അപൂര്‍വ പക്ഷികള്‍ - 2

Share it:

ബേഡ്സ് ഓഫ് പാരഡൈസ് (Birds of Paradise )
പേരുപോലെത്തന്നെ പറുദീസയിലെ പക്ഷികളെന്നുതോന്നും ബേഡ്സ് ഓഫ് പാരഡൈസുകളെ കണ്ടാല്‍. അത്രക്ക് സുന്ദരന്മാരാണ് ഈ പക്ഷികള്‍. ആസ്ട്രേലിയയിലും ന്യൂഗിനിയ, മൊലുക്ക എന്നിവിടങ്ങളിലുമൊക്കെ ബേഡ്സ് ഓഫ് പാരഡൈസുകളെ കാണാം. ഇവിടത്തെ ഉഷ്ണ മേഖലാ വനങ്ങളിലാണ് ഇവ ആവാസമുറപ്പിക്കുന്നത്.
സാധാരണയായി ഒരു മീറ്റര്‍വരെ നീളമുള്ള വലിയ ശരീരമാണ് ഇവയുടേത്. സൗന്ദര്യത്തിന്‍െറ കാര്യത്തില്‍ പെണ്‍പക്ഷികളേക്കാള്‍ സുന്ദരന്മാര്‍ ആണ്‍പക്ഷികളാണ്. കാരണം, ആണ്‍പക്ഷികളുടെ ചിറകുകളുടെ വര്‍ണവിന്യാസങ്ങള്‍ പെണ്‍പക്ഷികളുടെ ചിറകുകളെ അപേക്ഷിച്ച് മനോഹരമാണ്.
ഉച്ചത്തില്‍ ശബ്ദംവെക്കുന്ന ഈ പക്ഷികളുടെ ശബ്ദത്തിന് മാധുര്യം കുറവാണ്. പ്രജനനകാലത്ത് പെണ്‍പക്ഷികളാണ് കൂടുകെട്ടുന്നത്. ഒരു കപ്പിന്‍െറ ആകൃതിയാണ് കൂടിന്. ചില്ലകള്‍, ഇലകള്‍ എന്നിവ ഉപയോഗപ്പെടുത്തിയാണ് കൂട് നിര്‍മാണം. മുട്ടകള്‍ വരകളോടുകൂടിയതാണ്. 43ഓളം ഇനങ്ങള്‍ ഇക്കൂട്ടരിലുണ്ട്. ലിറ്റില്‍ കിങ്, കിങ് ഓഫ് സാക്സണി എന്നിവ ഇവയിലെ ഭീമാകാരന്മാരും സുന്ദരന്മാരുമാണ്.
ഓയില്‍ ബേഡ്
തെക്കേ അമേരിക്കയിലാണ് ഓയില്‍ ബേഡുകളെ സാധാരണ കണ്ടുവരുന്നത്. നൈറ്റ് ജര്‍ പക്ഷികളോടാണ്  ഓയില്‍ ബേഡുകള്‍ക്ക് കൂടുതല്‍ സാമ്യം. തവിട്ട്-ചുകപ്പ് നിറങ്ങള്‍ കൂടിക്കലര്‍ന്ന ശരീരം. കാലുകള്‍ ചെറുതാണ്. ഒരു കൊളുത്തിന് സമാനമാണ് ഓയില്‍ ബേഡുകളുടെ കൊക്ക്.
എണ്ണപ്പന വളര്‍ന്നുനില്‍ക്കുന്നിടങ്ങളാണ് ഇവയുടെ പ്രധാന ആവാസകേന്ദ്രങ്ങള്‍. പകല്‍ സമയങ്ങളില്‍ പൂര്‍ണ വിശ്രമത്തിലാണ്. രാത്രികളിലാണ് ഭക്ഷണം തേടിയിറങ്ങല്‍. അതിനുയോജിച്ച കാഴ്ചശേഷിയാണ് ഓയില്‍ ബേഡുകള്‍ക്കുള്ളത്.
ഗ്രൗസ്
ചെറിയ ഇനം കോഴിവര്‍ഗക്കാരാണ് ഗ്രൗസ് പക്ഷികള്‍. ആര്‍ടിക് മേഖലകളിലാണിവയെ കണ്ടുവരുന്നത്. ഇതില്‍ 25ഓളം ഇനങ്ങളുണ്ടെന്നാണ് കണക്ക്. കട്ടിയേറിയ ചുണ്ടുകളും മനോഹരങ്ങളായ തൂവലുകളും ഗ്രൗസുകള്‍ക്കുണ്ട്. കാലുകള്‍ ചികയുവാനനുയോജ്യമാണ്. പ്രാണികള്‍, സസ്യഭാഗങ്ങള്‍ തുടങ്ങിയവയാണ് ഗ്രൗസുകളുടെ ഭക്ഷണം. വനങ്ങള്‍, പൊന്തക്കാടുകള്‍, പുല്‍മേടുകള്‍ തുടങ്ങിയവയാണ് ഗ്രൗസുകളുടെ ആവാസസ്ഥാനം. ജീവിത സാഹചര്യങ്ങള്‍ക്കിണങ്ങുന്ന നിറത്തിലുള്ള തൂവലുകളും ഗ്രൗസുകള്‍ക്കുണ്ടത്രെ. ചുവപ്പ്, തവിട്ട്, ചാര നിറങ്ങള്‍ ശരീരത്തില്‍ കാണാം.  ഒരിടത്തുതന്നെ കഴിയാനിഷ്ടപ്പെടുന്നവയാണ് ഗ്രൗസ്പക്ഷികളിലധികവും. എന്നാല്‍, ദേശാടനം ചെയ്യുന്നവയും ഇവക്കിടയിലുണ്ട്. ഇണയെ ആകര്‍ഷിക്കാനായി ഇവ ഒരു പ്രത്യേകതരം ശബ്ദംതന്നെ പുറപ്പെടുവിക്കാറുണ്ട്. പ്രജനന കാലത്ത് ഗ്രൗസുകള്‍ കൂട്ടമായി ഇത്തരം ശബ്ദം പുറപ്പെടുവിക്കും. ഓരോന്നിനും ഒന്നിലധികം ഇണകള്‍ ഉണ്ടാകും. ഇതിലെ ഒരു പ്രധാന ഇനമാണ് അമേരിക്കയില്‍ കണ്ടുവരുന്ന റഫ്ഡ് ഗ്രൗസ്.
കറുത്ത അരയന്നം
കറുത്ത നിറത്തില്‍ കാണപ്പെടുന്നതിനാലാണ് ഈ അരയന്നങ്ങള്‍ക്ക് ഈ പേര് ലഭിച്ചത്. കറുത്ത ശരീരമുള്ള ഇവയുടെ ചുണ്ടുകളും ചേര്‍ന്നുള്ള ഭാഗങ്ങളും വെള്ളകലര്‍ന്ന കടും ചുവപ്പാണ്. കറുത്ത ശരീരത്തില്‍ അവിടവിടെയായി വെളുത്ത തൂവലുകളും കാണാം. എല്ലാംകൂടി മറ്റൊരു അരയന്ന സുന്ദരനാക്കി മാറ്റുന്നു ഈ പക്ഷിയെ.
നല്ല വലുപ്പമുള്ള പക്ഷിയാണിത്. ഒരു കഴുകനോളം വലുപ്പമുണ്ടാകും പ്രായമായ ഒരു കറുത്ത അരയന്നത്തിന്. നീളന്‍ കഴുത്തും ഉയര്‍ത്തി ജലത്തിലൂടെ ഈ അരയന്ന സുന്ദരന്‍ നീന്തിപ്പോകുന്നത് കൗതുകമുള്ള കാഴ്ചയാണ്. ഭക്ഷണം ജലജീവികളാണ്. ജലസസ്യങ്ങളും ആഹരിക്കും. ജലാശയങ്ങളുടെ കരയിലാണ് ഇവ കൂടൊരുക്കുന്നത്.
ഞാറ
പെലിക്കണ്‍ എന്നറിയപ്പെടുന്ന ഞാറപ്പക്ഷികള്‍ പക്ഷികളിലെ ആദിമവര്‍ഗക്കാരെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഏകദേശം നാലു കോടി വര്‍ഷമെങ്കിലും പഴക്കമുള്ള പക്ഷിവര്‍ഗക്കാരായ ഞാറകള്‍ ജലപക്ഷികളാണ്. യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ വന്‍കരകളില്‍ ധാരാളമായി കണ്ടുവരുന്നു. ജലത്തിലും ചതുപ്പിലും പുല്‍മേടുകളിലുമൊക്കെ ഞാറകള്‍ വിഹരിക്കുന്നു. ജലത്തില്‍ സഞ്ചരിക്കുന്നതിനിടെയാണ് ഇവയുടെ ഇരപിടിത്തം.
ഇവയുടെ ഏറ്റവും വലിയ സവിശേഷത നീളമേറിയ തടിച്ച കൊക്കിനു കീഴിലെ കട്ടിയേറിയ തോല്‍സഞ്ചിയാണ്. ഈ തോല്‍സഞ്ചിക്കായി ഇവയെ വന്‍തോതില്‍ കൊന്നൊടുക്കുന്നത് ഇവയുടെ വംശത്തിന്‍െറ നിലനില്‍പിനുതന്നെ ഭീഷണിയായിരിക്കയാണ്. മരുന്നുകള്‍, വാളുറ തുടങ്ങിയവ നിര്‍മിക്കാനാണത്രെ ഈ തോല്‍സഞ്ചി പ്രയോജനപ്പെടുത്തുന്നത്. കൂടാതെ ഇവയുടെ തോല്‍, തൂവല്‍ തുടങ്ങിയവയും വ്യവസായങ്ങള്‍ പ്രയോജനപ്പെടുത്തുന്നു. ഒരുപക്ഷി കൊല്ലത്തില്‍ രണ്ടോ മൂന്നോ മുട്ടകളേയിടൂ. അടയിരിപ്പുകാലം 40 ദിവസമാണ്.
ലൂണ്‍
ജീവിതത്തിന്‍െറ 99 ശതമാനവും ജലത്തില്‍ കഴിയുന്ന പക്ഷിയാണ് ലൂണ്‍. 90 സെ.മീറ്റര്‍ വരെ വലുപ്പംവെക്കുന്ന ലൂണുകള്‍ പത്തുവര്‍ഷത്തോളം ആയുര്‍ദൈര്‍ഘ്യമുള്ള പക്ഷികളാണ്. യൂറോപ്പ്, വടക്കെ അമേരിക്ക തുടങ്ങിയ പ്രദേശങ്ങളിലാണ് ലൂണ്‍ പക്ഷികളുടെ ആവാസം. Gavia immer എന്ന് ശാസ്ത്രനാമം.ആണ്‍പക്ഷികളാണ് ശരീരവലുപ്പത്തിന്‍െറ കാര്യത്തില്‍ മുന്നില്‍. കൊക്ക് നീളമേറിയതും ഒരു കഠാരയുടെ ആകൃതിയുള്ളതുമാണ്. ഇരപിടിത്തത്തിന് തികച്ചും അനുയോജ്യമാണിത്. ജലത്തില്‍മുങ്ങി ഇരകളെ കണ്ടെത്തുകയും ജലത്തില്‍വെച്ചുതന്നെ  കൊന്നുതിന്നുകയും ചെയ്യും.  എന്നാല്‍, വലിയ ഇരകളെ ഭക്ഷിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുന്നതിനാല്‍ ജലത്തില്‍ വെച്ച് ഭക്ഷിക്കാറില്ല. ഇരയെ ജലപ്പരപ്പില്‍ കൊണ്ടുവന്നശേഷമാണ് ഭക്ഷണമാക്കുക.
ഇവയുടെ കാലുകള്‍ ഘടിപ്പിച്ചിരിക്കുന്നത് ശരീരത്തിന്‍െറ ഏറെ പിന്നിലായാണ്. അതുകൊണ്ട് നടത്തം എളുപ്പമല്ല. എന്നാല്‍, കാലുകളുടെ ഈ ഘടന ജലസഞ്ചാരത്തിന് ഏറെ അനുഗുണമാണുതാനും. അതുകൊണ്ടുതന്നെയാവാം ലൂണ്‍പക്ഷികള്‍ ജീവിതം മുഴുവന്‍ ജലത്തില്‍ കഴിയാനിഷ്ടപ്പെടുന്നത്. ഇണചേരേണ്ട അവസരങ്ങളില്‍ മാത്രമേ ലൂണ്‍ പക്ഷികള്‍ കരയിലെത്താറുള്ളൂ. വൈകാതെ തന്നെ പക്ഷികള്‍ ജലത്തില്‍ തിരികെ എത്തുകയും ചെയ്യും. ലൂണ്‍ പക്ഷികള്‍ കൂടൊരുക്കുന്നതും ജലപരിസരങ്ങളിലാണ്.
ഇന്ത്യന്‍ സ്്കിമ്മര്‍
ഇന്ത്യന്‍ സ്കിമ്മറുകളെ ഇന്ത്യ, പാകിസ്താന്‍, ബംഗ്ളാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ കാണാം. ശാസ്ത്രനാമം Rynhops albicollis. കടല്‍പ്പക്ഷിയാണ് ഇന്ത്യന്‍ സ്കിമ്മര്‍. ദേശാടനപ്പക്ഷികളാണിവ. ഇന്ത്യയുടെ അയല്‍രാജ്യമായ നേപ്പാളിലേക്കാണ് പലപ്പോഴും ഇന്ത്യന്‍ സ്കിമ്മര്‍ പക്ഷികളുടെ ദേശാടനം. കൂട്ടംചേര്‍ന്ന് കാണപ്പെടുന്ന ഈ പക്ഷികളെ തിരിച്ചറിയാന്‍ എളുപ്പമാണ്. ശരീരത്തില്‍ കറുപ്പും വെളുപ്പും തൂവലുകള്‍ ഇടകലര്‍ന്നു കാണാം. ചുവന്ന ചുണ്ടുകളും കാലുകളും ഇന്ത്യന്‍ സ്കിമ്മറുകള്‍ക്കുണ്ട്. പെണ്‍പക്ഷി ആണ്‍പക്ഷിയെ അപേക്ഷിച്ച് ചെറുതായിരിക്കും. കോരികയുടെ ആകൃതിയാണിവയുടെ ചുണ്ടുകള്‍ക്ക്. സാധാരണയായി കൂട്ടംചേര്‍ന്ന് കാണപ്പെടുമെങ്കിലും ചിലപ്പോള്‍ ഇന്ത്യന്‍ സ്കിമ്മറുകള്‍ തനിച്ചും സഞ്ചരിക്കും. പ്രത്യേകിച്ച്, ഇരതേടുന്ന സന്ദര്‍ഭങ്ങളില്‍. പകലും രാത്രിയും ഇരതേടുന്ന പതിവുണ്ട്.സാധാരണ ഒരു ഇന്ത്യന്‍ സ്കിമ്മറിന്‍െറ വലുപ്പം 40 സെന്‍റിമീറ്ററാണ്്. ഫെബ്രുവരി മുതലാണ് ഇവയുടെ പ്രജനനകാലം ആരംഭിക്കുന്നത്. ഇത് മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങള്‍ നീണ്ടുനില്‍ക്കും. മത്സ്യങ്ങളാണ് പ്രധാന ആഹാരം. മറ്റു ജലജീവികളെയും ഭക്ഷണമാക്കാറുണ്ട്. കടലില്‍ രാസവിഷങ്ങളുടെ വ്യാപനം ഇന്ത്യന്‍ സ്കിമ്മറുകളെ വംശനാശത്തിലേക്ക് എത്തിച്ചുകൊണ്ടിരിക്കയാണ്.
മരത്തുള്ളന്‍
സ്ളേറ്റ് നിറത്തിലുള്ള മുകള്‍ഭാഗവും തവിട്ട് നിറത്തിലുള്ള അടിഭാഗവും മരത്തുള്ളന്‍ പക്ഷിയുടെ പ്രത്യേകതയാണ്. വൃക്ഷങ്ങളില്‍ ഓടിനടക്കുന്ന ഈ പക്ഷി മരത്തിന്‍െറ വിള്ളലുകളില്‍ ഒളിച്ചുകഴിയുന്ന ഇരകളെ പുറത്തുചാടിച്ച് ഭക്ഷണമാക്കും. കൂടാതെ കട്ടിയേറിയ പുറന്തോടുകളോടു കൂടിയ ഫലങ്ങള്‍ പൊട്ടിച്ച് അകത്തെ ഭക്ഷ്യയോഗ്യമായ ഭാഗം പുറത്തെടുത്ത് കഴിക്കാനും മരത്തുള്ളന്‍ പക്ഷികള്‍ക്ക് കൗശലം കൂടും. മരപ്പൊത്തുകളിലാണ് മരത്തുള്ളന്‍ പക്ഷികള്‍ കൂടൊരുക്കുന്നത്. മുട്ടയിട്ട് അടയിരിക്കാറാവുമ്പോള്‍ കൂട്ടിലേക്കുള്ള പ്രവേശ കവാടം ചളികൊണ്ടോ മറ്റോ അടച്ച് ചെറുതാക്കാറുണ്ട് ഈ പക്ഷി. പക്ഷി മുട്ടയില്‍ ചുവന്ന പുള്ളി കത്തുകള്‍ കാണാം. തനിച്ചും ഇണയോടൊപ്പവും സഞ്ചരിക്കും. ‘സിറ്റിഡേ’ കുടുംബക്കാരനാണ് ഈ പക്ഷി.
തവളവായ പക്ഷി
ആസ്ട്രേലിയയിലും ദക്ഷിണ ഏഷ്യയിലും നമ്മുടെ ഭാരതത്തിലും ശ്രീലങ്കയിലുമൊക്കെ കണ്ടുവരുന്ന നിശാപക്ഷിയാണ് തവളവായ പക്ഷി. Batrachostomns species എന്ന് ശാസ്ത്രനാമം. വീതിയേറിയ വായയും ചുണ്ടും നീളന്‍ നാവുമൊക്കെയുള്ള ഈ പക്ഷിക്ക് ഒറ്റനോട്ടത്തില്‍ മൂങ്ങയോടാണ് സാദൃശ്യം. തൂവലുകള്‍ക്ക് നരകലര്‍ന്ന തവിട്ട് നിറമുണ്ട്. ഈ നിറം കാരണം മരക്കൊമ്പിലിരിക്കുന്ന തവളവായ പക്ഷിയെയും മരക്കൊമ്പിനെയും പെട്ടെന്ന് തിരിച്ചറിയാനാവില്ല.പറക്കുന്ന കാര്യത്തില്‍ ഇവ കേമന്മാരല്ല. എന്നാല്‍, വേഗംകൂടിയ പക്ഷികളിലൊന്നാണ്. പാട്ടുപാടുന്ന പക്ഷിയെന്ന ഖ്യാതിയും തവളവായ പക്ഷിക്കുണ്ട്. ഇതിന്‍െറ ശബ്ദം ഒരുതരം അലര്‍ച്ചപോലെയാണ്. കൂട് നിര്‍മിക്കാറില്ല. മരക്കൊമ്പുകളില്‍ കാണുന്ന വിള്ളലുകളിലും മറ്റുമാണ് മുട്ടയിട്ട് അടയിരിക്കുക. പകല്‍ ആണ്‍പക്ഷിയും രാത്രി പെണ്‍പക്ഷിയുമാണ് അടയിരിക്കുക. വലുപ്പം അരമീറ്ററോളമാണ്.
സ്കുവ
സ്്കുവയുടെ ശാസ്ത്രനാമം catharactaus species എന്നത്രെ. അമേരിക്ക, ആഫ്രിക്ക തുടങ്ങിയ വന്‍കരകളില്‍ ധാരാളമായി കാണാം. സ്കുവകളില്‍ ആര്‍ട്ടിക് സ്കുവ, ഗ്രേറ്റ് സ്കുവ, പോമറിന്‍ സ്കുവ തുടങ്ങി ഏറെ ഇനങ്ങളുണ്ട്.അരമീറ്ററിലേറെ വലുപ്പമുള്ള പക്ഷിയാണ് സ്കുവ. ഒറ്റനോട്ടത്തില്‍ വലിയ കടല്‍കാക്കളാണെന്ന് തോന്നാം. വളഞ്ഞ അഗ്രഭാഗത്തോടുകൂടിയ കൊക്ക് ഈ പക്ഷികളുടെ പ്രത്യേകതയാണ്്. കൂടാതെ പാദങ്ങ്ളില്‍ കൂര്‍ത്ത നഖങ്ങളും. ഇവയെല്ലാം ഇരപിടിത്തത്തിന് അനുയോജ്യമാണ്. അല്‍പം ഇരുണ്ട ശരീരത്തിലെ ചിറകുകളില്‍ പുള്ളികള്‍ കാണാം.മത്സ്യം, മറ്റ് ജലജീവികള്‍, ചെറുപക്ഷികള്‍, ഷഡ്പദങ്ങള്‍, ചീഞ്ഞ ശവശരീരങ്ങള്‍ തുടങ്ങിയവയൊക്കെ സ്കുവകള്‍ ആഹാരമാക്കും. പ്രജനന കാലം ഏപ്രിലില്‍ ആരംഭിക്കും. മറ്റ് പക്ഷികളുടെ ഇരകളെ തട്ടിയെടുത്ത് ഭക്ഷിക്കുന്നതും സ്കുവകളുടെ പ്രത്യേകതയാണ്. വായുവില്‍ ഒരഭ്യാസിയെപ്പോലെ കറങ്ങിയാണ് മറ്റ് പക്ഷികളെ ആക്രമിക്കുക.
ഓക്ക്
ഒറ്റനോട്ടത്തില്‍ പെന്‍ഗ്വിനുമായി വല്ലാത്ത സാദൃശ്യം തോന്നുന്ന കടല്‍പ്പക്ഷിയാണ് ഓക്ക്. Penguinus impennis എന്നാണ് ഓക്ക് പക്ഷിയുടെ ശാസ്ത്രനാമം. കാണപ്പെടുന്നത് ഗ്രീന്‍ലന്‍ഡ്, ബ്രിട്ടന്‍, ഐസ്ലന്‍ഡ്, കാനഡ, അയര്‍ലന്‍ഡ് തുടങ്ങിയവയോടടുത്ത ദ്വീപ് മേഖലകളില്‍. സാധാരണയായി ഓക്ക് പക്ഷി മുക്കാല്‍മീറ്ററോളം വലുപ്പംവെക്കും.ശരീരത്തിന്‍െറ പുറംഭാഗത്ത് കറുപ്പ് നിറവും അടിഭാഗം വെളുപ്പ് നിറത്തിലുമാണ്. എന്നാല്‍, അവിടവിടെയായി തവിട്ട് നിറവും കാണാം. വെള്ളത്തില്‍ മുങ്ങി ഇരപിടിക്കുന്ന സ്വഭാവക്കാരാണ് ഓക്കുകള്‍. മത്സ്യങ്ങള്‍, മറ്റു ജലജീവികള്‍ തുടങ്ങിയവയെ ആഹരിക്കും. വര്‍ഷത്തില്‍ ഒരു മുട്ട മാത്രമാണ് ഓക്ക് പക്ഷികളിടുക. പെന്‍ഗ്വിനുകളെപ്പോലെ സംഘംചേര്‍ന്ന് ജീവിക്കുകയും പ്രജനനകാലങ്ങളില്‍ ശബ്ദംവെക്കുകയും ചെയ്യും. ഇതില്‍ ഭീമന്‍ ഓക്കുകള്‍ കൂടിയുണ്ട്. ഇവയെ വേട്ടയാടി ഇന്ന് വംശനാശത്തിന്‍െറ വക്കിലെത്തിച്ചിരിക്കുകയാണ് മനുഷ്യര്‍.
