വരകളുടെ തമ്പുരാന്‍


രാജാക്കന്മാര്‍ക്കിടയിലെ ചിത്രകാരനും ചിത്രകാരന്മാര്‍ക്കിടയിലെ രാജാവുമായിരുന്നു രാജാരവിവര്‍മ. ചിത്രം വരയില്‍ യൂറോപ്യന്മാര്‍ക്ക് മാത്രമെ ആധിപത്യമുള്ളൂ എന്ന് പൊതുവെ ധാരണയുണ്ടായിരുന്ന കാലത്ത് സ്വന്തമായ ശൈലി സൃഷ്ടിച്ച് ചിത്രകലയെ ജനകീയവല്‍ക്കരിച്ച വ്യക്തിയാണ് അദ്ദേഹം. വരകളിലെ വേഷവിധാനത്തിലൂടെ അദ്ദേഹം പുതിയൊരു സാംസ്കാരിക വഴി സൃഷ്ടിക്കുകയായിരുന്നു. ഭാരതപുരാണങ്ങള്‍ക്കും കാവ്യങ്ങള്‍ക്കും കാഴ്ചാനുഭൂതി നല്‍കി എന്നതാണ് രാജാരവിവര്‍മയുടെ പ്രസക്തി. കൊട്ടാരക്കെട്ടിലാണ് ജീവിതം പിച്ചവച്ചതെങ്കിലും അദ്ദേഹം അതില്‍ കുടുങ്ങിക്കിടക്കാന്‍ ആഗ്രഹിച്ചില്ല. പുറംലോകത്തിന്റെ നവ്യസൗന്ദര്യം ആസ്വദിക്കാനായിരുന്നു ഇഷ്ടം. അവയൊക്കെ ചിത്രകലയിലേക്ക് ആവാഹിച്ചു. ഭാരതത്തിലാദ്യമായി എണ്ണച്ഛായ ചിത്രം വരയിലേക്ക് അദ്ദേഹം കടന്നു. വരകളിലൂടെ ത്രിമാന ആവിഷ്ക്കാരത്തിന് സാധ്യത കണ്ടെത്തി. ഹൈന്ദവ ദൈവങ്ങള്‍ക്ക് രൂപഭാവങ്ങളേകി. അദ്ദേഹത്തിന്റെ ഓരോ സൃഷ്ടിയും ലോകപ്രശസ്തങ്ങളായി. ഒപ്പം കീര്‍ത്തിയും അതിര്‍ത്തി കടന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും ചിത്രകലാപ്രദര്‍ശനം നടത്തി. ഇതിലൂടെ മലയാളത്തിന്റെ അഭിമാനവും കൊടിയേറി. അദ്ദേഹം വരയെ സ്വയംവരം ചെയ്യുകയായിരുന്നു.

കൊട്ടാരച്ചുമരില്‍ കോറിയിട്ട്....

തിരുവനന്തപുരം ജില്ലയിലെ (അന്ന് തിരുവിതാംകൂര്‍) കിളിമാനൂര്‍ കൊട്ടാരത്തിലായിരുന്നു രവിവര്‍മ്മയുടെ ജനം. ഏഴുമാവില്‍ നീലഭട്ടതിരിപ്പാടിന്റെയും ഉമാഅംബഭായി തമ്പുരാട്ടിയുടെയും മകനായി 1848 ഏപ്രില്‍ 29-നാണ് ജനം. പുരാണ കഥകളോടായിരുന്നു കുട്ടിക്കാലത്ത് താല്‍പര്യം. രണ്ടുമൂന്നു വയസ്സുള്ളപ്പോള്‍ തന്നെ കൊട്ടാരച്ചുമരുകളില്‍ രവിവര്‍മ കോറിയിട്ട ചിത്രങ്ങള്‍ കൊണ്ടു നിറഞ്ഞു. കരിക്കട്ടയില്‍ തുടങ്ങിയ രവിവര്‍മയുടെ ചിത്രം വരയിലെ കഴിവ്, അമ്മാവനും സ്വാതിതിരുനാള്‍ മഹാരാജാവിന്റെ ആസ്ഥാന ചിത്രകാരനുമായ രാജരാജവര്‍മയാണ് തിരിച്ചറിയുന്നത്. അദ്ദേഹത്തിന്റെ ശിഷ്യത്വത്തില്‍ തുടക്കത്തില്‍ രാജാരവിവര്‍മ ചിത്രകലാഭ്യാസം നടത്തി. തുടര്‍ന്ന് ചിത്രകലയിലെ ഉപരിപഠനത്തിനായി രാജാവ് തിരുവനന്തപുരത്ത് സൗകര്യമൊരുക്കി. കേരളത്തില്‍ അന്ന് ജലച്ഛായ ചിത്രങ്ങള്‍ക്കാണ് ഏറെ പ്രചാരമുണ്ടായിരുന്നത്. തഞ്ചാവൂര്‍, മധുര എന്നിവിടങ്ങളിലെ ചിത്രകാരന്മാരില്‍ നിന്ന് എണ്ണച്ഛായ ചിത്രരചനയില്‍ പ്രാവീണ്യം നേടി. അക്കാലത്ത് തിരുവനന്തപുരത്ത് എത്തിയ ഡച്ചുചിത്രകാരനായ തിയോഡര്‍ ജന്‍സനില്‍ നിന്ന് എണ്ണച്ഛായത്തില്‍ കൂടുതല്‍ സാങ്കേതികമായ അറിവ് നേടി. 1866-ല്‍ മാവേലിക്കര രാജകുടുംബത്തില്‍ നിന്ന് റാണിലക്ഷ്മിഭായി തമ്പുരാട്ടിയുടെ സഹോദരി പുരൂരുട്ടാതി തമ്പുരാട്ടിയെ വിവാഹം ചെയ്തു.

അംഗീകാരങ്ങളുടെ നിറവില്‍

1873-ല്‍ മദ്രാസില്‍ ചിത്രപ്രദര്‍ശനം നടത്തി. ഇതില്‍ "പിച്ചിപ്പൂ ചൂടിയ വനിത" എന്ന ചിത്രത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. വിയന്നയില്‍ നടന്ന അന്താരാഷ്ട്ര പ്രദര്‍ശനത്തില്‍ ഈ ചിത്രത്തിന് തന്നെ ഒന്നാം സ്ഥാനം ലഭിച്ചു.1876-ല്‍ "ശകുന്തളയുടെ പ്രേമലേഖനം" എന്ന ചിത്രം പ്രശംസ പിടിച്ചുപറ്റി. രവിവര്‍മ എണ്ണച്ഛായത്തില്‍ വരച്ച ബക്കിങ്ങ്ഹാം പ്രഭുവിന്റെ ചിത്രം മദ്രാസ് ഗവണ്‍മെന്റ് ആസ്ഥാനത്ത് സ്ഥാപിച്ചതോടെ അദ്ദേഹത്തിന്റെ പ്രശസ്തി ഒന്നുകൂടി വര്‍ദ്ധിച്ചു. "ശകുന്തളയുടെ പ്രേമലേഖനം" എന്ന ചിത്രം കണ്ട സര്‍ മോണിയന്‍ വില്യംസ് തന്റെ അഭിജ്ഞാന ശാകുന്തളം എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ മുഖചിത്രത്തിനായി ചോദിച്ചു. അങ്ങിനെ 28-ാം വയസ്സാകുമ്പോഴേക്കും രവിവര്‍മ ലോകപ്രശസ്തിയിലേക്ക് ഉയര്‍ന്നു. ഇതിനിടെ ബറോഡ രാജാവ് അദ്ദേഹത്തിന്റെ സ്വന്തം ചെലവില്‍ അവിടെ രവിവര്‍മയുടെ ചിത്രപ്രദര്‍ശനം നടത്തി. ആയിരങ്ങളാണ് പ്രദര്‍ശനം കാണാനെത്തിയത്. മാത്രമല്ല നിരവധി ചിത്രങ്ങള്‍ അവിടെ വിറ്റഴിഞ്ഞു.1904-ല്‍ ബ്രിട്ടീഷുകാര്‍ കേസരി ഹിന്ദ് (ഗമശമെൃശഒശിറ) എന്ന ബഹുമതി നല്‍കി രവിവര്‍മയെ ആദരിച്ചു. ഇതിനിടെ ബോംബെയില്‍ ചിത്രമുദ്രണ അച്ചുകൂടം ( ലിത്തോഗ്രാഫിക് പ്രസ്) സ്ഥാപിച്ചു. അങ്ങിനെ വ്യാപാരാടിസ്ഥാനത്തില്‍ തന്നെ തന്റെ ചിത്രങ്ങള്‍ മുദ്രണം ചെയ്യാന്‍ തുടങ്ങി. അങ്ങനെ ചിത്രങ്ങളുടെ ലക്ഷക്കണക്കിന് കോപ്പികള്‍ വില്‍ക്കപ്പെട്ടു. 1893-ല്‍ ഷിക്കോഗോയിലെ ലോകമേളയില്‍ രവിവര്‍മയുടെ ചിത്രപ്രദര്‍ശനം ഉണ്ടായിരുന്നു. മലബാര്‍ മനോഹരി, അച്ഛന്‍ വരുന്നു, വധു തുടങ്ങി പത്തു ചിത്രങ്ങളായിരുന്നു പ്രദര്‍ശനത്തിലേക്ക് അയച്ചത്. ഇതിലും ഒന്നാം സ്ഥാനം രവിവര്‍മയ്ക്കു തന്നെയായിരുന്നു. പുരാണങ്ങളെ അവലംബിച്ച് ചിത്രം വരക്കുന്നതില്‍ രവിവര്‍മ കാണിച്ച അസാമാന്യപാടവം പ്രത്യേകം ശ്രദ്ധേയമാണ്. ദമയന്തി, ശാകുന്തളം, ശ്രീകൃഷ്ണജനം, വിശ്വാമിത്രനും മേനകയും, രാധാമാധവം, അര്‍ജുനും സുഭദ്രയും, സൈരന്ധ്രിയും കീചകനും തുടങ്ങിയവ ഇതില്‍ പ്രധാനമാണ്. ശകുന്തള, സരസ്വതി, ലക്ഷ്മി തുടങ്ങിയ ചിത്രങ്ങളുടെ ലക്ഷക്കണക്കിന് കോപ്പികള്‍ വില്‍ക്കപ്പെട്ടു. ആധുനിക ഇന്ത്യന്‍ ചിത്രകല രവിവര്‍മയുടെ ചിത്രശൈലി തന്നെയാണ് പിന്തുടരുന്നത് എന്നു പറയാം. പ്രധാനമായും മഹാരാഷ്ട്രയിലെ സ്ത്രീകളുടെ വേഷമായിരുന്ന സാരി ഇന്ത്യയിലാകെ പ്രചരിച്ചതിനുപിന്നിലെ സ്വാധീനം രവിവര്‍മ ചിത്രമായിരുന്നുവെന്ന് കരുതുന്നവര്‍ ഏറെയാണ്. 1950-കളില്‍ കഥകളിയെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് കലാമണ്ഡലം രാമന്‍ കുട്ടിനായര്‍ പരശുരാമനുള്ള വേഷം പുതുക്കി നിശ്ചയിച്ചത് രവിവര്‍മ ചിത്രം മാനദണ്ഡമാക്കിയാണ്. 1960-കളില്‍ മോഹിനിയാട്ടത്തിലും പിന്നീട് ഭരതനാട്യത്തിലും വേഷവിധാനമാറ്റങ്ങള്‍ക്ക് രവിവര്‍മ ചിത്രം സ്വാധീനിക്കപ്പെട്ടു.

സമ്മാനമായി ആന

രവിവര്‍മയുടെ ആനക്കമ്പം ഏറെ പ്രശസ്തമായിരുന്നു. അതുമായി ബന്ധപ്പെട്ട നിരവധി കഥകളുണ്ട്. മൈസൂര്‍ രാജാവായിരുന്ന ചാമരാജേന്ദ്രന് ഏതാനും ചിത്രങ്ങള്‍ അദ്ദേഹം വരച്ച് സമര്‍പ്പിച്ചു. രാജാവിന് ചിത്രങ്ങള്‍ വളരെ ഇഷ്ടമായി. രവിവര്‍മയുടെ ആനക്കമ്പത്തെക്കുറിച്ച് അറിയാമായിരുന്ന രാജാവ് രണ്ട് ആനകളെ രവിവര്‍മയ്ക്ക് സമ്മാനമായി നല്‍കി. മദമിളകിയ ഒരു ആന യെ തിരുവിതാംകൂര്‍ രാജാവ് വില്‍ ക്കാന്‍ തീരുമാനിച്ചത്രെ. ഉടനെ രവിവര്‍മ അതിനെ ഏറ്റെടുത്തു. എന്നിട്ട് കിളിമാനൂരില്‍ കൊണ്ടുവന്നു സംരക്ഷിച്ചു. കവിത്വവും രവിവര്‍മ ഒരു കവികൂടിയായിരുന്നു. സംസ്കൃതഭാഷയിലായിരുന്നു അദ്ദേഹത്തിന്റെ കാവ്യരചന. മലയാളത്തിലും ചില രചനകള്‍ നടത്തി. ഒരു ഉത്തരേന്ത്യന്‍ യാത്രക്ക് ശേഷം അദ്ദേഹം നര്‍മദാനദിയെ വര്‍ണിച്ചെഴുതിയ കാവ്യമാണ് "മാനസയാത്ര" അവസാന നാളുകള്‍ രവിവര്‍മയുടെ എല്ലാകാര്യങ്ങളിലും ഇടപെട്ട അനുജന്‍ രാജരാജവര്‍മ 1904-ല്‍ മരിച്ചതോടെ രവിവര്‍മ മനസ്സുകൊണ്ടു വല്ലാതെ തളര്‍ന്നു. എന്നാലും ചിത്രരചനയില്‍ മുഴുകി എല്ലാ വിഷമങ്ങളും മാറ്റാന്‍ ശ്രമിച്ചു. രണ്ടു വര്‍ഷം പിന്നിട്ടപ്പോള്‍ രവിവര്‍മ പ്രമേഹരോഗബാധിതനായി. രോഗാവസ്ഥയെക്കുറിച്ച് വിദേശ പത്രങ്ങളില്‍പ്പോലും വാര്‍ത്തകള്‍ വന്നു. കിളിമാനൂരില്‍ വിദേശവാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സ് വരെ പ്രത്യേകമായി ക്യാമ്പ് ചെയ്ത് രോഗവിവരം പുറം ലോകത്തിന് നല്‍കി. 1906 ഒക്ടോബര്‍ രണ്ടിന് അദ്ദേഹം വരകളുടെ വലിയ ലോകത്തു നിന്ന് വിടവാങ്ങി. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ രചനകളെ ചിത്രകലയില്‍ വലിയ അറിവില്ലാത്തവര്‍ പോലും തിരിച്ചറിയുന്നു എന്നത് അദ്ദേഹത്തിന്റെ മഹത്വം തന്നെയാണ്.

Subscribe to കിളിചെപ്പ് by Email
Get Free Updates:
*Please click on the confirmation link sent in your Spam folder of Email*
Share :
+
Previous
Next Post »
0 Comments for "വരകളുടെ തമ്പുരാന്‍ "

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.

 
Thanks for Your Visit, Visit Again. DISCLAIMER :- If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. All the content avilable on this blog is informational purpose only.Reproduction and republishing of contents from here to any other websites or blogs is strictly prohibited.
Template By Kunci Dunia
Back To Top