ചാച്ചാജി


അലഹബാദ്- ഗംഗ, യമുന, സരസ്വതി എന്നീ നദികളുടെ സംഗമസ്ഥാനമായ പുണ്യസ്ഥലം. ഭാരതത്തിലെ പുരാതനമായ ആ പട്ടണത്തിലെ കൊട്ടാരസദൃശമായ ഒരു വീട്ടില്‍, വര്‍ഷങ്ങള്‍ക്കുമുമ്പ് രസകരമായ ഒരു സംഭവം നടന്നു. എല്ലാ വര്‍ഷവുമെന്നപോലെ ആ നവംബര്‍ 14നും വീട്ടിലെ ആദ്യത്തെ കണ്‍മണിയുടെ പിറന്നാളാഘോഷവും അനുബന്ധ ചടങ്ങുകളും നടക്കുകയായിരുന്നു. ആഘോഷങ്ങള്‍ ഗംഭീരമായി പൊടിപൊടിക്കുന്നതിനിടയില്‍ പിറന്നാളുകാരന്‍ ശാഠ്യം പിടിച്ചു, ‘എന്‍െറ പിറന്നാളാഘോഷം ഇത്രയും നാള്‍ കൂടുമ്പോള്‍ പോരാ... എല്ലാ ദിവസവും നടത്തണം!’ കേട്ടുനിന്നവര്‍ പൊട്ടിച്ചിരിച്ചു. ആ നിര്‍ബന്ധബുദ്ധിയായ കുസൃതിക്കാരന്‍െറ പേര് ‘ജവഹര്‍’ എന്നായിരുന്നു. ‘രത്നം’ എന്നത്രെ ആ പദത്തിന്‍െറ അര്‍ഥം. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു എല്ലാ അര്‍ഥത്തിലും ഒരു രത്നമായിരുന്നെന്ന് പില്‍ക്കാലത്ത് ചരിത്രം തെളിയിച്ചു. രാഷ്ട്രതന്ത്രജ്ഞന്‍, തത്ത്വജ്ഞാനി, ചരിത്രകാരന്‍, സാഹിത്യകാരന്‍, ഭരണാധികാരി തുടങ്ങി നിരവധി രംഗങ്ങളില്‍ പ്രഭ ചൊരിഞ്ഞ ആ ഉജ്ജ്വല വ്യക്തിത്വത്തിന്‍െറ ജന്മദിനമാണ് നാം ‘ശിശുദിന’മായി കൊണ്ടാടുന്ന നവംബര്‍ 14.
കുട്ടികളെ ഏറെ സ്നേഹിച്ചിരുന്ന, അവരുടെ സ്വന്തം ‘ചാച്ചാജി’യുടെ ജീവിതമുഹൂര്‍ത്തങ്ങളിലേക്ക് വെളിച്ചം വീശുകയാണിവിടെ...
സമ്പന്നതയുടെ മടിത്തട്ടിലേക്ക്
സമ്പത്തും സൗഭാഗ്യങ്ങളും സമഞ്ജസമായി സമ്മേളിച്ചിരുന്ന ഒരു കുടുംബാന്തരീക്ഷത്തിലായിരുന്നു ജവഹറിന്‍െറ ജനനം. സ്വാതന്ത്ര്യസമര സേനാനിയും നിയമവിദഗ്ധനുമായ മോത്തിലാല്‍ നെഹ്റുവിന്‍െറയും സ്വരൂപ്റാണിയുടെയും മൂന്നു സന്താനങ്ങളില്‍ മൂത്തപുത്രനായി 1889ല്‍ പിറവിയെടുത്ത ആ ബാലന് പില്‍ക്കാലത്ത് വിജയലക്ഷ്മി പണ്ഡിറ്റ്, കൃഷ്ണ ഹര്‍ത്തീസിങ് എന്നീ സഹോദരിമാരുണ്ടായി. കശ്മീരിലെ മൂലകുടുംബത്തെ ദല്‍ഹിയിലേക്ക് പറിച്ചുനട്ടത് മുത്തച്ഛനായ ഗംഗാധര്‍ നെഹ്റുവാണ്. ഒരു പൊലീസ് ഇന്‍സ്പെക്ടറായിരുന്ന അദ്ദേഹം ആദ്യം ആഗ്രയിലും പിന്നീട് അലഹബാദിലേക്കും മാറിത്താമസിച്ചു. മോത്തിലാല്‍ നെഹ്റുവാണ് അവിടെ ചരിത്രപ്രസിദ്ധമായ ‘ആനന്ദഭവനം’ സ്ഥാപിച്ച് ഒരു പുതിയ ജീവിതത്തിന് അടിസ്ഥാനമിട്ടത്.
പ്രതിഭാധനനായ പിതാവ്
അഭിഭാഷകന്‍ എന്നതിനേക്കാള്‍ ഒരു ദേശീയചിന്തകന്‍ എന്ന നിലയിലായിരുന്നു മോത്തിലാല്‍ നെഹ്റു ഖ്യാതി നേടിയത്. അക്കാലത്ത് പല കാരണങ്ങള്‍കൊണ്ടും ആനന്ദഭവനം ഒരു സാംസ്കാരിക കേന്ദ്രമായി പ്രശോഭിച്ചു. കുടുംബരംഗത്ത് എന്നതുപോലെ സാമൂഹികരംഗത്തും മോത്തിലാല്‍ കാര്‍ക്കശ്യമുള്ള ഒരു മുന്‍കോപക്കാരന്‍ ആയിരുന്നു. ഒരച്ഛന്‍െറ വാത്സല്യാമൃതം തന്‍െറ പൊന്നോമന പുത്രന് പകര്‍ന്നുകൊടുക്കുന്നതില്‍ അദ്ദേഹം ഒട്ടും പിശുക്കു കാണിച്ചിരുന്നില്ല. സ്നേഹാദരപൂര്‍വമായ ഒരു മനോഭാവമായിരുന്നു ജവഹറിന് പിതാവിനോട് ഉണ്ടായിരുന്നത്. പല കാര്യങ്ങളിലും അച്ഛന്‍ മകന് മാതൃകാപുരുഷനായിരുന്നു. പില്‍ക്കാലത്ത് നെഹ്റുവില്‍ കണ്ടെത്താന്‍ കഴിഞ്ഞ എല്ലാ സദ്ഗുണസമ്പന്നതയുടെയും ഉറവിടം അദ്ദേഹത്തിന്‍െറ പിതാവുതന്നെയായിരുന്നു.
അറിവിന്‍െറ ആഴങ്ങള്‍ തേടി...
ബാല്യത്തില്‍ രാമായണത്തിലെയും ഭാരതാദിപുരാണ ഗ്രന്ഥങ്ങളിലെയും കഥകള്‍ അമ്മയില്‍നിന്നു കേട്ടാണ് ആ ബാലന്‍ വളര്‍ന്നത്. അച്ഛന്‍െറ വിശ്വസ്തസേവകനായ മുന്‍ഷി മുബാറക് അലിയാകട്ടെ, അറബിക്കഥകളുടെ അദ്ഭുതലോകമാണ് അവനുമുന്നില്‍ തുറന്നുകൊടുത്തത്. വളര്‍ന്നപ്പോള്‍ ജവഹറിന്‍െറ ശ്രദ്ധ പുസ്തകങ്ങളിലേക്ക് തിരിഞ്ഞു.
നെഹ്റുവിന്‍െറ പ്രാഥമികവിദ്യാഭ്യാസം യൂറോപ്യന്‍ അധ്യാപകരുടെ കീഴില്‍ വീട്ടില്‍വെച്ചാണ് നടത്തിയിരുന്നത്. അച്ഛന്‍ നിയമിച്ച ഫെര്‍ഡിനാന്‍റ് ടി. ബ്രൂക്സ് എന്ന ഫ്രഞ്ച് അധ്യാപകന്‍ ജവഹര്‍ലാലിന്‍െറ വായനശീലം പരമാവധി വര്‍ധിപ്പിക്കുകയുണ്ടായി. ഇംഗ്ളീഷ്-സയന്‍സ് ഗ്രന്ഥങ്ങളുടെ ഒരു വന്‍ശേഖരം ചുരുങ്ങിയ കാലയളവില്‍ വായിച്ചുതീര്‍ത്തു. 1905ല്‍ ഉന്നത വിദ്യാഭ്യാസത്തിനായി നെഹ്റു ലണ്ടനിലേക്ക് കപ്പല്‍ കയറി. ഇംഗ്ളണ്ടിലെ പ്രശസ്തമായ ഹാരോ പബ്ളിക് സ്കൂളില്‍ രണ്ടുവര്‍ഷം ചെലവഴിച്ചശേഷം 1907ല്‍ കേംബ്രിജിലെ ട്രിനിറ്റി കോളജില്‍ ചേര്‍ന്നു. മൂന്നുവര്‍ഷം അവിടെ പഠിച്ച് ഓണേഴ്സ് ബിരുദം സമ്പാദിച്ചു. കേംബ്രിജ് വിട്ടശേഷം 1910ല്‍ നെഹ്റു ലണ്ടനിലെ ഇന്നര്‍ ടെമ്പിളില്‍നിന്ന് ബാരിസ്റ്റര്‍ ബിരുദം നേടി. ഇംഗ്ളണ്ടില്‍ വെച്ച് നെഹ്റു ഫേബിയന്‍ ആശയങ്ങളില്‍ ആകൃഷ്ടനായിരുന്നു. ഏഴു വര്‍ഷത്തെ വിദേശവാസത്തിനുശേഷം 1912ലാണ് നെഹ്റു ഇന്ത്യയില്‍ തിരിച്ചെത്തുന്നത്.
വിമോചനപാതയില്‍ വിലക്കിന് വിലയില്ല!
ബ്രിട്ടീഷ് ഭരണത്തെ എതിര്‍ക്കുന്നവരെയെല്ലാം വിചാരണപോലും കൂടാതെ ജയിലിലടക്കാനുള്ള നിയമത്തിന് സര്‍ക്കാര്‍ പദ്ധതി തയാറാക്കുന്ന കാലം. നെഹ്റു അച്ഛനോട് പറഞ്ഞു:
‘ഗാന്ധിജിയുടെ സത്യഗ്രഹസഭയില്‍ ചേര്‍ന്ന് സര്‍ക്കാറിന്‍െറ പുതിയ നിയമത്തിനെതിരെ ഞങ്ങള്‍ സമരപരിപാടികള്‍ തുടങ്ങാന്‍ പോവുകയാണ്.’ മിതവാദിയായ അച്ഛന്‍ ആ തീരുമാനത്തോട് യോജിച്ചില്ല. പക്ഷേ, മകന്‍ ഉറച്ചുതന്നെ നിന്നു. അവസാനം അല്‍പം ഭീഷണിയുടെ ഭാഷതന്നെ മോത്തിലാല്‍ പ്രയോഗിച്ചു: ‘ നിന്‍െറ തീരുമാനത്തിന് മാറ്റമില്ലെങ്കില്‍ ഈ വീടുവിട്ടുപോകണം. എന്‍െറ വാക്കു കേള്‍ക്കാത്തവര്‍ക്ക് ഈ വീട്ടില്‍ സ്ഥാനമില്ല.’ വാശിയുടെ കാര്യത്തില്‍ മകനും ഒട്ടും പിന്നിലായിരുന്നില്ല. കമലയെയുംകൂട്ടി നെഹ്റു വീടുവിട്ടിറങ്ങി. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടവീഥിയില്‍ മകന് വിലക്കേര്‍പ്പെടുത്താന്‍ തനിക്കാവില്ലെന്ന് മോത്തിലാലിന് ബോധ്യമായി. അതോടെ, നെഹ്റുവിനെ സ്വന്തം തീരുമാനങ്ങള്‍ക്ക് വിടാന്‍ അച്ഛന്‍ തീരുമാനിച്ചു.
കല്‍ത്തുറുങ്കുകളില്‍ കരളുറപ്പോടെ...
രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി അല്‍പനാളുകള്‍ക്കകം ആദ്യ കാരാഗൃഹവാസം നെഹ്റുവിനെ തേടിയെത്തി. ഖിലാഫത്ത് പ്രക്ഷോഭത്തെതുടര്‍ന്ന് 1921ല്‍ അറസ്റ്റുവരിച്ചു. 1921 മുതല്‍ 1945 വരെയുള്ള കാലഘട്ടത്തില്‍ വിവിധ കുറ്റങ്ങള്‍ ചുമത്തപ്പെട്ട് ഒമ്പതു വര്‍ഷം അദ്ദേഹത്തിന് ജയില്‍വാസം അനുഭവിക്കേണ്ടിവന്നു. 1930ല്‍ സിവില്‍ നിയമലംഘനത്തിന്‍െറ പേരില്‍ നെഹ്റു അറസ്റ്റു ചെയ്യപ്പെട്ടപ്പോള്‍ ദണ്ഡിമാര്‍ച്ചില്‍ പങ്കെടുത്ത് പത്നി കമലയും അറസ്റ്റിലായി. 1932-35 കാലഘട്ടങ്ങളില്‍ വളരെക്കുറച്ച് മാസങ്ങള്‍ മാത്രമാണ് നെഹ്റു ജയിലിനുപുറത്തുണ്ടായിരുന്നത്. 1942ല്‍ ക്വിറ്റിന്ത്യാ സമരത്തെതുടര്‍ന്നാണ് ഉന്നത നേതാക്കള്‍ക്കൊപ്പം നെഹ്റുവും അറസ്റ്റിലായത്. ഫോര്‍ട്ട് ജയിലില്‍ മൂന്നുവര്‍ഷം നീണ്ടുനിന്ന ജയില്‍വാസം അദ്ദേഹം അനുഭവിച്ചു.
കാരാഗൃഹത്തിലെ കര്‍മയോഗി!
നെഹ്റുവിന് കാരാഗൃഹവും ഒരു കര്‍മമണ്ഡലമായിരുന്നു! നിരക്ഷരരായ സഹതടവുകാരെ അദ്ദേഹം എഴുത്തും വായനയും പഠിപ്പിച്ചു. നാടിന്‍െറ വികസനസ്വപ്നങ്ങള്‍ അവരുമായി ചര്‍ച്ച ചെയ്തു. സ്വാതന്ത്ര്യബോധത്തിന്‍െറ ചൂരും ചൂടും അവരില്‍നിന്ന് ചോരാതെ സൂക്ഷിച്ചു. വിശ്വമഹാഗ്രന്ഥങ്ങള്‍ വായിച്ചാസ്വദിച്ചു. ഗ്രന്ഥരചനക്കായും സമയം കണ്ടെത്തി. തടവറയില്‍വെച്ചാണ് നെഹ്റുവിന്‍െറ പ്രശസ്ത കൃതികള്‍ രചിക്കപ്പെട്ടത്. ആത്മകഥക്കുപുറമെ ‘ഡിസ്കവറി ഓഫ് ഇന്ത്യ’ (ഇന്ത്യയെ കണ്ടെത്തല്‍), ‘ഗ്ളിംസസ് ഓഫ് വേള്‍ഡ് ഹിസ്റ്ററി’ (വിശ്വചരിത്രാവലോകനം) എന്നീ ബൃഹദ് ഗ്രന്ഥങ്ങള്‍ ജയില്‍ജീവിതകാലത്ത് അദ്ദേഹം രചിച്ചതാണ്.
വിശ്രമമില്ലാത്ത നാളുകള്‍...
വിശ്രമമില്ലാത്ത രാഷ്ട്രീയ ജീവിതമായിരുന്നു നെഹ്റുവിന്‍േറത്. അത്തരം ചില ഏടുകളിലൂടെ... സ്വാതന്ത്ര്യപ്രാപ്തി വരെ...
* 1923ല്‍ അലഹബാദ് മുനിസിപ്പാലിറ്റിയുടെ അധ്യക്ഷനായും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്‍െറ സെക്രട്ടറിയായും നെഹ്റു തെരഞ്ഞെടുക്കപ്പെട്ടു. 1927ല്‍ രണ്ടാമതും രണ്ടു വര്‍ഷത്തേക്ക് കോണ്‍ഗ്രസ് പാര്‍ട്ടി സെക്രട്ടറിയായി. 1928ല്‍ സൈമണ്‍ കമീഷനെതിരായ പ്രകടനത്തെതുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ടു. 1929ല്‍ അഖിലേന്ത്യാ തൊഴിലാളി മഹാജനസഭയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. നെഹ്റുവിന്‍െറ സോഷ്യലിസ്റ്റ് ചായ്വാണ് അതിന് വഴി തെളിച്ചത്.
*1929ല്‍ കോണ്‍ഗ്രസിന്‍െറ പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്തു. ‘പൂര്‍ണസ്വരാജ്’ എന്ന ആശയം പ്രമേയരൂപത്തില്‍ പാസാക്കിയത് ഈ സമ്മേളനമാണ്. ആനന്ദഭവന്‍ ‘സ്വരാജ്ഭവന്‍’ എന്നു പേരുമാറ്റി കോണ്‍ഗ്രസിന് സംഭാവന ചെയ്യപ്പെട്ടു. 1929ലെ ലാഹോര്‍ സമ്മേളനത്തിനുശേഷം ലഖ്നോ (1935), ഫൈസ്പൂര്‍ (1936), ന്യൂദല്‍ഹി (1951), ഹൈദരാബാദ് (1953), കല്യാണ്‍ (1954) സമ്മേളനങ്ങളിലും അധ്യക്ഷനായ നെഹ്റു ആകെ ആറുതവണ ആ സ്ഥാനം അലങ്കരിച്ചു.
* 1937ല്‍ ഒരു കൊടുങ്കാറ്റുപോലെ നെഹ്റു രാജ്യമെമ്പാടും ചുറ്റിക്കറങ്ങി കോണ്‍ഗ്രസിനുവേണ്ടി പ്രചാരണം നടത്തി.
*1942ല്‍ ക്വിറ്റിന്ത്യാ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റ് വരിച്ചു. 1946ല്‍ ഐ.എന്‍.എ നേതാക്കളുടെ കേസ് വിചാരണയില്‍ അവര്‍ക്കുവേണ്ടി ഹാജരായി വാദിച്ചു.
* 1946 സെപ്റ്റംബര്‍ രണ്ടിന് രൂപവത്കരിച്ച ഇടക്കാല ഗവണ്‍മെന്‍റിന്‍െറ ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. 1946ല്‍ ലീഗും മന്ത്രിസഭയില്‍ ചേര്‍ന്നു. എന്നാല്‍, ഒത്തുപോകല്‍ അസാധ്യമായിരുന്നു. 1946 ഡിസംബറില്‍ സമ്മേളിച്ച സഭയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1947ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയതോടെ നെഹ്റു ആദ്യപ്രധാനമന്ത്രിയായി അധികാരത്തിലെത്തി.
ജവഹര്‍ലാല്‍ നെഹ്റു അവാര്‍ഡ്
ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ സ്മരണക്കായി ഇന്ത്യാ ഗവണ്‍മെന്‍റ് 1965ല്‍ ‘ജവഹര്‍ലാല്‍ നെഹ്റു അവാര്‍ഡ്’ ഏര്‍പ്പെടുത്തി. സാര്‍വദേശീയ ധാരണയും സൗഹൃദവും വളര്‍ത്തുന്നതിനുള്ള ഏറ്റവും ശ്രദ്ധേയമായ സംഭാവനക്കാണ് ഈ പുരസ്കാരം നല്‍കുന്നത്. ഉപരാഷ്ട്രപതിയുടെ അധ്യക്ഷതയിലുള്ള ഒരു ഉന്നതതല സമിതിയാണ് സമ്മാനാര്‍ഹരെ തെരഞ്ഞെടുക്കുന്നത്. 2.5 ദശലക്ഷം രൂപയാണ് അവാര്‍ഡ് തുക. വര്‍ഷംതോറും ഈ പുരസ്കാരം നല്‍കിവരുന്നു. മാര്‍ട്ടിന്‍ ലൂഥര്‍കിങ്, ഖാന്‍ അബ്ദുല്‍ ഗഫാര്‍ ഖാന്‍, യെഹൂദി മെനുഹിന്‍, മദര്‍ തെരേസ തുടങ്ങി നിരവധി പ്രമുഖര്‍ ഈ അവാര്‍ഡിന് അര്‍ഹരായിട്ടുണ്ട്.
സ്വതന്ത്ര ഇന്ത്യയുടെ അനിഷേധ്യ നായകന്‍
‘നീണ്ട സംവത്സരങ്ങള്‍ക്കുമുമ്പ് വിധിയുമായി ഒരു കൂടിക്കാഴ്ചക്ക് നാം സങ്കേതം കുറിച്ചിരുന്നു. ഇപ്പോള്‍ നാം പ്രതിജ്ഞ പാലിക്കേണ്ട സമയം വന്നുചേര്‍ന്നിരിക്കുന്നു... ഇന്ന് പാതിരാമണിയടിക്കുമ്പോള്‍, ലോകം നിദ്രയില്‍ മുഴുകിയിരിക്കെ ഇന്ത്യ ജീവിതത്തിലേക്ക് ഉണര്‍ന്നെഴുന്നേല്‍ക്കും... കണ്ണീരും കൈയുമായി കഴിയുന്ന നമ്മുടെ സഹോദരങ്ങളുടെ ജീവിതങ്ങള്‍ തളിരിട്ടുവരുംവരെ നമുക്ക് വിശ്രമമില്ല’ -സ്വാതന്ത്ര്യലബ്ധിയെതുടര്‍ന്ന് ചെങ്കോട്ടയിലെ കൊടിമരത്തില്‍ ത്രിവര്‍ണപതാകയുയര്‍ത്തി നെഹ്റു രാജ്യത്തോടായി പറഞ്ഞു. കേവലം പറച്ചിലിനപ്പുറം നാടിന്‍െറ സ്വപ്നങ്ങളെ യാഥാര്‍ഥ്യമാക്കാന്‍ ശ്രമിച്ചു.
1950 ജനുവരി 26ന് ഇന്ത്യ ഒരു റിപ്പബ്ളിക് രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടു. രാജ്യത്തിന്‍െറ സമഗ്രവികസനം ലക്ഷ്യമാക്കി പദ്ധതികള്‍ ഉണ്ടാക്കാന്‍ നെഹ്റു ഒരു ആസൂത്രണ കമീഷനെ നിയോഗിച്ചു. 1952ലെ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് നെഹ്റു വീണ്ടും നാടിന്‍െറ നായകനായി. ജനോപകാരപ്രദമായ പദ്ധതികള്‍ അദ്ദേഹം പ്രാബല്യത്തില്‍ കൊണ്ടുവന്നു. ഭക്രാനംഗല്‍പോലുള്ള കൂറ്റന്‍ അണക്കെട്ടുകളുണ്ടായി. ദേശീയപരീക്ഷണ ശാലകളും ഫാക്ടറികളും നാടിന്‍െറ വിവിധ ഭാഗങ്ങളില്‍ തലയുയര്‍ത്തി. ജമീന്ദാരി വ്യവസ്ഥ നിര്‍ത്തലാക്കി. കര്‍ഷകരുടെ പുരോഗതി ഉറപ്പാക്കി. കൃഷി ചെയ്യാന്‍ ഭൂമിയില്ലാത്തവര്‍ക്ക് മിച്ചഭൂമി വിതരണം ചെയ്തു. പഞ്ചായത്തുകള്‍ക്ക് ഭരണവ്യവസ്ഥയുണ്ടാക്കി. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് സവിശേഷ പ്രാധാന്യം കൊടുത്തു. ശാസ്ത്രീയ ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിച്ചു. ദേശീയ ശാസ്ത്ര-വ്യവസായിക ഗവേഷണ കൗണ്‍സില്‍ (Council of Scientific and Industrial Research - CSIR) സ്ഥാപിച്ചത് നെഹ്റുവാണ്. ആദ്യ പ്രസിഡന്‍റും അദ്ദേഹമായിരുന്നു. 1964ല്‍ അണുശക്തിവകുപ്പ് സ്ഥാപിച്ചപ്പോള്‍ നെഹ്റുവിനായിരുന്നു പ്രതിരോധ വകുപ്പിന്‍െറ ചുമതല. 1952ല്‍ രൂപവത്കൃതമായ നാഷനല്‍ ഡെവലപ്മെന്‍റ് കൗണ്‍സിലിന്‍െറ അധ്യക്ഷനായ ആദ്യ പ്രധാനമന്ത്രി നെഹ്റുവായിരുന്നു. തികച്ചും മതേതരവാദിയായിരുന്ന നെഹ്റുവിന്‍െറ ‘വിശാല മാനുഷിക വീക്ഷണം’ ഇന്ത്യന്‍ ഭരണഘടനയില്‍ പ്രതിഫലിച്ചിട്ടുണ്ട്. ഭരണഘടനക്ക് ആമുഖം എന്ന ആശയം അവതരിപ്പിച്ചതും അദ്ദേഹമായിരുന്നു. ‘ആധുനിക ഇന്ത്യയുടെ ശില്‍പി’ എന്ന വിശേഷണത്തിന് സര്‍വഥാ യോഗ്യനാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു.
നിര്‍ഭയനായ സാഹസികന്‍!
സാഹസികതയെ എന്നും പ്രണയിച്ചിരുന്ന നിര്‍ഭയനായിരുന്നു നെഹ്റു. ഒരിക്കല്‍ നോര്‍വേയിലെ പര്‍വതനിരകളിലൂടെ ഒരുകൂട്ടം യുവാക്കളോടൊപ്പം പര്യടനം നടത്തുകയായിരുന്നു അദ്ദേഹം. നടന്നുവലഞ്ഞ് ചൂടുംവിയര്‍പ്പുംഅസഹനീയമായി. നെഹ്റു എന്തു ചെയ്തെന്നോ? അടുത്ത് മഞ്ഞുരുകിയൊലിക്കുന്ന ഒരു അരുവിയിലേക്ക് ഒറ്റച്ചാട്ടം! ശക്തമായ ഒഴുക്കില്‍ അദ്ദേഹത്തിന് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. ഒഴുക്കിനൊപ്പം നീങ്ങിപ്പോയി... അരുവി ഒരു ഗര്‍ത്തത്തിലേക്ക് പതിക്കുന്ന സ്ഥലമെത്താറായി. പെട്ടെന്ന് ഒരു സുഹൃത്ത് അദ്ദേഹത്തിന്‍െറ കാലില്‍ പിടിച്ചു. അരുവി അഗാധമായ ഗര്‍ത്തത്തിലേക്ക് പതിക്കുന്നതിനടുത്തുനിന്ന് നെഹ്റുവിനെ ആ കൂട്ടുകാരന്‍ എങ്ങനെയോ വലിച്ച് കരയില്‍ കയറ്റി!!
ചേരിചേരാ നയം
ശീതസമരം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലത്ത് ചേരിചേരാനയത്തിലൂടെ ഇന്ത്യയും നെഹ്റുവും ശ്രദ്ധാകേന്ദ്രമായിത്തീര്‍ന്നു. വന്‍ശക്തികളുടെ കിടമത്സരങ്ങളില്‍നിന്നും മൂന്നാംലോക രാഷ്ട്രങ്ങളെ മാറ്റിനിര്‍ത്തി, അവക്കിടയില്‍ സഹകരണവും സഹവര്‍ത്തിത്വവും വളര്‍ത്താനായാണ് ചേരിചേരാപ്രസ്ഥാനം നിലകൊള്ളുന്നത്. ജവഹര്‍ലാല്‍ നെഹ്റു യൂഗോസ്ലാവിയന്‍ പ്രസിഡന്‍റ് മാര്‍ഷല്‍ ടിറ്റോ, ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് ജമാല്‍ അബ്ദുന്നാസിര്‍, ഇന്തോനേഷ്യന്‍ പ്രസിഡന്‍റ് സുകാര്‍ണോ എന്നിവരായിരുന്നു ചേരിചേരാ പ്രസ്ഥാനത്തിന്‍െറ സ്ഥാപകനേതാക്കള്‍. 1961 സെപ്റ്റംബറില്‍ യുഗോസ്ലാവിയയിലെ ബെല്‍ഗ്രേഡില്‍വെച്ചാണ് ചേരിചേരാ പ്രസ്ഥാനം രൂപംകൊണ്ടത്.
ആനന്ദഭവനം
അലഹബാദില്‍ വക്കീലായിരിക്കെ മോത്തിലാല്‍ നെഹ്റു പണിത വീടാണ് ആനന്ദഭവനം. കേവലം വീട് എന്ന വിശേഷണത്തിനപ്പുറം ‘അതിപ്രൗഢമായ ഒരു ബംഗ്ളാവ്’ എന്നുപറയുന്നതാകും ശരി! ഇവിടെയായിരുന്നു ജവഹറിന്‍െറ കുട്ടിക്കാലം. ബ്രിട്ടീഷ് കുടുംബങ്ങള്‍ താമസിച്ചിരുന്ന പ്രദേശത്ത് പണിത ഈ വീട്ടില്‍ ടെന്നിസ് കോര്‍ട്ടും നീന്തല്‍ക്കുളവും വലിയ പൂന്തോട്ടവും ഉണ്ടായിരുന്നു.
പഞ്ചശീല തത്ത്വങ്ങള്‍...
ഇന്ത്യയും ചൈനയുമായുണ്ടായിരുന്ന അതിര്‍ത്തിത്തര്‍ക്കത്തിന്‍െറ മുറിവുണക്കാന്‍ നെഹ്റു പഞ്ചശീല തത്ത്വങ്ങള്‍ ആവിഷ്കരിച്ചു. അതിലൂടെ ഇരുരാജ്യങ്ങളും ധാരണയിലെത്താന്‍ ശ്രമിച്ചു. അന്ന് ഇന്ത്യയും ചൈനയും സ്വീകരിച്ച പഞ്ചശീലങ്ങള്‍ ഇവയായിരുന്നു. 1. രാജ്യങ്ങളുടെ അതിര്‍ത്തിയും പരമാധികാരവും പരസ്പരം ആദരിക്കുക 2. അന്യോന്യം ആക്രമിക്കാതിരിക്കുക 3. ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാതിരിക്കുക 4. സമത്വവും സഹകരണവും പുലര്‍ത്തുക 5. സമാധാനപരമായി സഹവര്‍ത്തിക്കുക. എന്നാല്‍, പഞ്ചശീല തത്ത്വങ്ങളെ കാറ്റില്‍പ്പറത്തി 1962ല്‍ ചൈന, ഇന്ത്യയെ ആക്രമിച്ചു. തികച്ചും അപ്രതീക്ഷിതമായ ഈ ആക്രമണത്തെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് കഴിഞ്ഞില്ല. വളരെയേറെ ഇന്ത്യന്‍ പ്രദേശങ്ങള്‍ ചൈന പിടിച്ചടക്കി. ചൈനയുടെ ഈ നിഷ്ഠുരപ്രവൃത്തി നെഹ്റുവിന് കടുത്ത ആഘാതമായിരുന്നു. അതില്‍നിന്ന് പിന്നീടൊരിക്കലും അദ്ദേഹത്തിന് മുക്തി നേടാനായില്ല.
രത്നകുടുംബം
ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ഭാരതരത്നം ലഭിക്കുക എന്ന അത്യപൂര്‍വ ബഹുമതി നേടിയത് നെഹ്റുകുടുംബമാണ്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന് 1955ലും മകള്‍ ഇന്ദിര ഗാന്ധിക്ക് 1971ലും ഇന്ദിരയുടെ മകന്‍ രാജീവ് ഗാന്ധിക്ക് 1991ലും ഭാരതരത്നം ലഭിക്കുകയുണ്ടായി. മൂന്നുപേരും ഇന്ത്യന്‍ പ്രധാനമന്ത്രിമാരായിരുന്നു. നെഹ്റുവിനും ഇന്ദിരക്കും പ്രധാനമന്ത്രിമാരായിരിക്കുമ്പോഴാണ് ഭാരതരത്നം ലഭിച്ചത്. എന്നാല്‍, രാജീവ് ഗാന്ധിക്ക് മരണാനന്തര ബഹുമതിയായാണ് ഈ പുരസ്കാരം സമ്മാനിച്ചത്.
 
ഒരു രാജ്യസ്നേഹി ഉണരുന്നു
വിദേശപഠനകാലത്ത് നാട്ടിലെ സമരകഥകള്‍ ജവഹര്‍ വായിച്ചിരുന്നു. ബാലഗംഗാധര തിലകായിരുന്നു അക്കാലത്ത് ജവഹറിന്‍െറ ആരാധ്യനേതാവ്. ‘ഇന്ത്യയെകീഴടക്കി ഭരിക്കുന്ന ബ്രിട്ടീഷ് സര്‍ക്കാറിനെ അച്ഛന്‍ വിമര്‍ശിക്കണം’ -ഒരിക്കല്‍ ജവഹര്‍ മോത്തിലാലിനെഴുതി. ഇന്ത്യയില്‍ തിരിച്ചെത്തി അലഹബാദ് ഹൈകോടതിയില്‍ വക്കീലായി ചേര്‍ന്നതോടെ ജവഹറിന്‍െറ ശ്രദ്ധ പൊതുപ്രവര്‍ത്തനത്തിലേക്കും തിരിഞ്ഞു. ഗോപാലകൃഷ്ണഗോഖലെയുടെ ‘സെര്‍വന്‍റ്സ് ഓഫ് ഇന്ത്യ’യില്‍ സജീവാംഗമായി. തിളക്കുന്ന ദേശീയബോധവും സമരാവേശവും നെഹ്റുവിലെ സജീവരാഷ്ട്രീയക്കാരനെ ഉണര്‍ത്തി. താമസിയാതെകോണ്‍ഗ്രസില്‍ ചേരുകയും 1912ല്‍ നടന്ന ബങ്കിപ്പൂര്‍ വാര്‍ഷിക സമ്മേളനത്തില്‍ പ്രതിനിധിയായി സംബന്ധിക്കുകയും ചെയ്തു. 1915ലെ ഒരു പൊതുയോഗത്തില്‍ നെഹ്റു നടത്തിയ ഇംഗ്ളീഷിലുള്ള പ്രസംഗം ദേശാഭിമാന പ്രചോദിതമെന്ന് അക്കാലത്തെ മിതവാദി നേതാവായിരുന്ന ഡോ. തേജ് ബഹാദൂര്‍ സുപ്രു അടക്കമുള്ള ദേശാഭിമാനികള്‍ പ്രകീര്‍ത്തിച്ചു. 1916ലെ ലഖ്നോ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ഗാന്ധിജി എന്ന മഹാപുരുഷനെ ആദ്യമായി കണ്ട നെഹ്റു, ആ അതുല്യവ്യക്തിപ്രഭാവത്തെ  അദ്ഭുതാദരങ്ങളോടെ നോക്കിനിന്നു! ആ യുഗപുരുഷന്‍െറ സമരതന്ത്രങ്ങളുടെ മാസ്മരവലയത്തില്‍ ആകൃഷ്ടനായ നെഹ്റു സ്വാതന്ത്ര്യ സമരത്തീച്ചൂളയിലേക്ക് സ്വയമറിയാതെയോ അറിഞ്ഞോ പാദമൂന്നുകയായിരുന്നു.
പിന്നിട്ട വഴികളിലൂടെ...
1889 - നവംബര്‍ 14 ജനനം
1905 - ആദ്യമായി ഇംഗ്ളണ്ടിലേക്ക്. ഹാരോവില്‍ വിദ്യാഭ്യാസം
1907 - കേംബ്രിജിലെ ട്രിനിറ്റി കോളജില്‍
1912 - ബാരിസ്റ്റര്‍ ബിരുദവുമായി ലണ്ടനില്‍നിന്ന് മടക്കം, അലഹബാദ് കോടതിയില്‍
          പ്രാക്ടിസ് തുടങ്ങി. ബങ്കിപ്പൂര്‍ കോണ്‍ഗ്രസില്‍ പ്രതിനിധിയായി പങ്കെടുക്കുന്നു
1915 - അലഹബാദില്‍ ആദ്യത്തെ പൊതുസമ്മേളന പ്രസംഗം
1916 - ലഖ്നോ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ഗാന്ധിജിയെ ആദ്യമായി കാണുന്നു.
          കമലാ കൗളിനെ വിവാഹം ചെയ്തു.
1917 - മകള്‍ ഇന്ദിര പ്രിയദര്‍ശിനിയുടെ ജനനം.
1920 - ഗാന്ധിജിയുടെ നിസ്സഹകരണ-അഹിംസാ-സ്വരാജ് പ്രസ്ഥാനങ്ങളില്‍ സജീവമാകുന്നു
1921 - ആദ്യമായി അറസ്റ്റ് വരിക്കുന്നു
1923 - കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു
1926 - യൂറോപ്പ്, സോവിയറ്റ് യൂനിയന്‍ പര്യടനങ്ങള്‍
1929 - ഗാന്ധിജിയുടെ ആശീര്‍വാദത്തോടെ കോണ്‍ഗ്രസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു
1930 - സിവില്‍ നിയമലംഘന സമരത്തില്‍ അറസ്റ്റ്
1931 - പിതാവിന്‍െറ മരണം. വട്ടമേശ സമ്മേളനാനന്തരം ഗാന്ധിജിയോടെപ്പം അറസ്റ്റില്‍.
          രണ്ടുവര്‍ഷം തടവ്.
1934 -ഗാന്ധിജി ഔചാരികമായി രാഷ്ട്രീയം വിട്ടു. തുടര്‍ന്ന് നെഹ്റു കോണ്‍ഗ്രസ് നേതാവ്.
          ‘ഗ്ളിംസസ് ഓഫ് വേള്‍ഡ് ഹിസ്റ്ററി’ പുറത്തുവന്നു.
1942 - ക്വിറ്റിന്ത്യാ സമരത്തില്‍ നെഹ്റുവും ഗാന്ധിയും അറസ്റ്റില്‍. 1945 വരെ ജയിലില്‍.
           ഗാന്ധിജി നെഹ്റുവിനെ രാഷ്ട്രീയ പിന്‍ഗാമിയായി പ്രഖ്യാപിക്കുന്നു.
1946 - ഇടക്കാല ഗവണ്‍മെന്‍റുണ്ടാക്കാന്‍ ക്ഷണം ലഭിച്ചു. ‘ഡിസ്കവറി ഓഫ് ഇന്ത്യ’ പുറത്തിറങ്ങി.
1947 - നെഹ്റു സ്വതന്ത്ര ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രി.
1950 -ഇന്ത്യ റിപ്പബ്ളിക്കാവുന്നു. പഞ്ചവത്സര പദ്ധതി പ്രഖ്യാപിക്കുന്നു.
1953 - കൊറിയന്‍ യുദ്ധം അവസാനിപ്പിക്കാന്‍ മുന്‍കൈയെടുത്തു.
          ചേരിചേരാനയം പ്രശംസിക്കപ്പെടുന്നു.
1962 - ചൈനയുമായി യുദ്ധം. നെഹ്റുവിന്‍െറ നയതന്ത്രജ്ഞത ഫലിച്ചില്ല.
          ചേരിചേരാനയം വിമര്‍ശിക്കപ്പെട്ടു.
1963 - ചെറിയ മസ്തിഷ്കാഘാതം
1964 - ശക്തമായ മസ്തിഷ്കാഘാതം. മേയ് 27ന് മൂന്നാമത്തെ സ്ട്രോക്കില്‍ 75ാം വയസ്സില്‍ മരണം.
പ്രാചീന ലോകചരിത്രം - കത്തുകളിലൂടെ
അച്ഛന്‍ തടവറയില്‍. പത്തുവയസ്സുള്ള ഏകമകള്‍ അകലെയിരുന്ന് അച്ഛനെ ഓര്‍ത്ത് വ്യസനിച്ചിരിക്കുന്നു. സങ്കടം ഉള്ളിലൊതുക്കി എഴുത്തിലൂടെ മകളെ സാന്ത്വനിപ്പിക്കുകയായിരുന്നു അച്ഛന്‍. ഓരോ കത്തും മകള്‍ സൂക്ഷിച്ചുവെച്ചു. പില്‍ക്കാലത്ത് അച്ഛന്‍ ആ കത്തുകളൊക്കെയും ചേര്‍ത്ത് പുസ്തകരൂപത്തിലാക്കിയപ്പോള്‍ കത്തുകള്‍ക്ക് ചരിത്രപ്രാധാന്യം കൈവന്നു. അക്ഷരാര്‍ഥത്തില്‍ അതൊരു ചരിത്ര പുസ്തകംതന്നെയായി. വെറുതെ വായിച്ചു തള്ളാന്‍ പറ്റിയ കത്തുകളല്ലായിരുന്നു അവ. പത്തു വയസ്സുകാരിക്കു മാത്രമല്ല ഏത് പ്രായക്കാര്‍ക്കും എക്കാലത്തും വായിക്കാന്‍ ഇഷ്ടം തോന്നുന്നവയായി അതു മാറി. എന്തൊക്കെയായിരുന്നു ആ കത്തിലുടെ മകള്‍ക്ക് പറഞ്ഞുകൊടുത്തത്. ഭൂമിയെപ്പറ്റി, പ്രകൃതിയെപ്പറ്റി, മനുഷ്യരെപ്പറ്റി, ലോക സംസ്കാരങ്ങളെപ്പറ്റി, ഭാഷയെപ്പറ്റി, ഇതിഹാസങ്ങളെപ്പറ്റി... പ്രാചീന ലോക ചരിത്രമൊന്നൊകെ കുഞ്ഞു മനസ്സിനുചേരുന്നവിധം അതീവ ലളിതമായി മകള്‍ക്കെഴുതുമ്പോള്‍ അച്ഛന്‍െറ മനസ്സില്‍ തന്‍െറ കുഞ്ഞ് മാത്രമായിരുന്നില്ല; ഇന്ത്യയിലെങ്ങുമുള്ള കുട്ടികളായിരുന്നു നിറഞ്ഞുനിന്നത്. ഒരുകാലഘട്ടത്തിലെ കുട്ടികളല്ല. ഏത് കാലത്തേയും കുട്ടികള്‍. ഇതാണ് ആ എഴുത്തിന്‍െറ പ്രാധാന്യം. പഴമയെക്കുറിച്ച് പറയുന്ന പുതുമണമുള്ള എഴുത്ത്. സാഹിത്യലോകത്ത് അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രം പ്രത്യക്ഷപ്പെടാനിടയുള്ള അത്തരം എഴുത്തുകളുടെ സമാഹാരമാണ് ‘ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍.’
അലഹബാദിലെ തടവറയില്‍നിന്ന് മകള്‍ക്കയച്ച എഴുത്തിന്‍െറ പശ്ചാത്തലത്തെക്കുറിച്ച് ആ അച്ഛന്‍ -ജവഹര്‍ലാല്‍ നെഹ്റു- ഇങ്ങനെ പറഞ്ഞു:
1928ലെ വേനല്‍ക്കാലത്ത് എന്‍െറ മകള്‍ ഇന്ദിര ഹിമാലയത്തിലുള്ള മസൂറിയിലും ഞാന്‍ അടിവാരത്തുള്ള സമരഭൂമിയിലും താമസിക്കുമ്പോള്‍ ഞാന്‍ അവള്‍ക്കെഴുതിയതാണ് ഈ കത്തുകള്‍. ഇവ പത്ത് വയസ്സുള്ള ഒരു കുട്ടിക്ക് ഞാന്‍ അച്ഛന്‍െറ നിലയില്‍ എഴുതിയതാണ്. എന്നാല്‍, മാന്യന്മാരായ ചില സ്നേഹിതന്മാര്‍ ഇവയില്‍ ചില ഗുണങ്ങള്‍ കാണുന്നുണ്ട്. അതുകൊണ്ട് കുറെയധികം പേരുടെ ദൃഷ്ടിയില്‍ പെടുത്തിയാല്‍ നന്നെന്ന് അവര്‍ അഭിപ്രായപ്പെടുകയും ചെയ്യുന്നു. മറ്റു കുട്ടികള്‍ക്ക് ഇതെത്രമാത്രം രസിക്കുമെന്ന് എനിക്കറിഞ്ഞുകൂടാ. എന്നാല്‍, ഇത് വായിക്കുന്നവര്‍ ഈ ലോകം അനേകം രാഷ്ട്രങ്ങളടങ്ങിയ ഒരു ലോക കുടുംബമാണെന്ന് ക്രമേണ ചിന്തിക്കാന്‍ തുടങ്ങുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എനിക്ക് അതെഴുതുന്നതിലുണ്ടായ സന്തോഷത്തില്‍ ഒരംശമെങ്കിലും ആ കുട്ടികള്‍ക്കും ഉണ്ടായേക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു...
നാട്ടുഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത് എല്ലാ കുട്ടികള്‍ക്കും പുസ്തകം വായിക്കാന്‍ കിട്ടണമെന്ന ആഗ്രഹം പ്രകടിപ്പിച്ച ജവഹറിന്‍െറ മനസ്സ് എന്നും കുട്ടികള്‍ക്കൊപ്പമായിരുന്നു. അതുകൊണ്ടുതന്നെയാണ്, കൂട്ടുകാര്‍ക്ക് അദ്ദേഹം ‘ചാച്ചാജി’ യാവുന്നതും.
(അമ്പാടി ഇക്കാവമ്മ വിവര്‍ത്തനം ചെയ്ത ‘ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍’ ഒരു മാതൃഭൂമി പ്രസിദ്ധീകരണമാണ്).
നെഹ്റു പണ്ഡിതനും ആദരണീയനുമായ നേതാവ്
ചരിത്ര വിഷയങ്ങളില്‍ ഏറെ താല്‍പര്യമുണ്ടായിരുന്ന മഹാപണ്ഡിതനും സര്‍ഗധനനുമായ എഴുത്തുകാരനായിരുന്നു ജവഹര്‍ലാല്‍ നെഹ്റു. അദ്ദേഹത്തിന്‍െറ ‘ലോകചരിത്രം’ എന്ന പുസ്തകം ബുദ്ധിജീവികള്‍ക്കിടയില്‍ - ചരിത്രപണ്ഡിതന്മാര്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. 1935 നവംബര്‍ 7ന് കേംബ്രിജിലെ പെംബ്രൂക്ക് കോളജില്‍നിന്ന് സി.എഫ്. ആന്‍ഡ്രൂസ് എന്ന ഇംഗ്ളീഷുകാരന്‍ നെഹ്റുവിന് അയച്ച ഒരെഴുത്ത് നോക്കൂ:
പ്രിയപ്പെട്ട ജവഹര്‍,
താങ്കളുടെ ‘ലോകചരിത്രം’ വായിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു വലിയ ആശയം എന്‍െറ തലയില്‍ കടന്നുകൂടി. അത് താങ്കളുടെ മുന്നില്‍ വെക്കാന്‍ ഞാന്‍ തീരുമാനിക്കുകയും ചെയ്തു.
എ. ജന്മസിദ്ധമായ വാസനയാലെന്നപോലെ മൃഗീയ ശക്തിക്ക് പ്രാകൃതവും വിരൂപവുമെന്ന നിലയില്‍ ആവുന്നത്ര താഴ്ന്നസ്ഥാനം മാത്രം നല്‍കിപ്പോന്ന രണ്ടു നാഗരികതകള്‍- ഇന്ത്യയും ചൈനയും- പിന്നീട് ദു$ഖിക്കേണ്ടി വന്നു. അവ രണ്ടും മര്‍ദിക്കപ്പെടുകയും ദ്രോഹിക്കപ്പെടുകയും ചെയ്തു. കാരണം, അവക്ക് മൗലികമായിത്തന്നെ ചില ദൗര്‍ബല്യങ്ങളുണ്ടായിരുന്നു.
ബി. മൃഗീയ ശക്തിയെ കലവറ കൂടാതെത്തന്നെ സ്വീകരിച്ച രണ്ടു നാഗരികതകള്‍ -ഇസ്ലാമും യൂറോപ്പും - മറ്റു ചില വഴിക്ക് ദു$ഖിക്കേണ്ടിവന്നു. സമാധാനപ്രിയമായ നാഗരികതയില്‍ ചില ദൗര്‍ബല്യം സംഭവിച്ചപ്പോള്‍ ഈ മൃഗീയ ശക്തിക്ക് അവയെ കീഴ്പ്പെടുത്താന്‍ സാധിച്ചു. കുറെക്കൂടി മൃഗീയരായ ജനങ്ങളില്‍നിന്ന് മര്‍ദനം അനുഭവിക്കാത്തതും അങ്ങനെ ദു$ഖമനുഭവിക്കേണ്ടിവരാത്തതുമായ സമാധാന പ്രിയമായ ഒരു നാഗരികത ഉണ്ടാവുമോ?...’
‘ഒരുകൂട്ടം പഴയ കത്തുകള്‍’ എന്ന പുസ്തകത്തില്‍ ഇതുപോലെ ഒട്ടേറെ വ്യക്തികള്‍ നെഹ്റുവിനയച്ച കത്തുകള്‍ ചേര്‍ത്തിട്ടുണ്ട്.
നിര്‍ദേശിക്കാതെ നിയമലംഘനം നടത്തുന്നതിനെതിരെ ഉത്കണ്ഠ പ്രകടിപ്പിച്ച് 1939  നവംബര്‍ 4ന് ഗാന്ധിജി എഴുതിയത്, വിവര്‍ത്തനത്തിലുള്ള നെഹ്റുവിന്‍െറ കഴിവിനെ പ്രശംസിച്ചുകൊണ്ട് 1940 മാര്‍ച്ച് 27ന് അബുല്‍കലാം ആസാദ് എഴുതിയത്, ഇന്ദിരയുടെ വിവാഹം ലളിതമായി നടത്താന്‍ നിര്‍ദേശിച്ചുകൊണ്ട് 1942 മാര്‍ച്ച് 4ന് മഹാത്മജി എഴുതിയത്, ഗാന്ധിജിയില്‍നിന്ന് നെഹ്റുവിന് കിട്ടിയ അവസാനത്തെ കത്ത് (1948 ജനുവരി 18ന് എഴുതിയ കത്ത്), നേരില്‍ കാണാന്‍ താല്‍പര്യം പ്രകടിപ്പിച്ചുകൊണ്ട് ബര്‍ണാഡ് ഷാ എഴുതിയ കത്ത്, നെഹ്റുവിന്‍െറ വ്യത്യസ്തത എടുത്തുപറയുന്ന അദ്ദേഹത്തിന്‍െറ മറ്റൊരു കത്ത്, പ്രൂഫ് റീഡിങ്ങിലെ പിഴവിന് പശ്ചാത്താപം അറിയിച്ചുകൊണ്ട് 1935 ഒക്ടോബര്‍ 4ന് സുഭാഷ് ചന്ദ്രബോസ് എഴുതിയ കത്ത്, മറ്റുള്ളവര്‍ വളരെക്കുറച്ചു മാത്രം മനസ്സിലാക്കപ്പെടുന്ന ഒരാള്‍ എന്ന് നെഹ്റുവിനെക്കുറിച്ച് പരിതപിക്കുന്ന സരോജിനി നായിഡുവിന്‍െറ കത്ത് എന്നിവ ഉള്‍പ്പെടുന്ന ‘ഒരു കൂട്ടം പഴയ കത്തുകള്‍’ എന്ന പുസ്തകം ഒരപൂര്‍വ വ്യക്തിത്വത്തെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്ന ഒന്നാണ്.

Subscribe to കിളിചെപ്പ് by Email
Get Free Updates:
*Please click on the confirmation link sent in your Spam folder of Email*
Share :
+
Previous
Next Post »
0 Comments for "ചാച്ചാജി"

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.

 
Thanks for Your Visit, Visit Again. DISCLAIMER :- If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. All the content avilable on this blog is informational purpose only.Reproduction and republishing of contents from here to any other websites or blogs is strictly prohibited.
Template By Kunci Dunia
Back To Top