ധീരദേശാഭിമാനികളുടെ ജീവിതരേഖകള്‍


മഹാത്മാഗാന്ധി (1869-1948)
അഹിംസാത്മക സമരങ്ങളിലൂടെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്‍െറ ആയുധശക്തിയോടേറ്റുമുട്ടി ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കിയ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി 1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തറില്‍ ജനിച്ചു. പിതാവ് കരംചന്ദ് ഗാന്ധി. മാതാവ് പുത്ത്ലീഭായ്. തന്‍െറ വിദേശ വിദ്യാഭ്യാസത്തിനുശേഷം 1915ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തില്‍ അംഗമായി. അതുവരെ കേട്ടുകേള്‍വിയില്ലാത്ത അഹിംസ, സത്യഗ്രഹം എന്നീ സമരമുറകളുമായിട്ടായിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര്യസമരരംഗത്തേക്ക് പ്രവേശിച്ചത്. 1917ല്‍ ബിഹാറിലെ ചമ്പാരനില്‍ ഗാന്ധിജി ഇന്ത്യയിലെ തന്‍െറ ആദ്യ സത്യഗ്രഹം നടത്തി. ഇന്ത്യന്‍ ജനതക്കൊപ്പം ബ്രിട്ടീഷുകാര്‍പോലും ബഹുമാനിച്ച നേതാവായിരുന്നു ഗാന്ധിജി. ഹരിജനോദ്ധാരണം, ഹിന്ദി പ്രചാരണം, അടിസ്ഥാന വിദ്യാഭ്യാസ നയം, നിസ്സഹകരണ പ്രസ്ഥാനം, സിവില്‍ ആജ്ഞാലംഘന പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യാ സമരം എന്നീ ബഹുമുഖ സമരമുറകള്‍ക്ക് മുന്‍നിരയില്‍നിന്ന് നേതൃത്വം നല്‍കിയത് ഗാന്ധിജിയായിരുന്നു. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ ഗാന്ധിജിയുടെ ‘പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക’ എന്ന മുദ്രാവാക്യം ലോകപ്രസിദ്ധമാണ്. മതസഹിഷ്ണുത പുലര്‍ത്തുന്ന രാമരാജ്യമായിരുന്നു ഗാന്ധിജിയുടെ സ്വപ്നം. 1948 ജനുവരി 30ന് നാഥുറാം വിനായക് ഗോദ്സെ ആ മഹാത്മാവിനെ വെടിവെച്ചുകൊന്നു.  രാഷ്ട്ര പിതാവിന്‍െറ ചരമദിനമായ ജനുവരി 30 നാം രക്തസാക്ഷിത്വദിനമായി ആചരിക്കുന്നു.  ‘എന്‍െറ സത്യാന്വേഷണ പരീക്ഷണങ്ങള്‍’ ഗാന്ധിജിയുടെ ആത്മകഥയാണ്. ഇന്ത്യന്‍ ജനതയെ മുഴുവന്‍ ഒരു കുടക്കീഴില്‍, ഒരു ലക്ഷ്യത്തിനുവേണ്ടി അണിനിരത്താന്‍ ഗാന്ധിജിക്ക് കഴിഞ്ഞു.
1947 ആഗസ്റ്റ് 15ലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളിലൊന്നും മഹാത്മാഗാന്ധി പങ്കെടുത്തിരുന്നില്ല. ഹിന്ദു-മുസ്ലിം കലാപം കൊണ്ട് കലങ്ങിമറിഞ്ഞുകിടക്കുന്ന കല്‍ക്കത്തയില്‍ സമാധാന സന്ദേശവുമായി പ്രാര്‍ഥനാ യോഗങ്ങളില്‍ സംബന്ധിക്കുകയാണുണ്ടായത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിന്‍െറ ഒരു കാലഘട്ടം ‘ഗാന്ധിയുഗം’ എന്ന പേരില്‍ പില്‍ക്കാലത്ത് അറിയപ്പെട്ടു. ഗാന്ധിജിയുടെ അടിസ്ഥാന വിദ്യാഭ്യാസ സങ്കല്‍പം ഏറെ പ്രസിദ്ധമാണ്.

ജവഹര്‍ലാല്‍ നെഹ്റു(1889-1964)
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ പ്രമുഖനായകനും ലോകപ്രശസ്ത ഗ്രന്ഥകാരനുമായ ജവഹര്‍ലാല്‍ നെഹ്റു 1989 നവംബര്‍ 14ന് ജനിച്ചു. ഹാരോവിലും കേംബ്രിഡ്ജിലും വിദ്യാഭ്യാസം. ബാരിസ്റ്റര്‍ ബിരുദം നേടി കുറച്ചുകാലം വക്കീലായി പ്രാക്ടീസ് ചെയ്തു. 1915ല്‍ പൊതുരംഗത്ത് സജീവമായി പ്രത്യക്ഷപ്പെട്ട നെഹ്റു 1917ല്‍ ഗാന്ധിജിയുടെ സത്യഗ്രഹസഭയില്‍ അംഗമായി.
1929ലെ ലാഹോര്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് ‘പൂര്‍ണ സ്വരാജ്’ എന്ന പ്രഖ്യാപനം നടത്തി. 1946ല്‍ നിലവില്‍ വന്ന ഇടക്കാല സര്‍ക്കാറിന്‍െറ തലവനായിരുന്നു നെഹ്റു. 1947ല്‍ ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി. സോഷ്യലിസം രാജ്യത്തിന്‍െറ നയമായി പ്രഖ്യാപിച്ചു. ഇന്ത്യയുടെ രാഷ്ട്രശില്‍പി എന്നറിയപ്പെടുന്ന ജവഹര്‍ലാല്‍ നെഹ്റു 1964 മേയ് 27ന് നിര്യാതനായി.

മൗലാനാ അബുല്‍ കലാം ആസാദ് (1888-1958)
അബുല്‍ കലാം മുഹ്യുദ്ദീന്‍ അഹ്മദ് എന്ന അബുല്‍കലാം ആസാദ് 1888 നവംബര്‍ 11ന് ജനിച്ചു. പേരിലെ ആസാദ് എന്ന വാക്കിന്‍െറ അര്‍ഥം സ്വതന്ത്രന്‍ എന്നാണ്. അത് അദ്ദേഹം തൂലികാനാമമായി സ്വീകരിച്ചതാണ്. സ്വത്രന്ത ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായ മൗലാന ആസാദ് പത്രപ്രവര്‍ത്തകന്‍, ഗ്രന്ഥകാരന്‍, പണ്ഡിതന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്. ബംഗാള്‍ വിഭജനത്തിനെതിരെ പ്രവര്‍ത്തിച്ച് ദേശീയ പ്രസ്ഥാനത്തിലേക്ക് പ്രവേശിച്ചു. 1916ല്‍ ആസാദിനെ ബ്രിട്ടീഷ് സര്‍ക്കാര്‍ ബംഗാളില്‍നിന്ന് നാടുകടത്തി. 1920ല്‍ ജനുവരിയില്‍ ഗാന്ധിജിയുമായി ചേര്‍ന്ന് നിസ്സഹകരണ പ്രസ്ഥാനത്തില്‍ പങ്കാളിയായി. 1921ല്‍ ജയിലിലായി. 1923ല്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്‍െറ അധ്യക്ഷനായി. 1945വരെ പലതവണ അറസ്റ്റ് ചെയ്യപ്പെട്ടു. 1944ല്‍ ഭാര്യയുടെ മൃതദേഹം കാണാന്‍പോലും ബ്രിട്ടീഷ് സര്‍ക്കാര്‍ അനുവദിച്ചില്ല. ഹിന്ദു-മുസ്ലിം ഐക്യത്തിനുവേണ്ടി ജീവിതത്തിലുടനീളം പ്രചാരണം നടത്തിയ വ്യക്തിയായ ആസാദിനെ ‘ഒരു യുവാവിന്‍െറ ചുമലില്‍ വൃദ്ധന്‍െറ തല’ എന്നാണ് പണ്ഡിതര്‍ പ്രശംസിച്ചത്. സ്വാത്രന്ത്യാനന്തര ഇന്ത്യയിലെ നെഹ്റു മന്ത്രിസഭയില്‍ വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം എന്നീ വകുപ്പുകളുടെ മന്ത്രി.  ‘ഇന്ത്യ വിന്‍സ് ഫ്രീഡം’ അദ്ദേഹത്തിന്‍െറ ആത്മകഥയാണ്. 1921ല്‍ ‘അല്‍ ഹിലാല്‍’  എന്ന ഉര്‍ദു വാരിക കല്‍ക്കത്തയില്‍ ആരംഭിച്ചു.  1940-46 കാലത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് ആയിരുന്നു. 1958 ഫെബ്രുവരി 22ന് നിര്യാതനായി.

ലോകമാന്യ ബാലഗംഗാധര തിലകന്‍ (1856- 1920)
മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ 1856 ജൂലൈ 23നാണ് ബാലഗംഗാധര തിലകന്‍ ജനിച്ചത്. ‘സ്വാതന്ത്ര്യം’ എന്‍െറ ജന്മാവകാശമാണ്, ഞാനത് നേടുകതന്നെ ചെയ്യു‘മെന്ന് പ്രഖ്യാപിച്ച തിലകന്‍ കോണ്‍ഗ്രസിലെ തീവ്രവാദികളുടെ നേതാവായിരുന്നു. ഗണിതശാസ്ത്രത്തിലും സംസ്കൃതത്തിലും പാണ്ഡിത്യം നേടി. വിധവാവിവാഹം, അയിത്തോച്ചാടനം എന്നിവക്ക് നേതൃത്വം നല്‍കി. മറാത്തി ഭാഷയില്‍ ആരംഭിച്ച കേസരി പത്രത്തില്‍ ബ്രിട്ടീഷുകാരെ വിമര്‍ശിച്ചതിന് 1895ല്‍ അറസ്റ്റിലായി. ജനങ്ങള്‍ ‘ലോകമാന്യന്‍’ എന്ന് വിളിച്ച അദ്ദേഹം 1908 ജൂണ്‍ 24ന് അറസ്റ്റിലായി ബര്‍മയിലേക്ക് നാടുകടത്തപ്പെട്ടു. ഹോം റൂള്‍ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ അദ്ദേഹം 1920 ആഗസ്റ്റ് ഒന്നിന് അന്തരിച്ചു.

വിനോബ ഭാവേ (1895-1982)
സര്‍വോദയ നേതാവ്. 1916ല്‍ മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ് കത്തിച്ചുകളഞ്ഞ് സ്വാതന്ത്ര്യസമരത്തിലിറങ്ങി.
1923ല്‍ പതാക സത്യഗ്രഹത്തില്‍ പങ്കെടുത്ത് ജയില്‍വാസം വരിച്ചു. 1942ല്‍ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തു. 1951 ഏപ്രില്‍ 18ന് ഭൂദാന പ്രസ്ഥാനം രൂപവത്കരിച്ചു.

ക്യാപ്റ്റന്‍ ലക്ഷ്മി (1914-2012)
നേതാജി സുഭാഷ് ചന്ദ്രബോസ് ആരംഭിച്ച ഇന്ത്യന്‍ നാഷനല്‍ ആര്‍മി (ഐ.എന്‍.എ)യുടെ വനിതാ സൈനിക ഘടകത്തിന്‍െറ നേതാവായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മി. 1914ല്‍ ജനിച്ച ഇവര്‍ വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടിയശേഷം സ്വാതന്ത്ര്യസമരപ്രസ്ഥാനത്തില്‍ ചേര്‍ന്നു. ബര്‍മയില്‍വെച്ച് ബ്രിട്ടീഷ് സൈന്യത്തിന്‍െറ മുന്നേറ്റം തടയാന്‍ ക്യാപ്റ്റന്‍ ലക്ഷ്മിയുടെ നേതൃത്വത്തിലുള്ള സേനക്ക് കഴിഞ്ഞു. 2012 ജൂലൈ 23ന് നിര്യാതയായി.

വക്കം ഖാദര്‍ (1917-1943)
1917ന് മേയ് 25ന് തിരുവനന്തപുരം ജില്ലയിലെ വക്കത്ത് ജനിച്ച ഇദ്ദേഹം വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ സ്വാതന്ത്ര്യസമരരംഗത്തെത്തി. ജോലിതേടി മലയായിലെത്തിയ ഖാദര്‍ സുഭാഷ് ചന്ദ്രബോസിന്‍െറ സമരങ്ങളില്‍ ആകൃഷ്ടനായി ഐ.എന്‍.എയില്‍ ചേര്‍ന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരെ ഒളിപ്പോര് നയിക്കാന്‍ നിയോഗിച്ച സംഘത്തില്‍ ഖാദറും ഉണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണം അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തി എന്ന കുറ്റം ചുമത്തി മദ്രാസില്‍ 1943 സെപ്റ്റംബര്‍ 10ന് വക്കം ഖാദറെ തൂക്കിക്കൊന്നു.

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ (1875-1950)
ഇന്ത്യയുടെ ‘ഉരുക്കുമനുഷ്യന്‍’ എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ 1875 ഒക്ടോബര്‍ 31ന് ഗുജറാത്തില്‍ ജനിച്ചു. സ്വാതന്ത്ര്യസമരത്തിലെ അതുല്യ പോരാളിയായിരുന്നു വല്ലഭായ് പട്ടേല്‍. ബര്‍ദോളിയില്‍ കര്‍ഷകര്‍ നടത്തിയ നികുതി നിഷേധസമരത്തിന്‍െറ നായകനായ പട്ടേലിന്‍െറ സമരപാടവവും ധൈര്യവും നേതൃത്വശേഷിയും തിരിച്ചറിഞ്ഞ മഹാത്മാഗാന്ധിയാണ് ‘സര്‍ദാര്‍’ എന്ന പദവി പട്ടേലിന് നല്‍കിയത്. 1918ല്‍ ഗുജറാത്തില്‍ ഖൈരാ സത്യഗ്രഹം നയിച്ചു. 1946ലെ ഇടക്കാല ഗവണ്‍മെന്‍റില്‍ പട്ടേല്‍ ആഭ്യന്തര മന്ത്രിയായി നിയമിതനായി. അഞ്ഞൂറിലേറെ നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂനിയനില്‍ ചേര്‍ക്കുന്നതിന് നേതൃത്വം നല്‍കിയ പട്ടേലിന്‍െറ രാജ്യതന്ത്രജ്ഞത കൊച്ചു കൊച്ചു നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂനിയനില്‍ പങ്കുചേര്‍ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഹൈദരാബാദിനെ സൈനിക നടപടിയിലൂടെ ഇന്ത്യന്‍ യൂനിയനില്‍ ചേര്‍ക്കാന്‍ ‘ഓപറേഷന്‍ പോളോ’ക്ക് ഉത്തരവിട്ടു. ഭരണഘടന തയാറാക്കാന്‍ രൂപവത്കൃതമായ വ്യവസ്ഥാപക സമിതി, മൗലികാവകാശ കമ്മിറ്റി, ന്യൂനപക്ഷ കമ്മിറ്റി തുടങ്ങി പ്രധാനപ്പെട്ട കമ്മിറ്റികളില്‍ അംഗമായി.
ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റിവ് സര്‍വീസിന്‍െറയും ഇന്ത്യന്‍ പൊലീസ് സര്‍വിസിന്‍െറയും ശില്‍പി  എന്നറിയപ്പെടുന്നത് പട്ടേലാണ്. ഹൈദരാബാദിലെ നാഷനല്‍ പൊലീസ് അക്കാദമി അദ്ദേഹത്തിന്‍െറ പേരില്‍ നാമകരണം ചെയ്യപ്പെട്ടു. മഹാത്മാഗാന്ധിയെ ഒടുവില്‍ സന്ദര്‍ശിച്ച നേതാവ് പട്ടേലാണ്.
1950 ഡിസംബര്‍ 15ന് നിര്യാതനായി. പദവിയിലിരിക്കെ അന്തരിച്ച ഉപപ്രധാനമന്ത്രിയാണ് പട്ടേല്‍.

ഗോപാലകൃഷ്ണ ഗോഖലെ (1866-1915)
മഹാരാഷ്ട്രയിലെ രത്നഗരി ജില്ലയില്‍ ജില്ലയില്‍ 1866 മെയ് ഒമ്പതിന് ജനിച്ചു. പ്രഭാഷകന്‍, എഴുത്തുകാരന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ഗോഖലെയാണ് മഹാത്മാഗാന്ധിയെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിച്ചത്. സമാധാനപരമായ സമരമാര്‍ഗങ്ങളിലൂടെ സ്വാതന്ത്ര്യം നേടിയെടുക്കണമെന്നു വിശ്വസിച്ച ‘മിതവാദി’ വിഭാഗത്തിന്‍െറ നേതാവായിരുന്ന അദ്ദേഹത്തെ ഗാന്ധി തന്‍െറ രാഷ്ട്രീയ ഗുരുവായി കണക്കാക്കി. നാഷനല്‍ കോണ്‍ഗ്രസിന്‍െറ സെക്രട്ടറിയായി. 1905ല്‍ സര്‍വന്‍റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി സ്ഥാപിച്ചു. 1915 ഫെബ്രുവരി 19ന് നിര്യാതനായി.

സി. രാജഗോപാലാചാരി (1878-1972)
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഗവര്‍ണര്‍ ജനറലായ വി. രാജഗോപാലാചാരി 1878 ഡിസംബര്‍ എട്ടിന് ജനിച്ചു. രാഷ്ട്ര തന്ത്രജ്ഞന്‍, ഗ്രന്ഥകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്. വക്കീല്‍ ജോലി ഉപേക്ഷിച്ച് നിസ്സഹകരണ പ്രസ്ഥാനത്തില്‍ സജീവമായ അദ്ദേഹം ഗാന്ധിജി ജയിലിലായപ്പോള്‍ യങ് ഇന്ത്യ പത്രാധിപ സ്ഥാനം ഏറ്റെടുത്തു. 1921ല്‍ കോണ്‍ഗ്രസ് സെക്രട്ടറിയായി. ഗാന്ധിജിയുടെ വിശ്വസ്തനായ അനുയായി ആയിരുന്നെങ്കിലും ക്വിറ്റ് ഇന്ത്യാ  സമരത്തോട് യോജിച്ചില്ല. 1972 ഡിസംബര്‍ 25ന് നിര്യാതനായി.

ഖാന്‍ അബ്ദുല്‍ ഗഫാര്‍ ഖാന്‍ (1890-1988)
അതിര്‍ത്തി ഗാന്ധി എന്ന പേരില്‍  പ്രസിദ്ധനായ ഗഫാര്‍ ഖാന്‍ 1890ല്‍ ജനിച്ചു. ഇദ്ദേഹം ഗാന്ധിജിയുടെ അടുത്ത ശിഷ്യനായിരുന്നു. രാജ്യത്തിന്‍െറ സ്വാതന്ത്ര്യത്തിനുവേണ്ടി  ജീവിതം മാറ്റിവെച്ചു. ഗ്രാമവാസികളിലെ സാധുകുട്ടികളുടെ ജീവിതത്തിനുവേണ്ടി ‘ദാറുല്‍ ഉലും’ സ്ഥാപിച്ചു. സ്നേഹം, അഹിംസ എന്നിവ പ്രചരിപ്പിക്കാന്‍ ‘ഖുദായ് ഖിദ്മത്ഗാര്‍’ എന്ന സംഘടന ഉണ്ടാക്കി.

ദാദാഭായി നവറോജി (1825-1917)
ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ അംഗമായ ആദ്യ ഇന്ത്യക്കാരനായ ദാദാഭായി നവറോജി 1825 സെപ്റ്റംബര്‍ നാലിന് മുംബൈയില്‍ ജനിച്ചു.  ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്‍െറ സ്ഥാപകരിലൊരാളാണ്. ഭാരതീയ രാജ്യതന്ത്രത്തിന്‍െറയും ധനശാസ്ത്രത്തിന്‍െറയും പിതാവായി അറിയപ്പെടുന്നു. 1837ല്‍ ബറോഡ ദിവാനായി. കോണ്‍ഗ്രസ് രൂപവത്കരണത്തിന് നേതൃത്വം നല്‍കിയ അദ്ദേഹം 1886ലെ രണ്ടാം കോണ്‍ഗ്രസ് സമ്മേളനത്തില്‍ അധ്യക്ഷനായി. 1886ലും 1893ലും 1906ലും കോണ്‍ഗ്രസ് പ്രസിഡന്‍റായി.  ഇദ്ദേഹമാണ് ‘സ്വരാജ്’ എന്ന പദം ആദ്യമായി (1906)ല്‍ ഉപയോഗിച്ചത്. ഇന്ത്യയുടെ വന്ദ്യവയോധികന്‍, കോണ്‍ഗ്രസിന് ആ പേര് നിര്‍ദേശിച്ച വ്യക്തി എന്നീ നിലകളില്‍ അറിയപ്പെടുന്നു. ‘Poverty and Un British Rule’, The Daties of zorastrians എന്നീ പുസ്തകങ്ങള്‍ ഏറെ ദ്ധ്രിക്കപ്പെട്ടു. ‘Voice of India’ അദ്ദേഹത്തിന്‍െറ പ്രസിദ്ധീകരണമാണ്. 1917 ജൂണ്‍ 30ന് നിര്യാതനായി.
ലാലാ ലജ്പത് റായ്
പഞ്ചാബിലെ സിംഹം എന്നറിയപ്പെട്ട ലാലാ ലജ്പത്റായ് 1865 ജനുവരി 28ന് ജനിച്ചു. 1897ലും 1900ലുമുണ്ടായ കടുത്ത ക്ഷാമത്തെ നേരിടാന്‍ നേതൃത്വം നല്‍കി. 1920ല്‍ കോണ്‍ഗ്രസ് പ്രസിഡന്‍റായ അദ്ദേഹം 1927ല്‍ ‘ഇന്‍ഡിപെന്‍ഡന്‍റ് പാര്‍ട്ടി’ രൂപവത്കരിച്ചു. 1928 ഒക്ടോബര്‍ 30ന് ലാഹോറിലെത്തിയ സൈമണ്‍ കമീഷനെതിരെ പതിനായിരങ്ങളെ അണിനിരത്തി റായി ജാഥ നയിച്ചു. നെഞ്ചില്‍ മര്‍ദനമേറ്റതിനെ തുടര്‍ന്ന്   1928 നവംബര്‍ 17ന് നിര്യാതനായി.

മദന്‍ മോഹന്‍ മാളവ്യ
  സാമൂഹിക പരിഷ്കര്‍ത്താവും പണ്ഡിതനും വാഗ്മിയുമായ മാളവ്യ 1861 ഡിസംബര്‍ 25 ജനിച്ചു. 1887ല്‍ അധ്യാപിക ജോലി ഉപേക്ഷിച്ച് ദേശീയ പ്രസ്ഥാനത്തില്‍ സജീവമായി. 1909, 1918, 1932, 1933 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് പ്രസിഡന്‍റായി. ഉപ്പുസത്യഗ്രഹത്തിലും നിസ്സഹകരണ പ്രസ്ഥാനത്തിലും പങ്കെടുത്തുവെങ്കിലും അദ്ദേഹം ഗാന്ധിജിയുടെ സ്കൂള്‍-കോളജ് ബഹിഷ്കരണം, വിദേശവസ്ത്രം കത്തിക്കല്‍, തുടങ്ങിയ സമരരീതികള്‍ക്ക് എതിരായിരുന്നു. 1946 നവംബര്‍ 12ന് നിര്യാതനായി.
ഡോ. രാജേന്ദ്രപ്രസാദ്
സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായ രാജേന്ദ്രപ്രസാദ് 1884 ഡിസംബര്‍ മൂന്നിന് ബിഹാറില്‍ ജനിച്ചു. ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തില്‍ പങ്കെടുക്കുന്നതിനായി അഭിഭാഷകവൃത്തി ഉപേക്ഷിച്ചു. 1935ലും 1947ലും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്‍െറ അധ്യക്ഷനായിരുന്നു. 1947 മുതല്‍ 1949വരെ ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണസഭയുടെ അധ്യക്ഷനായിരുന്നു. 1963 ഫെബ്രുവരി 28ന് നിര്യാതനായി.

ദേശബന്ധു ചിത്തരഞ്ജന്‍ ദാസ്
അഭിഭാഷകന്‍, കവി, ചിന്തകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ദേശബന്ധു ചിത്തരഞ്ജന്‍ ദാസ്1870 നവംബര്‍ അഞ്ചിന് ജനിച്ചു. ബാരിസ്റ്റര്‍ ബിരുദം നേടി ഇന്ത്യയിലെത്തി, 1893ല്‍ കല്‍ക്കത്ത ഹൈകോടതിയില്‍ പ്രാക്ടിസ് തുടങ്ങി. 1905ല്‍ ‘സ്വദേശി മണ്ഡലി’ എന്ന സംഘടനക്ക് രൂപം നല്‍കി. 1906ല്‍ ബാരിസോള്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ സ്വദേശി പ്രസ്ഥാന പ്രമേയം അവതരിപ്പിച്ചു. 1920ല്‍ ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയ സ്വാതന്ത്ര്യ സമര പ്രവര്‍ത്തകനായി. 1914ല്‍ ‘നാരായണ’ എന്ന സാഹിത്യ രാഷ്ട്രീയ മാസികയും 1922ല്‍ ഒരു ബംഗാളി വാരികയും 1923ല്‍ ഫോര്‍വേഡ് ദിനപത്രവും ആരംഭിച്ചു. ഇന്ത്യയിലെ ആദ്യ തീവണ്ടി നിര്‍മാണശാല 1950ല്‍ കൊല്‍ക്കത്തക്കു സമീപം സ്ഥാപിച്ചപ്പോള്‍ ദാസിന്‍െറ സ്മരണാര്‍ഥം ചിത്തരഞ്ജന്‍ ഫാക്ടറി എന്ന് നാമകരണം ചെയ്തു. 1925 ജൂണ്‍ 14ന് നിര്യാതനായി.
    
ഭഗത്സിങ്
1907 സെപ്റ്റംബര്‍ 27ന് ജനിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ രക്തനക്ഷത്രമാണ് ഭഗത്സിങ്. 1907 സെപ്റ്റംബര്‍ 27ന് ‘ഇന്‍ക്വിലാബ്  സിന്ദാബാദ്’ എന്ന മുദ്രവാക്യം മുഴക്കിയത് ഭഗത്സിങ് ആണ്. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്‍െറ ആവേശമായിരുന്നു ഭഗത്സിങ്. ബ്രിട്ടീഷ് കൗണ്‍സില്‍ മീറ്റിങ്ങിനുനേരെ ബോംബെറിഞ്ഞ കുറ്റത്തിന് ബ്രിട്ടീഷ് പട്ടാളം അറസ്റ്റുചെയ്തുു. എന്തിനാണ് ബോംബെറിഞ്ഞത് എന്ന ചോദ്യത്തിന് ‘ഉറങ്ങുന്നവരെ ഉണര്‍ത്താന്‍’ എന്നാണ് ഭഗത്സിങ് ബ്രിട്ടീഷ് കോടതിയോട് മറുപടി പറഞ്ഞത്. തുടര്‍ന്ന് ബ്രിട്ടീഷ് കോടതി അദ്ദേഹത്തെ 1931 മാര്‍ച്ച് 23ന് തൂക്കിലേറ്റി.

സരോജിനി നായിഡു
ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്‍െറ പ്രഥമ വനിതാ അധ്യക്ഷയായ സരോജിനി നായിഡു 1879 ഫെബ്രുവരി 13ന് ഹൈദരാബാദില്‍ ജനിച്ചു. ‘ഇന്ത്യയുടെ വാനമ്പാടി’ എന്നറിയപ്പെടുന്ന സരോജിനി നായിഡു ക്വിറ്റിന്ത്യാ സമരത്തിലും ഉപ്പു സത്യഗ്രഹത്തിലും പങ്കെടുത്തു. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കിയ കേസരി ഹിന്‍ഡ് ബഹുമതി തിരികെ നല്‍കി. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വനിതാ ഗവര്‍ണറായി ഉത്തര്‍പ്രദേശില്‍ സ്ഥാനമേറ്റു. ‘ദ ഗോള്‍ഡന്‍ ത്രെഫോള്‍ഡ്’ ‘ബേഡ് ഓഫ് ടൈ’, ‘ബ്രോക്കണ്‍ വിങ്’ തുടങ്ങിയ രചനകളിലൂടെ കാവ്യലോകത്ത് ചിരപ്രതിഷ്ഠ നേടി. 1930ല്‍ ഗാന്ധിജിയും അബ്ബാസ് തായബ്ജിയും അറസ്റ്റിലായതിനെത്തുടര്‍ന്ന് ഉപ്പുസത്യഗ്രഹത്തിന് നേതൃത്വം നല്‍കിയത് സരോജിനി നായിഡുവായിരുന്നു. 1949 മാര്‍ച്ച് രണ്ടിന് നിര്യാതയായി.

പോറ്റി ശ്രീരാമുലു
ചെറുപ്പത്തിലേ ഗാന്ധിയന്‍ പ്രവര്‍ത്തകനായിരുന്നു പോറ്റി ശ്രീരാമുലു. സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുത്തു. വൈക്കം സത്യഗ്രഹത്തിലും പങ്കെടുത്തിട്ടുണ്ട്. മദ്രാസ് സംസ്ഥാനത്തിലെ ക്ഷേത്രങ്ങളില്‍ ദലിതുകള്‍ക്ക് പ്രവേശം അനുവദിക്കണമെന്നാവശ്യപ്പെട്ട് 1946ല്‍ അദ്ദേഹം ഉപവാസം നടത്തി. മദ്രാസ് സംസ്ഥാനത്തിലെ തെലുഗു ഭാഷാ പ്രദേശങ്ങള്‍ ചേര്‍ത്ത് ആന്ധ്ര സംസ്ഥാനം രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം 1952 ഒക്ടോബര്‍ 19ന് ഉപവാസം ആരംഭിച്ചു. 56 ദിവസത്തെ ഉപവാസാനന്തരം 1952 ഡിസംബര്‍ 15ന് നിര്യാതനായി. ഇതത്തേുടര്‍ന്ന് കേന്ദ്ര ഗവണ്‍മെന്‍റ് സംസ്ഥാന പുന$സംഘടന കമീഷനെ നിയമിച്ചു. ഫസല്‍ അലിയുടെ നേതൃത്വത്തില്‍ രൂപവത്കൃതമായ കമീഷന്‍െറ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ പാര്‍ലമെന്‍റ് 1956ല്‍ സംസ്ഥാന പുന$സംഘടനാ നിയമം പാസാക്കി

Subscribe to കിളിചെപ്പ് by Email
Get Free Updates:
*Please click on the confirmation link sent in your Spam folder of Email*
Share :
+
Previous
Next Post »
0 Comments for "ധീരദേശാഭിമാനികളുടെ ജീവിതരേഖകള്‍"

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.

 
Thanks for Your Visit, Visit Again. DISCLAIMER :- If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. All the content avilable on this blog is informational purpose only.Reproduction and republishing of contents from here to any other websites or blogs is strictly prohibited.
Template By Kunci Dunia
Back To Top