ശ്രദ്ധിക്കണേ... നമ്മുടെ കുട്ടികളെ

സ്നേഹത്തോടെയുള്ള ഒരു നോട്ടം, ഒരു തലോടല്‍, ഒരു പുഞ്ചിരി, കുറച്ച് നല്ല വാക്കുകള്‍ ഇതാണ് ഓരോ കുട്ടിക്കും ആവശ്യമുള്ള കാര്യങ്ങള്‍. എന്നാല്‍, ഇവ കിട്ടേണ്ടുന്ന കുടുംബത്തില്‍നിന്നും സ്കൂളില്‍നിന്നും ലഭിക്കാതായാല്‍ അത് കടുത്ത മാനസിക പിരിമുറുക്കവും പഠന പിന്നാക്കാവസ്ഥയും ഉണ്ടാക്കുന്നുണ്ടെന്നതാണ് നിരവധി പഠനങ്ങള്‍ തെളിയിക്കുന്നത്. കുട്ടിക്ക് തന്‍െറ ഏതു പ്രയാസവും തുറന്നുപറയാന്‍ സാധിക്കുന്ന, പറഞ്ഞാല്‍ അവക്കുള്ള പരിഹാരം കിട്ടുമെന്നുറപ്പുള്ള കൂട്ടുകാരായി മാറാന്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും കഴിയണം. പഠനകാലയളവില്‍ കുട്ടികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ നമുക്ക് കണ്ടെത്താം...

വിഷാദരോഗം (Depression)
ഇന്ന് പല കുട്ടികളിലും വ്യാപകമായി കണ്ടുവരുന്ന പഠനരോഗങ്ങളില്‍ ഒന്നാണ് വിഷാദം. ദുഃഖമാണ് പലപ്പോഴും കുട്ടികളെ ഈ അവസ്ഥയിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നത്. തന്‍െറ കാര്യങ്ങള്‍ പറയാന്‍ ആരോരുമില്ലാതാവുകയും തന്നെ കേള്‍ക്കാന്‍ ഒരാളെപ്പോലും കിട്ടാതെ വരുകയും ചെയ്യുമ്പോഴാണ് വിഷാദം പടികടന്നെത്തുക. ഉത്സാഹിയായ ഒരാള്‍ പെട്ടെന്ന് അസ്വസ്ഥനായി കഴിയുന്നതാണ് വിഷാദത്തിന്‍െറ പ്രധാന ലക്ഷണം. പഠനകാര്യങ്ങള്‍ ഉത്തരവാദിത്തത്തോടെ നിറവേറ്റാന്‍ വിഷാദരോഗത്തിനടിപ്പെട്ടവര്‍ക്ക് കഴിയില്ല. അതിനാല്‍, വിഷാദകാരണം കണ്ടെത്തി ഇല്ലാതാക്കേണ്ടത് രക്ഷിതാക്കളുടെയും അധ്യാപകരുടെയും കര്‍ത്തവ്യമാണ്.

വിഷാദരോഗ ലക്ഷണങ്ങള്‍

 • താല്‍പര്യമില്ലായ്മ
 • ക്ഷീണം, ഉന്മേഷമില്ലായ്മ
 • ഒറ്റക്കിരിക്കാനുള്ള താല്‍പര്യം
 • കളികള്‍, ടി.വി, സിനിമ എന്നിവയിലൊന്നും ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥ
 • കോപം വരുക
 • അമിതമായ ചിന്ത
 • ചുമതലകളില്‍നിന്ന് ഒഴിഞ്ഞുമാറല്‍
 • ഉറക്കക്കുറവ്
 • ഭക്ഷണം കഴിക്കുന്നത് കുറയുക
 • പ്രതികരണശേഷി കുറയല്‍
 • ശ്രദ്ധക്കുറവ്

പലതരം വിഷാദങ്ങള്‍
 വിഷാദരോഗങ്ങള്‍ പലതരത്തില്‍ ഉണ്ടാകാം. അവ ഏതെല്ലാമെന്ന് താഴെ കൊടുക്കുന്നു. ഇവയുടെ കാരണം കണ്ടെത്തി ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് നാം ചെയ്യേണ്ടത്.

 • ചെറിയ രീതിയിലുള്ള വിഷാദരോഗം
 • ഉന്മാദം കലര്‍ന്ന വിഷാദം
 • കാലാവസ്ഥക്ക് അനുസരിച്ചുള്ള വിഷാദം
 • ഹോര്‍മോണിന്‍െറ ഏറ്റക്കുറച്ചിലുകള്‍ മൂലമുണ്ടാകുന്ന വിഷാദം
 •  ഉറക്കവും വിശപ്പും കൂടുതലായാലുള്ള വിഷാദം

പഠനവൈകല്യം
വിഷാദംപോലെ ഇന്ന് കുട്ടികളില്‍ കൂടുതലായിക്കൊണ്ടിരിക്കുന്ന തകരാറാണ് പഠനവൈകല്യം എന്നത്. ഓരോ ക്ളാസ്മുറിക്കകത്തും മൂന്നോ നാലോ പേര്‍ ഇത്തരം പഠനവൈകല്യമുള്ളവരാകാം. ബുദ്ധിപരമായ കഴിവുകള്‍ ശരിയായ രീതിയില്‍ പ്രകടിപ്പിക്കുമെങ്കിലും ചില വിഷയങ്ങളിലോ വിഷയങ്ങളിലെതന്നെ പ്രത്യേക മേഖലകളിലോ ബുദ്ധിമുട്ടുണ്ടാക്കുന്ന അവസ്ഥയാണ് പഠനവൈകല്യമെന്നത്. ലേണിങ് ഡിസെബിലിറ്റി (എല്‍.ഡി) എന്നാണ് പൊതുവെ ഇത് അറിയപ്പെടുന്നത്. ഡിസ്ലെക്സിയ, ഡിസ്ഗ്രാഫിയ, ഡിസ്കാല്‍ക്കുലിയ, ഡിസ്പ്രാക്സിസ്, ശ്രവണക്കുറവ് തുടങ്ങിയവയാണ് പ്രധാന പഠനവൈകല്യങ്ങള്‍. എന്നാല്‍, ശരിയായ രീതിയില്‍ കൃത്യമായ ശ്രദ്ധ കുട്ടികള്‍ക്ക് നല്‍കിയാല്‍ പഠനപുരോഗതിയിലേക്ക് എത്തിക്കാന്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും സാധിക്കും.

ഡിസ്ലെക്സിയ
വായനയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പിന്നാക്കാവസ്ഥയാണ് ഡിസ്ലെക്സിയ. വായിക്കുമ്പോള്‍ ചിഹ്നങ്ങള്‍ ശ്രദ്ധിക്കാതിരിക്കുക, പദങ്ങള്‍ വിട്ടുപോവുക, വരികള്‍ വിടുക, വരികളില്‍ ഇല്ലാത്ത വാക്കുകള്‍ ഉണ്ടെന്നു തോന്നുക എന്നിവയെല്ലാം ഈ വൈകല്യത്തില്‍പെടുന്നു.
ഡിസ്ഗ്രാഫിയ
എഴുതുമ്പോള്‍ ഉണ്ടാകുന്ന തെറ്റുകളാണ് ഡിസ്ഗ്രാഫിയ. പ്രൈമറി ക്ളാസുകളില്‍ ഈ തകരാറുള്ളവര്‍ കൂടുതലായിരിക്കും. ചിഹ്നങ്ങള്‍ മാറുക, അക്ഷരങ്ങള്‍ തലതിരിച്ചെഴുതുക, അക്ഷരങ്ങള്‍ മാറ്റിയെഴുതുക, വാക്യങ്ങളില്‍ നിറയെ തെറ്റുണ്ടാവുക എന്നിവയെല്ലാം ഈ പഠനവൈകല്യത്തില്‍പെടുന്നു.

ഡിസ്കാല്‍ക്കുലിയ
ഗണിതം പൊതുവെ പ്രശ്നമുള്ള ഒരു വിഷയമാണ് കുട്ടികള്‍ക്ക്. ഭാഷയും സയന്‍സുംപോലെ എളുപ്പമല്ല ഗണിതമെന്നത്. ഗണിതപ്രശ്നത്തില്‍  തെറ്റുകള്‍ എത്ര തിരുത്തി മനസ്സിലാക്കിക്കൊടുത്താലും വീണ്ടും തെറ്റുകള്‍ ആവര്‍ത്തിക്കുന്ന വൈകല്യമാണ് ഡിസ്കാല്‍ക്കുലിയ.

ഡിസ്പ്രാക്സിസ്
തലച്ചോറിലെ പ്രധാനഭാഗമായ സെറിബല്ലവുമായി ബന്ധപ്പെട്ട് കുട്ടികളില്‍ കാണുന്ന പഠനവെകല്യമാണ് ഡിസ്പ്രാക്സിസ്. സൂക്ഷ്മപേശികളുടെ ചലനത്തിലുണ്ടാകുന്ന പ്രയാസമാണിത്. കൈകാലുകള്‍, കണ്ണ് എന്നിവയുടെ ഏകോപനവും നിയന്ത്രണവും അസാധ്യമാകുന്ന തകരാറാണിത്.
കൂടാതെ കേള്‍വിക്കുറവ്, കണ്ട വസ്തുക്കള്‍ വ്യക്തമായി പറയാന്‍കഴിയാതിരിക്കുക, ചാര്‍ട്ടുകള്‍ വായിച്ച് സൂചനകളിലെത്താന്‍ സാധിക്കാതിരിക്കുക തുടങ്ങിയവയെല്ലാം പഠനവൈകല്യത്തില്‍പെടുന്നു.ഇത്തരം പഠനവൈകല്യങ്ങള്‍ മറികടക്കാന്‍ കുട്ടികളെ ശ്രദ്ധിക്കേണ്ടതും അധ്യാപകര്‍തന്നെയാണ്.

കേള്‍വിത്തകരാര്‍
പൂര്‍ണമായും കേള്‍ക്കാതിരിക്കുന്ന അവസ്ഥയാണിത്. ഇതുമൂലം കൃത്യമായ പ്രതികരണശേഷി അസാധ്യമാകുന്നു. പല കാരണങ്ങള്‍കൊണ്ട് ഈ വൈകല്യം ഉണ്ടാകാം.

 • തുടര്‍ച്ചയായ ജലദോഷം
 • ചെറിയ ശബ്ദം കേള്‍ക്കാതിരിക്കല്‍.
 • ഇടക്കിടെ ചെവിവേദന
 • ചെവിയില്‍ പഴുപ്പ്, നീരൊലിപ്പ്

ലക്ഷണങ്ങള്‍

 • മറ്റുള്ളവര്‍ പറയുമ്പോള്‍ ചെവി വട്ടംപിടിക്കല്‍.
 • പറഞ്ഞവ വീണ്ടും പറയാന്‍ അധ്യാപകനോട് ആവശ്യപ്പെടുക.
 • ആശയവിനിമയത്തിനിടെ ആംഗ്യഭാഷകൂടി ഉപയോഗിക്കുക.

പരിഹാരങ്ങള്‍

 • കേള്‍വിശക്തി പരിശോധന നടത്തുക.
 • വൈദ്യസഹായം തേടുക.
 • ശ്രവണോപകരണങ്ങള്‍  ഉപയോഗിക്കുക.
 • കേള്‍വി പരിശീലനം നല്‍കുക.

ഓട്ടിസം
തന്‍െറ ലോകത്ത് സ്വയംമുഴുകി പരിസരവുമായി ഒരു ബന്ധവുമില്ലാതെ കഴിയുന്ന അവസ്ഥയാണ് ഓട്ടിസം. പുതിയ പാഠ്യപദ്ധതിമൂലം ഈ രോഗം വളരെ കുറഞ്ഞിട്ടുണ്ടെങ്കിലും കുട്ടികളില്‍ ചെറിയ വിഭാഗം ഇതിന്‍െറ പിടിയിലാണെന്ന് പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
കാരണമില്ലാതെ ചിരിക്കുക, കരയുക, വീണാല്‍ വേദനയറിയാതിരിക്കുക, സംസാരിക്കുമ്പോള്‍ അവ്യക്തത, മുഖത്തുനോക്കി സംസാരിക്കാതിരിക്കല്‍, ചില വസ്തുക്കളോട് മാത്രം അമിത താല്‍പര്യം, ശബ്ദം, സ്പര്‍ശം എന്നിവയോട് പ്രതികരിക്കാതിരിക്കല്‍ തുടങ്ങിയവയെല്ലാം ഈ രോഗത്തിന്‍െറ പ്രാഥമിക ലക്ഷണങ്ങളായിത്തീരാം.
ചികിത്സ അന്യമായ ഒരു പ്രശ്നവും പഠനപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കുട്ടികള്‍ക്കുണ്ടാവില്ല. എന്നാല്‍, അവരുടെ പ്രശ്നങ്ങള്‍ എന്തെന്ന് കണ്ടെത്താതിരിക്കുമ്പോഴാണ് പഠനവൈകല്യങ്ങള്‍ പിന്നീട് ഗുരുതരമായ രോഗത്തിന് കാരണമാവുക. അധ്യാപകരും രക്ഷിതാക്കളും ഒന്നിച്ചുചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ എന്തു വൈകല്യങ്ങളും നിമിഷങ്ങള്‍ക്കുള്ളില്‍ നമ്മുടെ കുട്ടികള്‍ക്കില്ലാതാക്കുവാന്‍ സാധിക്കും. സര്‍വശിക്ഷാ അഭിയാനും കേരള മഹിളാ സമഖ്യയുമെല്ലാം ഇതിനായുള്ള പദ്ധതികളുമായി മുന്നോട്ടുപോകുമ്പോള്‍ നമ്മുടെ കുട്ടികളെ രാജ്യത്തിന്‍െറ നല്ല ഭാവിക്കുതകുന്ന വ്യക്തിത്വങ്ങളാക്കാന്‍ നമുക്കും കൈകോര്‍ക്കാം.
 

മറികടക്കാം വൈകല്യങ്ങള്‍

എല്ലാ വിഭാഗക്കാരെയും പരിഗണിക്കുന്നവിധത്തില്‍ ബോധനരീതിയും തന്ത്രങ്ങളും ക്രമീകരിക്കുക.
****
കുട്ടികള്‍ക്കാവശ്യമായ അന്തരീക്ഷം വീട്ടിലും വിദ്യാലയത്തിലും ഒരുക്കുക.
****
തന്നെ കൃത്യമായി ശ്രദ്ധിക്കുന്നുവെന്ന തോന്നലുളവാക്കും വിധത്തില്‍ അധ്യാപകര്‍ പെരുമാറുക.
****
എളുപ്പത്തില്‍ കാര്യങ്ങള്‍ മനസ്സിലേക്കെത്തിക്കാനാവശ്യമായ തന്ത്രങ്ങള്‍ പ്രയോഗിക്കുക.
****
ഓരോ കുട്ടിക്കും അവരുടെ പരമാവധി കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരം സൃഷ്ടിക്കുക.
 

വിഷാദരോഗം മാറ്റാന്‍
കുട്ടികളെ നല്ലതുപോലെ ശ്രദ്ധിച്ചാല്‍ വിഷാദരോഗത്തില്‍നിന്ന് മോചിതരാക്കാന്‍ നമുക്ക് കഴിയും.
അതിനായി നാം ചെയ്യേണ്ടത്;

 • അവര്‍ക്ക് സന്തോഷം ഉണ്ടാകുന്ന സാഹചര്യം പരമാവധി സൃഷ്ടിക്കുക.
 • ഒറ്റക്കിരുത്താന്‍ അനുവദിക്കരുത്
 • സ്കൂളുകളില്‍ സംഘപ്രവര്‍ത്തനങ്ങളില്‍ ബോധപൂര്‍വം പങ്കാളികളാക്കുക
 • ഇഷ്ടമുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ അവസരം നല്‍കുക
 • ചിന്തിക്കുമ്പോള്‍ പഠനകാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനുള്ള സാഹചര്യം ഒരുക്കുക.
 • കളികളില്‍ കുട്ടികളെ പങ്കെടുപ്പിക്കുക
 • ഇഷ്ടമുള്ള കാര്യങ്ങള്‍ എഴുതാനും വരക്കാനും അവസരം നല്‍കുക. കഥകള്‍, പാട്ടുകള്‍, അനുഭവങ്ങള്‍, ഓര്‍മകള്‍ എന്നിവ പങ്കുവെക്കുക.

കാഴ്ചത്തകരാര്‍

ജനിക്കുമ്പോള്‍ കാഴ്ചക്കുറവില്ലാത്ത പല കുട്ടികള്‍ക്കും അവരുടെ ജീവിതശൈലിയുടെ പ്രത്യേകതകള്‍മൂലം കാഴ്ചത്തകരാറുകള്‍ സംഭവിക്കുന്നുവെന്നതാണ് പുതിയ കണ്ടെത്തലുകള്‍. കാഴ്ചക്കുറവ്, മങ്ങല്‍, ഭാഗികമായ കാഴ്ച എന്നിവ അനുഭവിക്കുന്നവരെയാണ് കാഴ്ചവൈകല്യമുള്ളവരുടെ ഗണത്തില്‍ പെടുത്തുന്നത്. ടി.വി, കമ്പ്യൂട്ടര്‍, ലാപ്ടോപ്, മൊബൈല്‍ എന്നിവ ദീര്‍ഘനേരം ദിവസേന ഉപയോഗിക്കുന്ന കുട്ടികളാണ് കാഴ്ചവൈകല്യത്തിന്‍െറ കൂട്ടത്തിലേക്ക് ഇപ്പോള്‍ വ്യാപകമായി കടന്നുചെല്ലുന്നത്.

കാഴ്ചത്തകരാര്‍ കണ്ടെത്താം
പല കുട്ടികളുടെയും കാഴ്ചയിലെ വൈകല്യം കണ്ടെത്തുന്ന ഡോക്ടര്‍മാര്‍ അധ്യാപകര്‍ തന്നെയാണ്. തകരാറുള്ളവരെ എളുപ്പം കണ്ടെത്താം.

 • അക്ഷരങ്ങള്‍,വാക്കുകള്‍ വായിക്കാന്‍ ബുദ്ധിമുട്ട്.
 • ചെറിയ അക്ഷരങ്ങള്‍ ഏതെന്ന് അധ്യാപകനോട് ഇടക്കിടെ ചോദിക്കല്‍.
 • ബോര്‍ഡിലെഴുതിയവ കാണാതിരിക്കുക.
 • എഴുതുവാന്‍ ബോര്‍ഡിനടുത്തേക്ക് ഓടിവരുക.
 • കണ്ണിന്‍െറ അടുത്തുപിടിച്ച് പുസ്തകങ്ങള്‍ വായിക്കുക.

ചെയ്യേണ്ടത്

 • രക്ഷിതാക്കളെ അറിയിക്കുക.
 • ചികിത്സ നടത്തുക.
 • ആവശ്യമെങ്കില്‍ കണ്ണട ലഭ്യമാക്കുക
Get Free Updates:
*Please click on the confirmation link sent in your Spam folder of Email*
Share :
+
Previous
Next Post »
0 Comments for "ശ്രദ്ധിക്കണേ... നമ്മുടെ കുട്ടികളെ"

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.

 
Thanks for Your Visit, Visit Again. DISCLAIMER :- If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. All the content avilable on this blog is informational purpose only.Reproduction and republishing of contents from here to any other websites or blogs is strictly prohibited.
Template By Kunci Dunia
Back To Top