‍ സ്വര്‍ണം ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചെമ്പ്, ഇരുമ്പ് തുടങ്ങിയ ലോഹങ്ങള്‍കൊണ്ട് പാത്രങ്ങളും ആയുധങ്ങളുമൊക്കെ ഉണ്ടാക്കിത്തുടങ്ങിയതോടെ ലോഹയുഗം ആരംഭിച്ചു. ലോഹ നിര്‍മാണത്തില്‍ ഏറെ മുന്‍പന്തിയിലുണ്ടായിരുന്ന രാജ്യമായിരുന്നു ഇന്ത്യ.
ആല്‍ക്കെമിസ്റ്റുകളുടെ വരവ്
‘ഏതുലോഹത്തെയും സ്വര്‍ണമാക്കി കൊടുക്കപ്പെടും’ ഇങ്ങനെ ഒരു പരസ്യം ഏതെങ്കിലും കടയുടെ മുന്നില്‍ കണ്ടാല്‍ തീര്‍ച്ച, അവിടെ ആളുകളുടെ തള്ളിക്കയറ്റമായിരിക്കും. പരസ്യം കൊടുത്തയാള്‍ക്ക് കോളടിച്ചതുതന്നെ. എന്നാല്‍, ഇങ്ങനെ ഒരു ബോര്‍ഡും തൂക്കി ഇരിക്കാന്‍ ആഗ്രഹിച്ച ഒരു കൂട്ടരുണ്ടായിരുന്നു പണ്ട്. ആല്‍ക്കെമിസ്റ്റുകള്‍ എന്നാണ് അവരെ വിളിച്ചിരുന്നത്. ഇന്നത്തെ രസതന്ത്രശാസ്ത്രജ്ഞന്മാരുടെയെല്ലാം മുതുമുത്തച്ഛന്മാരായിരുന്നു ഈ ആല്‍ക്കെമിസ്റ്റുകള്‍. ആധുനിക രസതന്ത്രത്തിന് അടിത്തറ പാകിയ മഹാന്മാരായിരുന്നു ഇവര്‍.
ഏതൊരു ലോഹത്തെയും പരീക്ഷണത്തിലൂടെ സ്വര്‍ണമാക്കി മാറ്റാം എന്നായിരുന്നു ആല്‍ക്കെമിസ്റ്റുകള്‍ കരുതിയിരുന്നത്. ഫിലോസഫേര്‍സ് സ്റ്റോണ്‍ അഥവാ തത്ത്വചിന്തകന്മാരുടെ കല്ല് എന്നൊരു അദ്ഭുതവസ്തുവിന് മറ്റുലോഹങ്ങളെ സ്വര്‍ണമാക്കാനുള്ള കഴിവുണ്ടെന്നായിരുന്നു ഇവരുടെ വിശ്വാസം. നിത്യയൗവനവും മരണമില്ലായ്മയും നല്‍കാന്‍ കഴിയുന്ന ഒരു അദ്ഭുത ജലം. ഇതും ആല്‍ക്കെമിസ്റ്റുകള്‍ അന്വേഷിച്ചു കൊണ്ടിരുന്ന ഒന്നാണ്. എന്തായാലും ഇതുവരെ കണ്ടിട്ടില്ലാത്ത അദ്ഭുത വസ്തുക്കളെ തേടിയുള്ള അവരുടെ പരീക്ഷണങ്ങള്‍ ഒട്ടേറെ പുതിയ കണ്ടുപിടിത്തങ്ങള്‍ക്ക് വഴിവെച്ചു.
ബി.സി അവസാന നൂറ്റാണ്ടുകളിലും എ.ഡി ആദ്യകാലഘട്ടങ്ങളിലുമായിരുന്നു ആല്‍ക്കെമിസ്റ്റുകളുടെ പ്രതാപകാലം. 1900 ബി.സിയില്‍ ജീവിച്ചിരുന്ന ഹെല്‍മസ് ട്രിസ്മെജിസ്റ്റസ്  എന്ന ഈജിപ്ഷ്യന്‍ രാജാവിനെയാണ് ആല്‍ക്കെമിയുടെ പിതാവ് എന്ന്് പറയപ്പെടുന്നത്. എ.ഡി 815ല്‍ ജീവിച്ചിരുന്ന ജാബിര്‍ ഇബ്ന്‍ ഹയ്യാര്‍ പ്രശസ്തനായ ഒരു പേര്‍ഷ്യന്‍ ആല്‍ക്കെമിസ്റ്റായിരുന്നു. ഗെബര്‍ എന്ന പേരില്‍ പ്രശസ്തനായ ഇദ്ദേഹത്തെയാണ് രസതന്ത്രത്തിന്‍െറ പിതാവെന്ന് പുരാതനകാലം മുതലേ വിളിച്ചുപോരുന്നത്. ഈജിപ്ത്, ഗ്രീസ്, പേര്‍ഷ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ആല്‍ക്കെമിസ്റ്റുകളുടെ സാന്നിധ്യമുണ്ടായിരുന്നു.
ജാഫര്‍ അല്‍ സാദിഖ്, അന്‍ക്കിന്‍ഡസ്, അബുഅല്‍-റെയ്മാന്‍, അല്‍ബിറൂനി എന്നിവരൊക്കെ ആല്‍ക്കെമിസ്റ്റുകളുടെ കൂട്ടത്തില്‍ പ്രശസ്തരായവരാണ്.
ധാരാളം പുതിയ മരുന്നുകളും രാസപദാര്‍ഥങ്ങളും പരീക്ഷണോപകരണങ്ങളുമൊക്കെ സംഭാവന ചെയ്തവരാണീ ആല്‍ക്കെമിസ്റ്റുകള്‍.
ആല്‍ക്കെമിയില്‍നിന്ന്
കെമിസ്ട്രിയിലേക്ക്

ആല്‍ക്കെമിയില്‍നിന്ന് യഥാര്‍ഥ കെമിസ്ട്രിയിലേക്ക് രസതന്ത്രം വളരാന്‍ അധികം താമസമുണ്ടായില്ല. ലോകത്തിന്‍െറ പലഭാഗങ്ങളിലും കണ്ടുപിടിത്തങ്ങളുടെ ഘോഷയാത്ര തന്നെയുണ്ടായി. 15-16 നൂറ്റാണ്ടുകളൊക്കെ ആയപ്പോഴേക്കും കുറേയേറെ പുസ്തകങ്ങളും രസതന്ത്രത്തില്‍ ജന്മമെടുത്തു. ഇവയോരോന്നിന്‍െറയും ചുവടുപിടിച്ച് കെമിസ്ട്രി പതുക്കെ ശക്തി പ്രാപിക്കുകയായിരുന്നു. 1530ല്‍ പാരാസെല്‍സസ്  എന്ന ശാസ്ത്രജ്ഞന്‍ ആല്‍ക്കെമിയില്‍നിന്ന് വ്യത്യസ്തമായ ഒരു രസതന്ത്രരീതി തുടങ്ങി. ഇന്നത്തെ ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രിയുടെ വിത്തുകളായിരുന്നു ആ പഠനങ്ങള്‍. അദ്ദേഹമാണ് ‘കെമിസ്ട്രി’ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചതെന്ന് കരുതപ്പെടുന്നു.
കാലം കടന്നുപോയി. പുതിയ പുതിയ മൂലകങ്ങളും മറ്റും വരാന്‍ തുടങ്ങി. ജോസഫ് ബ്ളാക്  കാര്‍ബണ്‍ഡൈ ഓക്സൈഡ് കണ്ടെത്തി. ബോയ്ല്‍സ് നിയമം വന്നു. ഹൈഡ്രജനെ തിരിച്ചറിഞ്ഞു. ഓക്സിജന്‍െറ രഹസ്യവും വെളിവായി. ആന്‍റണ്‍ ലാവോയ്സിയര്‍ എന്ന ശാസ്ത്രജ്ഞന്‍ പുതിയ പേരിടല്‍ രീതികളുമായി രംഗത്തുവന്നു. ലാവോയ്സിയറെ പിന്നീട് ആധുനിക രസതന്ത്രത്തിന്‍െറ പിതാവായി കണക്കാക്കി. അങ്ങനെ രസതന്ത്രം 19ാം നൂറ്റാണ്ടിലേക്ക് കടന്നു.
ഓര്‍ഗാനിക് കെമിസ്ട്രിയുടെയും
ആവര്‍ത്തനപ്പട്ടികയുടെയും നൂറ്റാണ്ട്

19ാം നൂറ്റാണ്ടില്‍ വിപ്ളവകരമായ മാറ്റങ്ങള്‍ക്കാണ് രസതന്ത്രലോകം സാക്ഷ്യംവഹിച്ചത്. ജോണ്‍ഡാള്‍ട്ടണ്‍, അവഗാഡോ തുടങ്ങിയ മിടുക്കന്മാരില്‍ തുടങ്ങി റൂഥര്‍ ഫോര്‍ഡിലും മേരിക്യൂറിയിലും ചെന്നെത്തിയ നൂറ്റാണ്ടായിരുന്നു ഇത്. കെമിസ്ട്രിയിലെ ഏറ്റവും പ്രധാനപ്പെട്ട ശാഖയുടെ പിറവിയും അതിന്‍െറ വളര്‍ച്ചയും കണ്ട നൂറ്റാണ്ട്. ഓര്‍ഗാനിക് കെമിസ്ട്രി അഥവാ കാര്‍ബണിക രസതന്ത്രമായിരുന്നു അത്. 1828ല്‍ ഫ്രെഡറിക് വൂളര്‍ എന്ന ശാസ്ത്രജ്ഞന്‍ യൂറിയ കൃത്രിമമായി നിര്‍മിച്ചു. ഇതോടെയാണ് ഓര്‍ഗാനിക് കെമിസ്ട്രിയുടെ വളര്‍ച്ച തുടങ്ങിയത്. കെല്‍വിന്‍ സ്കെയില്‍ തുടങ്ങിയതും ഈ നൂറ്റാണ്ടില്‍തന്നെ.
രസതന്ത്ര ചരിത്രത്തിലെ നാഴികകല്ലായ ആവര്‍ത്തനപ്പട്ടികയുടെ ജനനമാണ് മറ്റൊരു പ്രധാന സംഭവം. അന്നോളം കണ്ടെത്തിയ മൂലകങ്ങളെയൊക്കെ ഒരു പട്ടികയില്‍ ക്രമീകരിക്കണമെന്ന ആഗ്രഹവുമായി ഒട്ടേറെപേര്‍ ശ്രമം തുടങ്ങി. അവരില്‍ പ്രധാനികളായിരുന്നു ജോണ്‍ ന്യൂലാന്‍ഡ്, ലോതര്‍ മേയര്‍, ഡോബര്‍ണിയര്‍ എന്നിവര്‍. ഇവരൊക്കെ ആവര്‍ത്തനപ്പട്ടികയുടെ ഓരോരോ രൂപങ്ങളുണ്ടാക്കി. എന്നാല്‍, ഇന്നുകാണുന്ന തരത്തിലുള്ള വിശദവും സമഗ്രവുമായ ആവര്‍ത്തനപ്പട്ടികയുമായി 1869ല്‍ ഒരാള്‍ രംഗത്തെത്തി. ദിമിത്രി മെന്‍റലിയേവ് എന്ന ശാസ്ത്രജ്ഞനായിരുന്നു അത്. അന്നുവരെ കണ്ടെത്തിയ മൂലകങ്ങളെ ആറ്റോമിക വിഭാഗത്തിന്‍െറ അടിസ്ഥാനത്തില്‍ ഭംഗിയായി ക്രമീകരിച്ച മെന്‍റലിയേവ്, ഇനി കണ്ടെത്താനുള്ള ചില മൂലകങ്ങളെക്കുറിച്ച് പ്രവചനവും നടത്തി. ആ പ്രവചനങ്ങള്‍ പിന്നീട് സത്യമാകുന്നതും ശാസ്ത്രലോകം കണ്ടു. ഇന്ന് ആവര്‍ത്തനപ്പട്ടികയില്‍ 118 മൂലകങ്ങളുണ്ട്.
എക്സ്റേയുടെ കണ്ടുപിടിത്തം, ഇലക്ട്രോണിന്‍െറ പിറവി, റേഡിയോ ആക്ടിവിറ്റിയുടെ വരവ് തുടങ്ങിയവയൊക്കെ സാക്ഷ്യംവഹിച്ച നൂറ്റാണ്ടായിരുന്നു ഇത്.


WEBSITE Subscribe to കിളിചെപ്പ് by Email
Get Free Updates:
*Please click on the confirmation link sent in your Spam folder of Email*
Share :
+
Previous
Next Post »
0 Comments for "അന്താരാഷ്ട്ര രസവര്‍ഷം-2011"

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.

 
Thanks for Your Visit, Visit Again. DISCLAIMER :- If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. All the content avilable on this blog is informational purpose only.Reproduction and republishing of contents from here to any other websites or blogs is strictly prohibited.
Template By Kunci Dunia
Back To Top