വാദ്യലോകം - 4

Share it:
വാദ്യകലാ പ്രയോഗങ്ങള്‍
മേളം
ചെണ്ട, ഇലത്താളം, കൊമ്പ്, കുഴല്‍ എന്നിവ ഉപയോഗിച്ചുള്ള ഏറ്റവും പ്രശസ്തമായ വാദ്യപ്രയോഗമാണ് മേളം. പഞ്ചാരിമേളം, പാണ്ടിമേളം, നടത്തുപാണ്ടിമേളം, അടന്തമേളം, അഞ്ചടന്തമേളം, ധ്രുവമേളം എന്നിങ്ങനെ പലവിധമുണ്ടിവ. മേളത്തില്‍ പഞ്ചാരിമേളത്തിനാണ് ഏറ്റവും കൂടുതല്‍ ആഭിജാത്യമുള്ളത്. ക്ഷേത്രങ്ങള്‍ക്കകത്ത് പഞ്ചാരിമേളമാണ് പ്രയോഗിക്കുക. പാണ്ടിമേളം നിഷിദ്ധമാണ്. ശിങ്കാരിമേളത്തെക്കുറിച്ച് കൂട്ടുകാര്‍ കേട്ടിരിക്കുമല്ലോ? ക്ഷേത്രവുമായി ബന്ധപ്പെട്ട് വാദ്യങ്ങള്‍ പ്രയോഗിക്കാന്‍ ഉന്നതകുലജാതര്‍ക്കുമാത്രം അവകാശമുണ്ടായിരുന്ന കാലത്ത് അതിനെതിരെ താഴേതട്ടിലുള്ളവരുടെ പ്രതിഷേധമായി രൂപംകൊണ്ടതാണിതെന്നൊരു വ്യാഖ്യാനമുണ്ട്. പൊതുഘടനയില്ലാത്ത വാദ്യപ്രയോഗമാണിത്. ഓരോ മേള സംഘവും ഓരോ തരത്തിലാണ് വായിക്കുക. സാധാരണവും കേള്‍ക്കാന്‍ ഇമ്പവുമുള്ള നാട്ടുതാളത്തിലാണ് മേളപ്രയോഗം.
പഞ്ചവാദ്യം
ക്ഷേത്രസമുച്ചയ വാദ്യങ്ങളില്‍ ശ്രേഷ്ഠം. തിമില, മദ്ദളം, ഇടയ്ക്ക, കൊമ്പ്, ഇലത്താളം എന്നിങ്ങനെ അഞ്ചുവാദ്യങ്ങളാണിതില്‍ എന്നു പറയുമെങ്കിലും ശംഖ് അടക്കം ആറ് വാദ്യങ്ങളുണ്ടാകും. ആദ്യകാലത്ത്, അതായത് പഞ്ചവാദ്യപ്പിറവിയില്‍, തിമില, തൊപ്പിമദ്ദളം, കുറുങ്കുഴല്‍, ഇടയ്ക്ക, ചേങ്ങില എന്നിവയാണുണ്ടായിരുന്നത്. മൂന്നുതവണ ശംഖൂതിയാണ് പഞ്ചവാദ്യം തുടങ്ങുക.
മേളത്തില്‍ പഠിച്ചതുമാത്രം കൊട്ടുമ്പോള്‍ പഞ്ചവാദ്യത്തില്‍ ഓരോരുത്തര്‍ക്കും അവരുടെ മനോധര്‍മമനുസരിച്ച് വായിക്കാനുള്ള അവസരമുണ്ടാകും. വ്യത്യസ്തമായ അഞ്ചുവാദ്യങ്ങളുടെ ധ്വനികളെ ഒരേ നിലയിലും വ്യത്യസ്തമായും നിലനിര്‍ത്തുന്ന കേള്‍വിസുഖം പഞ്ചവാദ്യത്തിന്‍െറ മാത്രം പ്രത്യേകതയാണ്. ഇത്രയും ശ്രവണസുഖമുള്ള പഞ്ചവാദ്യം തിരുവില്വാമല വെങ്കിച്ചന്‍ സ്വാമി ചിട്ടപ്പെടുത്തി സംവിധാനം ചെയ്തതാണ് കേട്ടോ. പ്രായോഗിക രീതിയില്‍ പ്രാദേശികമായ വ്യത്യാസം ഈ മേളത്തിനുണ്ടാകും.
തായമ്പക
ഇലത്താളവും ചെണ്ടയും മാത്രം ഉപയോഗിച്ചുള്ള മേളപ്രയോഗമാണ് തായമ്പക. ചെണ്ടയില്‍ ഒരാള്‍ എത്രത്തോളം പ്രാവീണ്യംനേടിയിരിക്കുന്നു എന്ന് അറിയുന്ന പ്രയോഗംകൂടിയാണ് തായമ്പക. കാരണമെന്തെന്നോ? ഒരുപാട് പേരില്‍നിന്നു മാറി ഒരു വ്യക്തിക്കുമാത്രം പ്രാധാന്യം കിട്ടുന്നു എന്നതുതന്നെ. കൊളുത്തിയ നിലവിളക്കിനഭിമുഖമായി ചെണ്ടയുടെ വലംതലയില്‍ സന്ധ്യവേല (സന്ധ്യാസമയത്ത് ക്ഷേത്രത്തില്‍ നടത്തുന്ന ആചാരം) കൊട്ടി അവസാനിപ്പിച്ചാണ് തായമ്പക ആരംഭിക്കുക. പതികാലം, കൂറ്, ഇടകാലം എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലൂടെ അവതരണം പുരോഗമിക്കും. ഡബ്ള്‍, ട്രിപ്പ്ള്‍ തുടങ്ങി രണ്ടോ മൂന്നോ പേര്‍ തമ്മില്‍ മത്സര സ്വഭാവത്തിലുള്ള തായമ്പകയും നിലവിലുണ്ട്. പല്ലാവൂര്‍ ത്രിമൂര്‍ത്തികളും (അപ്പുമാരാര്‍, കുഞ്ഞുകുട്ടന്‍ മാരാര്‍, മണിയന്‍ മാരാര്‍), മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും മക്കളുമെല്ലാം തായമ്പകയില്‍ പേരെടുത്തവരാണ്.

Share it:

വാദ്യലോകം

Post A Comment:

0 comments: