ശുക്രന്‍

Share it:
ഭൂമിയുടെ(Earth) സഹോദരഗ്രഹമെന്നറിയപ്പെടുന്ന ശുക്രന്‍(Venus) സൗരയൂഥ(Solar system)ത്തിലെ ഏറ്റവും സുന്ദരമായ ഗ്രഹമാണ്. സൗരയൂഥത്തില്‍ സൂര്യനൊ(Sun)ഴികെയുള്ളവരില്‍  ഏറ്റവും തിളക്കമേറിയ അംഗമെന്ന പ്രത്യേകതയാണ് റോമന്‍ (Roman)സൗന്ദര്യദേവതയായ വീനസിന്‍െറ പേര് ശുക്രന് നേടിക്കൊടുത്തത്. സൗരയൂഥത്തിലെ രണ്ടാമത്തെ ഗ്രഹമാണ് ശുക്രന്‍. സൂര്യനെ ഒരു തവണ പ്രദക്ഷിണംചെയ്യാന്‍ ശുക്രന്  224.7 ഭൗമദിനങ്ങള്‍ വേണം.

സൂര്യോദയത്തിന് തൊട്ടുമുമ്പും സൂര്യാസ്തമയത്തിനുശേഷവുമാണ് ആകാശത്ത് ശുക്രന്‍ പ്രത്യക്ഷപ്പെടുന്നത്. വലുപ്പം, ഗുരുത്വാകര്‍ഷണശേഷി, മൊത്തത്തിലുള്ള പദാര്‍ഥഘടകങ്ങള്‍ തുടങ്ങിയവയില്‍ പുലര്‍ത്തുന്ന സാദൃശ്യത്താലാണ് ശുക്രന്‍ ഭൂമിയുടെ സഹോദരഗ്രഹമെന്നു വിശേഷിപ്പിക്കപ്പെടുന്നത്. ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹമാണ് ശുക്രന്‍.
20ാം നൂറ്റാണ്ടുവരെ ശുക്രനെക്കുറിച്ച് കാര്യമായ വിവരങ്ങള്‍ കണ്ടെത്തിയിരുന്നില്ല. ബി.സി ആറാം നൂറ്റാണ്ടില്‍ ഗ്രീക്ക് തത്ത്വചിന്തകനായ പൈഥഗോറസാണ് പ്രഭാതത്തിലും സന്ധ്യക്കും പ്രത്യക്ഷപ്പെടുന്ന ‘നക്ഷത്രം’ ഒന്നാണെന്നു കണ്ടെത്തിയത്. 17ാം നൂറ്റാണ്ടില്‍ ഇറ്റാലിയന്‍ ജ്യോതിശ്ശാസ്ത്രജ്ഞനായ ഗലീലിയോ ഗലീലിയാണ് ഈ ഗ്രഹത്തെ ആദ്യമായി ശാസ്ത്രീയനിരീക്ഷണത്തിനു വിധേയമാക്കിയത്. അതിനുശേഷമാണ് ഇതൊരു നക്ഷത്രമല്ലെന്ന് വ്യക്തമാകുന്നത്.


1961 ഫെബ്രുവരി 12ന് സോവിയറ്റ് യൂനിയന്‍ (Soviet Union)ശുക്രനെ ലക്ഷ്യമാക്കി വിക്ഷേപിച്ച വെനീറ 1 (Venera 1) പേടകം ഒരു ഗ്രഹത്തിലേക്കു വിക്ഷേപിക്കപ്പെട്ട ആദ്യ റോബോട്ടിക് പേടകമായി. ദൗര്‍ഭാഗ്യവശാല്‍ ഈ ശ്രമവും പിന്നീട് അമേരിക്കന്‍ ബഹിരാകാശഏജന്‍സിയായ നാസ(NASA) നടത്തിയ ആദ്യശ്രമവും പരാജയപ്പെട്ടു.
നാസയുടെ രണ്ടാം ശ്രമമായ മാരിനര്‍ 2 1962ല്‍ ലക്ഷ്യംകണ്ടു. ശുക്രന്‍െറ ഉയര്‍ന്ന താപനില അവിടെ ജീവന്‍െറ നിലനില്‍പ്പുണ്ടാകാമെന്നുള്ള പ്രത്യാശക്ക് വിരാമമിട്ടു.  
ശുക്രന്‍െറ അന്തരീക്ഷത്തിലേക്കു പ്രവേശിച്ചതും ശുക്രോപരിതലം സ്പര്‍ശിച്ചതുമായ ആദ്യ മനുഷ്യനിര്‍മിതവസ്തുവായി 1966ല്‍  സോവിയറ്റ് യൂനിയന്‍ വിക്ഷേപിച്ച വെനീറ 3 
(Venera 3) പേടകം. അമേരിക്കയും സോവിയറ്റ് യൂനിയനും പിന്നെയും ശുക്രനിലേക്ക്  പേടകങ്ങള്‍ വിക്ഷേപിച്ചു, ഇപ്പോഴും പഠനങ്ങള്‍ തുടരുന്നു.
എന്താണ് ശുക്രസംതരണം ?
ഭൂമിക്കും സൂര്യനുമിടയിലായി ചന്ദ്രന്‍ വരുമ്പോള്‍ അത് സൂര്യബിംബത്തെ പൂര്‍ണമായോ ഭാഗികമായോ മറയ്ക്കും. നാമതിനെ സൂര്യഗ്രഹണമെന്നാണ് വിളിക്കുന്നത്. അതുപോലെ, ഭൂമിക്കും സൂര്യനുമിടയില്‍ക്കൂടി ശുക്രന്‍ കടന്നുപോകുമ്പോള്‍ അത് സൂര്യബിംബത്തെ മറയ്ക്കാന്‍ ശ്രമിക്കും. എന്നാല്‍, ഭൂമിയില്‍നിന്ന് വളരെ അകലെയായതിനാല്‍ (ഏകദേശം അഞ്ചുകോടി കിലോമീറ്റര്‍) സൂര്യബിംബത്തെ പൂര്‍ണമായി മറയ്ക്കാന്‍ ശുക്രനാവില്ല. സൂര്യബിംബത്തിനു മുന്നിലൂടെ ഒരു കറുത്തപൊട്ടുപോലെ ഗ്രഹം സഞ്ചരിക്കുന്നതായി ഭൂമിയിലുള്ള നിരീക്ഷകന് കാണപ്പെടും. ഇതാണ് ശുക്രസംതരണം. ചന്ദ്രന്‍ ഭൂമിയുടെ വളരെ അടുത്തായതുകൊണ്ടാണ് (ഏകദേശം നാലു ലക്ഷം കിലോമീറ്റര്‍) സൂര്യബിംബത്തെ പൂര്‍ണമായി മറയ്ക്കുന്നത്. ഏതാനും മണിക്കൂറുകളാണ് ശുക്രസംതരണം ദൃശ്യമാകുന്നത്. 2004ല്‍ നടന്ന ശുക്രസംതരണം ആറുമണിക്കൂര്‍ നീണ്ടുനിന്നു. 243 വര്‍ഷംകൊണ്ട് ആവര്‍ത്തിക്കുന്ന സവിശേഷ പാറ്റേണിലാണ് ശുക്രസംതരണം സംഭവിക്കുന്നത്. 121.5 വര്‍ഷത്തിനും 105.5 വര്‍ഷത്തിനും ഇടയില്‍ 8 വര്‍ഷത്തിലൊരിക്കല്‍ എന്ന വിചിത്രമായ പാറ്റേണാണിത്.
 
സൗരയൂഥത്തില്‍ ബുധന്‍ കഴിഞ്ഞാല്‍ സൂര്യന്‍െറ ഏറ്റവുമടുത്ത ഗ്രഹമാണ് ശുക്രന്‍. ഭൂമിയുടെ ഏറ്റവും അടുത്തുള്ള ഗ്രഹവും ശുക്രനാണ്. ഭൂമിയുടെ ഇരട്ട സഹോദരി എന്നുവിളിക്കാവുന്ന ശുക്രന്‍െറ വ്യാസം ഏറക്കുറെ ഭൂമിയുടേതിനു തുല്യമാണ്. ഏറ്റവുമധികം പര്യവേക്ഷണങ്ങള്‍ നടന്നിട്ടുള്ള ഗ്രഹവും ശുക്രനാണ്.
കട്ടികൂടിയ കാര്‍ബണ്‍ ഡൈഓക്സൈഡ് മേഘങ്ങള്‍ നിറഞ്ഞതാണ് ശുക്രന്‍െറ അന്തരീക്ഷം. അമ്ളമഴയും കൊടുങ്കാറ്റുകളും ശക്തമായ ഇടിമിന്നലുകളും നിത്യസംഭവമായ ശുക്രന്‍െറ താപനില 450 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. സൗരയൂഥത്തില്‍ ഏറ്റവും ചൂടുകൂടിയ ഗ്രഹവും ശുക്രനാണ്. കാര്‍ബണ്‍ ഡൈഓക്സൈഡ് വാതകത്തിന്‍െറ ഹരിതഗൃഹ സ്വഭാവമാണ് ഗ്രഹത്തിന്‍െറ താപനില ഇത്രയും ഉയരാന്‍ കാരണമാകുന്നത്. ഈ ഗ്രഹം ജീവന് അനുയോജ്യമല്ല. ശുക്രന്‍െറ ഭ്രമണപഥം ഭൂമിയുടെ ഭ്രമണപാതയില്‍നിന്ന് 3.39o ചരിഞ്ഞാണിരിക്കുന്നത്. കൃത്യമായ ഇടവേളകളില്‍ മാത്രമേ ഭൂമിയുടെ പരിക്രമണതപാത ശുക്രന്‍ മുറിച്ചുകടക്കുന്നുള്ളൂ. ഈ അവസരത്തില്‍ മാത്രമേ ഭൂമിയിലുള്ള നിരീക്ഷകന് ശുക്രന്‍ സൂര്യബിംബത്തിന്‍െറ മുന്നിലൂടെ കടന്നുപോകുന്നതായി കാണപ്പെടുകയുള്ളൂ.
പ്രഭാതനക്ഷത്രമെന്നും പ്രദോഷ നക്ഷത്രമെന്നുമെല്ലാം വിളിക്കുന്ന ശുക്രനെക്കുറിച്ച് പുരാതന ഇന്ത്യന്‍, ഗ്രീക്ക്, ഈജിപ്ഷ്യന്‍, ചൈനീസ്, ബാബിലോണിയന്‍, മായന്‍ സംസ്കാരങ്ങളിലെല്ലാം സൂചനയുണ്ടായിരുന്നു. ഈ ഗ്രഹത്തിന്‍െറ സഞ്ചാരത്തെക്കുറിച്ചും ഏകദേശ ധാരണ അക്കാലത്തെ ജനങ്ങള്‍ക്കുണ്ടായിരുന്നു. ആധുനിക കാലഘട്ടത്തില്‍ ആദ്യമായി ശുക്രന്‍െറ സഞ്ചാരപാത ശാസ്ത്രീയമായി അപഗ്രഥിച്ചത് യൊഹാന്‍ കെപ്ളറാണ്. എ.ഡി 1631ല്‍ ശുക്രസംതരണം നടക്കുമെന്ന് നാലു വര്‍ഷങ്ങള്‍ക്കുമുമ്പ് 1627ല്‍ അദ്ദേഹം പ്രവചിച്ചിരുന്നുവെങ്കിലും കണക്കുകൂട്ടലിലുണ്ടായ നേരിയ പിഴവു കാരണം അദ്ദേഹം പ്രവചിച്ചിരുന്ന സ്ഥലങ്ങളില്‍നിന്ന് ശുക്രസംതരണം ദര്‍ശിക്കാന്‍ കഴിഞ്ഞില്ല. പിന്നീട്, 1939 നവംബര്‍ 24ന് നടന്ന സംതരണം ഇംഗ്ളീഷ് ജ്യോതിശ്ശാസ്ത്രജ്ഞനായ ജെറെമിയ ഹൊറോക്സ് കൃത്യമായി പ്രവചിക്കുകയുണ്ടായി. കൂടാതെ, ശുക്രന്‍െറ സഞ്ചാരഗതി അപഗ്രഥിക്കുന്നതില്‍ കെപ്ളറിനുണ്ടായ നേരിയ പിഴവുകള്‍ തിരുത്താനും ഹൊറോക്സിന് സാധിച്ചു.
Subscribe to കിളിചെപ്പ് by Email
Share it:

ശുക്രന്‍

Post A Comment:

0 comments: