പരമേശ്വരന്‍ നമ്പൂതിരി

Share it:
"ദൃഗ്ഗണിത"ത്തിന്റെ കര്‍ത്താവായി അറിയപ്പെടുന്ന പരമേശ്വരന്‍ നമ്പൂതിരി മാധവന്റെ ശിഷ്യനായിരുന്നു. മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ ആലത്തൂര്‍ ഗ്രാമത്തിലായിരുന്നു പരമേശ്വരന്റെ ജനം. ജീവിതകാലം 1360 മുതല്‍ 1455 വരെയാണെന്ന് അനുമാനിക്കുന്നു. വീട്ടുപേര് വടശ്ശേരി ഇല്ലം. മാതാപിതാക്കളെപ്പറ്റി വിവരങ്ങള്‍ ലഭ്യമല്ല. മുത്തച്ഛന്‍ പ്രസിദ്ധ ജ്യോതിഷ പണ്ഡിതനായിരുന്ന തലക്കുളം ഗോവിന്ദ ഭട്ടതിരിയുടെയും ശിഷ്യനായിരുന്നത്രെ. പരമേശ്വരന്‍ തന്റെ ഒരു ഗുരുനാഥനായി രുദ്രന്‍ എന്ന പേര് തന്റെ രചനകളില്‍ പല പ്രാവശ്യം സൂചിപ്പിച്ചിട്ടുണ്ട്.

പരമേശ്വരനും മകന്‍ ദാമോദരനും നീലകണ്ഠ സോമയാജിയുടെ ഗുരുനാഥന്മാരായിരുന്നു. ജ്യോതിശാസ്ത്ര ഗണനകള്‍ക്ക് 522-ല്‍ ആര്യഭടന്‍ അവതരിപ്പിച്ച രീതിയാണ് പൊതുവെ ഉപയോഗിച്ചു വന്നിരുന്നത്. പക്ഷേ കാലക്രമേണ അല്‍പ്പാല്‍പ്പം പിശകുവരുന്നത് കണ്ടതിനാല്‍ ഹരിദത്തന്‍ (650 -700) ഗ്രഹാപാരനിബന്ധനം, മഹാമാര്‍ഗ്ഗനിബന്ധനം എന്നീ കൃതികളിലൂടെ പരിഹിത സമ്പ്രദായം അവതരിപ്പിച്ചു. ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായിലെ മാമാങ്ക സമയത്ത് ഈ രീതി കേരളത്തില്‍ പരക്കെ അംഗീകരിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്നു. ആര്യഭടന്റെ രീതി തന്നെയാണ് ഹരിദത്തനും പിന്തുടര്‍ന്നത്. പക്ഷെ ചില തിരുത്തലുകള്‍ നടത്തി എന്നുമാത്രം. പരിഹിത രീതിയില്‍ കണക്കാക്കുമ്പോഴും ഗോളങ്ങളുടെ യഥാര്‍ത്ഥ സ്ഥാനത്തിന് മാറ്റം വരുന്നതായി കണ്ടു. ഈ രീതിക്ക് തിരുത്തല്‍ ആവശ്യമാണെന്ന് മനസ്സിലാക്കിയ പരമേശ്വരന്‍ അമ്പത്തഞ്ചു കൊല്ലത്തോളം ഭാരതപ്പുഴയുടെ മണല്‍പ്പുറത്ത് മലര്‍ന്ന് കിടന്ന് ആകാശത്തിലെ ഗോളങ്ങളെ നിരീക്ഷിച്ച് കണക്കുകൂട്ടലുകള്‍ നടത്തിയെന്നും, അങ്ങിനെയാണ് ദൃഗ്ഗണിതം ആവിഷ്കരിച്ചതെന്നും അദ്ദേഹം പറഞ്ഞിരിക്കുന്നു. 600 വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ വീണ്ടും തിരുത്തലുകള്‍ ആവശ്യമായിരിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു. പരമേശ്വരന്‍ അക്കാലത്ത് ചെയ്ത മഹാത്യാഗത്തെ എത്ര പുകഴ്ത്തിയാലും അധികമാവില്ല. "ദൃഗ്ഗണിതം" പ്രചാരത്തില്‍ വന്നതോടെ രണ്ടുരീതികളും (ദൃഗ്ഗണിതവും പരഹിതവും) ഒരേ സമയം ഉപയോഗത്തില്‍ ഉണ്ടായിരുന്നു. ദൃഗ്ഗണിതം കുറേക്കൂടി കൃത്യമായതിനാല്‍ ജാതകഗണനയ്ക്കും ഗ്രഹണങ്ങള്‍ മുന്‍കൂട്ടി കണ്ടുപിടിക്കുന്നതിനും ഉ പയോഗിക്കാന്‍ തുടങ്ങി. പക്ഷെ വിവിധ അനുഷ്ഠാന ക്രിയകള്‍ക്കും സാമൂഹികാപാരങ്ങള്‍ക്കും പരഹിതം തന്നെയാണ് ഉപയോഗിച്ചിരുന്നത്. ക്രമേണ കൂടുതല്‍ ആവശ്യങ്ങള്‍ക്ക് "ദൃഗ്ഗണിതം" തന്നെ ഉപയോഗിക്കാന്‍ തുടങ്ങി.

പരമേശ്വരന്‍ 1393 മുതല്‍ ധാരാളം സൂര്യ - ചന്ദ്ര ഗ്രഹണങ്ങള്‍ നിരീക്ഷിച്ച് വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. 1431-ലാണ് "ദൃഗ്ഗണിതം" രചിച്ചത്. പരമേശ്വരന്‍ മുപ്പതിലേറെ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ദൃഗ്ഗണിതം, ഗോളദീപിക, ചന്ദ്രഛായഗണിതം, വാക്യകരണം എന്നിവയാണ് ചില രചനകള്‍. ഭടദീപിക (ആര്യഭടീയം), കര്‍മ്മദീപിക (ഭാസ്കരന്‍ ഒന്നാമന്റെ മഹാഭാസ്കരീയം) തുടങ്ങി നിരവധി വ്യാഖ്യാന ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്്. എ, ബി, സി, ഡി വശങ്ങളുള്ള ഒരു ചക്രിയ ചതുര്‍ഭുജത്തിന്റെ നാലു ശീര്‍ഷകങ്ങളും സ്പര്‍ശിക്കുന്ന വൃത്തത്തിന്റെ ആരം കാണാനുള്ള സൂത്രവാക്യം പരമേശ്വരന്‍ ആവിഷ്കരിച്ചിരുന്നു. എന്നാല്‍ 1782-ല്‍ ഇത് ലുയ്ലര്‍ കണ്ടുപിടിച്ചതായാണ് അറിയപ്പെടുന്നത്. പരമേശ്വരന്റെ പുത്രന്‍ ദാമോദരനും പ്രശസ്ത ഗണിത- ജ്യോതിശാസ്ത്ര പണ്ഡിതനായിരുന്നു.

Subscribe to കിളിചെപ്പ് by Email
Share it:

വ്യക്തികള്‍

Post A Comment:

0 comments: