അപൂര്‍വ പക്ഷികള്‍ - 1

Share it:
വാലുകുലുക്കി പക്ഷികള്‍(Wagtails birds)
വാലുള്‍പ്പെടുന്ന പിന്‍ഭാഗം എപ്പോഴും ചലിപ്പിച്ചുകൊണ്ടുനടക്കുന്ന പക്ഷികളാണ് വാലുകുലുക്കി പക്ഷികള്‍. വാലാട്ടി പക്ഷികളെന്നും ഇവയെ വിളിക്കും. ഇരതേടി നടക്കുമ്പോഴാണ് ഇവ വാലുകുലുക്കുന്നത്. പ്രാണികള്‍, ചെറുകീടങ്ങള്‍, ചെറുപുഴുക്കള്‍ എന്നിവയൊക്കെ ഭക്ഷണമാകും.
വാലുകുലുക്കികളില്‍ 10ഓളം ഇനങ്ങളെ കേരളത്തില്‍ കണ്ടുവരുന്നുണ്ട്. നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന വാലുകുലുക്കി പക്ഷികളിലൊന്നാണ് വലിയ വാലുകുലുക്കി (largepiled wagtail). ശരീരത്തില്‍ കറുപ്പ്, വെളുപ്പ് നിറങ്ങളുണ്ട്. കണ്ണിനുമുകളിലെ വെളുത്ത അടയാളം നോക്കി തിരിച്ചറിയാം. പുറത്ത് ചാരനിറവും അടിഭാഗം വെളുത്തനിറത്തിലും കാണപ്പെടുന്ന പക്ഷിയാണ് വഴികുലുക്കി (Grey wagtail). കൂടാതെ, വെള്ളവാലുകുലുക്കി (White wagtail) എന്നൊരുതരം ദേശാടനക്ഷിയെയും ദേശാടനപക്ഷിതന്നെയായ കാട്ടുവാലുകുലുക്കി (Forest wagtail)യെയും കേരളത്തില്‍ കാണാം. കൂടാതെ, വാലുകുലുക്കി പക്ഷികളോട് ബന്ധമുള്ള ചിലതരം പക്ഷികളും നമ്മുടെ നാട്ടിലുണ്ട്. വയല്‍ വരമ്പന്‍ (Paddy field Pipit), ചതുപ്പന്‍ (Richard’s Pipt), പാറനിരങ്ങന്‍ തുടങ്ങിയവ ഇക്കൂട്ടത്തില്‍പെടുന്നു.
ചിലപ്പന്‍ കിളികള്‍ (Babbler birds)
പേരുപോലെ തന്നെ വളരെ ഉച്ചത്തില്‍ ശബ്ദംവെക്കുന്ന പക്ഷികളാണ് ചിലപ്പന്‍ പക്ഷികള്‍. ഇവയെ നമുക്ക് ഏറെ സുപരിചിതമാണ്. നാട്ടിന്‍പുറങ്ങളില്‍ കരിയിലകള്‍ ധാരാളമായി വീണുകിടക്കുന്ന പ്രദേശങ്ങളില്‍ കൂട്ടമായെത്തി ചികഞ്ഞ് ഇരതേടുന്ന പക്ഷികള്‍ അന്തരീക്ഷത്തെ ആകെ മുഖരിതമാക്കും.നമുക്കേറെ പരിചിതമായത് ഇക്കൂട്ടത്തില്‍ കരിയിലക്കിളി (jungle babbler)യാണ്. കൂട്ടം തെറ്റാതിരിക്കാനും ശത്രുക്കളെപ്പറ്റി സൂചനകള്‍ നല്‍കാനും ഇവ ഇങ്ങനെ ശബ്ദംവെക്കാറുണ്ട്. കൂട് നിര്‍മാണവും കരിയലക്കിളികള്‍ കൂട്ടമായാണ് നിര്‍വഹിക്കുന്നത്
ഇവയുടെ കൂട്ടത്തില്‍ സഹ്യപര്‍വത നിവാസികളായ ചെഞ്ചിലപ്പന്‍ (Rufous babbler) നമ്മുടെ നാട്ടിലെ പൂത്താങ്കീരി (White headed babbler)കള്‍, സംഗീതം പൊഴിക്കുന്ന പുള്ളിചിലപ്പന്‍ (Spotted babbler) എന്നിവയും ഉള്‍പ്പെടുന്നു.


പഫിന്‍
ആഗോളതാപനം പോലുള്ള വിപത്തുകളുടെ ഫലമായി ഇന്ന് വംശനാശ ഭീഷണി ഏറ്റവും കൂടുതല്‍ നേരിട്ടുകൊണ്ടിരിക്കുന്ന പക്ഷി വര്‍ഗങ്ങളിലൊന്നാണ് പഫിന്‍. ധ്രുവ പ്രദേശങ്ങളാണ് ഈ പക്ഷിയുടെ പ്രധാന ആവാസകേന്ദ്രം.ശരീരത്തിന്‍െറ മുകള്‍ഭാഗം കറുപ്പ്  നിറത്തിലാണ്. അടിഭാഗം വെളുപ്പും.  നീന്താന്‍ പ്രത്യേക കഴിവുണ്ട് ഈ പക്ഷികള്‍ക്ക്. പറക്കാനും മിടുക്കരാണ്. ചുവന്നനിറത്തില്‍ തത്തയുടേതിന് സമാനമായ അല്‍പംവളഞ്ഞ ചുണ്ടുകളാണ് പഫിന്‍ പക്ഷിയുടേത്.ആഹാരം ജലജീവികളാണ്.  ഊളിയിട്ട് ജലജീവികളെ പിടികൂടാന്‍ പ്രത്യേക വൈദഗ്ധ്യമുണ്ട്. കൂടൊരുക്കുന്നത് കടല്‍ത്തീരങ്ങളിലെ പാറക്കെട്ടുകള്‍ക്കരികിലെ ചെറുമാളങ്ങളിലാണ്. ഒരു കാലത്ത് പെണ്‍പക്ഷി ഒരു മുട്ടമാത്രമേ ഇടാറുള്ളൂ. 45 ദിവസം അടയിരുന്നാണ് മുട്ട വിരിയുന്നത്. ആണ്‍പക്ഷിയും പെണ്‍പക്ഷിയും മാറിമാറി അടയിരിക്കുകയെന്നത് ഇവയുടെ പ്രത്യേകതയാണ്.
കാക്കത്താറാവ് (Cormorant)
നമ്മുടെനാട്ടില്‍ നീര്‍ക്കാക്കയെന്നാണ് ഇതിനെ വിളിക്കുന്നത്്. കറുത്തനിറമാണിതിന്. ഒരു പ്രത്യേക രീതിയില്‍ തിളങ്ങുന്ന ശരീരം. ജലപക്ഷിയായതിനാലാവാം ഈ തിളക്കം.
ജലത്തില്‍ മുങ്ങി ഇരപിടിക്കാന്‍ കാക്കത്താറാവ് കേമനാണ്. എണ്ണമയം കുറവായതിനാല്‍ കാക്കത്താറാവിന്‍െറ ചിറകുകള്‍ ജലം നനയുമ്പോള്‍ പരസ്പരം ഒട്ടിപ്പിടിക്കുന്നത് കാണാം. അതുകൊണ്ടുതന്നെ ഇരപിടിത്തം കഴിഞ്ഞ് വെയിലില്‍ ചിറകുകള്‍ വിടര്‍ത്തിയിരിക്കുന്ന കാക്കത്തറാവുകള്‍ നാട്ടിന്‍പുറങ്ങളിലെ കാഴ്ചയാണ്. കാലുകള്‍ ശരീരത്തിന്‍െറ പിന്‍ഭാഗത്തായതിനാല്‍ കരയില്‍ നടത്തം പ്രയാസമാണ്. കാല്‍വിരലുകള്‍ ചര്‍മങ്ങള്‍കൊണ്ട് ബന്ധിക്കപ്പെട്ടതാണ്. എന്നാല്‍, പറക്കാന്‍ പ്രയാസമില്ല. കൂടൊരുക്കുന്നത് മരക്കൊമ്പുകളിലാണ്. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് കാക്കത്തറാവുകളുടെ പ്രജനനകാലം.
മഞ്ഞക്കണ്ണി (Yellow wattled lapwing)
ജലപരിസരങ്ങളിലൂടെ കൂട്ടംകൂടി നടക്കുന്ന പക്ഷികളാണ് മഞ്ഞക്കണ്ണികള്‍. ശിരസ്സില്‍ കറുത്ത തൊപ്പിപോലെ കാണാം. ഇതു നോക്കി മഞ്ഞക്കണ്ണികളെ തിരിച്ചറിയാം. കണ്ണിന്‍െറ ഭാഗത്തുനിന്നു താഴേക്ക് വെളുത്ത വര മഞ്ഞക്കണ്ണി പക്ഷികള്‍ക്കും കാണാം. ശരീരത്തിന്‍െറ മുന്‍ഭാഗവും ചിറകും തവിട്ടു നിറത്തിലാണ്.
ചേരക്കോഴി ( Darter/Snake bird)
കറുത്ത ശരീരവും നീണ്ട കഴുത്തുമുള്ള ചേരക്കോഴികള്‍ ജലപക്ഷികളാണ്. പുറത്തെ തൂവലുകള്‍, കഴുത്തിന്‍െറ മുകള്‍ ഭാഗം എന്നിവിടങ്ങളില്‍ വെളുത്തനിറം കാണാം. പൊതുവെ വലുപ്പമേറിയ പക്ഷികളാണിവ. ജലത്തില്‍ ചേരക്കോഴികള്‍ നീന്തുന്നതു കണ്ടാല്‍ ഒരു പാമ്പ് തലയുയര്‍ത്തിപ്പിടിച്ച്  നീങ്ങുകയാണെന്നേ തോന്നൂ. ശരീരം ജലത്തിനടിയിലും നീളന്‍ കഴുത്തും ശിരസ്സും മുകളിലുമായാണ്  ചേരക്കോഴിയുടെ സഞ്ചാരം. കൂര്‍ത്ത  മഞ്ഞ കൊക്കുകളാണ് ചേരക്കോഴികള്‍ക്കുള്ളത്.  ജലജീവികളെ പിടികൂടിയാണ് ഭക്ഷണം. നവംബറോടെ പ്രജനനകാലം തുടങ്ങും. പറക്കലില്‍ കേമന്മാരായ ചേരക്കോഴികള്‍ മരക്കൊമ്പുകളില്‍ കൂടൊരുക്കുന്നു.
കാളിക്കിളി (Starling)
സ്റ്റുമസ് കുടുംബക്കാരനായ കാളിക്കിളി ഏത് കാലാവസ്ഥയിലും ജീവിക്കാന്‍ ഇണങ്ങിയ ശരീരഘടനയുള്ള പക്ഷിയാണ്. വരണ്ട ഉഷ്ണമേഖലാ കാടുകളിലും അതിശൈത്യഭൂമികളിലും ഈ പക്ഷികളെ കണ്ടുവരുന്നു.നാട്ടുകാളിക്കിളി, ചാരത്തലക്കാളി, കരിന്തലച്ചിക്കാളി, പുള്ളിക്കാളിക്കിളി തുടങ്ങി ഒട്ടേറെ ഇനങ്ങള്‍ കാളിക്കിളി കൂട്ടത്തിലുണ്ട്. നമ്മുടെ മൈനയോട് സാമ്യമുള്ള പക്ഷിയാണിത്. മൈനയോളം തന്നെ വലുപ്പമുണ്ടാവും.കൂട്ടമായാണ് സഞ്ചാരം. ചില സംഘങ്ങളില്‍ ആയിരക്കണക്കിന് അംഗങ്ങളുണ്ടാവും. കാളിക്കിളികളില്‍ ഓരോന്നിനും ശാരീരിക നിറങ്ങള്‍ വ്യത്യസ്തമാണ്. ശരീരത്തിന്‍െറ മുന്‍ഭാഗത്തും കഴുത്തിനു കീഴിലും ചെമ്പന്‍ നിറവും പുറത്ത് ചാരനിറവുമാണ് ചാരത്തലക്കാളിക്കിളിക്ക്. പുള്ളിക്കാളിക്കിളിയുടെ സവിശേഷത അതിന്‍െറ നീണ്ട ചുണ്ടുകളാണ്. ശലഭങ്ങള്‍, ഷഡ്പദങ്ങള്‍, പഴവര്‍ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവയാണ് കാളിക്കിളികളുടെ ആഹാരം.
ഗൗളിക്കിളി
കാട്ടിലും നാട്ടിലും ഒരുപോലെ വസിക്കാനിഷ്ടപ്പെടുന്ന ചെറുപക്ഷിയാണ് ഗൗളിക്കിളി. മരക്കൊമ്പുകളില്‍ ഏത് രീതിയിലും പിടിച്ചുനടക്കാന്‍ ഈ കുഞ്ഞുപക്ഷിക്കാവും. മച്ചില്‍ നടക്കുന്ന പല്ലിയെപ്പോലെ അദ്ഭുതപ്രവൃത്തികള്‍ ചെയ്യുന്നതിനാലാവാം ഈ പക്ഷിക്ക് ഗൗളിക്കിളി എന്ന് പേര് ലഭിച്ചത്. ശരീരത്തിന്‍െറ മുകള്‍ ഭാഗത്ത് നീലകലര്‍ന്ന വയലറ്റ് നിറവും അടിഭാഗം ചുവപ്പുകലര്‍ന്ന തവിട്ട് നിറത്തിലുമാണ്. കഴുത്തില്‍ വെളുപ്പ് നിറം കാണാം. കറുത്ത നെറ്റിത്തടവും കറുത്ത ചുണ്ടുകളുടെ അഗ്രഭാഗവും ഈ പക്ഷിയെ തിരിച്ചറിയാന്‍ സഹായിക്കും. ഒരു പ്രത്യേകതരം മഞ്ഞനിറം ഈ പക്ഷിയുടെ കണ്ണുകള്‍ക്കുണ്ട്. മരത്തില്‍ ഓടുന്ന ഈ പക്ഷി ശബ്ദിച്ചുകൊണ്ടേയിരിക്കും. ഭക്ഷണം പുഴു, ശലഭങ്ങള്‍ തുടങ്ങിയവയാണ്. മരത്തിലെ പൊത്തുകള്‍ കൂടാക്കി മാറ്റും. ജനുവരി മുതല്‍ പ്രജനനകാലം തുടങ്ങും.
തുടരും......

Subscribe to കിളിചെപ്പ് by Email
Share it:

അപൂര്‍വ പക്ഷികള്‍

പക്ഷികള്‍

Post A Comment:

0 comments: