നമ്മുടെ കേരളം

Share it:

1956 നവംബര്‍ ഒന്നിനാണ് കേരള സംസ്ഥാനം രൂപംകൊണ്ടതെന്ന് അറിയാമല്ലോ. അതിനാല്‍, എല്ലാ വര്‍ഷവും നവംബര്‍ ഒന്ന് കേരളപ്പിറവി ദിനമായാണ് ആചരിക്കുന്നത്. കേരളം പിറന്ന് 56 വര്‍ഷം തികയുന്ന ഈ സമ്മോഹനവേളയില്‍ മറ്റൊരു മധുരം കൂടിയുണ്ട് നമുക്ക് അഭിമാനിക്കാന്‍. എന്താണെന്നല്ലേ? നമ്മുടെ മാതൃഭാഷയായ മലയാളത്തിന് സ്വന്തമായൊരു സര്‍വകലാശാലക്ക് തുടക്കമിട്ടിരിക്കുന്നു. അത് ഇക്കഴിഞ്ഞ നവംബര്‍ ഒന്നിനായിരുന്നു.
‘തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല’ക്ക് മലപ്പുറം തിരൂരിലാണ് തറക്കല്ലിട്ടത്. മലയാള ഭാഷാപിതാവായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍െറ ജന്മനാടായതിനാലാണ് തിരൂരില്‍ മലയാളം സര്‍വകലാശാല സ്ഥാപിക്കാന്‍ തീരുമാനിച്ചത്.
നമ്മുടെ ഭാഷയുടെ വളര്‍ച്ചക്കും വികാസത്തിനും ഈ സര്‍വകലാശാല സഹായകമാവുമെന്ന് പ്രതീക്ഷിക്കാം.

ജില്ലകള്‍ പിറന്ന വഴി
കേരളത്തില്‍ 14 ജില്ലകളാണുള്ളത്. എന്നാല്‍, സംസ്ഥാനം രൂപംകൊള്ളുമ്പോള്‍ ഇത്രയും ജില്ലകള്‍ രൂപവത്കരിക്കപ്പെട്ടിരുന്നില്ല. ആകെയുണ്ടായിരുന്നത് അഞ്ചു ജില്ലകളായിരുന്നു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂര്‍, മലബാര്‍ എന്നിവയായിരുന്നു അവ.
രണ്ടുമാസത്തിനുശേഷം, 1957 ജനുവരി ഒന്നിന് മലബാര്‍ ജില്ലയെ വിഘടിപ്പിച്ച് പുതിയ മൂന്ന് ജില്ലകള്‍ രൂപവത്കരിച്ചു. പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നിവയാണവ. ഇതോടെ ഫലത്തില്‍ മലബാര്‍ ജില്ല ഇല്ലാതായി.
ഇതേവര്‍ഷം ആഗസ്റ്റ് 17നായിരുന്നു ആലപ്പുഴ ജില്ലയുടെ പിറവി. കോട്ടയം, കൊല്ലം എന്നീ ജില്ലകള്‍ വിഭജിച്ചാണ് ആലപ്പുഴ രൂപംകൊണ്ടത്.
തൃശൂര്‍, കോട്ടയം ജില്ലകളെ വിഭജിച്ച് 1958 ഏപ്രില്‍ ഒന്നിന് എറണാകുളം ജില്ല രൂപവത്കരിച്ചു. 1969 ജൂണ്‍ 16നായിരുന്നു മലപ്പുറം ജില്ല പിറവികൊണ്ടത്. കോഴിക്കോട് ജില്ലയിലെയും പാലക്കാട് ജില്ലയിലെയും പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്തായിരുന്നു ഇത്. 1972 ജനുവരി 26ന് എറണാകുളത്തെയും കോട്ടയത്തെയും വിഭജിച്ചാണ് ഇടുക്കി രൂപംകൊള്ളുന്നത്. 1980 നവംബര്‍ ഒന്നിനായിരുന്നു വയനാട് ജില്ല രൂപവത്കരിച്ചത്. കോഴിക്കോട് ജില്ലയുടെ ഭാഗമായിരുന്ന തെക്കന്‍ വയനാടും കണ്ണൂര്‍ ജില്ലയുടെ ഭാഗമായിരുന്ന വടക്കന്‍ വയനാടും കൂട്ടിച്ചേര്‍ത്തായിരുന്നു ഇത്.
കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഉള്‍പ്പെട്ടിരുന്ന പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് 1982 നവംബര്‍ ഒന്നിനാണ് പത്തനംതിട്ട ജില്ല രൂപവത്കരിച്ചത്. കേരളത്തില്‍ അവസാനം രൂപംകൊണ്ട ജില്ലയായ കാസര്‍കോടിന്‍െറ പിറവി 1984 മേയ് 24നായിരുന്നു. കണ്ണൂര്‍ ജില്ലയെ വിഭജിച്ചായിരുന്നു ഇത്.
ജില്ലാ ആസ്ഥാനം
വയനാട്, ഇടുക്കി എന്നീ ജില്ലകള്‍ക്കു മാത്രമാണ് അതേപേരില്‍ ജില്ലാ ആസ്ഥാനമില്ലാത്തത്. കാരണം, പേരില്‍ മാത്രമായാണ് വയനാട്, ഇടുക്കി ജില്ലകള്‍ നിലകൊള്ളുന്നത്. ആ പേരില്‍ പ്രത്യേക സ്ഥലമില്ലതന്നെ. വയനാടിന്‍െറ ജില്ലാ ആസ്ഥാനം കല്‍പറ്റയും ഇടുക്കിയുടേത് പൈനാവുമാണ്. മറ്റു ജില്ലകളുടെ ആസ്ഥാനങ്ങള്‍  നിലകൊള്ളുന്നത് ജില്ലയുടെ അതേപേരിലാണ്.

നമ്മുടെ മുഖ്യമന്ത്രിമാര്‍
കേന്ദ്രത്തിലെന്നപോലെ സംസ്ഥാനത്തും അഞ്ചു വര്‍ഷമാണ് ഭരണകാലാവധി. എന്നാല്‍, കേരള ചരിത്രത്തില്‍ പല കാരണങ്ങളാല്‍ പല മുഖ്യമന്ത്രിമാര്‍ക്കും നിശ്ചിത കാലാവധി പൂര്‍ത്തിയാക്കാനായിട്ടില്ല. കേരളപ്പിറവി മുതല്‍ ഒരു വര്‍ഷം രാഷ്ട്രപതി ഭരണമാണ് ഉണ്ടായിരുന്നത്. കേരള നിയമസഭയിലേക്കുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത് 1957 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായിരുന്നു. ആകെ 126 സീറ്റുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും അതിന്‍െറ പിന്തുണയുള്ള ഏതാനും സ്വതന്ത്രര്‍ക്കും കൂടി 65 സീറ്റ് ലഭിച്ചു. ഭൂരിപക്ഷം നേടിയതോടെ ഇ.എം.എസ് നമ്പൂതിരിപ്പാടിന്‍െറ നേതൃത്വത്തില്‍ കേരളത്തിന്‍െറ ആദ്യത്തെ മന്ത്രിസഭ നിലവില്‍വന്നു. ഏഷ്യയിലെ തെരഞ്ഞെടുപ്പുവഴി അധികാരത്തിലെത്തുന്ന ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ കൂടിയായിരുന്നു അത്. അങ്ങനെ ഏലംകുളം മനക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് എന്ന ഇ.എം.എസ് നമ്പൂതിരിപ്പാട് ഐക്യകേരളത്തിന്‍െറ ആദ്യത്തെ മുഖ്യമന്ത്രിയുമായി.
എന്നാല്‍, ഭരണം അധികകാലം നീണ്ടുനിന്നില്ല. ഗവര്‍ണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് 1959 ജൂലൈ 31ന് സംസ്ഥാനത്തിന്‍െറ ഭരണം രാഷ്ട്രപതി ഏറ്റെടുത്തു. പിന്നീട് കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം പ്രതിപക്ഷ നേതാവായിരുന്നു ഇ.എം.എസ്. 1960ല്‍ രാഷ്ട്രപതി ഭരണം അവസാനിച്ചപ്പോള്‍ ഫെബ്രുവരിയില്‍ തെരഞ്ഞെടുപ്പ് അരങ്ങേറി.
പട്ടം താണുപിള്ളയായിരുന്നു രണ്ടാമത് മുഖ്യമന്ത്രി. കേരള രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി കൂട്ടുകക്ഷി മന്ത്രിസഭക്ക് നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു. ഐക്യകേരളത്തിനു മുമ്പുണ്ടായിരുന്ന തിരു-കൊച്ചി സംസ്ഥാനത്തിന്‍െറയും മുഖ്യമന്ത്രിയായിരുന്നു പട്ടം എ. താണുപിള്ള. 1960 ഫെബ്രുവരി 22ന് ചുമതലയേറ്റ അദ്ദേഹം 1962 സെപ്റ്റംബര്‍ 26ന് സ്ഥാനമൊഴിഞ്ഞു. തുടര്‍ന്ന്, 1964 സെപ്റ്റംബര്‍ 10 വരെ ആര്‍. ശങ്കറായിരുന്നു മുഖ്യമന്ത്രി. എന്നാല്‍, കാലാവധി പൂര്‍ത്തിയാക്കുംമുമ്പ് ശങ്കറിന് രാജിവെച്ചൊഴിയേണ്ടിവന്നു. സഖ്യകക്ഷികളുടെ പിന്തുണ നഷ്ടപ്പെട്ടതായിരുന്നു കാരണം. 1964 സെപ്റ്റംബര്‍ 10 മുതല്‍ സംസ്ഥാനത്തിന്‍െറ ഭരണം രാഷ്ട്രപതി ഏറ്റെടുത്തു.
1967ല്‍ വന്‍ ഭൂരിപക്ഷത്തോടെ ഇ.എം.എസിന്‍െറ നേതൃത്വത്തിലുള്ള മന്ത്രിസഭ നിലവില്‍ വന്നു. പക്ഷേ, രാഷ്ട്രീയ കാരണങ്ങളാല്‍ 1969 ഒക്ടോബറില്‍ മുഖ്യമന്ത്രിപദം ഒഴിയേണ്ടിവന്നു. തുടര്‍ന്ന് 1969 നവംബര്‍ ഒന്നിന് സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായി. 1970 ആഗസ്റ്റ് 10ന് അച്യുതമേനോന്‍െറ നേതൃത്വത്തിലുള്ള മന്ത്രിസഭയും രാജിവെച്ചു. ജനങ്ങളുടെ വിശ്വാസവോട്ട് നേടുന്നതിനായിരുന്നു ഇത്. 1970 ഒക്ടോബര്‍ നാലിന് വീണ്ടും അധികാരത്തിലെത്തിയ സി. അച്യുതമേനോന്‍ കേരളത്തില്‍ കൂടുതല്‍ കാലം തുടര്‍ച്ചയായി ഭരിച്ച മുഖ്യമന്ത്രി എന്ന റെക്കോഡിട്ടു. 1977 മാര്‍ച്ച് 25 വരെ ഏകദേശം ഏഴു വര്‍ഷമായിരുന്നു ഈ ഭരണം. ഭരണകാലാവധി പൂര്‍ത്തിയാക്കിയ ആദ്യ മുഖ്യമന്ത്രിയുമായി അദ്ദേഹം.
1977ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി കെ. കരുണാകരന്‍െറ നേതൃത്വത്തിലുള്ള മന്ത്രിസഭ നിലവില്‍വന്നു. എന്നാല്‍, വെറും ഒരു മാസത്തെ ആയുസ്സേ മന്ത്രിസഭക്കുണ്ടായുള്ളൂ. 1977 മാര്‍ച്ച് 25ന് ചുമതലയേറ്റ കരുണാകരന്‍ ഏപ്രില്‍ 25ന് രാജിവെച്ചൊഴിഞ്ഞു. തുടര്‍ന്ന് എ.കെ. ആന്‍റണി മുഖ്യമന്ത്രിയായി. കേരളത്തിലെ പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന് ചുമതലയേല്‍ക്കുമ്പോള്‍ 37 വയസ്സായിരുന്നു. 1977 ഏപ്രില്‍ 27ന് മുഖ്യമന്ത്രിപദമേറ്റ അദ്ദേഹം കാലാവധി പൂര്‍ത്തിയാക്കുംമുമ്പ് 1978 ഒക്ടോബര്‍ 27ന് രാജി സമര്‍പ്പിച്ചു. തുടര്‍ന്ന് ’78 ഒക്ടോബര്‍ 29ന് പി.കെ.വി. എന്ന പി.കെ. വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിയായി. അടുത്തവര്‍ഷം ഒക്ടോബര്‍ ഏഴിന് അദ്ദേഹം രാജിവെച്ചു. തുടര്‍ന്ന് 1979 ഒക്ടോബര്‍ 12ന് സി.എച്ച്. മുഹമ്മദ്കോയ മുഖ്യമന്ത്രിയായി അധികാരമേറ്റു. വെറും ആറു മന്ത്രിമാര്‍ മാത്രമുണ്ടായിരുന്ന ഈ മന്ത്രിസഭയായിരുന്നു കേരളത്തിലെ ഏറ്റവും ചെറിയ മന്ത്രിസഭ. ഈ ഭരണം അധികകാലം നീണ്ടുനിന്നില്ല. ’79 ഡിസംബര്‍ ഒന്നിന് അദ്ദേഹം സ്ഥാനമൊഴിഞ്ഞു. അങ്ങനെ ഏറ്റവും കുറച്ചുകാലം മുഖ്യമന്ത്രിയായ വ്യക്തിയെന്ന റെക്കോഡ് അദ്ദേഹത്തിന്‍െറ പേരിലായി. 54 ദിവസമായിരുന്നു അദ്ദേഹത്തിന്‍െറ  ഭരണം. 1961ലെ മന്ത്രിസഭയില്‍ സ്പീക്കറായിരുന്ന അദ്ദേഹം, സ്പീക്കറും മുഖ്യമന്ത്രിയുമാകുന്ന ഏക വ്യക്തിയായി. 1977 മാര്‍ച്ച് മുതല്‍ 1979 ഡിസംബര്‍ വരെയുള്ള രണ്ടര വര്‍ഷത്തിനിടെ നാല് മുഖ്യമന്ത്രിമാരാണ് കേരളം ഭരിച്ചത്.
1980 ജനുവരി 25 മുതല്‍ ’81 ഒക്ടോബര്‍ 20 വരെ ഇ.കെ. നായനാരായിരുന്നു മുഖ്യമന്ത്രി. പിന്തുണ നഷ്ടപ്പെട്ടതോടെ രാജിവെക്കേണ്ടിവന്നു അദ്ദേഹത്തിന്. തുടര്‍ന്ന് ’81 ഡിസംബര്‍ 28ന് കെ. കരുണാരന്‍ അധികാരമേറ്റു. ’82 മാര്‍ച്ച് 17 വരെ അദ്ദേഹം സംസ്ഥാനം ഭരിച്ചു. അദ്ദേഹത്തിനും കാലാവധി പൂര്‍ത്തിയാക്കാനായില്ല. പിന്നീട് രണ്ടുമാസം രാഷ്ട്രപതി ഭരണമായിരുന്നു സംസ്ഥാനത്തില്‍.
’82 മേയ് 24 മുതല്‍ ’87 മാര്‍ച്ച് 25 വരെ കെ. കരുണാകരന്‍ വീണ്ടും മുഖ്യമന്ത്രിയായി. അങ്ങനെ കാലാവധി തികച്ച ആദ്യ കോണ്‍ഗ്രസ് മന്ത്രിയായി അദ്ദേഹം. ’87 മാര്‍ച്ച് 26 മുതല്‍ ’91 ജൂണ്‍ 17 വരെ ഇകെ. നായനാരായിരുന്നു മുഖ്യമന്ത്രി. ’91 ജൂണ്‍ 24 മുതല്‍ ’95 മാര്‍ച്ച് 16 വരെ കെ. കരുണാകരന്‍ വീണ്ടും മുഖ്യമന്ത്രിപദവിയിലെത്തി. എന്നാല്‍, കാലാവധി പൂര്‍ത്തിയാകുംമുമ്പ് രാജിവെച്ച അദ്ദേഹത്തിന് പകരം ’95 മാര്‍ച്ച് 22 മുതല്‍ ’96 മേയ് ഒമ്പതുവരെ എ.കെ. ആന്‍റണി മുഖ്യമന്ത്രിസ്ഥാനം വഹിച്ചു. ഇ.കെ. നായനാരായിരുന്നു പിന്നീട് വന്ന മുഖ്യമന്ത്രി (1996 മേയ് 20-2001 മേയ് 13). ഇതോടെ ഏറ്റവും കൂടുതല്‍ കാലം കേരളത്തില്‍ മുഖ്യമന്ത്രിയായ വ്യക്തിയെന്ന റെക്കോഡ് ഇ.കെ. നായനാരുടെ പേരിലായി. ശേഷം എ.കെ. ആന്‍റണിയും (2001 മേയ് 17-2004 ആഗ്സറ്റ് 29) അദ്ദേഹം രാജിവെച്ച ഒഴിവില്‍ ഉമ്മന്‍ചാണ്ടിയും (2004 ആഗസ്റ്റ് 31 -2006 മേയ് 18) ഭരണസാരഥ്യം വഹിച്ചു. 2006 മേയ് 18 മുതല്‍ 2011 മേയ് 18 വരെ വി.എസ്. അച്യുതാനന്ദനായിരുന്നു മുഖ്യമന്ത്രി. സ്ഥാനമേറ്റെടുത്ത് ഗവര്‍ണര്‍ മുമ്പാകെ സത്യപ്രതിജ്ഞ ചൊല്ലുമ്പോള്‍ അദ്ദേഹത്തിന് 83 വയസ്സുണ്ടായിരുന്നു.
കേരളത്തില്‍ മുഖ്യമന്ത്രിയാവുന്ന ഏറ്റവും പ്രായംകൂടിയ ആള്‍ എന്ന റെക്കോഡ് ഇതോടെ അദ്ദേഹത്തിന്‍െറ പേരിലായി. നിലവിലെ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി ഭരണമേറ്റെടുത്തത് 2011 മേയ് 18നായിരുന്നു.

മണ്ണും വിളവും
നമ്മുടെ സംസ്ഥാനത്തിന്‍െറ ഭൂപ്രകൃതി വ്യത്യസ്തമാണ്. ഇന്ത്യയുടെ തെക്കേ അറ്റത്തായാണ് കേരളത്തിന്‍െറ സ്ഥാനം. കിഴക്കുഭാഗത്ത് പശ്ചിമഘട്ട മലനിരകളും പടിഞ്ഞാറു ഭാഗത്ത് അറബിക്കടലുമാണ് അതിര്‍ത്തിയിടുന്നത്. കേരളത്തെ ഭൂപ്രകൃതിയുടെ അടിസ്ഥാനത്തില്‍ മൂന്നായി തരംതിരിക്കുന്നു.
മലനാട്, ഇടനാട്, സമതലം എന്നിങ്ങനെയാണവ. കിഴക്കുഭാഗത്തെ അതിര്‍ത്തിപ്രദേശമായ സഹ്യപര്‍വത നിരയാണ് മലനാട്. ഇടതൂര്‍ന്ന വനങ്ങളും മലഞ്ചെരിവില്‍ തോട്ടങ്ങളുമാണ് ഈ പ്രദേശങ്ങളുടെ പ്രത്യേകതകള്‍. പടിഞ്ഞാറു ഭാഗത്ത് കടലിനോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളാണ് സമതലങ്ങള്‍. ഈ പ്രദേശങ്ങളിലെ  മണ്ണ് മണല്‍ നിറഞ്ഞതായിരിക്കും. സമതലത്തിനും മലനാട്ടിനുമിടയിലെ പ്രദേശങ്ങളാണ് ഇടനാട് എന്നറിയപ്പെടുന്നത്. ഇവിടത്തെ മണ്ണില്‍ ചെങ്കല്ലിന്‍െറ കലര്‍പ്പുണ്ടായിരിക്കും. ഒറ്റപ്പെട്ട കുന്നുകളും താഴ്വരകളും ഇവിടെ കാണപ്പെടുന്നു. മണ്ണിന്‍െറ മാറ്റമനുസരിച്ച് നമ്മുടെ കാര്‍ഷിക വിളകളിലും മാറ്റംവരുന്നു. കിഴക്കന്‍ മേഖലകളില്‍ തേയിലയും കാപ്പിയുമടക്കമുള്ളവ സമൃദ്ധമായി വളരുമ്പോള്‍ സമതലങ്ങളില്‍ തെങ്ങും നെല്ലും വിളയുന്നു. ഇടനാട്ടിലാവട്ടെ, സുഗന്ധദ്രവ്യങ്ങളും നെല്ലും മരച്ചീനിയും കശുവണ്ടിയും കുരുമുളകും ഇഞ്ചിയും മഞ്ഞളും റബറുമൊക്കെ വിളയുന്നു.
ഇതനുസരിച്ച് കേരളത്തിലെ പല ജില്ലകളിലും പല വിളകളാണ് കൂടുതലായി ഉല്‍പാദിപ്പിക്കുന്നത്. നെല്ല്, പരുത്തി, ഓറഞ്ച്, നിലക്കടല, പയറുവര്‍ഗങ്ങള്‍ എന്നിവയുടെ ഉല്‍പാദനത്തില്‍ പാലക്കാട് ജില്ലയാണ് ഒന്നാമത്. എന്നാല്‍, കുരുമുളകും ഏലവും ഗ്രാമ്പുവും തേയിലയും ചന്ദനവും കൂടുതല്‍ വിളയുന്നത് ഇടുക്കിയിലാണ്. ഇഞ്ചിയുടെയും കാപ്പിയുടെയും ഉല്‍പാദനത്തില്‍ വയനാടാണ് ഒന്നാമത്. അടക്കയും വാഴപ്പഴവും കൃഷിചെയ്യുന്നതില്‍ മുന്‍പന്തിയിലുള്ളത് മലപ്പുറമാണ്. തേങ്ങ കോഴിക്കോട്ടും മരച്ചീനിയും മാമ്പഴവും തിരുവനന്തപുരത്തും റബറും കൊക്കോയും കോട്ടയത്തും കശുവണ്ടി കണ്ണൂരും കൈതച്ചക്ക എറണാകുളത്തും കൂടുതലായി കൃഷി ചെയ്യുന്നു.

ജില്ലകള്‍  പ്രത്യേകതകള്‍
  • നിലവില്‍ കേരളത്തിലെ ഏറ്റവും വലിയ ജില്ല പാലക്കാടാണ്. സംസ്ഥാനത്തിന്‍െറ ആകെ വിസ്തൃതിയുടെ 11.53 ശതമാനവും വരുമിത്. 4,480 ചതുരശ്ര കിലോമീറ്ററാണ് ജില്ലയുടെ വിസ്തീര്‍ണം.  കാര്‍ഷിക ജില്ലകൂടിയായ പാലക്കാടിനെ ‘കേരളത്തിന്‍െറ നെല്ലറ’ എന്നാണ് വിളിക്കുന്നത്. വലുപ്പത്തില്‍ ഒന്നാമതാണെങ്കിലും ജനസംഖ്യയില്‍ ആറാമതാണ് ഈ ജില്ല. എന്നാല്‍, കേരളത്തില്‍ ഏറ്റവും കൂടുതല്‍ പട്ടികജാതിക്കാരുള്ളത് പാലക്കാടാണ്. സാക്ഷരതയുടെ കാര്യത്തിലാവട്ടെ, ഏറ്റവും പിന്നിലാണ് ഈ ജില്ലയുടെ സ്ഥാനം.
  • ആലപ്പുഴയാണ് ഏറ്റവും ചെറിയ ജില്ല. 1,414 ചതുരശ്ര കിലോമീറ്ററാണ് വിസ്തീര്‍ണം. കേരളത്തിന്‍െറ ആകെ വിസ്തൃതിയുടെ 3.64 ശതമാനം മാത്രമാണിത്. എന്നാല്‍, ഏറ്റവും ജനസാന്ദ്രത കൂടിയ ജില്ലയാണ് ആലപ്പുഴ. ഒരു ചതുരശ്ര കിലോമീറ്ററില്‍ 1492 പേര്‍ താമസിക്കുന്നെന്നാണ് കണക്ക്. കേരളത്തിന്‍െറ മൊത്തം ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 859 ആണ്. ആകെ വിസ്തീര്‍ണത്തെ ജനസംഖ്യകൊണ്ട് ഭാഗിച്ചാണ് ജനസാന്ദ്രത കണക്കാക്കുന്നത്. കേരളത്തില്‍ വനഭൂമിയില്ലാത്ത ഏക ജില്ലയാണ് ആലപ്പുഴ.
  • വലുപ്പത്തില്‍ മൂന്നാമതാണെങ്കിലും ജനസംഖ്യയുടെ കാര്യത്തില്‍ ഒന്നാമത് നില്‍ക്കുന്ന ജില്ലയാണ് മലപ്പുറം. 36,25,471 ആണ് ജനസംഖ്യ. സംസ്ഥാന ജനസംഖ്യയുടെ 11.39 ശതമാനം വരുമിത്.
  • ഏറ്റവും കുറച്ച് ജനസംഖ്യയുള്ള ജില്ല വയനാടാണ്. 7,80,619 പേരാണ് ജില്ലയില്‍ താമസിക്കുന്നത്. സംസ്ഥാന ജനസംഖ്യയുടെ 2.45 ശതമാനമാണിത്. രണ്ട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ഒരേയൊരു ജില്ലയാണ് വയനാട്. കടല്‍ത്തീരവും റെയില്‍പ്പാളവും ഇവിടെ തീരെയില്ല. 25 ഗ്രാമപഞ്ചായത്തുകളും 48 വില്ലേജുകളും മാത്രമുള്ള വയനാട് തന്നെയാണ് കേരളത്തില്‍ ഏറ്റവും കുറച്ച് ഗ്രാമപഞ്ചായത്തുകളും വില്ലേജുകളുമുള്ള ജില്ല.
  • കേരളത്തിന്‍െറ തെക്കേയറ്റത്തുള്ള ജില്ലയായ തിരുവനന്തപുരത്താണ് നമ്മുടെ തലസ്ഥാനം നിലകൊള്ളുന്നത്. കേരളത്തിലെ ഏക സിംഹ സഫാരി പാര്‍ക്ക് ഉള്‍ക്കൊള്ളുന്ന നെയ്യാര്‍ വന്യജീവി സങ്കേതം ഈ ജില്ലയിലാണുള്ളത്.
  • ഏറ്റവും കുറച്ച് കടല്‍ത്തീരമുള്ള ജില്ലയാണ് കൊല്ലം. 37 കിലോമീറ്ററാണ് ജില്ലയിലെ കടല്‍ത്തീരം. കേരളത്തിലെ ആദ്യത്തെ ഇക്കോ ടൂറിസ്റ്റ് കേന്ദ്രമായി അറിയപ്പെടുന്ന തെന്മല സ്ഥിതിചെയ്യുന്നത് കൊല്ലം ജില്ലയിലാണ്.
  • കേരളത്തില്‍ ഏറ്റവും കുറച്ച് റെയില്‍പാതയുള്ള ജില്ല പത്തനംതിട്ടയാണ്. ഒരേയൊരു റെയില്‍വേ സ്റ്റേഷനേ ഈ ജില്ലയിലുള്ളൂ -തിരുവല്ല! 
  • കോട്ടയമാണ് ഏറ്റവും സാക്ഷരതയുള്ള ജില്ല. 95.82 ശതമാനമാണ് ഇവിടത്തെ സാക്ഷരതാനിരക്ക്. കേരളത്തിലെ ആദ്യത്തെ അച്ചടിശാലയും കോളജും സ്ഥാപിക്കപ്പെട്ടത് കോട്ടയത്താണ്.
  • ഏറ്റവും ജനസാന്ദ്രത കുറഞ്ഞ ജില്ലയും ഏറ്റവുമധികം വനപ്രദേശമുള്ള ജില്ലയും ഇടുക്കിയാണ്. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയും ഉയര്‍ന്ന കൊടുമുടിയും സ്ഥിതിചെയ്യുന്നത് ഇടുക്കിയില്‍ത്തന്നെയാണ്. ഒരേയൊരു ചന്ദനക്കാടുള്ളതും ഇവിടെത്തന്നെ- മറയൂരില്‍.
  • ഇന്ത്യയില്‍ സമ്പൂര്‍ണ സാക്ഷരത നേടിയ ആദ്യ ജില്ലയാണ് എറണാകുളം. ഏറ്റവും കൂടുതല്‍ ആളുകള്‍ നഗരപ്രദേശങ്ങളില്‍ താമസിക്കുന്നത് എറണാകുളത്താണ്. ജില്ലയിലെ ആകെ ജനസംഖ്യയില്‍ 47.56 ശതമാനം പേരും നഗരത്തില്‍ വസിക്കുന്നവരാണ്.
  • കേരളത്തിന്‍െറ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന തൃശൂര്‍ ജില്ലയിലാണ് ഇന്ത്യയിലെ ആദ്യത്തെ മുസ്ലിംപള്ളി സ്ഥിതിചെയ്യുന്നത്. ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്ത്യന്‍ ദേവാലയമായ പുത്തന്‍പള്ളിയും തൃശൂരില്‍ത്തന്നെയാണുള്ളത്. പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരവും അരങ്ങേറുന്നതവിടെത്തന്നെ.
  • കടല്‍മാര്‍ഗം ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യനായ പോര്‍ചുഗീസ് നാവികന്‍ വാസ്കോ ഡ ഗാമ കപ്പലിറങ്ങിയ ചരിത്രപ്രസിദ്ധമായ കാപ്പാട് കോഴിക്കോട് ജില്ലയിലാണുള്ളത്.കര്‍ഷകരുടെ ശതമാനം ഏറ്റവും കുറവുള്ള ജില്ല കൂടിയാണിത്. തൊഴിലാളികളില്‍ 3.47 ശതമാനം പേര്‍ മാത്രമേ കാര്‍ഷിക പണികളെ ആശ്രയിക്കുന്നുള്ളൂവെന്നാണ് കണക്ക്.
  • സംസ്ഥാനത്ത് ഏറ്റവുമധികം കടല്‍ത്തീരം ഉള്‍പ്പെടുന്നത് കണ്ണൂര്‍ ജില്ലയിലാണ്. കശുവണ്ടി ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കുന്നതും ഈ ജില്ലയിലാണ്.
  • കേരളത്തിന്‍െറ ഏറ്റവും വടക്കേ അറ്റത്തുള്ള ജില്ലയാണ് കാസര്‍കോട്. ഏറ്റവുമധികം പുഴകളൊഴുകുന്നതും ഈ ജില്ലയിലൂടെയാണ്. പ്രധാനപ്പെട്ട 12ഓളം പുഴകള്‍ ഇവിടെയുണ്ട്. കൂടാതെ, വ്യാപകമായി പുകയില കൃഷിചെയ്യുന്ന ഒരേയൊരു ജില്ലയും ഇതുതന്നെ.
നമ്മുടെ നദികള്‍
തോടുകള്‍, അരുവികള്‍, പുഴകള്‍, നദികള്‍, കായലുകള്‍ എന്നിവകൊണ്ട് ജലസമൃദ്ധമാണ് നമ്മുടെ കൊച്ചുകേരളം. നമ്മുടെ ജീവിതവും സംസ്കാരവും രൂപപ്പെടുത്തുന്നതില്‍ ഇവക്ക് വലിയ പങ്കുണ്ട്. മത്സ്യങ്ങളടക്കമുള്ള ജീവിവര്‍ഗങ്ങളുടെയും കണ്ടല്‍ക്കാട് അടക്കമുള്ള സസ്യവര്‍ഗങ്ങളുടെയും നിലനില്‍പ് ഈ ജലാശയങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. കിഴക്കന്‍ മലകളില്‍നിന്ന് ഉദ്ഭവിക്കുന്ന ഭൂരിഭാഗം നദികളും പടിഞ്ഞാറ് അറബിക്കടലിലാണ് ഒഴുകിയെത്തുന്നത്. ചുരുക്കം ചില നദികള്‍ മാത്രം കിഴക്കോട്ടൊഴുകുന്നുമുണ്ട്.
ഔദ്യാഗിക മാനദണ്ഡപ്രകാരം 20,000 ചതുരശ്ര കിലോമീറ്ററില്‍ കൂടുതല്‍ നീര്‍ വാര്‍ച്ചാപ്രദേശമുള്ള നദികളെയാണ്  മഹാനദികളായി കണക്കാക്കുന്നത്. 15 കിലോമീറ്ററില്‍ കൂടുതല്‍ നീളമുള്ള പുഴകളെയാണ് നദികളായി കണക്കാക്കുന്നത്. 2000 മുതല്‍ 20,000 വരെ ചതുരശ്ര കിലോമീറ്റര്‍ നീര്‍വാര്‍ച്ചാ പ്രദേശമുള്ളവയെ ഇടത്തരം നദികളായും 2000 ചതുരശ്ര കിലോമീറ്ററില്‍ താഴെ നീര്‍വാര്‍ച്ചാ പ്രദേശമുള്ളവയെ ചെറു നദികളായും കണക്കാക്കുന്നു.
കേരളത്തില്‍ 44 നദികളാണുള്ളത്. ഇവയുടെയെല്ലാം ഉദ്ഭവം സഹ്യപര്‍വത നിരകളില്‍ നിന്നാണ്. എന്നാല്‍, ഇതില്‍ 41 നദികള്‍ പടിഞ്ഞാറോട്ടൊഴുകി അറബിക്കടലില്‍ ചെന്നുചേരുന്നു. മറ്റ് മൂന്ന് നദികളാവട്ടെ കിഴക്കോട്ടൊഴുകി കാവേരി നദിയില്‍ ചെന്നു പതിക്കുന്നു. കബനി, ഭവാനി, പാമ്പാര്‍ എന്നിവയാണവ.
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി പെരിയാറാണ്. 244 കിലോമീറ്റര്‍! ചൂര്‍ണി എന്നും ഈ നദിക്ക് പേരുണ്ട്.  പെരിയാറിലാണ് ഏറ്റവും കൂടുതല്‍ അണക്കെട്ടുകളുള്ളത്. 10 എണ്ണം. പ്രധാനപ്പെട്ട ജലവൈദ്യുതി പദ്ധതികളും ഈ നദിയുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്.
നീളത്തില്‍ രണ്ടാംസ്ഥാനം ഭാരതപ്പുഴക്കാണ്. 209 കിലോമീറ്റര്‍. നിള എന്നും പേരാര്‍ എന്നും ഈ നദിക്ക് പേരുണ്ട്. 176 കിലോമീറ്ററുള്ള പമ്പക്കാണ് മൂന്നാം സ്ഥാനം.
നമ്മുടെ നാട്ടില്‍ ഒന്നാമതാണെങ്കിലും ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ നദിയായ ഗംഗയുമായി താരതമ്യം ചെയ്യുമ്പോള്‍ പെരിയാര്‍ എത്രയോ ചെറുതാണ്. മഹാനദിയായ ഗംഗയുടെ നീളം 2525 കിലോമീറ്ററാണ്. ലോകത്തിലെ ഏറ്റവും നീളം കൂടിയ നദിയായ നൈലിന്‍െറ നീളം 6695 കിലോമീറ്ററാണ് എന്നുകൂടി അറിയുമ്പോള്‍ അതിശയമാകുന്നുണ്ടാവുമല്ലോ.
പെരിയാറും ഭാരതപ്പുഴയും പമ്പയും മീഡിയം നദികളാണ്. കേരളത്തിലെ മറ്റ് നദികളെല്ലാം ചെറുനദികളായാണ് കണക്കാക്കപ്പെടുന്നത്.  ചില നദികള്‍ തമിഴ്നാട്ടില്‍നിന്നും മറ്റു ചിലത് കര്‍ണാടകത്തില്‍ നിന്നും ഉദ്ഭവിക്കുന്നവയാണ്.
കേരളത്തിലൂടെയൊഴുകുന്ന നദികളുടെ നീളത്തിന്‍െറ മുന്‍ഗണനാ ക്രമത്തില്‍ 44 നദികളെ താഴെ ചേര്‍ക്കുന്നു. ഇതില്‍ 100 കിലോമീറ്ററില്‍ കൂടുതല്‍ നീളത്തിലൊഴുകുന്നത് 11 നദികളാണ്.
1. പെരിയാര്‍ -244 കി.മീ
2. ഭാരതപ്പുഴ -209
3. പമ്പ -176
4. ചാലിയാര്‍ -169
5. ചാലക്കുടി പുഴ -130
6. കടലുണ്ടി പുഴ  -130
7. അച്ചന്‍കോവിലാറ് -128
8. മൂവാറ്റുപുഴയാറ് -121
9. കല്ലടയാറ് -121
10. വളപട്ടണം പുഴ -110
11. ചന്ദ്രഗിരിപ്പുഴ -105
50 കിലോമീറ്ററിനും 100 കിലോമീറ്ററിനും ഇടയില്‍ നീളമുള്ള നദികള്‍ 15 എണ്ണമാണ്. അവ യഥാക്രമം ചുവടെ:
12. മണിമലയാറ് -90 കി.മീ.
13. വാമനപുരം ആറ് -88
14. കബനി -86 (കബനി നദിയുടെ 12 കി.മീ. ഭാഗം മാത്രമേ കേരളത്തിലൂടെ ഒഴുകുന്നുള്ളൂ. ഭൂരിഭാഗവും കര്‍ണാടകത്തിലാണ്.)
15. കുപ്പം പുഴ -82
16. മീനച്ചിലാറ് -78
17. കുറ്റ്യാടിപ്പുഴ -74
18. കരമനയാറ് -68
19. ഷിറിയപ്പുഴ -67
20. കാരിങ്കോട്ടുപുഴ -64
21. നെയ്യാര്‍ -56
22. ഇത്തിക്കരയാറ് -56
23. മയ്യഴിപ്പുഴ -54
24. കേച്ചേരിപ്പുഴ -51
25. പെരുവെമ്പപ്പുഴ -51
26. ഉപ്പളപ്പുഴ -50
15 മുതല്‍ 50 വരെ കിലോമീറ്റര്‍  നീളമുള്ള നദികള്‍
27. അഞ്ചരക്കണ്ടിപുഴ -48
28. തിരൂര്‍പ്പുഴ -48
29. കരുവന്നൂര്‍ പുഴ -48
30. നീലേശ്വര പുഴ -46
31. പള്ളിക്കലാറ് -40
32. കോരപ്പുഴ -40
33. ഭവാനി -37
34. മൊഗ്രാല്‍ പുഴ -34
35. കവ്വായിപ്പുഴ -31
36. പുഴക്കല്‍ പുഴ -29
37. പാമ്പാര്‍ -29
38. തലശ്ശേരി പുഴ -28
39. മാമം ആറ് -27
40. ചിത്താരിപ്പുഴ -25
41. കല്ലായിപ്പുഴ -25
42. രാമപുരം പുഴ -19
43. അയിരൂര്‍ ആറ് -17
44. മഞ്ചേശ്വരം പുഴ -16

Subscribe to കിളിചെപ്പ് by Email
Share it:

കേരളം

Post A Comment:

1 comments: