പ്രാണികളുടെ അദ്ഭുതലോകം

Share it:
Picture courtesy : wikipedia
ഇന്ത്യയില്‍ എല്ലായിടങ്ങളിലും പ്രാണിവര്‍ഗങ്ങളുണ്ട്. ചുട്ടുപൊള്ളുന്ന താര്‍ മരുഭൂമിയും തണുത്തുറഞ്ഞ ഹിമാലയന്‍ സാനുക്കളും ഇതില്‍നിന്ന് വ്യത്യസ്തമല്ല! തടാകങ്ങളിലും അരുവികളിലും മാത്രമല്ല, നിങ്ങളുടെ ചുറ്റുവട്ടങ്ങളെല്ലാം ഇവയുടെ വിഹാരകേന്ദ്രങ്ങളാണ്. ഇലകള്‍ക്കിടയില്‍ മറഞ്ഞും ആകാശത്ത് പറന്നും പൂക്കളില്‍ തെളിഞ്ഞും അവ സഞ്ചരിക്കുന്നു.
മനുഷ്യനേത്രങ്ങള്‍ക്ക് കാണാന്‍ കഴിയാത്തവണ്ണം ചെറുതും ഒരു എലിയേക്കാള്‍ വലുപ്പമുള്ളതുമായ പ്രാണിവര്‍ഗങ്ങള്‍ ഈ പ്രപഞ്ചത്തിലുണ്ട്! തന്‍െറ ഭാരത്തേക്കാള്‍ പതിന്മടങ്ങ് ഭാരമുള്ള വസ്തുക്കള്‍ വഹിക്കാന്‍ കെല്‍പുള്ളവയും കുഞ്ഞിച്ചിറകിനാല്‍ ആയിരക്കണക്കിന് മൈലുകള്‍ പറക്കുന്നവയുമായി അദ്ഭുതപ്പെടുത്തുന്നതാണ് പ്രാണികളുടെ ലോകം.
മനുഷ്യന്‍ ഭൂമിയില്‍ വസിക്കാന്‍ ആരംഭിക്കുന്നതിനും എത്രയോ വര്‍ഷം മുമ്പ് ഇവിടെ ഉണ്ടായിരുന്നതാണ് പ്രാണിവര്‍ഗങ്ങള്‍. ഇഴജന്തുക്കള്‍ക്കുംമുമ്പേ പിറവിയെടുത്തതാണവ. ഏതാണ്ട് ഒരു മില്യനിലധികം പ്രാണിവര്‍ഗങ്ങള്‍ ലോകത്തുണ്ടെന്നാണ് ശാസ്ത്രത്തിന്‍െറ കണക്കുകള്‍. ഈ ലോകത്തിലെ എല്ലാതരം മൃഗങ്ങളെയും ഒരുമിച്ചുചേര്‍ത്ത് കണക്കുകൂട്ടിയാല്‍, അതിനേക്കാളേറെ പ്രാണികള്‍ വരുമെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടാവും. എന്നാല്‍, സത്യമതാണ്.
എത്രതരം?
പ്രാണികളെ പൊതുവെ രണ്ട് ഗ്രൂപ്പുകളായി  തിരിക്കാറുണ്ട്. അതില്‍ ഏറ്റവും പ്രധാന ഇനമാണ് ഈച്ചകളുടെയും ചിത്രശലഭങ്ങളുടെയും വിഭാഗമായ പറക്കുംപ്രാണികള്‍. ഇഴയുന്ന വര്‍ഗത്തില്‍പെട്ട പ്രാണികളാണ് രണ്ടാമത്തെ വിഭാഗത്തില്‍ വരുന്നത്. ഉറുമ്പുകളും ചെറുതരം പുഴുക്കളും മറ്റും ഈ വിഭാഗത്തില്‍പെടുന്നു. പല പ്രാണികള്‍ക്കും തലതിരിക്കാതെതന്നെ പല കോണുകളിലേക്ക് കാഴ്ചയെ കേന്ദ്രീകരിക്കാന്‍ കഴിയുമത്രെ. മനുഷ്യനില്ലാത്ത പല പ്രത്യേകതകളും അതുകൊണ്ടുതന്നെ പ്രാണിവര്‍ഗങ്ങള്‍ക്കുണ്ട്. തലയില്‍നിന്ന് ഇരുവശങ്ങളിലേക്കും നീണ്ടുകിടക്കുന്ന നേര്‍ത്ത ‘കൊമ്പുകള്‍’ ഒരു സവിശേഷതയാണ്. ഗന്ധം, ശബ്ദം, രുചി എന്നിവ തിരിച്ചറിയാന്‍ ഈ അവയവം പ്രാണികളെ സഹായിക്കുന്നു.
ഒരു പ്രാണിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക അവയുടെ ശാരീരികമായ പ്രത്യേകതകളാവും. ആറു കാലുകളും രണ്ട് ചിറകുകളുമുള്ള ഒരു ജീവി എന്ന സാമാന്യനിര്‍വചനം നാം അവക്ക് കൊടുക്കുന്നു. എന്നാല്‍, ഇത് പൂര്‍ണമായും ശരിയായ നിഗമനമല്ല, അല്ലാത്ത തരം പ്രാണിവര്‍ഗങ്ങളുമുണ്ട്.
പ്രാണികളും അവയുടെ കാലുകളും
ഒരു  പ്രാണി നടക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഒന്നു നിരീക്ഷിക്കാന്‍ ശ്രമിക്കുക. പലപ്പോഴും ആറു കാലുകളുള്ള ഒരു പ്രാണി മൂന്നു കാലുകള്‍ ഉപയോഗിച്ചാണ് നടക്കുക. മൂന്നു കാലുകള്‍ നിലത്തായിരിക്കുമ്പോള്‍, മൂന്നെണ്ണം ഉയര്‍ന്നിട്ടായിരിക്കുമെന്നര്‍ഥം. ശരീരത്തിന്‍െറ തുലനതയെ (balance) നിയന്ത്രിക്കുന്നത് ഈ കാലുകളാണ്. മേല്‍ത്തട്ടില്‍ താഴോട്ട് വീണുപോവാതെ നടന്നുനീങ്ങുന്ന പ്രാണികള്‍ ഒരു അദ്ഭുതമായി തോന്നുന്നത് അതുകൊണ്ടാണ്. ഏതൊരു പ്രതലത്തിലും അള്ളിപ്പിടിച്ച് നടക്കാനുള്ള കഴിവ് പ്രാണികള്‍ക്കുണ്ട്. മിനുസമാര്‍ന്ന പ്രതലത്തില്‍പോലും ഒട്ടിപ്പിടിച്ചു നില്‍ക്കാനുള്ള കാലുകളുടെ പ്രത്യേകതതന്നെയാണ് ഇതിനു പിന്നില്‍. മാത്രമല്ല, വായകൊണ്ടുമാത്രം ഭക്ഷണപദാര്‍ഥത്തിന്‍െറ രുചി തിരിച്ചറിയുകയല്ല ഒരു പ്രാണി ചെയ്യുന്നത്. മറിച്ച്, അവയുടെ കാലുകള്‍ക്ക് രുചിഭേദങ്ങള്‍ മനസ്സിലാക്കാനുള്ള അപാരകഴിവുണ്ട്. മാത്രമോ? കാലുകള്‍കൊണ്ട് ശബ്ദം തിരിച്ചറിയാനുള്ള കഴിവും ചില പ്രാണികള്‍ക്കുണ്ട്. ചീവിടുകളും പുല്‍ച്ചാടികളും ഇത്തരം പ്രത്യേകതയുള്ള പ്രാണികളാണ്. അതിന്‍െറ മുന്‍കാലുകളാണ് ഇങ്ങനെ ശ്രവണസഹായിയായി പ്രവര്‍ത്തിക്കുന്നത്.

ഇനി ഇത്തരം പ്രത്യേകതകളില്ലാത്ത പ്രാണിവര്‍ഗങ്ങള്‍ എങ്ങനെയാണ് ശബ്ദം തിരിച്ചറിയുന്നതെന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ? അധികം പ്രാണികള്‍ക്കും ശരീരത്തില്‍ രോമങ്ങളുണ്ടായിരിക്കും. ഈ രോമങ്ങളില്‍ ശബ്ദതരംഗങ്ങള്‍ തട്ടുമ്പോള്‍ പ്രകമ്പനം (vibrate) കൊള്ളുകയും അങ്ങനെ ഒരു വസ്തുവിന്‍െറ/ശത്രുവിന്‍െറ സാന്നിധ്യം അവ തിരിച്ചറിയുകയും ചെയ്യുന്നു. ഈ ചിറകുകള്‍ ശക്തിയായി ഉരസി ശബ്ദം സൃഷ്ടിക്കുന്ന ചീവീടുകളെ കണ്ടിട്ടില്ലേ? രാത്രികാലങ്ങളിലെ പാട്ടുകാരാണവര്‍. പച്ചത്തുള്ളനും ഇങ്ങനെ മുന്‍കാലുകളും ചിറകുകളും ഉപയോഗിച്ച് സംഗീതം പൊഴിക്കാന്‍ കഴിയും. ഇവ പെണ്‍വര്‍ഗമല്ലെന്നോര്‍ക്കണം. പക്ഷേ, പെണ്ണിനെ ആകര്‍ഷിക്കാനുള്ള സൂത്രമാണിത്. ചീവീടുകള്‍ക്ക് (crickets) കാതുകള്‍ ഉള്ളതുകൊണ്ട് ആണിന്‍െറ പാട്ട് പെണ്ണിന്‍െറ കാതില്‍ പതിയാതിരിക്കില്ലല്ലോ?
ഈച്ച- ഒരു സാമൂഹിക പ്രാണി
ഉറുമ്പുകളെപ്പോലെ ഒരു സാമൂഹിക പ്രാണിയാണ് (social insect) ഈച്ചകള്‍. നമ്മുടെ വീടിന്‍െറ അകത്തളങ്ങളില്‍ ശല്യക്കാരായി ഇവര്‍ വിഹരിക്കുന്നു. ഒരുപരിധിവരെ ഉറുമ്പുകളുടെ സാമൂഹികജീവിതമാണ് ഈച്ചകളുടേതും. അതില്‍ത്തന്നെ തേനീച്ചകളെ പ്രത്യേകം പഠിക്കേണ്ടതുണ്ട്. ഒരു രാജ്ഞിക്കു കീഴെ പതിനായിരക്കണക്കിന് തേനീച്ചകള്‍ അവരുടേതായ ഡ്യൂട്ടികള്‍ നിര്‍വഹിച്ച് സദാ ജാഗരൂകരായി കഴിയുന്നു. ഒരു രാജ്ഞി ഒരു മില്യന്‍ മുട്ടകളിടുമത്രെ. അതിന്‍െറ പ്രധാന ജോലിയും ഇതുതന്നെ. പെണ്‍വര്‍ഗത്തിനാണ് ജോലിയെല്ലാം. ആണുകള്‍ വെറുതെ മടിയന്മാരായി കറങ്ങിനടക്കും.
തേനീച്ചകള്‍ക്കും ഉറുമ്പുകള്‍ക്കുമുള്ള ഒരു പൊതുസവിശേഷത, പെണ്‍വര്‍ഗത്തിന് അവര്‍ക്കിടയിലുള്ള സ്വാധീനവും നിലയുമാണ്. പ്രാണികള്‍ക്കിടയില്‍ പെണ്‍വര്‍ഗത്തിന് പ്രത്യേകതകളേറെയുണ്ട്. കൊതുകുകളുടെ കഥയും തഥൈവ. കൊതുകുകളില്‍ മനുഷ്യനെ കടിക്കുന്നത് പെണ്‍കൊതുകുകള്‍ മാത്രമാണെന്ന് എത്ര പേര്‍ക്കറിയാം? അതുകൊണ്ടുതന്നെ, മനുഷ്യന്‍െറ പ്രഹരമേറ്റ് ചാവുന്നതും ഇവതന്നെ! ആണ്‍വര്‍ഗമാകട്ടെ, ജലവും പൂന്തേനും കൊണ്ടാണ് ജീവിതം നീക്കുന്നത്.  ഏറിയാല്‍ ഒരു മാസമാണ് കൊതുകിന്‍െറ ആയുസ്സ്.
എല്ലാവര്‍ക്കും ഭക്ഷണം
പ്രാണികള്‍ വ്യത്യസ്ത തരത്തില്‍പെട്ട ഭക്ഷണം ഇഷ്ടപ്പെടുന്നു; മനുഷ്യരെപ്പോലെത്തന്നെ. മുന്‍വശത്തെ ഇരട്ട കൈകള്‍ ഉപയോഗിച്ചാണ് ചിലയിനം പ്രാണികള്‍ ഭക്ഷണം അകത്താക്കുന്നത്. ചീവീടുകള്‍, ഉറുമ്പുകള്‍, പച്ചത്തുള്ളന്മാര്‍ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. മറ്റു ചില പ്രാണികള്‍ക്ക്, ഉദാഹരണത്തിന് ചിത്രശലഭങ്ങള്‍ക്ക്, വലിച്ചുകുടിക്കാനുള്ള ‘ട്യൂബുകള്‍’ (sucking tubes) ശരീരത്തിലുണ്ട്.
നന്നായി കടിച്ചുമുറിച്ചു തിന്നാനുള്ള കഴിവ് ചിലയിനം പ്രാണികള്‍ക്കുണ്ട്. മാംസം, ഇലകള്‍, മരത്തടികള്‍ എന്നിവ മൂര്‍ച്ചയുള്ള മുന്‍ഭാഗമുപയോഗിച്ച് ഇവ ശാപ്പിടുന്നു. തെങ്ങിന്‍െറ മണ്ട തുരന്ന് ഭക്ഷണമാക്കുന്ന ‘തുരപ്പന്‍’ പ്രാണിയെ കണ്ടിട്ടില്ലേ? മണ്ണില്‍ ഒളിച്ചിരുന്ന് ലാര്‍വകളെ പിടിച്ചുതിന്നുന്ന ചിലയിനം പ്രാണിവര്‍ഗത്തെ നിരീക്ഷണവിധേയമാക്കിയാല്‍, അവയുടെ രസകരമായ ‘തീറ്റപ്രിയം’ കണ്ടെത്താന്‍ കഴിയും. മണ്ണില്‍ കുഴിയുണ്ടാക്കി ഒളിച്ചിരുന്ന് ചെറിയ ഉറുമ്പുകളെയും പ്രാണികളെയും അകത്താക്കുന്ന വിരുതന്മാരായ ‘കുഴിയാന’കളെ (antilons) കണ്ടിട്ടില്ലേ? ഒരു ആനയുടെ രൂപസാദൃശ്യമാണിവക്ക്. മാംസഭോജികളായ പ്രാണികള്‍ക്ക് ഉദാഹരണമാണ് കുഴിയാനകള്‍. വെറും ഇലകള്‍ മാത്രം ഭക്ഷിച്ച് സസ്യാഹാരപ്രിയരായി കഴിയുന്ന പ്രാണികളും ലോകത്ത് കുറവല്ല. മഴക്കാടുകളില്‍ ഇവരുടെ സാന്നിധ്യം ഏറെയുണ്ട്.
പ്രകൃതിസംരക്ഷകര്‍
അത്ര നിസ്സാരമായി തള്ളിക്കളയാന്‍ കഴിയുന്നതല്ല പ്രാണികളുടെ ലോകം. മനുഷ്യനും പ്രകൃതിക്കും അവ ഒരുപാട് ഉപകാരങ്ങള്‍ നേരിട്ടും അല്ലാതെയും ചെയ്യുന്നുണ്ട്. സസ്യലോകത്തെ അതിന്‍െറ പച്ചപ്പോടെ നിലനിര്‍ത്തുന്ന എത്രയെത്ര പ്രാണിവര്‍ഗമാണ് നമുക്ക് ചുറ്റിലുമുള്ളതെന്ന് ഒന്നോര്‍ത്തുനോക്കൂ. മണ്ണിനെ ഫലഭൂയിഷ്ഠമാക്കുന്നത് ചിലയിനം പ്രാണികളാണ്. പൂന്തോട്ടങ്ങളില്‍ കടന്നുകൂടി ചെടികളെ തിന്നുനശിപ്പിക്കുന്ന കീടങ്ങളെ ഇല്ലാതാക്കാന്‍ മനുഷ്യന്‍ പ്രാണികളെ ഉപയോഗിച്ചുവരുന്നുണ്ടിന്ന്.
എങ്കിലും, മനുഷ്യന് ഉപദ്രവം ചെയ്യുന്ന പ്രാണികളുമുണ്ട്. ഭക്ഷ്യധാന്യങ്ങള്‍ തിന്നുനശിപ്പിക്കുന്ന ഒരുതരം പ്രാണികള്‍ ലോകത്ത് വ്യാപകമായുണ്ട്. ലോകത്ത് ഉല്‍പാദിപ്പിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ നല്ലൊരു ശതമാനം ഇങ്ങനെ നഷ്ടപ്പെടുന്നുണ്ട്. ചിതലിനെപ്പോലുള്ള പ്രാണികള്‍ മണ്ണിനെ വൃത്തിയായി സൂക്ഷിക്കുന്നതോടൊപ്പം ജീര്‍ണിച്ച പലതിനെയും തിന്ന് ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്. അങ്ങനെ നോക്കുമ്പോള്‍ എടുത്തും കൊടുത്തും പ്രകൃതിയെയും മനുഷ്യനെയും പലരീതിയില്‍ സഹായിക്കുകയാണ് ഈ ജീവിവര്‍ഗങ്ങള്‍ ചെയ്യുന്നത്. വലിയ ഉപകാരങ്ങള്‍ക്കിടയില്‍, ചെറിയ ഉപദ്രവങ്ങളെ നമുക്ക് മറക്കാമെന്നു തോന്നുന്നു.
ചിത്രശലഭപ്പുഴുക്കള്‍
ചെടികളുടെ ഇലകളിലാണ് ചിത്രശലഭപ്പുഴുവിന്‍െറ ജനനമെന്നു പറയാം. ഒരു ചെറിയ മുട്ടയായിട്ടാണ് ഇതിന്‍െറ ആദ്യരൂപം. ഒരുനാള്‍ ഈ മുട്ട ഭേദിച്ച് പുഴു നിറങ്ങളുടെ ലോകത്തിലേക്ക് പിറന്നുവീഴുകയാണ് ചെയ്യുന്നത്. ഇലകള്‍ തിന്നാണ് ഇവ വളരുന്നത്. ദിവസം ഒരു മുഴുവന്‍ ഇല തിന്നാന്‍വരെ ഇവക്ക് കഴിയും. ഇലകളില്‍നിന്ന് ഇലകളിലേക്കു കടന്ന് ഒരു ചെടി മുഴുവന്‍ ഈ ‘പുഴുപ്രാണി’ അകത്താക്കും. ഇങ്ങനെ, ഇലകള്‍ തിന്നു വളരുന്ന പുഴു ഓരോ തവണയും പുറന്തോടുരിഞ്ഞ് പുത്തന്‍ വര്‍ണരൂപങ്ങള്‍ കൈവരിക്കുകയും ഒടുക്കം ചിത്രശലഭമായി ആകാശത്തെ അലങ്കരിക്കുകയും ചെയ്യുന്നു. പ്രാണികള്‍ക്ക് എല്ലുകള്‍ ഇല്ലാത്തതിനാല്‍, തൊലിയാണ് (skin) അവയുടെ വളര്‍ച്ചയെ നിയന്ത്രിക്കുന്നത്. അതുകൊണ്ടുതന്നെ, പരിധിവിട്ട് വളരാന്‍ ഇവക്കു കഴിയില്ല്ള.
ഒരു ചിത്രശലഭത്തിന്‍െറ ജീവിതചക്രം നാല് ഘട്ടങ്ങള്‍ ചേര്‍ന്നതാണ്. മുട്ട, ലാര്‍വ, പ്യൂപ്പ, പൂമ്പാറ്റ എന്നിവയാണവ. മുട്ടവിരിഞ്ഞ് പുറത്തുവരുന്ന പൂമ്പാറ്റപ്പുഴുവിന്‍െറ ആദ്യഭക്ഷണം മുട്ടയുടെ പുറന്തോടുകളാണ്. പിന്നീടാണ് ഇവ ഇലകള്‍ ഭക്ഷണമാക്കുന്നത്. ശലഭപ്പുഴുവിന്‍െറ സഞ്ചാരത്തിനിടയില്‍ നാം കാണുന്ന സില്‍ക് നൂലുകള്‍ അവക്ക് ദിശാബോധമുണ്ടാക്കാന്‍ സഹായിക്കുന്നവയത്രെ!
ജലത്തിലെ പ്രാണികള്‍
കരയില്‍ മാത്രമല്ല, ജലത്തിലും ധാരാളം പ്രാണിവര്‍ഗങ്ങളുണ്ട്. ഇവയില്‍ ചിലത് നമ്മുടെ നേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയുന്നവയാണ്. അങ്ങനെയല്ലാത്തവയുമുണ്ട്. ഒരു കുളത്തിന്‍െറ കരയില്‍ ചെന്നുനിന്ന് വെള്ളത്തിലേക്ക് സൂക്ഷിച്ചുനോക്കൂ. അപ്പോള്‍കാണാം പ്രാണിവര്‍ഗത്തിന്‍െറ വിസ്മയലോകം. ജലോപരിതലത്തില്‍ വേഗത്തില്‍ പാഞ്ഞുനടക്കുന്ന ‘എഴുത്തച്ഛന്‍ പ്രാണിയെ’ (water bugs) ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ? വിദഗ്ധനായ ഒരു ‘ഐസ് സ്കെയ്റ്ററെ’പ്പോലെയാണിവ! മുന്‍കാലുകള്‍കൊണ്ട് ഇരകള്‍ പിടിച്ചും കൂര്‍ത്ത ചുണ്ടിനാല്‍ ചെറുപ്രാണികളുടെ ജീവനെടുത്തും ഇവ സൈ്വരമായി വിഹരിക്കുകയാണ്.
നദികളിലും തടാകങ്ങളിലും കണ്ടുവരുന്ന ‘ജലവണ്ടുകള്‍ (water beetle) ഒരു പ്രത്യേകതരം പ്രാണിവര്‍ഗമാണ്. തുഴയുടെ ആകൃതിയിലുള്ള കാലുകള്‍ ഉപയോഗിച്ച് ജലത്തിലൂടെ വളരെ വേഗത്തില്‍ തുഴഞ്ഞുനടക്കാന്‍ ഇവക്ക് കഴിയുന്നു. ധാരാളം സമയം ജലത്തിനടിയില്‍ വസിക്കാനും ഈ ജീവിക്ക് നിഷ്പ്രയാസം കഴിയും. നീന്തല്‍വിദഗ്ധരായ  ജലവണ്ടുകളെയും കാണാന്‍ കഴിയും. ഇവ കരയിലും ജലത്തിലും ഒരുപോലെ കഴിയാന്‍ ഇഷ്ടപ്പെടുന്നവയാണ്. ഇവയെ ‘ജലനരികളെ’ന്നും വിളിക്കാറുണ്ട്. വലിയ മത്സ്യങ്ങളെപ്പോലും വകവരുത്താനുള്ള കഴിവും തന്ത്രവും ഉള്ളതുകൊണ്ടാണ് ഇവക്ക് ഈ പേര് വീണത്. കറുപ്പിലും നീലയിലും കണ്ടുവരുന്ന ചെറിയതരം ജലവണ്ടുകളും ഇവയുടെ ഗണത്തില്‍പെടുന്നവയാണെങ്കിലും മിക്കനേരങ്ങളിലും ജലോപരിതലത്തിലാണ് ചെറു ജലവണ്ടുകളുടെ വാസം.
ചൈനയിലെ ഡ്രാഗണ്‍ പ്രസിദ്ധമാണല്ലോ. ഒറ്റനോട്ടത്തില്‍ ഡ്രാഗണിനെ ഓര്‍മപ്പെടുത്തുന്ന ജലപ്രാണി വര്‍ഗമാണ് ‘വാട്ടര്‍ ഡ്രാഗണ്‍’. മാസങ്ങളോളം വെള്ളത്തില്‍ വസിക്കാനുള്ള കഴിവ് ഇവക്കുണ്ട്. ചിലപ്പോള്‍ ഒരു വര്‍ഷത്തോളം ഇവ ജലവാസം നടത്തുന്നു. ശരീരത്തിലെ ചെറിയ ഗ്രില്ലുകള്‍ ഉപയോഗിച്ച് ശ്വസിച്ചുകൊണ്ടാണ് ഈ കാലയളവില്‍ ഇവ ജീവന്‍ നിലനിര്‍ത്തുന്നത്.
ലേഖകന്‍:അബ്ദുല്ല പേരാമ്പ്ര
കടപ്പാട്: മാധ്യമം ദിനപത്രം 
Subscribe to കിളിചെപ്പ് by Email
Share it:

Post A Comment:

0 comments: