മരുഭൂമി


നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മണല്‍പ്പരപ്പ് -മരുഭൂമിയെ ചുരുക്കത്തില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. എന്നാല്‍, മണല്‍ മാത്രമല്ല ഇവിടെയുള്ളത്. മണലിന് പുറമേ പാറകളും നിറഞ്ഞതാണ്  ഭൂമേഖല. വെള്ളമില്ലാത്ത, ചുട്ടുപൊള്ളുന്ന ഈ മണലാരണ്യങ്ങള്‍ പ്രകൃതിയുടെ സവിശേഷതകളില്‍ ഒന്നാണ്. ഭൂമിയുടെ കരഭാഗത്തിന്‍െറ ഏകദേശം മൂന്നിലൊന്നും മരുഭൂമിയാണ്. മറ്റു പ്രദേശങ്ങളില്‍നിന്നും വ്യത്യസ്തമായി വളരെകുറഞ്ഞ അളവ് മഴയാണ് മരുഭൂമികളില്‍ ലഭിക്കുക. അതിനാല്‍, മിക്ക ചെടികള്‍ക്കും മൃഗങ്ങള്‍ക്കും ഇവിടെ വളരാന്‍ കഴിയില്ല. മിക്ക മരുഭൂമികളിലും വാര്‍ഷിക വര്‍ഷപാതം 400 മില്ലീമീറ്ററില്‍ താഴെയായിരിക്കും. 250 മില്ലീമീറ്ററില്‍ കുറവ് വാര്‍ഷിക വര്‍ഷപാതമുള്ളവ മുഴു മരുഭൂമികളാണ്. 250 മില്ലീമീറ്ററിനും 400-500 മില്ലീമീറ്ററിനും ഇടയില്‍ മഴ ലഭിക്കുന്നവയെ അര്‍ധ മരുഭൂമികള്‍ എന്നും വിളിക്കാം.
ഉഷ്ണമരുഭൂമികളില്‍ താപനില പകല്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെയോ അതിലും കൂടുതലോ  ഉയരും. ശൈത്യകാലത്ത് രാത്രിയില്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസ് വരെയോ അതിലും താഴോട്ടോ പോവുകയും ചെയ്യും. ലഭിക്കുന്നതിലധികം ജലം ബാഷ്പീകരണംമൂലം നഷ്ടപ്പെടുന്ന പ്രദേശങ്ങളാണ് മരുഭൂമികള്‍. അത്യന്തം ഊഷരമായ മരുഭൂമികളില്‍ 12 മാസം വരെ തുടര്‍ച്ചയായി മഴ പെയ്യാതിരിക്കാം.
മഴനിഴല്‍പ്രദേശം (Rain shadow)
മരുഭൂമികള്‍ പലവിധത്തില്‍ രൂപപ്പെടുന്നു. മഴനിഴല്‍ പ്രതിഭാസമാണ് മരുഭൂമികള്‍ രൂപപ്പെടുന്നതിന് ഒരു കാരണം. പര്‍വതത്തിന്‍െറയോ പര്‍വതനിരകളുടെയോ സാന്നിധ്യത്താല്‍ സൃഷ്ടിക്കപ്പെടുന്ന ഒരു പ്രത്യേക ഭൂപ്രദേശമാണ് മഴനിഴല്‍ പ്രദേശം. മഴമേഘങ്ങളെ വഹിച്ചുകൊണ്ടുള്ള കാറ്റുകളെ പര്‍വതങ്ങളോ പര്‍വതനിരകളോ തടയുമ്പോള്‍ മഴ ഉണ്ടാവുന്നു. പക്ഷേ, ഇങ്ങനെ ഉണ്ടാവുന്ന മഴ പര്‍വതത്തിന്‍െറ ഒരു ഭാഗത്ത് മാത്രം ആയിരിക്കും. മഴ ലഭിക്കാത്ത മറുഭാഗം വരണ്ട് ഉണങ്ങിയിരിക്കും. മഴനിഴല്‍ പ്രദേശം എന്നാണ് ഈ ഭാഗം അറിയപ്പെടുന്നത്. പശ്ചിമഘട്ടം ഇതിന് ഉദാഹരണമാണ്. പശ്ചിമഘട്ടത്തിന്‍െറ ഒരു വശത്തുള്ള കേരളത്തില്‍ നല്ല മഴ ലഭിക്കുമ്പോള്‍ മറുവശത്തുള്ള തമിഴ്നാടിന്‍െറ പലപ്രദേശങ്ങളും മഴനിഴല്‍ പ്രദേശങ്ങളാണ്.
ഉഷ്ണ മരുഭൂമികള്‍ (Hot Deserts)
ഉഷ്ണ മേഖലയില്‍ കാണുന്ന മരുഭൂമികളെയാണ് ഉഷ്ണ മരുഭൂമികള്‍ എന്ന് വിളിക്കുന്നത്. വര്‍ഷം മുഴുവന്‍ പകല്‍ ഉയര്‍ന്ന താപനിലയാണ് ഇവിടെയുണ്ടാവുക. ലോകത്തിലെ ഏറ്റവും വലിയ മരുഭൂമിയായ സഹാറ മരുഭൂമിയും അറേബ്യന്‍, നമീബ്, കലഹാരി, മൊജാവി, താര്‍ മരുഭൂമികളും ഉഷ്ണ മരുഭൂമികളാണ്.
ശീത മരുഭൂമികള്‍ (Cold Deserts)
ഉപോഷ്ണ മേഖലയില്‍ സമുദ്ര നിരപ്പില്‍നിന്ന് വളരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മരുഭൂമികളെയാണ് ശീത മരുഭൂമികള്‍ എന്ന് പറയുന്നത്. പര്‍വത നിരകളുടെ താഴ്വരകളിലും ഇത്തരം മരുഭൂമികള്‍ രൂപംകൊള്ളാറുണ്ട്. പകല്‍ കടുത്ത ചൂടും രാത്രിയില്‍ നല്ല തണുപ്പും ഈ മരുഭൂമികളുടെ പ്രത്യേകതയാണ്. ഉഷ്ണ മരുഭൂമികളില്‍നിന്ന് വ്യത്യസ്തമായി വര്‍ഷത്തില്‍ 25 സെന്‍റീമീറ്ററോളം മഴ ഇവിടെ ലഭിക്കാറുണ്ട്. അതിനാല്‍, കൂടുതല്‍ സസ്യങ്ങളെ ഇവിടെ കാണാം. തെക്കേ അമേരിക്കയിലെ അറ്റക്കാമ, അമേരിക്കയിലെ ഗ്രേറ്റ് ബേസിന്‍, മധ്യേഷ്യയിലെ ഗോബി, തെക്കേ അമേരിക്കയിലെ പറ്റഗോണിയന്‍, പശ്ചിമ ചൈനയിലെ തകെലമഗന്‍ എന്നിവ ശീത മരുഭൂമികള്‍ക്ക് ഉദാഹരണങ്ങളാണ്.
ധ്രുവ മരുഭൂമികള്‍ (Polar Deserts)
വര്‍ഷത്തില്‍ 250 മില്ലിമീറ്ററില്‍ താഴെയാണ് ധ്രുവ മരുഭൂമിയില്‍ മഴ ലഭിക്കുക. പരമാവധി 10 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ മാത്രമാണ് ഇവിടെ താപനില ഉയരുക. 50 ലക്ഷം ചതുരശ്ര കിലോമീറ്ററോളമാണ് ധ്രുവ മരുഭൂമിയുടെ വിസ്തീര്‍ണം. അന്‍റാര്‍ട്ടിക്ക, യൂറേഷ്യ, വടക്കേ അമേരിക്കയുടെ വടക്കേ അറ്റം, ഗ്രീന്‍ലാന്‍ഡ് എന്നിവിടങ്ങളിലെ ഐസ് നിറഞ്ഞ മരുഭൂമികള്‍ ധ്രുവ മരുഭൂമികള്‍ക്ക് ഉദാഹരണങ്ങളാണ്. വര്‍ഷത്തില്‍ 38 സെന്‍റീമീറ്ററോളം മഴയാണ് ഇവിടെ ലഭിക്കുക. മഞ്ഞിന്‍െറ രൂപത്തിലാണ് ഇത് പെയ്തിറങ്ങുക. ഈ മരുഭൂമികളില്‍ ചെറിയ തോതില്‍ ജീവസാന്നിധ്യമുണ്ടാകും. ഒമ്പതുമുതല്‍ 10 മാസം വരെ സൂര്യപ്രകാശം ഉണ്ടാകില്ല എന്നതാണ് ധ്രുവ മരുഭൂമിയുടെ പ്രധാന പ്രത്യേകത.
പ്രധാന മരുഭൂമികള്‍
സഹാറ (Sahara)
ലോകത്തിലെ ഏറ്റവും വലിയ മരുഭൂമിയാണ് ആഫ്രിക്കയിലെ സഹാറ മരുഭൂമി. 91 ലക്ഷം ച. കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന ഈ മരുഭൂമി പാറകളും മണലും ചരലും നിറഞ്ഞതാണ്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്‍െറ വടക്കുഭാഗത്തായി ചെങ്കടല്‍ മുതല്‍ അറ്റ്ലാന്‍റിക് സമുദ്രം വരെ 12 രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്നതാണ് ഈ മരുഭൂമി. ഇവിടത്തെ വാര്‍ഷിക വര്‍ഷപാതം 20 സെന്‍റീമീറ്ററില്‍ കുറവാണ്. സഹാറ മരുഭൂമിയില്‍ ചിലയിടങ്ങളില്‍ പകല്‍സമയത്ത് 43 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും.
മരുഭൂമി എന്നര്‍ഥം വരുന്ന സഹ്റ എന്ന അറബി വാക്കില്‍നിന്നാണ് സഹാറ എന്ന പദമുണ്ടായത്. ലിബിയ, ഈജിപ്ത്, അല്‍ജീരിയ, ചാഡ്, മൊറോക്കോ, മാലി, സുഡാന്‍, നൈഗര്‍, മൗറിത്താനിയ, തുനീഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ പരന്നുകിടക്കുന്നതാണ് ഈ മരുഭൂമി. 30 ലക്ഷം വര്‍ഷം മുമ്പ് ഈ മരുഭൂമി രൂപംകൊള്ളാന്‍ തുടങ്ങിയെന്നാണ് കണക്കാക്കുന്നത്.
താര്‍ മരുഭൂമി (Thar Desert)
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്‍െറ വടക്കുപടിഞ്ഞാറന്‍ ഭാഗത്തു കിടക്കുന്ന വിശാലമായ വരണ്ട ഭൂമേഖലയാണ് താര്‍ മരുഭൂമി. ഇന്ത്യയില്‍ ആരവല്ലി പര്‍വത നിരകള്‍ക്ക് വടക്ക് പടിഞ്ഞാറ് മുതല്‍ പാകിസ്താനിലെ സിന്ധുനദീതടം വരെ ഇത് പരന്നുകിടക്കുന്നു. ഗ്രേറ്റ് ഇന്ത്യന്‍ മരുഭൂമി (Great Indian Desert) എന്നും ഈ മരുഭൂമി അറിയപ്പെടുന്നു. രണ്ടു ലക്ഷം ച. കിലോമീറ്ററിലധികം വിസ്തൃതിയുള്ള ഈ മരുഭൂമി വിസ്തീര്‍ണത്തിന്‍െറ കാര്യത്തില്‍ ലോകത്തില്‍ 18ാം സ്ഥാനത്താണ്. ഇന്ത്യയില്‍ ആണവ പരീക്ഷണം നടക്കുന്ന പൊഖ്റാന്‍ താര്‍ മരുഭൂമിയിലാണ്. രാജസ്ഥാനിലാണ് ഈ മരുഭൂമിയുടെ നല്ലൊരു ഭാഗവും. ഇതിനു പുറമെ പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളുടെ തെക്കുഭാഗത്തേക്കും ഗുജറാത്തിന്‍െറ വടക്കുഭാഗത്തേക്കും പാകിസ്താനിലെ കിഴക്കന്‍ സിന്ധ് പ്രവിശ്യയിലേക്കും തെക്കുകിഴക്കന്‍ പഞ്ചാബ് പ്രവിശ്യയിലേക്കും വ്യാപിച്ചുകിടക്കുന്നു. വേനല്‍ക്കാലത്ത് താര്‍ മരുഭൂമിയില്‍ വീശിയടിക്കുന്ന ചൂടുള്ള കാറ്റ് ലൂ (Loo) എന്നറിയപ്പെടുന്നു.
താര്‍ മരുഭൂമി വളരെ വരണ്ടതും പാറക്കല്ലുകളും വന്‍ മണല്‍ക്കൂനകളും നിറഞ്ഞതാണ്. ഇവിടെ രൂപം കൊള്ളുന്ന മണല്‍ക്കൂനകള്‍ക്ക് 150 മീറ്ററിലേറെ ഉയരമുണ്ടാകാറുണ്ട്. 25 സെ. മീറ്റര്‍ മഴ മാത്രമേ വര്‍ഷത്തില്‍ ഇവിടെ ലഭിക്കുന്നുള്ളൂ. തണുപ്പുകാലത്ത് 5-10 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ വേനല്‍ക്കാലത്ത് 50 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇവിടത്തെ താപനില. വളരെ ചെറിയ രീതിയിലുള്ള കൃഷി മാത്രമേ ഈ മേഖലയില്‍ സാധ്യമാകുകയുള്ളൂ. അല്പം നനവുള്ള പ്രദേശങ്ങളില്‍ ബജ്ര പോലുള്ള ഉണക്കധാന്യങ്ങള്‍ കൃഷി ചെയ്യുന്നു.
ഗ്രേറ്റ് വിക്ടോറിയ
തെക്ക് പടിഞ്ഞാറന്‍ ആസ്ട്രേലിയയില്‍ വ്യാപിച്ചുകിടക്കുന്നതാണ് ഗ്രേറ്റ് വിക്ടോറിയ മരുഭൂമി. 6,47,000 ച. കിലോമീറ്ററാണ് ഈ മരുഭൂമിയുടെ വിസ്തീര്‍ണം. ഈ മരുഭൂമിയിലെ മണല്‍ത്തിട്ടകള്‍ക്ക് നിരന്തരം സ്ഥാനചലനം സംഭവിച്ചുകൊണ്ടിരിക്കുന്നു.
കലഹാരി മരുഭൂമി (Kalahari Desert)
ആഫ്രിക്കയുടെ തെക്കുഭാഗത്ത് വ്യാപിച്ചുകിടക്കുന്നതാണ് കലഹാരി മരുഭൂമി. ഒമ്പത് ലക്ഷം ച. കിലോമീറ്ററാണ് ഇതിന്‍െറ വിസ്തീര്‍ണം. ചുവന്ന നിറത്തിലുള്ള മണലും മണല്‍ത്തിട്ടകളുംകൊണ്ട് നിറഞ്ഞിരിക്കുന്നതാണ് ഈ മരുഭൂമി. ഉണങ്ങിയ പുല്‍മേടുകളും ഉയരം കുറഞ്ഞ അക്കേഷ്യ ഇനത്തില്‍പ്പെട്ട സസ്യങ്ങളും നിരവധി ജന്തുവര്‍ഗങ്ങളും ഇവിടെയുണ്ട്.
നമീബ് മരുഭൂമി (Namib Desert)
അറ്റ്ലാന്‍റിക് സമുദ്രത്തിന്‍െറ തീരത്ത് വ്യാപിച്ചുകിടക്കുന്നതാണ് നമീബ് മരുഭൂമി. ചരല്‍ക്കല്ലുകളും മണലും നിറഞ്ഞതാണ് ഈ മരുഭൂമി.
മൊജാവി മരുഭൂമി (Mojave Desert)
വടക്കേ അമേരിക്കയിലെ ഏറ്റവും ചെറിയ മരുഭൂമിയാണിത്. 64750 ച. കിലോമീറ്ററാണ് ഇതിന്‍െറ വിസ്തൃതി. അമേരിക്കയില്‍ കാലിഫോര്‍ണിയയുടെ വടക്കുകിഴക്ക് ഭാഗത്ത് സീറ നെവാദക്കും കൊളറാഡോ നദിക്കും മധ്യേയാണ് ഇതിന്‍െറ സ്ഥാനം. ബോറോണ്‍ മൂലകത്തിന്‍െറ ലോകത്തിലെ പ്രധാന ഉറവിടങ്ങളിലൊന്നാണ് ഈ മരുഭൂമിയിലെ വരണ്ട തടാകതടങ്ങള്‍ (lakebeds).
ഗോബി മരുഭൂമി
ഏഷ്യയിലെ ഏറ്റവും വലിയ മരുഭൂമിയാണ് ഗോബി. 13 ലക്ഷം ചതുരശ്ര കി.മീ വിസ്തീര്‍ണമുള്ള ഈ മരുഭൂമി വലുപ്പത്തില്‍ ലോകത്തിലെ നാലാമത്തേതാണ്. ചൈനയുടെ വടക്ക്, വടക്ക്-പടിഞ്ഞാറ്, മംഗോളിയയുടെ തെക്ക് ഭാഗം എന്നിവിടങ്ങളിലായി ഇത് വ്യാപിച്ച് കിടക്കുന്നു.
തെക്ക്-പടിഞ്ഞാറ് മുതല്‍ വടക്ക്-കിഴക്ക് വരെ 1610 കി. മീറ്ററും വടക്ക് മുതല്‍ തെക്ക് വരെ 800 കി. മീറ്ററും ആണ് ഇതിന്‍െറ വലുപ്പം. ഗോബി മരുഭൂമിയുടെ ഭൂരിഭാഗവും മണല്‍ നിറഞ്ഞതല്ല. ചരല്‍, ഉരുളന്‍ കല്ലുകള്‍ എന്നിവയും ഇവിടെ കാണാം. ഗോബിയിലെ വടക്ക്-പടിഞ്ഞാറുള്ള നെമെഗ്ത് മേഖല അവിടെനിന്ന് ലഭിച്ച പുരാതന ഫോസിലുകള്‍ കൊണ്ട് പ്രസിദ്ധമാണ്. ആദ്യകാലത്തെ സസ്തനികള്‍, ദിനോസറുകളുടെ മുട്ടകള്‍ കൂടാതെ 1,00,000 വര്‍ഷം മുമ്പ് വരെയുള്ള ശിലാരൂപങ്ങള്‍ എന്നിവ ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്.
താരതമ്യേന ശീതമരുഭൂമിയാണ് ഗോബി, അത്കൊണ്ട് തന്നെ ജലം ഘനീഭവിക്കുകയും മണല്‍ക്കുന്നുകളില്‍ മഞ്ഞ് കാണപ്പെടുകയും ചെയ്യാറുണ്ട്. പ്രതിവര്‍ഷം ശരാശരി 194 മില്ലിമീറ്റര്‍ മഴയാണ് ഗോബി മരുഭൂമിയില്‍ പെയ്യുന്നത്.
കരാ കം മരുഭൂമി (Kara Kum Desert)
തുര്‍ക്മെനിസ്താന്‍െറ ഏറക്കുറെ എല്ലാ പ്രദേശങ്ങളും ഉള്‍ക്കൊള്ളുന്നതാണ് കരാ കം മരുഭൂമി. മൂന്നര ലക്ഷം ച. കിലോമീറ്ററാണ് ഇതിന്‍െറ വിസ്തീര്‍ണം. അമുദര്യ നദിയില്‍നിന്നുള്ള മണല്‍ നിക്ഷേപത്തില്‍നിന്നാണ് കരാ കം മരുഭൂമിയുടെ ഏറിയ പങ്കും രൂപംകൊണ്ടത്.
ഗ്രേറ്റ് ബേസിന്‍ (Great Basin)
അമേരിക്കയിലെ ഏറ്റവും വലിയ മരുഭൂമിയാണ്് ഗ്രേറ്റ് ബേസിന്‍ മരുഭൂമി. അമേരിക്കയുടെ പടിഞ്ഞാറ് ഭാഗത്ത് വ്യാപിച്ചുകിടക്കുന്ന ഈ മരുഭൂമിക്ക് 4,92,000 ച. കിലോമീറ്ററാണ് വിസ്തീര്‍ണം.
അറ്റക്കാമ മരുഭൂമി (Atacama)
ചിലിയുടെ വടക്കും പെറുവിന്‍െറ തെക്കുഭാഗത്തുമായി വ്യാപിച്ചുകിടക്കുന്നതാണ് അറ്റക്കാമ മരുഭൂമി. പടിഞ്ഞാറ് പസഫിക് സമുദ്രവും കിഴക്ക് ആന്‍ഡീസ് പര്‍വത നിരകളുമാണുള്ളത്. പ്രകൃതിജന്യ സോഡിയം നൈട്രേറ്റിന്‍െറ ലോകത്തിലെ ഏറ്റവും വലിയ ഉറവിടമാണ് അറ്റക്കാമ.
സൊണോറന്‍ മരുഭൂമി (Sonoran Desert)
3,11,000 ച.  കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള സൊണോറന്‍ മരുഭൂമി കാലിഫോര്‍ണിയയുടെ തെക്കുകിഴക്കു ഭാഗത്തും അരിസോണയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തുമായി വ്യാപിച്ചുകിടക്കുന്നു.
പറ്റഗോണിയ മരുഭൂമി (Patagonia Desert)
അര്‍ജന്‍റീനയിലെ ഏറ്റവും വലിയ മരുഭൂമിയാണ്  പറ്റഗോണിയ മരുഭൂമി. 6,73,000 ച. കിലോമീറ്ററാണ് ഇതിന്‍െറ വിസ്തീര്‍ണം. ലോകത്തിലെ ഏഴാമത്തെ വലിയ മരുഭൂമിയാണിത്.
അറേബ്യന്‍ മരുഭൂമി
തെക്കുപടിഞ്ഞാറന്‍ ഏഷ്യയില്‍ അറേബ്യന്‍ അര്‍ധദ്വീപ് മുഴുവന്‍ വ്യാപിച്ച് കിടക്കുന്നതാണ് അറേബ്യന്‍ മരുഭൂമി. 23.3 ലക്ഷം ചതുരശ്ര കി. മീറ്ററാണ് ഈ മരുഭൂമിയുടെ വിസ്തീര്‍ണം. വടക്ക് സിറിയന്‍ മരുഭൂമി, കിഴക്ക് പേര്‍ഷ്യന്‍ ഗള്‍ഫ് ഓഫ് ഒമാന്‍, അറബിക്കടല്‍ എന്നിവയാണ് അതിര്‍ത്തികള്‍. സൗദി അറേബ്യയിലാണ് ഈ മരുഭൂമിയുടെ വലിയൊരു ഭാഗം. ജോര്‍ഡന്‍, ഇറാഖ്, കുവൈത്ത്, ഖത്തര്‍, യു.എ.ഇ, ഒമാന്‍, യമന്‍ എന്നീ രാജ്യങ്ങള്‍ ഈ മരുഭൂമിയില്‍ പെടുന്നവയാണ്.
നെഗേവ് മരുഭൂമി (Negev Desert)
ഇസ്രായേലിന്‍െറ തെക്കുഭാഗത്ത് പരന്നുകിടക്കുന്നതാണ് നെഗേവ് മരുഭൂമി. 13,000 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണമുള്ള നെഗേവില്‍ ഇസ്രായേലിന്‍െറ കരഭൂമിയില്‍ പകുതിയിലേറെയും ഉള്‍പ്പെടുന്നു. പാറകള്‍ നിറഞ്ഞ മരുഭൂമിയാണ് ഇത്. ബേര്‍ഷിബ നഗരം ഈ മരുഭൂമിയിലാണ്.

Subscribe to കിളിചെപ്പ് by Email
Get Free Updates:
*Please click on the confirmation link sent in your Spam folder of Email*
Share :
+
Previous
Next Post »
0 Comments for "മരുഭൂമി"

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.

 
Thanks for Your Visit, Visit Again. DISCLAIMER :- If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. All the content avilable on this blog is informational purpose only.Reproduction and republishing of contents from here to any other websites or blogs is strictly prohibited.
Template By Kunci Dunia
Back To Top