രസ തന്ത്രം

Share it:

ഇത് രസതന്ത്ര മഹാമഹ മെഗാ ഷോയാണ്... രാസപ്രവര്‍ത്തന രസങ്ങളുമായി ഇവിടെ ചില രാസവസ്തുക്കള്‍ അണിനിരന്നിരിക്കുന്നു.നമുക്ക് അവയുടെ ജാലവിദ്യകള്‍ വായിച്ചും കണ്ടുമറിയാം...
രസതന്ത്രത്തെ നന്നായി അറിയുമ്പോള്‍ പരീക്ഷിച്ചു നോക്കുകയുമാവാം..എന്തായാലും വീട്ടില്‍ പരീക്ഷിക്കാനുള്ളത് കാര്യമായൊന്നും  ഇവയിലില്ല... അറിഞ്ഞിരിക്കാനായി മാത്രം ചില പരീക്ഷണ രസങ്ങള്‍...
ഫ്ളാസ്കിലെ സ്ഫോടനം
സോഡിയവും വെള്ളവും ചേര്‍ന്നാല്‍ പിന്നെ സംഭവബഹുലമാണ് കാര്യങ്ങള്‍... കത്തിപ്പിടിക്കുന്ന രാസപ്രവര്‍ത്തന മഹാമഹമാവും ഫലം. കൂടെ ക്ളോറിന്‍ വാതകവുമുണ്ടെങ്കിലോ സംഗതി കൂടുതല്‍ നയനാനന്ദകരവുമാവും. ഇവിടെ ഒരു റൗണ്ട് ബോട്ടം ഫ്ളാസ്ക്കില്‍ ക്ളോറിന്‍ വാതകം നിറച്ചിരിക്കുന്നു. അതിലേക്ക് ഒരു കൊച്ചു കഷണം സോഡിയം ഒരു ഗ്ളാസ് ദണ്ഡില്‍ കുത്തിയെടുത്ത് ഇടുന്നു. ഇപ്പോള്‍ ഫ്ളാസ്കില്‍ സോഡിയവും ക്ളോറിനുമുണ്ട്. ഒറ്റതുള്ളി വെള്ളം ഇതിലേക്ക് ഇറ്റിവീഴ്ത്തുന്നു. പിന്നെയാണ് കാഴ്ച. സോഡിയം(sodium) അതിതീവ്രമായി ജലവുമായി പ്രവര്‍ത്തിക്കുന്നു. സോഡിയം വേപ്പര്‍ ലാമ്പിലേതുപോലെ മഞ്ഞകലര്‍ന്ന വെളിച്ചത്തോടെ ഫ്ളാസ്കിനുള്ളില്‍ ഒരു സ്ഫോടനം നടക്കുന്നു. രാസപ്രവര്‍ത്തനത്തിന്‍െറ അവസാനം ഫ്ളാസ്കില്‍ നമ്മുടെ സ്വന്തം ചങ്ങാതി സോഡിയം ക്ളോറൈഡ് (sodium Chloride എന്ന കറിയുപ്പ് അവശേഷിക്കുന്നു.
ഒഴിക്കുമ്പോള്‍ കുന്നാകുന്ന ലായനി
സോഡിയം അസറ്റേറ്റിന്‍െറ (sodium Astride  )തമാശയാണിത്. സോഡിയം അസറ്റേറ്റ് ജലത്തില്‍ ലയിപ്പിച്ചാല്‍ സോഡിയം അസറ്റേറ്റ് ലായനി കിട്ടും. ഇത് കൂടുതല്‍ ചൂടാക്കികൊണ്ട് വീണ്ടുംവീണ്ടും സോഡിയം അസറ്റേറ്റ് അതില്‍ ലയിപ്പിച്ചുകൊണ്ടിരിക്കുക. ജലതന്മാത്രകള്‍ക്കിടയിലെല്ലാം  സോഡിയം അസറ്റേറ്റ് തിങ്ങിനിറഞ്ഞ് ഒടുവില്‍ അത് അതിപൂരിത ലായനിയായി മാറും (super saturated solution).അത്തരം അതിപൂരിത സോഡിയം അസറ്റേറ്റ് ലായനി മറ്റേതെങ്കിലും വസ്തുവുമായി തൊടുന്നപക്ഷം തണുത്ത് പരല്‍രൂപത്തിലേക്ക് തിരിച്ചുവരും(crystallization). ഇവിടെ ഒരു കോണിക്കല്‍ ഫ്ളാസ്കില്‍ തയാറാക്കിയ അതിപൂരിത സോഡിയം അസറ്റേറ്റ് ലായനി ഒരു വാച്ച് ഗ്ളാസിലേക്ക് മാറ്റുമ്പോള്‍ അത് പരല്‍രൂപത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയും സോഡിയം അസറ്റേറ്റിന്‍െറ നെടുനീളന്‍ കുന്ന് രൂപപ്പെടുകയും ചെയ്യുന്നു.
കാണാപ്പുഴയിലൊഴുകുന്ന കടലാസ് തോണി
ഒരു വലിയ പാത്രത്തില്‍ മുകളില്‍ അദൃശ്യമായ ജലപ്പരപ്പില്‍ ഒരു തോണിയങ്ങനെ ഒഴുകിനടക്കുന്നു. കപ്പുകൊണ്ട് പാത്രത്തിലെ അദൃശ്യജലം തോണിയിലൊഴിക്കുന്നതോടെ കനംകൂടി തോണിമുങ്ങുന്നു. ആരാണീ അദൃശ്യജല വിദ്വാന്‍... സള്‍ഫര്‍ ഹെക്സാ ഫ്ളൂറൈഡ് (sulfur hexafluoride) എന്നനിറവും മണവുമില്ലാത്ത വാതകമാണ് പാത്രത്തിലുണ്ടായിരുന്നത്. പാത്രത്തിന്‍െറ മൂടി തുറന്നിട്ടും കക്ഷി അവിടെത്തന്നെ നിന്നതെന്തുകൊണ്ടാണ്. മറ്റേതെങ്കിലും വാതകമാണെങ്കില്‍ ക്ഷണം സ്ഥലം കാലിയാക്കിയേനെ. അന്തരീക്ഷ വായുവിനേക്കാള്‍ അഞ്ചുമടങ്ങോളം സാന്ദ്രതയേറിയ വാതകമാണ് സള്‍ഫര്‍ ഹെക്സാ ഫ്ളൂറൈഡ്.  അപ്പോ പിന്നെ താഴെ കിടക്കാതെ എങ്ങോട്ട് പോവാന്‍. അതിലാണ് നമ്മുടെ കടലാസ് തോണി ഒഴുകിയത്.
വായാടികള്‍ക്ക് പറ്റിയ ആയുധം
സള്‍ഫര്‍ ഹെക്സാ ഫ്ളൂറൈഡ് (sulfur hexafluoride) വിഷകരമല്ലാത്ത നിരുപദ്രവകാരിയായ വാതകമാണ്. അത് ഒരു ബലൂണില്‍ നിറച്ച് നമ്മുടെ വായിലേക്ക് തുറന്ന് വിട്ടാല്‍ എന്തു സംഭവിക്കുമെന്നോ. നമ്മുടെ ശബ്ദംകുറഞ്ഞ് കുറഞ്ഞ് പോയ്ക്കൊണ്ടിരിക്കും. കുറച്ചുനേരം വാതകം ഒഴിഞ്ഞുപോവുന്നതുവരെ എത്രയുറക്കെ പറഞ്ഞിട്ടും കാര്യമില്ല. പുറത്തെത്താന്‍ ഇത്തിരി പ്രയാസമായിരിക്കും. എന്താണിങ്ങനെ സംഭവിക്കുന്നത്.  സള്‍ഫര്‍ ഡയോക്സൈഡ് വായില്‍ താഴ്ന്നുനിന്ന് നമ്മുടെ ശബ്ദവീചികളുടെ വേഗത കുറക്കും. വാതകം നീന്തി വരാനാവാതെ ശബ്ദ തരംഗങ്ങള്‍ കഷ്ടപ്പെടും.
ആന ടൂത്ത് പേസ്റ്റ്
നീളന്‍ ഗ്ളാസ് സിലിണ്ടറില്‍നിന്ന് ഇറങ്ങിവരുന്ന നിറമുള്ള ഭീമന്‍ ടൂത്ത് പേസ്റ്റ് പ്രവാഹം. ആനയുടെ തുമ്പിക്കൈ പോലെ അതിങ്ങനെ പുറത്തേക്കുവരുന്നു. കാണാന്‍ രസമുള്ള പരീക്ഷണം. ഏറെ ശ്രദ്ധയോടെയാണ് ഇത് ചെയ്യുന്നത്. സിലിണ്ടറിലുള്ളത് ഹൈഡ്രജന്‍ പെറോക്സൈഡ് (Hi dragon peroxide) ലായനിയാണ്. അതിലേക്ക് ഏതെങ്കിലും ഡിഷ്വാഷ് ഡിറ്റര്‍ജന്‍റ് (Dish Wash Detergent) ചേര്‍ത്ത് ഇളക്കുന്നു. നിറംകൂട്ടാന്‍ ഏതെങ്കിലും ഫുഡ് കളര്‍ ഏജന്‍റും ചേര്‍ക്കും. ഇനിയിതിലേക്ക് പൊട്ടാസ്യം അയഡൈഡ് ചേര്‍ക്കുന്നതോടെയാണ് കളിമാറുന്നത്. ഭീമന്‍ ടൂത്ത് പേസ്റ്റിന്‍െറ പ്രവാഹം ദാ തുടങ്ങുകയായി. അതിവേഗ രാസപ്രവര്‍ത്തനമാണിത്. രാസപ്രവര്‍ത്തന ഫലമായി പുറത്തേക്കു പ്രവഹിക്കുന്ന ഓക്സിജനാണ് ടൂത്ത് പേസ്റ്റ് രൂപത്തിലാവുന്നത്. ഡിറ്റര്‍ജന്‍റും ഓക്സിജനും(oxygen) ചേര്‍ന്നാണ് ഇത്തരത്തില്‍ രസകരമായ കാഴ്ച ഒരുക്കുന്നത്.
മെഴുകുതിരി മാജിക് (വീട്ടില്‍ പരീക്ഷിക്കാവുന്നത്)
വലിയ പരന്ന പാത്രത്തില്‍ വെള്ളം. അതില്‍ കുറച്ചു മുങ്ങി നില്‍ക്കുന്നവിധം ഒട്ടിച്ചുവെച്ച മെഴുകുതിരി. മെഴുകുതിരി കത്തിക്കുന്നു. ജലപ്പരപ്പില്‍ ഉയര്‍ന്നുനിന്ന് കത്തുന്ന മെഴുകുതിരിയെ നമ്മള്‍ ഒരുഗ്ളാസുകൊണ്ട് മൂടുന്നു. മൂടുമ്പോള്‍ ഒരു കാര്യം ശ്രദ്ധിക്കണം. ഗ്ളാസ് കുറച്ച് ഉയര്‍ന്നു നില്‍ക്കാനായി വെള്ളത്തില്‍ മൂന്ന് നാണയങ്ങള്‍ വെക്കണം. അതിനു മുകളിലാണ് ഗ്ളാസ് വെക്കേണ്ടത്. കുറച്ചുനേരം കഴിഞ്ഞാല്‍ മെഴുകുതിരി കെട്ടുപോവും. ഉടനെ ഗ്ളാസിനുള്ളിലേക്ക് ജലമുയര്‍ന്ന് മെഴുകുതിരി മുങ്ങുന്നത് കാണാം.
തീയില്‍ തെളിയുന്ന മഴവില്ല്
നിരന്നു കത്തുന്ന പലനിറജ്വാലകള്‍ കാണുന്നില്ലേ.... മഴവില്ലുപോലെ തീജ്വാലകളുടെ നിറകാഴ്ച.. എങ്ങനെയാണ്  പച്ചയായും ചുവപ്പായും സ്വര്‍ണനിറമായുമെല്ലാം തീജ്വാലക്ക് നിറമെഴുതാനാവുന്നത്. സംഗതി ചില ലവണങ്ങളുടെ തമാശയാണ്. കത്തുമ്പോള്‍ ചില ലവണങ്ങള്‍ തീജ്വാലക്ക് പ്രത്യേകനിറം പകരുന്നു. പല ലവണങ്ങളെയും തിരിച്ചറിയാനുള്ള മാര്‍ഗങ്ങളിലൊന്നാണ് തീജ്വാലക്ക് അത് ഏതുനിറം നല്‍കുന്നുവെന്ന് മനസ്സിലാക്കല്‍... ബേരിയം ലവണങ്ങള്‍ തീജ്വാലക്ക് പച്ചനിറമാണു നല്‍കുക. മനോഹരമായ ഇളംപച്ചനിറം... കാത്സ്യമാണെങ്കിലോ ഇഷ്ടിക ചുവപ്പായിരിക്കും... ചുവപ്പും നീലയും ചേര്‍ന്ന നിറമായിരിക്കും കോപ്പര്‍ ലവണങ്ങള്‍ തീജ്വാലയില്‍  കാണിച്ചാല്‍... മഗ്നീഷ്യത്തിന് വെളുത്ത ജ്വാലയായിരിക്കും.. സോഡിയം ലവണങ്ങളാണെങ്കില്‍ മഞ്ഞയായിരിക്കും.. ക്രിംസണ്‍ നിറത്തിലാണ് സ്ട്രോണ്‍ഷ്യം ലവണങ്ങള്‍ കത്തുക...ഓരോ മൂലകങ്ങളിലെയും ആറ്റങ്ങള്‍ ഉന്നത ഊര്‍ജാവസ്ഥയില്‍ നിന്ന് തിരികെവരുമ്പോഴാണ് പലനിറത്തിലുള്ള പ്രകാശകിരണങ്ങള്‍ പുറത്തുവിടുന്നത്. ജ്വാലാപരീക്ഷണം (Flame test) എന്നാണ് ഇത്തരം പരീക്ഷണങ്ങളുടെ വിളിപ്പേര്.
ചില്ലുപാത്രത്തിലെ പൂക്കാലം
ചില്ലിന്‍െറ ചതുരപ്പാത്രത്തില്‍ ഒരുപാട് നിറങ്ങളില്‍ ഒരുദ്യാനം കാണുന്നില്ലേ. ലവണങ്ങളുടെ ജാലവിദ്യയാണത്. രസതന്ത്ര ലാബിലെ പൂച്ചെടികളായി ഗ്ളാസ്പാത്രത്തില്‍ പൂവിടുന്നത് ഇരുമ്പും കാത്സ്യവും ബേരിയവും മഗ്നീഷ്യവുമൊക്കെ അടങ്ങിയ ലവണങ്ങളാണ്. അതെങ്ങനെ ലാബിലൊരു രാസോദ്യാനം നനച്ചു വളര്‍ത്താമെന്നു നോക്കാം. നിറമുള്ള ലവണങ്ങളാണ് ആദ്യം വേണ്ടത്.
പിങ്ക് നിറമുള്ള മഗ്നീഷ്യം ക്ളോറൈഡ്, വെള്ളനിറമുള്ള കാത്സ്യം ക്ളോറൈഡ്, പച്ചനിറമുള്ള നിക്കല്‍ ക്ളോറൈഡ്, രക്തത്തിന്‍െറ നിറമുള്ള കോപര്‍ ക്ളോറൈഡ് അങ്ങനെ പലവര്‍ണ ലവണങ്ങള്‍ സംഘടിപ്പിക്കുക. ഇനി വേണ്ടത് സോഡിയം സിലിക്കേറ്റ് ലായനിയാണ്. ഇതില്‍ വെള്ളംചേര്‍ത്ത് നേര്‍പ്പിച്ച് വലിയ ചതുരപ്പാത്രത്തിലേക്കോ അല്ലെങ്കില്‍ ഉദ്യാനമുണ്ടാക്കാന്‍ ഉദ്ദേശിക്കുന്ന ചില്ലുപാത്രമേതായാലും അതിലേക്കോ ഒഴിക്കുക. ഇനി നേരത്തേ പറഞ്ഞ നിറലവണങ്ങളുടെ കട്ടകള്‍ ഓരോന്നായി പാത്രത്തിന്‍െറ പലയിടങ്ങളിലായി ഇടുക.
വിത്തിടും പോലെയാണിത്. അതില്‍നിന്നാണ് പലവര്‍ണത്തില്‍ ശാഖകളായി പൂച്ചെടിപോലെ മുളച്ചുപൊന്തുക. നിറ ലവണങ്ങള്‍ ഇട്ടുകഴിഞ്ഞ് മാറി നിന്ന്  നിരീക്ഷിക്കുക.  ചില്ലുപാത്രത്തിലെ ഉദ്യാനത്തില്‍ വര്‍ണ സസ്യങ്ങള്‍പോലെ പടര്‍ന്ന് നമ്മുടെ ലവണങ്ങര്‍ ജാലവിദ്യകാട്ടും....

Subscribe to കിളിചെപ്പ് by Email
Share it:

രസ തന്ത്രം

Post A Comment:

0 comments: