കൊല്ലവര്‍ഷം

Share it:
ഇന്ത്യയിലെ 22 ഔദ്യാഗിക ഭാഷകളില്‍ ഒന്നായ മലയാളത്തിന് പരശുരാമന്‍െറ കേരളത്തേക്കാള്‍ മനോഹരമായ വാമൊഴിയും വരമൊഴിയുമുണ്ട്. അതുപോലെ, ഗ്രിഗേറിയന്‍ കലണ്ടറും അറബിക് അക്കങ്ങളും ഉപയോഗിക്കുന്ന മലയാളികള്‍ക്ക് അവകാശപ്പെടാന്‍ കൊല്ലവര്‍ഷം കലണ്ടറും  മലയാള അക്കങ്ങളും സ്വന്തം. ഇത് ഏതു വര്‍ഷമെന്നു ചോദിച്ചാല്‍ 2012 എന്നു പറയുന്ന മലയാളികള്‍ക്ക് കൊല്ലവര്‍ഷം 1188 എന്നു പറയാനറിയില്ല. 1, 2,3... എന്നിങ്ങനെ എഴുതുന്നതിനു പകരം കൈരളിയുടെ സ്വന്തമായ അക്കങ്ങള്‍ പുതുതലമുറ കണ്ടിട്ടേയില്ല.
മലയാള അക്കങ്ങള്‍
ഒന്നുമുതല്‍ പത്തുവരെയുള്ള മലയാള അക്കങ്ങള്‍ എഴുതാനറിയുന്നവര്‍ ആരുമില്ലെന്നുതന്നെ പറയാം. മലയാള അക്ഷരമാലയില്‍നിന്നുതന്നെയാണ് മലയാള അക്കങ്ങളും രൂപംകൊണ്ടിട്ടുള്ളത്. മലയാള അക്കത്തില്‍ ‘ന’ എന്നാല്‍ ഒന്നും ‘ന്ന’ എന്നാല്‍ രണ്ടുമാണ്. പൂജ്യം കണ്ടുപിടിക്കുന്നതിനുമുമ്പ് ‘ധ’യാണ് പകരം ഉപയോഗിച്ചിരുന്നതെന്ന് പഴയ താളിയോല ഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്. മലയാള ലിപി രൂപംകൊണ്ട വട്ടെഴുത്തില്‍നിന്നാണ് അക്കങ്ങളും ഉണ്ടായതെന്നാണ് അനുമാനം. റോമന്‍, ഇന്‍ഡോ-അറബിക്  അക്കങ്ങള്‍ എത്തിയതോടെ മലയാള അക്കങ്ങള്‍ ഗ്രന്ഥങ്ങളില്‍മാത്രമായി ഒതുങ്ങി. കൂടാതെ, കാല്‍, അര, മുക്കാല്‍, അരക്കാല്‍, കീഴ്ക്കാല്‍, കാണി, മൂന്തിരി എന്നിങ്ങനെയുള്ള പ്രയോഗങ്ങളും കൈരളിയുടെ കണക്കില്‍നിന്ന് വേരറ്റുപോയി.
മലയാള മാസങ്ങള്‍
29മുതല്‍ 32 ദിവസങ്ങള്‍വരെയാണ് ഓരോ മാസവും ഉണ്ടാവുക. സൗരയൂഥത്തിലെ സ്ഥിരനക്ഷത്രങ്ങളെ മുന്‍നിര്‍ത്തി ഓരോ സമയത്തും ഏതു നക്ഷത്രസമൂഹത്തിനോടൊപ്പമാണ് സൂര്യന്‍െറ സ്ഥാനം എന്ന് നിര്‍ണയിച്ചാണ് മലയാള മാസങ്ങള്‍ക്ക് പേരിട്ടിരിക്കുന്നത്. ചിങ്ങം, കന്നി, തുലാം , വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം ,കര്‍ക്കിടകം എന്നിവയാണ് മലയാള മാസങ്ങള്‍.
ഞാറ്റുവേല
കൊല്ലവര്‍ഷത്തിലെ 365 ദിവസങ്ങളെ 14 ദിവസങ്ങള്‍വീതമുള്ള 27 കൂട്ടമാക്കി തിരിച്ചിരിക്കുന്നു. ഇതിനെ ഞാറ്റുവേല എന്നു വിളിക്കുന്നു. സൂര്യന് ഒരു നക്ഷത്രഭാഗം കടന്നുപോകാന്‍ 13.5 ദിവസം വേണം. ഇതാണ് ഞാറ്റുവേലയെന്ന് അറിയപ്പെടുന്നത്. സൂര്യന്‍െറ ഒരു സംതരണത്തെ 13.20 തുല്യ നക്ഷത്രഭാഗങ്ങളാക്കി തിരിച്ചിരിക്കുന്നു. അങ്ങനെ ഒരു കൊല്ലവര്‍ഷത്തില്‍ 27 ഞാറ്റുവേലകള്‍ ലഭിക്കുന്നു. നക്ഷത്രങ്ങളെ അടിസ്ഥാനമാക്കി വേര്‍തിരിച്ചതുകൊണ്ട് ഞാറ്റുവേലകള്‍ക്ക് നക്ഷത്രങ്ങളുടെ പേരുകള്‍തന്നെയാണ് നല്‍കിയിട്ടുള്ളത്. കേരളീയര്‍ ഞാറ്റുവേലക്കൊത്ത് കാര്‍ഷികചക്രം രൂപപ്പെടുത്തിയിരിക്കുന്നു. മഴയുടെ വിതരണത്തെ ശാസ്ത്രീയമായി നിര്‍ണയിച്ചിരിക്കുന്നതും ഞാറ്റുവേലകളിലൂടെയാണ്.
മലയാള നക്ഷത്രങ്ങള്‍
അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പുരുരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് മലയാള നക്ഷത്രങ്ങള്‍.
തിഥിയും പക്ഷവും
സൂര്യന്‍െറയും ചന്ദ്രന്‍െറയും സഞ്ചാരമനുസരിച്ച് തിഥിയുടെ നീളത്തിനും ഏറ്റക്കുറച്ചിലുകളുണ്ടാകുന്നു. സൂര്യോദയത്തിനുശേഷം ചന്ദ്രോദയംവരെയുള്ള സമയമാണ് തിഥി. തിഥി 26 മണിക്കൂര്‍വരെ നീണ്ടുപോകാറുണ്ട്. പ്രഥമ, ദ്വിതീയ, ത്രിദീയ, ചതുര്‍ഥി, പഞ്ചമി, ഷഷ്ഠി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചഥുര്‍ദശി, പൂര്‍ണിമ, അമാവാസി എന്നിങ്ങനെയാണ് തിഥികള്‍. ചന്ദ്രന്‍െറ വൃദ്ധിയും ക്ഷയവും  അടിസ്ഥാനമാക്കി 15 തിഥികളെ അഥവാ പക്കങ്ങളെ ശുക്ളപക്ഷമെന്നും അടുത്ത പതിനഞ്ചു ദിവസങ്ങളെ  കൃഷ്ണ പക്ഷമെന്നും പറയുന്നു. ശുക്ളപക്ഷത്തിന്‍െറ അവസാനത്തില്‍ പൗര്‍ണമിയും (പൂര്‍ണചന്ദ്രന്‍) കൃഷ്ണപക്ഷത്തിന്‍െറ 15ാം ദിനത്തില്‍ അമാവാസിയും വരുന്നു.
കൊല്ലത്തു പിറന്ന കൊല്ലവര്‍ഷം
മലയാളികളുടെ മാത്രമായ കലണ്ടറാണ് കൊല്ലവര്‍ഷം.  സൂര്യനെ ആശ്രയിച്ച് ചിട്ടപ്പെടുത്തിയ കൊല്ലവര്‍ഷ കലണ്ടര്‍ ഉണ്ടായത് ക്രിസ്തുവര്‍ഷം 825ലാണ്. ഒരേ അര്‍ഥമാണ് കൊല്ലവും വര്‍ഷവും. അപ്പോള്‍ കൊല്ലവര്‍ഷം എന്ന പേരു വന്നതെങ്ങനെയെന്നല്ലേ?  കേരളത്തില്‍ കൊല്ലത്താണ് മലയാള കലണ്ടര്‍ ഉണ്ടാക്കുന്നതിനായി ജ്യോതിഷികളുടെ സമ്മേളനം നടന്നത്. കൊല്ലത്തു പിറന്ന കലണ്ടറായതുകൊണ്ട് അത് കൊല്ലവര്‍ഷം കലണ്ടറായി. വേണാട് രാജാവായിരുന്ന ഉദയ മാര്‍ത്താണ്ഡവര്‍മയുടെ നേതൃത്വത്തില്‍ എ.ഡി 825 ഒക്ടോബര്‍ 25നാണ് മലയാള കലണ്ടര്‍ പിറന്നതെന്ന് ചരിത്രകാരന്മാര്‍ പറയുന്നു.  കൊല്ലവര്‍ഷം നിലവില്‍വരുന്നതിനുമുമ്പ് മലയാളികള്‍ കലിവര്‍ഷമാണ് കാലഗണനക്കായി ഉപയോഗിച്ചിരുന്നത്. ബി.സി 3012ലാണ് കലിവര്‍ഷം ആരംഭിച്ചത്.
ഭാരതത്തിലെ മറ്റു പഞ്ചാംഗങ്ങള്‍ സൗരവര്‍ഷത്തെയും ചന്ദ്രമാസത്തെയും ഉപയോഗിച്ച് കാലനിര്‍ണയം നടത്തിയപ്പോള്‍ മലയാളത്തില്‍ സൗര വര്‍ഷത്തെയും സൗരമാസത്തെയും ഉപയോഗിച്ച് കലണ്ടര്‍ തയാറാക്കി.  ഇതാണ് കൊല്ലവര്‍ഷം കലണ്ടര്‍ അഥവാ മലയാളം കലണ്ടര്‍. കൊല്ലവര്‍ഷത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ആദ്യ രേഖ എ.ഡി 973, കൊല്ലവര്‍ഷം 149ലെ ശ്രീവല്ലഭന്‍ കൊത്തയുടെ മാമ്പിള്ളി ശാസനങ്ങളാണ്. അതിനുശേഷമാണ് കൊല്ലവര്‍ഷം കലണ്ടറിന് മലയാളനാട്ടില്‍  പ്രചാരമുണ്ടായത്.
മേടം ഒന്നിന് കൊല്ലവര്‍ഷം ആരംഭിക്കുന്നു. അതിനെ  ആണ്ടുപിറവി  എന്നാണ് പറയുന്നത്. എന്നാല്‍, ചിങ്ങം മുതലാണ് മാസങ്ങള്‍  മലയാളം കലണ്ടറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഒരു കൊല്ലവര്‍ഷത്തില്‍ 12 മാസങ്ങള്‍, 27 നക്ഷത്രങ്ങള്‍, 14 ഞാറ്റുവേല, 30 തിഥികള്‍, രണ്ടു പക്ഷങ്ങള്‍ എന്നിവ ഉള്‍പെടുന്നു.
Subscribe to കിളിചെപ്പ് by Email
Share it:

കൊല്ലവര്‍ഷം

Post A Comment:

0 comments: