സയാമീസ് ഇരട്ടകള്‍

10ാം നൂറ്റാണ്ടുവരെയുള്ള കണ്‍ജോയന്‍റ് ഇരട്ടകളെക്കുറിച്ച് ചരിത്രരേഖകളില്‍ കാണാനില്ല. എ.ഡി. 945ല്‍ അര്‍മീനിയയിലെ  ഇരട്ടസഹോദരങ്ങളെ മെഡിക്കല്‍ പരിശോധനക്കായി കോണ്‍സ്റ്റാന്‍റിനോപ്ളില്‍ കൊണ്ടുവന്നിരുന്നതായി ഏറ്റവും പുരാതന ആധികാരിക രേഖകളിലുണ്ട്. ഇവരുടെ ജനനം ദൈവത്തിന്‍െറ തീരുമാനമാണെന്ന് അവര്‍ വിശ്വസിച്ചിരുന്നു.  അബ്ദു മനാഫ് ഇബ്നു ഖുസയ്യ് കണ്‍ജോയന്‍റ് ഇരട്ടകളായി ജനിച്ച പുത്രന്മാരെ വാളുകൊണ്ടുവേര്‍പെടുത്തിയതായി ഒരു ഐതിഹ്യമുണ്ട്.

The Science of Conjoined Twins (YouTube Video)

ഇംഗ്ളീഷ് ഇരട്ടസഹോദരികളായ മേരി, ഏലീസാ ചുല്‍ക്ഹേസ്റ്റ് (chulkhurst) എന്നിവരുടെ പിറകുവശം തമ്മിലാണ് കൂട്ടിച്ചേര്‍ക്കപ്പെട്ടിരുന്നത്. അവര്‍ ജീവിച്ചിരുന്നത് ഏതാണ്ട് 1100നും 1134നും ഇടയിലാണ്. ചരിത്രത്തില്‍ ഏറ്റവും അറിയപ്പെട്ട  കണ്‍ജോയന്‍റ് ഇരട്ടകളാണ് ഈ സഹോദരികള്‍. 1460നും 1488നുമിടയില്‍ ജനിച്ച, രണ്ടു ശരീരത്തിനുംകൂടി ഒരു തലമാത്രമുണ്ടായിരുന്ന സ്കോട്ടിഷ് സഹോദരങ്ങളും ഏറെ ജനശ്രദ്ധയാകര്‍ഷിച്ചു.
1701നും1723നുമിടയില്‍ ഹംഗറിയില്‍ ജീവിച്ചിരുന്ന ഹെലനും ജൂദിത്തും പൈഗോ പേഗസ് തരത്തില്‍പ്പെട്ട കണ്‍ജോയന്‍റ് ഇരട്ടകളായിരുന്നു.  പാരീസിലെ എക്സിബിഷനില്‍ മാതാപിതാക്കള്‍ ഇവരെ പ്രദര്‍ശിപ്പിച്ചിരുന്നു. ജനങ്ങളുടെ ആകാംക്ഷ പിടിച്ചുവാങ്ങിയ കണ്‍ജോയന്‍റ് ഇരട്ടകളാണ് റീത്തയും ക്രിസ്റ്റീനയും.
1929ല്‍ ജനിച്ച ഇവര്‍ എട്ടുമാസം മാത്രമേ ജീവിച്ചുള്ളൂ. ഒരു ശരീരവും നാലു കൈകളുമാണ് ഇവര്‍ക്കുണ്ടായിരുന്നത്. 1877ല്‍ ജനിച്ച  ജിയോവാനിയും  ജിയോ കോമോ ടോസി ലൊക്കാനോയും അക്കാലത്തെ ശ്രദ്ധേയരായ ഇരട്ടകളാണ്. ഇവര്‍ അസാധാരണ ഇരട്ടകള്‍ എന്നപേരില്‍ ആഞ്ജലോ ആന്‍ഡ് ജൂബിലി എന്ന സാങ്കല്‍പിക കഥാപാത്രങ്ങളായി മരണമില്ലാത്തവരായി ജീവിക്കുന്നു. ഡി സെപ്പാലൂസ് ടെറ്ററാബ്രാഞ്ചി യൂസ് എന്ന ഗണത്തില്‍പ്പെട്ട ഇവര്‍ക്ക് ഒരു ശരീരവും രണ്ടുകാലുകളും രണ്ട് തലകളും നാലു കൈകളുമാണുണ്ടായിരുന്നത്.
ചെറുപ്പത്തിലേ കുട്ടികളെ നടക്കാന്‍ മാതാപിതാക്കള്‍ പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാല്‍, ഒറ്റക്കാലില്‍ നടക്കുന്നത് തടഞ്ഞിരുന്നു. കലാപ്രകടനങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നില്ല. 1886ല്‍ അമേരിക്കയിലേക്കുള്ള ടൂറിനുശേഷം ബന്ധുക്കളോടൊപ്പം യൂറോപ്പിലേക്കു തിരിച്ചുവന്നപ്പോള്‍ രോഗാവസ്ഥയിലായി. ഈ സമയത്ത് മരണപ്പെടുമെന്നുവരെ കരുതിയിരുന്നെങ്കിലും 1940 വരെ അവര്‍  ജീവിച്ചു   19ാം നൂറ്റാണ്ടില്‍തന്നെ ജീവിച്ചിരുന്നവാണ് നോര്‍ത് കരോലൈനയിലെ ചാങ്-എങ് ഇരട്ടകള്‍.
20ാം നൂറ്റാണ്ടിലെ ഇരട്ടകള്‍
1. ഇംഗ്ളണ്ടില്‍നിന്നുള്ള ഡെയ്സി-വൈലറ്റ് ഹില്‍ട്ടണ്‍ ഓഫ് ബ്രിഗ്ടണ്‍ (1908, 1969).
2. ഫിലിപ്പീന്‍സില്‍നിന്നുള്ള ലൂസിയോ-സിപ്ളിസിയോ ഗോദീനാ ഓഫ് സാമര്‍ (1908-1936).
3. മേരി-മാര്‍ഗരറ്റ് ജിബ് ഓഫ് ഹോളിയോക്ക് മാസാചൂസറ്റസ് (1912-1967).
4. കാലിഫോര്‍ണിയയില്‍നിന്നുള്ള വൈവോ നേ-വൈവെറ്റെ മക്കാര്‍ക്കര്‍ ലോസ്ഏജല്‍സ്. (1949-1992).
5. മാര്‍ഷാ-ഡാര്‍ഷാ ക്രിവോഷിലിയാ പോവ മോസ്ക്കോ, റഷ്യ (1950-2003). സോവ്യറ്റ് റഷ്യന്‍ ഇരട്ട പെണ്‍കുട്ടികള്‍, അപൂര്‍വതരത്തിലുള്ള കണ്‍ജോയന്‍റ് ഇരട്ടകള്‍. ഇമ്പീച്ചിയോ പേഗസ് ഗണത്തില്‍പ്പെടുന്നു.
6. ലോട്ടി-റോസ്മേരി കനാക്ക്. കാര്‍ണിയോ പേഗസ് ഗണത്തില്‍പെടുന്നു. ജര്‍മനിയിലുള്ള ഹാംബെര്‍ഗില്‍ 1951ല്‍ ജനിച്ചു. കുട്ടികള്‍ക്ക് ആറു വയസ്സുള്ളപ്പോള്‍ 1957ല്‍ രണ്ടുപേരെയും വേര്‍പെടുത്തി. ലോട്ടി ഓപറേഷനുശേഷം മരിച്ചു.
7. റോനി-ഡോനി ഗാലിയോണ്‍, ഒഹായോ (1951) ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ കണ്‍ജോയന്‍റ് ഇരട്ടകളാണ്.
8. ലോറി-ജോര്‍ജ് സ്കാപ്പല്‍. ജനനം 1961 സെപ്റ്റംബര്‍ 18. കാര്‍ണിയോ പേഗസ് വിഭാഗത്തില്‍പെടുന്നു.
9. ഷീരി-ഷാറായിസ് ജോണ്‍സ് 1967 ജൂണ്‍ 15ന് ജനിച്ചു. 1968 നവംബര്‍ 13ന് ന്യൂയോര്‍ക്കിലുള്ള ബ്രൂക്കിലിന്‍ എന്ന സ്ഥലത്തുവെച്ച് വിജയകരമായ ഓപറേഷന്‍ നടത്തി വേര്‍പെടുത്തി. ഇമ്പിച്ചിയോ പേഗസ് ട്രിപ്പൂസ് സയാമിസ് ഇരട്ടകള്‍.
10. ലാദന്‍-ലാലേ ബിജാനി ഓഫ് ഷിറാസ് ഇറാന്‍, പേര്‍ഷ്യ (1974-2003) സിംഗപ്പൂരില്‍ നടന്ന ഓപറേഷനില്‍ മരണപ്പെട്ടു.
11. വീയറ്റ്-ഡക്ക് നിഗുയെന്‍, വിയറ്റ്നാം. 1981 ഫെബ്രുവരി 25ന് ജനിച്ചു. ഹോച്ചിമിന സിറ്റിയില്‍വെച്ച് 1988 ഒക്ടോബര്‍ നാലിന് വേര്‍പെടുത്തി. വീയറ്റ് 2007 ഒക്ടോബര്‍ ആറിന് മരണമടഞ്ഞു.
12. റൂത്തി-വിരീനാ കാഡി.1984 ഏപ്രില്‍ 13ന് ജനിച്ചു. കൊറാക്കേ പേഗസ് ഇരട്ടകള്‍. 1991 ജൂലൈ 19ന് ശ്വാസകോശ സംബന്ധമായ അസുഖത്താല്‍ മരണപ്പെട്ടു.
13. കാറ്റി-ഏലീഷ് ഹോള്‍ട്ടണ്‍ ഓഫ് കില്‍ഡേയര്‍. 1988ല്‍ തോളുകള്‍ തമ്മില്‍ ബന്ധിച്ച കണ്‍ജോയന്‍റ് ഇരട്ടകള്‍ ജനിച്ചു. ഓപറേഷന്‍ ആവശ്യമായതിനെ തുടര്‍ന്ന് അത് നടത്തി. ഏതാനും നാളുകള്‍ക്കുശേഷം കാറ്റി മരിച്ചു.
14. അബി ഗെയില്‍-ബ്രിട്ടാനി ഹെല്‍സല്‍ (1990) അമേരിക്കയിലുള്ള മിനിസോടയില്‍ കാര്‍വെര്‍ കൗണ്ടിയില്‍ ജനിച്ചു. ഡിസെപ്പാലിക്ക് കണ്‍ജോയന്‍റ് ഇരട്ടകള്‍. രണ്ടുതലയും രണ്ടുകൈയും രണ്ടുകാലും. ഇവരെ വേര്‍പെടുത്തിയിട്ടില്ല.
15. റാം-ലക്ഷ്മണ്‍ 1992, ഇന്ത്യ.
16. അഞ്ജലി-ഗീതാഞ്ജലി 1993, ഇന്ത്യ
17. രേഖ-സുരേഖ 1998 ഇന്ത്യ
18. ഷാവാന-ജാനിലേ, റൊഡറിക്ക് തൊറോക്കോ. പേഗസ് ഗണത്തില്‍പെടുന്ന കണ്‍ജോയന്‍റ് ഇരട്ടകള്‍. കുട്ടികളുടെ ആശുപത്രിയായ ലോമാ ലിന്‍ഡായില്‍വെച്ച് 1996 മേയ് 31ന് ഓപറേഷനിലൂടെ വേര്‍പെടുത്തി.
21ാം നൂറ്റാണ്ടിലെ ജനനം
1. ഐസേ, സീമ - തുര്‍ക്കിയിലെ കഹറമാന്‍ മാറാസില്‍ 2000 ഡിസംബര്‍ 24ന് ജനിച്ചു. രണ്ടു തലകളും നാലു കൈകളും രണ്ടു കാലുകളുമാണ് ഇവര്‍ക്കുണ്ടായിരുന്നത്.
2. കാര്‍മെന്‍, ലുപിറ്റാ   -ഡിസെപ്പാലൂസ് ടെറ്ററാബ്രാഞ്ചിയൂസ് ഗണത്തില്‍പ്പെട്ടതാണ് ഈ ഇരട്ടകള്‍. രണ്ടു തലകളും നാലു കൈകളും രണ്ടു കാലുകളുമാണ് ഇവര്‍ക്കുണ്ടായിരുന്നത്. വേര്‍പെടുത്താന്‍ സാധ്യമല്ലാത്ത അവസ്ഥയായിരുന്നു.
3. ഗംഗ, യമുന - 2000 മേയ് ഒമ്പതിന് നേപ്പാളില്‍ ജനിച്ചു. 2001ല്‍ സിംഗപ്പൂരില്‍ നടന്ന, ചരിത്രസംഭവമെന്നു വിശേഷിപ്പിക്കാവുന്ന ഒരു ശസ്ത്രക്രിയയിലൂടെ ഈ കണ്‍ജോയന്‍റ് ഇരട്ടകളെ വേര്‍പെടുത്തി. ഗംഗ നെഞ്ചിലുണ്ടായ അണുബാധമൂലം എട്ടാം വയസ്സില്‍ മരണപ്പെട്ടു.
4. മുഹമ്മദ്, അഹ്മദ് ഇബ്രാഹീം - 2001 ജൂണ്‍ രണ്ടിന് ഈജിപ്തില്‍ ജനിച്ചു. 2003 ഒക്ടോബര്‍ 12ന് ഡല്ലാസിലുള്ള കുട്ടികളുടെ മെഡിക്കല്‍ സെന്‍ററില്‍ വെച്ച് 34 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തപ്പെട്ടു.
5.  റോസ്, ഗ്രെയിസ അറ്റാര്‍ഡ് (മേരിയും ജൂഡിയും) 2000 ഒക്ടോബറില്‍ മള്‍ട്ടീസ് ദ്വീപില്‍ ജനിച്ചു.
6. ലെക്സി സ്റ്റാര്‍ക്, സെയ്ദ് സ്റ്റാര്‍ക് - 2001ല്‍ ജനിച്ചു. ഇവരുടെ ഓപറേഷനും വിജയകരമായിരുന്നു.
7. സാറാ, അബി -2004ല്‍ ജനിച്ച ഇവരെ ആ വര്‍ഷംതന്നെ ഓപറേഷനിലൂടെ വിജയകരമായി വേര്‍പെടുത്തി.
8. വീണ, വാണി - ഇന്ത്യ, 2004.
9. ലക്ഷ്മി, ടാറ്റ്മാ -ഇസിച്ചിയോ പേഗസ് ഗണത്തില്‍പ്പെട്ട ഈ കണ്‍ജോയന്‍റ് ഇരട്ടകള്‍ ബിഹാറിലെ അരാരിയ ജില്ലയില്‍ 2005ല്‍ ജനിച്ചു. അവര്‍ക്ക് നാലു കൈകളും നാലു കാലുകളും. വസ്തിപ്രദേശത്ത് (Pelvis) കൂടിച്ചേര്‍ന്നിരിക്കുന്ന, തലയില്ലാത്ത, വളര്‍ച്ചയെത്താത്ത പരോപജീവിപോലുള്ള (Parasitic) ഇരട്ടയാണിത്. ഗ്രാമത്തിലുള്ള ചിലര്‍ ഇവരെ ലക്ഷ്മിയുടെ അവതാരമെന്നു വിളിച്ചിരുന്നു. 2007 നവംബറില്‍ നടന്ന വിജയകരമായ ശസ്ത്രക്രിയയിലൂടെ ഈ ഇരട്ടകളെ വേര്‍പെടുത്തി.
10. ജെയിസ് ബക്കിള്‍സ്, എറിന്‍ ബക്കിള്‍സ് -2004 ഫെബ്രുവരി 26ന് അമേരിക്കയില്‍ ജനിച്ചു. 2004 ജൂണില്‍ വേര്‍പെടുത്തി.
11. കെന്‍ഡ്രാ ഹെറിന്‍, മാളിയാ ഹെറിന്‍ -ഇമ്പിച്ചിയോ പേഗസ് വിഭാഗത്തില്‍പെടുന്ന ഇരട്ടകള്‍. 2006ല്‍, നാലാം വയസ്സില്‍ വേര്‍പെടുത്തി. രണ്ടുപേര്‍ക്കുംകൂടി ഒരു കിഡ്നിയാണുണ്ടായിരുന്നത്. മാളിയാ തന്‍െറ അമ്മയില്‍നിന്ന് 2007ല്‍ പറിച്ചുനടപ്പെട്ടു. ‘വെന്‍ ഹാര്‍ട്ട്സ് കണ്‍ജോയിന്‍’ എന്ന തലക്കെട്ടോടെ അമ്മ ഒരു പുസ്തകമെഴുതി. കണ്‍ജോയന്‍റ് ഇരട്ടകളുടെ മാതാപിതാക്കള്‍ ഇരട്ടകളെപ്പറ്റി എഴുതിയ ഏക പുസ്തകമാണ് ഇത്.
12. ക്രിസ്റ്റാ ഹോഗന്‍, റ്റാറ്റിയാന ഹോഗന്‍ - കാനേഡിയന്‍ ഇരട്ടകള്‍. തലകള്‍ തമ്മിലാണ് ബന്ധിച്ചിരുന്നത്. 2006 ഒക്ടോബര്‍ 25നാണ് ജനനം.
13. ഫെയിത്ത് വില്യംസ്, ഹോപ് വില്യംസ് -ലണ്ടനില്‍ 2008 നവംബര്‍ 26ന് ജനിച്ചു. മാറെല്ലു മുതല്‍ പൊക്കിള്‍വരെ കൂട്ടിച്ചേര്‍ക്കപ്പെട്ടിരുന്നു. ഡിസംബര്‍ രണ്ടിന് ഓപറേഷനു  വിധേയരായി. മൂന്നിന് ഹോപ് മരിച്ചു. താമസിയാതെ ഫെയിത്തും ഈ ലോകത്തോട് വിടപറഞ്ഞു.
14. അലക്സ്, എയ്ഞ്ചല്‍ - 2008ല്‍ ജനിച്ചു. നിതംബങ്ങള്‍ തമ്മില്‍ ബന്ധിച്ചിരുന്നു. 2009 ജനുവരിയില്‍ വിജയകരമായി വേര്‍പെടുത്തി.
ഏറ്റവും പ്രശസ്തരായ ചാങ്ങും എങ്ങും
ഏഷ്യയുടെ തെക്കുകിഴക്ക് ദക്ഷിണ ചീന സമുദ്രത്തില്‍ സയാം ഉള്‍ക്കടലിന്‍െറ തീരത്ത് ബര്‍മ, ലാവോസ്, കംബോഡിയ രാജ്യങ്ങള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന രാജ്യമാണ് തായ്ലന്‍ഡ്. ഈ രാജ്യത്തിന്‍െറ പൂര്‍വനാമം ‘സയാം’ എന്നായിരുന്നു. 1811 മേയ് 11ന് സയാമിലെ മെക്ലോങ് എന്ന സ്ഥലത്ത് ജനശ്രദ്ധയാകര്‍ഷിച്ച ഒരു ജനന പ്രതിഭാസമുണ്ടായി-നെഞ്ചിന്‍െറ ഭാഗം ഒട്ടിച്ചേര്‍ന്ന ഇരട്ടക്കുട്ടികള്‍. ചാങ്ങും എങ്ങും. തായ് ഭാഷയില്‍ യഥാക്രമം ഇടത്ത്, വലത്ത് എന്നാണ് ഈ പേരുകളുടെ അര്‍ഥം. നെഞ്ചിനോട് ചേര്‍ന്നുള്ള ലിഗ്മെന്‍റും കാര്‍ട്ടിലേജും മൂന്നിഞ്ച് കൂടിച്ചേര്‍ന്ന നിലയിലാണ് കാണപ്പെട്ടത്.
ചാങ്ങിന്‍െറയും എങ്ങിന്‍െറയും ജനനം രാജ്യത്ത് വലിയ കോളിളക്കം സൃഷ്ടിച്ചു. സയാമീസ് രാജാവ് -രാമ II ഇവരുടെ ജനനം ദു$സൂചനയായി കണ്ട് വധിക്കാന്‍ ഉത്തരവിട്ടു. അവര്‍ നിരുപദ്രവകാരികളാണെന്നു കണ്ടപ്പോള്‍ ആ ഉദ്യമത്തില്‍നിന്ന് രാജാവ് പിന്മാറി. ഇരട്ടകളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു തുടങ്ങി. പതുക്കെ അവര്‍ നടക്കാനും ഓടാനും നീന്താനും തുടങ്ങി. കൗമാരത്തില്‍ രാമ II രാജാവിന്‍െറ പ്രീതിക്ക് അവര്‍ പാത്രമായി. രാജാവ് നിരവധി സമ്മാനങ്ങള്‍ അവര്‍ക്കു നല്‍കി. കൂടാതെ, നയതന്ത്രപരമായ പല ദൗത്യങ്ങളും ചാങ്ങിനെയും എങ്ങിനെയും ഏല്‍പിച്ചു.
ബ്രിട്ടീഷ് വ്യാപാരിയായ റോബര്‍ട്ട് ഹണ്ടര്‍, അമേരിക്കന്‍ നാവികസേനയുടെ ക്യാപ്റ്റന്‍ ആമ്പേല്‍ കോഫീന്‍ എന്നിവര്‍ അന്നത്തെ രാജാവായ രാമാ III നെ അനുനയിപ്പിച്ച് ഇംഗ്ളണ്ടിലും അമേരിക്കയിലും ഈ അപൂര്‍വ ഇരട്ടകളുടെ പ്രദര്‍ശനം സംഘടിപ്പിക്കാന്‍ അനുവാദം നേടിയെടുത്തു. വിദേശത്ത് കുട്ടികള്‍ക്ക് നല്ല ഭാവിയുണ്ടെന്ന് ബ്രിട്ടീഷ് വ്യാപാരി കുട്ടികളുടെ മാതാവിനെ ധരിപ്പിച്ചു.
1929-31 കാലഘട്ടത്തില്‍ റോബര്‍ട്ട് ഹണ്ടര്‍ അമേരിക്കയിലും ബ്രിട്ടനിലുമുള്ള പ്രദര്‍ശനശാലകളിലും മറ്റു വേദികളിലും കൊണ്ടുനടന്ന് പണമുണ്ടാക്കാന്‍ തുടങ്ങി.
ഇരട്ടകള്‍ക്ക് 21 വയസ്സായപ്പോള്‍ അവര്‍തന്നെ പ്രദര്‍ശനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഏഴുവര്‍ഷക്കാലം ഈ പരിപാടികള്‍ തുടര്‍ന്നു. കുറച്ചുകാലം കൊണ്ടുതന്നെ ലോകമെമ്പാടും ചാങ്ങും എങ്ങും പ്രശസ്തരായി. സമൂഹം ഇരുവരെയും അംഗീകരിക്കാനും ആദരിക്കാനും തുടങ്ങി. രാജകീയ ബഹുമതികളും ഇവരെ തേടിയെത്തി.
1850ല്‍ സിവില്‍ യുദ്ധത്തെതുടര്‍ന്ന് പ്രദര്‍ശനം കുറച്ചു കാലത്തേക്ക് നിര്‍ത്തിവെച്ചു. 1960ല്‍ കലാപരിപാടികളും മറ്റും സംഘടിപ്പിക്കുന്ന പി.ടി. ബര്‍ണറെ പരിചയപ്പെട്ടു. ന്യൂയോര്‍ക് സിറ്റിയിലെ മ്യൂസിയത്തില്‍ ബര്‍ണറോടൊപ്പം ജോലി ചെയ്തു. യൂറോപ്പിലേക്കുള്ള ഈ കണ്‍ജോയന്‍റ് ഇരട്ടകളുടെ ടൂര്‍ സംഘടിപ്പിച്ചതും ബര്‍ണര്‍ ആണ്. യൂറോപ്പിലായിരുന്നപ്പോള്‍ ഇവരെ തമ്മില്‍ വേര്‍പെടുത്താനുള്ള സാധ്യത ആരാഞ്ഞെങ്കിലും അപകട സാധ്യതയുള്ളതിനാല്‍ സര്‍ജറി വേണ്ടെന്നു വെച്ചു.
