അറിയാം ആദിവാസി ചരിത്രം- 6 (Know About Tribal Part - 6)എരവാലന്മാര്‍ (Eravalanmar)
പാലക്കാട് ജില്ലയിലെ ചിറ്റൂരിലും കോയമ്പത്തൂരിലുമാണ് എരവാലന്മാരുള്ളത്. ഇരക്കുന്നവന്‍ എന്ന വാക്കില്‍നിന്നാണ് എരവാലനെന്ന പേരുണ്ടായതത്രെ. സംസാരഭാഷ തമിഴ് പോലെയാണ്. എന്നാല്‍, മറ്റുള്ളവരോട് മലയാളത്തില്‍ സംസാരിക്കും. മുമ്പ് മൂപ്പന്മാരുണ്ടായിരുന്നു. ഇവര്‍ക്ക് വിവാഹം കഴിക്കാന്‍ നല്ല ദിവസം തിങ്കളാഴ്ചയാണ്. മുറപ്പെണ്ണിനെ വിവാഹം ചെയ്യാന്‍ പാടില്ല. വിവാഹത്തിലെ പ്രധാന ചടങ്ങുകള്‍ ഒന്നിച്ചിരുന്നുണ്ണുകയും വധൂവരന്മാര്‍ അന്യോന്യം ഊട്ടുകയും താംബൂലം കൈമാറുകയുമാണ്.

മലമലസര്‍ (Malamalashar)
പാലക്കാട് ജില്ലയിലും കോയമ്പത്തൂരിലും കണ്ടിരുന്ന ഒരു വിഭാഗമാണ് മലമലസര്‍. അവരെ മഹാമലസറെന്നും പറയാറുണ്ട്. മലയില്‍ അലയുന്നവര്‍ എന്ന അര്‍ഥത്തിലായിരിക്കാം അവര്‍ മലഅലസരും പിന്നീട് മലമലസരുമായതെന്ന് അനുമാനം. തമിഴും മലയാളവും കലര്‍ന്ന പ്രാകൃതഭാഷയാണ് സംസാരിക്കുക.ഇവര്‍ക്കും മൂപ്പനുണ്ട്. ഇയാളെ ‘പെരിയതമ്പി’ എന്ന് വിളിക്കും.

മലസര്‍ (Malashar)
പാലക്കാട്, തൃശൂര്‍ ജില്ലകളിലും കോയമ്പത്തൂരിലും മലസരുണ്ട്. തമിഴും മലയാളവും കലര്‍ന്ന പ്രാകൃതഭാഷയാണ് ഇവരുടെ സംസാരഭാഷ. ഇവര്‍ക്കും ഒരു മൂപ്പനുണ്ട്.

കാടര്‍ (Kadar)
പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് കാടരുള്ളത്. തമിഴും മലയാളവും കലര്‍ന്ന ഒരു പ്രാകൃത വെങ്കല ഭാഷയാണവര്‍ സംസാരിക്കുന്നത്. മുമ്പ്, പാമ്പുകളെ മെരുക്കലും പാമ്പിന്‍വിഷം ഇറക്കലും നല്ല നിശ്ചയമുള്ള ജോലികളായിരുന്നു. പക്ഷേ, ഇന്നത്തെ തലമുറക്ക് ഇതൊന്നും അറിഞ്ഞുകൂടാ. വെറ്റില കൈമാറിയാണ് വിവാഹബന്ധം ഉറപ്പിക്കുക. മൃതദേഹം മറവുചെയ്യും. മൃതദേഹം മറവുചെയ്ത സ്ഥലം തിരിച്ചറിയാന്‍ അടയാളങ്ങള്‍ വെക്കാറില്ല. അതിനാല്‍, കാടര്‍ മൃതദേഹം എന്തു ചെയ്യുന്നുവെന്ന് മറ്റുള്ളവര്‍ക്ക് സംശയമുണ്ടാവുകയും ശവം കാടര്‍ തിന്നുകയാണെന്ന വിശ്വാസം അവരെക്കുറിച്ചുണ്ടാകാന്‍ ഇടയാവുകയും ചെയ്തു.

മലയര്‍ (Malayar)
പാലക്കാട്, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ കാണുന്ന വിഭാഗമാണ് മലയര്‍. മലയാളത്തിന്‍െറ വകഭേദമായ ഒരു ഭാഷയിലാണ് ഇവരുടെ സംസാരം. തലവന്‍ സമ്പ്രദായം ഇവര്‍ക്കിടയിലുമുണ്ട്. തര്‍ക്കങ്ങള്‍ തീര്‍ക്കുകയും യോഗങ്ങള്‍ നടത്തുകയും വിവാഹം, മരണം എന്നിവക്ക് നേതൃതം നല്‍കുകയും ചെയ്യുക മലയരാണ്.പെണ്‍കുട്ടികള്‍ ഋതുമതികളായാല്‍ മാത്രമേ വിവാഹം പാടുള്ളൂ. വിവാഹത്തിലെ പ്രധാന ചടങ്ങ് മഞ്ഞളില്‍ മുക്കിയ ഒരു ചരട് വധുവിന്‍െറ കഴുത്തില്‍ വരന്‍െറ അമ്മയോ സഹോദരിയോ കെട്ടുന്നതാണ്.
മരണപ്പെട്ടവന്‍െറ വിധവ വെറ്റില മുറുക്കി ശവത്തിന്‍െറ കണ്‍പോളകളിലും കഴുത്തിലും തുപ്പണമെന്നുള്ള ആചാരം മലയര്‍ക്കുണ്ട്.

വിഴവന്‍ (Vizhavan)
തൃശൂര്‍, എറണാകുളം ജില്ലകളിലാണ് വിഴവന്‍ സമൂഹം ഉള്ളത്. കുരങ്ങന്മാരെ പിടിക്കാന്‍ അവരുണ്ടാക്കി ഉപയോഗിക്കുന്ന ‘വിഴ’ എന്ന കെണിയില്‍നിന്നാണ് വിഴവരെന്ന പേരുണ്ടായതെന്നും അതല്ല, വിഷംകലക്കി മത്സ്യങ്ങളെ പിടിക്കുന്നതുകൊണ്ടാണെന്നും ഇവരുടെ പേരിന്‍െറ ആഗമനത്തെ കുറിച്ച് രണ്ടഭിപ്രായമുണ്ട്. വിവാഹദിവസം വരനും കൂട്ടരും വധൂഗൃഹത്തിലേക്ക് പോകും. അവിടെവെച്ച് വധുവിന് രണ്ടു കഷണം തുണി കൊടുക്കണം. വിവാഹത്തിലെ പ്രധാന ചടങ്ങാണിത്. ഇവരുടെ തലവന്മാരെ കാണിക്കാരനെന്നാണ് വിളിക്കുക. സമുദായ ശ്മശാനത്തിലാണ് മൃതദേഹം മറവുചെയ്യുക. ശ്മശാനത്തെ ‘പിശാശ് കോട്ട’ എന്നാണ് ഇവര്‍ വിളിക്കുക. മൃതദേഹം കുളിപ്പിക്കണമെന്ന് നിര്‍ബന്ധമില്ല. പ്രത്യേക സ്വരങ്ങളോടുകൂടിയതും മനസ്സിലാക്കാന്‍ പ്രയാസമുള്ളതുമായ മലയാളമാണ് ഇവരുടെ ഭാഷ.

അട്ടപ്പാടിയിലെ ഏറ്റവും പ്രധാന ഗിരിവര്‍ഗമാണ് ഇരുളര്‍ (Urular)
ഇരുണ്ടവര്‍ (കറുത്തവര്‍) ആയതുകൊണ്ടാണ് ഇവര്‍ക്ക് ഇരുളരെന്നു പേരുണ്ടായതെന്ന് കരുതുന്നു. കന്നട പദങ്ങള്‍ ചേര്‍ന്ന, തമിഴിന്‍െറ വകഭേദമായ പ്രാകൃത തമിഴാണ് ഇവരുടെ ഭാഷ. ആര്‍ഭാടമോ അലങ്കാരമോ ഇരുളരുടെ വിവാഹത്തിന് ഉണ്ടാവാറില്ല. താലികെട്ടുന്ന പതിവുണ്ട്. ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യക്ക് താലി ഉപേക്ഷിക്കേണ്ടതില്ല. പക്ഷേ, വീണ്ടും വിവാഹംചെയ്യുകയാണെങ്കില്‍ ആദ്യത്തെ താലി ഉപേക്ഷിക്കണം.ഇരുളര്‍ക്കും ഓരോ ഊരിലും തലവനുണ്ടാകും. തലവനുകീഴില്‍ ഭണ്ഡാരിയും കുറുന്തലയുമുണ്ട്.പുല്ലാങ്കുഴലിന്‍െറ രാഗത്തിനൊത്ത് ആടുകയും പാടുകയും ചെയ്യുന്ന നാടോടിനൃത്തമുണ്ട് ഇവര്‍ക്ക്. ‘ഏലേലം കരടി’ എന്നു പറയുന്ന കരടിനൃത്തവുമുണ്ട്.ഇരുളരുടെ മരണാനന്തര കര്‍മങ്ങള്‍ക്ക് സവിശേഷതകളുണ്ട്. ഒരുവീട്ടില്‍ മരണം നടന്നാല്‍ അവരുടെ വര്‍ഗത്തിലല്ലാത്ത രണ്ടാളുകളെ അവര്‍ വിളിച്ചുകൊണ്ടുവരും.ഇവരില്‍ ഒരാള്‍ മറ്റേ ആള്‍ക്ക് ക്ഷൗരം ചെയ്യും. ക്ഷൗരംചെയ്ത ആള്‍ക്ക് അവരൊരു പുതിയ തുണി നല്‍കും. ആ തുണി ഇയാള്‍ തലയില്‍ കെട്ടും. തുടര്‍ന്ന്, ഇയാള്‍ മൃതദേഹം കുളിപ്പിക്കും.
 
കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഇവരുള്ളത്.കാണിക്കാര്‍ (Kanikkar)
തമിഴ്കലര്‍ന്ന പ്രാകൃത മലയാളമാണ് അവരുടെ ഭാഷ. ‘വള്ളിമൂടിച്ചി’ലെന്ന് ഭാഷക്ക് അവര്‍ പേരു പറയുന്നു. താങ്കള്‍ എന്തിനുവന്നു എന്നുള്ളതിന് അവരുടെ ഭാഷയില്‍ ചോദിക്കുന്നത് ‘എന്താന്ക്ക് ചിറവന്തു’ എന്നായിരിക്കും. പ്രായംചെന്ന പുരുഷനെ മുത്തനെന്നും സ്ത്രീയെ മുത്തിയെന്നും വിളിക്കും. കാണിക്കാര്‍ക്ക് പല ഇല്ലങ്ങളും കുലങ്ങളുമുണ്ട്. മുട്ടില്ലമെന്നും മേറില്ലമെന്നും രണ്ടില്ലങ്ങള്‍ മാത്രമേ ആദ്യം ഉണ്ടായിരുന്നുള്ളൂ. പിന്നീട് കൈയില്ലവും പാളിയില്ലവുമുണ്ടായി.
പുടവകൊടുക്കലാണ് വിവാഹകര്‍മങ്ങളില്‍ പ്രധാനം. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ഏഴാംമാസത്തില്‍ വയത്തിയെന്നൊരു കര്‍മമുണ്ട്. ഏഴടുപ്പുകളില്‍ ഏഴു പാത്രങ്ങളില്‍ അന്ന് അരിവെക്കണം. ഏഴു പാത്രങ്ങള്‍ക്കുമുന്നിലും ഗര്‍ഭിണി കുമ്പിടണം. ആ പാത്രങ്ങളില്‍വെച്ച ചോറ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ വന്ന സ്ത്രീകളുമായി പങ്കിട്ട് ഗര്‍ഭിണി കഴിക്കണം.
മരണാനന്തരജീവിതത്തിലും പുനര്‍ജന്മത്തിലും അവര്‍ വിശ്വസിക്കുന്നു.

ഉള്ളാടര്‍ (Ulladar)
ഇടുക്കി, കോട്ടയം, കൊല്ലം ജില്ലകളിലാണ് മലവര്‍ഗക്കാരായ ഉള്ളാടന്മാരുള്ളത്. ഉള്ളാടന്മാരുടെ തലവനെ മൂട്ടു കാണിയെന്നാണ് വിളിക്കുക. വിവാഹകാര്യങ്ങളില്‍ ഉള്ളാടര്‍ക്ക് പ്രഥമ സ്ഥാനമാണുള്ളത്. വിവാഹം സമ്മതമാണെങ്കില്‍ വരന്‍െറ പിതാവ് വധുവിന് കത്തിയും കവുങ്ങുപാള കൊണ്ടുണ്ടാക്കിയ സഞ്ചിയും നല്‍കണം. ഗര്‍ഭിണികള്‍ക്ക് ഏഴാം മാസത്തില്‍ പുളി കുടി എന്നൊരു ചടങ്ങുണ്ട്. വിവാഹബന്ധങ്ങള്‍ വേര്‍പ്പെടുത്തുന്നത് അപൂര്‍വമാണ്.
ശവസംസ്കാരം നടത്തുക രാത്രിയാണ്.

മലപ്പണ്ടാരം (Malappandarm)
കോട്ടയം, കൊല്ലം ജില്ലകളിലാണ് ഇവരുള്ളത്. ഇവരുടെ തലവനെ കാണിയെന്നും അയ്യായെന്നും മൂപ്പനെന്നും വിളിക്കുന്നു. കാണിക്കും ഭാര്യക്കും സമുദായത്തില്‍ ഉയര്‍ന്ന സ്ഥാനമാണുള്ളത്.

മലയടിയാര്‍ (Malayadiar)
കൊല്ലം ജില്ലയിലാണ് മലയടിയാര്‍ ഉള്ളത്. മലകളുടെ അടിവാരങ്ങളില്‍ താമസിക്കുന്നവരായതുകൊണ്ടാണ് മലയടിയാരെന്ന് പേരുണ്ടായതത്രെ. മലയാളത്തിന്‍െറ വകഭേദമായ പ്രാകൃത ഭാഷയാണ് ഇവരുടേത്. വിവാഹാലോചനകള്‍ ആരംഭിക്കേണ്ടത് വരന്‍െറ അച്ഛനമ്മമാരാണ്. പിതൃക്കളെ ആരാധിക്കുന്നവരാണ് മലയടിയാര്‍.  ഇവര്‍ പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നു.

മലവേട്ടര്‍ (Malavettar)
കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് മലവേടരുള്ളത്. തമിഴും മലയാളവും കലര്‍ന്ന ഭാഷയിലാണ് ഇവര്‍ സംസാരിക്കുക. ചെണ്ടകൊട്ടും പാട്ടും നൃത്തവും വിവാഹാഘോഷങ്ങളില്‍ പ്രധാന പങ്കുവഹിക്കുന്നു. വരന്‍തന്നെയാണ് താലികെട്ടുക. ചിലരുടെ ഇടയില്‍ താലികെട്ടാനുള്ള അവകാശം വരന്‍െറ സഹോദരിക്കാണ്. മന്ത്രങ്ങളിലും മന്ത്രവാദങ്ങളിലും വിശ്വാസമുള്ളവരാണ്. കുഴിപ്പുറത്തെ മൃതദേഹ സംസ്കാര കര്‍മങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പങ്കെടുക്കാന്‍ പാടില്ല.

കൊച്ചു വേലന്‍ (Kochu Veelan)
കോട്ടയം, കൊല്ലം ജില്ലകളിലാണ് കൊച്ചു വേലനുള്ളത്. ശബരിമല കാടുകളിലുള്ള എല്ലാ ഗിരിവര്‍ഗക്കാര്‍ക്കുമുള്ള പൊതു പേരാണ് കൊച്ചു വേലനെന്ന്  അഭിപ്രായമുണ്ട്.വധൂഗൃഹത്തിലാണ് ഇവരുടെ വിവാഹം നടക്കുക.  വേലന്‍തുള്ളലെന്ന പേരില്‍ അറിയപ്പെടുന്ന നൃത്ത വിശേഷം അവര്‍ക്കുണ്ട്.പൂജാരിയുടെ സഹായത്തോടെ മരിച്ചയാളുടെ മൂത്ത മകനാണ് കര്‍മങ്ങള്‍ ചെയ്യുക.

മലക്കുറവര്‍ (Malakkuruvar)
കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഇവരുള്ളത്. തമിഴും മലയാളവും കലര്‍ന്ന പ്രാകൃതഭാഷയാണ് ഇവരുടേത്. ഊരാളിയെന്നാണ് തലവനെ വിളിക്കുക. അമ്മാവന്‍െറ മകളെ വിവാഹം ചെയ്യാമെങ്കിലും അച്ഛന്‍െറ അനന്തരവളെ വിവാഹം ചെയ്യാന്‍ പാടില്ല.

നായാടികള്‍ (Nayadikal)
കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് നായാടികള്‍ അധികമുള്ളത്. നായാടികള്‍ക്കും തലവന്മാരുണ്ട്. പെണ്ണിന് പണംകൊടുത്തു നടത്തുന്ന വിവാഹങ്ങളാണ് നായാടികളുടെ ഇടയിലുള്ളത്. മൃതദേഹം മറവുചെയ്യുകയാണ് പതിവ്.

കേരളത്തിലെ ഏറ്റവുംവലിയ ആദിവാസി വിഭാഗമാണ് പണിയര്‍ (Paniyar)
പണിയുന്നവന്‍ അല്ലെങ്കില്‍ പണി ചെയ്യുന്നവന്‍ എന്ന അര്‍ഥമാണ് പണിയനെന്ന പദത്തിനുള്ളത്. ഏറ്റവുമധികം പണിയരുള്ളത് വയനാട്ടിലാണ്. കര്‍ണാടകയിലെ മൈസൂര്‍, കുടക് എന്നിവിടങ്ങളിലും പണിയരുണ്ട്. അവിടെ അവര്‍ ‘യറുവ’ എന്ന പേരിലാണ് അറിയപ്പെടുന്നത്. തമിഴ്നാട്ടിലെ ഗൂഡല്ലൂരിലും പണിയരുണ്ട്.തളിപ്പറമ്പ്, തലശ്ശേരി, വടകര, കൊയിലാണ്ടി, കോഴിക്കോട്, ഏറനാട് എന്നിവിടങ്ങളിലും പണിയ സമുദായമുണ്ട്. ആഫ്രിക്കയിലെ നീഗ്രോകളുമായി ആകാരത്തിലും നിറത്തിലും തലമുടിയിലും ചുണ്ടുകളിലും അവര്‍ക്ക് സാദൃശ്യമുണ്ട്.ആഫ്രിക്കക്കും ഇന്ത്യക്കുമിടയിലുള്ള സമുദ്രം ഒരുകാലത്ത് കരയായിരുന്നു. ആ കര സമുദ്രത്തില്‍ ആണ്ടുപോയി കടലായി മാറി. താഴ്ന്നുപോകാത്ത പ്രദേശങ്ങളിലുള്ളവര്‍ രണ്ടു കരയിലായിപ്പോയെന്നും ഇന്ത്യന്‍ പ്രദേശത്ത് പെട്ടുപോയ നീഗ്രോകളാണ് പണിയരെന്നും പറയപ്പെടുന്നുണ്ട്.മലബാറിലെ ഒരു രാജാവ് നൂറ്റാണ്ടുകള്‍ക്കുമുമ്പ് വയനാട്ടിലേക്ക് കൊണ്ടുവന്നതാണെന്ന് പണിയര്‍ അവകാശപ്പെടുന്നു.പണിയരുടെ കുടിലുകള്‍ക്ക് ‘കുടുമ്പു’കള്‍ എന്നാണ് പറയുക. തലവനെ ‘കുട്ടന്‍’ എന്നു വിളിക്കും. കുട്ടനെ അനുസരിക്കേണ്ടതും ബഹുമാനിക്കേണ്ടതും സമുദായാംഗങ്ങളുടെ കടമയാണ്.പണിയരുടെ വിവാഹസമ്പ്രദായങ്ങള്‍ പ്രാകൃതമാണ്. വരന്‍ വധുവിന് പണം കൊടുക്കണം. പണമില്ലെങ്കില്‍ വരന്‍ വധുവിന്‍െറ വീട്ടുകാര്‍ക്കുവേണ്ടി ജോലിചെയ്താലും മതി. മുമ്പ്, പെണ്ണിന്‍െറ മാതാപിതാക്കള്‍ക്ക് വര്‍ഷംതോറും പണം കൊടുക്കുന്ന പതിവുണ്ടായിരുന്നു. മുടങ്ങിയാല്‍ പെണ്ണിനെ വീട്ടുകാര്‍ തിരിച്ചുകൊണ്ടുപോകും. വിവാഹമോചനങ്ങളും ഭാര്യ ഭര്‍ത്താവിനെയോ ഭര്‍ത്താവ് ഭാര്യയെയോ ഉപേക്ഷിക്കുന്നതും വിരളമാണ്. ഒരു കുടിയില്‍ പ്രസവമുണ്ടായാല്‍ പണിയര്‍ പത്തുദിവസം പുല ആചരിക്കുന്നു. ആ സമയം കുട്ടിയുടെ അച്ഛന്‍ മാംസവും മത്സ്യവും ഉപേക്ഷിക്കും.
മൃതദേഹം മറവുചെയ്യുന്ന പതിവാണുള്ളത്. മരണം നടന്നതിന്‍െറ ഏഴാം ദിവസം കുഴിമാടത്തില്‍ പാട്ടുംകൂത്തും നടത്തുന്നു. 16 ദിവസം പുല ആചരിക്കുന്നു. ഈ ദിവസങ്ങളില്‍ രണ്ടുനേരം കുളിക്കും. ജോലിയൊന്നും ചെയ്യില്ല. മത്സ്യം, മാംസം എന്നിവ ഉപേക്ഷിക്കും.
പണിയരുടെ ഭാഷ പ്രാകൃത മലയാളമാണ്. മലയാളികള്‍ക്ക് മനസ്സിലാവില്ല. കിട്ടുന്നതെന്തും ഇവര്‍ ഭക്ഷിക്കും. ഞണ്ടുകളെ തിന്നാല്‍ കഷണ്ടിവരില്ലെന്നാണ് ഇവരുടെ വിശ്വാസം.

To know about More : http://en.wikipedia.org/wiki/Tribals_in_Kerala
കടപ്പാട് :- ലേഖനം  :വെളിച്ചം 
അടുത്ത പോസ്റ്റില്‍ തുടരും ....

Subscribe to കിളിചെപ്പ് by Email
Get Free Updates:
*Please click on the confirmation link sent in your Spam folder of Email*
Share :
+
Previous
Next Post »
0 Comments for "അറിയാം ആദിവാസി ചരിത്രം- 6 (Know About Tribal Part - 6)"

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.

 
Thanks for Your Visit, Visit Again. DISCLAIMER :- If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. All the content avilable on this blog is informational purpose only.Reproduction and republishing of contents from here to any other websites or blogs is strictly prohibited.
Template By Kunci Dunia
Back To Top