കാര്‍ട്ടൂണ്‍ കുലപതി

image

കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ എന്ന പേരില്‍ ലോകപ്രശസ്തനായ കേശവ ശങ്കരപ്പിള്ള 1902 ജൂലൈ 31ന് കായംകുളത്ത് ജനിച്ചു. സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും ഇന്ത്യ കണ്ട ഏറ്റവും മികച്ച കാര്‍ട്ടൂണിസ്റ്റാണ് ശങ്കര്‍. 1927ല്‍ തിരുവനന്തപുരം മഹാരാജാസ് കോളജില്‍നിന്ന് ബിരുദമെടുത്തശേഷം, അദ്ദേഹം ബോംബെയില്‍ പോയി നിയമപഠനത്തിന് ചേര്‍ന്നുവെങ്കിലും പഠനം തുടര്‍ന്നില്ല. ബോംബെയില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍തന്നെ നേരമ്പോക്കിനുവേണ്ടി അദ്ദേഹം കാര്‍ട്ടൂണ്‍ വരക്കുമായിരുന്നു. രാഷ്ട്രീയ നേതാക്കളെയും ദേശീയ പ്രശ്നങ്ങളെയും വിഷയമാക്കിയുള്ള അദ്ദേഹത്തിന്‍െറ കാര്‍ട്ടൂണുകള്‍ വര്‍ത്തമാനപത്രങ്ങളെയും പൊതുജനങ്ങളെയും വളരെയധികം ആകര്‍ഷിച്ചിരുന്നു. അധികം താമസിയാതെ ശങ്കര്‍ 'ഹിന്ദുസ്ഥാന്‍ ടൈംസ്' എന്ന പത്രത്തില്‍ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായി ജോലിയില്‍ പ്രവേശിക്കുകയും 1932 മുതല്‍ 1946 വരെ ആ പദവിയില്‍ തുടരുകയും ചെയ്തു. സ്വാതന്ത്ര്യസമരകാലത്ത് അദ്ദേഹം നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ ഇന്ത്യന്‍ പത്രലോകത്ത് എക്കാലവും ഓര്‍മിക്കപ്പെടേണ്ടവയാണ്. 1948ലാണ് അദ്ദേഹം 'ശങ്കേഴ്സ് വീക്കിലി' തുടങ്ങിയത്. ക്രിയാത്മകമായ വിമര്‍ശവും തിളക്കമാര്‍ന്ന ഹാസ്യവുമായിരുന്നു ശങ്കറിന്‍െറ കാര്‍ട്ടൂണുകളുടെ സവിശേഷത. 1975 ആഗസ്റ്റില്‍ 'ശങ്കേഴ്സ് വീക്കിലി'യുടെ പ്രസിദ്ധീകരണം ശങ്കര്‍ എന്നെന്നേക്കുമായി അവസാനിപ്പിച്ചു. പിന്നീട് അദ്ദേഹം 'ചില്‍ഡ്രന്‍സ് ബുക് ട്രസ്റ്റി'ന്‍െറ വിവിധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. 1957ല്‍ ശങ്കര്‍ സ്ഥാപിച്ചതാണ് 'ചില്‍ഡ്രന്‍സ് ബുക് ട്രസ്റ്റ്.'
1956ല്‍ പത്മശ്രീ, 1966ല്‍ പത്മഭൂഷണ്‍, 1976ല്‍ പത്മവിഭൂഷണ്‍, 1977ല്‍ പോളണ്ടിലെ കുട്ടികളുടെ കമ്മിറ്റി നല്‍കുന്ന ബഹുമതിയായ  ഓര്‍ഡര്‍ ഓഫ് സ്മൈല്‍, 1979ല്‍ കനേഡിയന്‍ പുരസ്കാരം, 1980ല്‍ ഹംഗറിയില്‍നിന്നുള്ള പുരസ്കാരം, ഫെഡറല്‍ റിപ്പബ്ളിക് ഓഫ് ജര്‍മനിയില്‍ നിന്നുള്ള പുരസ്കാരം  (എഫ്.ആര്‍.ജി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന ഈ രാജ്യം ഇപ്പോള്‍ ഇല്ല. ജി.ഡി.ആര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ജര്‍മന്‍ ഡെമോക്രാറ്റിക് റിപ്പബ്ളിക്കുമായി ചേര്‍ന്ന് ഒറ്റ ജര്‍മനിയായി), ഇന്‍ഡോ-ചെക് ഫ്രന്‍ഡ്ഷിപ്പിന്‍െറ പേരില്‍ ചെക്കോസ്ലവാക്യയില്‍നിന്ന് സ്വര്‍ണമെഡല്‍ (ഈ രാജ്യം ഇപ്പോള്‍ രണ്ടായി)  എന്നിങ്ങനെ ദേശീയവും അന്തര്‍ദേശീയവുമായ ഒട്ടേറെ ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ടായിരുന്നു. കുട്ടികള്‍ക്കുവേണ്ടി സമര്‍പ്പിച്ച സേവനത്തിന് ലഭിച്ചതാണ് അന്താരാഷ്ട്ര ബഹുമതികളെല്ലാം.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ശങ്കറിന്‍െറ ആത്മമിത്രമായിരുന്നു. മറ്റാരോടും തോന്നാത്ത ആരാധനയും സ്നേഹവും ബഹുമാനവും ശങ്കറിന് നെഹ്റുവിനോടുണ്ടായിരുന്നു. എന്നാല്‍, നെഹ്റുവിന്‍െറ കടുത്ത വിമര്‍ശകന്‍ ശങ്കറായിരുന്നു! ശങ്കര്‍ വരച്ച ആയിരക്കണക്കിന് കാര്‍ട്ടൂണുകളില്‍ ഭൂരിഭാഗവും നെഹ്റുവിനെ കഠിനമായി വിമര്‍ശിച്ചുകൊണ്ടുള്ളതായിരുന്നു. വിശാലമനസ്കനായിരുന്ന നെഹ്റു ആ കാര്‍ട്ടൂണുകള്‍ ആസ്വദിച്ചിരുന്നു എന്നു മാത്രമല്ല, ശങ്കറിനെ അഭിനന്ദിക്കുകയും 'ശങ്കര്‍, താങ്കള്‍ എന്നെ ഒരിക്കലും വിടരുത്' എന്നു പറയുകയും ചെയ്തിരുന്നു! ശങ്കര്‍ അവശനായി രോഗശയ്യയില്‍ കിടന്നിരുന്ന അവസരത്തില്‍ അദ്ദേഹത്തെ കാണാന്‍ ചെന്ന നിരവധി കുട്ടികള്‍ക്ക്, കിടന്നകിടപ്പില്‍ അദ്ദേഹം ഒരേ ചിത്രമേ വരച്ചുകൊടുത്തിട്ടുള്ളൂ, നെഹ്റുവിന്‍െറ! ദല്‍ഹി സര്‍വകലാശാല ഡി-ലിറ്റ് നല്‍കി ബഹുമാനിച്ച, ഇന്ത്യന്‍ കാര്‍ട്ടൂണ്‍ കലയുടെ കുലപതിയായ ശങ്കര്‍ 1989 ഡിസംബര്‍ 26ന് അന്തരിച്ചു.കാര്‍ട്ടൂണ്‍
കടലാസ് എന്നര്‍ഥമുള്ള 'കാര്‍ട്ടോണ്‍' എന്ന ഇറ്റാലിയന്‍ പദത്തില്‍നിന്നാണ് ഹാസ്യചിത്രം എന്നര്‍ഥം വരുന്ന 'കാര്‍ട്ടൂണ്‍' എന്ന ഇംഗ്ളീഷ് പദമുണ്ടായത്. 1841ല്‍ 'പഞ്ച്'എന്ന മാസികയുടെ പ്രസിദ്ധീകരണം മുതല്‍ക്കാണ് കാര്‍ട്ടൂണിന് ഇന്നുള്ള പ്രാമുഖ്യമുണ്ടായത്. ഹാസ്യചിത്രം എന്ന പദത്തേക്കാളേറെ 'കാര്‍ട്ടൂണ്‍' എന്ന ഇംഗ്ളീഷ് പദത്തിനാണ് മലയാള ഭാഷയിലും പത്രപ്രവര്‍ത്തനരംഗത്തും പ്രചാരമുള്ളത്.
ചിത്രകലയില്‍നിന്ന് വ്യത്യസ്തമായി കാര്‍ട്ടൂണില്‍ സാങ്കേതികത്വത്തിനല്ല പ്രാധാന്യം, മറിച്ച്, ആശയത്തിനും ഉദ്ദേശ്യത്തിനുമാണ്. പ്രതീകാത്മകമായ സൂചനകളില്‍കൂടി വ്യക്തികളെയോ സംഭവങ്ങളെയോ ആക്ഷേപിക്കുകയാണ് കാര്‍ട്ടൂണിസ്റ്റ് ചെയ്യുന്നത്. അതിശയോക്തി കലര്‍ത്തി വരക്കുന്ന ഒരു ചിത്രം കാര്‍ട്ടൂണാവുകയില്ല. വെറുതെ ചിരിക്കാന്‍ വേണ്ടി വരക്കപ്പെടുന്നതുമല്ല കാര്‍ട്ടൂണ്‍. ചിത്രകാരന്‍ തന്‍െറ കാഴ്ചപ്പാടിലൂടെ ജീവിതത്തെ കണ്ട്  അത് വരകളിലൂടെ ആവിഷ്കരിക്കുകയാണ് കാര്‍ട്ടൂണില്‍. വായനക്കാരെ പൊട്ടിച്ചിരിപ്പിക്കാന്‍ കഴിയുന്നതിനേക്കാളേറെ അവരുടെ ബുദ്ധിയെ പ്രകോപിപ്പിക്കാന്‍ കഴിയുന്നതിലാണ് കാര്‍ട്ടൂണിസ്റ്റിന്‍െറ സര്‍ഗപ്രതിഭ വ്യക്തമാകുന്നത്. ഇതിന് സമൂഹം, രാഷ്ട്രീയം, സമകാലിക പ്രശ്നങ്ങള്‍ എന്നിവയെക്കുറിച്ച് ആഴത്തിലുള്ള അറിവും ഉള്‍ക്കാഴ്ചയും കൂടിയേ കഴിയൂ. കാര്‍ട്ടൂണിസ്റ്റിന്‍െറ രചനയുടെ പശ്ചാത്തലം മിക്കപ്പോഴും നഴ്സറിഗാനങ്ങള്‍, പുരാണ കഥാഭാഗങ്ങള്‍, ലളിതമായ ഉപമകള്‍ തുടങ്ങിയവയായിരിക്കും. ഈ പശ്ചാത്തലത്തില്‍ രചിക്കപ്പെടുന്ന കാര്‍ട്ടൂണുകളില്‍ നിഗൂഢമായിരിക്കുന്ന ആക്ഷേപഹാസ്യം ശക്തമായ സാമൂഹിക വിമര്‍ശത്തിനുള്ള ഉപാധിയായി മാറുന്നു. കാര്‍ട്ടൂണുകളെ മധുരം പുരട്ടിയ കയ്പ് ഗുളികകളോടുപമിക്കാം. കാര്‍ട്ടൂണില്‍ ഒളിഞ്ഞിരിക്കുന്ന കയ്പുള്ള ഭാഗം ആരെ ഉദ്ദേശിച്ചാണോ പ്രയോഗിച്ചത് അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞാലേ കാര്‍ട്ടൂണിന്‍െറ ലക്ഷ്യം വിജയിക്കുകയുള്ളൂ.
ദേശീയതലത്തില്‍ അറിയപ്പെടുന്നവര്‍
ഇന്ത്യന്‍ പത്രപ്രവര്‍ത്തനരംഗത്ത് രാഷ്ട്രീയ ഹാസ്യ ചിത്രരചനക്ക് തീരെ പ്രചാരമില്ലാതിരുന്ന കാലത്ത് അതിനു തുടക്കംകുറിച്ചത് മലയാളിയായ ശങ്കര്‍ ആയിരുന്നു. 1948ല്‍ അദ്ദേഹം ആരംഭിച്ച 'ശങ്കേഴ്സ് വീക്കിലി'യുടെ പ്രസിദ്ധീകരണത്തോടെയാണ് ഇന്ത്യയില്‍ കാര്‍ട്ടൂണ്‍ കലാരൂപത്തിന്‍െറ വളര്‍ച്ച ആരംഭിക്കുന്നത്. ദേശീയവും അന്താരാഷ്ട്രീയവുമായ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി രചിച്ച  കാര്‍ട്ടൂണുകളാണ് അദ്ദേഹത്തെ ഇന്ത്യയിലെ 'രാഷ്ട്രീയ കാര്‍ട്ടൂണ്‍ പ്രസ്ഥാനത്തിന്‍െറ പിതാവ്' എന്ന പദവിക്കര്‍ഹനാക്കിയത്. കാര്‍ട്ടൂണ്‍ കലാരൂപത്തിന്‍െറ വളര്‍ച്ചക്ക് പ്രേരണ നല്‍കിയ 'ശങ്കേഴ്സ് വീക്കിലി'യിലൂടെയാണ് ഇന്ത്യയിലെ മിക്ക കാര്‍ട്ടൂണിസ്റ്റുകളും പ്രശസ്തരായത്. ശങ്കറിന്‍െറ പണിപ്പുരയില്‍ ശിക്ഷണം നേടിയവരാണ് അബു എബ്രഹാം, കുട്ടി, ഒ.വി. വിജയന്‍, രാജീന്ദര്‍ പുരി, സാമുവല്‍, യേശുദാസന്‍, ബി.എം. ഗഫൂര്‍ തുടങ്ങിയവര്‍. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ആര്‍.കെ. ലക്ഷ്മണിന് ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റുകളുടെ മുന്‍നിരയിലാണ് സ്ഥാനം. ഇന്ത്യയില്‍ പോക്കറ്റ് കാര്‍ട്ടൂണ്‍ സമ്പ്രദായം ആദ്യമായി അവതരിപ്പിച്ചത് കേരളീയനായ സാമുവല്‍ ആണ്. മറിയോ എന്ന പേരിലറിയപ്പെടുന്ന മറിയോ ജോവോ റൊസാരിയോ, ഡിബ്രിട്ടോ മിറാന്‍ഡ, 'കെവി' എന്ന തൂലിക നാമത്തിലൂടെ പ്രശസ്തനായ കേരളവര്‍മ, വെങ്കിട ഗിരി രാമമൂര്‍ത്തി, സുധീര്‍ ധര്‍, വാസു, പ്രകാശ്, റാത്ത്, ജോംടണ്‍, ഉണ്ണി, ചാറ്റര്‍ജി, വിഷ്ണു, വിക്കി പട്ടേല്‍ തുടങ്ങിയ കാര്‍ട്ടൂണിസ്റ്റുകള്‍ ദേശീയ പ്രശസ്തിയാര്‍ജിച്ചവരാണ്.

കാര്‍ട്ടൂണ്‍ രംഗത്തെ ലോകപ്രശസ്തര്‍
കാര്‍ട്ടൂണ്‍ കലാരൂപത്തിന് തുടക്കം കുറിച്ചത് ഫ്ളാന്‍ഡേഴ്സിലെ പീറ്റര്‍ ബ്രൂഗെല്‍ ദ എല്‍ഡര്‍ (1520-69) ആണ്. മതനവീകരണ-നവോത്ഥാന പ്രസ്ഥാനങ്ങളുടെ കാലത്ത് ബ്രൂഗെലിന്‍െറ കാര്‍ട്ടൂണുകള്‍ക്ക് വലിയ പ്രശസ്തിയുണ്ടായിരുന്നു. അദ്ദേഹത്തെ പിന്തുടര്‍ന്ന് പല കലാകാരന്മാരും കാര്‍ട്ടൂണ്‍ രംഗത്തേക്ക് കടന്നുവരുകയുണ്ടായി. എന്നാല്‍, ഭരണാധികാരികളെ അധിക്ഷേപിച്ചുകൊണ്ടുള്ള ലേഖനങ്ങളും ചിത്രങ്ങളും പ്രസിദ്ധീകരിക്കുന്നത് 17ാം നൂറ്റാണ്ടോടെ നിഷിദ്ധമായിത്തീര്‍ന്നു. 17ാം നൂറ്റാണ്ടിന്‍െറ അവസാനത്തോടെ ഈ സ്ഥിതിക്ക് വലിയ മാറ്റമുണ്ടായി. ഡെച്ച് ഹാസ്യ ചിത്രകാരന്മാരില്‍ പ്രമുഖനായിരുന്ന റൊമെയ്ന്‍ ഡെ ഹുഗെ (1645-1708) കാര്‍ട്ടൂണിസ്റ്റ് എന്ന നിലയില്‍ പ്രസിദ്ധനായി.
ഇംഗ്ളണ്ടിലെ വില്യം ഹോഗാര്‍ത്ത് (1697-1764), ജെയിംസ് ഗില്‍റേ (1757-1815), തോമസ് റൗലന്‍സ് സണ്‍ (1756-1827) എന്നിവരാണ് കാര്‍ട്ടൂണ്‍  കലാരൂപത്തിന് ഉണര്‍വ് നല്‍കിയ ആദ്യകാല ഇംഗ്ളീഷ് ചിത്രകാരന്മാര്‍. ജോര്‍ജ് ക്രൂയിഷാങ്ക്, 'എച്ച്ബി' എന്ന തൂലികാ നാമത്തില്‍ വരച്ചിരുന്ന ജോണ്‍ ഡോയില്‍ (1798-1868) എന്നിവരും മികച്ച ഇംഗ്ളീഷ് കാര്‍ട്ടൂണിസ്റ്റുകളായിരുന്നു. അക്കാലത്തെ പ്രമുഖ ഫ്രഞ്ച് കാര്‍ട്ടൂണിസ്റ്റുകള്‍ ഡാമിയേ, ഗ്രാന്‍വില്‍, ചാള്‍സ് ജോസഫ്, ട്രവീദേ വില്ളെ എന്നിവരായിരുന്നു. ഭരണകൂടങ്ങളുടെ തകര്‍ച്ചക്കുപോലും കാര്‍ട്ടൂണുകള്‍ കാരണമായിട്ടുണ്ട്. ഫ്രാന്‍സിലെ ഫിലിപ്പോണ്‍ ആരംഭിച്ച 'ലെ കാരിക്കേച്ചര്‍', 'ലെചാരിവാരി' എന്നീ പ്രസിദ്ധീകരണങ്ങളിലൂടെ പുറത്തുവന്ന കാര്‍ട്ടൂണുകളാണ് ലൂയിഫിലിപ്പ് രാജാവിന്‍െറ പതനത്തിനു വഴിതെളിച്ചത്. ഒലാഫ് ഗുല്‍ ബ്രാന്‍സണ്‍, ബ്രൂണോ പാര്‍ക്ക്, തോമസ് തിയൊ ഡോര്‍ ഹൈനെ എന്നിവര്‍ ജര്‍മനിയിലെ പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളാണ്.
കേരളത്തിലെ പ്രമുഖര്‍
മലയാള പ്രസിദ്ധീകരണങ്ങളില്‍ കാര്‍ട്ടൂണുകള്‍ക്ക് വളരെക്കാലം മുമ്പേ പ്രചാരമുണ്ടായിരുന്നു. ഹാസ്യത്തെപ്പറ്റിയും ഹാസ്യചിത്രരചനയുടെ സങ്കേതങ്ങളെക്കുറിച്ചും അഗാധജ്ഞാനമുണ്ടായിരുന്ന സഞ്ജയനാണ് അതിന് മുന്‍കൈ എടുത്തത്.
എം.ആര്‍. നായര്‍ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മാണിക്കോത്ത് രാമുണ്ണി നായരുടെ തൂലികാനാമമാണ് സഞ്ജയന്‍. സഞ്ജയന്‍െറ പത്രാധിപത്യത്തില്‍ ഇറങ്ങിയിരുന്ന 'സഞ്ജയന്‍', 'വിശ്വരൂപം' എന്നീ ആനുകാലിക പ്രസിദ്ധീകരണങ്ങളിലൂടെയാണ് മലയാളത്തിലെ ആദ്യകാല കാര്‍ട്ടൂണുകള്‍ പുറത്തുവന്നത്. സഞ്ജയന്‍െറ ശിക്ഷണത്തിലൂടെയാണ് കുട്ടിയിലെ കാര്‍ട്ടൂണ്‍ പ്രതിഭ വെളിച്ചം കണ്ടത്.
കേരളത്തില്‍ ആദ്യകാലത്ത് കാര്‍ട്ടൂണ്‍ രചനയില്‍ പേരെടുത്ത ഒരാളാണ് വത്സന്‍. 'സഞ്ജയന്‍', 'വിശ്വരൂപം' എന്നിവയിലെ കാര്‍ട്ടൂണിസ്റ്റുകളില്‍ ഒരാളായിരുന്നു എം. ഭാസ്കരന്‍. 'ബോബനും മോളിയും' എന്ന കാര്‍ട്ടൂണ്‍ പരമ്പരയിലൂടെ പ്രശസ്തനായ ടോംസ്, 'ചെറിയ മനുഷ്യരും വലിയ ലോകവും' എന്ന കാര്‍ട്ടൂണ്‍ പരമ്പരയിലൂടെ പ്രശസ്തനായ അരവിന്ദന്‍, ആര്‍ട്ടിസ്റ്റ് രാഘവന്‍ നായര്‍, തോമസ്, കെ.എസ്. പിള്ള, പി.കെ. മന്ത്രി, ശിവറാം, മലയാറ്റൂര്‍ രാമകൃഷ്ണന്‍, ബി.എം. ഗഫൂര്‍, സോമനാഥന്‍, വേണു, ഗോപീകൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍, ദേവപ്രകാശ്, സഗീര്‍, ഇ. സുരേഷ്, പീറ്റര്‍, ഹരികുമാര്‍, പി.വി. കൃഷ്ണന്‍, രജീന്ദ്രകുമാര്‍, ഋഷി  തുടങ്ങിയവര്‍ മലയാളത്തിലെ പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളാണ്.
Get Free Updates:
*Please click on the confirmation link sent in your Spam folder of Email*
Share :
+
Previous
Next Post »
0 Comments for "കാര്‍ട്ടൂണ്‍ കുലപതി"

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.

 
Thanks for Your Visit, Visit Again. DISCLAIMER :- If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. All the content avilable on this blog is informational purpose only.Reproduction and republishing of contents from here to any other websites or blogs is strictly prohibited.
Template By Kunci Dunia
Back To Top