ഒളിമ്പിക്സ്


എട്ടിന്‍െറ മാന്ത്രികതയില്‍ ലോകത്തെ വിസ്മയിപ്പിച്ച ചൈനയുടെ കിളിക്കൂട്ടിലെ അദ്ഭുതക്കാഴ്ചകളില്‍നിന്ന് ലോകം ലണ്ടനിലെ തെംസ് നദീതീരത്തേക്ക് ഒഴുകിയെത്തിയിരിക്കുന്നു.
2008 ആഗസ്റ്റ് എട്ടിലെ രാത്രിയില്‍ 08:08.08നായിരുന്നു ലോകത്തിനു മുന്നില്‍ ചൈനയെന്ന പുതുശക്തിയുടെ പ്രഖ്യാപനമായ ഒളിമ്പിക്സ് അദ്ഭുതത്തിലേക്ക് കിളിക്കൂട് കണ്ണുതുറന്നത്.
നാലു വര്‍ഷത്തിനിപ്പുറം ലോകമെത്തിയപ്പോള്‍ 30 ാമത് ഒളിമ്പിക്സിന് അരങ്ങൊരുക്കാന്‍ ലണ്ടന്‍ മഹാനഗരം അരയും തലയും മുറുക്കി ഒരുങ്ങിക്കഴിഞ്ഞു. ഭൂമിയിലെ മഹാമേളക്ക് ജൂലൈ 27ന് പ്രധാനവേദിയായ ലണ്ടനിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ തിരിതെളിയുമ്പോള്‍ മാനവസംസ്കാരത്തിന്‍െറ മഹാസമ്മേളനമാവുമത്. 204 രാഷ്ട്രങ്ങളില്‍നിന്നായെത്തുന്ന 10,500 കായികതാരങ്ങള്‍ കരുത്തും മിടുക്കും പരീക്ഷിക്കാനായി 302 ഇനങ്ങളില്‍ ആഗസ്റ്റ് 12 വരെ ലണ്ടനിലെ വിവിധ വേദികളില്‍ പോരടിക്കും. കാണികളും വിവിധരാജ്യങ്ങളുടെ ഒഫീഷ്യലുകളുമായി ലക്ഷങ്ങളെയാണ്  17 ദിവസങ്ങളിലായി ഒളിമ്പിക് നഗരി കാത്തിരിക്കുന്നത്.
1894ല്‍ പിയര്‍ ഡി കുബര്‍ട്ടിന്‍ എന്ന ഫ്രഞ്ചുകാരന്‍ തുടക്കംകുറിച്ച ആധുനിക ഒളിമ്പിക്സ് നൂറ്റാണ്ടും കടന്ന ജൈത്രയാത്രക്കൊടുവിലാണ് ഇക്കുറി ലണ്ടനിലെത്തുന്നത്്. ഒളിമ്പിക്സ് ചരിത്രത്തിലെ 30ാം പതിപ്പിന് മഹാനഗരം ആതിഥ്യമൊരുക്കുമ്പോള്‍, സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്‍െറ പഴയ തട്ടകത്തിലെത്തുന്ന മൂന്നാം ഒളിമ്പിക്സെന്ന പ്രത്യേകതയും ഇതിനുണ്ട്. നേരത്തേ, 1908ലും 1948ലുമായിരുന്നു ലണ്ടന്‍ ഒളിമ്പിക്സിന് ആതിഥ്യമൊരുക്കിയത്. മൂന്നു തവണ മഹാമേളക്ക് ആതിഥ്യമൊരുക്കുന്ന ആദ്യ നഗരവും ലണ്ടന്‍ തന്നെ.
ലോകപൊലീസായ അമേരിക്കയും പുതിയ ശക്തിയായ ചൈനയും മുതല്‍ ആഫ്രിക്കയിലെ പട്ടിണിരാഷ്ട്രം സോമാലിയയും വെടിയൊച്ചകള്‍ നിലക്കാത്ത ഫലസ്തീനും ചോരച്ചാലുകളൊഴുകിയ ലിബിയയും വരെ തോളോടുതോള്‍ ചേര്‍ന്ന് അസാധാരണ കായിക ആവേശത്തില്‍ മാറ്റുരക്കുന്നതാണ് ഒളിമ്പിക്സിന്‍െറ മഹത്തായ സന്ദേശം.
പുതിയ നൂറ്റാണ്ടിലെ പുതുശക്തിയായ ചൈനയുടെ വിളംബരമായിരുന്നു ബെയ്ജിങ് ഒളിമ്പിക്സിലൂടെ ലോകം കണ്ടതെങ്കില്‍, അതിനെയും വെല്ലുന്ന കാഴ്ചകളോടെ ലോകാദ്ഭുതമാക്കാനാണ് ലണ്ടന്‍ ഒളിമ്പിക്സിന്‍െറ അണിയറ ശില്‍പികളുടെ ശ്രമം. ഒളിമ്പിക്സ് വേദിക്കായുള്ള മത്സരത്തില്‍ 2005ല്‍ പാരിസിനെയും മഡ്രിഡിനെയും ന്യൂയോര്‍ക് സിറ്റിയെയും മോസ്കോയെയും പിന്തള്ളി വേദി സ്വന്തമാക്കിയതിനു പിന്നാലെ ലണ്ടന്‍ 2012 ഒളിമ്പിക്സിനായി തയാറെടുപ്പ് തുടങ്ങിയിരുന്നു. നഗരമുഖം മാറ്റിപ്പണിതും പുതിയ സ്റ്റേഡിയങ്ങളും മത്സര വേദിയും ഒരുക്കിയും ലോകചരിത്രത്തിലെ വിശേഷസ്ഥാനമുള്ള നാട് തയാറെടുത്തു. 930 കോടി പൗണ്ട് (80,000 കോടി രൂപ) ആണ് ലണ്ടന്‍ ഒളിമ്പിക്സിനായി ചെലവ് കണക്കാക്കുന്നത്.
ആഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ ഒമ്പതുവരെ നടക്കുന്ന പാരാലിമ്പിക്സിന്‍െറ വേദിയും ലണ്ടനാണ്.
പാടാം ഈ ഗാനം
ഒളിമ്പിക്സിന് കൊടി ഉയരുമ്പോഴും താഴുമ്പോഴും മുഴങ്ങുന്ന ഒരു ഗാനമുണ്ട്; ഗ്രീക് ദേശീയകവിയായിരുന്ന കോസ്റ്റിസ് പലാമസ് രചിച്ച് സ്പൈറോസ് സമരസീന്‍ ചിട്ടപ്പെടുത്തിയ ഒളിമ്പിക് ഗാനം. 1960ല്‍ റോമില്‍തന്നെ നടന്ന ഒളിമ്പിക്സ് മുതലാണ് ഈ ഗാനം ഒളിമ്പിക്സിന്‍െറ ഔദ്യാഗിക ഗാനമായി അംഗീകരിക്കുന്നത്. 1958ല്‍ ചേര്‍ന്ന ഇന്‍റര്‍നാഷനല്‍ ഒളിമ്പിക് കമ്മിറ്റി യോഗം ഇതിനനുകൂലമായ തീരുമാനമെടുക്കുകയായിരുന്നു. അതുവരെ ഒളിമ്പിക്സിന്‍െറ ഭാഗമായി വിവിധ സംഗീതപരിപാടികളാണ് നടന്നിരുന്നത്. രണ്ടു തവണ നൊബേല്‍ സമ്മാനത്തിന് പേരു നിര്‍ദേശിക്കപ്പെട്ട കവികൂടിയാണ് കോസ്റ്റിസ് പലാമസ്. ഗ്രീക് ഭാഷയിലെഴുതിയ ഈ ഒളിമ്പിക് ഗാനത്തിന്‍െറ ഇംഗ്ളീഷ് പരിഭാഷ താഴെ ചേര്‍ക്കുന്നു.
Immortal spirit of antiquity,
Father of the true, beautiful and good,
Descend, appear, shed over us thy light
Upon this ground and under this sky
Which has first witnessed thy unperishable fame.
Give life and animation to those noble games!
Throw wreaths of fadeless flowers to the victors
In the race and in strife!
Create in our breasts, hearts of steel!
In thy light, plains, mountains and seas
Shine in a roseate hue and form a vast temple
To which all nations throng to adore thee,
Oh immortal spirit of antiquity!
ഒളിമ്പിക് ദീപശിഖ
കഴിഞ്ഞ മേയ് 19ന് ഗ്രീസിലെ ഒളിമ്പിയയില്‍നിന്ന് പ്രയാണമാരംഭിച്ച ദീപശിഖ ബ്രിട്ടനില്‍ ഉടനീളം സഞ്ചരിച്ച് 8000 കിലോമീറ്റര്‍ പിന്നിട്ട് ജൂലൈ 27ന് ഒളിമ്പിക് സ്റ്റേഡിയത്തിലെത്തും. ഉദ്ഘാടനവേദിയിലെ വിളക്കില്‍ ദീപശിഖ ആരു തെളിയിക്കുമെന്നത് അവസാന നിമിഷംവരെ അതീവ രഹസ്യമായിരിക്കും.
ഒളിമ്പിക്സിന് മുന്നോടിയായി വിവിധ ഭൂഖണ്ഡങ്ങളെ സ്പര്‍ശിച്ച് ദീപശിഖാ പ്രയാണം നടക്കാറുണ്ട്. മനുഷ്യനുവേണ്ടി സിയൂസ് ദേവനില്‍നിന്ന് അഗ്നി മോഷ്ടിച്ച് നല്‍കിയ പ്രൊമിത്യൂസിന്‍െറ കഥയുമായി ബന്ധപ്പെട്ട് പുരാതന ഒളിമ്പിക്സില്‍ ഇത്തരം ദീപശിഖാ പ്രയാണം നടന്നിരുന്നു. 1928 ലെ ആംസ്റ്റര്‍ഡാം ഒളിമ്പിക്സ് മുതല്‍ ഈ രീതി വീണ്ടും തുടങ്ങി.
തുടക്കം-ഒടുക്കം
ആതിഥേയ രാജ്യത്തിന്‍െറ പ്രൗഢിമുഴുവന്‍ വിളിച്ചോതാന്‍ മത്സരിക്കുന്നതാണ് ഒളിമ്പിക്സ് സംഘാടകര്‍ക്ക് ഉദ്ഘാടന-സമാപന ചടങ്ങുകള്‍. ഹോളിവുഡ് സംവിധായകനും ‘സ്ലംഡോഗ് മില്യനര്‍’ എന്ന ചിത്രത്തിലൂടെ ഇന്ത്യക്കാര്‍ക്ക് സുപരിചിതനുമായ ഡാനി ബോയലാണ് ചടങ്ങിന്‍െറ സംവിധായകന്‍. ഇംഗ്ളണ്ടിന്‍െറ പാരമ്പര്യം വിളിച്ചോതുന്നതാവും ജൂലൈ 27ലെ ഉദ്ഘാടന ചടങ്ങ്. ആഗസ്റ്റ് 12നാണ് സമാപനം.
വേദി
ലണ്ടന്‍ നഗരത്തിലെ ഒളിമ്പിക് സ്റ്റേഡിയം. ഉദ്ഘാടന-സമാപന ചടങ്ങുകളുടെ വേദിയാവുന്നതിനൊപ്പം അത്ലറ്റിക് മത്സരങ്ങളുടെ കളിമുറ്റവും ഇതാണ്. ബ്രിട്ടനിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റേഡിയമായ ഇവിടെ 80,000 പേര്‍ക്കാണ് ഇരിപ്പിട സൗകര്യം. ഒളിമ്പിക്സിനു പുറമെ 2017 ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ് വേദിയായും സ്റ്റേഡിയത്തെ തെരഞ്ഞെടുത്തു. മൂന്ന് മേഖലകളായാണ് ഒളിമ്പിക്സിന്‍െറ വേദികള്‍ നിശ്ചയിച്ചിരിക്കുന്നത്. സ്റ്റേഡിയം അടക്കമുള്ള ഒളിമ്പിക് സോണില്‍ അക്വാറ്റിക് സെന്‍റര്‍, ബാസ്കറ്റ്ബാള്‍ അറീന തുടങ്ങിയവ  ഉള്‍പ്പെടും. ഷൂട്ടിങ്, ബോക്സിങ്, ഇക്വസ്റ്റേറിയന്‍ ഇനങ്ങള്‍ നടക്കുന്ന റിവര്‍ സോണ്‍ വേദികള്‍ ഏറെയും തൈംസ് നദിക്കരയിലാണ്.
ടെന്നിസ്, വോളി, ഫുട്ബാള്‍ തുടങ്ങിയ മത്സരങ്ങളുടെ വേദികള്‍ അടങ്ങിയ സെന്‍ട്രല്‍ സോണ്‍ സെന്‍ട്രല്‍-വെസ്റ്റ് ലണ്ടന്‍ നഗരങ്ങളില്‍ വ്യാപിച്ചുകിടക്കുന്നു.
ഒരുമയുടെ അഞ്ചു വളയങ്ങള്‍
ഒളിമ്പിക് പതാകയുടെ ചിത്രം കൂട്ടുകാര്‍ ശ്രദ്ധിച്ചിട്ടില്ലേ? തൂവെള്ള പതാകയില്‍ നീലയും മഞ്ഞയും കറുപ്പും പച്ചയും ചുവപ്പും നിറത്തിലുള്ള അഞ്ചു വളയങ്ങള്‍ തോളോടുതോള്‍ ചേര്‍ന്നുനില്‍ക്കുന്നത് കാണാം. ഒളിമ്പിക് സംഘടനയില്‍ അംഗമായ അഞ്ചു ഭൂഖണ്ഡങ്ങളെയാണ് ഈ വളയങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത്.
ആധുനിക ഒളിമ്പിക്സിന്‍െറ പിതാവ് എന്നറിയപ്പെടുന്ന പിയറി ഡി ക്യൂബര്‍ട്ടിന്‍ 1913ലാണ് ഈ പതാക രൂപകല്‍പന ചെയ്തത്.  പക്ഷേ, ഈ പതാക ഒളിമ്പിക് വേദിയില്‍ പാറാന്‍ ഏഴുവര്‍ഷം കാത്തിരിക്കേണ്ടിവന്നു. ബര്‍ലിനില്‍ 1916ല്‍ നടക്കേണ്ടിയിരുന്ന ഒളിമ്പിക്സ് ഒന്നാം ലോകമഹായുദ്ധംമൂലം മാറ്റിവെച്ചതായിരുന്നു കാരണം. ബെല്‍ജിയത്തിലെ ആന്‍റ്വെര്‍പില്‍ 1920ല്‍ നടന്ന ഒളിമ്പിക്സിലാണ് ഈ പതാക ആദ്യമായി ഉയര്‍ന്നത്. ലോകരാജ്യങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദപരവും ആരോഗ്യകരവുമായ കായികപോരാട്ടത്തിന്‍െറ അടയാളമായാണ് ഈ ചിഹ്നം പരിഗണിക്കപ്പെടുന്നത്.

ആരവം വന്ന വഴി

പഴയ ഒളിമ്പിക്സ്
ലോകത്തിന്‍െറ മുഴുവന്‍ കണ്ണും കരളും ഉറ്റുനോക്കുന്ന ഈ മഹാമാമാങ്കം പിറന്നത് വിചിത്രമായിട്ടാണ്. ഗ്രീക് പുരാണപ്രകാരം  ഹെര്‍ക്കുലീസ് തന്‍െറ പിതാവായ സിയൂസ് ദേവന്‍െറ ബഹുമാനാര്‍ഥമാണ് ഒളിമ്പിക്സ് മത്സരങ്ങളാരംഭിച്ചതെന്നാണ് കണക്കാക്കപ്പെടുന്നത്. ബി.സി 1370  മുതലേ ഒളിമ്പിയ താഴ്വരയുടെ കുലദേവതയായ ‘റിയ’യുടെ ക്ഷേത്രത്തില്‍ ഭക്തര്‍ ഓട്ടമത്സരങ്ങള്‍ നടത്തിയിരുന്നതായാണ് ചരിത്രരേഖകള്‍ പറയുന്നത്. ബി.സി 776 മുതലാണ് ഇത് ഒരു സ്ഥിരം മത്സരത്തിന്‍െറ ചട്ടക്കൂടിലേക്ക് വന്നത്. ഗ്രീക് ചരിത്രകാരനായ അപ്പോളോണിയസിന്‍െറ കണ്ടെത്തലനുസരിച്ച് ആല്‍ത്തേ നദിയുടെ തീരത്താണ് നാലു വര്‍ഷത്തെ ഇടവേളയില്‍ ‘ഒളിമ്പിയാസ്’ എന്ന പേരില്‍ മത്സരങ്ങള്‍ നടന്നുവന്നിരുന്നത്.
ആദ്യകാലം
‘സ്റ്റാഡിയന്‍’ എന്നറിയപ്പെട്ടിരുന്ന 186 മീറ്റര്‍ ഓട്ടം മാത്രമായിരുന്നു ആദ്യകാല ഒളിമ്പിക്സില്‍ മത്സരയിനം. ബി.സി 728ല്‍ നടന്ന 13ാം ഒളിമ്പിക്സ് വരെ ഈ ഒരൊറ്റയിനം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഒരു ദിവസം മാത്രമായിരുന്നു ഇക്കാലത്ത് മത്സരങ്ങളുണ്ടായിരുന്നത്. 14ാം ഒളിമ്പിക്സ് മുതല്‍ അരമൈല്‍ ഓട്ടവും 15ാമത്തേത് മുതല്‍ രണ്ടരമൈല്‍ ഓട്ടവും 18ാമത്തേത് മുതല്‍ പെന്‍റാത്ലണും 23ാമത്തേത് മുതല്‍ ബോക്സിങ്ങും 25ാമത്തേത് മുതല്‍ ഇക്വിസ്റ്റേറിയന്‍ മത്സരങ്ങളും 33ാമത്തേത് മുതല്‍ ഷോട്ട്പുട്ടും ഡിസ്കസ്ത്രോയും മത്സരയിനങ്ങളില്‍ ഉള്‍പ്പെടുത്തി. ബി.സി 576 മുതലാകട്ടെ ഗ്രീസിന് പുറത്തുള്ള രാഷ്ട്രങ്ങളെയും മത്സരങ്ങളില്‍ പങ്കെടുപ്പിച്ചുതുടങ്ങി.
ഒലിവ് കിരീടങ്ങള്‍
ബലിരക്തത്തില്‍ കൈമുക്കി പ്രതിജ്ഞയെടുത്ത ആളുകളായിരുന്നു മത്സരങ്ങള്‍ നിയന്ത്രിച്ചിരുന്നത്. കായികതാരങ്ങളും പരിശീലകരും ബന്ധുക്കളുമെല്ലാം സിയൂസ് ദേവന്‍െറ പ്രതിമക്ക് മുന്നില്‍  പ്രത്യേക പ്രതിജ്ഞയെടുത്തശേഷമേ മത്സരങ്ങള്‍ക്കിറങ്ങിയിരുന്നുള്ളൂ. സ്ത്രീകള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായിരുന്നില്ല. മത്സരാര്‍ഥികള്‍ പലരും ഏതാണ്ട് നഗ്നരായാണ് പങ്കെടുത്തിരുന്നത്. മനുഷ്യശരീരത്തിന്‍െറ നേട്ടങ്ങളുടെ ആഘോഷം എന്ന സങ്കല്‍പമായിരുന്നു ഇതിനു പിന്നില്‍. വിജയികള്‍ക്ക് ഒലിവ് ചില്ലകള്‍കൊണ്ടുണ്ടാക്കിയ കിരീടങ്ങളായിരുന്നു നല്‍കിയിരുന്നത്. എ.ഡി 394ല്‍ ഭരണം പിടിച്ചെടുത്ത റോമന്‍ ചക്രവര്‍ത്തി തിയൊഡോഷ്യസ് ഗ്രീസിനെ ക്രിസ്ത്യന്‍ രാഷ്ട്രമായി പ്രഖ്യാപിക്കുകയും മതത്തിന് വിരുദ്ധമാണെന്നു പറഞ്ഞ് ഒളിമ്പിക്സ് മത്സരങ്ങള്‍ നിര്‍ത്തലാക്കുകയും ചെയ്തു. തിരശ്ശീല വീഴും മുമ്പ് 293 ഒളിമ്പിക്സ് മത്സരങ്ങള്‍ നടന്നതായാണ് ചരിത്രം.
ആധുനിക ഒളിമ്പിക്സ്
ഫ്രഞ്ച് പ്രഭുവായ പിയറി ഡി കുംബര്‍ട്ടിന്‍േറതായിരുന്നു  ഒളിമ്പിക്സിന്‍െറ പുനരാവിഷ്കരണമെന്ന ആശയം. 19ാം നൂറ്റാണ്ടിന്‍െറ അവസാനസമയത്താണ് ജര്‍മന്‍ പുരാവസ്തു പര്യവേക്ഷകര്‍ പുരാതന ഒളിമ്പിയയുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. 1870-71 കാലഘട്ടത്തെ ഫ്രാന്‍കോ-പ്രഷ്യന്‍ യുദ്ധത്തിലെ ഫ്രഞ്ച് നിരയുടെ പരാജയത്തിന് കാരണമന്വേഷിച്ചുനടന്ന കുംബര്‍ട്ടിന്‍ മതിയായ കായികശേഷിയില്ലാത്തതാണ് ഫ്രഞ്ച് സേനയുടെ പരാജയത്തിന് കാരണമെന്ന നിഗമനത്തിലെത്തി. കായികശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം യുവാക്കളെ യുദ്ധത്തിലേക്കെടുത്തെറിയാതെ അവരുടെ ഹൃദയങ്ങളെ അടുപ്പിക്കാനുള്ള ഒരു വഴിയെന്ന നിലക്ക് ഒളിമ്പിക്സ് മത്സരങ്ങള്‍ പുനരാരംഭിക്കാന്‍ കുംബര്‍ട്ടിന്‍ തീരുമാനിക്കുകയായിരുന്നു.
 സുഹൃത്ത് ഡോ. ബ്രൂക്സുമൊത്ത് കുംബര്‍ട്ടിന്‍ ഇന്‍റര്‍നാഷനല്‍ ഒളിമ്പിക്സ് കമ്മിറ്റി രൂപവത്കരിച്ചു. 1894 ജൂണ്‍ 16 മുതല്‍ 23 വരെ പാരിസിലെ സോര്‍ബോണ്‍ യൂനിവേഴ്സിറ്റിയില്‍ ആദ്യ ഐ.ഒ.സി കോണ്‍ഗ്രസില്‍ ആദ്യ ഒളിമ്പിക്സ് 1896ല്‍ ആതന്‍സില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി ഗ്രീക് സ്വദേശിയായ ദിമിത്രി വികേലാസ് പ്രസിഡന്‍റായി സ്ഥിരം സ്വഭാവത്തില്‍ ഇന്‍റര്‍നാഷനല്‍ ഒളിമ്പിക്സ് കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തു.
ഉദ്ഘാടനവും സമാപനവും
കൂട്ടുകാര്‍ക്കറിയാമോ, ഒളിമ്പിക്സിന്‍െറ ഉദ്ഘാടനവും സമാപനവും ലോകത്തെ ഏറ്റവും മനോഹരമായി ചിട്ടപ്പെടുത്തിയ ചടങ്ങുകളാണ്. ഉദ്ഘാടന ചടങ്ങില്‍, മത്സരം നടക്കുന്ന രാജ്യത്തിന്‍െറ തലവനെ ഒളിമ്പിക്സ് സമിതിയുടെ അധ്യക്ഷന്‍ സ്വീകരിച്ച് പീഠത്തിലേക്ക് ആനയിക്കും. അപ്പോള്‍ ആ രാജ്യത്തിന്‍െറ ദേശീയഗാനം മുഴങ്ങും. തുടര്‍ന്ന് മത്സരത്തില്‍ പങ്കെടുക്കുന്ന താരങ്ങളുടെ പരേഡാണ്. ഏറ്റവും മുന്നില്‍ ഒളിമ്പിക്സിന് ജന്മം നല്‍കിയ ഗ്രീസിന്‍െറ താരങ്ങള്‍, ഏറ്റവും അവസാനം മത്സരം നടക്കുന്ന രാജ്യത്തിന്‍െറ താരങ്ങള്‍. ഇവര്‍ക്കിടയിലായി മറ്റു രാജ്യങ്ങള്‍ ഇംഗ്ളീഷ് അക്ഷരമാലക്രമത്തില്‍ അണിനിരക്കും.
ഓരോ രാജ്യത്തെയും താരങ്ങള്‍ അവരുടെ ജഴ്സിയണിഞ്ഞ് ദേശീയ പതാകക്ക് പിന്നാലെ ചുവടുവെച്ചുനീങ്ങുന്ന ചടങ്ങ് അതിസുന്ദരമാണ്. തുടര്‍ന്ന് താരങ്ങള്‍ ഗ്രൗണ്ടില്‍ അണിനിരക്കും.
രാഷ്ട്രത്തലവന്‍ മത്സരം ഉദ്ഘാടനം ചെയ്യും. വാദ്യമേളങ്ങളും വെടിക്കെട്ടും അകമ്പടിയായി ഉണ്ടാവും. സമാധാനസൂചകമായി പ്രാവുകളെ പറത്തും. ഉദ്ഘാടനസമയത്ത് ഒളിമ്പിക്സ് പതാക ഉയര്‍ത്തും. തുടര്‍ന്ന് വന്‍കരകള്‍ ചുറ്റിയെത്തിയ ഒളിമ്പിക്സ് ദീപശിഖ മൈതാനത്തെത്തിച്ച് വലിയൊരു ജ്വാലയില്‍ തെളിക്കും. ഈ ജ്വാല മത്സരങ്ങള്‍ അവസാനിക്കുംവരെ അണയാതെ നില്‍ക്കും.
തുടര്‍ന്ന് ഒളിമ്പിക്സ് ഗാനം ആലപിക്കും. മത്സരം നടക്കുന്ന രാജ്യത്തെ ഒരു താരം പീഠത്തില്‍ കയറിനിന്ന് എല്ലാ താരങ്ങളുടെയും പേരില്‍ സത്യപ്രതിജ്ഞ ചൊല്ലുകയാണ് അടുത്ത പടി. തികഞ്ഞ സ്നേഹത്തോടെയും പരസ്പര ബഹുമാനത്തോടെയും മത്സരങ്ങളില്‍ പങ്കെടുക്കുമെന്നതാണ് ഈ പ്രതിജ്ഞ. മത്സരം നടക്കുന്ന രാജ്യത്തിന്‍െറ ദേശീയഗാനത്തോടെയാണ് ഉദ്ഘാടന ചടങ്ങ് അവസാനിക്കുന്നത്.
സമാപനവും സമാനമായ ചടങ്ങാണ്. അടുത്ത ഒളിമ്പിക്സിനായുള്ള ആഹ്വാനം, ദീപശിഖ അണക്കല്‍, പതാകതാഴ്ത്തല്‍, ആചാരവെടി , ദേശീയഗാനം എന്നിവയാണ് സമാപന ചടങ്ങില്‍ നടക്കുന്നത്.
1896 ആതന്‍സ്
ആതന്‍സിലെ പനാത്തേനിയന്‍ സ്റ്റേഡിയത്തില്‍ 1896 ഏപ്രില്‍ ആറ് മുതല്‍ 15 വരെ നടന്ന മത്സരങ്ങളില്‍ 14 രാഷ്ട്രങ്ങളില്‍നിന്ന് 241 കായികതാരങ്ങളാണ് പങ്കെടുത്തത്. രാഷ്ട്രങ്ങള്‍ക്കൊന്നും ഔദ്യാഗികമായി ദേശീയടീമുകള്‍ ഇല്ലാതിരുന്നതിനാല്‍ പങ്കെടുത്ത രാജ്യങ്ങളുടെ എണ്ണത്തെ ചൊല്ലി പലര്‍ക്കും അഭിപ്രായവ്യത്യാസമുണ്ട്.
ആസ്ട്രേലിയ, ഓസ്ട്രിയ, ബള്‍ഗേറിയ, ചിലി, ഡെന്മാര്‍ക്, ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍, ഗ്രീസ്, ഹംഗറി, ഇറ്റലി, സ്വീഡന്‍, സ്വിറ്റ്സര്‍ലന്‍ഡ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളാണ് ആദ്യ ഒളിമ്പിക്സില്‍ പങ്കെടുത്തതെന്നാണ് പൊതുവെ അംഗീകരിക്കപ്പെട്ട വിവരം.  ലോകത്തിലെ പ്രമുഖ കായികതാരങ്ങളൊന്നുംതന്നെ ഇതില്‍ പങ്കെടുത്തില്ലെങ്കിലും അന്നേവരെയുള്ള ഏതൊരു കായികമത്സരത്തില്‍ പങ്കെടുത്തതിലേറെ ആളുകള്‍ ആദ്യത്തെ ഒളിമ്പിക്സ് മേളയില്‍ പങ്കെടുത്തുവെന്നത് സംഘാടകര്‍ക്ക് ആത്മവിശ്വാസമേകുന്നതായിരുന്നു.
ആദ്യ വിജയി
 അത്ലറ്റിക് മത്സരങ്ങളില്‍ 12 ഇനങ്ങളാണ് നടന്നത്. ഒമ്പത് രാഷ്ട്രങ്ങളില്‍നിന്നായി 63 അത്ലറ്റുകളാണ് മത്സരങ്ങളില്‍ പങ്കെടുത്തത്. ട്രിപ്പ്ള്‍ ജമ്പില്‍ വിജയിച്ച ഹാര്‍വാഡ് യൂനിവേഴ്സിറ്റി വിദ്യാര്‍ഥി ജയിംസ് ഒ. കൊണേലിയാണ് ഒളിമ്പിക്സിലെ ആദ്യ വിജയി.  
മാരത്തണ്‍ കഥ
അത്ലറ്റിക്സില്‍ മാരത്തണായിരുന്നു ശ്രദ്ധേയം. ഗ്രീക് ചരിത്രത്തിലെ ഇതിഹാസനായകനായ ഫിഡിപ്പിഡെസ് എന്ന പട്ടാളക്കാരന്‍െറ ഓര്‍മക്കായാണ് മാരത്തണ്‍ മത്സരം നടത്തിവരുന്നത്. മാരത്തണില്‍ പേര്‍ഷ്യയുമായി നടന്ന യുദ്ധത്തിനിടെ സ്പാര്‍ട്ടയുടെ സഹായമഭ്യര്‍ഥിച്ച് രണ്ടു ദിവസമെടുത്ത് ആതന്‍സില്‍ ഓടിയെത്തിയ ഫിഡിപ്പിഡെസ് യുദ്ധം വിജയിച്ചശേഷം ആ വിവരമറിയിക്കാനും ആതന്‍സില്‍ ഓടിയെത്തി. വിജയവിവരമറിയിച്ചശേഷം വീണുമരിച്ച ആ വീരയോദ്ധാവിന്‍െറ സ്മരണക്കായി ഒളിമ്പിക്സില്‍ 40 കി.മീ. മാരത്തണ്‍ മത്സരം ഉള്‍പ്പെടുത്തിയത് കുംബര്‍ട്ടിന്‍ പ്രഭുവിന്‍െറ സുഹൃത്തായിരുന്ന മൈക്കല്‍ ബ്രയല്‍ എന്നയാളായിരുന്നു. പനാത്തേനിയന്‍ സ്റ്റേഡിയം തിങ്ങിനിറഞ്ഞ 80,000ത്തോളം ആതിഥേയ കാണികള്‍ക്കും ഗ്രീക് രാജാവ് കിങ് ജോര്‍ജ് ഒന്നാമനും ആഹ്ളാദമേകി മാരത്തണ്‍ മത്സരത്തില്‍ ഗ്രീക് താരം സ്പിരിഡന്‍ ലൂയിസായിരുന്നു ജയം കണ്ടത്. ഇതാദ്യമായിട്ടായിരുന്നു അന്താരാഷ്ട്രതലത്തില്‍ മാരത്തണ്‍ മത്സരം നടത്തിയത്.
1900 പാരിസ്
പാരിസില്‍ 1900ത്തില്‍ നടന്ന രണ്ടാം ഒളിമ്പിക്സ് ഔദ്യാഗിക ഉദ്ഘാടന, സമാപന ചടങ്ങുകള്‍ ഇല്ലാത്ത ഒരു മേളയായിരുന്നു.  പാരിസില്‍ നടന്ന വ്യാപാരമേളയോടനുബന്ധിച്ച് മേയ് 14 മുതല്‍ 28 വരെയാണ് രണ്ടാം ഒളിമ്പിക്സ് നടത്തിയത്. സ്ത്രീകള്‍ക്ക് പങ്കെടുക്കാന്‍ അനുവാദം നല്‍കിയ ഇതില്‍ ക്രിക്കറ്റും ഒരു മത്സരയിനമായിരുന്നു. ഈ വര്‍ഷം മാത്രമാണ് ക്രിക്കറ്റ് മത്സരയിനമായിരുന്നത്. ഈ മേളയില്‍ സിംഗിള്‍സ്, മിക്സഡ് ഡബ്ള്‍സ് ടെന്നിസ് മത്സരങ്ങളില്‍ സ്വര്‍ണം നേടിയ ബ്രിട്ടന്‍െറ ചാര്‍ലറ്റ് കൂപ്പറാണ് ഒളിമ്പിക്സിലെ ആദ്യ വനിതാ ജേതാവ്.
1904 സെന്‍റ് ലൂസിയ
1904ലെ ഒളിമ്പിക്സിന്‍െറ ആതിഥേയര്‍ അമേരിക്കയിലെ സെന്‍റ് ലൂസിയ ആയിരുന്നു. മറ്റൊരു സംസ്ഥാനമായ ഷികാഗോയില്‍ ഒളിമ്പിക്സ് നടത്താനാണ് ഐ.ഒ.സി തീരുമാനിച്ചിരുന്നതെങ്കിലും സെന്‍റ് ലൂസിയയില്‍ ഒരു വ്യാപാരമേള നടക്കുന്നുണ്ടായിരുന്നതിനാല്‍ സംഘാടകര്‍ ഒളിമ്പിക്സ് അതോടൊപ്പം നടത്തണമെന്ന് വാശിപിടിക്കുകയായിരുന്നു.
ഈ മേള മുതലാണ് വിജയികള്‍ക്ക് ഔദ്യാഗികമായി സ്വര്‍ണം, വെള്ളി, ഓട് മെഡലുകള്‍ നല്‍കിത്തുടങ്ങിയത്. റഷ്യ-ജപ്പാന്‍ യുദ്ധം മൂലം പ്രമുഖ കായികതാരങ്ങള്‍ പലരും മേളയില്‍നിന്ന് വിട്ടുനിന്നതും ഒളിമ്പിക്സിന്‍െറ ശോഭ കെടുത്തി. മത്സരാര്‍ഥികളുടെ കുറവുമൂലം ആ വര്‍ഷത്തെ അമേരിക്കന്‍ ദേശീയ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പും ഇതോടൊപ്പമാണ് നടത്തിയത്.
ബോക്സിങ്, ഡംബ്ബെല്‍സ്, ഫ്രീസ്റ്റൈല്‍ റെസ്ലിങ്, ഡെക്കാത്ലണ്‍ തുടങ്ങിയവയാണ് ഇതില്‍ പുതുതായി ഉള്‍പ്പെടുത്തിയ മത്സരയിനങ്ങള്‍.
പതിവുതെറ്റിച്ച് 1906
ആധുനിക ഒളിമ്പിക്സിന്‍െറ 10ാം വാര്‍ഷികത്തിന്‍െറ ഭാഗമായി നാലു വര്‍ഷത്തിലൊരിക്കല്‍ എന്ന പതിവു തെറ്റിച്ച് 1906ല്‍ ആതന്‍സില്‍ ഒരു മേള നടന്നു. എന്നാല്‍, മൂന്ന്, നാല് ഒളിമ്പിക്സുകള്‍ക്കിടയില്‍ നടന്ന ഈ മേള ഐ.ഒ.സി ഔദ്യാഗികമായി ഇനിയും അംഗീകരിച്ചിട്ടില്ല. രാജ്യങ്ങള്‍ക്ക് ദേശീയ ടീമുകള്‍ എന്ന ആശയം ഈ മേള മുതലാണ് പ്രാവര്‍ത്തികമായത്. രാജ്യങ്ങളുടെ ഔദ്യാഗിക പതാകക്കുകീഴിലാണ് രാജ്യങ്ങള്‍ പനാത്തേനിയന്‍ സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തത്. കായികതാരങ്ങള്‍ക്ക് എന്‍.ഒ.സി രജിസ്ട്രേഷന്‍ ആരംഭിച്ചതും ഈ ഒളിമ്പിക്സ് മുതലാണ്. ഉദ്ഘാടനച്ചടങ്ങിന് പുറമെ സമാപനച്ചടങ്ങും പ്രത്യേകമായി ഇതില്‍ നടത്തിയിരുന്നു.
1908 ലണ്ടന്‍
1908ലെ ലണ്ടന്‍ ഒളിമ്പിക്സ് ആണ് ഐ.ഒ.സി നാലാമത് ഒളിമ്പിക്സ് മേളയായി അംഗീകരിച്ചിരിക്കുന്നത്. റോം ആണ് ഇതിന് ആദ്യ വേദിയായി നിശ്ചയിച്ചിരുന്നതെങ്കിലും വെസൂവിയസ് അഗ്നിപര്‍വതം പൊട്ടി ഇറ്റലിയിലെ നേപ്പ്ള്‍സ് പട്ടണത്തില്‍ ഏറെ നാശനഷ്ടങ്ങളുണ്ടായതിനെ തുടര്‍ന്ന് ലണ്ടനിലേക്ക് മാറ്റുകയായിരുന്നു. മാരത്തണ്‍ ദൂരം 25 മൈല്‍ എന്നതില്‍നിന്ന് 26 (42.195 കി.മീ.) മൈല്‍ ആയി നിജപ്പെടുത്തിയത് ഈ മേള മുതലാണ്. മത്സരങ്ങളില്‍ ശാസ്ത്രീയമായ രീതിയില്‍ വിധിനിര്‍ണയങ്ങളും മറ്റു രാജ്യങ്ങളില്‍നിന്നുള്ള വിധികര്‍ത്താക്കളെ പങ്കെടുപ്പിച്ചുതുടങ്ങിയതും ശീതകാലമത്സരങ്ങള്‍ ഉള്‍ക്കൊള്ളിച്ചതുമെല്ലാം ഈ മേള മുതലാണ്.
1912 സ്റ്റോക്ഹോം
മുന്‍ ഒളിമ്പിക്സുകളെ അപേക്ഷിച്ച് സംഘാടനശേഷികൊണ്ട് മികവുറ്റ 1912ലെ സ്റ്റോക്ഹോം ഒളിമ്പിക്സിനെ ‘സ്വീഡിഷ് മാസ്റ്റര്‍പീസ്’ എന്ന് പേരിട്ട് ഐ.ഒ.സി ഭാരവാഹികളടക്കം പ്രശംസകള്‍കൊണ്ട് മൂടിയിരുന്നു. ഫിനിഷിങ് സമയവും മറ്റും നിര്‍ണയിക്കാന്‍ ഇലക്ട്രിക് ടൈമിങ് സിസ്റ്റം, പബ്ളിക് അഡ്രസ് സിസ്റ്റം എന്നിവ ഈ ഒളിമ്പിക്സിലാണ് ആദ്യമായി ഉപയോഗിച്ചത്.
യുദ്ധകാലത്തെ ഒളിമ്പിക്സുകള്‍
ഒന്നാം ലോകയുദ്ധത്തെ തുടര്‍ന്ന് 1916ലെ ഒളിമ്പിക്സും രണ്ടാം ലോകയുദ്ധത്തെ  തുടര്‍ന്ന് 1940ലെയും 1944ലെയും ഒളിമ്പിക്സുകള്‍ ഉപേക്ഷിക്കേണ്ടിവന്നത് കായികപ്രേമികളുടെ മനസ്സില്‍ തീരാനൊമ്പരമായി. ഒന്നാം ലോകയുദ്ധം അവസാനിച്ചതിന് തൊട്ടുടനെ നടന്ന 1920ലെ ആന്‍റ്വെര്‍പ്പ് ഗെയിംസില്‍ യുദ്ധത്തിന് കാരണക്കാരായ ജര്‍മനി, ഓസ്ട്രിയ, ബള്‍ഗേറിയ, തുര്‍ക്കി, ഹംഗറി എന്നീ രാജ്യങ്ങളെ ഈ മേളയിലേക്ക് ഐ.ഒ.സി ക്ഷണിച്ചിരുന്നില്ല.
1924ലെ പാരിസ് ഒളിമ്പിക്സിലും ഇവര്‍ക്ക് ക്ഷണം ഉണ്ടായിരുന്നില്ല. പുതുതായി രൂപവത്കരിച്ച സോവിയറ്റ് യൂനിയന് ഐ.ഒ.സി ക്ഷണപത്രം അയച്ചിരുന്നെങ്കിലും ഒളിമ്പിക്സില്‍ പങ്കെടുക്കേണ്ടതില്ല എന്ന നിലപാടിലായിരുന്നു ഈ കമ്യൂണിസ്റ്റ് രാഷ്ട്രം. 1952 വരെ സോവിയറ്റ് യൂനിയന്‍ ഒളിമ്പിക്സില്‍നിന്ന് ഒഴിഞ്ഞാണ് നിന്നിരുന്നത്. യുദ്ധം യൂറോപ്പിനെ ആകെ തകര്‍ത്തെറിഞ്ഞതിനാല്‍ പരിമിതികളുടെ നിഴലിലായിരുന്നു ഈ ഒളിമ്പിക്സില്‍ മത്സരങ്ങള്‍ നടന്നത്. കാണികളും കുറവായതിനാല്‍ ബെല്‍ജിയത്തിന് മേളയുടെ നടത്തിപ്പില്‍ 600 മില്യന്‍ ഫ്രാങ്കാണ് നഷ്ടമുണ്ടായത്.
1924 ചാമോണിക്സ്
29 രാഷ്ട്രങ്ങളില്‍നിന്നായി 2500ഓളം അത്ലറ്റുകള്‍ പങ്കെടുത്ത ഈ മേളയിലാണ് ആദ്യമായി ഒളിമ്പിക്സിന്‍െറ ഔദ്യാഗിക  പതാക ഉയര്‍ന്നത്. ആധുനിക ഒളിമ്പിക്സിന്‍െറ പിതാവായ കുംബര്‍ട്ടിന്‍ പ്രഭു ഐ.ഒ.സി അധ്യക്ഷസ്ഥാനത്തുനിന്ന് വിരമിച്ചത് 1924ലെ പാരിസ് ഒളിമ്പിക്സിലാണ്. ശീതകാല ഒളിമ്പിക്സ് എന്ന ആശയവും ഈ ഒളിമ്പിക്സിലാണ് ആദ്യമായി ഉയര്‍ന്നുവന്നത് (ഫ്രാന്‍സിലെ ചാമോണിക്സിലായിരുന്നു ആദ്യ ശീതകാല ഒളിമ്പിക്സ്. ഒളിമ്പിക്സിന് കുറച്ചു മാസങ്ങള്‍ക്കുമുമ്പ് ശീതകാല ഒളിമ്പിക്സ് നടത്താനായിരുന്നു പദ്ധതി. 1992 വരെ ഇങ്ങനെയാണ് നടന്നുവന്നിരുന്നത്).
1928 ഒളിമ്പിക്  ജ്വാല
വനിതകള്‍ക്ക് പ്രത്യേകം ട്രാക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങളും ജിംനാസ്റ്റിക്സ് മത്സരങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള 1928ലെ ആംസ്റ്റര്‍ഡാം ഒളിമ്പിക്സിലാണ് ‘ഒളിമ്പിക് ജ്വാല’ ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്.
1932 ഒളിമ്പിക് വില്ലേജ്
1932ലെ ലോസ് ആഞ്ജലസ് ഗെയിംസിലാണ് ഒളിമ്പിക് വില്ലേജ് എന്ന ആശയം ആദ്യം അവതരിപ്പിക്കപ്പെടുന്നത്. ലോസ് ആഞ്ജലസിലേക്കുള്ള ദൂരവും ചെലവും മറ്റും കണക്കിലെടുത്ത് കൂടുതല്‍ രാജ്യങ്ങള്‍ ഈ മേളയില്‍ പങ്കെടുക്കില്ലെന്നായിരുന്നു കരുതിയിരുന്നത്. ഒളിമ്പിക്സ് ആരംഭിക്കുന്നതിന് ആറ് മാസം മുമ്പുവരെ ഒറ്റ രാജ്യംപോലും ഒളിമ്പിക്സ് ക്ഷണത്തോട് അനുകൂലമായി പ്രതികരിച്ചിരുന്നില്ല. ഓട്ടമത്സരങ്ങളിലെയും മറ്റും കൃത്യമായ വിധിനിര്‍ണയത്തിന് ഫോട്ടോഫിനിഷ് കാമറകളും മറ്റും ഇവിടെയാണ് ആദ്യം പരീക്ഷിക്കപ്പെട്ടത്. ‘പറക്കും ഫിന്‍’ പാവോ നൂര്‍മിയെ ഈ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ അനുവദിക്കാതിരുന്നതും വേദനയായി.
1936 ദീപശിഖ
1931ലെ ഐ.ഒ.സിയുടെ പ്രത്യേകയോഗം 1936ലെ ഒളിമ്പിക്സ് ബെര്‍ലിന് അനുവദിച്ചു നല്‍കി രണ്ടു വര്‍ഷം കഴിഞ്ഞാണ് നാസികള്‍ ജര്‍മനിയുടെ അധികാരം പിടിക്കുന്നത്. നാസി ഭരണത്തിന്‍ കീഴിലുള്ള ജര്‍മനിയിലെ മേള ബഹിഷ്കരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അമേരിക്കയടക്കം പല രാജ്യങ്ങളും അവസാന നിമിഷം ബെര്‍ലിന്‍ മേളയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. ബെര്‍ലിന്‍ ഒളിമ്പിക്സ് മുതലാണ് ഒളിമ്പിക്സ് ദീപശിഖാപ്രയാണം ആരംഭിച്ചത്. ഹിറ്റ്ലറുടെ വംശീയഹുങ്കിന്മേല്‍ കറുപ്പിന്‍െറ കരുത്തിന്‍െറ പ്രതീകമായി കുതിച്ചുകയറിയ ജെസി ഓവന്‍സാണ് ഈ മേളയിലെ ഹീറോ. ആര്യന്‍വംശമേധാവിത്വമെന്ന ഹിറ്റ്ലറുടെ സങ്കല്‍പം തകര്‍ത്തെറിഞ്ഞ് അമേരിക്കയുടെ ഈ ‘കറുത്ത മുത്ത്’ നാല് സ്വര്‍ണമെഡലുകളാണ് നേടിയത്. 49 രാഷ്ട്രങ്ങളെ പ്രതിനിധാനം ചെയ്ത് നാലായിരത്തിലധികം കായികതാരങ്ങളാണ് ഇവിടെ പങ്കെടുത്തത്.

യുദ്ധ ഇടവേള 1948
രണ്ടാം ലോകയുദ്ധം കാരണം 12 വര്‍ഷങ്ങള്‍ക്കുശേഷമാണ് 1948ല്‍ ലണ്ടനില്‍ അടുത്ത ഒളിമ്പിക്സ് നടന്നത്. രണ്ടാം ലോകയുദ്ധം യൂറോപ്പിനെ, പ്രത്യേകിച്ച് ബ്രിട്ടനെ തകര്‍ത്തെറിഞ്ഞതിനാല്‍ ഒളിമ്പിക്സിന് പകരം പ്രത്യേക മഹോത്സവം നടത്തിയാല്‍ മതിയെന്ന് അഭിപ്രായമുയര്‍ന്നിരുന്നെങ്കിലും ഒളിമ്പിക്സ് പുനരാരംഭിക്കാന്‍ ഐ.ഒ.സി തീരുമാനിക്കുകയായിരുന്നു. ബ്രിട്ടന്‍െറ സാമ്പത്തിക പരാധീനത കണക്കിലെടുത്ത് പങ്കെടുത്ത കായികതാരങ്ങള്‍ സ്വന്തമായി ഭക്ഷണം കൊണ്ടുവരുകയായിരുന്നു. അധികമുള്ള ഭക്ഷണം ബ്രിട്ടീഷ് നിവാസികള്‍ക്ക് നല്‍കുകയും ചെയ്തു. യുദ്ധത്തില്‍ കാര്യമായ കേടുപാടുകള്‍ പറ്റാതിരുന്ന വെംബ്ളി സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടന്നത്. ഒളിമ്പിക്സ് വില്ലേജ് നിര്‍മിക്കാതിരുന്നതിനാല്‍ ആണ്‍ കായികതാരങ്ങള്‍ സമീപത്തെ പട്ടാളക്യാമ്പിലും പെണ്‍ കായികതാരങ്ങള്‍ സമീപത്തെ കോളജിന്‍െറ ഡോര്‍മെറ്ററിയിലുമാണ് താമസിച്ചിരുന്നത്. രണ്ടാം ലോകയുദ്ധത്തിലെ പ്രധാന കക്ഷികളായിരുന്ന അമേരിക്കയെയും ജപ്പാനെയും ഈ ഒളിമ്പിക്സിലേക്ക് ക്ഷണിച്ചിരുന്നില്ല.
1952 ഹെല്‍സിങ്കി
ശീതയുദ്ധം പ്രതിഫലിച്ച ഒന്നായിരുന്നു 1952ലെ ഹെല്‍സിങ്കി ഒളിമ്പിക്സ്. 1912ല്‍ രൂപംകൊണ്ടശേഷം ഒളിമ്പിക്സ് ബഹിഷ്കരിച്ചിരുന്ന സോവിയറ്റ് യൂനിയന്‍ ഹെല്‍സിങ്കി മേള മുതല്‍ ഒളിമ്പിക്സില്‍ പങ്കുചേരാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍, മറ്റ് കായികതാരങ്ങള്‍ക്കൊപ്പം ഒളിമ്പിക്സ് വില്ലേജില്‍ താമസിക്കാന്‍ തയാറാകാതിരുന്ന സോവിയറ്റ് താരങ്ങള്‍ സമീപത്തുണ്ടായിരുന്ന സോവിയറ്റ് നേവല്‍ബേസിനടുത്ത് പ്രത്യേക വില്ലേജ് സ്ഥാപിച്ചാണ് താമസിച്ചത്.
1956 മെല്‍ബണ്‍
1956ല്‍ മെല്‍ബണിലായിരുന്നു ഒളിമ്പിക്സ്. ആസ്ട്രേലിയന്‍ ഉപഭൂഖണ്ഡത്തിലേക്ക് ആദ്യമായി വിരുന്നിനെത്തിയ ഒളിമ്പിക്സ് പക്ഷേ, രാഷ്ട്രീയപ്രശ്നങ്ങളാല്‍ നിറംമങ്ങിയ അവസ്ഥയിലായിരുന്നു.
ഇസ്രായേലിന്‍െറ ഈജിപ്ത് അധിനിവേശത്തില്‍ പ്രതിഷേധിച്ച് ഈജിപ്ത്, ഇറാഖ്, ലബനാന്‍ എന്നീ രാജ്യങ്ങളും സോവിയറ്റ് യൂനിയന്‍െറ ബുഡപെസ്റ്റിലേക്കുള്ള കടന്നുകയറ്റത്തില്‍ പ്രതിഷേധിച്ച് നെതര്‍ലന്‍ഡ്, സ്പെയിന്‍, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളും മെല്‍ബണ്‍ ഒളിമ്പിക്സ് ബഹിഷ്കരിച്ചു.
സമാപനചടങ്ങുകള്‍ പ്രത്യേകം നടത്തിത്തുടങ്ങിയത് മെല്‍ബണ്‍ ഒളിമ്പിക്സ് മുതലാണ്.
1960 വീണ്ടും റോമില്‍
1904ലെ ഒളിമ്പിക്സ് റോമില്‍ നടത്തണമെന്നത് ആധുനിക ഒളിമ്പിക്സിന്‍െറ സ്ഥാപകനായിരുന്ന കുംബര്‍ട്ടിന്‍ പ്രഭുവിന്‍െറ ആഗ്രഹമായിരുന്നു. എന്നാല്‍, 56 വര്‍ഷങ്ങള്‍ക്കുശേഷം 1960ലാണ് ഒളിമ്പിക്സ് റോമിലേക്കെത്തിയത്്. പൂര്‍ണമായും ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത ഒളിമ്പിക്സ് ഇതാണ്. നഗ്നപാദനായി മാരത്തോണില്‍ സ്വര്‍ണം നേടിയ ഇത്യോപ്യന്‍ താരം അബീബി ബിക്കിലയായിരുന്നു റോം ഒളിമ്പിക്സിലെ താരം. ബോക്സിങ് താരം കാഷ്യസ് ക്ളേ എന്ന മുഹമ്മദലി സ്വര്‍ണം നേടിയത് റോം ഒളിമ്പിക്സിലായിരുന്നു.
1964 ടോക്യോ
1964ലെ ടോക്യോ ഒളിമ്പിക്സില്‍ ഇന്തോനേഷ്യ, നോര്‍ത് കൊറിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ പങ്കെടുത്തിരുന്നില്ല. തങ്ങളുടെ നിരവധി കായികതാരങ്ങള്‍ അയോഗ്യരാക്കപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ഇന്തോനേഷ്യയും നോര്‍ത് കൊറിയയും തങ്ങളുടെ കായികതാരങ്ങളെ പിന്‍വലിച്ചത്. വര്‍ണവിവേചനനയം പിന്തുടരുന്ന ദക്ഷിണാഫ്രിക്കയെ ഈ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ അനുവദിച്ചിരുന്നില്ല. ഫലപ്രഖ്യാപനത്തില്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ചത് ഈ ഒളിമ്പിക്സ് മുതലാണ്.
1968 മെക്സികോ സിറ്റി
ഉത്തേജകമരുന്ന് പരിശോധന ആരംഭിച്ചത് 1968ലെ മെക്സികോ സിറ്റി ഒളിമ്പിക്സ് മുതലാണ്. ഒളിമ്പിക്സ് ആരംഭിക്കുന്നതിന് 10 ദിവസം മുമ്പ് അവകാശങ്ങള്‍ക്കുവേണ്ടി തെരുവിലിറങ്ങിയ വിദ്യാര്‍ഥികള്‍ക്കുനേരെ മെക്സിക്കന്‍ പട്ടാളം നടത്തിയ വെടിവെപ്പില്‍ 267 പേര്‍ മരിച്ചതിനാല്‍ ഏറെ സംഘര്‍ഷഭരിതമായ അവസ്ഥയിലായിരുന്നു ഒളിമ്പിക്സ് നടന്നത്. 200 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം, ഓട്ടുമെഡലുകള്‍ നേടിയ അമേരിക്കന്‍ ടീമിലെ ടോമി സ്മിത്തും ജോണ്‍ കാര്‍ലോസും വിക്ടറി സ്റ്റാന്‍ഡില്‍ അമേരിക്കയുടെ ദേശീയഗാനം ആലപിക്കവെ കൈയില്‍ കറുത്തതുണി ചുരുട്ടിപ്പിടിച്ച് ഉയര്‍ത്തിക്കാണിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. അമേരിക്കയിലെ കറുത്ത വര്‍ഗക്കാര്‍ നേരിടുന്ന അവസ്ഥ ലോകത്തെ ധരിപ്പിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഈ പരസ്യ പ്രതിഷേധം. എന്നാല്‍, പ്രാദേശിക രാഷ്ട്രീയപ്രശ്നങ്ങളെ ഒളിമ്പിക്സില്‍ വലിച്ചിഴച്ചതായി ആരോപിച്ച് ഐ.ഒ.സി ഈ രണ്ടു താരങ്ങളെയും തുടര്‍ന്നുള്ള മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍നിന്ന് വിലക്കി.
ചോര ചിന്തിയ 1972
ചോരചിന്തിയ ഒളിമ്പിക്സായിരുന്നു 1972ലെ മ്യൂണിക് ഒളിമ്പിക്സ്. ഒളിമ്പിക്സിന് തൊട്ടുമുന്നിലെ ദിവസമായ സെപ്റ്റംബര്‍ അഞ്ചിന് ഒളിമ്പിക്സ് ഗ്രാമത്തില്‍ നുഴഞ്ഞുകയറിയ  എട്ടംഗ ഫലസ്തീന്‍ ഗറിലകള്‍ 11 ഇസ്രായേലി കായികതാരങ്ങളെ ബന്ദികളാക്കി പിടികൂടുകയായിരുന്നു. രണ്ട് കായികതാരങ്ങള്‍ ആദ്യമേ കൊല്ലപ്പെട്ടു. ബാക്കി കായികതാരങ്ങളെ വിട്ടയക്കണമെങ്കില്‍ തടവിലുള്ള 234 ഫലസ്തീന്‍കാരെ വിട്ടയക്കണമെന്നതായിരുന്നു ആവശ്യം. ഇവരെ മോചിപ്പിക്കാന്‍ സൈന്യവും മറ്റും നടത്തിയ ഇടപെടലില്‍ ബാക്കി കായികതാരങ്ങളും അഞ്ച് ഗറിലകളും കൊല്ലപ്പെട്ടു. മൂന്നുപേരെ തടവുകാരായി പിടികൂടുകയും ചെയ്തു. മാറ്റിവെക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും ഒളിമ്പിക്സ് നിശ്ചയിച്ചതിലും ഒരു ദിവസം കഴിഞ്ഞ് ആരംഭിക്കാനായിരുന്നു ഐ.ഒ.സിയുടെ തീരുമാനം.
1976 മോണ്‍ട്രിയാല്‍
26 ആഫ്രിക്കന്‍ രാജ്യങ്ങളാണ് 1976ലെ മോണ്‍ട്രിയാല്‍ ഗെയിംസ് ബഹിഷ്കരിച്ചത്. ന്യൂസിലന്‍ഡിന്‍െറ റഗ്ബി ടീം ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തിയതിനാല്‍ ന്യൂസിലന്‍ഡിനെ ഒളിമ്പിക്സില്‍നിന്ന് വിലക്കണമെന്നതായിരുന്നു ആഫ്രിക്കന്‍ രാഷ്ട്രങ്ങളുടെ ആവശ്യം. എന്നാല്‍, റഗ്ബി ടീമിന്‍െറ പര്യടനത്തില്‍ ഇടപെടാനാവില്ലെന്നായിരുന്നു ഐ.ഒ.സി നിലപാട്. തായ്വാനും മോണ്‍ട്രിയാലില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ഉത്തേജകമരുന്ന് വിവാദങ്ങളും ഈ ഒളിമ്പിക്സിന്‍െറ ശോഭ കെടുത്തുന്നതായിരുന്നു.
1980 മോസ്കോ
ബഹിഷ്കരണം തന്നെയായിരുന്നു 1980ലെ മോസ്കോ ഒളിമ്പിക്സിലും കണ്ടത്. സോവിയറ്റ് യൂനിയന്‍െറ അഫ്ഗാന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് അമേരിക്കയടക്കം 61 രാഷ്ട്രങ്ങളാണ് വിട്ടുനിന്നത്. ഫ്രാന്‍സ്, ബ്രിട്ടന്‍, ഇറ്റലി, സ്വീഡന്‍ എന്നീ രാഷ്ട്രങ്ങള്‍ ബഹിഷ്കരണത്തില്‍ പങ്കാളികളായില്ല.
1984 ലോസ് ആഞ്ജലസ്
മോസ്കോ ഒളിമ്പിക്സ് ബഹിഷ്കരിച്ചതില്‍ പ്രതിഷേധിച്ച് 1984ലെ ലോസ് ആഞ്ജലസ് ഗെയിംസില്‍നിന്ന് സോവിയറ്റ് യൂനിയനും സഖ്യരാഷ്ട്രങ്ങളും വിട്ടുനിന്നു. 1932നുശേഷം ചൈന ആദ്യമായി വിശ്വ കായികമേളക്കെത്തിയതും ലോസ് ആഞ്ജലസിലായിരുന്നു. കോര്‍പറേറ്റ് കമ്പനികള്‍ ഒളിമ്പിക്സ് സ്പോണ്‍സര്‍മാരായി രംഗത്തിറങ്ങിയതും ഈ വര്‍ഷം മുതലാണ്. 1932നുശേഷം നടത്തിപ്പില്‍ ലാഭമുണ്ടായ ഏക ഒളിമ്പിക്സും ഇതാണ്. 225 മില്യന്‍ ഡോളറാണ് സ്പോണ്‍സര്‍ഷിപ്പിലൂടെയും മറ്റും ലാഭമുണ്ടാക്കിയത്.
1988 സോള്‍
ബഹിഷ്കരണം ഒഴിയുന്നില്ലെന്ന് കാണിച്ചാണ് 1988ലെ സോള്‍ ഒളിമ്പിക്സിനും കൊടിയുയര്‍ന്നത്. സോളിന് ഒപ്പം ആതിഥേയത്വം വഹിക്കാന്‍ അവസരം നല്‍കിയില്ലെന്നാരോപിച്ച് ഉത്തരകൊറിയ വിട്ടുനിന്നപ്പോള്‍ ഇത്യോപ്യയും ക്യൂബയും മാത്രമേ അവര്‍ക്കൊപ്പം ഉണ്ടായിരുന്നുള്ളൂ. ഉത്തേജകമരുന്ന് ഉപയോഗവും ഈ വിശ്വമേളയില്‍ ഏറെയായിരുന്നു. കാനഡയുടെ ലോകപ്രശസ്ത അത്ലറ്റ് ബെന്‍ജോണ്‍സണ്‍ അടക്കം നിരവധി പേരാണ് നിരോധിത മരുന്നുകള്‍ ഉപയോഗിച്ച് വിലക്ക് ഏറ്റുവാങ്ങിയത്.
1992 ബാഴ്സലോണ
മുപ്പത് വര്‍ഷങ്ങള്‍ക്കുശേഷം വിട്ടുനില്‍ക്കാതെ എല്ലാ രാജ്യങ്ങളും പങ്കെടുത്ത ഒളിമ്പിക്സായിരുന്നു 1992ലെ ബാഴ്സലോണ ഒളിമ്പിക്സ്. സോവിയറ്റ് യൂനിയന്‍ തകര്‍ന്നതിനാല്‍ ഒരു കുടക്കീഴില്‍ മത്സരത്തിനിറങ്ങിയ റഷ്യയടക്കം മുന്‍ സോവിയറ്റ് റിപ്പബ്ളിക്കിലെ രാഷ്ട്രങ്ങളാണ് മെഡല്‍നിലയില്‍ മുന്നിലെത്തിയത്. ജര്‍മനി ഒറ്റ രാഷ്ട്രമായി മത്സരത്തിനിറങ്ങിയതും ദക്ഷിണാഫ്രിക്കയെ മത്സരത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചതുമെല്ലാം ബാഴ്സലോണ ഒളിമ്പിക്സിനെ ശ്രദ്ധേയമാക്കി. ബേസ്ബാള്‍ മത്സരയിനത്തില്‍ ഉള്‍പ്പെടുത്തിയതും ബാഴ്സലോണയിലാണ്.
1996 അത്ലാന്‍റ
സര്‍ക്കാറിന്‍െറ ഒരു സഹായവുമില്ലാതെയാണ് 1996ലെ അത്ലാന്‍റ ഗെയിംസ് സംഘടിപ്പിച്ചത്. കാള്‍ ലൂയിസ് ഒമ്പതാമത് ഒളിമ്പിക് മെഡല്‍ നേടി ചരിത്രം കുറിച്ചത് അത്ലാന്‍റ ഒളിമ്പിക് മേളയിലാണ്. ഹോങ്കോങ്, ഫലസ്തീന്‍ അടക്കം 197 രാജ്യങ്ങളില്‍നിന്ന് 10,000ത്തോളം കായികതാരങ്ങളാണ് ഇതില്‍ പങ്കെടുത്തത്. മത്സരങ്ങള്‍ക്കിടെ അത്ലാന്‍റയിലെ സെന്‍റിനെന്‍റല്‍ ഒളിമ്പിക് പാര്‍ക്കില്‍ പൈപ്പ് ബോംബ് പൊട്ടി രണ്ടുപേര്‍ മരിച്ചത് മത്സരങ്ങളെ ഭീതിയുടെ നിഴലിലാഴ്ത്തിയിരുന്നു.
2000 സിഡ്നി
അഫ്ഗാനിസ്താന്‍ ഒഴിച്ച് 199 ഐ.ഒ.സി രാജ്യങ്ങളുടെ റെക്കോഡ് സാന്നിധ്യത്തിലാണ് സിഡ്നി ഒളിമ്പിക്സിന് കൊടിയേറിയത്. ഉത്തര-ദക്ഷിണ കൊറിയകള്‍ സിഡ്നി മേളയില്‍ ഒറ്റടീമായി മത്സരിച്ചതും ശ്രദ്ധേയമായി. ആസ്ട്രേലിയയുടെ 17 വയസ്സുകാരനായ നീന്തല്‍താരം ഇയാന്‍ തോര്‍പ്പായിരുന്നു സിഡ്നിമേളയിലെ ശ്രദ്ധേയ താരങ്ങളിലൊന്ന്.
2004 ആതന്‍സ്
വര്‍ഷമേറെകഴിഞ്ഞ് 2004ല്‍ ആതന്‍സില്‍ തിരിച്ചെത്തിയ വിശ്വകായികമേളയില്‍ 201 രാജ്യങ്ങളില്‍നിന്നായി പതിനായിരത്തിലധികം കായികതാരങ്ങളാണ് പങ്കെടുത്തത്. 28 വിഭാഗങ്ങളിലായി 301 മത്സരങ്ങളാണ് ആതന്‍സ് ഒളിമ്പിക്സിനുണ്ടായിരുന്നത്. ആതന്‍സ് ഒളിമ്പിക്സിന്‍െറ ഉദ്ഘാടന ചടങ്ങുകള്‍ ഏറെ അഭിനന്ദനങ്ങള്‍ പിടിച്ചുപറ്റിയതായിരുന്നു. ഗ്രീസിന്‍െറ ഒളിമ്പിക്സ് പാരമ്പര്യത്തെ ചാരുതയാര്‍ന്ന ദൃശ്യവിരുന്നിലൂടെ കാണികളിലേക്കെത്തിച്ച ഉദ്ഘാടന പരിപാടി രൂപകല്‍പന ചെയ്തത് ദിമിത്രി പാപ്പയെനോ എന്നയാളാണ്.  ഇന്‍റര്‍നെറ്റിലൂടെ ഒളിമ്പിക്സ് ദൃശ്യങ്ങളുടെ വീഡിയോ സംപ്രേഷണം ആരംഭിച്ചത് ഈ വര്‍ഷം മുതലാണ്. വനിതകളുടെ റെസ്ലിങ് ഈ വര്‍ഷം മുതലാണ് ഉള്‍പ്പെടുത്തിയത്.

Subscribe to കിളിചെപ്പ് by Email
Get Free Updates:
*Please click on the confirmation link sent in your Spam folder of Email*
Share :
+
Previous
Next Post »
0 Comments for "ഒളിമ്പിക്സ്"

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.

 
Thanks for Your Visit, Visit Again. DISCLAIMER :- If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. All the content avilable on this blog is informational purpose only.Reproduction and republishing of contents from here to any other websites or blogs is strictly prohibited.
Template By Kunci Dunia
Back To Top