നമ്മുടെ പരിസ്ഥിതി


മോണ്‍ട്രിയോള്‍ പെരുമാറ്റച്ചട്ടം
വിഷവസ്തുക്കളായ ക്ളോറോ ഫ്ളൂറോ കാര്‍ബണുകളും ഹാലോണുകളും ഓസോണിന് കേടു വരുത്തുന്ന പദാര്‍ഥങ്ങളാണെന്ന് ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നു. ഇതിന്‍െറ ഫലമായി ഈ പദാര്‍ഥങ്ങളുടെ ഉല്‍പാദനവും ഉപഭോഗവും നിയന്ത്രിക്കുന്നതിന്  1989 ജനുവരി 29ന് ലോകരാഷ്ട്രങ്ങളും യൂറോപ്യന്‍ സാമ്പത്തിക സമൂഹവും അംഗീകരിച്ച മോണ്‍ട്രിയോള്‍ പെരുമാറ്റച്ചട്ടം നിലവില്‍വന്നു. ഓസോണ്‍ ശോഷണ പദാര്‍ഥങ്ങളുടെ 82 ശതമാനം ഉപയോഗിച്ച രാജ്യങ്ങള്‍ ആഗോള താപന ഭീഷണിയെത്തുടര്‍ന്നാണ് മോണ്‍ട്രിയോള്‍ പെരുമാറ്റച്ചട്ടം അംഗീകരിച്ചത്. ശേഷം എല്ലാ രാജ്യങ്ങളും ഈ പെരുമാറ്റച്ചട്ടം അംഗീകരിച്ചുതുടങ്ങി. ഇന്ത്യ 1992 സെപ്റ്റംബര്‍ 17നാണ് മോണ്‍ട്രിയോള്‍ പെരുമാറ്റച്ചട്ടം അംഗീകരിച്ചത്.

ക്ളോറോ ഫ്ളൂറോ കാര്‍ബണ്‍ (CFC)
ക്ളോറിന്‍, ഫ്ളൂറിന്‍, കാര്‍ബണ്‍ എന്നിവ ചേര്‍ന്ന പദാര്‍ഥമാണ് ഓസോണിന്‍െറ നാശത്തിന് കാരണമായ ക്ളോറോ ഫ്ളൂറോ കാര്‍ബണ്‍. ഫ്രീയോണ്‍ എന്നറിയപ്പെടുന്ന ഡൈക്ളോറോ ഡൈഫ്ളൂറോ മീഥേനാണ് സി.എഫ്.സിയിലെ പ്രധാനഘടകം. റഫ്രിജറേറ്റര്‍, എയര്‍കണ്ടീഷനര്‍ എന്നിവയില്‍ ശീതീകാരിയായും ചില എയറോസോള്‍ സ്പ്രേകളിലും കമ്പ്യൂട്ടര്‍ ക്ളീന്‍ ചെയ്യാനുള്ള ലായകങ്ങളിലുമെല്ലാം സി.എഫ്.സിയുണ്ട്. ഇവ ഉപയോഗിക്കുമ്പോള്‍ പുറത്തുവിടുന്ന സി.എഫ്.സി ഓസോണിന് കേടുവരുത്തുന്നു.

ഓസോണ്‍
ഓക്സിജന്‍െറ ഒരു രൂപമാണ് ഓസോണ്‍. മൂന്ന് ഓക്സിജന്‍ ആറ്റങ്ങള്‍ ചേര്‍ന്നാണ് ഓസോണ്‍ ഉണ്ടാകുന്നത്. സ്ട്രാറ്റോസ്ഫിയര്‍ എന്ന അന്തരീക്ഷപാളിയിലാണ് ഓസോണുള്ളത്. അന്തരീക്ഷവായുവിന്‍െറ 0.001 ശതമാനം മാത്രമാണ് ഓസോണ്‍ പാളിയുള്ളത്. ഈ ഓസോണാണ് സൂര്യപ്രകാശത്തിലെ മാരകമായ അള്‍ട്രാ വയലറ്റിനെ തടഞ്ഞുനിര്‍ത്തി ഭൂമിയിലെ ജീവജാലങ്ങളെ രക്ഷിക്കുന്നത്.

ഓസോണ്‍ വിള്ളല്‍
അടുത്തകാലത്ത് എടുത്ത ഭൂമിയുടെ ഉപഗ്രഹചിത്രങ്ങള്‍ ഓസോണ്‍ പാളിയില്‍ വിള്ളല്‍ വീണിരിക്കുന്നത് തെളിയിച്ചിട്ടുണ്ട്. അന്‍റാര്‍ട്ടിക്കാ മേഖലയിലെ ഓസോണ്‍ പാളിയില്‍ രണ്ട് കോടി 83 ലക്ഷം ചതുരശ്ര കിലോ മീറ്റര്‍ വിസ്തൃതിയില്‍ വിള്ളലുണ്ട്. കഴിഞ്ഞ ആറു വര്‍ഷമായി ഉത്തര ധ്രുവത്തിലും ഓസോണിന് വിള്ളല്‍ വീണതായി കണ്ടെത്തിയിട്ടുണ്ട്.

വൈദ്യുത കാന്തിക സ്പെക്ട്രം
വൈദ്യുത കാന്തിക വികിരണങ്ങളുടെ സമൂഹത്തെയാണ് വൈദ്യുത കാന്തിക സ്പെക്ട്രം എന്നു പറയുന്നത്. സൂര്യപ്രകാശത്തില്‍നിന്നു പുറപ്പെടുന്ന സ്പെക്ട്രത്തില്‍ ആറു വികിരണങ്ങളാണ് പ്രധാനമായും ഉള്ളത്. ഇതിലെ ഒരംഗമാണ് അര്‍ട്രാ വയലറ്റ് കിരണങ്ങള്‍. റേഡിയോ തരംഗം, മൈക്രോ വേവ്, ദൃശ്യപ്രകാശം, എക്സ് കിരണങ്ങള്‍, ഗാമാ കിരണങ്ങള്‍ എന്നിവയാണ് മറ്റ് അംഗങ്ങള്‍.

അള്‍ട്രാവയലറ്റിന്‍െറ സാന്നിധ്യം
അള്‍ട്രാവയലറ്റ് ഭൂമിയില്‍ പതിച്ചത് ഫോട്ടോഗ്രാഫിക്ക് പ്ളേറ്റില്‍നിന്ന് കണ്ടെത്താം. സൂര്യപ്രകാശത്തിന്‍െറ സാന്നിധ്യത്തില്‍ ഈ പ്ളേറ്റില്‍ രശ്മികള്‍ പതിച്ചുവെന്ന് ഉറപ്പിക്കാം.

അള്‍ട്രാവയലറ്റ് രോഗങ്ങള്‍
മാരകമായ രോഗങ്ങളാണ് ജന്തുക്കള്‍ക്കും സസ്യങ്ങള്‍ക്കും അള്‍ട്രാവയലറ്റ് രശ്മികള്‍ സമ്മാനിക്കുക. ഈ രശ്മികള്‍ തുടര്‍ച്ചയായി ഏല്‍ക്കുന്നതുമൂലം ചര്‍മാര്‍ബുദം ഉണ്ടാകുന്നു. കൂടാതെ ഈ രശ്മികള്‍ സൂക്ഷ്മജീവികള്‍ക്കും സസ്യങ്ങളിലെയും ജന്തുക്കളിലേയും മൃദുവായ കലകള്‍ക്കും കേടുപാടുണ്ടാക്കും.
തിമിരം, ജനിതക വൈകല്യം, ത്വഗ്രോഗം, പ്രതിരോധശക്തി കുറക്കല്‍, സാംക്രമിക രോഗങ്ങളുടെ വ്യാപനം, ഉല്‍പരിവര്‍ത്തനം എന്നിവ അള്‍ട്രാവയലറ്റ് മനുഷ്യനിലുണ്ടാക്കുന്ന രോഗങ്ങളാണ്. കാലാവസ്ഥാ മാറ്റം ഉണ്ടാകുമ്പോള്‍ മലമ്പനി, ജപ്പാന്‍ ജ്വരം, എലിപ്പനി എന്നിവയും വ്യാപിക്കുന്നു.

കടല്‍വിഭവം കുറയും
തുടര്‍ച്ചയായി അള്‍ട്രാവയലറ്റ് ഏല്‍ക്കുന്നത് കടല്‍ വിഭവങ്ങളെ ബാധിക്കും. മത്സ്യസമ്പത്ത് ഗണ്യമായി കുറയുകയും മത്സ്യങ്ങളുടെ പ്രജനനതോത് ഇല്ലാതാവുകയും ചെയ്യും. കടല്‍ജീവികള്‍ക്ക് ഏറെ ദോഷമുണ്ടാക്കുന്നുവെന്ന പഠനങ്ങള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്.

പരിസ്ഥിതി നിയമങ്ങള്‍
ഓസോണ്‍ പാളിയുടെ രക്ഷക്കും ഒപ്പം നമ്മുടെ പരിസ്ഥിതിയുടെ രക്ഷക്കുമായി ചില നിയമങ്ങള്‍ നിലവില്‍ വന്നിട്ടുണ്ട്.
ഇത്തരം നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക വഴി പ്രകൃതിക്കുമേലുള്ള കടന്നുകയറ്റം ഒരു പരിധിവരെ അവസാനിപ്പിക്കാം.

ഓസോണ്‍ ഡിപ്ളെറ്റിങ് സബ്സ്റ്റന്‍സസ്
1986ലാണ് പരിസ്ഥിതി സംരക്ഷണ നിയമം നടപ്പില്‍വന്നത്. ഓസോണ്‍ പാളിയുടെ ക്ഷയത്തിന് കാരണമായ 95ഓളം മൂലകങ്ങളുടെ ഉല്‍പാദനം, ഉപഭോഗം, കയറ്റുമതി, ഇറക്കുമതി, വില്‍പന, വാങ്ങല്‍, ഉപയോഗം, നിക്ഷേപം എന്നിവയെല്ലാം ഈ നിയമം കര്‍ശനമായി നിരോധിക്കുന്നു. 1989ലെ മോണ്‍ട്രിയോള്‍ ഉടമ്പടിയുടെ പ്രധാന നിര്‍ദേശം എന്ന നിലയില്‍ 119 രാജ്യങ്ങളുമായി ഈ നിയമം ബന്ധപ്പെട്ടുകിടക്കുന്നു.

ഇന്ത്യന്‍ ഫോറസ്റ്റ് ആക്റ്റും (1927) വനസംരക്ഷണ നിയമവും (1980)
ജൈവ വൈവിധ്യങ്ങളുടെ കലവറയായ വനങ്ങളെ പൊതുസ്വത്ത് എന്നനിലയില്‍ സംരക്ഷിക്കുന്നതിനുവേണ്ടി നിലവില്‍വന്ന നിയമങ്ങളാണിവ. റിസര്‍വ് വനങ്ങളുടെ സംരക്ഷണം, വനവിഭവങ്ങളുടെ സംരക്ഷണം, കാടിന്‍െറ ഉപയോഗനിയന്ത്രണം തുടങ്ങിയവ ഈ നിയമത്തില്‍ പ്രതിപാദിച്ചിരിക്കുന്നു.

ജലനിയമം (1974)
ജലമലിനീകരണം തടയാനും ഇല്ലാതാക്കാനുമായി നിലവില്‍വന്ന നിയമമാണിത്. ഇതിന്‍െറ ഭാഗമായി കേന്ദ്ര-സംസ്ഥാനതലത്തില്‍ മലിനീകരണ നിയന്ത്രണബോര്‍ഡുകള്‍ നടപ്പാവുകയും അവ ജലമലിനീകരണം നിയന്ത്രിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയും ചെയ്തു. മലിനീകരണത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ ഈ നിയമത്തില്‍ അനുശാസിക്കുന്നുണ്ട്.

കേരള ഭൂഗര്‍ഭ ജലനയം 2002
ഭൂഗര്‍ഭ അറയിലെ ജലസമ്പത്ത് സംരക്ഷിക്കുന്നതിനായി നിലവില്‍ വന്ന നിയമമാണിത്. അമിതമായ ഭൂജലചൂഷണം പലതരത്തിലുമുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഈ നിയമം നടപ്പിലായത്. ഈ നിയമം നടപ്പാക്കുന്നതിന് സര്‍ക്കാര്‍തലത്തില്‍ ഭൂജല അതോറിറ്റി പ്രവര്‍ത്തിക്കുന്നു. ഇതിന്‍െറ അധികാരങ്ങള്‍ താഴെ കൊടുക്കുന്നു.
* പൊതുകുടിവെള്ള സ്രോതസ്സുകള്‍ സംരക്ഷിക്കുക.
* ഭൂജല ഉപയോഗത്തിന്‍െറ നിയന്ത്രണത്തിനും ക്രമീകരണത്തിനും വേണ്ടി പ്രദേശങ്ങള്‍ വിജ്ഞാപനം ചെയ്യല്‍.
* വിജ്ഞാപനം ചെയ്യപ്പെട്ട പ്രദേശത്തെ കിണറുകളുടെ രജിസ്ട്രേഷന്‍.
* ഭൂജല ഉപഭോക്താവിന്‍െറ രജിസ്ട്രേഷന്‍.
* പെര്‍മിറ്റ്, സര്‍ട്ടിഫിക്കറ്റ്  റദ്ദാക്കല്‍.

വായു സംരക്ഷണ നിയമം  (1981)
ശുദ്ധവായു ശ്വസിക്കാനുള്ള പൗരന്‍െറ അവകാശത്തിന് സര്‍വവിധ സംരക്ഷണവും നല്‍കുന്നതിനുവേണ്ടിയാണ് ഈ നിയമം നിലവില്‍ വന്നത്. കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ വായുമലിനീകരിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പരിസ്ഥിതിസംരക്ഷണ നിയമം 1986
മധ്യപ്രദേശിലെ ഭോപാലില്‍ യൂനിയന്‍ കാര്‍ബൈഡ് ഫാക്ടറിയില്‍നിന്ന് മീഥൈല്‍ ഐസോസയണേറ്റ് (MIC) എന്ന വിഷവാതകം 1984ല്‍ ചോര്‍ന്ന് ഉണ്ടായ മഹാദുരന്തത്തിന്‍െറ പശ്ചാത്തലത്തിലാണ് 1986ല്‍ പരിസ്ഥിതി സംരക്ഷണ നിയമം ഉണ്ടായത്. വായു മലിനീകരണം, ജലമലിനീകരണം, മണ്ണ് മലിനീകരണം എന്നിവയില്‍നിന്ന് ഭൂമിയിലെ ജീവജാലങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമാണ് ഈ നിയമം  നിലവില്‍ വന്നത്. വായു, ജലം എന്നിവയുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി നിരവധി ലബോറട്ടറികളും, വ്യവസായ ശാലകള്‍ പ്രവര്‍ത്തിക്കാനും വര്‍ഷത്തില്‍ ലൈസന്‍സ് പുതുക്കുന്നതിനും മലിനീകരണ നിയന്ത്രണ ബോര്‍ഡും നിലവില്‍വന്നു.


ദേശീയ പരിസ്ഥിതി ട്രൈബ്യൂണല്‍ (1995)
1992 റിയോ ഡി ജനീറോയില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിന്‍െറ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട നിയമമാണിത്. പരിസ്ഥിതി സംബന്ധമായ പ്രശ്നങ്ങള്‍ മൂലം കഷ്ടനഷ്ടങ്ങള്‍ സംഭവിക്കുന്നവരെ കണ്ടെത്തി അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക എന്നതാണ് ഇതിന്‍െറ ഉദ്ദേശ്യം. സുപ്രീംകോടതി / ഹൈകോടതി ജഡ്ജിമാരുടെ നേതൃത്വത്തില്‍ അഞ്ചുപേര്‍ അടങ്ങിയ ട്രൈബ്യൂണലാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്.

ജൈവവൈവിധ്യ നിയമം (2002)
1992 ജൂണ്‍ 5ന് റിയോ ഉച്ചകോടിയിലാണ് ജൈവവൈവിധ്യ ഉടമ്പടിക്ക് തീരുമാനമായത്. പ്രസ്തുത ഉടമ്പടിയുടെ ഒരു കക്ഷി എന്നതിനാല്‍ ഇന്ത്യന്‍ പാര്‍ലമെന്‍റ് 2003 ഫെബ്രുവരി അഞ്ചിന് ജൈവവൈവിധ്യ നിയമം  2002 പാസാക്കി. കേന്ദ്രത്തില്‍ ബയോ ഡൈവേഴ്സിറ്റി  അതോറിറ്റിയും സംസ്ഥാനത്തില്‍ ജൈവ വൈവിധ്യ ബോര്‍ഡും പ്രാദേശികതലത്തില്‍ ബയോ ഡൈവേഴ്സിറ്റി മാനേജ്മെന്‍റ് കമ്മിറ്റിയും രൂപവത്കരിക്കുന്നതിന് ജൈവ വൈവിധ്യ മാനേജ്മെന്‍റ് കമ്മിറ്റികള്‍ നിലവില്‍വന്നു.
ദേശീയ ബയോ ഡൈവേഴ്സിറ്റിക്ക് വിപുലമായ അധികാരങ്ങളാണുള്ളത്.
വിദേശ കമ്പനികള്‍ക്കും വിദേശ ഇന്ത്യക്കാര്‍ക്കും ജൈവ വൈവിധ്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവാദം നല്‍കുക.
ഗവേഷണ വിവരങ്ങള്‍ വിദേശികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കൈമാറുന്നത് നിയന്ത്രിക്കുക.
ജൈവവൈവിധ്യങ്ങളുമായി ബന്ധപ്പെട്ട ബൗദ്ധിക സ്വത്തവകാശത്തിന് അപേക്ഷിക്കാനുള്ള അനുവാദം നല്‍കുക.
സംസ്ഥാനങ്ങളിലെ ജൈവവൈവിധ്യ പ്രാധാന്യമുള്ള കേന്ദ്രങ്ങളെയും ഹെറിറ്റേജ് കേന്ദ്രങ്ങളെയും ജൈവവൈവിധ്യ കേന്ദ്രങ്ങളാക്കി  പ്രഖ്യാപിക്കുക.
സംസ്ഥാനത്തെ ബയോ ഡൈവേഴ്സിറ്റി ബോര്‍ഡുകളുടെ ഏകോപനം നിര്‍വഹിക്കുക.

Subscribe to കിളിചെപ്പ് by Email
Get Free Updates:
*Please click on the confirmation link sent in your Spam folder of Email*
Share :
+
Previous
Next Post »
0 Comments for "നമ്മുടെ പരിസ്ഥിതി"

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.

 
Thanks for Your Visit, Visit Again. DISCLAIMER :- If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. All the content avilable on this blog is informational purpose only.Reproduction and republishing of contents from here to any other websites or blogs is strictly prohibited.
Template By Kunci Dunia
Back To Top