കൃഷി: അറിവുകള്‍, രീതികള്‍, ചൊല്ലുകള്‍


നവീനശിലായുഗത്തില്‍ (Neolithic Period) കൃഷി ആരംഭിച്ചതായാണ് കരുതപ്പെടുന്നത്. പുരാതന മെസപ്പൊട്ടോമിയയില്‍ 9000-14000 വര്‍ഷംമുമ്പ് കൃഷിചെയ്തതിനു തെളിവായി വിത്തുകള്‍ കണ്ടത്തെിയിട്ടുണ്ട്. ഗോതമ്പ്, ബാര്‍ലി തുടങ്ങിയവയായിരുന്നു ആദ്യവിളകള്‍. ആട്, ചെമ്മരിയാട് തുടങ്ങിയവയെ വളര്‍ത്താന്‍ തുടങ്ങിയതും ഇക്കാലത്തുതന്നെ. ഈജിപ്തിലും ഇതേകാലയളവില്‍ കൃഷി തുടങ്ങി.
യാങ്റ്റ്സി നദീതീരങ്ങളില്‍പെടുന്ന ചൈന, തായ്ലന്‍ഡ് തുടങ്ങിയവിടങ്ങളില്‍ 7000-8000വര്‍ഷംമുമ്പ് കൃഷിയാരംഭിച്ചു. നെല്ല്, ചെറുധാന്യങ്ങള്‍ തുടങ്ങിയ കൃഷികള്‍ക്കൊപ്പം കന്നുകാലികള്‍, പന്നികള്‍, വളര്‍ത്തുപക്ഷികള്‍ എന്നിവയുടെ പരിപാലനവും ഇക്കാലത്തുതന്നെ തുടങ്ങി.
നമ്മുടെ സംഭാവന
സിന്ധുനദീതടങ്ങളില്‍ 5000 വര്‍ഷംമുമ്പേ നെല്ലും ഗോതമ്പും കൃഷിചെയ്തിരുന്നു. ലോത്തല്‍, റാജ്പൂര്‍ എന്നിവിടങ്ങളില്‍ നെല്ലും ഗോതമ്പും ബന്‍വാലിയില്‍ ബാര്‍ലിയും കൃഷിചെയ്തിരുന്നതായി കാണുന്നു. പരുത്തി കൃഷിചെയ്തിരുന്ന ഏറ്റവും പുരാതന ജനവിഭാഗവും സിന്ധുനദീതടവാസികളാണ്. ഹാരപ്പന്‍ ജനതക്ക് ഗോതമ്പ്, ബാര്‍ലി എന്നിവ കൃഷിചെയ്യാന്‍ അറിയാമായിരുന്നു. എ.ഡി രണ്ടാംനൂറ്റാണ്ടില്‍ രചിക്കപ്പെട്ട ‘തിരുക്കുറളില്‍’ ഇങ്ങനെ കാണുന്നു.
‘‘ഉഴുതുണ്ട് വാഴ്വാരേ വാഴ്വര്‍ -മറ്റെല്ലാര്‍
തൊഴുതുണ്ടു പിന്‍ചെല്‍പവര്‍’’
സഹജീവികളെ അന്നമൂട്ടുന്ന കര്‍ഷകന് സമൂഹത്തില്‍ എത്രയോ ഉന്നതമായ സ്ഥാനമാണ് ആര്‍ഷഭാരതം നല്‍കിയിരുന്നത് എന്നതിന് നിദാനമാണ് ഈ കവിതാശകലം.
കൃഷിതന്നെ മുഖ്യതൊഴില്‍
ഇന്ത്യയുടെ ദേശീയവരുമാനത്തില്‍ 17 ശതമാനം കാര്‍ഷികമേഖലയുടെ സംഭാവനയാണ്. അറുപത് ശതമാനം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നതും 12 കോടിയിലധികം കുടുംബങ്ങളെ പട്ടിണിയില്ലാതെ നിലനിര്‍ത്തുന്നതും ഈ മേഖലതന്നെ. ഇന്ത്യയെ സംബന്ധിച്ചിടത്തോളം സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയും കൃഷിയെ ആശ്രയിച്ചുതന്നെ. ചെറുകിട ഭൂവുടമകളാണ് ഇവിടത്തെ ഭൂരിപക്ഷം കര്‍ഷകരും. അതായത്, ഒരു ഹെക്ടറില്‍ താഴെമാത്രം ഭൂമിയുള്ളവര്‍. ഭൂരിപക്ഷത്തിന്‍െറയും കാര്‍ഷികവൃത്തി മഴയെ ആശ്രയിച്ചാണ്. സാങ്കേതികമികവിന്‍െറ കുറവിനോടൊപ്പം മഴയോടുള്ള ആശ്രയശീലവും കാലഹരണപ്പെട്ട വ്യവസ്ഥകളും കാര്‍ഷിക കടബാധ്യതയും കൂടിയായപ്പോള്‍ കുറഞ്ഞ ഉല്‍പാദനക്ഷമത ഈ രംഗത്തെ ഏറ്റവും വലിയ വെല്ലുവിളിയായിത്തീര്‍ന്നു.

വിളവെടുപ്പുകാലങ്ങള്‍
ഖാരിഫ്, റാബി, സയ്ദ് എന്നിവയാണ് ഇന്ത്യയിലെ മുഖ്യ വിളവെടുപ്പുകാലങ്ങള്‍.
ജൂണ്‍, ജൂലൈ മാസങ്ങളില്‍ കൃഷിയാരംഭിച്ച് സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ വിളവെടുക്കുന്നവയാണ് ഖാരിഫ് വിളകള്‍. നെല്ല്, പരുത്തി, ചോളം, റാഗി, ബജ്റ, ചണം തുടങ്ങിയവ ഇക്കൂട്ടത്തില്‍പെടുന്നു.
റാബിവിളകള്‍ മഞ്ഞുകാലത്തെ ആശ്രയിച്ചുള്ള കൃഷിയാണ്. ഒക്ടോബര്‍,ഡിസംബര്‍ മാസങ്ങളില്‍ കൃഷിയാരംഭിച്ച് ഏപ്രില്‍, മേയ് മാസങ്ങളില്‍ വിളവെടുക്കുന്ന ഗോതമ്പ്, ബാര്‍ലി എന്നിവ റാബിവിളകളാണ്.
സയ്ദ് വേനല്‍കാല വിളരീതിയാണ്. ഫലവര്‍ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവയാണ് ഇക്കാലത്തെ മുഖ്യ കൃഷിവിളകള്‍.
ദേശീയ ഭക്ഷ്യസുരക്ഷാ മിഷന്‍
കേന്ദ്ര കൃഷി സഹകരണ മന്ത്രാലയത്തിന്‍െറ പദ്ധതിയാണ് ‘ദേശീയ ഭക്ഷ്യ സുരക്ഷാ മിഷന്‍’. ഇന്ത്യയില്‍ നെല്ല്, ഗോതമ്പ്, പയറുവര്‍ഗങ്ങള്‍ എന്നിവയുടെ ഉല്‍പാദനവര്‍ധനവാണ് മിഷന്‍െറ ലക്ഷ്യം.
11ാം പദ്ധതിയുടെ അവസാനത്തോടെ നെല്ലിന്‍െറ ഉല്‍പാദനം 10 ദശലക്ഷം ടണ്ണും ഗോതമ്പിന്‍െറ ഉല്‍പാദനം എട്ടു ദശലക്ഷം ടണ്ണും പയറുവര്‍ഗങ്ങളുടേത് രണ്ടു ദശലക്ഷം ടണ്ണും വര്‍ധിപ്പിക്കാനാണ് മിഷന്‍ ഉദ്ദേശിക്കുന്നത്. കൃഷിസ്ഥലം വര്‍ധിപ്പിക്കുക, മണ്ണിന്‍െറ വളക്കൂറും ഉല്‍പാദനശേഷിയും നിലനിര്‍ത്തുക, കാര്‍ഷിക തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് ഇതിനായി ആസൂത്രണം ചെയ്തിരിക്കുന്ന പദ്ധതികള്‍.

വിളകള്‍ പലവിധം
നാം ഉല്‍പാദിപ്പിക്കുന്ന വിളകളെ ഭക്ഷ്യവിളകള്‍, നാണ്യവിളകള്‍, പഴങ്ങളും പച്ചക്കറികളും എന്നിങ്ങനെ തരംതിരിക്കാം. അവയില്‍ ചിലതിനെ പരിചയപ്പെട്ടോളൂ...

ഭക്ഷ്യവിളകള്‍

നെല്ല്: നെല്ലുല്‍പാദനത്തില്‍ ലോകത്ത് രണ്ടാംസ്ഥാനമാണ് ഇന്ത്യക്ക്. എക്കല്‍മണ്ണാണ് ഈ കൃഷിക്ക് അനുയോജ്യം. ആഗോളതലത്തില്‍ നെല്ലുല്‍പാദനത്തിന്‍െറ 80 ശതമാനം ഇന്ത്യയും ചൈനയും ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്.
ഗോതമ്പ്: ഗോതമ്പുല്‍പാദനത്തില്‍ ഇന്ത്യയുടെ പങ്ക് 12 ശതമാനമാണ്. നെല്ലു കഴിഞ്ഞാല്‍ ഇന്ത്യയിലെ പ്രധാന ഭക്ഷ്യധാന്യമാണിത്.
ചോളം: നൈട്രജന്‍െറ അംശം കൂടുതലുള്ള മണ്ണാണ് ചോളകൃഷിക്ക് അനുയോജ്യം. 20 - 27 ഡിഗ്രി സെല്‍ഷ്യസിനിടയില്‍ ഊഷ്മാവുള്ള  പ്രദേശങ്ങളില്‍ ചോളം നന്നായി വളരും.
തിനവിളകള്‍ (Millets): ചൂടിനെയും വരള്‍ച്ചയെയും അതിജീവിക്കാന്‍ കഴിവുള്ളവയാണിവ. ബജ്റ, റാഗി, ജോവര്‍ എന്നിവയാണ് പ്രധാന തിനവിളകള്‍.
പയറുവര്‍ഗങ്ങള്‍: ജലം തങ്ങിനില്‍ക്കുന്ന പൂഴിമണ്ണാണ് ഇവയുടെ കൃഷിക്ക് അനുയോജ്യം. പയര്‍, കടല, ഉഴുന്ന്, തുവരപ്പരിപ്പ് തുടങ്ങിയവ ഈ വിഭാഗത്തില്‍പ്പെടുന്നു.

നാണ്യവിളകള്‍
നാരുവിളകള്‍, എണ്ണക്കുരുക്കള്‍, പാനീയവിളകള്‍ എന്നിങ്ങനെ നാണ്യവിളകളെ തരംതിരിക്കാറുണ്ട്. പരുത്തി, ചണം എന്നിവയാണ് നാരുവിളകള്‍. നിലക്കടല, നാളികേരം, കടുക്, എള്ള് എന്നിവയാണ് എണ്ണക്കുരുക്കള്‍. തേയില, കാപ്പി, കൊക്കോ എന്നിവ പാനീയ വിളകളാണ്. റബര്‍, കരിമ്പ്, പുകയില തുടങ്ങി വേറെയും നാണ്യവിളകളുണ്ട്.

കരിമ്പ്: കരിമ്പിന്‍െറ ജന്മദേശമാണ് ഇന്ത്യ. ലോകത്ത് ബ്രസീല്‍ കഴിഞ്ഞാല്‍ കരിമ്പുല്‍പാദനത്തില്‍ ഇന്ത്യയാണ് മുന്നില്‍.
പരുത്തി: പരുത്തിയുടെ ഉല്‍പാദനത്തില്‍ ലോകത്ത് രണ്ടാംസ്ഥാനമാണ് ഇന്ത്യക്ക്. കറുത്ത എക്കല്‍മണ്ണാണ് ഇതിന് അനുയോജ്യം.
ചണം: പരുത്തിപോലെ ഒരു നാണ്യവിളയാണിത്. ഉല്‍പാദനത്തില്‍ ലോകത്ത് ഒന്നാമതാണ് ഇന്ത്യ.
തേയില: ഇന്ത്യയിലെ തേയില ഉല്‍പാദനത്തിന്‍െറ 50 ശതമാനവും അസമിലാണ്. 1823ലാണ് ഇന്ത്യയില്‍ തേയില കൃഷിചെയ്യാന്‍ തുടങ്ങിയത്.
നിലക്കടല: നിലക്കടല ഇന്ത്യയില്‍ കൊണ്ടുവന്നതിന്‍െറ ബഹുമതി ജസ്യൂട്ട് പാതിരിമാര്‍ക്കാണ്. തെക്കേ അമേരിക്കയാണ് ജന്മദേശം.
തെങ്ങ്: കേരളത്തിന്‍െറ കല്‍പവൃക്ഷം. മധ്യ തെക്കുകിഴക്കന്‍ ഏഷ്യാ ഭൂഖണ്ഡമാണ് ജന്മദേശം.
എള്ള്: ജന്മദേശം ആഫ്രിക്ക. കേരളത്തില്‍ എള്ളുകൃഷിക്ക് പ്രസിദ്ധമായ പ്രദേശമാണ്  ഓണാട്ടുകര.
റബര്‍: ഇന്ത്യയിലെ റബര്‍ ഉല്‍പാദനത്തിന്‍െറ 90 ശതമാനവും കേരളത്തിലാണ്. ബ്രിട്ടീഷുകാരാണ് ഇന്ത്യയില്‍ ആദ്യമായി റബര്‍തോട്ടം നിര്‍മിച്ചത്.
പുകയില: പുകയില ഉല്‍പാദനത്തില്‍  ഇന്ത്യക്ക്  മൂന്നാംസ്ഥാനമാണുള്ളത്. ഇവിടെ പുകയില കൃഷിചെയ്തു തുടങ്ങിയത് പോര്‍ച്ചുഗീസുകാരാണ്.

പഴങ്ങളും പച്ചക്കറികളും
ആഗോള പച്ചക്കറി ഉല്‍പാദനത്തിന്‍െറ 13 ശതമാനത്തിലേറെ ഇന്ത്യയിലാണ്. പച്ചക്കറി, പഴവര്‍ഗങ്ങള്‍ എന്നിവയുടെ ഉല്‍പാദനത്തില്‍ ജമ്മു-കശ്മീര്‍, ഹിമാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും വാഴപ്പഴം ഉല്‍പാദനത്തില്‍ തമിഴ്നാട്, മഹാരാഷ്ട്ര, സംസ്ഥാനങ്ങളും ഓറഞ്ച് കൃഷിയില്‍ ഹിമാചല്‍പ്രദേശ്, ഉത്തരഖണ്ഡ് സംസ്ഥാനങ്ങളും മുന്നിട്ടുനില്‍ക്കുന്നു.

ഇ-കൃഷി
വിവരസാങ്കേതികവിദ്യയുടെ ഗുണഫലങ്ങള്‍ കര്‍ഷകര്‍ക്ക് എത്തിക്കുക എന്നതാണ് ഇ-കൃഷി ചെയ്യുന്നത്. കേരള സംസ്ഥാന ഐ.ടി മിഷനും അക്ഷയയും ചേര്‍ന്ന് യു.എന്‍.ഡി.പിയുടെ (യുനൈറ്റഡ് നാഷന്‍സ് ഡെവലപ്മെന്‍റ് പ്രോഗ്രാം) സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്നതാണ് ‘ഇ-കൃഷി പദ്ധതി’. കര്‍ഷകര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ഇന്‍റര്‍നെറ്റിലൂടെ ലഭ്യമാക്കാന്‍ പദ്ധതി സഹായിക്കും. വിപണനത്തിന് തയാറായ കാര്‍ഷിക ഉല്‍പന്നങ്ങള്‍ ഇന്‍റര്‍നെറ്റില്‍ പോസ്റ്റ് ചെയ്യുക, വിപണനശൃംഖല വിപുലപ്പെടുത്തുക, വിലക്കയറ്റം തടയുക, വ്യാപാരികളുടെ ശൃംഖല ഉണ്ടാക്കുക തുടങ്ങിയവ ഇ-കൃഷി സേവനങ്ങളില്‍ ചിലതു മാത്രമാണ്.

കാര്‍ഷിക കേരളം
നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന പാടങ്ങളും പച്ചക്കറിത്തോട്ടങ്ങളും പച്ചപ്പണിയിച്ചിരുന്ന ഹരിതകേദാര ഭൂമിയായിരുന്നു കേരളം. കൃഷിയധിഷ്ഠിത ജീവിതരീതിയാണ് ഇവിടെ നിലവിലിരുന്നത്. എന്നാല്‍, ഇന്നാകട്ടെ ആഹാരത്തിനുള്ള അരിക്കുപോലും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് നാം!
മലയാളിക്ക് ഉണ്ണാന്‍ ഒരു വര്‍ഷം 40 ലക്ഷം ടണ്‍ അരി വേണം. നമ്മള്‍ ഉല്‍പാദിപ്പിക്കുന്നതാകട്ടെ ആറു ടണും! ബാക്കിവരുന്ന മുഴുവന്‍ അന്യസംസ്ഥാനങ്ങളില്‍നിന്ന്! ഇതാണ് ഇന്നത്തെ കേരളത്തിന്‍െറ അവസ്ഥ. 38.86 ലക്ഷം ഹെക്ടറോളം വരുന്ന കേരളത്തിന്‍െറ ഭൂവിസ്തൃതിയില്‍ 55 ശതമാനം ഭൂമി മാത്രമാണ് നാം കാര്‍ഷികവൃത്തിക്ക് ഉപയോഗിക്കുന്നത്. അതുതന്നെ, വര്‍ഷംതോറും കുറഞ്ഞുവരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. നമ്മുടെ കാര്‍ഷികവിളകളില്‍ ഏറ്റവും കൂടുതല്‍ സ്ഥലത്ത് കൃഷി ചെയ്തിട്ടുള്ളത് തെങ്ങാണ്. റബറിനാണ് രണ്ടാം സ്ഥാനം. കുരുമുളക്, നെല്ല്, അടക്ക എന്നിവയാണ് യഥാക്രമം പിന്നീട് വരുന്നവ.
ഹരിത വിപ്ളവം
കാര്‍ഷികരംഗത്തുണ്ടായ മഹത്തായ രണ്ട് വിപ്ളവങ്ങളാണ് ‘ഹരിതവിപ്ളവവും ധവളവിപ്ളവവും’. അമേരിക്കയിലെ റോക്ഫെല്ലര്‍ ഫൗണ്ടേഷന്‍െറ (Rock Feller Foundation) ധനസഹായത്തോടെ ഡോ. നോര്‍മന്‍ ബേണ്‍ലോഗിന്‍െറ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത ആധുനിക കൃഷിരീതി 1960കളില്‍ അരി, ഗോതമ്പ് തുടങ്ങിയ ഭക്ഷ്യധാന്യങ്ങളുടെ ഉല്‍പാദനത്തില്‍ വന്‍ വര്‍ധനയുണ്ടാക്കി. ഭക്ഷ്യോല്‍പാദനരംഗത്തെ ഈ വിപ്ളവകരമായ മാറ്റത്തെയാണ് ‘ഹരിതവിപ്ളവം’ എന്നു പറയുന്നത്. ഇന്ത്യയില്‍ ഹരിതവിപ്ളവം ശക്തമായത് 1966-69ല്‍ റോളിങ് പദ്ധതികളുടെ കാലത്താണ്. ഡോ. എം.എസ്. സ്വാമിനാഥനാണ് ‘ഇന്ത്യന്‍ ഹരിതവിപ്ളവത്തിന്‍െറ പിതാവ്്’ എന്നറിയപ്പെടുന്നത്.
ഇവര്‍ ഒന്നാമത്
കാര്‍ഷിക ഉല്‍പാദനത്തില്‍ മുന്‍പന്തിയിലുള്ള സംസ്ഥാനങ്ങളെ നമുക്ക് പരിചയപ്പെടാം.
കരിമ്പ്: ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര. 

കറുവപ്പട്ട: കര്‍ണാടകം, കേരളം. 
കാപ്പി: കര്‍ണാടകം, കേരളം. ചണം: പശ്ചിമ ബംഗാള്‍. 
ചുക്ക്: കേരളം, ഹിമാചല്‍പ്രദേശ്. ഗോതമ്പ്: ഉത്തര്‍പ്രദേശ്, പഞ്ചാബ്. 
ജോവര്‍: മഹാരാഷ്ട്ര, കര്‍ണാടക. 
ബജ്റ: ഗുജറാത്ത്, രാജസ്ഥാന്‍. 
ബാര്‍ലി: ഉത്തര്‍പ്രദേശ്, രാസ്ഥാന്‍. 
മുളക്: തമിഴ്നാട്, ആന്ധ്രപ്രദേശ്. 
പരുത്തി: ഗുജറാത്ത്, മഹാരാഷ്ട്ര. 
പുകയില: ആന്ധ്രപ്രദേശ്. 
നിലക്കടല: ഗുജറാത്ത്, തമിഴ്നാട്. 
റാഗി: കര്‍ണാടക, തമിഴ്നാട്. 
നെല്ല്: പശ്ചിമ ബംഗാള്‍, ആന്ധ്രപ്രദേശ്. 
മരച്ചീനി: കേരളം, തമിഴ്നാട്. 
തേയില: അസം, കേരളം.

കൃഷിമൊഴികള്‍
വിത്തുഗുണം പത്തുഗുണം, മുന്‍വിളപൊന്‍വിള, വിളയും വിത്ത് മുളയിലറിയാം, അരി വിതച്ചാല്‍ നെല്ലാകുമോ? വിത്താഴം ചെന്നാല്‍ പത്തായം നിറയും! അമരവിത്തും കുരുത്തക്കേടും കുറച്ചുമതി, കുംഭത്തില്‍ ചേന നട്ടാല്‍ കുടത്തോളം, കര്‍ക്കടകത്തില്‍ ചേന കട്ടുകൂട്ടണം, നിലമറിഞ്ഞ് വിത്തുവിതക്കണം, അശ്വതിയിലിട്ട വിത്തും ഭരണിയിലിട്ട മാങ്ങയും കേടുവരില്ല
കടപ്പാട്:മാധ്യമം വെളിച്ചം 
Get Free Updates:
*Please click on the confirmation link sent in your Spam folder of Email*
Share :
+
Previous
Next Post »
0 Comments for "കൃഷി: അറിവുകള്‍, രീതികള്‍, ചൊല്ലുകള്‍"

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.

 
Thanks for Your Visit, Visit Again. DISCLAIMER :- If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. All the content avilable on this blog is informational purpose only.Reproduction and republishing of contents from here to any other websites or blogs is strictly prohibited.
Template By Kunci Dunia
Back To Top