അപൂര്‍വ പക്ഷികള്‍ - 3


Secretary Bird
തീക്കാക്ക (Malabar Trogon)
ട്രോഗോണി ഹോര്‍മിസ് വര്‍ഗത്തില്‍പെട്ട പക്ഷിയാണ് തീകാക്ക. പശ്ചിമമലനിരകളില്‍ കാണപ്പെടുന്ന പക്ഷികളെ ഇന്ത്യയിലെ ഒഡിഷ പോലുള്ള ചില സംസ്ഥാനങ്ങളിലും കണ്ടുവരുന്നു. ചെറുതും പരന്നതുമായ കൊക്കാണ് തീ കാക്കയുടേത്. നാല് വിരലുകളാണ് കാലിലുള്ളത്. കറുത്ത നിറമാണ് ചിറകിന്. ചിറകില്‍ വെളുത്ത വരകളുണ്ട്.
തീകാക്കകളിലെ ആണ്‍പക്ഷിയുടെ കഴുത്തും മുകളിലേക്കുള്ള ഭാഗവും കറുപ്പാണ്. എന്നാല്‍, കഴുത്ത്, നെഞ്ച് എന്നിവയെ വെളുത്ത വളയംകൊണ്ട് വേര്‍ തിരിക്കുന്നു. നെഞ്ചിനുതാഴെ ചുവപ്പ് നിറമാണ്. പെണ്‍പക്ഷികള്‍ക്ക് ഇവിടെ തവിട്ട് നിറമാണ്. ഫെബ്രുവരിയോടെ തീകാക്കയുടെ പ്രജനനകാലം  തുടങ്ങുന്നു. ഭക്ഷണം ചെറുകീടങ്ങളും പ്രാണികളുമൊക്കെയാണ്. ഉണങ്ങിയമരങ്ങളുടെ പൊത്തുകള്‍ തീകാക്ക വാസസ്ഥാനങ്ങളാക്കുന്നു.
നെല്ലിക്കോഴി (Rails and Crakes)
കുളക്കോഴികളുടെ വംശത്തില്‍ പിറന്നവരാണ് നെല്ലിക്കോഴികള്‍. വയലുകളിലും ചതുപ്പുനിലങ്ങളിലും കാട്ടുപൊന്തകളിലുമൊക്കെ നെല്ലിക്കോഴികളെ കാണാം. മണ്ണിന്‍െറ നിറമുള്ള ശരീരവും ചുവന്ന കണ്ണുകളും കാലുകളും മടങ്ങിയ ചിറകുമൊക്കെ നെല്ലിക്കോഴികള്‍ക്കുണ്ട്. വാല്‍ ഉയര്‍ത്തിയും താഴ്ത്തിയും ഇരതേടുക ഇവയുടെ സ്വഭാവമാണ്. ചുവന്ന നെല്ലിക്കോഴി (Ruddy Crake) യെ കൂടാതെ തവിടന്‍ നെല്ലിക്കോഴി (Slaty legged Banded Crake) എന്നൊരു ഇനമുണ്ട്. ഇതിന്‍െറ തലയും കഴുത്തും തവിട്ടുനിറം കലര്‍ന്ന ചുവപ്പാണ്. കാലുകള്‍ക്ക് സ്ളേറ്റ് നിറമായതിനാലാണ് തവിടന്‍ നെല്ലിക്കോഴിയെ ഇംഗ്ളീഷില്‍ Slaty legged Banded Crake എന്നു പറയുന്നത്.


ചിന്ന കുട്ടുറുവന്‍ (Small Green Barbet)
പച്ചില അടവന്‍ എന്നാണ് ചിന്നകുട്ടുറുവന്‍െറ മറ്റൊരുപ്പേര്. മഞ്ഞകലര്‍ന്ന പച്ചനിറത്തില്‍ കാണപ്പെടുന്ന ഈ പക്ഷി നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സര്‍വസാധാരണമാണ്. ശിരസ്സ്, കഴുത്ത് എന്നീ ഭാഗങ്ങളില്‍ നേരിയ തവിട്ടുനിറം കാണാറുണ്ട്. കണ്ണുകള്‍ക്കുസമീപം വെളുത്തപാടുകളുണ്ടാവും. തടിച്ച ചുണ്ടുകള്‍ക്ക് നീളം കുറവാണ്. ഞാവല്‍, ആല്‍, ചാമ്പ തുടങ്ങിയ മരങ്ങളില്‍ ഭക്ഷണം തേടുന്നത് കാണാം. മരപ്പൊത്തുകളാണ് വാസസ്ഥാനം.
പനങ്കാക്ക (Indian Roller)
വയലുകളിലും മറ്റ് കൃഷിയിടങ്ങളിലുംമൊക്കെ ഇടക്ക് കാണപ്പെടുന്ന പക്ഷിയാണ് പനങ്കാക്ക. വലിയതലയും തടിച്ച ശരീരവും പനങ്കാക്കക്കുണ്ടായിരിക്കും. വാല്‍ ചെറുതും. തലയുടെ താഴെഭാഗങ്ങള്‍ തവിട്ട് നിറത്തിലാണ്. ശരീരത്തിന്‍െറ അടിഭാഗത്തും ചിറകുകളിലും നീലനിറം വ്യാപിച്ചിരിക്കുന്നത് കാണാം.
ഒരു വലിയ  മരത്തിന്‍െറ ശിഖരത്തിലിരിക്കുന്ന പനങ്കാക്ക മണ്ണിലിഴയുന്ന ചെറിയ ഇരയെ നിഷ്പ്രയാസം കണ്ടെത്തും. താഴേക്ക് പറന്നുവന്ന് ഞൊടിയിടയില്‍ അതിനെ കൊത്തിയെടുക്കുകയും ചെയ്യും. വലിയ ഇരകളെയാണ് പിടിക്കുന്നതെങ്കില്‍ പനങ്കാക്ക മരത്തില്‍ തല്ലി ഇരയെ വകവരുത്തിയതിനുശേഷം ഭക്ഷിക്കും. സാധാരണയായി കൃഷിയിടങ്ങള്‍ക്കു സമീപത്തെ തെങ്ങിലും പനയിലുമൊക്കെ ഈ പക്ഷികളെ കാണാം. കാട്ടുപനങ്കാക്ക (ഡോളര്‍ ബേര്‍ഡ്) ഈ വര്‍ഗത്തില്‍പെട്ട പക്ഷിയാണ്.
റോസ് കുരുവി (Rose Sparrow)
റോസ് നിറത്തില്‍ ചെറിയ വരകളുള്ള ഇവയുടെ ശരീരം സുന്ദരമാണ്. തടിച്ച, നീളംകുറഞ്ഞ കൊക്കുകളാണ് ഈ പക്ഷിയുടേത്. തലഭാഗം നല്ല ചുവപ്പ് നിറത്തിലായിരിക്കും. ചെറുവനങ്ങളിലും കുറ്റിക്കാടുകളിലും കഴിയാനിഷ്ടപ്പെടുന്ന റോസ് കുരുവി ചെറിയ വിത്തുകള്‍ ഭക്ഷിക്കുന്നു. കൂട്ടമായാണ് ഇര തേടുക. വളരെ വേഗത്തില്‍ പറക്കും. മരങ്ങളില്‍ ചേക്കേറുകയും കൂടുവെക്കുകയും ചെയ്യും.
ഹിമാലയന്‍ മോണല്‍
എഴുപത്തിരണ്ട് സെ.മീറ്റര്‍ നീളമുള്ള വലിയ പക്ഷികളാണ് ഹിമാലയന്‍ മോണലുകള്‍. ഭാരതത്തില്‍ വടക്കു-കിഴക്ക് ഭാഗങ്ങളില്‍ കണ്ടുവരുന്ന ഈ പക്ഷികള്‍ മയിലിനോട് സാദൃശ്യമുള്ളവയാണ്. തൂവലുകള്‍ക്ക് നീലനിറമാണ്. അടിഭാഗത്തെ തൂവലുകള്‍ കറുപ്പ് നിറത്തിലും. ശിരസ്സില്‍ മയിലുകളെപ്പോലെ ഒരു നീളന്‍ പൂവ് ഹിമാലയന്‍ മോണലിനും കാണാം. ഷഡ്പദങ്ങള്‍, പുഴുക്കള്‍, ധാന്യങ്ങള്‍, കായ്കനികള്‍ എന്നിവയൊക്കെ ഹിമാലയന്‍ മോണല്‍ പക്ഷികള്‍ ആഹരിക്കും.
കാക്കപോ (Kakapo)
മൂങ്ങത്തത്ത എന്ന പേരില്‍ അറിയപ്പെടുന്നതും തത്തവര്‍ഗത്തില്‍ പെട്ടതുമായ അപൂര്‍വയിനം പക്ഷിയാണ് കാക്കപോ. പറക്കാനാവാത്ത ഈ പക്ഷി ഇന്ന് പൂര്‍ണമായും വംശനാശത്തിന്‍െറ വക്കിലാണ്. ന്യൂസിലന്‍ഡാണ് കാക്കപോയുടെ ജന്മദേശം. ലോകത്ത് ഇന്ന് നൂറില്‍താഴെ കാക്കപോ പക്ഷികള്‍  മാത്രമേ ജീവിച്ചിരിക്കുന്നുള്ളൂ എന്ന വസ്തുത നാം വിസ്മരിച്ചു കൂടാ.മുന്‍കാലങ്ങളില്‍ ന്യൂസിലന്‍ഡിലേക്ക് കുടിയേറിയ ജനസമൂഹങ്ങള്‍ ഇറച്ചിക്കൊതിയന്മാരായ അവരുടെ വളര്‍ത്തുമൃഗങ്ങളെയും ഒപ്പംകൂട്ടി. ഈ ജീവികള്‍ വന്നെത്തിയതോടെ കാക്കപോ പക്ഷികള്‍ ആപത്കരമായി വേട്ടയാടപ്പെട്ടു.
കാക്കപോയുടെ തൂവലുകള്‍ക്ക് മഞ്ഞകലര്‍ന്ന പച്ച നിറമാണ്. കറുപ്പ്-തവിട്ട് പുള്ളികള്‍ തൂവലുകളിലുണ്ട്. ചെറിയ ചുണ്ടും ചെറിയ വാലും തത്തയെപ്പോലെ തോന്നിക്കുന്ന രൂപവും കാക്കപോ പക്ഷികള്‍ക്കുണ്ട്. മരങ്ങളില്‍ വിദഗ്ധമായി കയറാന്‍ ഇവക്കാവും. പഴവര്‍ഗങ്ങളും ഇലകളും കായ്കളുമൊക്കെയാണ് ഭക്ഷണം!
ഈസ്റ്റേണ്‍ കിങ് ബേഡ് (Eastern King Bird)
ഈസ്റ്റേണ്‍ കിങ് ബേഡുകള്‍ ദേശാടനപ്പക്ഷികളാണ്. അമേരിക്ക, കനഡ, മെക്സിക്കന്‍ തീരം എന്നിവിടങ്ങളില്‍ കണ്ടുവരുന്നു. പക്ഷിരാജാക്കന്മാരുടെ കൂട്ടത്തിലാണ് ഇവയെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. താരതമ്യേന ചെറുപക്ഷികളാണ് ഇവ. 20-22 സെന്‍റീമീറ്ററേ വലുപ്പമുണ്ടാവൂ. ശബ്ദമുണ്ടാക്കിക്കൊണ്ടാണ് എല്ലായ്പോഴും സഞ്ചാരം. താരതമ്യേന വലിയ പക്ഷികളെപ്പോലും പതിയിരുന്നാക്രമിക്കാന്‍ ഈ ചെറുപക്ഷികള്‍ക്ക് ഒരു മടിയുമില്ല. കഴുകന്മാര്‍, പരുന്തുകള്‍ തുടങ്ങിയ വലിയ പക്ഷികളെപ്പോലും ഈസ്റ്റേണ്‍ കിങ് ബേഡ് എന്ന ഈ കൊച്ചുരാജാക്കന്മാര്‍ ആക്രമിക്കും. ചിലപ്പോള്‍ മനുഷ്യനു തന്നെയും ഭീഷണിയുയര്‍ത്താറുണ്ട്. വിമാനങ്ങള്‍ക്കുനേരെ പറന്നടുക്കുന്ന ഈ പക്ഷികള്‍ വിമാനയാത്രകള്‍ക്ക് തടസ്സങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഷഡ്പദങ്ങളെ പിടിച്ച് ആഹരിക്കാന്‍ ഒരു പ്രത്യേക കഴിവുണ്ട്. മെക്സികോയില്‍ വെസ്റ്റേണ്‍ കിങ്ബേഡ് എന്നൊരു വിഭാഗത്തെയും കണ്ടുവരുന്നു.
വാനമ്പാടി (Lark)
ഭൂമിയില്‍ ഒട്ടുമിക്ക വന്‍കരകളിലും വാനമ്പാടി എന്ന ചെറുപക്ഷിയെ കാണാം. ‘വാനമ്പാടി’ എന്ന് ഗായികമാരെ നാം വിശേഷിപ്പിക്കാറുണ്ടല്ലോ. സ്വരമാധുര്യമാണ് ഇത്തരത്തില്‍ വിശേഷണങ്ങള്‍ നല്‍കാന്‍ കാരണം. വാനമ്പാടി എന്ന കൊച്ചു പക്ഷിയുടെ സ്വരവും ഇങ്ങനെ മാധുര്യമേറുന്നതാണത്രെ!
ചാരനിറവും വെളുപ്പും കറുപ്പുമാണ് വാനമ്പാടിയുടെ ശരീര നിറങ്ങള്‍. ഇതില്‍ തന്നെ പലതരം വാനമ്പാടികള്‍ക്കും വ്യത്യസ്ത നിറങ്ങളാണ്. തലയില്‍ തൂവല്‍കിരീടം വെച്ച കൊമ്പന്‍ പാടികള്‍. കറുപ്പു നിറക്കാരനായ കരിവയറന്‍, ചെമ്പന്‍ പാടി തുടങ്ങിയവയൊക്കെ വാനമ്പാടി ഇനങ്ങളാണ്. മരുഭൂമിയിലെ കനത്ത ചൂടിലും അതിതീവ്രമായ തണുപ്പിലുമൊക്കെ വാനമ്പാടികള്‍ക്ക് കഴിയാനാവുമെന്നതാണ് അതിന്‍െറ പ്രത്യേകത. പ്രാണികള്‍, മത്സ്യം, സസ്യഭാഗങ്ങള്‍ തുടങ്ങിയവയൊക്കെയാണ് വാനമ്പാടികളുടെ ഭക്ഷണം.
കാസോവരി
അപകടകാരികളായ ഭീമാകാരനായ പക്ഷിയാണ് കാസോവരി. ഇവയുടെ കാലുകള്‍ ബലമേറിയതും തടിച്ചതുമാണ്. കാലിലെ പ്രധാന വിരലുകളിലെ മധ്യഭാഗത്തെ വിരല്‍ ഒരു വാളിന് സമാനമാണ്. ഇത് ശരീരത്തില്‍ കുത്തിയിറക്കി കാസോവരിക്ക് ഒരു മനുഷ്യനെ നിഷ്പ്രയാസം വകവരുത്താന്‍ കഴിയും. ഒറ്റനോട്ടത്തില്‍ പാവത്താന്മാരെന്നു തോന്നുന്ന ഈ പക്ഷികള്‍ പലപ്പോഴും അപകടകാരികളായി മാറുന്നത് ശത്രുവാണെന്ന സംശയം ജനിക്കുമ്പോഴാണ്. മികച്ച ഓട്ടക്കാരനായ ഈ പക്ഷി മണിക്കൂറില്‍ അമ്പത് കിലോമീറ്ററിലേറെ ദൂരം  ഓടും. അതുകൊണ്ടുതന്നെ ആക്രമിക്കാന്‍ മുതിര്‍ന്ന ഒരു കാസോവരിയില്‍ നിന്ന് മനുഷ്യന്  ഓടിയകലുക എളുപ്പമല്ല. എന്നാല്‍, ഒരു അടിപോലും പറക്കാന്‍ ഈ പക്ഷിക്കാവില്ല. ശരീരം കറുത്ത തൂവലുകളാല്‍ ആവരണം ചെയ്യപ്പെട്ടതാണ്. ഒരുതരം നീലവര്‍ണവും കാണാം. ശിരസ്സില്‍ വലിയ പൂവും ഉണ്ടായിരിക്കും. പെണ്‍പക്ഷിക്കാണ് വലുപ്പക്കൂടുതല്‍. പെണ്‍പക്ഷി ഇടുന്ന മുട്ടക്ക് അടയിരിക്കുന്നത് ആണ്‍പക്ഷിയാണ്.
തിരവെട്ടിപ്പക്ഷി (Shearwater Bird)
ദീര്‍ഘദൂരം പറക്കുന്ന ചെറിയ കടല്‍പക്ഷിയാണ് തിരവെട്ടി. ഒട്ടേറെ ഇനങ്ങളുണ്ട് തിരവെട്ടികളില്‍. ചെങ്കാലന്‍, കൊതവാലന്‍ തുടങ്ങിയവയൊക്കെ നമ്മുടെ നാട്ടില്‍ കാണുന്ന ഇനങ്ങളാണ്. ഘ്രാണശക്തിയുടെ കാര്യത്തില്‍ മറ്റേതൊരു പക്ഷിയെയും മറികടക്കുന്നവയാണ് തിരവെട്ടികള്‍.
ഏറ്റവുമധികം വേട്ടയാടപ്പെടുന്ന കടല്‍പക്ഷികൂടിയാണ് തിരവെട്ടി. ഭക്ഷണാവശ്യത്തിനാണത്രെ മനുഷ്യര്‍ ഈ ഇത്തിരിക്കുഞ്ഞന്‍ പക്ഷികളോട് ക്രൂരത ചെയ്യുന്നത്. എത്ര ദൂരെ പോയാലും സമര്‍ഥമായി സ്വന്തം കൂട്ടില്‍ തിരിച്ചെത്താനുള്ള കഴിവ് പല പരീക്ഷണങ്ങളിലൂടെയും ശാസ്ത്രജ്ഞര്‍ക്ക് ബോധ്യപ്പെട്ടതാണ്. സൗത് വെയില്‍സില്‍ ഒരു തിരവെട്ടിക്കിളിയെ പേടകത്തിലാക്കി അയ്യായിരം കിലോമീറ്ററിലേറെ ദൂരം കടലിലൂടെ ഒഴുക്കിയശേഷം തുറന്നുവിട്ടപ്പോള്‍ അത് സര്‍വരെയും അമ്പരപ്പിച്ചുകൊണ്ട് തന്‍െറ കൂട്ടില്‍ തിരിച്ചെത്തിയത്രെ. അമ്പത് ദിവസത്തോളമാണ് തിരവെട്ടിപ്പക്ഷികളുടെ അടയിരിപ്പ് കാലം.
സെക്രട്ടറി പക്ഷി (Secretary Bird)
ഭരണത്തിലിരുന്ന വ്യക്തികളുടെ സെക്രട്ടറിമാര്‍ ഉപയോഗിച്ചിരുന്ന പഴയ ‘തൂവല്‍പേന’കള്‍ക്ക് സമാനമായ നീണ്ട തൂവലുകള്‍ ശിരസ്സില്‍ ധരിച്ച പക്ഷിയായതിനാലാണ് ഈ വേട്ടപ്പക്ഷിക്ക് സെക്രട്ടറി പക്ഷി എന്ന പേരുവന്നത്. ശിരസ്സില്‍ ഒരു കിരീടത്തിന് സമാനമാണ് കുത്തനെ നില്‍ക്കുന്ന ഇരുപതോളം തൂവലുകള്‍.
വലിയ പക്ഷിയാണ് ഇവ. ഒരു മീറ്ററിലേറെയാണ് ഇതിന്‍െറ ഉയരം. നിലത്ത് നടന്ന് ഇരതേടുന്ന സ്വഭാവവുമുണ്ട്. ദേശാടന തല്‍പരനല്ല സെക്രട്ടറി ബേര്‍ഡ്. ആഹാരം തേടുന്നത് കൂട്ടമായാണ്. ഒരു ഇര മുന്നില്‍പെട്ടാല്‍ സംഘംചേര്‍ന്ന് നേരിടും.
പല്ലികള്‍, പാമ്പുകള്‍ തുടങ്ങിയവയാണ് ആഹാരം. മുന്നില്‍ വന്നുപെടുന്ന ഇരയെ വേട്ടയാടുന്ന രീതി ഭയാനകമാണ്. കാരണം, പാമ്പ് തുടങ്ങിയ ഇരകളെ സെക്രട്ടറി ബേഡ് ചവിട്ടിയരച്ച് കൊല്ലുകയും ഭക്ഷണമാക്കുകയും ചെയ്യും. ആഫ്രിക്കയിലാണ് സെക്രട്ടറി പക്ഷികളെ കണ്ടുവരുന്നത്.

Subscribe to കിളിചെപ്പ് by Email
Get Free Updates:
*Please click on the confirmation link sent in your Spam folder of Email*
Share :
+
Previous
Next Post »
0 Comments for "അപൂര്‍വ പക്ഷികള്‍ - 3"

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.

 
Thanks for Your Visit, Visit Again. DISCLAIMER :- If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. All the content avilable on this blog is informational purpose only.Reproduction and republishing of contents from here to any other websites or blogs is strictly prohibited.
Template By Kunci Dunia
Back To Top