ചെങ്കണ്ണി (Red Wattled Lapwing)
മണല്‍ക്കോഴികളുമായി ബന്ധമുള്ള വംശമാണിവയുടേത്. ഇന്ത്യയില്‍ മിക്കവാറും പ്രദേശങ്ങളില്‍ ഇവയെ കാണാം.  തവിട്ട് നിറത്തിലാണ് ശരീരത്തിന്‍െറ മേല്‍ഭാഗവും ചിറകുകളും. ശരീരത്തിന്‍െറ അടിഭാഗത്തെ നിറം വെളുപ്പാണ്. ശിരസ്സും കഴുത്തും കറുപ്പ് നിറത്തില്‍. ഇവയുടെ നേത്രഭാഗത്തുനിന്നും ചിറകുകളുടെ വശങ്ങളിലേക്ക്  വെള്ളനിറം പടരുന്നത് കാണാം.താമസവും ഇരതേടലും പാറയിടുക്കുകളിലും പുല്‍പ്രദേശങ്ങളിലുമൊക്കെയാണ്. പുഴുക്കള്‍, വണ്ടുകള്‍, ഉറുമ്പുകള്‍ തുടങ്ങിയവയെ ആഹരിക്കും. രാവും പകലും ഒരുപോലെ ഇരതേടും. പ്രജനനകാലം മാര്‍ച്ചില്‍ ആരംഭിച്ച് സെപ്റ്റംബറോടെ അവസാനിക്കുന്നു. മണ്ണില്‍ കുഴികള്‍ നിര്‍മിച്ച് അതില്‍ മൂന്നുനാല് മുട്ടകളിടും. ഒരു മാസമാണ് അടയിരുപ്പ് കാലം. നമ്മുടെ നാട്ടില്‍ ഈ പക്ഷിയെ ‘ചെങ്കണ്ണി തിത്തിരി’യെന്നും വിളിക്കാറുണ്ട്.
സിലോണ്‍ കുട്ടുറുവന്‍ (Brown Headed Barbet)
കാട്ടില്‍ വസിക്കുന്ന പക്ഷിയാണ് സിലോണ്‍ കുട്ടുറുവന്‍. ചിന്ന കുട്ടുറുവനെ അപേക്ഷിച്ച് അല്‍പം വലുപ്പം കൂടുതല്‍ സിലോണ്‍ കുട്ടുറുവനാണ്. ചുവന്ന കൊക്കും കണ്ണിനു സമീപം ഓറഞ്ച് നിറവുംഇവയെ തിരിച്ചറിയാന്‍ സഹായിക്കുന്നു. മരപ്പൊത്തുകളാണ് വാസസ്ഥാനങ്ങള്‍. മുഴക്കമുള്ള  ശബ്ദം പുറപ്പെടുവിക്കും. ഇതേ വര്‍ഗത്തില്‍പെടുന്ന ഒട്ടേറെ ഇനം പക്ഷികളെ നമ്മുടെ നാട്ടില്‍ കാണാം. അതിലൊന്ന് ആല്‍ക്കിളി (Crimson throated barbet) ഈ വര്‍ഗക്കാരന്‍ തന്നെ.

Subscribe to കിളിചെപ്പ് by Email
Share it:

അപൂര്‍വ പക്ഷികള്‍

Post A Comment:

0 comments: