ശരീരഭാഷ


ശരീരഭാഷ എന്നു കേള്‍ക്കുമ്പോള്‍ ആദ്യം തോന്നുന്ന സംശയം ശരീരം സംസാരിക്കുമോ എന്നതാണ്. ഇതിനുള്ള മറുപടി തീര്‍ച്ചയായും ശരീരം സംസാരിക്കുമെന്നുതന്നെയാണ്. ശരീരം സംസാരിക്കുന്നത് നമുക്ക് കേള്‍ക്കാനാവില്ല. പക്ഷേ, മനസ്സിലാക്കാനാവും. നമ്മുടെ ശരീരവും അന്യന്‍െറ ശരീരവും സംസാരിക്കുന്നതറിയാം. സംസാരിക്കുക എന്നതുകൊണ്ടുദ്ദേശിക്കുന്നത് ആശയവിനിമയം സാധ്യമാക്കുന്നു എന്നുതന്നെയാണ്.
അപ്പോള്‍ സ്വാഭാവികമായും സംശയം ഉടലെടുക്കാം -നമ്മുടെ ശരീരം എങ്ങനെ സംസാരിക്കുന്നു? മറ്റെല്ലാ ജീവികളെയുംപോലെ ആംഗ്യഭാഷ മനുഷ്യനും സ്വായത്തമാണെന്നറിയാമല്ലോ? മനുഷ്യനും മറ്റു ജീവികളും ആംഗ്യഭാഷ അല്ലെങ്കില്‍ ചലനഭാഷ ബോധപൂര്‍വം സൃഷ്ടിക്കുന്നതാണ്. എന്നാല്‍, ബോധപൂര്‍വമല്ലാതെയും ഇത്തരം ശാരീരികപ്രകടനങ്ങള്‍ ജീവികളിലുണ്ട്. മുഖഭാവം, ആംഗ്യങ്ങള്‍ തുടങ്ങിയവയാല്‍ നാം ആശയവിനിമയം സാധ്യമാക്കുന്നതുപോലെ നാം അറിയാതെ നടക്കുന്ന ഒരുതരം ആശയവിനിമയമാണ് ഈ ശരീരഭാഷ (Body Language).
ഈ വാചികേതര സൂചകങ്ങള്‍ ഒരു വ്യക്തിയെപ്പറ്റി വളരെ വിലപ്പെട്ട അറിവുകള്‍ പ്രദാനംചെയ്യും. ഒരു വ്യക്തിയുടെ ഉള്ളിന്‍െറയുള്ളിലെ ചിന്തകള്‍, വിചാരങ്ങള്‍ എന്നിവ  അയാള്‍ അറിയാതെതന്നെ  ശാരീരിക ചലനങ്ങളിലൂടെ മനസ്സിലാക്കാം. നമ്മെ സ്നേഹിക്കുന്ന ആളെയും വെറുക്കുന്ന വ്യക്തിയെയും തിരിച്ചറിയാം. അതിനൊത്തവിധം ചുവടുകള്‍ ക്രമീകരിക്കുകയുമാവാം. പക്ഷേ, ഒരു കാര്യം ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്. ശാരീരിക ചലനങ്ങളിലൂടെ ഒരു വ്യക്തിയുടെ മാനസിക വ്യാപാരം അളക്കാന്‍ തുനിയുംമുമ്പ് ശാരീരിക ചലനം ഉദ്ദീപിപ്പിക്കുന്ന വികാരം എന്ത് എന്ന് വ്യക്തമായും പഠിച്ചിരിക്കണം. കാരണം, വഴിതെറ്റിയ വ്യാഖ്യാനങ്ങള്‍ ഒരു വ്യക്തിയെക്കുറിച്ച് തെറ്റായ ധാരണകള്‍ അങ്കുരിപ്പിച്ചേക്കാം.

വ്യക്തിത്വത്തിന്‍െറ അളവുകോല്‍
വാച്യമല്ലാത്ത സൂചനകള്‍ തിരിച്ചറിയാന്‍ കഴിയുക എന്നത് ഒരു ചെറിയ കാര്യമല്ല. മറ്റൊരു വ്യക്തിയെപ്പറ്റി പഠിക്കാം എന്നതോടൊപ്പം മറ്റാളുകള്‍ക്കുമുന്നില്‍ നാം എന്തെല്ലാം ചെയ്തുകൂടാ എന്നും ഇത് നമ്മെ പഠിപ്പിക്കും. നിങ്ങള്‍ ഒരു ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കുകയാണെന്നിരിക്കട്ടെ. ശരീരഭാഷ വേണ്ടവിധം മനസ്സിലാക്കിയവര്‍ ഇന്‍റര്‍വ്യൂ ബോര്‍ഡിലുണ്ടെങ്കില്‍, ശരീരഭാഷയെക്കുറിച്ച് തെല്ലും അവബോധമില്ലാത്ത വ്യക്തിയാണ് നിങ്ങളെങ്കില്‍ നിങ്ങളറിയാതെത്തന്നെ നിങ്ങളുടെ വ്യക്തിത്വത്തെ വിളിച്ചറിയിക്കുന്ന അംഗചലനങ്ങള്‍ സംഭവിക്കാം. ഇന്‍റര്‍വ്യൂ നടത്തുന്നവര്‍ നിങ്ങളെ നിങ്ങളുടെ ചലനങ്ങളില്‍നിന്ന് പൂര്‍ണമായി മനസ്സിലാക്കുകയുംചെയ്യും. സത്യസന്ധത, കാപട്യം, സദ്ഗുണങ്ങള്‍, ദു$സ്വഭാവങ്ങള്‍ തുടങ്ങി പലവിധ സ്വഭാവ സവിശേഷതകളും നിങ്ങളറിയാതെ പുറത്തുവരും.
ഇന്‍റര്‍വ്യൂകളില്‍ മാത്രമല്ല, പൊലീസ് സ്റ്റേഷന്‍ പോലുള്ള സ്ഥാപനങ്ങളില്‍, പ്രസംഗവേദികളില്‍, പെണ്ണുകാണല്‍ പോലുള്ള വൈവാഹികസന്ദര്‍ഭങ്ങളില്‍ എന്നിവയിലെല്ലാം നിങ്ങളുടെ പോരായ്മകള്‍ മറ്റുള്ളവര്‍ തിരിച്ചറിയും. മറിച്ച്, നിങ്ങള്‍ ഒരു നിയമപാലകനോ അധ്യാപകനോ പ്രാസംഗികനോ ആണെന്നിരിക്കട്ടെ, തന്‍െറ മുന്നില്‍ നില്‍ക്കുന്ന വ്യക്തിയെ/വ്യക്തികളെ വ്യക്തമായും മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് കഴിയുകയും ചെയ്യും. ഇത് നിങ്ങളുടെ വിജയമാണ്.  കേള്‍വിക്കാര്‍ക്കുമുന്നില്‍ നിങ്ങള്‍ക്ക് നല്ല പ്രസംഗകനാവാം. മറിച്ച്, ശ്രോതാവിന്‍െറസ്ഥാനത്താണ് നിങ്ങളെങ്കില്‍ പ്രാസംഗികനെ തൃപ്തിപ്പെടുത്തുന്ന നല്ല ശ്രോതാവായി മാറാനും നിങ്ങള്‍ക്ക് കഴിയും.
അംഗചലനങ്ങളുടെ ഉറവിടങ്ങള്‍
അംഗചലനങ്ങളുടെ ഉറവിടം അന്വേഷിച്ച് കണ്ടെത്തുക ശ്രമകരംതന്നെയാണ്. ഭാഷപോലെത്തന്നെ, മനുഷ്യന്‍ ആശയവിനിമയത്തിന് അംഗചലനങ്ങളും ഉപയോഗിക്കുന്നുണ്ടെന്നറിയാമല്ലോ? ഇതേക്കുറിച്ച് ശാസ്ത്രം  ഗവേഷണങ്ങള്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകള്‍തന്നെയായി. നരവംശ ശാസ്ത്രകാരന്മാരാണ് ഭാഷകളെക്കുറിച്ച പഠനത്തിന് നാന്ദികുറിച്ചത് എന്നു പറയുന്നതുപോലെ ഒരുപക്ഷേ, ഇത്തരംനീക്കങ്ങളും ആദ്യകാലത്ത് നടന്നത് നരവംശ ശാസ്ത്രശാഖയിലോ അതിനോടുബന്ധപ്പെടുത്താവുന്ന ശാസ്ത്രശാഖകളിലോ ആയിരിക്കണം.
മനുഷ്യന്‍െറ ഈവിധ അംഗചലനങ്ങള്‍ പാരമ്പര്യംവഴിയോ അഭ്യസനത്തിലൂടെയോ ഉടലെടുക്കുന്നു എന്നത് ഒരുകാലത്ത് നമ്മുടെ ഗവേഷണവിഷയമായിരുന്നു. അന്ധര്‍, ബധിരര്‍ തുടങ്ങി ചലനങ്ങളെ കണ്ടും കേട്ടും സ്വായത്തമാക്കാന്‍ കഴിയാത്ത ആളുകളെക്കുറിച്ചും പഠനങ്ങള്‍ നടന്നു. ജന്മനാ ലഭിച്ച കഴിവുകള്‍ ഒരുപക്ഷേ, വലിയ പരിവര്‍ത്തനങ്ങള്‍ക്കു വിധേയമാവാതെ നിലനില്‍ക്കുക ഇക്കൂട്ടരിലാവാം എന്നാണ് വിവക്ഷ. കുറെയേറെ സ്വഭാവങ്ങള്‍ പാരമ്പര്യവുമായി ബന്ധമുള്ളതാണെന്നതുപോലെ കുറെ ചലനങ്ങളും മനുഷ്യനിലെത്തുന്നത് പാരമ്പര്യംവഴിയാണ്. എന്നാല്‍, ചില ചലനങ്ങള്‍ക്ക് പാരമ്പര്യവുമായും അഭ്യസനവുമായും ബന്ധമുണ്ട്. നാം ജീവിക്കുന്ന സാംസ്കാരിക ചുറ്റുപാടുകള്‍ക്കും നമ്മുടെ ശരീരഭാഷയുടെ രൂപപ്പെടലിനെ സ്വാധീനിക്കാനാവും.
ഒരു വ്യക്തിയുടെ ചലനം അല്ലെങ്കില്‍ ശരീരഭാഷ മറ്റൊരാള്‍ക്ക് വിജയകരമായി അനുകരിക്കാന്‍പോലുമാവില്ല. നടപ്പിലും വസ്ത്രധാരണത്തിലും ജോലികളിലേര്‍പ്പെടുമ്പോഴുമൊക്കെ വ്യക്തിയുടെ ശരീരഭാഷകള്‍ കാണാം. മറ്റൊരു വ്യക്തിക്ക് ഈ ശരീരചലനങ്ങള്‍ തെറ്റായി അനുഭവപ്പെടുകയും ചെയ്യാം. പക്ഷേ, അയാള്‍ക്കുംകാണും അപരന്‍െറ കണ്ണില്‍ തെറ്റായി തോന്നാവുന്ന ചില ചലനങ്ങള്‍. അങ്ങനെ നോക്കുമ്പോള്‍, ചില ശരീരഭാഷകള്‍ നമുക്ക് മാറ്റാനാവില്ലെന്ന് കൂടുതല്‍ വിശകലനങ്ങളില്ലാതെതന്നെ പറയാം. കാരണം, അവ പൂര്‍ണമായും പാരമ്പര്യത്തിലധിഷ്ഠിതമാണ്.
അതുപോലെ, തന്‍െറ ചലനം ചുറ്റുപാടുകള്‍ എങ്ങനെ സ്വീകരിക്കുന്നു എന്നന്വേഷിക്കാനും അധികപേരും മെനക്കെടാറില്ല. എങ്കിലും, എല്ലാ ശരീരചലനങ്ങളും പാരമ്പര്യത്തിലധിഷ്ഠിതമല്ല. നാം പഠിച്ചുണ്ടാക്കിയ അംഗചലനങ്ങളുമുണ്ട്. കൂടുതലും അത്തരം ചലനങ്ങളാണ് നമുക്ക് വശം. ഉദാഹരണമായി നമ്മുടെ വികാരപ്രകടനങ്ങള്‍ എടുക്കാം. ചിരി, കരച്ചില്‍ തുടങ്ങിയ പ്രകടനപരമായ വികാരങ്ങള്‍ നാം സമൂഹത്തില്‍നിന്ന് പഠിച്ചെടുത്തവയാണെന്ന് തീര്‍ത്തുപറയാനാവില്ല. കാരണം, അന്ധനും ബധിരനുമായ ഒരാളും ഇത്തരം വികാരങ്ങള്‍ പ്രകടിപ്പിക്കാറുണ്ട് എന്നതുതന്നെ. എന്നാല്‍, നടത്തംപോലുള്ള ചലനങ്ങള്‍ (ഓരോ വ്യക്തിയുടെയും നടപ്പിന് ഓരോ ശാരീരിക ഭാഷയുണ്ട്) നാം ഒരളവുവരെ പഠിച്ചെടുക്കുന്നതാണ്.
നമ്മുടെ മേഖല
പക്ഷിമൃഗാദികള്‍ക്കെന്നപോലെ മനുഷ്യനുമുണ്ട് സ്വന്തമെന്നു പറയാവുന്ന മേഖലകള്‍. നമ്മുടെ രാജ്യം നമ്മുടെ മേഖലയാണെന്ന് പറയാമല്ലോ. അതിനുള്ളില്‍ സ്റ്റേറ്റ് അഥവാ സംസ്ഥാനങ്ങളുണ്ട്. നമ്മോട് കുറെക്കൂടി അടുത്തുനില്‍ക്കുന്ന മേഖലയാണിത്. അതുകഴിഞ്ഞാല്‍ പഞ്ചായത്ത്. അതിനുള്ളില്‍ നമ്മുടെ ദേശം (സ്്ഥലം). അതിനുള്ളിലാണ് നമ്മുടെ വീട് ഉള്‍പ്പെടുന്ന നമ്മുടെ മണ്ണ്. നമ്മുടെ വീട്ടിനുള്ളില്‍ നാം നമുക്കായി ഒരുഭാഗം കണ്ടെത്തുന്നു. ഒരുപക്ഷേ, നമ്മുടെ കിടപ്പുമുറിയോ സ്വന്തം ഇരിപ്പിടമോ കട്ടിലോ ആവാം. ഇവിടങ്ങളില്‍ മറ്റൊരാള്‍ കൈയേറ്റംനടത്തുന്നത് നമുക്കിഷ്ടമല്ല. എല്ലാ ആളുകള്‍ക്കും ഇത്തരമൊരു പേഴ്സനല്‍ സ്പെയ്സ് (personal space) ഉണ്ടാവും. ഇത്തരമൊരു മണ്ഡലത്തിന്‍െറ പരിധി തീരുമാനിക്കുന്നതില്‍ നാം ജനിച്ചുവളര്‍ന്ന, ജീവിച്ച സാഹചര്യങ്ങള്‍ക്ക് പങ്കുണ്ട്. ആളുകള്‍ കൂടുതലായി തിങ്ങിപ്പാര്‍ക്കുന്ന നഗരപ്രദേശങ്ങളില്‍ കഴിയുന്നവര്‍ ഗ്രാമീണരെ അപേക്ഷിച്ച് കുറഞ്ഞതോതിലേ പ്രദേശം സ്വന്തമാക്കിവെക്കാറുള്ളൂ. ചിലര്‍ കൂട്ടമായി കഴിയാനിഷ്ടപ്പെടുമ്പോള്‍ ചിലര്‍ തനിച്ച് കഴിയാനിഷ്ടപ്പെടുന്നു.
തന്‍െറ ചുറ്റുവട്ടത്തേക്ക്, ഒരു നിശ്ചിത ദൂരം കഴിഞ്ഞാല്‍ വൈകാരികമായി കൂടുതല്‍ അടുപ്പമുള്ളവര്‍ക്കു മാത്രമേ പ്രവേശം നല്‍കാറുള്ളൂ. ഭാര്യ, മക്കള്‍, രക്ഷിതാക്കള്‍, കാമുകീകാമുകന്മാര്‍, ഭര്‍ത്താവ്, ചില സുഹൃത്തുക്കള്‍ ഇങ്ങനെ പോകുന്നു ആദ്യ മേഖലയില്‍ പ്രവേശം കിട്ടുന്നവര്‍. അരയടിക്കും ഒന്നരയടിക്കും ഇടയിലാണ് ഈ ദൂരം എന്ന് ഏകദേശം കണക്കാക്കപ്പെട്ടിരിക്കുന്നു. കാരണം, ചില സംസ്കാരങ്ങളിലും രാജ്യങ്ങളിലും ഈ മേഖലാദൂരത്തില്‍ ചെറിയ വ്യത്യാസങ്ങള്‍ കാണുന്നുണ്ട്. വ്യക്തിപരമായ അകലം വര്‍ധിക്കുന്തോറും മേഖലാപരമായ അകലവും കൂടുന്നതായി കാണാം. വിവാഹം, വിരുന്നുകള്‍ എന്നിവയിലെ മേഖലാദൂരങ്ങള്‍ ഒന്നരയടിക്കും നാല് അടിക്കും ഇടയിലാണ്. എന്നാല്‍, നമുക്ക് പരിചയമില്ലാത്തവരുമായി ഇടപഴകേണ്ടിവരുമ്പോള്‍ മേഖലാദൂരം ഇനിയും കൂടുന്നു. അതുപോലെതന്നെയാണ് പ്രസംഗവേദികളിലും മറ്റും. അപരിചിതരുമായി പാലിക്കുന്ന ദൂരത്തേക്കാള്‍ കൂറെക്കൂടി കൂടുതലാണ് ഇതെന്നുമാത്രം.
ഈ ദൂരം നമ്മുടെ മേഖലയാണ്. ഇതിനകത്തേക്ക് സ്വാതന്ത്ര്യപൂര്‍വം ഒരാള്‍ കടന്നുവരുമ്പോള്‍ നാം അയാളെ സംശയദൃഷ്ടികളോടെ വീക്ഷിക്കുന്നു. ഒരു പരിചയവുമില്ലാത്ത ആള്‍ നിങ്ങളുമായി പരിചയപ്പെടാന്‍ വന്നാല്‍ അയാള്‍ നിങ്ങളുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നത് ഇഷ്ടപ്പെടാന്‍ വഴിയില്ലല്ലോ? അയാള്‍ നിങ്ങളുടെ തോളത്ത് കൈവെച്ച് സംസാരിച്ചുവെന്നിരിക്കട്ടെ, എങ്ങനെയെങ്കിലും ആ ‘സൗഹൃദം’ ഒന്നവസാനിച്ചുകിട്ടിയാല്‍ മതിയെന്നായിരിക്കും അപ്പോള്‍ നിങ്ങളുടെ മനസ്സില്‍.
സാമൂഹികചുറ്റുപാടുകളില്‍ സ്ത്രീയാണ് കുറെക്കൂടി വിസ്തൃതമായ മേഖലയുടെ അധികാരി. സ്ത്രീയില്‍നിന്ന് പുരുഷന്‍ പാലിക്കുന്നതിനേക്കാള്‍ അകലം പുരുഷനില്‍നിന്ന് അവള്‍ പാലിക്കുന്നു. ഇത് ഒരുപക്ഷേ, സ്ത്രീയുടെ ശരീരസംരക്ഷണത്തിനു വേണ്ടിയായിരിക്കാം. പൊതുവെ സ്ത്രീകള്‍ അവരുടെ ശരീരത്തെ അവരുടെ പാതിവ്രത്യ പ്രതിരൂപങ്ങളായി കാണുന്നു. അവളുടെ കാഴ്ചപ്പാടില്‍ പുരുഷനാണ് പ്രതിപക്ഷത്ത്.
കളവ് പറയുകയാണെങ്കില്‍
ഒരാള്‍ കളവു പറയുമ്പോള്‍, താന്‍ കളവു പറയുകയാണെന്നൊരു ചിന്ത അയാളുടെ ഉള്ളിലുണ്ടാവും. ഒപ്പം, ഈ മാനസിക ഭാവത്തിന്‍െറ ബാഹ്യപ്രകടനവും നടക്കും. എന്നുവെച്ചാല്‍, അയാള്‍ കള്ളമാണ് പറയുന്നതെന്ന് അയാളുടെ ശരീരം വിളിച്ചുപറയുമെന്നര്‍ഥം. കളവ് കേട്ടുക്കൊണ്ടിരിക്കുന്ന ബുദ്ധിമാനായ ഒരു വ്യക്തിക്ക് ഇത് കളവാണെന്ന് തിരിച്ചറിയാന്‍ എളുപ്പം സാധിക്കുകയും ചെയ്യും. ഇതെങ്ങനെ സംഭവിക്കുന്നു എന്നു നോക്കാം. സ്ഥിരമായി കളവുപറയുന്ന  ഒരാളേക്കാള്‍ അപൂര്‍വമായോ ജീവിതത്തിലാദ്യമായോ കളവു പറയുന്ന വ്യക്തികളിലാണ് ശരീരഭാഷ രഹസ്യം പുറത്തെത്തിക്കുന്നത്.   ഉപബോധമനസ്സാണ് അസ്ഥിര അംഗചലനങ്ങളിലൂടെ സത്യം പുറത്തുകൊണ്ടുവരുന്നത്. അങ്ങനെ, ശരീരം എതിര്‍സൂചനകള്‍ നല്‍കും. വായ്ഭാഗത്ത് കൈവിരല്‍കൊണ്ട് സ്പര്‍ശിക്കുക, മുഖത്തെ പേശികള്‍ മുറുകുക, കണ്‍പോളകള്‍ ഇടക്കിടെ അടഞ്ഞുകൊണ്ടിരിക്കുക, കൃഷ്ണമണിയുടെ സങ്കോചവും വികാസവും എന്നിവ സംഭവിക്കാം. ഇത്രയും ചലനങ്ങള്‍ സംഭവിക്കുന്നത് കളവുപറയുകയാണെന്ന ബോധം നിങ്ങളുടെ മനസ്സിലുള്ളതുകൊണ്ടാണ്. എന്നാല്‍, ഇത്തരം ദു$സൂചനകളെ മുഖത്തുനിന്നും മറ്റും ഒഴിവാക്കി കള്ളം വിജയകരമായി പറഞ്ഞുഫലിപ്പിക്കാനും  ചിലര്‍ക്ക് കഴിയും.
കള്ളം കള്ളമല്ലെന്ന് തോന്നുന്നതെപ്പോള്‍
കള്ളം പറയുന്നവന്‍െറ  മിടുക്ക് അത് വെളിച്ചത്തുവരാതിരിക്കുന്നതിലാണല്ലോ? തൊഴിലിന്‍െറ ഭാഗമായും സ്വയം രക്ഷക്കുവേണ്ടിയുമൊക്കെ ചില സന്ദര്‍ഭങ്ങളില്‍ പലരും കള്ളം പറയാറുണ്ട്. എന്നാല്‍, നിങ്ങളുടെ എതിര്‍ഭാഗത്തുള്ള ആള്‍ നിങ്ങളുടെ കള്ളം കള്ളമാണെന്ന് തിരിച്ചറിയാന്‍ വേണ്ട കാര്യങ്ങളൊക്കെ പഠിച്ചുവെച്ച് നിങ്ങളെ നിരീക്ഷിക്കുകയും ചെയ്യും. കള്ളം പറയുമ്പോള്‍ ശരീരം എതിര്‍ സൂചന നല്‍കിയാല്‍ അയാള്‍ അത് മനസ്സിലാക്കുകയും കള്ളം പൊളിയുകയും ചെയ്യും.
ചില അവസരങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തകരും സാധാരണക്കാരും കള്ളം പറയാറുണ്ട്. കള്ളം പറയുമ്പോള്‍ ദു$സൂചന നല്‍കാതെ ശരീരത്തെ നിയന്ത്രിച്ചുകൊണ്ടാണ് ഇത്തരക്കാര്‍ പെരുമാറുക.
കള്ളം, കള്ളമാണെന്ന തോന്നല്‍ കേള്‍വിക്കാരനിലുണ്ടാക്കാതെ വിജയകരമായി പറയുന്നവര്‍ കൃത്രിമ ശരീരഭാഷാഭ്യാസമാണ് ഉപയോഗിക്കുന്നത്. ഇത് അത്ര എളുപ്പമല്ല. എത്രതന്നെ പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചാലും ചില ചെറിയ ചെറിയ ലക്ഷണങ്ങള്‍ ശരീരം പുറത്തെത്തിക്കും.ഇവര്‍ ആദ്യം ചെയ്യുക കള്ളം പറയുമ്പോള്‍ ശരീരഭാഷ അതിനൊത്തവിധം ക്രമീകരിക്കുകയാണ്. അതായത്, ശാരീരിക ചലനങ്ങളെ അമര്‍ത്തിവെക്കുകയോ കള്ളമല്ല, സത്യമാണ് പറയുന്നതെന്ന തോന്നല്‍ കേള്‍വിക്കാരനില്‍ ഉണ്ടാകും വിധമുള്ള ശാരീരിക ചലനങ്ങള്‍ മനസ്സിലാക്കി പ്രകടിപ്പിക്കുകയോ ചെയ്യും. ഇതിന് സത്യംപറയുമ്പോള്‍ ഉപയോഗിക്കേണ്ട ശരീരഭാഷയെപ്പറ്റി തികഞ്ഞ അറിവു വേണം.
കൈമലര്‍ത്തിവെക്കല്‍ സത്യം പറയുന്നുവെന്ന് തോന്നിപ്പിക്കുന്ന ശരീരഭാഷയാണെന്ന് ഇതേക്കുറിച്ച് പുറത്തുവന്ന ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്. ഉള്ളംകൈ മലര്‍ത്തിവെച്ച് നിങ്ങള്‍ കള്ളം സത്യമെന്ന രൂപേണ അവതരിപ്പിക്കുന്നു എന്നു കരുതുക. അപ്പോഴും ഒരു സത്യം നിങ്ങളുടെ മനസ്സിലുണ്ട്. സത്യമല്ല, താന്‍ കളവാണ് പറയുന്നതെന്ന ബോധം. അങ്ങനെ ഒരു ചിന്ത ഉള്ളിലുണ്ടെങ്കില്‍, നിങ്ങള്‍ ആ ചിന്തയുടെ ബാഹ്യലക്ഷണങ്ങള്‍  പുറത്തെത്താതെ നോക്കും. നിങ്ങളുടെ മുഖവും മിഴികളും പുരികവുമൊക്കെ ലക്ഷണങ്ങളിലൂടെ, പറയുന്നത് കള്ളമാണെന്ന് വിളിച്ചുപറയും. അതിന് അവസരം നല്‍കാതെ ശാരീരിക ചലനങ്ങളെ ദീര്‍ഘനാളത്തെ പരിശീലനത്തിലൂടെ നിയന്ത്രിച്ചുനിര്‍ത്തുന്നവരുണ്ട്.

ഒരുകാര്യം വിശകലനം ചെയ്യുമ്പോള്‍
മേല്‍പറഞ്ഞതില്‍നിന്നൊക്കെ വ്യത്യസ്തമായൊരു ശരീരഭാഷയാണ് വിശകലന സമയത്ത് മനുഷ്യര്‍ പ്രകടിപ്പിക്കുന്നത്. ഒരു പാരഗ്രാഫ് വായിച്ച് വിശകലനം ചെയ്യാന്‍ ശ്രമിക്കുന്ന വ്യക്തി ആദ്യം പാരഗ്രാഫ് വായിക്കും. ശേഷം, കൈയില്‍ മുഖംതാങ്ങി ചിന്താമഗ്നനാവുന്നത്് കാണാം. കൈയില്‍ പേന അല്ലെങ്കില്‍ പെന്‍സില്‍ ഉണ്ടെങ്കില്‍ അത് താടിയില്‍ തട്ടുകയോ ചെറുതായി അടിക്കുകയോ ചെയ്യും. താടി വളര്‍ത്തുന്ന ശീലമുള്ളവര്‍ താടിരോമങ്ങള്‍ വലിക്കുകയോ തലോടുകയോ ചെയ്യാം. ചിലര്‍ പേനയുടെ മറുതലകൊണ്ട് പല്ലില്‍ അല്ലെങ്കില്‍ ചുണ്ടില്‍ സ്പര്‍ശിക്കുന്നതും കാണാം. ഇതെല്ലാം ഒരുകാര്യം വിശകലനംചെയ്ത് തീരുമാനിക്കുന്നതിന്‍െറ ശരീരഭാഷയാണ്. ഇതൊരിക്കലും മന$പൂര്‍വം സംഭവിക്കുന്നതല്ല. എങ്കിലും, മിക്ക ആളുകളും നേരിയ വ്യത്യാസങ്ങളോടെ ഇത്തരം ശാരീരികചലനങ്ങള്‍ പ്രകടിപ്പിക്കുന്നതായി കാണുന്നു.
കാപട്യം ഒളിച്ചുവെക്കാനും ശരീരഭാഷ
കാപട്യം ഒളിച്ചുവെക്കാനും ശരീരഭാഷയുണ്ട്. തന്‍െറ ഉള്ളിലുള്ളത് മുന്നില്‍നില്‍ക്കുന്ന ആള്‍ കാണരുത് എന്നാണ് അപ്പോള്‍ ആ വ്യക്തിയുടെ ചിന്ത. തന്‍െറ മനസ്സിലുള്ളത് മറ്റേ ആള്‍ അറിയാതിരിക്കാന്‍ (അയാളെ അഭിമുഖീകരിക്കാന്‍ പ്രയാസമായതിനാല്‍) വ്യക്തി മിഴികള്‍പൂട്ടി അതിനുമേല്‍ഭാഗത്ത്, പോളകള്‍ക്കുമീതെ വെറുതെ  വിരല്‍ ഉരച്ചുകൊണ്ടിരിക്കും. ഇതിനുതന്നെ മറ്റൊരു ശാരീരികചലനം കൂടിയുണ്ടെന്ന് ചില ആംഗലേയ ഗ്രന്ഥങ്ങള്‍ പറയുന്നു. അഭിമുഖമായിരിക്കുന്ന വ്യക്തിയുടെ മുഖത്തുനോക്കാതെ മറ്റെവിടെയെങ്കിലും (ഇതും അയാളെ അഭിമുഖീകരിക്കാന്‍ പ്രയാസമായതിനാലാണ്) നോക്കിക്കൊണ്ടാണ് ‘കാര്യങ്ങള്‍’ പറയുക.  കാപട്യം ഒളിച്ചുവെക്കാനുള്ള ഏറ്റവുംമികച്ച ശാരീരിക ചലനങ്ങളാണിവ രണ്ടും. ഇതിനോടനുബന്ധമായി ഒരു ചൊല്ല് പണ്ടുമുതലേ മലയാളത്തില്‍ പ്രചാരത്തിലുണ്ടായിരുന്നു-‘മുഖം നോക്കി സംസാരിക്കാത്തവന്‍ കള്ളന്‍’. പണ്ടുകാലം മുതല്‍ക്കേ മനുഷ്യന്‍ ഇത്തരം ശരീരഭാഷകള്‍ക്ക് വ്യാഖ്യാനം കണ്ടെത്തിയിരുന്നു എന്ന് ഈ ചൊല്ല് അടിവരയിടുന്നു.
നിര്‍ബന്ധിക്കണ്ട; ഞാന്‍ തയാറല്ല
ഒരു സെയില്‍സ് എക്സിക്യൂട്ടിവ് തന്‍െറ കൈവശമുള്ള ചില ഉല്‍പന്നങ്ങളുമായി ഒരു ഉദ്യോഗസ്ഥനെ സമീപിക്കുന്നു. എക്സിക്യൂട്ടിവിന്‍െറ വിവരണങ്ങള്‍ ശ്രദ്ധയോടെ കേട്ടിരുന്നശേഷം ഉദ്യോഗസ്ഥന്‍ പൊടുന്നനെ കൈകള്‍ മാറില്‍ പിണച്ചനിലയില്‍ കെട്ടിവെക്കുന്നു എന്നു കരുതുക. നിങ്ങള്‍ക്കെന്ത് മനസ്സിലായി? സെയില്‍സ് എക്സിക്യൂട്ടിവിന്‍െറ വാചകകസര്‍ത്തുകള്‍ക്ക് അയാളെ വീഴ്ത്താന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍, ഉല്‍പന്നം വാങ്ങാന്‍ താന്‍ തയാറല്ല, തന്നെ നിര്‍ബന്ധിക്കേണ്ട എന്നാണത്രെ ഈ കൈ കെട്ടിവെക്കലിനര്‍ഥം. ഇതും അബോധപൂര്‍വമായി ചെയ്യുന്നതാണ്. ബുദ്ധിമാനായ ഒരാള്‍ക്ക് ഈ ശരീരഭാഷ മനസ്സിലാക്കാനായാല്‍ കൂടുതല്‍ വാഗ്വാദങ്ങള്‍ നടത്താതെ കഴിയാം.
പ്രതിരോധം -ചില സൂചനകള്‍
ഒരു മീറ്റിങ്ങില്‍, കസേരയില്‍ ഇരിക്കുന്ന വ്യക്തി വലതുകാല്‍ ഉയര്‍ത്തി ഇടതുകാലിന്‍െറ മുകളില്‍വെക്കുന്നു. ശേഷം അയാള്‍ ഉയര്‍ത്തിവെച്ച വലതുകാലില്‍ ഇരു കൈകള്‍കൊണ്ടും മുറുകെ പിടിച്ച് ചലിക്കാതിരിക്കുന്നത് കാണാം. ഇത് നിങ്ങള്‍ എടുത്ത തീരുമാനം അയാള്‍ക്ക് സ്വീകാര്യമായില്ല എന്നതിന്‍െറ സൂചനയാണ്. ഇവരെ നയപരമായി കീഴടക്കി നിങ്ങളുടെ വശത്തേക്ക് കൊണ്ടുവരുക എളുപ്പമല്ല.
താല്‍പര്യമില്ലായ്മ അഥവാ
മുഷിപ്പ് എങ്ങനെ തിരിച്ചറിയാം

മുഷിപ്പ് അല്ലെങ്കില്‍ താല്‍പര്യമില്ലായ്മ രേഖപ്പെടുത്തുന്ന ഒട്ടേറെ ശരീരഭാഷകളുണ്ട്. കേള്‍വിക്കാരന്‍െറ താല്‍പര്യക്കുറവ് ഒരു പ്രഭാഷകന് വളരെപ്പെട്ടെന്ന് തിരിച്ചറിയാം.
എന്തെല്ലാമാണ് മുഷിപ്പിന്‍െറ ശാരീരിക ചലനങ്ങള്‍? ഒരു ഓഡിറ്റോറിയത്തില്‍ വളരെനേരം പ്രസക്തമല്ലാത്ത കാര്യങ്ങള്‍ സംസാരിക്കുന്ന പ്രസംഗകന്‍ ശ്രോതാക്കള്‍ക്കിടയിലേക്ക് ഒരു നേരം കണ്ണോടിക്കുക. കേള്‍വിക്കാരില്‍ ചിലരെങ്കിലും വലതുകൈമുട്ട് ഡെസ്ക്കില്‍ കുത്തി അതേ  കൈകൊണ്ട് മുഖംതാങ്ങി ഇരിക്കുന്നതു കാണാ. ഇത്വളരെനേരം നീണ്ടുപോയാല്‍ ചിലര്‍ ആ അവസ്ഥയില്‍ ഉറങ്ങിപ്പോയെന്നും വരും.
എന്നാല്‍, സദസ്സ്യരെ കൈയിലെടുക്കത്തക്കവിധം, നര്‍മമോ അദ്ഭുത കഥകളോ ചേര്‍ത്ത് ഇമ്പമുള്ളതാക്കി മാറ്റിയാല്‍ ഒരാള്‍പോലും മേല്‍പറഞ്ഞ പ്രകാരം മുഷിഞ്ഞഭാവത്തില്‍ ഇരിക്കില്ല. ബുദ്ധിമാനായ ഒരു പ്രാസംഗികന് ഈവിധ ശരീരചലനങ്ങള്‍ എളുപ്പം മനസ്സിലാക്കാന്‍ കഴിയും. ഇത്തരം പെരുമാറ്റങ്ങള്‍ കണ്ടെത്തിയാല്‍ പ്രഭാഷണം പൊടുന്നനെ അവസാനിപ്പിക്കണമെന്നില്ല. പകരം, രസകരമായ സംഭവങ്ങളോ കഥകളോ അതിശയോക്തികളുടെ സഹായത്തോടെ അവതരിപ്പിച്ച് കാര്യത്തിലേക്കു വരാം.
ചേഷ്ടകള്‍ കണ്ണട ഉപയോഗിച്ചും
തീരുമാനമെടുക്കാന്‍ ചിലര്‍ക്ക് കുറച്ചധികം സമയം വേണം. ഗൗരവപൂര്‍ണമായി ചിന്തിച്ച് തീരുമാനമെടുക്കേണ്ട ചില സന്ദര്‍ഭങ്ങളില്‍ കണ്ണടധരിച്ച ചിലര്‍ പ്രയോഗിക്കുന്ന ഒരു ശരീരഭാഷയുണ്ട്. അത് ഇപ്രകാരമാണ്. ഊരിയെടുത്ത കണ്ണടയുടെ കൈ വായില്‍വെച്ച് പതുക്കെ കടിക്കുകയോ അല്ലെങ്കില്‍ ചുണ്ടുകളില്‍ തലങ്ങുംവിലങ്ങും ഉരസുകയോ ചെയ്യുന്നു.
ഇത്, തീരുമാനം കൈക്കൊള്ളാന്‍ അയാളെടുക്കുന്ന സമയദൈര്‍ഘ്യത്തിന്‍െറ സൂചനയാണ്. തീരുമാനം കൈക്കൊള്ളാന്‍ അയാള്‍ക്കിനിയും സമയം ആവശ്യമാണെന്നതിന്‍െറ സൂചനയാണത്.
പേന അല്ലെങ്കില്‍ പെന്‍സില്‍
തീരുമാനം കെക്കൊള്ളുകയും എത്രയുംപെട്ടെന്ന് മറുപടി പറയേണ്ടിയും വരുമ്പോള്‍ കണ്ണടയുടെ കൈ വായില്‍വെക്കുന്നതുപോലെ  ചിലര്‍ എഴുതുന്ന പേന അല്ലെങ്കില്‍ പെന്‍സില്‍ ഉപയോഗിച്ചും ഇത്തരം ശാരീരികഭാഷകള്‍ പ്രകടിപ്പിക്കുന്നതായി കാണാം. താന്‍ മറുപടിയായി എന്താണ് പറയേണ്ടതെന്ന് ഇനിയും അയാള്‍ തീരുമാനിച്ചിട്ടില്ല. അതിനാല്‍, ഇക്കാര്യത്തെപ്പറ്റി തീരുമാനമെടുക്കാന്‍ അയാള്‍ക്കിനിയും സമയം ആവശ്യമാണ് എന്നത്രെ ഈ ചേഷ്ടയുടെ അര്‍ഥം.
എല്ലാം എനിക്കറിയാം
എല്ലാ കാര്യങ്ങളെക്കുറിച്ചും അറിവുള്ളവനെന്ന് പ്രത്യക്ഷത്തില്‍ വെളിപ്പെടുത്തുംവിധമുള്ള അംഗചലനമാണ് ഇരുന്നുകൊണ്ട് ഇടതുകാലിന്‍െറ മുട്ടിനുമീതെ വലതുകാല്‍ കയറ്റിവെച്ച് കൈകള്‍ രണ്ടും ശിരസ്സിനുപിന്നില്‍വെച്ചുള്ള ചാരിയിരിക്കല്‍. ഒരുതരം അധികാര മനോഭാവം കൂടിയാണ് ഈ പ്രകടനം. സീനിയര്‍ ഉദ്യോഗസ്ഥന്‍ സഹപ്രവര്‍ത്തകര്‍ക്കുമുന്നില്‍ ചിലപ്പോള്‍ ആ ‘ഭാഷ’ പ്രയോഗിച്ചേക്കാം. അന്നേരങ്ങളില്‍ ഇവര്‍ പറയുന്ന അഭിപ്രായങ്ങളെ ഖണ്ഡിക്കാന്‍ മുതിര്‍ന്നാല്‍ അവര്‍ വാഗ്വാദത്തിന് തയാറാവുകയും ചെയ്യും.
ഞാനാണ് അധികാരി  എന്ന ഭാവം
ചില ആളുകള്‍, പ്രത്യേകിച്ച് പുരുഷന്മാര്‍ സ്ത്രീകളുടെ സദസ്സുകളിലോ ചില ഓഡിറ്റോറിയ യോഗങ്ങളിലോ ഒരു പ്രത്യേകതരം ‘നില്‍പ്’ ഭാഷ പ്രകടിപ്പിക്കുന്നതായി കാണാം. കൈകള്‍ അരയുടെ ഇരു ഭാഗങ്ങളിലും വെച്ച് ഇവര്‍ നിവര്‍ന്നു നില്‍ക്കുന്നു. ഇതൊരുതരം മേധാവിത്വ മനോഭാവമാണ്. ഷര്‍ട്ടിന്‍െറ മുകള്‍ഭാഗത്തെ ഒന്നോ രണ്ടോ ബട്ടണുകളും ഇവര്‍ ധരിക്കാന്‍ മറന്നിരിക്കാം. എനിക്കിതൊന്നും പ്രശ്നമല്ല, എല്ലാം എനിക്കറിയാം എന്നൊക്കെ ഈ നില്‍പിനെ വ്യാഖ്യാനിക്കാം. കടന്നുകയറ്റമെന്നും ഈ ശാരീരികചലനത്തെ വ്യാഖ്യാനിക്കാം. സ്ത്രീകളും അപൂര്‍വമായി ഈ ചേഷ്ട പ്രദര്‍ശിപ്പിക്കാറുണ്ട്. പുരുഷന്മാരില്‍ ആള്‍ക്കൂട്ടമേധാവിത്വത്തെ അറിയുന്ന ശാരീരികചലന ചേഷ്ടയാണിതെങ്കില്‍ സ്ത്രീകളില്‍ വസ്ത്രധാരണ മികവിലേക്ക് ശ്രദ്ധക്ഷണിക്കുന്നൊരു പ്രകടനമാണ് ഈ നില്‍പ് എന്ന് വ്യാഖ്യാനിക്കപ്പെടുന്നു.
താല്‍പര്യമില്ലാത്ത കാര്യങ്ങളില്‍ ചെന്നെത്തുമ്പോള്‍...
നമുക്ക് ഒട്ടും താല്‍പര്യമില്ലാത്ത, ഇടപെടാന്‍ ഇഷ്ടമില്ലാത്ത സന്ദര്‍ഭങ്ങളില്‍ നമ്മള്‍ പെട്ടുപോയെന്നിരിക്കട്ടെ. നമുക്ക് ഏറ്റവും പ്രിയപ്പെട്ടവരെ നമ്മോടൊന്നിച്ചുള്ള ആള്‍ പരസ്യമായി ചീത്തപറയുന്നു എന്നു വിചാരിക്കുക. ഈ പ്രശ്നത്തില്‍ നാം ഇഷ്ടപ്പെടുന്നില്ല എന്ന് വരുത്തിത്തീര്‍ക്കാന്‍ നാം ചില ശരീരഭാഷകള്‍ അറിയാതെതന്നെ കൈക്കൊള്ളും. കൈകെട്ടി ഒരുകോണിലെവിടെയെങ്കിലും അകന്നുമാറി നിലകൊള്ളും. ഈ കൈകെട്ടി നില്‍പ്പ് വെളിപ്പെടുത്തുന്നതെന്തെന്നോ? മറ്റേയാള്‍ നമുക്ക് പ്രിയപ്പെട്ടവരെ ചീത്ത പറയുന്നുണ്ടെങ്കിലും  ഈ വ്യക്തിയുടെ ഇടപെടലുകളില്‍ നമുക്ക് ഒരു പങ്കുമില്ല എന്നത്രെ! ശരിക്കുംപറഞ്ഞാല്‍, ഒരു തരം വിയോജിപ്പിന്‍െറ പ്രകടനരൂപമാണിത്.
ശുഭപ്രതീക്ഷകളുടെ ശരീരഭാഷ
വിജയപ്രതീക്ഷകള്‍ക്കുമുണ്ട് അവയുടേതായ ശരീരഭാഷകള്‍. ഒരിടത്ത് ഒരു ഗുസ്തി മത്സരം നടക്കുന്നു. അതിലെ ഒരുവന്‍ നമ്മുടെ ആളാണ്. കാഴ്ചക്കാരനായി നില്‍ക്കുന്ന നമ്മള്‍ കൈകള്‍ പരസ്പരം തിരുമ്മിക്കൊണ്ട് പറയുന്നു. അവന്‍ (നമ്മുടെ ആള്‍) തീര്‍ച്ചയായും ജയിക്കും എന്ന്. ഇതില്‍നിന്ന് വ്യക്തമാവുന്നതെന്തെന്നോ? വിജയപ്രതീക്ഷയുടെ, ശുഭപ്രതീക്ഷയുടെ ശാരീരികഭാഷയാണ് ഈ കൈ തിരുമ്മല്‍ എന്നാണ്. ഒരു ബോര്‍ഡിന് നാലു ഭാഗങ്ങളിലായി ഇരുന്ന് കുട്ടികള്‍ കാരംസ് കളിക്കുമ്പോഴും അവര്‍ക്ക് പിന്തുണയായി നില്‍ക്കുന്ന ചില കൂട്ടുകാര്‍ അവരെ പ്രചോദിതരാക്കുംവിധമുള്ള ഡയലോഗുകള്‍ പറയുന്നതിനൊപ്പം തങ്ങളുടെ കൈകള്‍ തമ്മില്‍ തിരുമ്മുന്നത് കണ്ടിട്ടില്ലേ? തന്‍െറ സുഹൃത്ത് വേഗം വിജയിക്കട്ടെ അല്ലെങ്കില്‍ വിജയിക്കും എന്ന ശുഭപ്രതീക്ഷയാണ് ഈ ചലനത്തിനുപിന്നില്‍.
നല്ല ശ്രോതാവാകാനും വഴികളുണ്ട്
എങ്ങനെ ഒരു നല്ല ശ്രോതാവാകാം? വളരെ എളുപ്പമൊന്നുമല്ല. എങ്കിലും, മനസ്സുവെച്ചാല്‍ എളുപ്പം സാധിക്കുകയും ചെയ്യും. തന്‍െറ മുന്നില്‍നിന്ന് സംസാരിക്കുന്ന ആള്‍ പറയുന്നതൊന്നും തനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെങ്കിലും  ശ്രമിച്ചാല്‍ താന്‍ നല്ല ഒരു ശ്രോതാവാണെന്ന് മുന്നില്‍നില്‍ക്കുന്ന പ്രഭാഷകനെ നമുക്ക് തെറ്റിദ്ധരിപ്പിക്കാം. രാഷ്ട്രീയ പ്രസംഗവേദികളില്‍ ഇത്തരം ഒരു അഭിനയത്തിന് പ്രസക്തിയില്ലെങ്കിലും ചില ഔദ്യാഗിക മീറ്റിങ്ങുകളിലും മറ്റും തന്‍െറ സീനിയര്‍ ഉദ്യോഗസ്ഥന്‍െറ  ഇഷ്ടം നേടിയെടുക്കാന്‍ ഒരുപക്ഷേ, ഇത്തരമൊരു കൃത്രിമ ശരീരഭാഷാഭിനയം നിങ്ങളെ സഹായിച്ചേക്കും. വലതുകൈ ഡെസ്ക്കില്‍കുത്തി അതേ കൈവെള്ള മുഖത്ത് വലതുഭാഗത്ത് നാലുവിരല്‍ മടക്കിയും ചൂണ്ടുവിരല്‍ മുകളിലേക്ക് നിവര്‍ത്തിയുംവെച്ച് ഗാഢശ്രദ്ധയോടെ ഇരിക്കുന്നു.
സത്യത്തില്‍ ഈ ഇരിപ്പ് താല്‍പര്യത്തോടെയല്ല. പക്ഷേ, താന്‍ ഒരു നല്ല ശ്രോതാവാണെന്ന് വക്താവിനെ ബോധ്യപ്പെടുത്താനുള്ള ശരീരഭാഷയാണിത്. എന്നാല്‍ ഈ ചേഷ്ട, ബുദ്ധിമാനായ പ്രഭാഷകന് ശ്രോതാവിന്‍െറ മുഖത്തെ മറ്റുചലനങ്ങള്‍ ശ്രദ്ധിച്ച് കൃത്രിമ പ്രകടനമാണെന്ന് കണ്ടെത്താനാകും.
ശരീരഭാഷയും ദൃശ്യമാധ്യമങ്ങളും
ടെലിവിഷന്‍ പരിപാടികളും ചലച്ചിത്രങ്ങളുമൊക്കെ ശരീരഭാഷ പഠിക്കാന്‍ ഉപയുക്തമാകുന്നതെങ്ങനെയെന്നോ? ടെലിവിഷന്‍ അവതാരകരും ചലച്ചിത്ര നടീനടന്മാരും സംഭാഷണത്തോടൊപ്പം ശാരീരിക ചലനങ്ങളും പ്രകടിപ്പിക്കാറുണ്ടല്ലോ. നാം മുമ്പു കണ്ട ഒരു സിനിമയില്‍, പിന്നീട് കാണുമ്പോള്‍ ശബ്ദമില്ലെങ്കിലും ഓരോ ഷോട്ടിലും സംഭവിക്കുന്ന കാര്യങ്ങളെന്തെന്ന് നമുക്ക് കണ്ടെത്താനാവും. എന്നാല്‍, ശബ്ദമില്ലാത്ത ഒരു സിനിമ ആദ്യമായി കാണുകയാണെങ്കിലോ? നിശ്ശബ്ദ ചലച്ചിത്രങ്ങളുടെകാലത്തും പിന്നീട് ചാര്‍ലി ചാപ്ളിന്‍ സിനിമകളുമൊക്കെ ശബ്ദംകൂടാതെതന്നെ അംഗവിക്ഷേപങ്ങള്‍ മാത്രം നോക്കി ആസ്വദിച്ചിരുന്നു. ഇവിടെ ശരീരഭാഷയായിരുന്നു ആശയവിനിമയം സാധ്യമാക്കിയിരുന്നത്. ഒരു ചലച്ചിത്രം ശബ്ദംകൂടാതെ കണ്ട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍, താല്‍പര്യമുണ്ടെങ്കില്‍ ഇന്നും നിങ്ങള്‍ക്ക് കഴിയും. ഈ അഭ്യസനരീതി ശരീരഭാഷ എളുപ്പത്തില്‍ പഠിക്കാന്‍ നിങ്ങളെ സഹായിക്കുകയും ചെയ്യും.Subscribe to കിളിചെപ്പ് by Email
Get Free Updates:
*Please click on the confirmation link sent in your Spam folder of Email*
Share :
+
Previous
Next Post »
0 Comments for "ശരീരഭാഷ"

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.

 
Thanks for Your Visit, Visit Again. DISCLAIMER :- If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. All the content avilable on this blog is informational purpose only.Reproduction and republishing of contents from here to any other websites or blogs is strictly prohibited.
Template By Kunci Dunia
Back To Top