നോര്‍ത് കരോലൈന എന്ന സ്ഥലത്ത് അവധിക്കാലം ആഘോഷിക്കുന്നതിനിടെ ആ പ്രദേശവുമായി അടുക്കാനും അവിടെ താമസമുറപ്പിക്കാനും ഈ സഹോദരന്മാര്‍ തീരുമാനിച്ചു. ഇവിടെവെച്ച് ചില ബിസിനസുകളില്‍ ഏര്‍പ്പെട്ടെങ്കിലും പരാജയപ്പെട്ടു. ഇരുവരും അമേരിക്കന്‍ പൗരത്വം സ്വീകരിച്ചു. ബങ്കര്‍ എന്നപേര് സ്വപേരുകളോടൊപ്പം ചേര്‍ത്തു.
നോര്‍ത് കരോലൈനയിലായിരുന്നപ്പോള്‍ സാലി, യെറ്റ്ങ് അഡ്ലെയ്ഡ് എന്നീ സഹോദരിമാരുമായി പരിചയപ്പെടുകയുണ്ടായി. രണ്ടുപേരും ഇവരോട് വിവാഹാഭ്യര്‍ഥന നടത്തി.സഹോദരിമാരില്‍ ഒരാള്‍ക്ക് 10ഉം മറ്റേ ആള്‍ക്ക് 12ഉം കുട്ടികള്‍ ഈ സയാമിസ് ഇരട്ടകളില്‍നിന്നുണ്ടായി.
വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ അവര്‍ താല്‍പര്യം കാണിച്ചിരുന്നു. ലോകത്തെങ്ങുമുള്ള പ്രദര്‍ശനശാലകളില്‍ ജനലക്ഷങ്ങള്‍ വിചിത്ര ശരീരമുള്ള ഇവരെ കാണാന്‍ ഒഴുകിയെത്തി. എന്നാല്‍, ഗര്‍ഭിണികള്‍ സയാമീസ് ഇരട്ടകളെ കാണുകയാണെങ്കില്‍ അവര്‍ക്കും അത്തരം കുഞ്ഞുങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട് എന്ന വിശ്വാസം നിലനിന്നിരുന്നതിനാല്‍ അധികൃതര്‍ ചാങ്ങിനും എങ്ങിനും ഫ്രാന്‍സിലേക്കുള്ള പ്രവേശം നിഷേധിച്ചു.
1974ല്‍ റഷ്യന്‍  സന്ദര്‍ശനം പൂര്‍ത്തിയായപ്പോള്‍ എങ്ങിന് പക്ഷാഘാതം പിടിപെട്ടു. ജനുവരി 17ന് രാത്രി അസാധാരണമായ ശ്വാസതടസ്സംമൂലം ഉറക്കത്തില്‍നിന്നെഴുന്നേറ്റ് എങ്  സഹോദരനായ ചാങ് മരിച്ചുകിടക്കുന്നതാണ് കണ്ടത്. എങ് മകനായ വില്യമിനെ വിളിച്ചു. ചാങ് മരിച്ചു മൂന്നുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എങ്ങും മരിച്ചു. 62ാം വയസ്സിലായിരുന്നു അവരുടെ അന്ത്യം. ആഴ്ചകള്‍ക്കുശേഷം മൃതശരീരം ഫിലാഡെല്‍ഫിയയിലേക്കു കൊണ്ടുപോയി.
ഡോ. ഹാരിസണ്‍ അലന്‍, ഡോ. വില്യം പാതകോസ്റ്റ് എന്നിവരുടെ നേതൃത്വത്തില്‍ വിദഗ്ധ പരിശോധനയും തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടവും നടത്തി. സെറിബ്രല്‍ ക്ളോട്ടുമൂലമാണ് ചാങ് മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എങ്ങിന്‍െറ മരണത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സഹോദരന്‍ മരിച്ചതിന്‍െറ നടുക്കത്തിലാണ് എങ് മരിച്ചതെന്നാണ് ചില ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. നോര്‍ത് കരോലൈനയിലാണ് അവരെ സംസ്കരിച്ചത്.
ചാങ്ങും എങ്ങും സമൂഹത്തിന്‍െറ കാഴ്ചപ്പാടുകളെത്തന്നെ മാറ്റിമറിച്ചിരുന്നു. ഒട്ടിച്ചേര്‍ന്ന ശരീരങ്ങള്‍കൊണ്ട് സാധാരണ ജീവിതം നയിക്കാന്‍ കഴിയുമെന്ന് അവര്‍ തെളിയിച്ചു. ജോലിചെയ്യാനും കുടുംബജീവിതം നയിക്കാനും അവര്‍ക്ക് കഴിഞ്ഞു.  കണ്‍ജോയന്‍റ് ഇരട്ടകളെ ലോകം അംഗീകരിക്കാന്‍ തുടങ്ങിയത് ചാങ്ങിനും എങ്ങിനുംശേഷമാണ്.
മരണശേഷം ചാങ്ങും എങ്ങും വര്‍ത്തമാനപത്രങ്ങള്‍, മാസികകള്‍, പുസ്തകങ്ങള്‍, കവിതകള്‍, നാടകങ്ങള്‍ തുടങ്ങിയവയില്‍ കഥാപാത്രങ്ങളായി.രാഷ്ട്രീയ പ്രതീകമായും  അവര്‍ അവതരിപ്പിക്കപ്പെട്ടു. ഭിന്നിച്ചുനിന്ന അമേരിക്കന്‍ ഐക്യനാടുകള്‍ ഐക്യത്തിന്‍െറ പാതയിലേക്കു വരാന്‍ ചാങ്-എങ്ങുമാരുടെ ജീവിതം മാതൃകയായി. ഭിന്നിച്ചുനില്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒന്നായിത്തന്നെ നിലകൊള്ളാനുള്ള ചാങ്ങിന്‍െറയും എങ്ങിന്‍െറയും താല്‍പര്യമാണ് അമേരിക്കന്‍ ഐക്യനാടുകളെ താരതമ്യപ്പെടുത്തിയുള്ള രാഷ്ട്രീയ വിശകലനത്തിന് കളമൊരുക്കിയത്.
ശാസ്ത്രം പുരോഗമിച്ച ആധുനിക യുഗത്തിലാണ് അവര്‍ ജനിച്ചതെങ്കില്‍ വേര്‍പെടുത്താമായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ലോകപ്രശസ്തരായ ഈ ഇരട്ടകള്‍ ‘സമാമീസ് ട്വിന്‍സ്’ എന്ന പേരില്‍ വിഖ്യാതരായി. ഭാഷാലോകത്തേക്ക് ‘സയാമീസ് ട്വിന്‍സ്’ എന്ന പദം  തന്നത് ചാങ്ങും എങ്ങുമാണ്.
ഇന്ത്യയിലെ  സയാമീസ് ഇരട്ടകള്‍
പുരാണ ഇതിഹാസമായ രാമായണത്തിലെ പ്രധാന കഥാപാത്രങ്ങളാണ് രാമനും ലക്ഷ്മണനും. രണ്ടുശരീരത്തിന്‍െറ ഉടമകളായ അവര്‍ ഒരേ മനസ്സോടെ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, ഛത്തിസ്ഗഢില്‍ പിറന്ന രാമനും ലക്ഷ്മണനും (2007) ഒരു മെയ്യായി ലോകത്തിലേക്ക് പിറന്നുവീണു. ഒരു കരളും ഒരു പാന്‍ക്രിയാസുമായി ജനിച്ച പത്തുമാസം പ്രായമുള്ള സയാമീസ് ഇരട്ടകളായ രാമനെയും ലക്ഷ്മണനെയും റായ്പൂര്‍ മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍മാര്‍ സങ്കീര്‍ണമായ ശസ്ത്രക്രിയക്കുശേഷം വേര്‍പെടുത്തി. ശസ്ത്രക്രിയാവിഭാഗം മേധാവി പ്രഫസര്‍ അശോകശര്‍മയുടെ നേതൃത്വത്തില്‍ അഞ്ച് മുതിര്‍ന്ന ഡോക്ടര്‍മാരും മൂന്ന് അനസ്തേഷ്യാ വിദഗ്ധരുമടങ്ങിയ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
വയര്‍ ചേര്‍ന്ന നിലയില്‍ ജനിച്ച ഇരട്ടകള്‍ക്ക് അന്നുമുതല്‍ ഹെര്‍ണിയയുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ 30 ശതമാനം മാത്രം അതിജീവന സാധ്യതയാണ് ശസ്ത്രക്രിയക്കുമുമ്പ് ഡോക്ടര്‍മാര്‍ കണക്കാക്കിയിരുന്നത്. കരളും പാന്‍ക്രിയാസും ഒന്നായിരുന്നെങ്കിലും ഹൃദയവും വിസര്‍ജ്യാവയവങ്ങളും വെവ്വേറെയായിരുന്നത് സൗകര്യപ്രദമായെന്ന് റായ്പൂര്‍ മെഡിക്കല്‍ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് എം.പി. പൂജാരി പറഞ്ഞു.
30 രൂപ മാത്രം ദിവസക്കൂലി ലഭിച്ചിരുന്ന പ്രേമാവതിയായിരുന്നു രാമന്‍െറയും ലക്ഷ്മണന്‍െറയും അമ്മ. മെഡിക്കല്‍ സഹായമില്ലാതെ സ്വഭവനത്തിലായിരുന്നു പ്രേമാവതി സയാമീസ് ഇരട്ടകളെ പ്രസവിച്ചത്.
ഇരിക്കാനും നില്‍ക്കാനും ഉറങ്ങാനും പ്രയാസപ്പെട്ടിരുന്ന ഇരട്ടകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനും പ്രേമാവതി ചിന്തിച്ചിരുന്നുവത്രെ. വേര്‍പെടുത്തിയ മക്കളെ കണ്ടപ്പോള്‍ പ്രേമാവതിക്ക് അടക്കാനാവാത്ത ആഹ്ളാദം. ആ മാതാവ് നന്ദിപുരസ്സരം സന്തോഷാശ്രുക്കളോടെ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ക്കുനേരെ കൈകൂപ്പി. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്ന പ്രമുഖ ഇന്‍റര്‍നാഷനല്‍ ബേബികെയര്‍ നിര്‍മാതാക്കളാണ് ശസ്ത്രക്രിയക്ക് ആവശ്യമായ സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയത്.
കേരളത്തില്‍
ദൈവത്തിന്‍െറ സ്വന്തം നാട്ടിലും സയാമീസ് ഇരട്ടകള്‍ പിറന്നിട്ടുണ്ട്. അതുവരെ വിദേശ രാജ്യങ്ങളില്‍മാത്രം സംഭവിക്കുന്ന അപൂര്‍വ പ്രതിഭാസമാണ് സയാമീസ് ഇരട്ടകളെന്ന് ചിലര്‍ കരുതിയിരുന്നു.
കണ്ണൂര്‍ തളിപ്പറമ്പിലാണ് വാര്‍ത്താമാധ്യമങ്ങളില്‍ സ്ഥാനം നേടിയ (2005) ഇരട്ടകള്‍ പിറന്നത്. കൊട്ടിയൂര്‍ ചുങ്കക്കുന്ന്, കക്കപ്പാറ സാലി വില്‍സനാണ് (27) അരക്കുതാഴെ കൂടിച്ചേര്‍ന്ന നിലയിലുള്ള ഇരട്ടകള്‍ക്ക് ജന്മം നല്‍കിയത്. ജനിച്ചപ്പോള്‍ എട്ടുമാസം വളര്‍ച്ചയാണ് കുട്ടികള്‍ക്കുണ്ടായിരുന്നത്. പ്രത്യേക കാലുകള്‍ ഉണ്ടായിരുന്നെങ്കിലും പൊക്കിള്‍ക്കൊടിയും മലദ്വാരവും ഒന്നേ ഉണ്ടായിരുന്നുള്ളൂ. 4.9 കിലോഗ്രാം ഭാരമുണ്ടായിരുന്നു. ജനനേന്ദ്രിയങ്ങള്‍ പുറത്തുകാണാത്തതിനാല്‍ ലിംഗനിര്‍ണയത്തിനു വിദഗ്ധ പരിശോധന ആവശ്യമായി വന്നു. ഗൈനക്കോളജി വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ. പി.പി. ജോസിന്‍െറ നേതൃത്വത്തില്‍ ശസ്ത്രക്രിയയിലൂടെയാണ് ഇരട്ടകളെ പുറത്തെടുത്തത്. എന്നാല്‍, സയാമീസ് ഇരട്ടകള്‍ക്ക് ചെറിയ തോതില്‍ അണുബാധയുണ്ടായത് ആശങ്കയുയര്‍ത്തി. പൊക്കിള്‍ക്കൊടിക്ക് ചുറ്റുമാണ് അണുബാധ പ്രകടമായ ചുവപ്പുനിറം പ്രത്യക്ഷപ്പെട്ടത്. ഇതേതുടര്‍ന്ന് ഇരട്ടകളെ കിടത്തിയിരുന്ന തീവ്രപരിചരണ വിഭാഗത്തിലേക്കുള്ള പ്രവേശം നിഷേധിച്ചിരുന്നു.
 ജനിച്ചത് സയാമീസ് ഇരട്ടകളാണെന്ന വിവരം മൂന്നാംദിവസമാണ് കുട്ടികളുടെ മാതാവായ സാലിവില്‍സനെ അറിയിച്ചത്. ആദ്യം പത്രത്തില്‍ വന്ന ഫോട്ടോയാണ് അവരെ കാണിച്ചത്. കെട്ടിട നിര്‍മാണ ജോലിക്കാരനായ, സാലിയുടെ ഭര്‍ത്താവ് വില്‍സന്‍ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നെങ്കിലും ആശുപത്രിയില്‍ കുട്ടികള്‍ക്ക് മികച്ച പരിചരണം ലഭിക്കുന്നതിനുവേണ്ട ഏര്‍പ്പാടുകളെല്ലാം ചെയ്തു. ഈ സയാമീസ് ഇരട്ടകളുടെ വിവരങ്ങളറിയാന്‍ കേരള ജനത കാതോര്‍ത്തിരുന്നു. എന്നാല്‍, ദിവസങ്ങള്‍ക്കുള്ളില്‍ സയാമീസ് ഇരട്ടകള്‍ മരിച്ചെന്ന വാര്‍ത്തയാണ് കേരളം ശ്രവിച്ചത്.

Subscribe to കിളിചെപ്പ് by Email
Get Free Updates:
*Please click on the confirmation link sent in your Spam folder of Email*
Share :
+
Previous
Next Post »
0 Comments for "സയാമീസ് ഇരട്ടകള്‍"

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.

 
Thanks for Your Visit, Visit Again. DISCLAIMER :- If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. All the content avilable on this blog is informational purpose only.Reproduction and republishing of contents from here to any other websites or blogs is strictly prohibited.
Template By Kunci Dunia
Back To Top