മഴ

Share it:
ഭൂമിയിലെ വെള്ളം നീരാവിയായി മേല്‍പ്പോട്ടുയര്‍ന്ന് തണുക്കുമ്പോഴാണ് മഴയുണ്ടാകുന്നതെന്ന സാമാന്യ തത്ത്വം എല്ലാവര്‍ക്കുമറിയാം. എന്നാല്‍, വെള്ളത്തിന്‍െറ ഈ വട്ടംകറങ്ങലിന് ശാസ്ത്രജ്ഞന്മാര്‍ കൊടുത്തിരിക്കുന്ന പേരെന്തെന്ന് അറിയാമോ? ‘ജലചക്രം’ അഥവാ ‘ഹൈഡ്രോളജിക് സൈക്ക്ള്‍’ (Hydrologic Cycle) എന്നാണത്.
വായു, ജലം, ചൂട് എന്നീ മൂന്നുഘടകങ്ങളുടെ പ്രവര്‍ത്തനഫലമായാണ് ജലചക്രം പൂര്‍ണമാകുന്നത്. വിവിധ ക്ളാസുകളിലെ മഴയുമായി ബന്ധപ്പെട്ട അധിക വിവരശേഖരണത്തിന് ഇത് നിങ്ങള്‍ക്ക് ഉപകരിക്കും.


മഴപെയ്യിക്കും മണ്‍സൂണ്‍
‘മണ്‍സൂണ്‍’ മഴയല്ല. മഴയെ വഹിച്ചുകൊണ്ടുവരുന്ന കാറ്റാണ്. അറബിപദമായ ‘മൗസിം’, മലയന്‍ വാക്കായ’ ‘മോന്‍സിന്‍’, കാലാവസ്ഥ എന്നര്‍ഥംവരുന്ന ‘മോവ്സം’ എന്നിവയില്‍നിന്നാണ് ഇംഗ്ളീഷ്പദമായ ‘മണ്‍സൂണ്‍’ പിറവിയെടുത്തത്. ചൂടാണ് മണ്‍സൂണിന് ജന്മം നല്‍കുന്നതെന്നു പറയാം. മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചൂട് 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. അപ്പോള്‍ ചൂടുപിടിച്ച് വായു മേല്‍പ്പോട്ടുയരുകയും അവിടെ ന്യൂനമര്‍ദമേഖലകള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും. ഇതേസമയം, കേരളത്തിനു തെക്കുപടിഞ്ഞാറുദിശയില്‍ ദക്ഷിണാര്‍ധ ഗോളത്തിലെ സമുദ്രോപരിതലം തണുത്ത വായു നിറഞ്ഞുനില്‍ക്കുന്ന അതിമര്‍ദമേഖലയായിരിക്കും.
ഈ തണുത്ത വായു ഉത്തരേന്ത്യയിലെ ന്യൂനമര്‍ദമേഖലയിലേക്ക് ഒഴുകിത്തുടങ്ങും. ഈ ശക്തമായ വായുപ്രവാഹത്തില്‍ വമ്പന്‍മേഘങ്ങളുടെ നീണ്ടനിര കേരളത്തിന്‍െറ തെക്കുപടിഞ്ഞാറെ തീരത്തെത്തുന്നു. ഈ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലവര്‍ഷത്തിന് കാരണമാകുന്നു. ഹിമാലയംവരെയെത്തി മഴ പെയ്യിച്ച് ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ മണ്‍സൂണ്‍ മടങ്ങിവരും. ഈ വടക്കുകിഴക്കന്‍ മണ്‍സൂണ്‍ കേരളത്തില്‍ തുലാമഴ പെയ്യിക്കുന്നു.

മഴ വേണോ? പെയ്യിക്കാം!
കേള്‍ക്കുമ്പോള്‍ ‘ഏയ്, ചുമ്മാ!’ എന്നു പറയാന്‍ തോന്നും, അല്ലേ? പക്ഷേ, സംഗതി സത്യമാണ്! അത്തരത്തിലുള്ള ശ്രമങ്ങള്‍ വളരെക്കാലമായി നടന്നുവരുന്നു. എങ്ങനെയെന്നോ? തണുത്തുറഞ്ഞ കാര്‍ബണ്‍ ഡൈഓക്സൈഡ്, സില്‍വര്‍ അയഡൈസ് എന്ന രാവസ്തുവിന്‍െറ തരികള്‍ എന്നിവ മേഘങ്ങളില്‍ വിതറി തണുപ്പിക്കുകയാണ് പരിപാടി. ഇങ്ങനെ ‘ക്ളൗഡ് സീഡിങ്’ നടത്തി മഴ പെയ്യിക്കുന്ന പദ്ധതി വിജയകരമായി ആദ്യം പരീക്ഷിച്ചത് 1946ല്‍ അമേരിക്കയിലാണ്. വിമാനത്തില്‍ പറന്നുയര്‍ന്നാണ് ഇര്‍വിങ് ലാങ്മൂര്‍ എന്ന ശാസ്ത്രജ്ഞന്‍ ഇത് നിര്‍വഹിച്ചത്. നമ്മുടെ കൊച്ചുകേരളത്തിലും 1987ല്‍ മഴ പെയ്യിക്കാന്‍ ഇത്തരത്തിലൊരു ശ്രമം നടത്തിയിരുന്നെങ്കിലും അത് ഫലവത്തായില്ല.

അതിശയിപ്പിക്കും മഴകള്‍
ചില അസാധാരണമഴകള്‍ നമ്മെ അമ്പരപ്പിക്കും. അവയിലൊന്നാണ് ‘വര്‍ണമഴ’. ചുവന്ന മഴയും മഞ്ഞമഴയുമൊക്കെ പത്രത്താളുകളില്‍ ഇടംപിടിച്ചിരുന്നത് കൂട്ടുകാര്‍ ഓര്‍ക്കുമല്ലോ. ചില ‘ആല്‍ഗകളാ’ണ് ഈ നിറംപകരലിന് കാരണമാകുന്നതെന്ന് പൊതുവെ കരുതപ്പെടുന്നു.
മഴപെയ്യുമ്പോള്‍ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന നൈട്രജന്‍ ലവണങ്ങളുടെയും ഗന്ധകത്തിന്‍െറയും ഓക്സൈഡുകള്‍ (സള്‍ഫര്‍ ഓക്സൈഡും നൈട്രസ് ഓക്സൈഡും) മഴത്തുള്ളികളില്‍ ലയിച്ച് ഭൂമിയിലേക്കു പതിക്കുന്നു. ഇതാണ് ആസിഡ് കലര്‍ന്ന മഴ അഥവാ ‘അമ്ളമഴ’. മഴപെയ്യുമ്പോള്‍ ‘ആലിപ്പഴം’ പൊഴിയുന്നതാണ് മറ്റൊരു പ്രതിഭാസം. കൊച്ചു മഞ്ഞുകട്ടകളാണിവ. മഴമേഘങ്ങളിലാണ് ഇവയുണ്ടാകുന്നത്.
മഴക്കൊപ്പം മത്സ്യങ്ങള്‍ പെയ്തിറങ്ങുന്നതാണ് അതിശയകരമായ ഒരു വസ്തുതയായി അവശേഷിക്കുന്നത്. സമുദ്രോപരിതലത്തിലുള്ള ചെറിയ മീനുകള്‍ ശക്തമായ കാറ്റില്‍പെട്ട് ദൂരെയുള്ള അന്തരീക്ഷത്തിലേക്ക് എത്തുകയും ഈര്‍പ്പം നിലനില്‍ക്കുന്നിടത്തോളം ജീവനോടെ ഇരിക്കുകയും  ശക്തമായ മഴയുണ്ടാകുമ്പോള്‍ ഭൂമിയിലേക്ക് പതിക്കുകയും ചെയ്യുന്നു എന്നതാണ് ഇതിനുള്ള വിശദീകരണം.

ശബ്ദവും വെളിച്ചവും
മഴ അരങ്ങുതകര്‍ക്കുമ്പോള്‍ ആരൊക്കെയാണ് ശബ്ദവും വെളിച്ചവുമേകി കൂടെയുള്ളത്? സംശയമില്ല. ഇടിയും മിന്നലുംതന്നെ. മിന്നല്‍മേഘങ്ങളില്‍ (Thunder clouds) നടക്കുന്ന വൈദ്യുത ചാര്‍ജുകളുടെ പ്രവാഹമാണ് ഇടിമിന്നലിനു കാരണം. പെട്ടെന്നുള്ള അതിഭയങ്കരമായ വൈദ്യുതപ്രവാഹത്തില്‍ അതിനിടക്കുള്ള വായു 20,000 ഡിഗ്രി സെല്‍ഷ്യസിനോളം ചൂടാക്കപ്പെടുന്നു. ഇത് ചുറ്റുമുള്ള വായുവിനെ ഒരു ഷോക്ക്വേവ് ഉണ്ടാക്കി പെട്ടെന്ന് തൂത്തെറിയുന്നു.  ശബ്ദാതിവേഗത്തിലുള്ള ഈ തരംഗങ്ങള്‍ ഉടനെ കുറച്ചകലെയെത്തുമ്പോള്‍ മര്‍ദംകുറഞ്ഞ് ശബ്ദതരംഗങ്ങളായി മാറ്റപ്പെടുന്നു. ഇതാണ് ഇടിമുഴക്കമായി കേള്‍ക്കുന്നത്.
വൈദ്യുത ഡിസ്ചാര്‍ജിന്‍െറ ഫലമായി തീജ്വാലയും ശബ്ദവും ഒരുമിച്ചാണുണ്ടാകുന്നതെങ്കിലും പ്രകാശത്തിന് ശബ്ദത്തേക്കാള്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുമെന്നതിനാല്‍ മിന്നലാണ് ആദ്യം അനുഭവപ്പെടുന്നത്. ഭൂമിക്കുമുകളില്‍ 1-12 കി.മീമുതല്‍ 12-14കി. മീ വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മഴമേഘങ്ങളാണ് ഇടിമിന്നലുണ്ടാക്കുക.
മഴയുടെ പേരും നേരും
പര്‍വതങ്ങളുടെ സാന്നിധ്യം ചിലപ്പോള്‍ മഴക്ക് കാരണമാകാറുണ്ട്. പാഞ്ഞുപോകുന്ന മഴമേഘങ്ങളെ കൂറ്റന്‍പര്‍വതങ്ങള്‍ തടഞ്ഞുനിര്‍ത്തി പെയ്യിക്കുന്നു. ഇത്തരം മഴകള്‍ ‘പര്‍വതജന്യ മഴകള്‍’ എന്നറിയപ്പെടുന്നു. തണുത്തതും സാന്ദ്രതയേറിയതുമായ പ്രദേശത്തുകൂടി ചൂടുള്ള നീരാവിനിറഞ്ഞ വായു കടന്നുപോകുമ്പോള്‍ പെയ്യുന്ന മഴയുണ്ട്. ഇത് ‘സംവഹനമഴ’ (Convective Rain) എന്ന പേരിലാണ് അറിയപ്പെടുന്നത്. ‘സൈക്ളോണ്‍’ എന്നറിയപ്പെടുന്ന ന്യൂനമര്‍ദമേഖലയാണ് മഴക്ക് കാരണമാകുന്നതെങ്കില്‍ ആ മഴയെ ന്യൂനമര്‍ദമഴ (Cyclonic Rain) എന്നു വിളിക്കുന്നു. ചൂടുള്ളതോ തണുത്തതോ ആയ വായു ചലിക്കുമ്പോഴാണ് അന്തരീക്ഷത്തില്‍ ന്യൂനമര്‍ദമുണ്ടാകുന്നത്. തുടര്‍ന്ന് മഴയും പെയ്യുന്നു. ചൂടുള്ള വായു ഉയരുന്ന സ്ഥലത്തെ മഴക്ക് ‘ഫ്രണ്ടല്‍ റെയിന്‍’ (Frontal Rain) എന്നും തണുത്ത വായു നീങ്ങുന്ന സ്ഥലത്തെ മഴക്ക് ‘നോണ്‍ ഫ്രണ്ടല്‍ റെയിന്‍’ (Non frontal Rain) എന്നും പറയുന്നു.

ആകാശം മേഘാവൃതമാകുമോ?
‘ആകാശം പൊതുവെ മേഘാവൃതമായിരിക്കും. ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്’-തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍െറ ഇത്തരം അറിയിപ്പുകള്‍ ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. 1836ല്‍ സ്വാതിതിരുനാള്‍ മഹാരാജാവിന്‍െറകാലത്ത് തുടങ്ങിയ വാനനിരീക്ഷണകേന്ദ്രമാണ് ഇന്നത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 1965ലാണ് ഇവിടെനിന്ന് കാലാവസ്ഥാ പ്രവചനം ആരംഭിച്ചത്. കേരളത്തിലെമ്പാടുമായി 70 മഴ മാപിനികള്‍ ഈ കേന്ദ്രത്തിന്‍െറ നിയന്ത്രണത്തിലുണ്ട്.
മഴയുടെ അളവറിയാന്‍
മഴ അളക്കാനുള്ള ഉപകരണമാണ് ‘റെയിന്‍ഗേജ്’ അഥവാ ‘മഴമാപിനി’.
ഒരു തടസ്സവുമില്ലാത്ത പ്രത്യേക സ്ഥലത്ത് ഒരു ദിവസം മഴപെയ്താല്‍ എത്ര വെള്ളം ഉയരുമെന്നു നോക്കിയാണ് മഴയുടെ അളവ് കണക്കാക്കുന്നത്. എല്ലാ ദിവസവും രാവിലെ 8.30നാണ് മഴയുടെ അളവെടുക്കുന്നത്.
ഇന്ത്യമുഴുവന്‍ ഈ സമയമാണ് അംഗീകരിച്ചിട്ടുള്ളത്. 24 മണിക്കൂര്‍കൊണ്ട് ഏഴു സെ.മീറ്ററില്‍ കൂടുതല്‍ മഴ പെയ്താല്‍ ‘കനത്ത മഴ’യായി പരിഗണിക്കുന്നു.
ഏഴു സെ.മീറ്ററില്‍ താഴെയുള്ള മഴ സാധാരണ മഴയാണ്. 12 സെ. മീറ്ററില്‍ കൂടുതലുള്ള മഴയെ ‘വളരെ കനത്ത മഴ’യായി കണക്കാക്കുന്നു.
മൂന്നു മഴകളാല്‍ സമ്പന്നം
മൂന്നു മഴക്കാലങ്ങള്‍ ഉണ്ടെന്ന സവിശേഷത കേരളത്തിനുമാത്രം അവകാശപ്പെട്ടതാണ്! ഇടവപ്പാതി, തുലാവര്‍ഷം പിന്നെ വേനല്‍മഴയും. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കാലവര്‍ഷം കാലുകുത്തുന്നതുതന്നെ കേരളത്തിലാണ്!
ഇടവമാസം പാതി (ഇടവപ്പാതി)യാകുമ്പോള്‍ അഥവാ, ജൂണ്‍ ആദ്യവാരം ഈ മഴക്കാലമെത്തും. കാലവര്‍ഷമെന്നും ഇത് അറിയപ്പെടുന്നു. സെപ്റ്റംബര്‍ മുപ്പതോടെ കാലവര്‍ഷം അവസാനിക്കും.
തുടര്‍ന്ന് ഒക്ടോബറില്‍ ആരംഭിക്കുന്ന തുലാവര്‍ഷം ഡിസംബറോടെ അവസാനിക്കും. ഇവ രണ്ടും കൂടാതെയാണ് വേനല്‍മഴയുടെ സാന്നിധ്യം. രാവിലെമുതല്‍  പെയ്യുന്ന മഴ കാലവര്‍ഷത്തിന്‍െറയും ഉച്ചകഴിയുമ്പോള്‍ ആകാശം ഇരുണ്ടുകൂടി  ഇടിമിന്നലോടുകൂടി പെയ്യുന്ന മഴ തുലാവര്‍ഷത്തിന്‍െറയും പ്രത്യേകതകളാണ്. വേനല്‍മഴയിലാകട്ടെ, നിനച്ചിരിക്കാത്ത ഇടിയും മിന്നലുമുണ്ടാകുന്നു.


Subscribe to കിളിചെപ്പ് by Email
Share it:

Rain

മഴ

Post A Comment:

1 comments: