കണ്ണിനെ അടുത്തറിയാം


പ്രകൃതിയുടെ ഈ വര്‍ണവൈവിധ്യം നിറഞ്ഞ  സൗന്ദര്യത്തെ മനസ്സിലേക്ക് പകര്‍ത്തി എന്നും വസന്തകാലമൊരുക്കിത്തരുന്നത് നമ്മുടെ പ്രിയപ്പെട്ട കണ്ണുകളാണ്. കാഴ്ച എന്ന അനുഭവം ഉണ്ടാകുന്നില്ലെങ്കില്‍ ജീവിതം ഏറെ ദുസ്സഹമായിരിക്കും. അന്ധരായി ജനിക്കുന്നവര്‍, നന്നായി കണ്ടിട്ടും പിന്നീട് എവിടെവെച്ചോ കാഴ്ച നഷ്ടപ്പെട്ടവര്‍, അശ്രദ്ധമൂലം കാഴ്ചശക്തി നഷ്ടമായവര്‍ തുടങ്ങി നിരവധി പേര്‍ നമുക്കുചുറ്റും ജീവിക്കുന്നുണ്ട്. ജീവിത തിരക്കുകള്‍ക്കിടയില്‍ വേണ്ടപോലെ  പരിചരണം ലഭിക്കാതെ അന്ധതയിലേക് നടന്നുനീങ്ങുന്നവരാണ് ബഹുഭൂരിഭാഗവും. ഒരു ലോക അന്ധദിനം പടികടക്കുമ്പോള്‍ കണ്ണിനെക്കുറിച്ചും സംരക്ഷണത്തെക്കുറിച്ചും ഓര്‍മപ്പെടുത്തുകയാണ് ഇവിടെ .

കണ്ണിന്‍െറ സംരക്ഷണം
നേത്രകോടരം എന്ന കുഴിക്കകത്ത് മൂന്ന് ജോടി പേശികളെക്കൊണ്ടാണ് കണ്ണിനെ ഉറപ്പിച്ചുനിര്‍ത്തിയിരിക്കുന്നത്.
കണ്‍പീലികളോടുകൂടിയ കണ്‍പോളകള്‍ കണ്ണിനെ ബാഹ്യക്ഷതങ്ങളില്‍നിന്നും സംരക്ഷിക്കുന്നു.
കണ്ണുനീര്‍ ഗ്രന്ഥി ഉല്‍പാദിപ്പിക്കുന്ന കണ്ണുനീര്‍ കണ്ണിലെ പൊടിപടലങ്ങളെ കഴുകിക്കളയുന്നു.
ലൈസോസൈം
കണ്ണുനീരിലടങ്ങിയ ജീവാഗ്നിയാണ് ലൈസോസൈം. ഇത് കണ്ണിലകപ്പെടുന്ന രോഗാണുക്കളെ നശിപ്പിക്കുന്നു. അവശ്യ സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ ലൈസോസൈം ഉല്‍പാദിപ്പിച്ച് കണ്ണ് രോഗാണുക്കള്‍ക്കെതിരെ പോരാട്ടം നടത്തുന്നു.
അടുത്തും അകലെയുമുള്ള വസ്തുക്കളെ കാണുമ്പോള്‍
അടുത്തും അകലെയുമുള്ള വസ്തുക്കളെ കാണുമ്പോള്‍ കണ്ണിനകത്ത് പരസ്പര വിപരീത പ്രവര്‍ത്തനമാണ് നടക്കുന്നത്.
അകലെയുള്ള വസ്തുക്കളെ കാണുമ്പോള്‍ സീലിയറി പേശികള്‍ അയയുകയും  സ്നായ്ക്കള്‍ ചുരുങ്ങുകയും ലെന്‍സിന്‍െറ വക്രത കുറയുകയും ഫോക്കസ്ദൂരം കൂടുകയും ചെയ്യുന്നു.
അടുത്തുള്ള വസ്തുക്കളെ കാണുമ്പോള്‍ സീലിയറി പേശികള്‍ ചുരുങ്ങുകയും സ്നായ്ക്കള്‍ അയയുകയും ലെന്‍സിന്‍െറ വക്രത കൂടുകയും ഫോക്കസ്ദൂരം കുറയുകയും ചെയ്യുന്നു.
അക്വസ് ഹ്യൂമറും വിട്രിയസ് ഹ്യൂമറും
കണ്ണില്‍ ലെന്‍സിനും കോര്‍ണിയക്കും ഇടയില്‍ കാണപ്പെടുന്ന അറയാണ് അക്വസ് ചേംബര്‍ അഥവാ ജലീയ അറ. ഇതിനകത്ത് നിറഞ്ഞിരിക്കുന്ന ദ്രാവകമാണ് അക്വസ് ഹ്യൂമര്‍. കണ്ണിലെ കലകള്‍ക്ക് ഓക്സിജനും പോഷകവസ്തുക്കളും പ്രധാനം ചെയ്യുക എന്നതാണ് അക്വസ് ഹ്യൂമറിന്‍െറ ധര്‍മം.
ലെന്‍സിനു പിറകിലുള്ള ഭാഗമാണ് വിട്രിയസ് ചേംബര്‍ അഥവാ സ്ഫടിക അറ. ഇതിനകത്ത് നിറഞ്ഞിരിക്കുന്ന ദ്രാവകമാണ് വിട്രിയസ് ഹ്യൂമര്‍. കണ്ണിന്‍െറ സ്വാഭാവിക ആകൃതി നിലനിര്‍ത്തുക എന്നതാണ് ഇതിന്‍റ ധര്‍മം.
ഐറിസ്
രക്തപടലത്തിന്‍െറ തുടര്‍ച്ചയായി ലെന്‍സിനു മുന്നില്‍ മറപോലെ കാണുന്ന ഭാഗമാണ് ഐറിസ്. ഐറിസിന് നിറംകൊടുക്കുന്ന വര്‍ണവസ്തുവാണ് മെലാനിന്‍. മെലാനിന്‍െറ വ്യത്യാസം അനുസരിച്ച് ഐറിസിന്‍െറ നിറത്തില്‍ വ്യത്യാസം ഉണ്ടാകുന്നു. എല്ലാ ആളുകളുടെയും ഐറിസിന്‍െറ നിറം ഒരുപോലെയല്ല.
മെലാനിന്‍
ഐറിസില്‍ അടങ്ങിയിരിക്കുന്ന മെലാനിന്‍ വ്യത്യസ്ത തരത്തിലുള്ളവയാണ്. യുമെലാനിന്‍, ഫൈക്കോ മെലാനിന്‍ എന്നിവ ഉദാഹരണങ്ങളാണ്. എല്ലാതരം മെലാനിനും അതാര്യമായതിനാല്‍ പ്രകാശത്തെ തടഞ്ഞുനിര്‍ത്തുന്നതില്‍ വ്യത്യസ്ത കണ്ണുള്ളവരില്‍ വ്യത്യാസങ്ങളൊന്നും കാണുന്നില്ല. എന്നാല്‍, ആല്‍ബിനിസം ബാധിച്ച വ്യക്തികളില്‍ ഐറിസില്‍ മെലാനിന്‍ ഇല്ലാത്തതുകൊണ്ട് അവര്‍ക്ക് തീവ്ര പ്രകാശത്തെ അഭിമുഖീകരിക്കാന്‍ സാധിക്കയില്ല.
സമഞ്ജനക്ഷമത
കണ്ണില്‍നിന്ന് വസ്തുവിലേക്കുള്ള ദൂരം അനുസരിച്ച് ലെന്‍സിന്‍െറ വക്രതയില്‍ മാറ്റംവരുത്തി ഫോക്കസ് ദൂരം ക്രമീകരിക്കുവാനുള്ള കണ്ണിന്‍െറ കഴിവാണ് സമഞ്ജനക്ഷമത.
കണ്ണിലെ ലെന്‍സ് റിബണ്‍പോലെ നീണ്ട എപ്പിത്തീലിയല്‍ കോശങ്ങളെക്കൊണ്ട് നിര്‍മിതമാണ്. ഇവക്ക് പോഷണം നല്‍കുന്നതിന് രക്തക്കുഴലുകള്‍ ഇല്ല. പോഷണം അക്വസ് ദ്രവത്തില്‍നിന്നു ലഭിക്കുന്നു. ഗ്ളൂക്കോസില്‍നിന്നും അവായുശ്വസനംവഴി ഊര്‍ജം നിര്‍മിക്കുന്നു.
ലെന്‍സ് (Lence)
കണ്ണിലെ ലെന്‍സ് കോണ്‍വെക്സ് ലെന്‍സാണ്. സുതാര്യമായ ഒരു കാപ്സ്യൂളിനകത്താണ് ലെന്‍സ് സ്ഥിതിചെയ്യുന്നത്. കാപ്സ്യൂളിന്‍െറ വശങ്ങള്‍ ലിഗ്മെന്‍റുകള്‍ ഉപയോഗിച്ച് സീലിയറി പേശിയുമായി ബന്ധിച്ചിരിക്കുന്നു. അടുത്തുള്ള ഒരു വസ്തുവിനെ നോക്കുമ്പോള്‍ റിഫ്ളക്സ് പ്രവര്‍ത്തനംമൂലം സീലിയറി പേശികള്‍ സങ്കോചിക്കുന്നു. ഇതിന്‍െറ ഫലമായി ലെന്‍സിന്‍െറ വക്രത കൂടുന്നു.
ദീര്‍ഘദൃഷ്ടി (Long Sight)
അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണുകയും അടുത്തുള്ളവയെ കാണാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. നേത്രഗോളത്തിന്‍െറ വക്രത കുറയുന്നതുമൂലം വസ്തുവിന്‍െറ പ്രതിബിംബം റെറ്റിനക്കുപിറകില്‍ കേന്ദ്രീകരിച്ചാണ് ഈ തകരാര്‍ ഉണ്ടാകുന്നത്. അനുയോജ്യമായ ഫോക്കസ്ദൂരമുള്ള കോണ്‍വെക്സ് ലെന്‍സ് ഉപയോഗിച്ച് ഈ തകരാര്‍ പരിഹരിക്കാം.
ഹ്രസ്വദൃഷ്ടി (Short Sight)
അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണുകയും അകലെയുള്ളവയെ കാണാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. നേത്രഗോളത്തിന്‍െറ വക്രത കൂടുന്നതുകൊണ്ട് വസ്തുവിന്‍െറ പ്രതിബിംബം റെറ്റിനക്കു മുന്നില്‍ കേന്ദ്രീകരിച്ചാണ് ഈ തകരാര്‍ ഉണ്ടാകുന്നത്. കോണ്‍കേവ് ലെന്‍സുള്ള കണ്ണട ഉപയോഗിച്ച് ഇത് പരിഹരിക്കാം.
വിഷമദൃഷ്ടി
ഒരു നിശ്ചിതബിന്ദുവില്‍ കേന്ദ്രീകരിക്കാത്ത അവസ്ഥയാണ് വിഷമദൃഷ്ടി. വസ്തുവില്‍നിന്നുള്ള പ്രതിബിംബം റെറ്റിനയില്‍ ഒന്നിലധികം സ്ഥാനങ്ങളില്‍ കേന്ദ്രീകരിക്കുമ്പോഴാണ് ഈ തകരാര്‍ ഉണ്ടാകുന്നത്. സിലിണ്ടറിക്കല്‍ ലെന്‍സ് ഉപയോഗിച്ച് ഈ തകരാര്‍ പരിഹരിക്കാം.
ഐറിസ് സംരക്ഷകന്‍
ശക്തിയേറിയ പ്രകാശം കണ്ണിനകത്തേക്ക് കടക്കുന്നത് തടഞ്ഞ് റെറ്റിനയെയും മറ്റ് ആന്തരഭാഗങ്ങളെയും സംരക്ഷിക്കുന്നതിനാണ് ഐറിസ് പ്രധാനമായും സഹായിക്കുന്നത്. ഐറിസിലെ മെലാനിനാണ് പ്രകാശത്തെ കടത്തിവിടാതിരിക്കാന്‍ സഹായകമാവുന്നത്.
തിമിരം
പ്രായം കൂടുന്നതിനനുസരിച്ച് നേത്രലെന്‍സ് അതാര്യമാകുന്ന തകരാറാണ് തിമിരം. ലെന്‍സിലെ കോശങ്ങളില്‍ 30 ശതമാനം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ തട്ടുന്നതിന്‍െറ ഫലമായി കാത്സ്യം അയോണുകളുടെ സാന്നിധ്യത്തില്‍ ഈ പ്രോട്ടീനുകള്‍ കൊയാഗുലേഷന്‍ എന്ന പ്രക്രിയക്ക് വിധേയമാകുന്നു. ഇതാണ് തിമിരത്തിന് കാരണം. രക്തത്തില്‍ ഗ്ളൂക്കോസിന്‍െറ അളവ് കൂടുന്നതിനനുസരിച്ച് ഈ പ്രവര്‍ത്തനം വേഗത്തിലാകുന്നു. അതുകൊണ്ട്, പ്രമേഹരോഗികളില്‍ തിമിരം ഉണ്ടാകുന്നു. ശസ്ത്രക്രിയ വഴി ഈ രോഗം പരിഹരിക്കാം.
പ്രസ്ബയോപിയ(Press Biopiya)
പ്രായംകൂടുന്നതിനനുസരിച്ച് ലെന്‍സിന്‍െറ ഇലാസ്തികത നഷ്ടമാകുന്ന അസുഖമാണ് പ്രസ്ബയോപിയ. അനുയോജ്യമായ കോണ്‍വെക്സ് ലെന്‍സ് ഉപയോഗിച്ച് ഇത് പരിഹരിക്കാം.
മൂങ്ങ, വവ്വാല്‍
മങ്ങിയ വെളിച്ചത്തില്‍ കാണാന്‍ സഹായിക്കുന്ന റോഡ്കോശങ്ങള്‍ ധാരാളമുള്ള ഇവക്ക് രാത്രികാലങ്ങളില്‍ നല്ല കാഴ്ചശക്തിയായിരിക്കും. എന്നാല്‍, തീവ്രപ്രകാശത്തില്‍ കാണാന്‍ സഹായിക്കുന്ന കോണ്‍കോശം ഇവയുടെ റെറ്റിനയില്‍ തീരെ ഇല്ലാത്തതുകൊണ്ട് പകല്‍ ഇവക്ക് കാഴ്ചശക്തിയില്ല.
അന്ധബിന്ദു, പീതബിന്ദു
കണ്ണില്‍ നേത്രനാഡി സന്ധിക്കുന്ന സ്ഥലത്ത് റോഡ്കോശവും കോണ്‍കോശവും തീരെയില്ല. കാഴ്ചശക്തി ഒട്ടുമില്ലാത്ത ഈ ഭാഗമാണ് അന്ധബിന്ദു (blind spot). റെറ്റിനയില്‍ ഒരു പ്രത്യേകസ്ഥലത്ത് കോണ്‍കോശങ്ങള്‍ ധാരാളമായി കാണുന്നു. എന്നാല്‍, ഇവിടെ റോഡ് കോശം വളരെ കുറവാണ്. കാഴ്ചശക്തി കൂടിയ ഈ ഭാഗമാണ് പീതബിന്ദു (yellow spot).
ചെങ്കണ്ണ്
ചെങ്കണ്ണ് വൈറസ്, ബാക്ടീരിയ എന്നിവമൂലം ഉണ്ടാകുന്നു. സ്പര്‍ശത്തിലൂടെയാണ് ഇത് പ്രധാനമായും പരക്കുന്നത്. ജലത്തിലൂടെയും പകരാനിടയുണ്ട്. രോഗിയുടെ ടവല്‍, പേന, പെന്‍സില്‍ എന്നിവ ഉപയോഗിക്കുന്നതുമൂലം കൈകളിലെത്തുന്ന രോഗങ്ങള്‍ കൈകള്‍ കണ്ണില്‍ മുട്ടിക്കുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്നു.
റോഡോപ്സിന്‍
വിറ്റാമിന്‍ എയില്‍ ധാരാളമായുള്ള റോഡോപ്സിന്‍ എന്ന വര്‍ണവസ്തുവാണ് റോഡ്കോശങ്ങള്‍ക്ക് മങ്ങിയവെളിച്ചത്തില്‍ കാഴ്ചശക്തി നല്‍കുന്നത്. അതിനാല്‍, വിറ്റാമിന്‍ എയുടെ അഭാവം റോഡോപ്സിന്‍ കുറയുന്നതിനും അതുവഴി നിശാന്ധതക്കും കാരണമാകുന്നു.
മങ്ങിയ വെളിച്ചത്തില്‍പോലും റോഡോപ്സിന്‍ വിഘടിച്ച് റെറ്റിനിനും ഓഫ്സിനുമായി മാറുന്നു. രാസപ്രവര്‍ത്തന ഫലമായുണ്ടാകുന്ന ഓഫ്സിന്‍ നാഡീകോശങ്ങളില്‍ ആവേഗങ്ങളെ സൃഷ്ടിക്കാന്‍ ഇടയാക്കുന്നു. റോഡോപ്സിന്‍െറ പുനര്‍നിര്‍മാണം പ്രകാശത്തിന്‍െറ അസാന്നിധ്യത്തിലാണ് നടക്കുന്നത്. ശക്തമായ പ്രകാശത്തില്‍ റോഡോപ്സിന്‍ മുഴുവനായും വിഘടിക്കപ്പെടും. ഇതിന്‍െറ ഫലമായി പ്രകാശംകുറഞ്ഞ മുറിയിലേക്ക് പ്രവേശിക്കുന്ന ആള്‍ക്ക് താല്‍ക്കാലിക അന്ധത ഉണ്ടാകുന്നു.
അയോഡോപ്സിന്‍
കോണ്‍കോശങ്ങളിലെ അയോഡോപ്സിന്‍ മൂന്ന് വ്യത്യസ്ത തരത്തില്‍ കാണുന്നു. ഇതനുസരിച്ച് മൂന്നുതരം കോണ്‍കോശങ്ങള്‍ ഉണ്ട്.
Erythrolabe ചുവപ്പ്
Chlorolabe പച്ച
cynolable നീല
ശക്തമായ പ്രകാശത്തില്‍ മാത്രമേ അയോഡോപ്സിന്‍ വിഘടിക്കുന്നുള്ളൂ. അയോഡോപ്സിന്‍െറ പുനര്‍നിര്‍മാണം വളരെ വേഗത്തില്‍ നടക്കും. ഏതെങ്കിലും ഒരുതരം കോണ്‍കോശങ്ങളുടെ ജന്മനാല്‍ ഉണ്ടാകുന്ന അഭാവം അതുമായി ബന്ധപ്പെട്ട നിറങ്ങളെ തിരിച്ചറിയുവാനുള്ള ശേഷി നഷ്ടപ്പെടുത്തും. ഇതാണ് വര്‍ണാന്ധത (colour blindness).
ദ്വിനേത്ര ദര്‍ശനം
രണ്ടു കണ്ണിലുമുള്ള പ്രതിബിംബങ്ങളും തലച്ചോറില്‍ വെച്ച് സമന്വയിച്ച് വസ്തുക്കളെ ഏക ദൃശ്യമായി കാണുന്നതാണ് ദ്വിനേത്ര ദര്‍ശനം.
ഗ്ളോക്കോമ (Glocoma)
കണ്ണിലെ അക്വിസ് ദ്രവത്തിന്‍െറ പുനരാഗിരണം നടക്കാതിരിക്കുന്നതുമൂലം കണ്ണിനുള്ളില്‍ അസാധാരണമായി മര്‍ദ്ദം അനുഭവപ്പെടുന്നു. ഇതിന്‍െറ ഫലമായി ലെന്‍സിന്‍െറ വക്രതയില്‍ വ്യത്യാസമുണ്ടാകുന്ന അവസ്ഥയാണ് മര്‍ദമാണ് ഗ്ളോക്കോമ.
ദീപങ്ങള്‍ക്ക് ചുറ്റും വര്‍ണവലയം കാണുക, രാത്രിയില്‍ കാഴ്ചക്കുറവ്, ഇരുട്ടാകുമ്പോള്‍ കണ്ണിനുചുറ്റും വേദന എന്നിവയാണ് ഗ്ളോക്കോമയുടെ ലക്ഷണങ്ങള്‍.
കണ്‍കുരു (sty)
ശുചിത്വമില്ലെങ്കില്‍ വരാനിടയുള്ള രോഗമാണ് കണ്‍കുരു. സ്റ്റെഫലോ കോക്കസ് എന്ന ബാക്ടീരിയയാണ് ഇതിനു കാരണം.
കോങ്കണ്ണ്
കണ്ണിലെ പേശികളുടെ സമന്വിതചലനം നഷ്ടമാകുന്നതുമൂലം ഉണ്ടാകുന്ന തകരാറാണ് കോങ്കണ്ണ്.

കടപ്പാട്: മാധ്യമം ദിനപത്രം 
Subscribe to കിളിചെപ്പ് by Email
Get Free Updates:
*Please click on the confirmation link sent in your Spam folder of Email*
Share :
+
Previous
Next Post »
0 Comments for "കണ്ണിനെ അടുത്തറിയാം "

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.

 
Thanks for Your Visit, Visit Again. DISCLAIMER :- If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. All the content avilable on this blog is informational purpose only.Reproduction and republishing of contents from here to any other websites or blogs is strictly prohibited.
Template By Kunci Dunia
Back To Top