ഓണക്കാലം

Share it:
ബാലപംക്തിയില്‍ കുട്ടേട്ടന്‍ എന്ന പേരില്‍ കുഞ്ഞുണ്ണി മാഷ് എഴുതിയ കുറിപ്പ്.

പ്രിയപ്പെട്ട കൂട്ടുകാരേ,


ഒരു കൂട്ടുകാരന്‍ കുട്ടേട്ടനെഴുതിയ എഴുത്തില്‍ ആശിച്ചതുപോലെ വഞ്ചി കര്‍ക്കടകക്കടവില്‍നിന്ന് കാറ്റിലും കോളിലും പെട്ട് കുറേയൊക്കെ നട്ടംതിരിഞ്ഞിട്ടാണെങ്കിലും മുങ്ങുകയോ മറിയുകയോ ചെയ്യാതെ ഒരു തരത്തില്‍ ചിങ്ങത്തുരുത്തിലെത്തിച്ചേര്‍ന്നു. ഇക്കൊല്ലത്തെ മഴക്കാലത്തിന് നീളവും വീതിയും കണക്കിലധികമുണ്ടായിരുന്നു, പെയ്ത മഴയിലൊക്കെ വെള്ളവും കൂടുതലായിരുന്നു, അല്ലേ കൂട്ടുകാരേ?

എങ്കിലും മഴയൊഴിഞ്ഞു കിട്ടിയ ഇത്തിരി സമയംകൊണ്ട് ഓണം ഓടിക്കിതച്ച് കൃത്യസമയത്തുതന്നെ എത്തിച്ചേര്‍ന്നല്ലോ. അതില്‍ സന്തോഷിക്കുക. മഴയിലൊഴുകിപ്പോയത് കഴിച്ച് ബാക്കിയായതു കൊണ്ടെല്ലാം നമുക്ക് ഓണത്തപ്പനെ സല്‍ക്കരിക്കാം. ഉള്ളതുകൊണ്ട് ഓണംപോലെ എന്ന പഴഞ്ചൊല്ല് ഇക്കൊല്ലം നമുക്കിങ്ങനെ മാറ്റിപ്പറയാം. 'ഉള്ളതുകൊണ്ടോണം' പോര, ഒന്നുകൂടി നന്നാക്കിപ്പറയാം: 'ഉള്ളതുകൊണ്ട് നല്ലോണം'.

പൂക്കളൊന്നും പതിവുപോലെ വേണ്ടത്രയില്ല എന്ന് ചില കൂട്ടുകാര്‍ കുട്ടേട്ടനോട് പരാതി പറയുകയുണ്ടായി. 'എന്തു ചെയ്യാം, തുമ്പയും മുക്കുറ്റിയുമൊക്കെ മുളച്ചുവളര്‍ന്ന് പൂക്കാനിട കിട്ടണ്ടേ? പോട്ടെ, സാരമില്ല, ഓണത്തിന് പൂവിടണമെന്നല്ലാതെ ഇത്ര പൂവിടണമെന്നില്ലല്ലോ. ഒരു പൂവെങ്കിലൊരു പൂവ്! ഒരായിരം പൂവെങ്കില്‍ ഒരായിരം പൂവ്! ഉള്ളതിട്ട് ഓണം കൊള്ളുക. നമുക്കൊരു കാര്യം ചെയ്യാം, പൂക്കള്‍ കുറഞ്ഞതിന് പൂവിളി കൂട്ടുക! ഓണത്തപ്പന്
പൂവെന്നപോലെ പൂപ്പാട്ടും പെരുത്തിഷ്ടമാണ്. അതിനാല്‍ പൂപ്പാട്ടു പാടല്‍ കേമമാക്കിക്കോളിന്‍.' കുട്ടേട്ടന്‍ ആ കൂട്ടുകാരെ സമാധാനിപ്പിച്ചതിങ്ങനെയാണ്.
പൂവ് കുറവാണെങ്കിലും പഴം കുറവാണെങ്കിലും ഇക്കൊല്ലത്തെ ഓണം കുട്ടേട്ടന് പതിവിലും കവിഞ്ഞ സന്തോഷം നല്‍കി.

എന്താണെന്നല്ലേ കാരണം. കൂട്ടുകാരുടെ ഒരു പറ നെല്ല്! ഓണത്തിനൊരുപറ നെല്ല്! അല്ല, ഒരുലക്ഷം പറ നെല്ല്. അതായിരുന്നുവല്ലോ കുറച്ചു മാസങ്ങളായി നമ്മുടെ കൂട്ടുകാരുടെ മുദ്രാവാക്യം. മുഴുവന്‍ സാധിച്ചിട്ടുണ്ടാവുമോ ഇല്ലയോ എന്ന ചോദ്യമില്ല. ഈ ആശയം തന്നെ കുട്ടേട്ടന് വലിയ ആശയ്ക്കു വക നല്‍കുന്നുണ്ട്. നല്ല ആശയങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെയല്ലെങ്കില്‍ മറ്റെന്നാളെങ്കിലും പൂക്കാതിരിക്കില്ല, ഫലിക്കാതിരിക്കില്ല.

ഇക്കൊല്ലം തന്നെ നിങ്ങള്‍ കുറേയെല്ലാം ഉണ്ടാക്കിയല്ലോ. വരുന്ന കൊല്ലം കുറേക്കൂടിയുണ്ടാക്കാന്‍ കഴിയും. കാലേക്കൂട്ടി ഒരുങ്ങിയിറങ്ങണമെന്നു മാത്രം.
'വരുന്ന കൊല്ലത്തെ ഓണത്തിന് ഒരുപറ നെല്ലിന്റെ കൂടെ ഒരു കുല കായകൂടിയുണ്ട്; കുട്ടേട്ടാ, ഞങ്ങളുടെ വക' ചില കൂട്ടുകാര്‍ കുട്ടേട്ടനോട് പറയുകയുണ്ടായി. സാധിക്കും, നിങ്ങള്‍ക്കതു നിഷ്പ്രയാസം സാധിക്കും. കാരണം ഒരു പറ നെല്ലുണ്ടാക്കാനുള്ളത്ര വിഷമം ഒരു വാഴവെച്ച് കുല വെട്ടിയെടുക്കാനില്ല. സ്ഥലവും കുറച്ചു മതി. തൊടിയിലൊഴിവില്ലെങ്കില്‍ മുറ്റത്തും വെക്കാവുന്നതാണ് വാഴ. അതിനാല്‍ നിങ്ങളുടെ ഈ പുതിയ തീരുമാനം എളുപ്പത്തില്‍ നടപ്പില്‍ വരുത്താം. ഫലത്തിലെത്തിക്കാം.

ഓണം ആഘോഷിക്കാനുള്ളതാണ്, ആഹ്ലാദിക്കാനുള്ളതാണ്. ഓണാശംസകള്‍...!
- കുട്ടേട്ടന്‍
(മാതൃഭൂമി ആഴ്ചപ്പതിപ്പ്, 1968 സപ്തംബര്‍ 8)

Subscribe to കിളിചെപ്പ് by Email
Share it:

Onam

Post A Comment:

0 comments: