വാദ്യലോകം - 2

Share it:
സുഷിരവാദ്യങ്ങള്‍
പുല്ലാങ്കുഴല്‍
ഈറ, മുള എന്നിവയുടെ തണ്ടുകളാണ് ഇത് നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത്. ഒരുഭാഗം അടഞ്ഞ മുളന്തണ്ടിന്‍െറ അടഞ്ഞ ഭാഗത്ത് ഒരു ദ്വാരമുണ്ടാകും. ഈ ദ്വാരത്തില്‍നിന്ന് അല്‍പം വിട്ട് ആറോ ഏഴോ ദ്വാരവും. ആദ്യ ദ്വാരത്തിലൂടെയാണ് ഊതുക. ഇങ്ങനെ ഊതുമ്പോള്‍ മറ്റു തുളകളില്‍ വിരലുകള്‍ അടച്ചും തുറന്നും വിവിധ സ്വരവിന്യാസമുണ്ടാക്കിയാണ് പുല്ലാങ്കുഴല്‍ വായിക്കുന്നത്.
കുറുങ്കുഴല്‍
നാഗസ്വരംപോലെ നീളമില്ലാത്തതും എന്നാല്‍, അതേ ഘടനയുള്ളതുമായ വാദ്യമാണ് കുറുങ്കുഴല്‍. ‘കുറിയത്’ അതായത് ചെറിയത് എന്നര്‍ഥത്തിലാണ് ഈ വാദ്യത്തിന് കുറുങ്കുഴല്‍ എന്ന പേരുവീണത്. ഉത്സവവേളകളില്‍ ചെണ്ട, കൊമ്പ്, ഇലത്താളം എന്നിവക്കൊപ്പം സര്‍വസാധാരണമായി കാണുന്ന വാദ്യമാണിത്. കുഴലിന്‍െറ പ്രധാനഭാഗം പ്ളാവിന്‍െറ തടിയില്‍ കടഞ്ഞെടുത്ത ഒരു കുഴലാണ്. ഊതുന്ന ഭാഗത്ത് വീതികുറഞ്ഞും ശബ്ദം പുറത്തുവരുന്ന ഭാഗത്ത് വ്യാസം കൂടിയുമിരിക്കും. ശബ്ദം പുറത്തുവരുന്ന ഭാഗത്ത് ‘കാളന്‍’ (ലോഹത്തകിട്) പിടിപ്പിച്ചിരിക്കും. ഊതുന്ന ഓട്ടയില്‍ പല ശ്രുതികളിലുള്ള വിസിലുകളിട്ടാണ് കുറുങ്കുഴല്‍ വായിക്കുന്നത്. ഈ വിസിലുകള്‍ നിര്‍മിക്കുന്നത് ശീവോളി, നറുക്ക് എന്നീ പേരുകളില്‍ വിളിക്കുന്ന കട്ടി കൂടിയ പുല്ലുകൊണ്ടാണ്. തമിഴ്നാട്ടിലെ തഞ്ചാവൂരില്‍നിന്നാണ് നമ്മള്‍ ഇത് കൊണ്ടുവരുന്നത്.
കൊമ്പ്
വളഞ്ഞ് മുകളിലേക്ക് നില്‍ക്കുന്നതുകൊണ്ടാവാം ഇതിനെ കൊമ്പ് എന്നു വിളിക്കുന്നത്. പഞ്ചവാദ്യങ്ങളിലൊന്നാണിത്. ഓട് എന്ന ലോഹം ഉപയോഗിച്ചുണ്ടാക്കുന്ന ഈ വാദ്യത്തിന് മുക്കാല്‍ കിലോയോളം ഭാരംവരും. ഊതുന്ന ഭാഗത്ത് വീതി കുറഞ്ഞും വായു പുറത്തേക്ക് പോകുന്നിടത്ത് വീതി കൂടിയുമിരിക്കും. അഴിച്ചെടുക്കാവുന്ന മൂന്ന് ഭാഗങ്ങളാണ് കൊമ്പിനുള്ളത്. ഉപയോഗ സമയത്ത് ഇതിനെ കൂട്ടിച്ചേര്‍ത്ത ശേഷം രണ്ടറ്റവും തമ്മില്‍ ഒരു കറുത്ത ചരട് കോര്‍ത്ത് കെട്ടും. കൊമ്പൂത്തുകാരന്‍െറ വായു നിയന്ത്രണം മാത്രമാണ് സ്വരഭേദങ്ങള്‍ക്കാധാരം. ഭാരി, തിമരി എന്നിങ്ങനെ രണ്ടുതരം കൊമ്പുകള്‍ നിലവിലുണ്ട്.
ശംഖ്
ശംഖിന്‍െറ പ്രശസ്തി കേരളത്തിലൊതുങ്ങി നില്‍ക്കുന്നതല്ലെന്ന് കൂട്ടുകാര്‍ക്കറിയാമല്ലോ? മംഗളവാദ്യംകൂടിയായതുകൊണ്ടാണീ പ്രശസ്തി. മംഗളകര്‍മങ്ങള്‍ ആരംഭിക്കുന്നതിനുമുമ്പ് ശംഖ് വിളിക്കുക എന്നത് നമ്മുടെ ആചാരമാണല്ലോ. ശംഖിലൂടെ മൂന്നുതവണ ഊതി ഓംകാര തുല്യമായ ശബ്ദം പുറപ്പെടുവിച്ചാണ് പഞ്ചവാദ്യം ആരംഭിക്കുക. കടലിലുള്ള കക്കവര്‍ഗത്തില്‍പ്പെട്ട ജീവിയുടെ പുറന്തോടാണിത്. തോടിനകത്തിട്ട് ഈ ജീവിയെ കൊന്നുകളഞ്ഞശേഷം തോട് വൃത്തിയാക്കിയാണ് ഉപയോഗിക്കുക. ഒരു ചെറിയ തുളയിലൂടെ വായുവിനെ അകത്തേക്ക് കടത്തിവിടും. ഈ വായു അകത്തുള്ള സ്ക്രൂ ആണിയുടെ പിരിപോലുള്ള തുളയിലൂടെ മറുഭാഗത്തേക്ക് വരുമ്പോഴാണ് ശംഖ് മുഴങ്ങുക.
മകുടി
ഒരു കുഴലിന്‍െറ നടുഭാഗം വീര്‍ത്തപോലെയാണ് പാമ്പാട്ടിയുടെ കൈയിലുള്ള ഈ വാദ്യത്തിന്‍െറ രൂപം. പാമ്പാട്ടികള്‍ മകുടിയൂതുമ്പോള്‍ പാമ്പുകള്‍ അടുക്കുമെന്നാണ് പറയുന്നത്. ചെറിയ മുള, ഉരുണ്ട രൂപത്തിലുള്ള ചുരയ്ക്ക തുടങ്ങിയവകൊണ്ടാണ് മകുടിയുടെ നിര്‍മാണം.
കിന്നീരം
മുളയുപയോഗിച്ച് നിര്‍മിക്കുന്ന വാദ്യം. ആദിവാസി വിഭാഗക്കാരാണ് ഇത് ഉപയോഗിക്കുന്നത്. നന്തന്‍പാട്ടുപോലുള്ള കലാരൂപങ്ങളിലും മറ്റും പ്രധാനവാദ്യമായി പ്രയോഗിക്കുന്നു.
നാഗസ്വരം
തമിഴ്നാട്ടില്‍ ഏറെ പ്രചാരമുള്ള വാദ്യം. ഇതൊഴിവാക്കിയുള്ള ആഘോഷങ്ങള്‍ കുറവാണ് തമിഴ്നാട്ടില്‍. ഇപ്പോള്‍ കേരളത്തിലും ആഘോഷങ്ങളിലും മംഗളകര്‍മങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്നു. ഇതിന്‍െറ കുഴല്‍ തടികൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. അച്ചാമരം എന്ന വൃക്ഷത്തിന്‍െറ തടി ഇതിന് ഏറെ യോജിച്ചതാണത്രെ.

Share it:

വാദ്യലോകം

Post A Comment:

1 comments: