അറിയാം ആദിവാസി ചരിത്രം - 3 (Know About Tribal Part - 3)

Share it:

ഊരാളികള്‍ (Urali)
എറണാകുളം(Ernakulam), ഇടുക്കി9Idukki), കൊല്ലം9Kollam) ജില്ലകളില്‍ കാണുന്ന ഒരു ആദിവാസിവിഭാഗമാണ് ഊരാളികള്‍. തമിഴും മലയാളവും ഇടകലര്‍ന്ന പ്രത്യേക ഭാഷ അവര്‍ക്കുണ്ട്. എന്നാല്‍, മറ്റുള്ളവരോട് മലയാളത്തില്‍ത്തന്നെ സംസാരിക്കും. വരന്‍ വധുവിന് താലികെട്ടുന്നതാണ് വിവാഹത്തിലെ പ്രധാന ചടങ്ങ്.ഇവരുടെ തലവനെ കാണിയെന്നോ വേലനെന്നോ വിളിക്കുന്നു. കാണിയെ ഊരാളികള്‍ ബഹുമാനിക്കുന്നു. ഇവരുടെ ശവസംസ്കാര ചടങ്ങുകള്‍ക്ക് എടുത്തുപറയത്തക്ക പ്രത്യേകതകളൊന്നുമില്ല.
മന്നാന്‍ (Mannan)
പാലക്കാട് (Palakkad), ഇടുക്കി(Idukki), കോട്ടയം(Kottayam) ജില്ലകളിലാണ് മന്നാന്മാരുള്ളത്. തമിഴും മലയാളവും കലര്‍ന്ന ഒരു പ്രാകൃതഭാഷയാണ് അവര്‍ സംസാരിക്കുന്നത്. മന്നാന്മാരുടെ തലവനെ കാണിയെന്നോ കെട്ടു കാണിയെന്നോ വിളിക്കുന്നു. കാണിയുടെ ഭാര്യ കാണിക്കാരത്തിയാണ്.
വിവാഹത്തിനുമുമ്പ് പെണ്ണിന്‍െറ അച്ഛനുവേണ്ടി വരന്‍ ജോലി ചെയ്യുന്ന പതിവുണ്ട്. ചീര്‍പ്പ്, വെറ്റില എന്നിവ കൊടുക്കലും താലിക്കെട്ടുമാണ് വിവാഹത്തിലെ പ്രധാന ചടങ്ങുകള്‍. വിവാഹബന്ധം പാവനമായി കരുതുന്നവരാണ് മന്നാന്മാര്‍. മൃതദേഹം ക്ഷൗരംചെയ്യുന്ന പതിവുണ്ട്.

പളിയര്‍ (Paliyar)
ഇടുക്കി (Idukki)ജില്ലയില്‍ മാത്രമുള്ളവരാണ് പളിയര്‍. മലയാളവും തമിഴും കലര്‍ന്നതാണ് ഭാഷ. വിവാഹത്തില്‍ മുറപ്പെണ്ണിനാണ് മുന്‍ഗണന. വസ്ത്രംകൊടുക്കല്‍ വിവാഹത്തിലെ പ്രധാന ഇനമാണ്. പളിയര്‍ മൃതദേഹം മറവുചെയ്യും.

മലപ്പുലയര്‍ (Malappulayar)
ഇടുക്കി 9Idukki)ജില്ലയില്‍ മാത്രം കാണുന്നവരാണ് മലപ്പുലയര്‍. ഇവര്‍ കുറുമ്പപ്പുലയര്‍, കരവഴി പുലയര്‍, പമ്പാപുലയര്‍, ഹീല്‍ പുലയര്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ഇവരില്‍ രണ്ടു വിഭാഗമുണ്ട്. കുറുമ്പ പുലയരും കരവഴിപ്പുലയരും. തമിഴിന്‍െറ ഒരു ദേശഭാഷയാണ് ഇവര്‍ സംസാരിക്കുന്നത്. കുറുമ്പ പുലയരുടെ വിവാഹത്തിലെ പ്രധാന ചടങ്ങ് വസ്ത്രം കൊടുക്കലാണ്. ഭാര്യ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഭര്‍ത്താവിന് മൃഗങ്ങളെ കൊല്ലാനോ ശവമഞ്ചം ചുമക്കാനോ പുര മേയാനോ ക്ഷൗരംചെയ്യാനോ പാടില്ല. കുറുമ്പ പുലയരുടെ തലവനെ അരശണെന്നാണ് വിളിക്കുക. മലപ്പുലയര്‍ക്ക് അവരുടേതായ ചില സംഗീതോപകരണങ്ങളുണ്ട്. ചെണ്ടമേളത്തോടും സംഗീതത്തോടുംകൂടിയാണ് അവര്‍ ശവസംസ്കാര യാത്ര നടത്തുക. പൊതു ശ്മശാനങ്ങളിലാണ് മൃതദേഹം മറവുചെയ്യുക.

വയനാട്ടിലെ മാനന്തവാടിക്കു സമീപപ്രദേശങ്ങളില്‍ വസിക്കുന്നവരാണ് അടിയാന്മാര്‍ (Adiyan)
കണ്ണൂരിലെ(Kannur) തളിപ്പറമ്പ് താലൂക്കിലും ഇക്കൂട്ടരുണ്ട്. വേമം, ബാവലി, കുപ്പത്തോട്, മുതിരമല എന്നിവിടങ്ങളിലാണ് വയനാട്ടില്‍ അധികമായി അടിയാന്മാരെ കാണുന്നത്.
അടിയാനെന്ന പദത്തിന്‍െറ അര്‍ഥം അടിമയെന്നാണ്. അടിയാന്മാരിലെ സ്ത്രീകള്‍ പച്ചകുത്താറുണ്ട്.പ്രാകൃത കന്നടയാണ് ഇവരുടെ ഭാഷ. പ്രാകൃത മലയാളത്തിന്‍െറ കലര്‍പ്പ് ആ ഭാഷയിലുണ്ട്.അടിയാന്മാരുടെ സങ്കേതങ്ങള്‍ക്ക് ‘മണ്ടു’ എന്നാണ് പറയുക. അടിയാന്മാരുടെ ഓരോ കുടുംബത്തിനും ഓരോ തലവനുണ്ടാകും. തലവനെ  ‘പെരുമാന്‍’ എന്നാണ് വിളിക്കുന്നത്. പെരുമാന്‍സ്ഥാനം പരമ്പരാഗതമാണ്. അടിയാന്മാര്‍ക്ക് അവരുടേതായ പാട്ടുകളും നൃത്തങ്ങളുമുണ്ട്.വിവാഹം വധൂഗൃഹത്തിലാണ് നടക്കുക. സദ്യ വരന്‍െറ ഗൃഹത്തിലാണ്. മുറപ്പെണ്ണിനെ വിവാഹംചെയ്യുന്ന പതിവില്ല. അടിയാന്മാര്‍ ഹിന്ദുക്കളാണ്. എന്നാല്‍, ഇവര്‍ക്കായി ക്ഷേത്രങ്ങളില്ല.

കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലെ പല മേഖലകളിലും താമസിക്കുന്നുണ്ട്
കുറിച്യര്‍ (Kurichyar)

കണ്ണൂര്‍(Kannur), വയനാട് (Wayanad), കോഴിക്കോട്(Kozhikkod) ജില്ലകളിലെ പല മേഖലകളിലും കുറിച്യര്‍ താമസിക്കുന്നുണ്ട്. മലബാറിലെ സമതലങ്ങളില്‍നിന്ന് ആദ്യമായി വയനാട്ടിലെത്തി കൃഷി ആരംഭിച്ചത് കുറിച്യരായിരുന്നു. സാമൂഹികമായി അവരുടെ സ്ഥാനം മറ്റെല്ലാ ആദിവാസികളുടെയും മീതെയാണ്. മറ്റുള്ള ആദിവാസികള്‍ അവരെ തൊട്ടാലും തീണ്ടിയാലും അവര്‍ അയിത്തമാകും. മറ്റുള്ളവര്‍ തൊട്ട വെള്ളംപോലും അവര്‍ കുടിക്കാറില്ല.അബദ്ധത്തില്‍ ഒരു പണിയനെയോ കുറുമനെയോ തൊട്ടുപോയാല്‍ 40തവണ വെള്ളത്തില്‍ മുങ്ങണം. വീട്ടില്‍നിന്ന് പുറത്തുപോയാലും തിരിച്ചുകയറുമ്പോള്‍ കുളിക്കണം. അയിത്തത്തില്‍ കുറിച്യരെപ്പോലെ വിശ്വാസമുള്ള മറ്റൊരു ജാതിയില്ല.കുറിച്യര്‍ ഒന്നാന്തരം വില്ലാളികളാണ്. ബ്രിട്ടീഷുകാരുമായുണ്ടായ പഴശ്ശിയുദ്ധങ്ങളില്‍ അമ്പും വില്ലും ധരിച്ച കുറിച്യര്‍ പഴശ്ശി രാജാവിന്‍െറ പിന്നണിപ്പടയാളികളായിരുന്നു.കുറിച്യര്‍ സത്യസന്ധരും വിശ്വസ്തരുമാണ്.ലക്ഷ്യസ്ഥാനത്തുകൊള്ളുന്ന ശരപ്രയോഗം വശമുള്ളതുകൊണ്ടാണ് അവരെ കുറിച്യരെന്ന് വിളിക്കുന്നതെന്ന് ഒരഭിപ്രായമുണ്ട്. നെറ്റിയിലും മാറിലും കുറി പൂശുന്നതുകൊണ്ടാണ് കുറിച്യര്‍ എന്ന പേരു വന്നതെന്നും അഭിപ്രായമുണ്ട്.സാമ്പത്തികമായി മെച്ചപ്പെട്ട ഒരു സമുദായമാണ്. കുറിച്യരുടെ ഭാഷ മലയാളമാണ്. ഉച്ചാരണത്തിന്‍െറ പ്രത്യേകതയാല്‍ അവര്‍ പറയുന്നത് മനസ്സിലാക്കാന്‍ പ്രയാസംതോന്നാറുണ്ട്.വിളക്കുകത്തിക്കാന്‍ വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നത്. കുറിച്യര്‍ക്കും തലവനുണ്ട്. അദ്ദേഹത്തെ മൂപ്പനെന്നും മൂത്ത പണിക്കരെന്നും വിളിക്കും. മൂത്ത പണികര്‍ക്കു പുറമെ മിക്ക കുടികളിലും ഇളയ പണിക്കരുമുണ്ടായിരിക്കും. മൂപ്പന്‍െറ അരയില്‍ വെള്ളിപ്പിടിയില്‍ കത്തി തിരുകിയിരിക്കും. ഇത് ധരിക്കുമ്പോള്‍ മാത്രമേ മൂപ്പനായി അംഗീകരിക്കുകയുള്ളൂ.കുറിച്യര്‍ക്കിടയില്‍ താലിക്കെട്ടുകല്യാണമുണ്ട്. പെണ്‍കുട്ടി ഋതുമതിയാകുന്നതിനുമുമ്പ് നിര്‍ബന്ധമായി നടത്തേണ്ട ചടങ്ങാണിത്. താലികെട്ടുന്നത് അച്ഛനോ അമ്മാവനോ ആയിരിക്കും. ശരിയായ വിവാഹം വയസ്സറിയിച്ചതിനു ശേഷം മാത്രമേ പാടുള്ളൂ.
വിവാഹത്തിന് അമ്പും വില്ലും ധരിച്ച വരന്‍ വധൂഗൃഹത്തില്‍ വരും. വധുവിനും വധുവിന്‍െറ അമ്മക്കും ഓരോ പുടവയും മറ്റു സമ്മാനങ്ങളും നല്‍കും. പിന്നീട് അവരെയും കൂട്ടി വരന്‍െറ വീട്ടിലേക്ക് വരും. വരന്‍െറ വീട്ടില്‍വെച്ച് താലികെട്ടും സദ്യയും നടക്കും.
കുറിച്യര്‍ മരുമക്കത്തായക്കാരാണ്. എന്നാല്‍, വിവാഹശേഷം ഭാര്യ ഭര്‍ത്താവിന്‍െറ വീട്ടിലാണ് താമസിക്കുക.കുട്ടി പിറന്നാല്‍ 41 ദിവസം പുല കഴിയുന്നതുവരെ അച്ഛന് കുട്ടിയെ കാണാന്‍ പാടില്ല.മൃതദേഹം മറവുചെയ്യുകയാണ് പതിവ്. മരിച്ചത് പുരുഷനാണെങ്കില്‍ കുഴിമാടത്തിനു മുകളില്‍ അമ്പും വില്ലും വെക്കും. സ്ത്രീയാണെങ്കില്‍ മീന്‍പിടിക്കാന്‍ ഉപയോഗിക്കുന്ന വലയും.

To know about More : http://en.wikipedia.org/wiki/Tribals_in_Kerala

കടപ്പാട്  :- ലേഖനം  :വെളിച്ചം 
അടുത്ത പോസ്റ്റില്‍ തുടരും ....
Subscribe to കിളിചെപ്പ് by Email
Share it:

Know About Tribal

അറിയാം ആദിവാസി ചരിത്രം

Post A Comment:

0 comments: